Top

ജാതി അധിക്ഷേപം: പരാതി പറയാനെത്തിയപ്പോള്‍ അറസ്റ്റിലായ ദീപ ആശുപത്രിയില്‍; റിമാന്‍ഡ് ചെയ്തു

ജാതി അധിക്ഷേപം: പരാതി പറയാനെത്തിയപ്പോള്‍ അറസ്റ്റിലായ ദീപ ആശുപത്രിയില്‍; റിമാന്‍ഡ് ചെയ്തു
എം.ജി സര്‍വ്വകലാശാലയിലെ ദളിത് ഗവേഷക വിദ്യാര്‍ഥിനി ദീപ പി. മോഹനെ റിമാന്‍ഡ് ചെയ്തു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസില്‍ തനിക്ക് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് കോട്ടയം എസ്.പി ഓഫീസിലെത്തിയ ദീപയെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസിന്റെ ബലപ്രയോഗത്തില്‍ പരിക്കേറ്റ ദീപ ഇന്നലെ മുതല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശാരീരിക അവശതകളുള്ള ഇവരെ കോടതിയില്‍ എത്തിക്കാന്‍ പറ്റാതിരുന്നതോടെ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി നേരിട്ട് മൊഴിയെടുക്കുകയും റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസില്‍ നീതി ലഭ്യമായില്ലെന്നാരോപിച്ച് എസ്.പിക്ക് നേരിട്ട് പരാതി നല്‍കാനാണ് ദീപ ഇന്നലെ ഉച്ചയോടെ എസ്.പി ഓഫീസിലെത്തിയത്. തനിക്ക് നീതി വേണമെന്ന് എഴുതിയ പ്ലക്കാര്‍ഡുകളുമായെത്തിയ ദീപയെ എസ്.പിയെ കാണാന്‍ മറ്റു പോലീസുകാര്‍ അനുവദിച്ചില്ല. എസ്.പി ഓഫീസില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിക്കാനുള്ള അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി തിരിച്ചയയ്ക്കാന്‍ പോലീസ് ശ്രമിച്ചു. എന്നാല്‍ ഇതിന് വഴങ്ങാതെ പ്രതിഷേധിച്ച ദീപയെ പോലീസ് ബലം പ്രയോഗിച്ച് പുറത്താക്കുകയായിരുന്നു.ഇതിനിടെ പോലീസ് സ്‌റ്റേഷനകത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ ദീപ ഫേസ്ബുക്കില്‍ ലൈവായി പ്രക്ഷേപണം ചെയ്യുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ പോലീസുകാര്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതുള്‍പ്പെടെയുള്ള രംഗങ്ങള്‍ വീഡിയോയില്‍ ദൃശ്യമാണ്. ബലപ്രയോഗത്തിനിടെ അവശനിലയിലായ ദീപയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. പോലീസിന്റെ ബലപ്രയോഗത്തെ പ്രതിരോധിക്കാനായി വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കയ്യില്‍ ദീപ കടിച്ചുവെന്നാണ് പോലീസ് ഉന്നയിക്കുന്ന ആരോപണം. പോലീസുകാരെ ഉപദ്രവിച്ചു, ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ദീപയെ അറസ്റ്റ് ചെയ്തത്.

തന്നെ പോലീസുകാര്‍ വലിച്ചിഴച്ച് കൊണ്ട് പോവുകയായിരുന്നുവെന്നും പോലീസിന്റെ ബലപ്രയോഗത്തിനിടെ വലതു കൈയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നും ദീപ പ്രതികരിച്ചു. എന്നാല്‍ ഇരുകൈകള്‍ക്കും പരിക്കേറ്റ ഇവര്‍ക്ക് ഇന്നലെ പോലീസ് ഭക്ഷണം നല്‍കാന്‍ പോലും തയ്യാറായില്ലെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു. 'ഭക്ഷണം സ്വയം കഴിക്കാനാവാത്ത അവസ്ഥയിലായിരുന്നു ദീപ. ഇക്കാര്യം പറഞ്ഞപ്പോള്‍ കൂടെ നിന്നിരുന്ന സുഹൃത്തുക്കളോട് ഭക്ഷണം നല്‍കാനാണ് പോലീസുകാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളവര്‍ക്ക് ഭക്ഷണം നല്‍കേണ്ട ചുമതല പോലീസിന് തന്നെയായതിനാല്‍ സുഹൃത്തുക്കള്‍ തനിക്ക് ഭക്ഷണം നല്‍കേണ്ടെന്ന് ദീപ തീരുമാനിക്കുകയായിരുന്നു. ആശുപത്രിയില്‍ വെറും നിലത്താണ് ഇന്നലെ രാത്രി മുഴുവന്‍ ദീപ കിടന്നത്. ശരീരമാസകലം വേദനയുള്ളതിനാല്‍ കിടക്ക ആവശ്യപ്പെട്ടെങ്കിലും പോലീസുകാര്‍ ഈ ആവശ്യം പരിഗണിച്ചില്ല'
- ദീപയുടെ സുഹൃത്തായ ചന്തു പറയുന്നു.

ഗവേഷക അധ്യാപകന്‍ തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച് ഒരു വര്‍ഷം മുമ്പാണ് ദീപ പോലീസില്‍ പരാതി നല്‍കിയത്. ആരോപണ വിധേയനായ ഡോ. നന്ദകുമാര്‍ കളരിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി സെന്ററില്‍ പൂട്ടിയിട്ടതായും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച അന്വേഷണം പോലീസ് അട്ടിമറിച്ചുവെന്ന ആരോപണവുമായാണ് ദീപ എസ്.പിയെ കാണാന്‍ എത്തിയത്. '
ആദ്യം അന്വേഷണ ചുമതലയുണ്ടായിരുന്ന ഡി.വൈ.എസ്.പി. ഞാന്‍ നല്‍കിയ പരാതി തള്ളിക്കളയാന്‍ പറ്റില്ലെന്ന് കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ആ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി മറ്റൊരാളെ നിയമിച്ചു. ഇതില്‍ എസ്.പിക്കും പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. ഞാന്‍ നല്‍കിയ തെളിവുകളോ രേഖകളോ സ്വീകരിക്കാതെ പരാതിയില്‍ കഴമ്പില്ലെന്ന റിപ്പോര്‍ട്ട് പുതുതായി നിയമിതനായ അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയതായാണ് അറിവ്. ഇക്കാര്യം അന്വേഷിക്കാനാണ് ഇന്നലെ എസ്.പി ഓഫീസില്‍ ചെന്നത്. മുമ്പും ഞാന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നതിനാല്‍ പോലീസുകാര്‍ മനപ്പൂര്‍വം ഒരു പ്രശ്‌നമുണ്ടാക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്'
- ദീപ അഴിമുഖത്തോട് പ്രതികരിച്ചു.

റിമാന്‍ഡിലായെങ്കിലും ശാരീരിക അവശതകളുള്ളതിനാല്‍ ദീപ ആശുപത്രിയില്‍ തന്നെ തുടരും. ജാമ്യാപേക്ഷ സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ദീപയുടെ ബന്ധുക്കളും സുഹൃത്തുക്കളും.


Next Story

Related Stories