TopTop

ചലച്ചിത്രമേളയില്‍ പണയം വെച്ചോ നിങ്ങളുടെ ഫാഷിസ്റ്റ് വിരുദ്ധതയും ജനാധിപത്യരാഷ്ട്രീയവും?

ചലച്ചിത്രമേളയില്‍ പണയം വെച്ചോ നിങ്ങളുടെ ഫാഷിസ്റ്റ് വിരുദ്ധതയും ജനാധിപത്യരാഷ്ട്രീയവും?
തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റുനിന്നില്ല എന്നു പറഞ്ഞ് 12 പേരെ പൊലീസ് പിടിച്ചുകൊണ്ടുപോയതിനുശേഷവും ആ മേള കാര്യമായ യാതൊരു പ്രതിഷേധങ്ങളും കൂടാതെ സകലരും എഴുന്നേറ്റുനിന്ന് നാളെയും വിശ്വസംസ്കാരത്തിന്‍റെ ദൃശ്യവിസ്മയങ്ങളിതാ, ഇതാ എന്നും പറഞ്ഞ് നിര്‍വ്വാണം കൊള്ളുന്നുവെങ്കില്‍ ഇക്കണ്ടകാലം ഈ സിനിമകളൊക്കെ കണ്ടിട്ടും ഒരു ഗുണവുമുണ്ടായില്ലല്ലോ കൂട്ടരേ, എന്ന്‍ അമ്പരക്കേണ്ടിവരും. രാജ്യാഭിമാനം കാണിക്കാന്‍, അത് ജനങ്ങളില്‍ കുത്തിവെക്കാന്‍ സിനിമക്കു മുമ്പ് ജനത്തെ എഴുന്നേല്‍പ്പിച്ചേ മതിയാകൂ എന്നു പറഞ്ഞ, ഒരു അതിദേശീയവാദത്തിന്റെ കോടതി വിധിയെ ഇത്ര നിശബ്ദരായി അനുസരിച്ച്, കിം കി ഡുക്കിന്‍റെ Net സമഗ്രാധിപത്യത്തിന്റെ ഭീകരതയെ കാണിക്കുന്നു എന്നെല്ലാം എഴുതി നാളെയും പോയി എഴുന്നേറ്റ് നില്‍ക്കരുത്.

പുലിമുരുഗന്‍ കാണാന്‍ പോകുമ്പോള്‍ നിങ്ങള്‍ നിന്നോളു. കാരണം വ്യക്തിപരമായ തല്ലുപിടിയല്ല രാഷ്ട്രീയപ്രതിരോധം. പക്ഷേ ഇത്രയും അനുസരണയുള്ള ആട്ടിന്‍കുട്ടികളായി, രാഷ്ട്രീയബോധമുണ്ടെന്ന് കരുതുന്ന ഒരു വലിയ കൂട്ടം ആളുകള്‍ നിശബ്ദരാകരുത്. ഫാഷിസ്റ്റ് വിരുദ്ധതയുടെ രാഷ്ട്രീയം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ ചലച്ചിത്രമേളയിലെ ഓരോ ദിവസവും നിങ്ങള്‍ ഈ വിധിക്കെതിരെയുള്ള പ്രതിഷേധമാക്കണം. സമരങ്ങളാണ് നിയമങ്ങളെ മാറ്റിയത്. ഉപ്പ് കുറുക്കരുത് എന്നു പറഞ്ഞപ്പോള്‍ ഉപ്പ് കുറുക്കിയാണ് സമരം ചെയ്തത്. മണിയടിക്കരുത് എന്നു പറഞ്ഞപ്പോള്‍ സഖാവ് കൃഷ്ണപ്പിള്ള മണിയടിക്കുകയാണ് ചെയ്തത്; മണിയടിച്ചവരുടെ പുറത്തടിക്കാന്‍ ആളുണ്ടായിരുന്നിട്ടും. തമ്പുരാന്‍ എന്ന് സ്വയം ഘോഷിച്ചവരോട് തമ്പ്രാനെന്ന് വിളിക്കൂല്ല, പാളേക്കഞ്ഞി കുടിക്കൂല്ല എന്നാണ് പാടവരമ്പില്‍ ചേറില്‍ നിന്നെണീറ്റ മനുഷ്യര്‍ പറഞ്ഞത്. അവര്‍ക്കൊക്കെ നഷ്ടപ്പെടാനുണ്ടായിരുന്നത് ജീവനായിരുന്നു, എതിര്‍പ്പിന്റെ  പകലുകളെ കാത്തിരുന്നത് കുടിയൊഴിപ്പിക്കലിന്റെ പാതിരാവുകളായിരുന്നു. മുടിക്കുത്തിലും മടിക്കുത്തിലും ചുറ്റിപ്പിടിക്കുന്ന ജന്‍മിത്വത്തിന്റെ കൈകളായിരുന്നു. എന്നിട്ടും അവര്‍ നട്ടെല്ല് വളയ്ക്കാതെ, തമ്പുരാനെന്ന് വിളിക്കാതെ നിന്നു. നിവര്‍ന്നവരുടെ മുതുകുകള്‍ തല്ലിയൊടിച്ചത് കണ്ടിട്ടും പിന്നില്‍ വന്നവര്‍ പിന്നേയും എഴുന്നേറ്റു. അങ്ങനെയാണ് ചരിത്രത്തിലെന്നും മനുഷ്യനുണര്‍ന്നത്.

ഹിറ്റ്ലര്‍ വിധേയത്വത്തിന്റെ അഭിവാദ്യം ആവശ്യപ്പെട്ടപ്പോള്‍, പതിനായിരങ്ങള്‍ അത് നല്‍കിയപ്പോള്‍ കൈകെട്ടി നിന്ന ഒരൊറ്റ മനുഷ്യനെയാണ് ചരിത്രം ഓര്‍ക്കുന്നത്. 1936 ജൂണ്‍ 13-ന് പതിനായിരക്കണക്കിന് മനുഷ്യര്‍ക്കിടയില്‍ തന്നെ കാത്തിരുന്നേക്കാവുന്ന എല്ലാ തടങ്കല്‍പ്പാളയങ്ങളെയും പീഡനങ്ങളെയും ആത്മാഭിമാനത്തിന്റെ ഒരു വിക്ഷോഭത്തില്‍, തന്റെ ജൂതകാമുകി, ഇര്‍മ എക്ലരോടുള്ള സത്യസന്ധതയില്‍ അഗസ്റ്റ് ലാണ്ട്മെസ്സര്‍, ഹിറ്റ്ലറുടെ ഫാഷിസ്റ്റ് ഭീകരതയെ ധിക്കരിച്ചപ്പോള്‍ ഹാ! ഇതാ മനുഷ്യന്‍ എന്നാണ് ചരിത്രം പറഞ്ഞത്. അയാള്‍ക്ക് നഷ്ടപ്പെട്ടത് അവനവനെയായിരുന്നു. അയാള്‍ തടങ്കലിലായി. ഗര്‍ഭിണിയായിരുന്ന ഇര്‍മ, നാസീ തടങ്കല്‍പ്പാളയത്തില്‍ ആയിരക്കണക്കിന് മനുഷ്യര്‍ക്കൊപ്പം മരണത്തിന്‍റെ മഞ്ഞിലേക്കും പുകയിലേക്കും മറഞ്ഞു. അയാള്‍ ഒരു ക്രൊയേഷ്യന്‍ യുദ്ധമുന്നണിയില്‍ കൊല്ലപ്പെട്ടു. പക്ഷേ കാലം അയാളെ ഓര്‍ക്കുന്നു. ഓരോ തവണയും ഫാഷിസത്തിന്റെ, ഏകാധിപത്യത്തിന്റെ തീട്ടൂരങ്ങള്‍ക്ക് മുന്നില്‍ മുട്ടുവിറയ്ക്കുന്ന മനുഷ്യര്‍ക്ക് മുന്നില്‍ ഇതാ, ഇതാ എന്ന് പറഞ്ഞ് ലാണ്ട്മെസ്സര്‍ വീണ്ടും വരുന്നു.

pramod-2

അലാബാമയിലെ മോണ്ട്ഗോമെറിയിലെ ആ ബസില്‍ റോസ പാര്‍ക്സ് വെള്ളക്കാരനുവേണ്ടി എഴുന്നേറ്റ് മാറണം എന്നായിരുന്നു നിയമം. കാരണം അവര്‍ കറുത്ത വര്‍ഗക്കാരിയായിരുന്നു. സൌകര്യമില്ല എന്നു പറഞ്ഞ ഒരു സ്ത്രീ അമേരിക്കയുടെ തെരുവുകളില്‍ നൂറ്റാണ്ടുകളുടെ  പ്രതിഷേധത്തെ അഴിച്ചുവിടുകയാണ് ചെയ്തത്. ജീവിതം കൊണ്ടാണ് മനുഷ്യര്‍ പോരാടിയത്.

എന്നിട്ട് നിങ്ങളോ? ഒന്നും നഷ്ടപ്പെടാനില്ല. നിങ്ങള്‍ രണ്ടു വര്‍ഷം ചലച്ചിത്രമേളയില്‍ കുന്നിഞ്ഞും മുട്ടിലിഴഞ്ഞും നിരങ്ങിയും നിന്നില്ലെങ്കില്‍ സിനിമ കാണിക്കില്ലെന്ന് പറഞ്ഞാല്‍ എങ്കില്‍ ശരി ഞാനിതാ കുമ്പിടുന്നേന്‍ എന്നു പറയലാണോ നിങ്ങള്‍ കൊണ്ടാടിയ രാഷ്ട്രീയബോധം? രാഷ്ട്രീയശരികളുടെ അലങ്കാരപ്രയോഗത്തില്‍ പിന്നീട് എടുത്തുപറയാന്‍ ചില സിനിമ കാണല്‍ മാത്രമാണോ നിങ്ങളുടെ ബൌദ്ധികജീവിതം? നിങ്ങളുടെ രാഷ്ട്രീയം? വര്‍ണവെറിയുടെ, അടിച്ചമര്‍ത്തലിന്റെ, അന്യവത്കരണത്തിന്റെ സകല ആകുലതകളും കാണിച്ചുതരുന്ന നിരവധി സിനിമകള്‍ ഇക്കണ്ടകാലം കണ്ടിട്ടും അള്ളിപ്പിടിച്ച് തൊമ്മിമാരായി ആ കസേരകളില്‍ ഇരുന്നു സിനിമ കാണുകയാണ് ഇനിയും ചെയ്യാന്‍ പോകുന്നതെങ്കില്‍ കലയുടെ സ്വാധീനശേഷി എന്താണെന്ന് അമ്പരക്കേണ്ടിവരും. ഒറ്റയ്ക്ക് സിനിമ കാണാന്‍ പോയി തല്ലുണ്ടാക്കാനല്ല, ഒന്നിച്ച് ഒരു ചലച്ചിത്രമേളയില്‍ ഫാഷിസ്റ്റ് ഭീഷണിയുടെ ചീഞ്ഞളിഞ്ഞ ഈ ഉത്തരവിനെതിരെ മുഷ്ടി ചുരുട്ടാനാണ് സമരകാലങ്ങളുടെ ഉള്‍ത്തിരത്തള്ളലുകള്‍ നിങ്ങളോട് ആവശ്യപ്പെടേണ്ടത്.

ഒരു ജനാധിപത്യവിരുദ്ധ അടിച്ചമര്‍ത്തല്‍ ഉത്തരവിനെതിരെ പ്രതിഷേധിച്ചവരെ ഇറക്കിവിട്ട മേളയില്‍ പ്രതിഷേധിക്കാന്‍ കൂടെ ആളെ കിട്ടുന്നില്ലെങ്കില്‍ നിങ്ങള്‍ വീട്ടിലേക്ക് മടങ്ങിപ്പോവുകയെങ്കിലും വേണം. ഒരു കുഴപ്പവുമില്ലാതെ പുറത്തുനിന്ന്‍ അല്‍പ്പം പ്രതിഷേധ കിന്നാരങ്ങള്‍ ചൊല്ലി വീണ്ടും അകത്തുകയറി നില്‍ക്കുന്ന ഓരോരുത്തരും ആത്മനിന്ദ കൊണ്ട് മുഖം പൊത്തണം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ചങ്ങലക്കിട്ട നാവുകള്‍ സംസാരിക്കാറില്ല എന്ന് പറഞ്ഞ് തന്‍റെ കാര്‍ട്ടൂണ്‍ വാരിക നിര്‍ത്തി ശങ്കര്‍. രാജിയും ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണെന്ന് എംഎന്‍ വിജയന്‍ പറഞ്ഞപോലെ. എന്റെ നിറത്തെ പുച്ഛിക്കുന്ന, എന്നെ കറുത്ത അടിമയെന്ന് വിളിക്കുന്ന, എനിക്ക് കയറാന്‍ പാടില്ലാത്ത ഇടങ്ങള്‍ ഉണ്ടാക്കുന്ന ഈ നാട്ടില്‍ എനിക്കു വേണ്ട നിന്റെ സുവര്‍ണ്ണപതക്കങ്ങള്‍ എന്ന് പറഞ്ഞ് ഒളിമ്പിക് പതക്കം ഓഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞ ഇടിക്കാരനെ മാത്രമേ ലോകം ഓര്‍ക്കുന്നുള്ളൂ. മരണം വരെ മുഹമ്മദ് അലിആത്മാഭിമാനത്തിന്‍റെ രാഷ്ട്രീയം കാത്തു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് സാന്‍ഫ്രാന്‍സിസ്കോ സോക്കര്‍ (San Francisco 49er) ടീമിലെ കോളിന്‍ കയെപേര്‍നിക് യു.എസ് ദേശീയഗാനത്തിന്റെ സമയത്ത് അഭിവാദ്യം ചെയ്യാഞ്ഞത്. യുഎസില്‍ കറുത്ത വര്‍ഗക്കാര്‍ നേരിടുന്ന അനീതികള്‍ക്കെതിരെയായിരുന്നു അയാള്‍ പ്രതിഷേധിച്ചത്.

അങ്ങനെയൊന്ന് കായിക ചരിത്രത്തില്‍ ആദ്യമായിരുന്നില്ല. യുഎസ് പ്രസിഡണ്ട് ബരാക് ഒബാമ അയാളെ അനുകൂലിക്കുകയായിരുന്നു ചെയ്തത്. പ്രതിഷേധം ഭരണഘടനാപരമായ അവകാശമാണെന്ന് ഒബാമ പറഞ്ഞു.

കയെപേര്‍നിക്കിന് പിന്തുണയുമായി യു.എസ് വനിതാ സോക്കര്‍ ടീമിലെ മേഗന്‍ റാപ്പിനോയും ഇതേ രീതിയില്‍ പ്രതിഷേധിച്ചു. തനിക്ക് ഒരു സ്വവര്‍ഗ്ഗാനുരാഗി എന്ന നിലയില്‍ നേരിടേണ്ടിവരുന്ന വിവേചനങ്ങള്‍ക്കൂടി ഉയര്‍ത്തിക്കാട്ടിയായിരുന്നു ഇത്.

ഇക്കഴിഞ്ഞ റിയോ ഡി ജെനീറോ ഒളിംപിക്സില്‍ അവസാനദിവസം എത്യോപ്യയുടെ ഫെയിസ ലിലേസ ആയിരുന്നു മാരത്തോണില്‍ വെള്ളിപ്പതക്കം നേടിയത്. ഓട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ അയാള്‍ കൈകള്‍ X രൂപത്തില്‍ പിണച്ചുകെട്ടി. എത്യോപ്യയില്‍ ഭരണകൂടം കൊന്നൊടുക്കുന്ന ഒറോമോ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു അത്. നാട്ടില്‍ തിരിച്ചെത്തിയാല്‍ എന്താകും എന്നയാള്‍ ആലോചിച്ചില്ല.

pramod-4

1968 ഒക്ടോബര്‍ 16-നു ഒളിംപിക്സില്‍ 200 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണവും വെങ്കലവും നേടിയ യുഎസ് താരങ്ങള്‍ ടോമീ സ്മിത്തും ജോണ്‍ കാര്‍ലോസും സമ്മാനവേളയില്‍ യുഎസ് ദേശീയഗാനത്തിന്റെ സമയത്ത് മുഷ്ടി ചുരുട്ടി മുകളിലേക്കു പിടിച്ച്, തല താഴ്ത്തിയാണ് നിന്നത്. കാലുകളില്‍ പ്രതിഷേധസൂചകമായി കറുത്ത ഷൂസ് മാത്രം. ഒരു പ്രാര്‍ത്ഥന പോലുമില്ലാതെ തല്ലിക്കൊല്ലപ്പെട്ട മനുഷ്യര്‍ക്കുവേണ്ടിയാണ്, കടലില്‍ത്തള്ളിയ ആയിരക്കണക്കിന് ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്ക് വേണ്ടിയാണ് തങ്ങളിത് ചെയ്തതെന്ന്  അവര്‍ പറഞ്ഞു. ഈ ദേശീയഗാനം തങ്ങളില്‍ ഒരു വികാരവും ഉണ്ടാക്കുന്നില്ലെന്നും. അവരെ കാത്തിരുന്ന നഷ്ടങ്ങള്‍ ഏറെയായിരുന്നു. എന്നിട്ടും 1972-ലെ ഒളിംപിക്സില്‍ യുഎസ് ദേശീയഗാനത്തിന്റെ നേരത്ത് വീണ്ടും പ്രതിഷേധമുയര്‍ന്നു. വിന്‍സന്റ് മാത്യൂസും വെയിന്‍ കോളെറ്റും തങ്ങളുടെ കായികജീവിതത്തെ ബലികൊടുക്കാന്‍ തയ്യാറായാണ് പ്രതിഷേധിച്ചത്.

ഇത്തവണത്തെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേള അറിയപ്പെടേണ്ടത് അതിലെ ചലച്ചിത്രങ്ങളുടെ മികവുകൊണ്ടല്ല, ജനാധിപത്യ പോരാട്ടത്തിന്റെ കനലുകളെരിയുന്ന ഒരു നാട് അപ്പോഴും ഉണര്‍ന്നിരുന്നു എന്നതിന്റെ പേരിലാകണം. നമ്മള്‍ നാല് ലോകസിനിമയുടെ കാഴ്ച്ചകളുടെ പേരില്‍ അതിദേശീയതയുടെ ആക്രോശങ്ങള്‍ക്കെതിരെ ശബ്ദിക്കാതിരിക്കരുത്.  പുറത്തുപോയി ഒറ്റയ്ക്ക് നിങ്ങള്‍ക്കത് ചെയ്യാനാകില്ല.

Triumph of the Will എന്ന ഫാഷിസ്റ്റ് പ്രചാരണ ഡോക്യുമെന്‍ററിയെടുത്ത പ്രഗത്ഭയായ ലെനി റെയ്ഫെന്‍സ്റ്റാള്‍ ഓര്‍മ്മിക്കപ്പെടുന്നത് ആ സിനിമയുടെ പേരില്‍ മാത്രമല്ല, നാസീ തടങ്കല്‍പ്പാളയങ്ങളില്‍ നാസികള്‍ ജൂതന്മാരുടെയും കമ്മ്യൂണിസ്റ്റുകാരുടെയും എല്ലുകള്‍ക്കൊണ്ട് കുപ്പായക്കുടുക്കുകള്‍ ഉണ്ടാക്കിയപ്പോള്‍ ഏത് നിശ്ചയദാര്‍ഢ്യത്തിന്റെ വിജയമാണ് നിങ്ങള്‍ പകര്‍ത്തിയതെന്ന ചോദ്യത്തിന്റെ മുന്നിലെ മൌനമായാണ്.

ഇറ്റാലിയന്‍ ഫാഷിസ്റ്റ് ഏകാധിപതി മുസോളിനിയാണ് ലോകത്തിലെ ലക്ഷണമൊത്ത ചലച്ചിത്ര മേള തുടങ്ങിയത്. മുസോളിനി കപ്പ് സമ്മാനമായി കൊടുക്കുകയും ചെയ്തു. മുസോളിനിയുടെ ചലച്ചിത്രമേളയിലെ കാഴ്ച്ചക്കാരാകണോ എന്നു നിശ്ചയിക്കേണ്ടത് നിങ്ങളാണ്. കാലം നിങ്ങളെ അടയാളപ്പെടുത്തുന്നത് നിങ്ങള്‍ കണ്ട സിനിമയുടെ പേരിലായിരിക്കില്ല കാണാത്ത സിനിമകളുടെ പേരിലായിരിക്കും.

pramod-5

ചോദ്യം ചെയ്യാത്ത വിധേയത്വമാണ് നരേന്ദ്ര മോദിയും സംഘപരിവാറും ആവശ്യപ്പെടുന്നത്. വരി നില്‍ക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്. നിശബ്ദരായി, വിധിയെന്ന് കരുതി, നിഴലുകള്‍പ്പോലെ വരിനില്‍ക്കുന്ന മനുഷ്യര്‍. കവാത്ത് നടത്തുന്ന യന്ത്രങ്ങളെപ്പോലുള്ള പട്ടാളക്കാര്‍. ദേശാഭിമാനത്തിന്റെ ആണി തിരിച്ചാല്‍ കുത്തിമറിയുന്ന ആള്‍ക്കൂട്ടം. ഈ ആള്‍ക്കൂട്ടമാണ് ദാദ്രിയില്‍ പശുവിറച്ചി സൂക്ഷിച്ചു എന്നാരോപിച്ചു മുഹമ്മദ് അഖ്ലാഖിനെ തല്ലിക്കൊന്നത്. ഝാര്‍ഖണ്ഡില്‍ കാലിക്കച്ചവടക്കാരെ, ഒരു കുട്ടിയടക്കം, കൊന്ന് കെട്ടിത്തൂക്കിയത്. ഈ ആള്‍ക്കൂട്ടമാണ് പാകിസ്ഥാന്‍ അഭിനേതാക്കളുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന ശാലകള്‍ക്ക് തീയിടുന്നത്. ഈ ആള്‍ക്കൂട്ടമാണ് ഗുജറാത്തില്‍ ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊന്നത്. ഈ ആള്‍ക്കൂട്ടത്തെയാണ് മോദി അഭിസംബോധന ചെയ്യുന്നത്. സുഹൃത്തെ, ഈ ആള്‍ക്കൂട്ടത്തെയാണ് നിങ്ങള്‍ ഭയക്കുന്നത്. ഈ അതിദേശീയതയുടെയും ഹിന്ദുത്വ ഭീകരതയുടെയും ആള്‍ക്കൂട്ട ഭ്രാന്തിനെയാണ് നിങ്ങള്‍ ഭയക്കുന്നത്. അതാണ് നിങ്ങളുടെ നട്ടെല്ലുകളില്‍ വിറ പടര്‍ത്തുന്നത്. അവര്‍ കൊണ്ടുവരുന്ന പൊലീസിനെയല്ല, അവരെയാണ് നിങ്ങള്‍ക്ക് പേടി. ഓര്‍ത്തോളൂ, നിങ്ങളുടെ ഈ ഭയം അവരെ നിങ്ങള്‍ക്കുമേല്‍ ഉറപ്പിച്ചുകഴിഞ്ഞു. അനുവദിക്കില്ല ഈ ക്ഷുദ്രദേശീയതയുടെ കൊലവിളി എന്ന് ജീവഭയമില്ലാതെ ഇപ്പോഴും ഉറക്കെപ്പറയാവുന്ന ഇന്ത്യയിലെ ഒരേയൊരു ഭൂപ്രദേശത്തെക്കൂടി പേടിയുടെ പട്ടില്‍ പൊതിഞ്ഞു കാഴ്ച്ചവെച്ചതിന് നാം നമ്മോടുതന്നെ ക്ഷമിക്കാതിരിക്കാന്‍ അധികനാളില്ല.

ഇനി മുതല്‍ ചലച്ചിത്രമേളയില്‍ ദേശീയഗാനത്തിന്  എഴുന്നേറ്റുനില്‍ക്കുന്ന ഓരോരുത്തരും ഓര്‍ക്കണം, ഞാനാണ്, എന്റെ പൃഷ്ഠചലനങ്ങള്‍ക്കൊണ്ട് ഞാന്‍ തീര്‍ക്കുന്ന ദേശഭക്തിയുടെ അധോവ്യാപരങ്ങള്‍ നിരീക്ഷിക്കുന്ന ഭരണകൂടത്തിന്റെ കണ്ണുകളെ ഭയന്ന്എഴുന്നേല്‍ക്കുന്ന ഞാനാണ്, ഫാഷിസത്തിന്റെ വരവിനെ സുഗമമാക്കുന്നതെന്ന്, മോദിയെ സാധ്യമാക്കുന്നതെന്ന്, ഭയത്തിന്റെ  മൂത്രം കൊണ്ട് തുടയിടുക്കുകളെ നനയിക്കുന്നതെന്ന്!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories