TopTop
Begin typing your search above and press return to search.

'സമകാലീന നൃത്ത'ച്ചുവടുകളുമായി ആട്ടക്കളരി; ഓഡീഷന്‍ തിരുവനന്തപുരത്ത്

സമകാലീന നൃത്തച്ചുവടുകളുമായി ആട്ടക്കളരി; ഓഡീഷന്‍ തിരുവനന്തപുരത്ത്

ആട്ടക്കളരിയുമായി പരിചയപ്പെടുന്നത് 1996-ലാണ് എന്നാണോര്‍മ്മ. കൊച്ചി മാതൃഭൂമിയില്‍ ജേണലിസ്റ്റ് ട്രെയിനിയായി ജോലി ചെയ്യുന്ന സമയത്ത്, ഒരു സുഹൃത്തു വഴി തീര്‍ത്തും യാദൃശ്ചികമായാണു അന്ന് ആലുവയില്‍ പ്രവര്‍ത്തിച്ചിരുന്ന ആട്ടക്കളരിയെന്ന സ്ഥാപനത്തിലെത്തിയത്. കണ്‍ടെംപററി ഡാന്‍സ് എന്ന, അന്നു വരെ കേള്‍ക്കാത്ത ഒരു കലാരൂപമാണ് ആട്ടക്കളരിയുടെ അടിത്തറയെന്നു മനസ്സിലാക്കിയത് വല്ലാത്തൊരു വിസ്മയത്തോടെയാണ്. ആലുവയില്‍ ബാങ്ക് കവലയിലിറങ്ങി, പുഴയോരത്തേക്കുള്ള വഴിയിലൂടെ കുറച്ചു നടന്നാലെത്തുന്ന, മരങ്ങള്‍ നിഴല്‍ വിരിച്ച മുറ്റമുള്ള പഴയ ഓടിട്ട കെട്ടിടത്തിന്റെ അകത്ത് അന്നുവരെ പരിചയിച്ചിട്ടില്ലാത്ത കലയുടെ ഒരു പുതുലോകമുണ്ടെന്നു തിരിച്ചറിഞ്ഞതും മിന്നിത്തിളങ്ങുന്ന മൊട്ടത്തലയും ഒന്നാന്തരം ബ്രിട്ടീഷ് ഇംഗ്ലീഷും ശുദ്ധമായ തൃശൂര്‍ മലയാളവും സംസാരിക്കുന്ന, ചുവന്ന പാന്റും വെളുത്ത ടി ഷര്‍ട്ടും ധരിച്ച പി. ജയചന്ദ്രന്‍ എന്ന കണ്‍ടെംപററി ഡാന്‍സറെ അവിടെ വെച്ച് പരിചയപ്പെട്ടതും അതേ വിസ്മയത്തോടെ തന്നെയായിരുന്നു. ആട്ടക്കളരിയുടെ 'ആര്‍ടിസ്റ്റിക് ഡയറക്ടര്‍' ആണ് തൃശൂര്‍ ജില്ലയിലെ പഴുവില്‍ സ്വദേശിയും പഴയ കേരളവര്‍മ്മക്കാരനും കൂടിയായ ജയചന്ദ്രന്‍ പാലാഴി എന്നും മനസ്സിലായി.

ആ പരിചയപ്പെടലിന് ശേഷം ഏതാനും മാസങ്ങള്‍ക്കകം ജീവിതം തലകീഴായി മറിഞ്ഞു. ഒരു സുപ്രഭാതത്തില്‍, ഒരു മേയ് 2 പ്രഭാതത്തില്‍, മാതൃഭൂമിയില്‍ നിന്നുള്ള, കാരണമൊന്നുമില്ലാത്ത പിരിച്ചുവിടല്‍ കത്ത് കയ്യിലെത്തി. ഇനിയെന്ത് എന്നു പിടിയില്ലാതെ ഇറങ്ങി നടന്ന വഴിയില്‍ സമാനകതകളില്ലാത്ത യാദൃശ്ചികതയായി 'ഹിന്ദു'വിന്റെ ഫ്രൈഡേ റിവ്യൂവില്‍ എഴുതാനുള്ള അവസരമെത്തുകയായിരുന്നു, കേരള കൗമുദിയിലെ പി. സുജാതന്‍ വഴി. ആര്‍ട്ടിനെപ്പറ്റിയോ കള്‍ച്ചറിനെപ്പറ്റിയോ ഒന്നും വലിയ പിടിയില്ലെങ്കിലും, 'ദി ഹിന്ദു'വിനു വേണ്ട ഇംഗ്ലീഷൊക്കെ എഴുതാനാവുമോ എന്നുറപ്പില്ലെങ്കിലും ഒരു ജോലി വേണമായിരുന്നതു കൊണ്ട് ഒരു നിമിഷം പോലും ശങ്കിക്കാതെ പണിയേറ്റെടുത്തു.

ഹിന്ദു ഫ്രൈഡേ റിവ്യൂവില്‍ അച്ചടിച്ചു വന്ന ആദ്യത്തെ ബൈലൈന്‍ സ്റ്റോറി, ആട്ടക്കളരിയെയും പി. ജയചന്ദ്രനെയും കുറിച്ചായിരുന്നു. 'In Search of A New Idiom' എന്ന തലക്കെട്ടോടെ എട്ടു കോളത്തില്‍ വിശാലമായി അച്ചടിച്ചു വന്ന ആദ്യത്തെ ഹിന്ദു ബൈലൈന്‍. പിന്നീട് ഹിന്ദു ഫ്രൈഡേ റിവ്യൂവിനു വേണ്ടി ഫീച്ചറുകള്‍ തിരഞ്ഞും എഴുതിയും ചെലവിട്ട ഒരു വര്‍ഷക്കാലത്തും, അതിനു ശേഷം ഹിന്ദുവില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി ചേര്‍ന്നതിനു ശേഷവും ഒരുപക്ഷെ ഏറ്റവുമധികം ദിനരാത്രങ്ങള്‍ ചെലവിട്ടത് ആലുവയിലെ ആട്ടക്കളരിയുടെ ആസ്ഥാനത്തായിരിക്കാം. ലണ്ടനില്‍ നിന്നു വല്ലപ്പോഴുമെത്തുന്ന ജയചന്ദ്രനു പുറമെ അന്ന് ആട്ടക്കളരിയുടെ റിസര്‍ച്ച് കോ ഓര്‍ഡിനേറ്ററായിരുന്ന ബൈജുവും, ലയ്സണ്‍ ഓഫീസറായ മീനാ വാരിയും, ഓഫീസ് കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന വില്‍സണും ഉണ്ടായിരുന്നു. പുതിയ പാഠങ്ങളുടെ നാളുകളായിരുന്നു അത്. കലയുടെ, പ്രത്യേകിച്ച് ചലനകലയുടെ പുതിയ മാനങ്ങളെക്കുറിച്ച്, സംഘാടനത്തെക്കുറിച്ച്, കൃത്യമായ കാഴ്ചപ്പാടുള്ള ഒരു കലാസംഘത്തെ മുന്നോട്ടു കൊണ്ടുപോവുന്നതിനാവശ്യമായ സൂക്ഷ്മശ്രദ്ധകളെക്കുറിച്ച്, അതിനു വേണ്ട കഠിനാദ്ധ്വാനത്തെയും ക്ഷമയെയും കുറിച്ച്, 'സമകാലീന നൃത്തം' എന്ന ആശയം കേരളത്തിലെ സദസ്സുകളില്‍ പരിചയപ്പെടുത്തുന്നതിനെക്കുറിച്ച്.

തുടര്‍ന്നു വന്ന വര്‍ഷങ്ങളില്‍ ആട്ടക്കളരിയുടെ പല പ്രോജക്റ്റുകളുടെയും ഭാഗമായി. അവയെക്കുറിച്ചൊക്കെ എഴുതി. ആട്ടക്കളരി സംഘടിപ്പിച്ച അന്തര്‍ദ്ദേശീയ സെമിനാറുകളില്‍ പങ്കെടുത്തു. കലാനിരൂപകന്‍ സദാനന്ദ് മേനോന്‍, നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അഭിലാഷ് പിള്ള, ഇന്ന് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ സരോജിനി നായിഡു സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് & കമ്യൂണിക്കേഷന്‍ ഡീനും തിയേറ്റര്‍ ആര്‍ട്‌സ് വിഭാഗം മേധാവിയുമായ ബി. അനന്തകൃഷ്ണന്‍ തുടങ്ങി ഒട്ടേറെപ്പേര്‍ പരിചയവൃന്ദത്തില്‍ വന്നു.

2000-ത്തില്‍ ആട്ടക്കളരിയുടെ പ്രവര്‍ത്തനങ്ങള്‍ ബാംഗ്‌ളൂരിലേക്കു നീങ്ങാന്‍ തുടങ്ങി. കേരളം പ്രവര്‍ത്തനമേഖലയാക്കാന്‍ ആഗ്രഹിച്ചിരുന്ന ജയചന്ദ്രന്‍ ബാംഗ്ലൂരിലേക്കു നീങ്ങാന്‍ നിര്‍ബന്ധിതനായത് കാലഘട്ടം പരുവപ്പെട്ടിട്ടില്ലാതിരുന്നതു കൊണ്ടാണെന്നു വേണമെങ്കില്‍ പറയാം. 1996-ലെ എന്റെ ലേഖനത്തില്‍ പറഞ്ഞിരുന്നത്, ആട്ടക്കളരിയുടെ പ്രധാന ലക്ഷ്യം, 1999-ഓടു കൂടി കേരളത്തില്‍ സമകാലീന നൃത്തകലയ്ക്കു വേണ്ടി ഒരു സ്‌കൂള്‍ ആരംഭിക്കുക എന്നതാണെന്നാണ്. അതിനാവശ്യമായ സ്ഥലത്തിനായി ആട്ടക്കളരിയുടെ പ്രവര്‍ത്തകര്‍ കേറാത്ത സര്‍ക്കാര്‍ ഓഫീസുകളില്ലായിരുന്നു. സമകാലീന നൃത്ത വിദ്യാലയമെന്ന ആശയം അന്നത്തെ കേരളത്തിനു തീര്‍ത്തും അന്യമായിരുന്നല്ലോ.

ബാംഗ്ലൂരിലേക്കു നീങ്ങിയ ആട്ടക്കളരി പുതിയ പ്രവര്‍ത്തനമേഖലകള്‍ കണ്ടെത്തി. മെട്രോ നഗരത്തിന്റെ സാധ്യതകളിലൂടെ മെല്ലെ മെല്ലെ ചുവടുറപ്പിച്ചു. 2000-ല്‍ തുടങ്ങിവെച്ച അന്തര്‍ദ്ദേശീയ സമകാലീന നൃത്തോത്സവമായ ആട്ടക്കളരി ബിനാലേ (Attakkalari Biennale) ഇന്നും മുടങ്ങാതെ തുടരുന്നു. 2006-ല്‍ ആരംഭിച്ച ആട്ടക്കളരി ഡിപ്ലോമ ഇന്‍ മൂവ്‌മെന്റ് ആര്‍ട്‌സ് ആന്റ് മിക്‌സഡ് മീഡിയ (Attakkalari Diploma in Movement Arts & Mixed Media) എന്ന രണ്ടു വര്‍ഷത്തെ കോഴ്‌സ്, ഇന്ത്യയില്‍ ഈ മേഖലയിലെ ആദ്യത്തെ ഔപചാരികവിദ്യാഭ്യാസ സാധ്യത തുറന്നു. ആട്ടക്കളരിയുടെ എഡ്യുക്കേഷണല്‍ ഔട് റീച്ച് പ്രോഗ്രാം വിദ്യാലയങ്ങളിലും കോര്‍പ്പറേറ്റ് മേഖലയിലും സമൂഹത്തിന്റെ വിവിധ തലങ്ങളിലും ചലനകലയെ ബന്ധപ്പെടുത്തി. ഇന്ത്യയിലെ അവതരണകലാ പാരമ്പര്യത്തിന്റെ ചലനസിദ്ധാന്തങ്ങളെക്കുറിച്ചും, പരിശീലനസമ്പ്രദായങ്ങളെക്കുറിച്ചുമുള്ള ആട്ടക്കളരിയുടെ ഗവേഷണപദ്ധതികള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. 'ട്രാന്‍സ് അവതാര്‍,' 'ഫോര്‍ പിനാ,' 'പുരുഷാര്‍ത്ഥ,' 'ക്രോണോടോപിയ,' 'മെയ് ധ്വനി,' 'ആധാരചക്ര,' 'ഭിന്നവിന്യാസ' തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ രംഗാവതരണങ്ങള്‍ ആട്ടക്കളരിയില്‍ രൂപം കൊണ്ടു.

ഡിപ്ലോമാ കോഴ്‌സിലേക്കുള്ള അഡ്മിഷന്റെ ഭാഗമായി ആട്ടക്കളരി നടത്തുന്ന ഓഡിഷനുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു വരികയാണിപ്പോള്‍. ജൂണ്‍ 22-ന് ഉച്ച തിരിഞ്ഞ് 2 മണിക്ക് തിരുവനന്തപുരത്തെ കാമിയോ ലൈറ്റ് ഹൗസില്‍ നടക്കുന്ന ഓഡിഷന്റെ മുന്നോടിയായാണ്, ജയചന്ദ്രന്‍ പാലാഴി ആട്ടക്കളരിയുടെ കാഴ്ചപ്പാടുകളെപ്പറ്റിയും, സമകാലീന ചലനകലകളുടെ പ്രാധാന്യത്തെപ്പറ്റിയും സംസാരിച്ചത്.

കേരളത്തില്‍ ഡാന്‍സ് ക്ലാസുകള്‍ക്ക്, പ്രത്യേകിച്ച് ക്ലാസിക്കല്‍ നൃത്തരൂപങ്ങളുടെയും 'സിനിമാറ്റിക്' ഡാന്‍സിന്റെയും ക്ലാസുകള്‍ക്ക്, യാതൊരു ക്ഷാമവുമില്ലാത്ത കാലമാണിപ്പോള്‍. ഏതു നാട്ടിന്‍പുറത്തും രണ്ടോ മൂന്നോ ഡാന്‍സ് ക്ലാസുകളെങ്കിലും കാണും. ഇത്തരത്തില്‍ വ്യാപകമായിരിക്കുന്ന നൃത്തപരിശീലനത്തില്‍ നിന്ന് എങ്ങനെയാണു ആട്ടക്കളരിയിലെ പരിശീലനം വ്യത്യസ്തമാവുന്നത്?

സാധാരണ നമ്മുടെ നാട്ടില്‍ നടക്കുന്ന ശരാശരി നൃത്തപരിശീലനങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കുന്ന അനുകരണത്തില്‍ അധിഷ്ഠിതമാണ്. ഒരു വഴിയിലൂടെ ഒരു നൂറു പ്രാവശ്യം നടന്നു പോവുന്നയാള്‍ക്ക് ആ വഴിയിലൂടെ കണ്ണടച്ചും നടക്കാമെന്ന പരിചയം ലഭിക്കുന്നു. അത് ആവര്‍ത്തനം കൊണ്ടു ലഭിക്കുന്ന പരിചയമാണ്. അത്തരം പരിശീലനം തെറ്റാണെന്നു ഞാന്‍ പറയില്ല. ഇന്ത്യന്‍ ശാസ്ത്രീയനൃത്തരൂപങ്ങള്‍ നിലനിന്നു പോന്നത് അത്തരം വിട്ടുവീഴ്ചയില്ലാത്ത പരിശീലനത്തിലൂടെയാണ്. പൂര്‍വ്വനിശ്ചിതമായ, കൃത്യമായ ഒരു സൗന്ദര്യശാസ്ത്രത്തിന്റെ ചട്ടക്കൂട്ടിലാണ് അത്തരം നൃത്തരൂപങ്ങള്‍ നിലനില്‍ക്കുന്നത്. എല്ലാ ശാസ്ത്രീയ നൃത്ത രൂപങ്ങള്‍ക്കും അവയുടേതായ ഒരു പദസമ്പത്ത് (vocabulary) ഉണ്ട്. പാരമ്പര്യമനുസരിച്ച് അതാതു നൃത്തരൂപങ്ങള്‍ക്കു വേണ്ട പ്രകടനാത്മകശരീരത്തെ എങ്ങനെ ഒരുക്കണമെന്നതിനെക്കുറിച്ചും നിയതമായ നിര്‍ദ്ദേശമുണ്ട്.

പക്ഷെ, സമകാലീന നൃത്തത്തില്‍, അങ്ങനെ പൂര്‍വ്വനിശ്ചിതമായ ഒരു ശരീരമല്ല ഉള്ളത്. ശരീരത്തിന്റെ സാധ്യതകള്‍ അന്വേഷണത്തിലൂടെ കണ്ടെടുക്കപ്പെടുകയാണ്. ശരീരത്തെയും ചലനങ്ങളെയും ആ ഭാവനക്കനുസരിച്ച് മാറ്റിയെടുക്കല്‍, ക്രിയാത്മകമായി മനസ്സിനെയും ശരീരത്തെയും എങ്ങനെ ഒരുക്കാമെന്നു കണ്ടെത്തല്‍ ആണവിടെ നടക്കുന്നത്. 'സിനിമാറ്റിക്' ഡാന്‍സ് എന്നറിയപ്പെടുന്ന രൂപത്തിലാണെങ്കില്‍, ഒരു ലാവണ്യശാസ്ത്രത്തിന്റെ (aesthetics) പിന്‍ബലത്തോടെ വികസിപ്പിച്ചെടുത്ത ചലനങ്ങളല്ല ഉപയോഗിക്കപ്പെടുന്നത്. വളരെയേറെ ലഘൂകരിക്കപ്പെട്ട ചലനകലാരൂപമാണതെന്നു പറയേണ്ടി വരും. ഒരു സദസ്സിനു നേര്‍മുന്നിലിരുന്ന് കാണാവുന്ന രീതിയില്‍, മുന്‍ വശത്തു നിന്നു മാത്രമുള്ള വീക്ഷണകോണില്‍ ചിട്ടപ്പെടുത്തിയ വിനോദകലാരൂപം മാത്രമാണത്. ഒട്ടും സങ്കീര്‍ണ്ണമല്ലാത്ത ഘടനയും, എല്ലാ നര്‍ത്തകരും ഒരേപോലെ ആവര്‍ത്തിക്കുന്ന ചിട്ടപ്പെടുത്തിയ ചലനങ്ങളുമാണതിനുള്ളത്. കൃത്യമായ ഒരു ചിന്താപദ്ധതിയോ അതിനനുസരിച്ച് വികസിപ്പിച്ചെടുത്ത ഒരു ഡിസൈനോ ഇല്ല.

സമകാലീന ചലനകലയില്‍ നിയതമായ ഒരു ചിന്താപദ്ധതിയുണ്ട്. കോംപോസിഷന്റെ തത്വങ്ങളുണ്ട്. ഓരോ ചലനത്തിന്റെയും മുറുക്കം (tension), ത്രിമാനകത്വം (three dimensionality), ചലനങ്ങളിലെ ഊന്നല്‍ (accentuation), ഓരോ ചലനവും എവിടെ നിന്നു തുടങ്ങുന്നു, എങ്ങോട്ടാണതിന്റെ യാത്ര തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. മൂര്‍ത്ത ഭാവങ്ങളെ ചലനാത്മകമാക്കുന്നതിന്റെ ഒരു രംഗഭാഷയുണ്ട്. ഒരു ചലനകലാകാരന്‍ / കലാകാരി തന്റെ തന്നെ ഓര്‍മ്മകളേയും, അനുഭവങ്ങളെയും ഭാവനയെയുമാണ് സംസ്‌കരിച്ചെടുക്കുന്നത്. ശാസ്ത്രീയ കലാരൂപങ്ങളിലെപ്പോലെ പൂര്‍വ്വ നിശ്ചിതമായ ഒരു ചട്ടക്കൂടിനുള്ളിലേക്ക് സ്വയം പരുവപ്പെടുത്തിയെടുക്കുന്ന പ്രക്രിയ സമകാലീന ചലനകലയിലില്ല. നിങ്ങള്‍ തന്നെ പുതിയ ചലനഭാഷകള്‍ രൂപപ്പെടുത്തിയെടുക്കണം. അതു സാധ്യമാവണമെങ്കില്‍, പരിശീലനത്തില്‍ത്തന്നെ സങ്കീര്‍ണ്ണമായ ചലനപദാവലികള്‍ ഉള്‍ക്കൊണ്ടിരിക്കേണ്ടത് ആവശ്യമാണ്. ഈ ലക്ഷ്യത്തിനായി ആട്ടക്കളരിയില്‍ വ്യത്യസ്ത ശാസ്ത്രീയ രൂപങ്ങള്‍ പരിശീലിക്കപ്പെടുന്നുണ്ട്. പക്ഷെ അതിന്റെ ലക്ഷ്യം നിങ്ങളെ ഒരു ശാസ്ത്രീയ കലാകാരന്‍ / കലാകാരി ആക്കുകയെന്നതല്ല. ഈ രൂപങ്ങളില്‍ അടങ്ങുന്ന ശരീരസങ്കല്പങ്ങളെ മനസ്സിലാക്കുകയും നിങ്ങളുടെ ശരീരങ്ങള്‍ക്ക് സ്വായത്തമാക്കുകയും ചെയ്യാന്‍ വേണ്ടി മാത്രമാണീ പഠനം.

ആട്ടക്കളരിയുടെ ഡിപ്ലോമ കോഴ്‌സിന്റെ പ്രത്യേകതകളെന്തൊക്കെയാണെന്ന് പറയാമോ?

തീര്‍ത്തും സവിശേഷമായ ഒരു സമീപനരീതിയാണ് ആട്ടക്കളരിയുടെ ഡിപ്ലോമ കോഴ്‌സിനുള്ളത്. സ്ഥിരാധ്യാപകര്‍ വളരെ കുറച്ചു പേര്‍ മാത്രമേയുള്ളൂ. അതും പ്രധാനമായും ഇന്ത്യന്‍ ശാസ്ത്രീയ രൂപങ്ങള്‍ പഠിപ്പിക്കാന്‍ മാത്രം. ബാക്കി ഒട്ടനേകം വിസിറ്റിങ് ഫാക്കള്‍ട്ടികളാണുള്ളത്. ഈ സമ്പ്രദായത്തിന്റെ സാധ്യത വളരെ വിശാലമാണു. സ്ഥിരം അദ്ധ്യാപകരുള്ള ഒരു സ്ഥാപനം അധികം വൈകാതെ തന്നെ കെട്ടി നില്‍ക്കുന്ന വെള്ളം പോലെയാവും. അതിനു പകരം സജീവമായി രംഗത്തുള്ള കലാകാരര്‍ തന്നെ വരുമ്പോള്‍ അവരുമായുള്ള ഇടപഴകല്‍ വിദ്യാര്‍ത്ഥികളെ സദാസമയം സ്വയം നവീകരിച്ചു കൊണ്ടിരിക്കാന്‍ പ്രേരിപ്പിക്കും. പുതിയ ചിന്താ പദ്ധതികള്‍, പുതിയ രംഗഭാഷകള്‍ ഒക്കെ വിദ്യാര്‍ത്ഥിക്ക് സ്വായത്തമാക്കാനാവും. പലതരം പ്രയോഗരീതികളും ചിന്താപദ്ധതികളുമായി പരിചയപ്പെടാനുള്ള അവസരം ഏറെ ഊര്‍ജ്ജദായകമാവും. ഇന്ത്യന്‍ പരമ്പരാഗത രൂപങ്ങളും, സമകാലീന സിദ്ധാന്തങ്ങളും കൂടിച്ചേരുമ്പോഴുണ്ടാകുന്ന ശരീരഭാഷയുടെ അനന്ത സാധ്യതകളെയാണ് ആട്ടക്കളരി അന്വേഷിച്ചെടുക്കുന്നത്. അതിനുതകുന്ന യുവകലാകാരരെ കണ്ടെടുക്കാനായിട്ടാണ് ഇന്ത്യയുടെ പല ഭാഗങ്ങളില്‍ എല്ലാ വര്‍ഷവും ആട്ടക്കളരി ഓഡിഷനുകള്‍ നടത്തുന്നതും.

ജൂണ്‍ 22-ന് ഉച്ചതിരിഞ്ഞ് 2 മണി മുതല്‍ തിരുവനന്തപുരത്തെ കാമിയോ ലൈറ്റ് ഹൗസില്‍ വെച്ചു നടത്തുന്ന ഓഡിഷനില്‍ നൃത്തത്തിലും ചലനകലയിലും താല്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം. പതിനാറു വയസ്സിനു മുകളില്‍ പ്രായമുള്ള, പ്ലസ് ടൂ പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്ക് ഓഡിഷനു ഹാജരാകാവുന്നതാണ്. നൃത്തത്തില്‍ പൂര്‍വ്വപരിശീലനത്തിന്റെ ആവശ്യമില്ല. പൂര്‍വ്വകാല പരിശീലനത്തേക്കാള്‍ വ്യക്തിയുടെ സാധ്യതയിലാണു ആട്ടക്കളരി ശ്രദ്ധ പതിപ്പിക്കുന്നത്. 2019 സെപ്തംബറിലാണ് കോഴ്‌സ് ആരംഭിക്കുന്നത്. രണ്ടു വര്‍ഷത്തെ ഡിപ്ലോമയ്ക്കു പകരം ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനു ചേരാനുള്ള സാദ്ധ്യതയും ലഭ്യമാണ്.

കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ പലരും ഇതുവരെ ആട്ടക്കളരി ഡാന്‍സ് കമ്പനി അടക്കമുള്ള അന്തര്‍ദ്ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ നൃത്ത സംഘങ്ങളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അന്തര്‍ദ്ദേശീയ തലത്തില്‍ സമകാലീന ചലന കലകളുമായി ബന്ധപ്പെട്ട റെസിഡന്‍സി & എക്‌സ്‌ചേഞ്ച് പരിപാടികളില്‍ പങ്കെടുക്കാനും, സമകാലീന ചലനകലയിലെ തൊഴില്‍ സാധ്യതകളിലേക്ക് പ്രവേശിക്കാനുമുള്ള അവസരം ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഭിക്കും. അതിനു പുറമെ, തിയേറ്റര്‍, ചലച്ചിത്രം, ടെലിവിഷന്‍, ഫാഷന്‍ ഇന്‍ഡസ്ട്രീ തുടങ്ങിയ ഒട്ടേറെ മേഖലകളില്‍ കോറിയോഗ്രാഫര്‍മാരായി പ്രവര്‍ത്തിക്കാനുള്ള സാധ്യതകളുമുണ്ട്. പല സ്‌കൂളുകളിലും കോളേജുകളിലും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും ഇന്‍സ്ട്രക്റ്റര്‍മാരോ അദ്ധ്യാപകരോ ആയി പ്രവര്‍ത്തിക്കാനുള്ള സാദ്ധ്യതകളും ഈ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭ്യമാണ്.

(ചിത്രങ്ങള്‍: ലേഖാ നായിഡു, ദിലീപ് ബാനര്‍ജി)


Next Story

Related Stories