TopTop
Begin typing your search above and press return to search.

കണ്ണായിത്തീർന്ന പൊരുൾ; ഗംഗാധര സംഗീതത്തിന്റെ മര്‍മം തൊട്ടറിഞ്ഞ 'ആശാന്‍'

കണ്ണായിത്തീർന്ന പൊരുൾ; ഗംഗാധര സംഗീതത്തിന്റെ മര്‍മം തൊട്ടറിഞ്ഞ
‘അദൃശ്യമായതിനെ കാണുന്ന കലയാണ് കാഴ്ച' എന്ന ജോനാതൻ സ്വിഫ്റ്റിന്‍റെ വാചകധ്വനിയോടു ചേർത്തു വച്ചാൽ കഥകളി എന്ന കലാരൂപം ലോകത്തിലെതന്നെ ഏറ്റവും വലിയ കാഴ്ചകളിലൊന്നാണ്. സർവ്വാതിശായിയായി പരിണമിച്ച അതിന്‍റെ കലാചരിത്രത്തിൽ സർഗ്ഗ വൈഭവത്തിന്‍റെ മൗലികവും അതിതീവ്രവുമായ വ്യവഹാരംകൊണ്ട് സമുന്നതമായസ്ഥാനം നേടിയ ഗായകനും ഗുരുനാഥനുമാണ് കലാമണ്ഡലം ഗംഗാധരൻ. അന്യാദൃശമായ ആ സംഗീത സ്വത്വത്തിന്‍റെ പൊരുളും പ്രകാശവും പരമാവധി വെളിപ്പെടുത്തുന്ന ഒരു ഡോക്യുമെന്ററി ചിത്രം അടുത്തിടെ പുറത്തിറങ്ങുകയുണ്ടായി. ജി. സുനിൽ നിർമ്മിച്ച് രതീഷ് സംവിധാനം നിർവ്വഹിച്ച 'ആശാൻ'. കണ്ണും ചെവിയും തട്ടിത്തൂവിക്കളയുന്ന ആഹ്ളാദത്തിന്‍റെ നിരുത്തരവാദിത്തമല്ല ശരിയായ ആസ്വാദനമെന്നോർമ്മിപ്പിക്കുന്ന അപൂർവ്വമായൊരു കലാസൃഷ്ടിയാണ് ഈ ഡോക്യുമെന്ററി.

അളക്കുന്തോറും പൊലിയേറുന്ന പ്രതിഭാസമാണ് ഗംഗാധരസംഗീതം. കേൾവി ശീലത്തിന്‍റെ രുചിമാനകങ്ങളെല്ലാം ആ സംഗീതത്തിനു മുൻപിൽ തോല്‍ക്കും. അതിദുർഗ്ഗമായ ആ കോട്ടകോത്തളങ്ങളിലേക്കു കടക്കാൻ സാധിക്കാതെ ആലസ്യത്തിന്‍റെ  മധുരപ്പൊരികൾ നുണഞ്ഞു നടക്കാനായിരുന്നു ആസ്വാദകലോകത്തിൽ ഭൂരിപക്ഷത്തിന്‍റെയും വിധി. ആരുടേയും കുറ്റമല്ല. അതിനുള്ളിൽ കടക്കുവാൻ കുറച്ചു ഭാഗ്യം പോര. ഭാഗ്യം ലഭിച്ചവർ എങ്ങനെ ആ അനുഭവത്തെക്കുറിച്ച് പറയും എന്നറിയാതെ പലപ്പോഴും കുഴങ്ങി. അപ്പോഴും പ്രഗത്ഭരും പ്രശസ്തരും താരങ്ങളുമായ അദ്ദേഹത്തിന്‍റെ  പിൻഗാമികൾ 'ഞങ്ങളാരും ഗംഗാധരനാശാന്‍റെ ഏഴയൽപ്പക്കത്ത് വരില്ല' എന്നടിവരയിട്ടു പറഞ്ഞു. എങ്കിലും ആശാന്‍റെ സംഗീതജീവിതത്തിന്‍റെ മൂന്നാംപക്കത്തിൽ 'ആശാൻ' എന്ന ഡോക്യുമെന്ററി സംഭവിച്ചിരുന്നില്ലായെങ്കിൽ വാചകങ്ങളുടെ തടവറയിൽ മാത്രമായി ഗംഗാധരസംഗീതവും തളയ്ക്കപ്പെട്ടേനെ. ഗംഗാധരനാശാനു തന്നെ ഏറ്റവും ഇഷ്ടപ്പെട്ട കഥകളി ഗായകരിലൊരാളായ ചേർത്തല കുട്ടപ്പക്കുറുപ്പാശാന്‍റെ പാട്ട് ഓർമ്മകളിൽ മാത്രമായൊതുങ്ങിയത് ഉദാഹരണമായി നമ്മുടെ മുൻപിലുണ്ട്. അത്തരമൊരു ദുരവസ്ഥയ്ക്ക് കലാമണ്ഡലം ഗംഗാധരനെ വിട്ടു കൊടുക്കാൻ ഞങ്ങൾക്കു മനസ്സില്ല എന്നു പ്രഖ്യാപിക്കുന്നതിലും, ഇതാണാശാന്‍റെ പാട്ട് എന്നു പറഞ്ഞു വയ്ക്കുന്നതിലും ഈ ഡോക്യുമെന്ററി വിജയിച്ചിരിക്കുന്നു എന്ന് നിസംശയം പറയാം.

കലയെക്കുറിച്ചും കലാകാരന്മാരെക്കുറിച്ചും കൗതുകം കൊണ്ടോ ആകാംക്ഷ കൊണ്ടോ ഹ്രസ്വചിത്രങ്ങൾ നിർമ്മിക്കുന്ന നിരവധിപേരുണ്ട്. യാതൊരു അനുഗുണവും സൃഷ്ടിക്കാതെ കടന്നു പോകാനാവും ഇത്തരം സൃഷ്ടികളുടെ സ്ഥിരം വിധി. എന്നാൽ തന്‍റെ  ഭൂതവും ഭാവിയും വർത്തമാനവുമായ ഒരു സജീവാനുഭവത്തെ ക്യാമറയിൽ പകർത്തുമ്പോൾ എങ്ങനെ പറയണം എന്നത് സ്വന്തം ഹൃദയമെടുത്തുകാട്ടുന്നതു പോലെയുള്ള ഒന്നായാണ് 'ആശാനി'ൽ സംഭവിച്ചത്. ആ സമാന ഹൃദയസ്നേഹത്തിന്‍റെ അളവറ്റ കരുതൽ ഡോക്യുമെന്ററിയുടെ ആദ്യം തന്നെ അവതരിപ്പിക്കുന്ന മേളപ്പദത്തിലെ മധ്യമാവതിയിൽ വ്യക്തമായി കാണാം.

[caption id="attachment_79451" align="aligncenter" width="550"] കലാമണ്ഡലം ഗംഗാധരന്‍[/caption]

അതിതാരസ്ഥായിയിലെത്തി അനുഗ്രഹം ചൊരിഞ്ഞ ആ മധ്യമാവതിക്കു സാക്ഷ്യം വഹിച്ചവർ എത്ര ഭാഗ്യവാന്മാരാണ്! ഷൂട്ടിംഗിന് ഏതാനും മാസങ്ങൾക്കു ശേഷം ഗംഗാധരനാശാന്‍റെ ദേഹവിയോഗമുണ്ടായി എന്നറിയുമ്പോഴാണ് ഈ ഡോക്യുമെന്ററി ഒരു നിയോഗം തന്നെയായിരുന്നു എന്നു നാമുറപ്പിക്കുക. എൺപതാം വയസ്സിലും നിലനിന്ന ഗംഗാധരസ്ഥായിയുടെ ഏറ്റവും മികച്ച വിളംബരവും പാഠവും താക്കീതുമാണ് ആ മധ്യമാവതി. പ്രേക്ഷകനെ ആദ്യം തന്നെ അതിശയിപ്പിച്ചു കൊണ്ട് ശ്രദ്ധയെ കൂർപ്പിക്കുന്നതിൽ ആ മേളപ്പദം വലിയ പങ്കു വഹിക്കുന്നു.

ഡോക്യുമെന്ററികൾ ചരിത്രത്തിലെ മികച്ച മാതൃകകളെ തിരിച്ചറിയാനുള്ള അവസരം കൂടിയാകുമ്പോഴാണ് അത് കാലാതിവർത്തിയായ  കലാസൃഷ്ടിയാകുന്നത്. പലപ്പോഴും വ്യക്തിജീവിതത്തെ കൃത്യമായി രേഖപ്പെടുത്തുമ്പോൾ ശിങ്കിടി പാടിപ്പോകുന്ന കലാജീവിതത്തിനപ്പുറം ആ കലാകാരന്‍റെ കലാദർശനത്തെ ചെറുതായൊന്നു പരിചയപ്പെടുത്തുവാൻ പോലും പല ഡോക്യുമെന്ററികൾക്കും കഴിയാറില്ല. 'ആശാൻ' ഇതിൽ നിന്നു വ്യത്യസ്തമായ ഒരു രീതി സ്വീകരിച്ചിരിക്കുന്നു. ഏതെല്ലാം ഘടകങ്ങളിലാണ് ഗംഗാധരനാശാന്‍റെ സംഗീതം വേറിട്ടു നിൽക്കുന്നതെന്ന് തികച്ചും കലാത്മകമായ ഒരു രീതിയിലൂടെയാണ് 'ആശാനി'ൽ അവതരിപ്പിക്കുന്നത്. ശിവരാമനാശാനില്ലായിരുന്നെങ്കിൽ ഞാൻ കഥകളിപ്പാട്ടുകാരനാവില്ലായിരുന്നു എന്നു പറയുമ്പോഴും ആശാന്‍റെ  അഭ്യസന രീതിയോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുന്ന ഗംഗാധരനാശാന്‍റെ തന്നെ വാക്കുകളിലൂടെ ആ കലാ സമീപനത്തിന്‍റെ അടിസ്ഥാനം പ്രേക്ഷകർക്കു വ്യക്തമാകുന്നു.

അദ്ദേഹത്തെ കർണ്ണാടകസംഗീതം പഠിപ്പിച്ച കടയ്ക്കാവൂർ വേലുക്കുട്ടിഭാഗവതരുടെ ഗുരുനാഥൻ മന്നാർഗുടി രാജഗോപാലപിള്ളയെക്കുറിച്ചുള്ള ആശാന്‍റെ പ്രസ്താവന ഡോക്യുമെന്ററിയിൽ ചേർത്തത് മറ്റൊരുദാഹരണമാണ്. കർണ്ണാടക സംഗീത ലോകത്ത് നാദസ്വര ബാണിക്ക് പേരുകേട്ട സംഗീതജ്ഞനായിരുന്നു മന്നാർഗുടി രാജഗോപാലപിള്ള. കലാമണ്ഡലത്തിൽ അഭിമുഖത്തിന് ചെന്നപ്പോൾ 'ഉപചാരമു' പാടിയ ബാലന്‍റെ സംഗീതത്തിലുള്ള പഠിപ്പ് ഭാവപുഷ്ടമായ കഥകളി സംഗീതത്തിലേക്ക് പരിണമിച്ചതെങ്ങനെയെന്ന് യുക്തിസഹമായ  ചരിത്ര വിചാരങ്ങളിലൂടെയാണ് ഇവിടെ അവതരിപ്പിക്കുന്നത്.

കഥകളിസംഗീതജ്ഞർക്ക് ഇതര സംഗീതശാഖകളിലുള്ള അഭിരുചിയെ കുറിച്ചു പറയുമ്പോൾ സാധാരണ ഉയർത്തിവിടുന്ന വിൺവാക്കുകൾ ഇവിടെ കാണാനേയില്ല. അതുകൊണ്ടു തന്നെ ഗംഗാധര സംഗീതത്തിന്‍റെ അടിസ്ഥാനത്തെ കുറിച്ചുള്ള കൃത്യമായ അറിവ് നമുക്കു ലഭിക്കുകയും ചെയ്യുന്നു. തിരക്കഥയ്ക്കു ചേരുംപടി ചേർത്ത് എഴുതി നൽകപ്പെട്ട കൃത്രിമഭാഷണങ്ങൾക്കു പകരം മനസ്സിൽത്തൊട്ട വാക്കുകളുടെ സ്വാഭാവികതയും അതിന്‍റെ തിരഞ്ഞെടുക്കലുമാണ് ഈ ഡോക്യുമെന്ററിയെ ഹൃദ്യമാക്കുന്നത്.

മുണ്ടായ വെങ്കിടകൃഷ്ണ ഭാഗവതരുടെ കലാമണ്ഡലത്തിലേയ്ക്കുള്ള വരവും നീലകണ്ഠൻ നമ്പീശൻ എന്ന ശിഷ്യന്‍റെ രൂപപ്പെടലും അവർ വെട്ടിത്തെളിച്ച വഴിയിലൂടെയുള്ള കഥകളിപ്പാട്ടിന്‍റെ യാത്രയും പിൽക്കാല ചരിത്രമാകുമ്പോൾ കലാമണ്ഡലം ഗംഗാധരൻ എന്ന ശിഷ്യസ്ഥാനത്തിന് അതീവ പ്രാധാന്യമുണ്ട്. ഡോക്യുമെന്ററിയിൽ ഒരിടത്ത് വെങ്കിടകൃഷ്ണഭാഗവതരേയും ശിവരാമനാശാനേയും അങ്ങേയറ്റം ബഹുമാനിച്ചു കൊണ്ട് ആശാൻ നമ്പീശനാശാനെ കുറിച്ചു പറയുന്നു. 'ആശാന്‍റെ പാട്ട്, അതൊന്നു വേറെ, അതിൽ സംഗീതത്തിനു സംഗീതമുണ്ട്, സാഹിത്യത്തിനു സാഹിത്യവുമുണ്ട്.' കഥകളിസംഗീതം എവിടെ നിൽക്കണം എന്നുള്ളതിന്‍റെ വ്യക്തമായ മാർഗ്ഗ നിർദ്ദേശം കൂടിയായി ഈ ഗംഗാധരവാണിയെ നമ്മൾ ശിരസ്സേറ്റണം. ആ തരത്തിൽ കഥകളിസംഗീതത്തെക്കുറിച്ചുള്ള വ്യക്തമായ ദിശാസൂചിക കൂടിയാണ് 'ആശാൻ'. ഇവിടെ ലക്ഷ്യവേധമല്ലാത്തതിനെ ഒഴിവാക്കുന്ന ശില്‍പചാതുരി വളരെ പ്രകടമാണ്.

[caption id="attachment_79452" align="aligncenter" width="550"] കലാമണ്ഡലം ഗംഗാധരന്‍, കലാമണ്ഡലം ഹരിദാസ്[/caption]

ഡോക്യുമെന്ററികളിൽ കഥാനായകനെ കുറിച്ചുള്ള പ്രമുഖരുടെ അഭിപ്രായങ്ങൾ ചേർക്കുക പതിവാണ്. കലാകാരന്മാരിൽ മാടമ്പിയാശാൻ തുടങ്ങിയുള്ളവരും നിരൂപകരിൽ വി. കലാധരൻ തുടങ്ങിയുള്ളവരും ഈ ഡോക്യുമെന്ററിയിൽ ആശാനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഓരോ അഭിപ്രായത്തിനു ശേഷവും അതെത്രമാത്രം അർത്ഥവത്താണെന്നു കാണിക്കുന്ന ശ്രവ്യ ശകലങ്ങളിൽ കൃത്യമായ തിരഞ്ഞെടുക്കലുകളാണ് സംവിധായകൻ നടത്തിയിട്ടുള്ളത്. കോട്ടയ്ക്കലിലേക്കുള്ള യാത്രയിൽ കോട്ടയ്ക്കൽ പി.ഡി നമ്പൂതിരിയും കലാമണ്ഡലം ബാബുനമ്പൂതിരിയും കലാമണ്ഡലം വിനോദും ഉൾപ്പെടുന്ന സുഹൃദ് ചർച്ചയിലും ഇത് വെളിപ്പെടുന്നു. പാട്ടിന്‍റെ  മഴയിലലിഞ്ഞ് ദൃശ്യങ്ങൾ അവ്യക്തമായിപ്പോകുന്ന ആ യാത്രാവതരണം ഗംഗാധര സംഗീതത്തിലേക്കുള്ള അനായാസവും അസാധാരണവുമായ ഒരു യാത്രയായി മാറുന്നു.

മഹാപ്രതിഭകളായ സംഗീതജ്ഞരെക്കുറിച്ചു പറയുമ്പോൾ അവരുടെ സംഗീതത്തിന്‍റെ പശ്ചാത്തലത്തിൽ പർവ്വതങ്ങളിലേക്കോ സമുദ്രത്തിലേക്കോ ഒക്കെ നീങ്ങുന്ന ദൃശ്യങ്ങളുടെ സ്ഥിരം പല്ലവികൾ ഈ ഡോക്യുമെന്ററിയിൽ കാണാനേ ഇല്ല. അതൊരു ഗുണമാണെങ്കിലും ആ രീതിയിലുള്ള ഒരു പരീക്ഷണത്തിനും സംവിധായകൻ മുതിരുന്നില്ല എന്നുള്ളത് ദൃശ്യസങ്കേതങ്ങളെ ഉപയോഗപ്പെടുത്തുന്നതിലുള്ള പരിമിതി എന്ന നിലയിൽ ഒരു ന്യൂനതയായി പറയാം. അതേ സമയം തികച്ചും സാധാരണ പരിസരങ്ങളിലൂടെ നീങ്ങുന്ന ക്യാമറ കൃത്രിമ പശ്ചാത്തലങ്ങളെ ഒഴിവാക്കുന്നത് സ്വാഭാവികമായ ഒരു ദൃശ്യസുഖം സമ്മാനിക്കുന്നുമുണ്ട്. വളരെക്കുറച്ചു കഥകളിദൃശ്യങ്ങളേ ചിത്രത്തിലുള്ളു. അത്തരത്തിലുള്ള ശബളിമകൾ പൂർണ്ണമായും ഒഴിവാക്കിയത് ഗംഗാധര സംഗീതത്തിന്‍റെ  നേർച്ചുഴിയിൽ വീഴാത്തവരെ എത്രകണ്ട് ആകർഷിക്കുമെന്ന് സംശയമുണ്ട്. എങ്ങനെ പറഞ്ഞു എന്ന ചോദ്യത്തെ പറയേണ്ടതു മാത്രം പറഞ്ഞു കാട്ടി നേരിടുന്നതിലാണ് ഈ ഡോക്യുമെന്ററിയുടെ ശ്രദ്ധ. അതോടൊപ്പം കാഴ്ചയും സംഗീതവും ധ്യാനാത്മകമാകുമ്പോൾ ഏതൊക്കെയോ ലോകങ്ങളിലേക്ക് അതു നമ്മെ എത്തിക്കുന്നുമുണ്ട്.

ഏതെല്ലാം രീതിയിലാണ് ആശാന്‍റെ മഹത്വം എന്നു കാണിക്കേണ്ടി വരുമ്പോൾ കാടുകയറി ലയം നഷ്ടപ്പെടാതിരിക്കുവാൻ സംവിധായകൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. ചിത്രത്തിൽ ബാലിവധത്തിലെ 'ഹാ ഹാ നാഥാ നായകാ' എന്ന താരയുടെ വിലാപപ്പദം ആശാൻ കലാമണ്ഡലം വിനോദിനെ പഠിപ്പിക്കുന്ന ഒരു ഭാഗം കാണാം. സിംഹേന്ദ്രമധ്യമം രാഗം ആ പദത്തിൽ എങ്ങനെ പ്രയോഗിക്കണം എന്നു മാത്രമല്ല ആശാന്‍റെ കളരി ഏതു വിധമായിരുന്നു എന്നും ഈ ദൃശ്യം വ്യക്തമാക്കുന്നു. നാഗഗാന്ധാരിയിലെ 'ഹന്ത ഹംസമേ'യും ദർബാറിലുള്ള 'കുരുക്കളുടേ'യുമൊക്കെ ഈ തരത്തിൽ രാഗമാറ്റങ്ങളിലല്ല, അതെങ്ങനെ പ്രയോഗിക്കപ്പെടുന്നു എന്നതിനാണ് പ്രാധാന്യം എന്ന വാദത്തേയും തൊട്ടു കാണിക്കുന്നു. ഇതുപോലെ ആശാനേറ്റവും ഇഷ്ടപ്പെട്ട 'സുദതീ മാമക നായികേ' എന്ന പദത്തിന്‍റെ ആവർത്തനവും മോഹനത്തിന്‍റെ മറ്റെങ്ങും കാണാത്ത ചില കഥകളി പ്രയോഗങ്ങളും പ്രേക്ഷകരുടെ മനസ്സിൽ ഏറെ നാളത്തേക്ക് കോറിയിടപ്പെടും.

വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന ഒന്നാണ് മികച്ച കലയായി നമ്മൾ വാഴ്ത്തുന്നത്. കാഴ്ചയോടൊപ്പം കേൾക്കാനും വളരെ പ്രേരിപ്പിക്കുന്ന ഒന്നാണ് ഈ ഡോക്യുമെന്ററി. കാരണം ഗംഗാധര സംഗീതത്തിന്‍റെ പ്രസക്തിയെക്കുറിച്ചുള്ള ഉത്തമ ബോധ്യത്തിൽ ആ സംഗീതത്തെക്കുറിച്ചറിയേണ്ടവർക്കുവേണ്ടി ചെയ്തു വരുന്ന നിരുപാധിക കർമ്മങ്ങളുടെ (KALAMANDALAM GANGADHARAN DOCUMENTATION PROJECT) ഭാഗമാണ് 'ആശാൻ' എന്ന ഡോക്യുമെന്ററിയും. ഒരുപാടു പേരുടെ ദീർഘനാളത്തെ കഷ്ടപ്പാടുകളും നഷ്ടപ്പെടലുകളുമുണ്ട് അതിനു പിന്നാമ്പുറത്ത്. ഉമ്മറത്തോ ഗംഗാധരസംഗീതം നേരിട്ടനുഭവിക്കുന്നതിനുള്ള ആഴവും വ്യാപ്തിയുമുണ്ട്. അത് കാലാതിവർത്തിയാണെന്ന് കൃത്യമായി പറഞ്ഞു വയ്ക്കുന്ന ഇഴപ്പൊരുത്തമുണ്ട്. ഗംഗാധര സംഗീതത്തെ ഒരു യജ്ഞം പോലെ സ്വീകരിച്ച് ഒരു ഉത്സവമായി ആനന്ദിക്കാൻ വേണ്ടതൊക്കെയുമുണ്ട്. കാഴ്ചശീലത്തിന്‍റെ തേനീച്ചക്കുത്തുകളെ അതിജീവിച്ചു ചെന്നാൽ 'ആശാൻ' എന്ന വഴികാട്ടി എത്തിക്കേണ്ടിടത്ത് കൃത്യമായി എത്തിക്കും.ഗംഗാധരനാശാന്‍റെ ഒരു രേഖാചിത്രം ഡോക്യുമെന്ററിയുടെ തുടക്കത്തിൽ അനിൽ ചിത്രകൂടം വരയ്ക്കുന്നുണ്ട്. ആശാൻ ഡോക്യുമെന്ററിയുടെ അടുത്ത ഭാഗങ്ങൾ കൂടി എത്തുമ്പോഴാകാം ഒരു പക്ഷേ ഒന്നാം ഭാഗത്തിൽ ഏറെപ്പറയാതെ പോയ വ്യക്തി ജീവിതം കൂടി ചേർന്ന് ആ ചിത്രം പൂർത്തിയാകുന്നത്. എങ്കിലും  ഗംഗാധരനാശാന്‍റെ സംഗീതത്തിൽ മുഴുകി ഇത് ഡോക്യുമെന്ററിയാണെന്നുപോലും മറന്നു പോകുന്ന വ്യത്യസ്തമായ ഒരു അനുഭവമാണ് 'ആശാൻ' സമ്മാനിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഗംഗാധര സംഗീതത്തിന്‍റെ ആഴമറിഞ്ഞ് ഈ കണ്ണിലൂടെയാണ് അത് കാണേണ്ടതെന്നുകാട്ടി കണ്ണായിത്തീർന്ന അനുഭവപ്പൊരുളാണ് 'ആശാൻ'. അതുകൊണ്ടു തന്നെ ഗുരു കുഞ്ചുക്കുറുപ്പു മുതൽ കഥകളി കലാകാരന്മാരെ കുറിച്ചു നിർമ്മിക്കപ്പെട്ടിട്ടുള്ള ഡോക്യുമെന്ററികളിൽ 'ആശാൻ' വേറിട്ടു വിളങ്ങുന്നൊരു കേശഭാരമാണ്; കഥകളിലോകത്തിനൊരു മികച്ച പാഠപുസ്തകവും.

കവര്‍ ചിത്രം: കലാമണ്ഡലം ഗംഗാധരന്‍, കോട്ടയ്ക്കല്‍ പി.ഡി നമ്പൂതിരി

Next Story

Related Stories