TopTop
Begin typing your search above and press return to search.

ഹിന്ദുത്വവാദികള്‍ നമ്മുടെ പൈതൃകത്തെ നശിപ്പിക്കും: ടിഡി രാമകൃഷ്ണന്‍

ഹിന്ദുത്വവാദികള്‍ നമ്മുടെ പൈതൃകത്തെ നശിപ്പിക്കും: ടിഡി രാമകൃഷ്ണന്‍

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡിന് അര്‍ഹമായത് ടിഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന നോവലാണ്. ശ്രീലങ്കയിലെ ആഭ്യന്തര കലാപം വിഷയമാക്കുന്ന ഈ നോവലില്‍ മിത്തും ചരിത്രവും പ്രണയവും രതിയും യുദ്ധവും പ്രതികാരവുമെല്ലാം ഇഴചേര്‍ന്നിരിക്കുന്നു ഈ നോവലില്‍. മഹീന്ദ്ര രാജപക്‌സെയുടെ കാലത്ത് ശ്രീലങ്കയിലെ തമിഴ് വിമതരുടെ പ്രതിഷേധത്തെ നിശബ്ദമാക്കിയ പശ്ചാത്തലത്തിലാണ് ഈ നോവല്‍ വായിക്കപ്പെടേണ്ടത്. അതോടൊപ്പം ബിജെപിയ്ക്ക് കീഴിലെ നിലവിലെ ഇന്ത്യന്‍ ഭരണകൂടത്തിന് കീഴില്‍ ജീവിക്കുന്ന നാം നോവലില്‍ പരാമര്‍ശിക്കുന്ന ഭരണകൂടത്തിന്റെ ഫാസിസ്റ്റ് സ്വഭാവത്തെയും ശ്രദ്ധാപൂര്‍വം വീക്ഷിക്കേണ്ടിയിരിക്കുന്നു. തീവ്രഹിന്ദുത്വവാദികള്‍ നമ്മുടെ സംസ്‌കാരത്തെ നശിപ്പിക്കുമെന്നാണ് ടി ഡി രാമകൃഷ്ണന്‍ കലാകൗമുദിയില്‍ വി.ജി നകുലുമായി നടത്തിയ അഭിമുഖത്തില്‍ പറയുന്നത്. തന്റെ നോവലുകളെക്കുറിച്ചും അതിന്റെ പശ്ചാത്തലങ്ങളെക്കുറിച്ചും സുഗന്ധിയെന്ന ആണ്ടാള്‍ ദേവനായകിയിലെ രാഷ്ട്രീയ പശ്ചാത്തലങ്ങളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിക്കുന്നു. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍.

നമ്മള്‍ പൊതുവെ ഭാരതീയ പൈതൃകം എന്നു പറയുമ്പോള്‍ അതിനെ അപ്പാടെ തള്ളിക്കളയുന്ന സമീപനമുണ്ട്. അത് തീവ്രഹിന്ദുത്വ വാദക്കാരുപയോഗിക്കുന്നതാണ്. നമ്മുടെ പൈതൃകം അവരുടേതാണ് എന്നൊരു രീതിയാണുള്ളത്. അതില്‍ പ്രധാനം നമ്മുടെ പാരമ്പര്യത്തെ വളരെ പരിഹാസ്യമായ രീതിയില്‍ അവതരിപ്പിക്കുന്നു എന്നതാണ്. പുഷ്പക വിമാനം വിമാനത്തിന്റെ മാതൃകയാണെന്നോ ഗണപതി പ്ലാസ്റ്റിക് സര്‍ജറിയുടെ പൂര്‍വരൂപമാണെന്നോ ഒക്കെ മണ്ടത്തരങ്ങള്‍ പറഞ്ഞിട്ട് സ്വയം ലോകത്തിന്റെ മുന്നില്‍ അപഹാസ്യരാകുകയും നമ്മുടെ യഥാര്‍ത്ഥ ഗവേഷണങ്ങളെയൊക്കെ കുറച്ചുകാണിക്കുകയും ചെയ്യുന്ന ഒരു വിഭാഗമാണവര്‍. എന്നാല്‍ ഇതിനപ്പുറത്ത് ഇന്ത്യയ്ക്ക് ഒരു സത്യസന്ധമായ പൈതൃകമുണ്ട്. അവരിങ്ങിനെ പറയുന്നതുകൊണ്ട് ഇന്ത്യയുടെ പൈതൃകം നഷ്ടമാകുന്നില്ല. നമുക്കൊരു സമ്പന്നമായ ശാസ്ത്രീയ തത്വശാസ്ത്ര പാരമ്പര്യമുണ്ട്. ഫ്രാന്‍സിസ് ഇട്ടിക്കോരയില്‍ അതില്‍ ഗണിതവുമായി ബന്ധപ്പെട്ട് വരുന്നവയെക്കുറിച്ചും കേരളത്തിന്റെ പാരമ്പര്യത്തെക്കുറിച്ചും ഞാന്‍ സൂചിപ്പിക്കുന്നു. സുഗന്ധിയിലെത്തുമ്പോള്‍ അത്തരത്തിലുള്ള ദാര്‍ശനിക പദ്ധതികളെയും ദാര്‍ശനിക പാരമ്പര്യത്തെയും ചര്‍ച്ചയാക്കുന്നു. ഹിന്ദു-ബുദ്ധ മതങ്ങള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളും അതിന്റെ പല മാനങ്ങളുമൊക്കെ.

ബുദ്ധമതത്തെ ഹിന്ദുമതം ആക്രമിച്ചു നശിപ്പിച്ചു എന്ന വിശ്വാസങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ആളല്ല ഞാന്‍. മനുഷ്യന്റെ ജീവിതരീതി ആര്‍ത്തിയിലും സ്വാര്‍ത്ഥതയിലും ഹിംസയിലും അടിസ്ഥാനപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്; ത്യാഗത്തിലൂടെയല്ല. നമ്മുടെ പല ഗവേഷണങ്ങളും യുദ്ധങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് മനസിലാക്കിയാല്‍ മാത്രം മതി. ഇത്തരം കാര്യങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുന്ന ജീവിത സംവിധാനങ്ങള്‍, അത് മതപരമായാലും മറ്റേതു തത്വശാസ്ത്രത്തിന്റെ പേരിലുള്ളതാണെങ്കിലും സ്വീകാര്യമാകും. ത്യാഗത്തെ ആഘോഷിക്കുന്ന തരംസംവിധാനങ്ങള്‍ കാലക്രമേണ ഇല്ലാതാകുകയും ചെയ്യും. അതിന് പല ഉദാഹരണങ്ങളുണ്ട്. ബുദ്ധമതത്തില്‍ സ്വാര്‍ത്ഥത കുറെ ഉപേക്ഷിക്കേണ്ടി വരും. അപ്പോള്‍ ഹിന്ദുമതം പോലെ കുറെക്കൂടി മുതലെടുപ്പിനും ആളുകളെ പരസ്പരം വേര്‍തിരിച്ച് അടിച്ചമര്‍ത്താനും സാധ്യതയുള്ള ഒരു സംവിധാനത്തിലേക്ക് മാറും. സമകാലിക അവസ്ഥയില്‍ പോലും സോഷ്യലിസം പോലെ വളരെ ഉദാത്തമായ സങ്കല്‍പ്പങ്ങള്‍ സ്വീകരിക്കാന്‍ ജനം തയ്യാറാകുന്നില്ല. അതിലും കൂടുതല്‍ പരസ്പരം ചൂഷണം ചെയ്യുന്ന വഞ്ചിക്കാനും പാരപണിയാനും സൗകര്യമുള്ള സംവിധാനത്തെ അംഗീകരിക്കാനാണ് അവര്‍ക്ക് താല്‍പര്യം.

സുഗന്ധിയില്‍ ഇട്ടിക്കോരയില്‍ നിന്നും വളരെയേറെ വിരുദ്ധമായി ഇന്ത്യന്‍ പൈതൃകവുമായി ബന്ധപ്പെടുന്ന തത്വശാസ്ത്ര പശ്ചാത്തലങ്ങളും അതുമായി ബന്ധപ്പെടുന്ന അംശങ്ങളുമാണുള്ളത്. ശങ്കരാചാര്യരെ പറ്റിയോ സൗന്ദര്യലഹരിയെപ്പറ്റിയോ പറഞ്ഞാല്‍ അതുടനെ ഹിന്ദത്വ തീവ്രവാദത്തെപ്പറ്റിയാണെന്ന തരത്തില്‍ വിഷയങ്ങളെ സമീപിക്കുന്ന രീതി അത്ര ശരിയല്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്തെന്നാല്‍ ഓരോന്നും അതതിന്റെ കാലവുമായി ചേര്‍ത്തുവച്ച് വ്യാഖ്യാനിക്കേണ്ടവയാണ്. പിന്നെ ഇത്തരം കാര്യങ്ങള്‍ പൂര്‍ണമായും ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ക്ക് വിട്ടുകൊടുക്കുന്നതും ശരിയല്ലല്ലോ. എന്താണെന്നു വച്ചാല്‍ അവരിതൊക്കെ വളരെ നിലവാര രഹിതമായി കൈകാര്യം ചെയ്ത് നശിപ്പിക്കും. സുഗന്ധിയില്‍ പറയുന്നതൊക്കെ രാജ്യം എന്ന സങ്കല്‍പ്പത്തിനപ്പുറം പരന്നുകിടക്കുന്ന കാര്യങ്ങളാണ്.


Next Story

Related Stories