TopTop
Begin typing your search above and press return to search.

ഹിന്ദുത്വ ഫാസിസം ഒരു പുതിയ പ്രതിഭാസമല്ല: സുനില്‍ പി ഇളയിടം

ഹിന്ദുത്വ ഫാസിസം ഒരു പുതിയ പ്രതിഭാസമല്ല: സുനില്‍ പി ഇളയിടം
ഇന്ത്യന്‍ സാംസ്‌കാരിക ദേശീയത 100 വര്‍ഷത്തിലധികമായി ഹിന്ദുത്വ ചിന്താധാരയുടെ സ്വാധീനത്തിലായിരുന്നതായി ഇടത് ചിന്തകന്‍ സുനില്‍ പി ഇളയിടം. കേരള സര്‍ക്കാര്‍ കൊച്ചിയില്‍ നടത്തുന്ന കൃതി പുസ്തകോത്സവത്തോടനുബന്ധിച്ച് ബോള്‍ഗാട്ടി പാലസിലെ തകഴി വേദിയില്‍ സംഘടിപ്പിച്ച കലയും സമൂഹവും എന്ന സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാംസ്‌കാരിക ദേശീയത എന്ന ആശയം ബ്രിട്ടീഷ് വിദ്യാഭ്യാസം ലഭിച്ച ഇന്ത്യയിലെ മധ്യവര്‍ഗ്ഗത്തിന്റെ സംഭാവനയാണ്. ബ്രഹ്മണികമായ ഒരു വേദിക് ചിന്താധാരയായിരുന്നു ഇന്ത്യന്‍ ദേശത്തിന്റെ അടയാളമായി ഇവര്‍ ഉയര്‍ത്തിപ്പിടിച്ചത്. സംസ്‌കാരിക ദേശീയതയെ നാല് കാലഘട്ടങ്ങളിലായി തിരിച്ചുകൊണ്ടാണ് സുനില്‍ പി ഇളയിടം ഹിന്ദുത്വ ഫാസിസത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയെ വിവരിച്ചത്. 1920 കള്‍ വരെ ഇന്ത്യയില്‍ മതാധിഷ്ഠിതമായി രൂപംകൊണ്ട ദേശീയതാവാദം ജനകീയ മുന്നേറ്റമായി മാറുകയായിരുന്നു. ഈ കാലഘട്ടമാണ് ഏറ്റവും സര്‍വദേശീയമായ രീതിയില്‍ ഇന്ത്യന്‍ ദേശീയവാദത്തെ മാറ്റിയത്. എന്നാല്‍ ഈ കാലത്ത് പോലും ഇന്ത്യയിലെ ദളിത് ആദിവാസി ഗോത്ര വിഭാഗങ്ങളുടെ സാംസ്‌കാരിക വൈവിധ്യത്തെ ഉള്‍ക്കൊള്ളാന്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ക്ക് സാധിക്കാത്തതാണ് പിന്നീട് വിഭജനത്തിലേക്കടക്കം നയിച്ചതെന്നും സുനില്‍ പി ഇളയിടം ചൂണ്ടിക്കാട്ടി.

ദേശം ഒരു ആധുനിക സങ്കല്പനമാണ്. രാജവാഴ്ചക്കാലത്ത് രാജാവ് ഭരിക്കുന്ന സ്ഥലമായിരുന്നു ദേശം. എന്നാല്‍ ആധുനികകാലത്ത് അതിര്‍ത്തികള്‍ രൂപികരിച്ച് ഭാഷ, മതം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ദേശീയത എന്ന സങ്കല്പം രൂപീകരിക്കപ്പെട്ടു. അതേസമയം മാനദണ്ഡം അടിസ്ഥാനമാക്കുമ്പോള്‍ തന്നെ പുറത്താക്കപ്പെടുന്ന ഒരു സമൂഹം സൃഷ്ടിക്കപ്പെടും. ഒരേസമയം മനുഷ്യരെ കൂട്ടിയിണക്കുകയും അകമേ വിഭജിക്കുകയും ചെയ്യുന്ന ഒന്നാണ് രാഷ്ട്രാതിര്‍ത്തി. ദേശീയസ്വത്വം നിലനില്‍ക്കുന്നത് അപരങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട് അവരെ പുറത്താക്കിക്കൊണ്ടാണ്. ഈ വൈരുദ്ധ്യം എതിര്‍ത്തുകൊണ്ട് സാര്‍വദേശീയമായ വികാരത്തെ അനുകൂലിച്ചവരാണ് നമ്മുടെ ദേശീയഗാനം രചിച്ച രവീന്ദ്ര നാഥ് ടാഗോര്‍, ഐന്‍സ്റ്റീന്‍ എന്നിവര്‍.

1920കള്‍ വരെയായിരുന്നു ഇന്ത്യയുടെ ന്യൂനപക്ഷങ്ങളെ പുറംതള്ളിക്കൊണ്ടുള്ള വൈദിക ബ്രാഹ്മണിക മൂല്യമണ്ഡലം നിലനിന്നത്. അതിനുശേഷം സ്വാതന്ത്ര്യസമരം രൂപംകൊള്ളുകയും മധ്യവര്‍ഗ സംസ്‌കാരികതയില്‍ നിന്ന് ജനകീയമായ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു തലത്തിലേക്ക് ദേശീയത മാറുകയും ചെയ്തു. താത്വികമായ തലത്തില്‍ നിന്ന് പ്രവര്‍ത്തനോന്മുഖമായ തലത്തിലേക്ക് മാറിയ ഈ കാലഘട്ടത്തിലാണ് ഹിന്ദുത്വ ധാരകള്‍ ദുര്‍ബലമായത്. എന്നാല്‍ 1950 കളില്‍ ഇന്ത്യന്‍ നേഷന്‍ സ്‌റ്റേറ്റ് വീണ്ടും ഏകീകൃത ദേശസങ്കല്പത്തിലേക്ക് തിരിച്ചുപോയി. ഭാരതീയ സംസ്‌കാരമെന്ന ബ്രാഹ്മണിക രൂപത്തിലേക്ക് ഇന്ത്യന്‍ കലാരൂപങ്ങളും ശാസ്ത്രവും അറിവുകളും തിരുത്തപ്പെട്ടു. ഇന്ത്യയുടെ തനതായ ദേവദാസി സമ്പ്രദായത്തെ ഭരതീയമാക്കി ഭരതനാട്യമെന്ന നൃത്തശാഖയുണ്ടാക്കിയതും ദേവദാസിയായ ബാലസരസ്വതിയുടെ നൃത്തത്തെ ഭാരതീയമല്ലെന്ന് വിലയിരുത്തിയതും ഇതിനുദാഹരണമായി സുനില്‍ പി ഇളയിടം ചൂണ്ടിക്കാട്ടുന്നു.

കാമസൂത്രത്തിനും ചാണക്യന്റെ അര്‍ഥശാസ്ത്രത്തിനും നേരിട്ടത് ഇതേ രീതിയിലുള്ള തിരസ്‌കരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ താര്‍ക്കിക പാരമ്പര്യവും ഗണിതശാസ്ത്രവും പുറംതള്ളപ്പെട്ടതായും സുനില്‍ പി ഇളയിടം ചൂണ്ടിക്കാട്ടി. കേരളത്തില്‍ സോപാനസംഗീതം കൊട്ടിഗ്‌ഘോഷിക്കപ്പെടുകയും മാപ്പിളപ്പാട്ട് തിരസ്‌കരിക്കപ്പെടുകയും ചെയ്തതിനെ ദേശീയതയുടെ മാനദണ്ഡത്തിലെ പോരായ്മയാണ്.

യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്രാജ്യത്വ ദേശീയത പരസ്പരം മല്‍സരിക്കുന്നതായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ കോളനിവത്കരണത്തെ എതിര്‍ത്ത് നിലവില്‍വന്ന ദേശീയത സാഹോദര്യത്തിന്റെ ആദര്‍ശമായിരുന്നു മുന്നോട്ടുവച്ചത്. രാഷ്ട്രപിതാവായ ഗാന്ധിജിക്ക് പാകിസ്താനെപ്പറ്റി വിലപിക്കാനായതും ടാഗോറിന് ദേശഭക്തിയെ തള്ളിപ്പറയാനായതും ഇതിന്റെ ഭാഗമാണ്. ദേശീയതയെന്നാല്‍ സാധാരണക്കാരന്റെ കണ്ണീര്‍ തുടയ്ക്കലാണെന്ന ഗാന്ധിജിയുടെ നിര്‍വചനം ഇന്ത്യന്‍ ദേശീയതയുടെ പ്രത്യേകതയാണ്. കേരളത്തില്‍ ഒരു കവിക്ക് കുടിയിറക്കപ്പെടുന്നവരുടെ ദേശമേതാണെന്ന് ചോദിക്കാന്‍ പറ്റിയത് ഈ സാഹോദര്യത്തിന്റെ പുറത്താണെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഡ്യയില്‍ ഹിന്ദുത്വ കേന്ദ്രീകൃതമായ സാംസ്‌കാരിക ദേശീയത എന്നും നിലനിന്നിരുന്നു എന്ന പ്രസ്താവനയോടെയാണ് സുനില്‍ പി ഇളയിടം സംഭാഷണം അവസാനിപ്പിച്ചത്.

Next Story

Related Stories