TopTop
Begin typing your search above and press return to search.

മഗോസ് ഹെറേരാ: ലാറ്റിനമേരിക്കന്‍ ജാസ്സിന്റെ മാലാഖ/അഭിമുഖം

മഗോസ് ഹെറേരാ: ലാറ്റിനമേരിക്കന്‍ ജാസ്സിന്റെ മാലാഖ/അഭിമുഖം
ആഗോള സംഗീത ലോകത്തെ അപൂര്‍വ്വ പ്രതിഭാസങ്ങളില്‍ ഒരാളാണ് മെക്‌സിക്കന്‍ കലാകാരിയായ മഗോസ് ഹെറേരാ (Magos Herrera). ഗ്രാമി പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ട മഗോസ്, സമകാലിക ജാസ്സ് സംഗീത ലോകത്തെ ഏറ്റവും ഭാവാത്മകവും മനോഹരവുമായ ശബ്ദമായി കണക്കാക്കപ്പെടുന്നു. ലിംഗപരമായ അസമത്വങ്ങള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരേയും ആഗോള തലത്തില്‍തന്നെ ഉറച്ച ശബ്ദമാണ് മഗോസിന്റെത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് തടയിടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ പരിപാടികളുടെ വക്താവുമാണ് അവര്‍.

ബ്രസീലിയന്‍ ജാസ്സ് ബാന്റായ 'ട്രയോ അഫൊറ'യുടെ കൂടെ മറ്റൊരു ആവശ്യത്തിനാണ് മഗോസ് ഹെറേറ ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. ഗ്രേറ്റര്‍ നോയിഡയിലുള്ള ഗ്ലോബല്‍ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്ലാസുകളെടുക്കാന്‍ ഈ മാസം അവസാനംവരേ അവര്‍ ഇവിടെയുണ്ടാകും. കൂടാതെ, ട്രയോ അഫൊറയുമായി ചേര്‍ന്ന് ഡല്‍ഹിയില്‍ ഇന്ന് (ചൊവ്വാഴ്ച) ജാസ്സ് സംഗീത വിരുന്നൊരുക്കുകയും ചെയ്യും. ഉള്ളിലുള്ളത് തല്‍ക്ഷണം രചിക്കുവാനും പ്രകടിപ്പിക്കുവാനും തന്നെ പ്രാപ്തമാക്കുന്ന ഉത്തമമായ ഭാഷയാണ് ജാസ്സ് എന്ന് മഗോസ് പറയുന്നു. മെക്‌സിക്കോയില്‍ നിന്നും തുടങ്ങി വളരെപ്പെട്ടെന്ന് പ്രശസ്തയായ താരമായി മാറിയ മഗോസിന്റെ, 20 വര്‍ഷത്തിലേറെക്കാലമായി നീണ്ടുനില്‍ക്കുന്ന അത്യന്തം വിജയകരമായ ജൈത്രയാത്ര തുടരുകയാണ്.

ജാസ്സില്‍ അവര്‍ തന്റെ ശബ്ദം കണ്ടെത്തുന്നു

കലാപരമായി നല്ല അടിത്തറയുള്ള ഒരു കുടുംബത്തിലാണ് ജനിച്ചതെന്നും ചെറുപ്രായത്തില്‍ തന്നെ കലകളുമായി താന്‍ ചങ്ങാത്തത്തില്‍ ആയെന്നും മഗോസ് 'അഴിമുഖ'ത്തോട് പറഞ്ഞു. "സംഗീതമാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. ലോസ് ഏഞ്ചല്‍സിലുള്ള സ്‌കൂളില്‍ പോയി തുടങ്ങിയപ്പോഴാണ് ഞാന്‍ ആദ്യമായി ജാസ്സ് സംഗീതത്തെ അടുത്തറിയുന്നത്. ഇതാണ് ഞാന്‍ ചെയ്യേണ്ടതെന്ന് ഒരുവേള ഞാന്‍ ചിന്തിച്ചു. ജാസ്സില്‍ ഞാനെന്റെ ശബ്ദവും സ്വാതന്ത്ര്യവും കണ്ടെത്തി",
മഗോസ് തന്റെ വിശിഷ്ടമായ സംഗീത സപര്യയെപ്പറ്റി വാചാലയായി. "അന്നുമുതല്‍, ലാറ്റിന്‍ അമേരിക്കന്‍ സംഗീതത്തിലും ബ്രസീലിയന്‍ സംഗീതത്തിലുമെല്ലാം എന്റെ ശബ്ദം ഇണങ്ങുന്നതായി ഞാന്‍ തിരിച്ചറിഞ്ഞു", അവര്‍ കൂട്ടിച്ചേര്‍ത്തു.

"ഒരുപാട് സാധ്യതകള്‍ തുറന്നു തരുന്ന ഒരു ഭാഷയാണ് ജാസ്സിന്റെത് എന്നതാണ് അതിനോട് ഇത്രമാത്രം ഇഷ്ടം തോന്നുന്നതിന്റെ പ്രധാന കാരണം. സംഗീതജ്ഞരുമായി അത് ഇഴചേരുന്ന രീതി, ശ്രുതിമാധുര്യം എല്ലാം എനിക്ക് വളരെ ഇഷ്ടമാണ്. എന്നാല്‍ ജാസ്സെന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം അതിലെല്ലാം ഉപരിയായി ഞാന്‍ വിശ്വസിക്കുന്ന ജനാധിപത്യം, സംവാദം, തുല്യത തുടങ്ങിയ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന ഒന്നാണ്
", അവര്‍ വിശദീകരിച്ചു. സ്വന്തം വിജയത്തിന്റെ കെണിയില്‍ പെട്ടുകിടക്കുന്ന, കാലങ്ങളായി ഒരേ ശൈലിതന്നെ പിന്തുടരുന്ന, മറ്റു പല കലാകാരന്മാരില്‍ നിന്നും വ്യത്യസ്തമായി ഒരു കലാകാരി എങ്ങനെയാണ് ഉയര്‍ന്നുവരേണ്ടത് എന്നതിന്റെ മികച്ച ഉദാഹരണമാണ് മഗോസ്. സത്യത്തില്‍ തന്നെയും തന്റെ സംഗീതത്തേയും അഴിച്ചു പണിതു കൊണ്ടേയിരിക്കുന്ന ഇരുപത് വര്‍ഷക്കാലമാണ് കടന്നുപോകുന്നതെന്ന് അവര്‍ പറയുന്നു.

കരിയറിലെ ഏറ്റവും മികച്ച നിലയില്‍ നില്‍ക്കുന്ന 2008 കാലത്താണ് മെക്‌സിക്കോയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് മഗോസ് തന്റെ തട്ടകം മാറ്റുന്നത്. ഓര്‍ക്കിഡാസ് സുസുറാന്റസ് (2000), പൈയസ് മറവില്ല (2002), റ്റൊടോ പ്യൂഡി ഇന്‍സ്പിരാര്‍ (2004) സോളിലൂന (2006) എന്നീ അഞ്ച് ആല്‍ബങ്ങളാണ് മെക്‌സിക്കോയില്‍ അവരെ കൂടുതല്‍ പ്രശസ്തയാക്കിയത്. "
മെക്‌സിക്കോയില്‍ എന്റെ കരിയര്‍ വളരെ വിജയകരമായിരുന്നുവെങ്കിലും വളരെ പ്രാദേശികമായിരുന്നു അത്. എന്നാല്‍ ഞാന്‍ ന്യൂയോര്‍ക്കിലേക്ക് താമസം മാറിയപ്പോള്‍ അവിടെ ഞാന്‍ ഒന്നുമല്ലായിരുന്നു",
മഗോസ് ഓര്‍ക്കുന്നു. "ചില പ്രത്യേക തരത്തിലുള്ള സംഗീതം സൃഷ്ടിക്കണമെന്നും, മറ്റ് സംഗീതരീതികളില്‍ പര്യവേക്ഷണം നടത്തണമെന്നും, അതിലെല്ലാം ഉപരിയായി ഒരു സംഗീതജ്ഞയായി വളരണമെന്നും ഞാന്‍ ആഗ്രഹിച്ചു. ആ സമയത്ത്, മെക്‌സിക്കോയില്‍ വളരെ പ്രശസ്തയായിരുന്നുവെങ്കിലും പുറത്ത് ലാറ്റിന ജാസ്സ് ഗായിക എന്ന നിലയിലായിരുന്നു എന്നെ നിര്‍വ്വചിക്കപ്പെട്ടിരുന്നത്. അതൊരു പരിമിതിയാണ്. അതുകൊണ്ടാണ് ഞാന്‍ ന്യൂയോര്‍ക്കിലേക്കു താമസം മാറിയത്
", മഗോസ് തന്റെ കരിയറിലെ പ്രധാന വഴിത്തിരിവിനെക്കുറിച്ച് പറഞ്ഞു.

മഗോസ് ഹെറേറയുടെ കരിയറിലെ രണ്ടാം പകുതി പറവികൊള്ളുന്നത് ന്യൂയോര്‍ക്കില്‍വച്ചാണ്. ന്യൂയോര്‍ക്കിലെ തന്റെ ആദ്യകാല സൃഷ്ടികള്‍ സൂപ്പര്‍ ജാസ്സായിരുന്നു എന്ന് വിശേഷിപ്പിക്കുന്ന അവര്‍, അവിടുത്തെ പല സംഗീതജ്ഞരെയും കാണാനും സഹകരിക്കാനുമുള്ള അവസരം ലഭിച്ചതാണ് സ്വന്തം ശബ്ദം വികസിപ്പിക്കാന്‍ സഹായിച്ചതെന്ന് അഭിപ്രായപ്പെടുന്നു. "അവിടെവച്ചാണ് ഞാന്‍ പ്രശസ്ത സ്പാനിഷ് ഗായകനായ ജിവിയര്‍ ലിമോണിനെ കണ്ടുമുട്ടുന്നത്. ഞാന്‍ എന്റെ സംഗീതത്തെ പുനര്‍വിവാഹം കഴിക്കുന്നതും അവിടെവച്ചാണ്. ഈ ഘട്ടത്തില്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഒരു ഗായിക എന്ന നിലയിലും ഒരു ജാസ്സ് സംഗീതജ്ഞ എന്ന നിലയിലും രണ്ടു കാര്യങ്ങളും ഒന്നിച്ചുകൂടുന്നത് എങ്ങനെയാണെന്ന് എനിക്ക് കാണാന്‍ കഴിയും
", അവര്‍ കൂട്ടിച്ചേര്‍ത്തു.ലിംഗ സമത്വത്തിനായുള്ള ശബ്ദം

ഒരു യാഥാസ്ഥിതിക മെക്‌സിക്കന്‍ സമൂഹത്തില്‍ നിന്നും വളര്‍ന്നുവന്ന സമയത്ത് അവര്‍ നേരിട്ട വെല്ലുവിളികളിലും തടസ്സങ്ങളുമാണ് ചില മൂല്യങ്ങളെ ശക്തമായി പിന്തുടരാന്‍ അവരെ പ്രാപ്തയാക്കുന്നത്. അതുതന്നെയാണ് അവരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നതും. "ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന കാര്യത്തില്‍ എനിക്ക് നിശ്ചയമുണ്ടായിരുന്നു. ജാസ്സ് എന്നാല്‍ അത്ര വലിയ സംഭവമൊന്നുമല്ലാത്ത, ഒരു കലാകാരി എന്ന നിലയില്‍ ജീവിക്കുക എന്നാല്‍ അത്ര അസാധാരണമായ കാര്യമൊന്നും അല്ലാത്ത, ഒരു രാജ്യത്ത് നിന്നാണ് ഞാന്‍ വരുന്നത്. ഒരു യാഥാസ്ഥിതിക സമൂഹത്തില്‍ ജീവിക്കുന്ന ഒരു സ്ത്രീ എന്ന നിലയില്‍ പല വെല്ലുവിളികളും എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ച്, എന്റെ സ്വപ്നങ്ങളെ പിന്തുടരുന്ന ഒരു വിദേശിയെ വിവാഹം കഴിച്ചപ്പോള്‍",
അവര്‍ ചൂണ്ടിക്കാണിക്കുന്നു. ജീവിതത്തില്‍ അവര്‍ നേടിയെടുത്ത ഈ ശക്തിയാണ് ഒരു സംഗീതജ്ഞയായും ഒരു ആക്റ്റിവിസ്റ്റായും തന്റെ ജീവിതത്തെയും യാത്രയെയും നിരന്തരം പുനര്‍നാമകരണം ചെയ്യാന്‍ അവരെ സഹായിക്കുന്നത്.

"ആറു വര്‍ഷക്കാലം ഐക്യരാഷ്ട്ര സംഘടനയുടെ വക്താവ് ആയിരുന്നു. ലോകമെമ്പാടുമുള്ള സ്ത്രീകള്‍ നേരിടുന്ന അസമത്വങ്ങളുടേയും അക്രമങ്ങളുടേയും യഥാര്‍ത്ഥ കഥകള്‍ ഞാന്‍ കേട്ടത് അക്കാലയളവിലാണ്. ഇന്ന് എല്ലാ സമൂഹത്തിലും, എല്ലാ സാമൂഹ്യ-സാമ്പത്തിക ഘടനകളിലും, വിദൂരഗ്രാമങ്ങള്‍ മുതല്‍ ലോകത്തിലെ ഏറ്റവും ധനിക കുടുംബങ്ങളില്‍ വരെ അക്രമവും അസമത്വവും നിലനില്‍ക്കുന്നു",
മാഗോസ് പറയുന്നു. "ബലാത്സംഗം ചെയ്യപ്പെട്ടേക്കാമെന്ന ഭയം മൂലം ബാത്ത്‌റൂമിലേക്ക് പോകാന്‍ വരെ ഭയപ്പെടുന്ന സ്ത്രീകളുടെ കഥ കേള്‍ക്കുമ്പോള്‍, ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യുവാനുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് അത്", നിലവിട്ടൊഴുകുന്ന കണ്ണുനീര്‍ നിയന്ത്രിക്കാന്‍ അവര്‍ നന്നായി പാടുപെടുന്നുണ്ടായിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ വക്താവെന്ന നിലയില്‍ താന്‍ ചെയ്യുന്ന കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍, മഗോസ് ലിംഗപരമായ അസമത്വങ്ങളേക്കുറിച്ച് വളരെ ഗൗരവമായ ഒരു ചോദ്യം ചോദിക്കുന്നു, "
നമുക്ക് എന്ത് ചെയ്യാന്‍ കഴിയും? എല്ലാ തലങ്ങളിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഐക്യരാഷ്ട്ര സംഘടന ചെയ്യുന്ന ഒരു പ്രധാന സംഗതിയാണ് ചോദ്യം ഉയര്‍ത്തുക എന്നത്. എല്ലാ മാറ്റങ്ങളും ആരംഭിക്കുന്നത് ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ്"
.

"നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട ചോദ്യം എങ്ങനെ ഒരു സംഭാഷണത്തിനുള്ള സാഹചര്യം ഒരുക്കുമെന്നതാണ്. കാരണം, എന്നെ ബാധിച്ചേക്കാവുന്ന ചില വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്ന മാതാപിതാക്കളുള്ള ഒരു കുടുംബത്തില്‍ നിന്നാണു ഞാന്‍ വരുന്നത്. എനിക്ക് എല്ലാ മാതൃകകളെയും പൊളിച്ചെഴുതേണ്ടതുണ്ട്. എന്റെ തന്നെ മാതൃകകള്‍ നിരന്തരമായി നിര്‍മ്മിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യേണ്ടതുണ്ട്. ഇരകളായ സ്ത്രീകളായി പ്രതികരിക്കുന്നതിന് പകരം എങ്ങനെ നമുക്ക് മാതൃകാപരമായ മാറ്റം കൊണ്ടുവരാമെന്നും, അതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തല്ലാമാണ് എന്നാണ് നാം ചിന്തിക്കേണ്ടത്"
.ട്രംപിന്റെ കാലത്തെ പുതിയ ആല്‍ബം

ന്യൂയോര്‍ക്കില്‍ താമസിക്കുന്ന മഗോസ് ഹെറേറക്ക് സമകാലീനമായ രാഷ്ട്രീയ സംഭവങ്ങള്‍ അവരുടെ വരാനിരിക്കുന്ന ആല്‍ബത്തിന് പ്രചോദനം നല്‍കുന്ന ഒരു പ്രധാന സ്രോതസ്സായി മാറിയിരിക്കുന്നു. ഒരു മെക്‌സിക്കന്‍ എന്ന നിലയില്‍, ഒരു കുടിയേറ്റക്കാരി എന്ന നിലയില്‍, ഒരു കലാകാരി എന്ന നിലയില്‍ ട്രംപിനോടുള്ള പ്രതികരണമായിരിക്കും തന്റെ പുറത്തിറങ്ങാനിരിക്കുന്ന ആല്‍ബമെന്ന് അവര്‍ പറയുന്നു. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്ട്രിംഗ് സംഗീതത്തിലുള്ള ഒരു പരീക്ഷണമായിരിക്കും അത്.
"ഇന്നത്തെ ഏറ്റവും മികച്ച സ്ട്രിംഗ് ക്വാര്‍ട്ടറുകളില്‍ ഒരാളായ ബ്രൂക്ലിന്‍ റൈഡറുമായി സഹകരിച്ചുകൊണ്ടാണ് പുതിയ ആല്‍ബം പുറത്തിറക്കുന്നത്. ശബ്ദത്തിന്റെയും സ്ട്രിംഗ് ക്വാര്‍ട്ടറ്റിന്റെയും കൊട്ടുവാദ്യങ്ങളുടേയുമെല്ലാം ഒരു സമ്മിശ്രണമായിരിക്കും അത്"
, വരാനിരിക്കുന്ന ആല്‍ബത്തെക്കുറിച്ച് അവര്‍ വിശദീകരിച്ചു.

അടുത്തിടെ നടന്ന രാഷ്ട്രീയ സംഭവങ്ങളോടുള്ള പ്രതികരണമായിരുന്നു അവരുടെ സംഗീതമെല്ലാം. "ഒരു കുടിയേറ്റക്കാരി എന്ന നിലയില്‍ ലോകത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നറിയാന്‍ ചര്‍ച്ചകളില്‍ എഴുന്നേറ്റു നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ലോകം ഭയാത്മകമാണെന്ന് എല്ലാവരും പറയുന്നതായി ഞാന്‍ കേള്‍ക്കുന്നു. എന്നാല്‍ സ്വപ്നം കാണാന്‍ എല്ലാവരേയും ക്ഷണിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പുതിയ ആല്‍ബത്തില്‍ അടിച്ചമര്‍ത്തുന്ന ഭരണകൂടമുള്ള അമേരിക്കയില്‍ നിന്നുള്ള ശക്തരായ ചില കവികളുടെ വരികളുണ്ടാകും. മാനവീയതയും ജനാധിപത്യത്തോടുള്ള സ്‌നേഹവുമാണ് അവരുടെ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നത്".

സ്വപ്നം കാണുവാനുള്ള പ്രചോദനം നല്‍കാന്‍ തനിക്കു കഴിയുമെന്ന ശുഭപ്രതീക്ഷയോടെയാണ് മഗോസ് ഹെറേറ തന്റെ സംസാരം അവസാനിപ്പിച്ചത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ്, മെക്‌സിക്കോ - ബ്രസീല്‍ എംബസികള്‍ എന്നിവയുമായി സഹകരിച്ചുകൊണ്ടാണ് ഡല്‍ഹിയിലെ കാമാനി ഓഡിറ്റോറിയത്തില്‍ വച്ച് അവരുടെ സംഗീത വിരുന്ന് അരങ്ങേറാന്‍ പോകുന്നത്.

Next Story

Related Stories