Top

ശൂദ്രന്റെ കലയാണ്‌ നാടകം; തിയേറ്റർ ഫെസ്റ്റിവലുകൾ ഭരണകൂട ഒത്താശയോടെയുള്ള ആഭാസവും-രാമചന്ദ്രന്‍ മൊകേരി/അഭിമുഖം

ശൂദ്രന്റെ കലയാണ്‌ നാടകം; തിയേറ്റർ ഫെസ്റ്റിവലുകൾ ഭരണകൂട ഒത്താശയോടെയുള്ള ആഭാസവും-രാമചന്ദ്രന്‍ മൊകേരി/അഭിമുഖം
അഭിനയം, സംഭാഷണം എന്നിവയിലൂടെ സമ്പൂർണമായ ഒരു മനുഷ്യവ്യാപാരത്തെ പ്രേക്ഷകരിലേക്ക് പകരുന്ന ദൃശ്യശ്രാവ്യകലയാണ് നാടകം. ഒച്ചവെയ്ക്കുന്ന വിമത ശബ്ദങ്ങളെ ഇല്ലാതാക്കുന്ന ഫാസിസ്റ്റ് കാലത്ത്, അത്തരമൊരു ദൃശ്യകാവ്യകലയാൽ പ്രതിരോധം തീർക്കുന്ന വ്യക്തിയാണ് രാമചന്ദ്രൻ മൊകേരി. രാമചന്ദ്രൻ മൊകേരിയുമായി അനു ചന്ദ്ര നടത്തുന്ന അഭിമുഖം.

സിനിമ ഒരു വലിയ മാധ്യമമായി നിലകൊള്ളുന്ന ഈ കാലത്ത് നാടകത്തിന്റെ പ്രസക്തി എത്ര മാത്രമാണ്?

മനുഷ്യശരീരം ഉള്ളിടത്തോളം കാലം, ശരീരത്തിലും ബ്രെയിനിലും ന്യൂറോണ്‍സ് ഉള്ളയിടത്തോളം കാലം ഈ അഭിനയം എന്നത് ജനിറ്റിക് ഫാക്റ്റ്/ ബയോളജിക്കൽ ആയിട്ടുള്ള ഒരു ഡിമാൻഡ് ആണ്. ജീവശാസ്ത്രപരമായി അല്ലെങ്കിൽ ബ്രെയിനിലെ ന്യൂറോണ്‍സുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു ജനിതകഘടനയാണ് അഭിനയം എന്നതാണ് ന്യൂറോണ്‍ സയന്‍സുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളുടെ ഏറ്റവും പുതിയതായുള്ള ഉത്തരം. ശബ്ദമാണ് അഭിനയത്തിന്റെ സങ്കേതമായി വരുന്നത്. ഈ ശബ്ദത്തിന് നമ്മുടെ ബ്രെയിനിലെ ന്യൂറോണ്‍സിനെ ആക്ടിവേറ്റ് ആക്കാൻ സാധിക്കും എന്നതാണ് ലേറ്റസ്റ്റ് ആയിട്ടുള്ള അഭിനയത്തെ കുറിച്ചുള്ള ന്യൂറോ സയൻസിന്റെ സങ്കല്പങ്ങൾ. അതുകൊണ്ട് തന്നെ മനുഷ്യന്റെ ബ്രെയിൻ, ഇന്റലിജൻസ്, വൈകാരികപരമായ ന്യൂറോണ്‍സ് എന്നിവയെല്ലാം ഉള്ളിടത്തോളം കാലം അഭിനയം ഉണ്ടായിക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ സിനിമ, സാഹിത്യം തുടങ്ങിയ മറ്റു കലകളെ പോലൊക്കെ തന്നെ അഭിനയവും ജീവശാസ്ത്രപരമായിട്ടുള്ള മനുഷ്യന്റെ ആവശ്യകത/സ്വാതന്ത്ര്യം ആയിട്ട് നിലനിൽക്കും എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

വീട്ടിലിരുന്ന് ടിവി കണ്ട്, സിനിമ കാണുന്ന ഒരു തരത്തിൽ സമൂഹം മാറുമ്പോൾ എങ്ങനെയാണ് നാടകത്തെ മുഖ്യധാരയിലേക്ക് എത്തിക്കുന്നത്?

ഇന്ന് നിലനിൽക്കുന്ന കാലഘട്ടത്തിൽ മുഖ്യധാരാ എന്നു പറയുന്നത് ഡിജിറ്റൽ ആണ്. എന്നു വച്ചാൽ അത്രത്തോളം പവർഫുൾ ആണ് എന്നത് തന്നെ. ഈ സിനിമ എന്ന മാധ്യമം വന്നപ്പോൾ നമ്മളൊക്കെ കരുതി മറ്റു കലകളെല്ലാം അവസാനിച്ചു, എല്ലാ കലകളും ഇല്ലാതാകുമെന്നൊക്കെ. പക്ഷെ അതൊന്നും സംഭവിച്ചില്ല. കാരണം അതൊക്കെ തന്നെയും മനുഷ്യന്റെ ജൈവപരമായിട്ടുള്ള/ബൗദ്ധികമായിട്ടുള്ള ആവിശ്യങ്ങളായിരുന്നു എന്നത് തന്നെ. അതുകൊണ്ട് തന്നെ ഈ നാടകത്തെ പറ്റി ഒന്നും ഒരിക്കലും അത്തരത്തിൽ ഒരു ഭയത്തിന്റെ ആവശ്യമേയില്ല. പിന്നെ വളരെ നാടകീയമായിട്ടാണ് ഈ ലോകം മുൻപോട്ട് പോയിക്കൊണ്ടിരിക്കുന്നത് തന്നെ. ഉദാഹരണത്തിന്, എത്ര അഭയാർത്ഥികളാണ് ഓരോ ദിവസവും കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നത്. നമ്മളതൊക്കെ കാണുന്നു, കേൾക്കുന്നു. ഇതൊക്കെ തന്നെ ഹ്യൂമൻ സോഷ്യൽ ആക്റ്റിംഗിന്റെ ഒരു ഭാഗമാണ്. ചാർളി ചാപ്ലിൻ പറഞ്ഞ പോലെ നമ്മുടെ യുദ്ധങ്ങൾ ഒക്കെ തന്നെ മനുഷ്യന്റെ അഭിനയമാണ്. സമാധനത്തിന് വേണ്ടി സംസാരിക്കുന്ന ഗാന്ധിയെ കുറിച്ച് ചാപ്ലിൻ പറഞ്ഞത് ലോകം കണ്ട ഏറ്റവും വലിയ അഭിനേതാവാണ് ഗാന്ധി എന്നാണല്ലോ.

ഫാസിസ്റ്റ് കാലത്തെ നാടക പ്രവർത്തനത്തെ എങ്ങനെയാണ് നിർവചിക്കുന്നത്?

നാടകം എല്ലാ കാലത്തും ഫാസിസത്തിന് എതിരാണ്. ഫാസിസ്റ്റ് കാലം എന്നല്ല, എല്ലാ കാലത്തും എല്ലാ അധികാരകേന്ദ്രങ്ങൾക്കും എതിരായിട്ടുള്ള ശബ്ദമോ, ശരീരമോ ആണ് നാടകം. കാരണം എല്ലാ അധികാരകേന്ദ്രീകരണത്തിനും എതിരാണ് പൊതുവിൽ എല്ലാ കലകളും, കലാകാരന്മാരും എന്നത് തന്നെ. എല്ലാവരും ശബ്‌ദിക്കുന്നത് ഈ അധികാര കേന്ദ്രീകരണത്തിനെതിരായിട്ടാണ്. നോക്കൂ, ഈ കവികളെ തന്നെ ഒന്നെടുത്തു നോക്കാം. അവർ പോലും സംസാരിക്കുന്നത് അധികാര കേന്ദ്രീകരണത്തിന് എതിരായിട്ടല്ലേ. അത് തുഞ്ചത്ത് എഴുത്തച്ഛനായാലും, ബാലചന്ദ്രൻ ആയാലും, സച്ചിദാനന്ദൻ ആയാലും എല്ലാം തന്നെ. കലകൾ ശബ്‌ദിക്കുന്നത് ഈ ആധിപത്യങ്ങൾക്ക് എതിരായിട്ടാണ്. എല്ലാ കാലത്തും തടവറകൾ ഒന്നൊന്നായി പൊളിഞ്ഞു വീഴുമ്പോൾ മറ്റൊരു തടവറ ഇവിടെ ഉണ്ടാകുന്നു. അപ്പോൾ അതിനെതിരായി സംസാരിക്കാതിരിക്കാൻ പറ്റില്ലല്ലോ ഈ കലകൾക്ക്. ചുരുക്കി പറഞ്ഞാൽ എല്ലാ ശബ്ദവും അധീശത്വത്തിനെതിരായിട്ടുള്ളതാണ്, എല്ലാ അഭിനയവും അധീശത്വത്തിനെതിരായിട്ടുള്ളതാണ്. അപ്പോൾ അഭിനയം എന്നാൽ തീർച്ചയായും ഫാസിസത്തിന് എതിരായിട്ടുള്ളത് തന്നെയാണ്. എല്ലാ തരത്തിലുള്ള ഫാസിസത്തിനും. കല അങ്ങനെയാണ്.

സിനിമയ്ക്കും സിനിമ മേഖലയ്ക്കും സർക്കാർ ചിലവാക്കുന്ന കോടിക്കണക്കിന് പണം എന്തുകൊണ്ടാണ് നാടക മേഖലയ്ക്ക് ലഭിക്കാതെ പോകുന്നത്?

നമ്മുടെ നാട്ടിൽ നാടകമെന്നത് ഏറ്റവും അധഃകൃതന്റെ കലയായാണ് കാണുന്നത്. കാരണം അതിനെ പ്രോത്സാഹിപ്പിക്കാനോ, സാമ്പത്തികമായി സഹായിക്കാനോ ഉള്ള സ്രോതസ്സുകൾ വളരെ കുറവാണ്. ഞാൻ മനസ്സിലാക്കിയത്, ഇത് ശൂദ്രന്റെ കലയാണ് എന്നാണ്. എന്റെ അനുഭവം അതാണ്. ബ്രഹ്മണിക്കലായ നാട്യശാസ്ത്രത്തിൽ തന്നെ പറയുന്നുണ്ട് അഭിനയിച്ചതിന്റ പേരിൽ ശപിക്കപ്പെട്ടവരെ പറ്റി. അവിടെ ശാപം എന്നാൽ ഇതാണ്: "നിങ്ങൾ ശൂദ്രന്മാരായി പോകട്ടെ". ഒടുവിൽ അതിൽ എല്ലാവരും ഇടപെട്ടതിന്റെ ഫലമായി ബ്രഹ്‌മാവും വിഷ്ണുവുമൊക്കെ പറയുന്നു, എന്നാൽ അഭിനയിച്ചു ശാപം തീർക്കട്ടെ എന്ന്. അപ്പോ ഭാരതീയ നാട്യശാസ്ത്ര പ്രകാരം ശാപത്തിന്റെ ഒരു കലയാണ് ഈ അഭിനയം എന്നത്. ശൂദ്രന്റെ കൂടെ നിൽക്കാത്ത ഒരു സമൂഹമാണ് നമ്മുടേത്. ഒക്കെ ബ്രാഹ്മണിക്കലാണ്; കവികളടക്കം. എന്നാൽ ഈ ബ്രാഹ്മണിക്കലിനെ ചെറുത്തു നിൽക്കുന്നതാണ് അഭിനയം എന്ന കല. അതാണ് ഈ അവഗണനയ്ക്ക് എല്ലാം പിറകിലെ പ്രധാന കാരണം. വാസ്തവത്തിൽ ജീവിതത്തിന്റെ നേരിട്ടുള്ള ഒരു പ്രകാശന രീതിയാണ് നാടകത്തിനുള്ളത്.കഴിഞ്ഞ തിയേറ്റർ ഫെസ്റ്റിവലിൽ I am untouchable, I am Rohith Vemula എന്ന തെരുവു  നാടകം അവതരിപ്പിക്കാൻ ഉണ്ടായ പ്രചോദനം?

അതിന്റെ പ്രചോദനം രോഹിത് വെമൂല തന്നെയാണ്. കാരണം ആ ചോര ഇന്ന് ഇന്ത്യയിലെ ചിന്തിക്കുന്ന ചെറുപ്പക്കാരെ മൊത്തത്തിൽ അന്ധാളിപ്പിക്കുന്ന ചോരയാണ്; ഇപ്പോഴും. പഴയ കാലം പോലെയല്ല, ഇന്ന് യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ ദളിതർ പഠിക്കാൻ തുടങ്ങി, അന്വേഷിക്കാൻ തുടങ്ങി, ചെറുത്തു നിൽക്കാൻ തുടങ്ങി. നിങ്ങൾക്കറിയാമോ? അത്രത്തോളം ദളിതരെ കൊന്നിട്ടുള്ള ഒരു പാരമ്പര്യം ഈ രാജ്യത്തിനുണ്ട്. അതുകൊണ്ട് തന്നെ അവർ പഠിക്കാൻ തുടങ്ങിയപ്പോൾ ബേജാറായിട്ടുള്ളത് കമ്മ്യൂണിസ്റ്റുകാരടക്കമാണ്. കാരണം ദളിതർ ഇപ്പോൾ പ്രതിരോധത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മേഖലയിലേക്ക് ചാടിക്കയറാൻ ശ്രമിക്കുകയാണല്ലോ. വെമൂലയാണ് അതിന്റെ ഉത്തേജനമായിട്ടെനിക്ക്‌ അനുഭവപ്പെട്ടത്. ഞാൻ ഒരു ഹീനജാതിക്കാരനാണ്. അതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങളുടെ വൈബ്രേഷൻസ് എനിക്ക് പെട്ടെന്ന് മനസിലാകും. ഓരോ അരമണിക്കൂറിലും ഓരോ ദളിതൻ കൊല്ലപ്പെടുന്ന രാജ്യമാണ് ഇത്, ഏറ്റവും കൂടുതൽ ദളിതര്‍ ബലാത്സംഘം ചെയ്യപ്പെടുന്ന ഒരു രാജ്യമാണ് ഇത്. നാഷണൽ ക്രൈം ബ്യൂറോ റിപ്പോർട്ട് നോക്കിയാൽ അത് മനസ്സിലാകും. ആരും വിശ്വസിക്കില്ല, അത്ര ഭീകരമാണ് ഇന്ത്യയിലെ ദളിത് സമൂഹത്തിന്റെ ജീവിതാവസ്ഥ എന്നു പറഞ്ഞാൽ.

തെരുവ് നാടകങ്ങൾ കൂടുതലായി ഈ കാലത്ത് ഉണ്ടാകുന്നുണ്ട്. അത് ഒരുതരം പ്രതിഷേധത്തിന്റെ മാർഗം കൂടി അല്ലേ?

സർക്കാർ, മാധ്യമങ്ങൾ ഒക്കെ ഈ തെരുവ് നാടകത്തെ ഉപയോഗപ്പെടുത്തുന്നത് ഈ മദ്യവർജനം പോലുള്ള കാര്യങ്ങൾക്കൊക്കെയായിട്ടാണ്. ഒരു തരത്തിൽ പറഞ്ഞാൽ ജനങ്ങളെ പഠിപ്പിക്കാനൊക്കെയായിട്ട് എന്നു പറയാം. യഥാർത്തിൽ ജനങ്ങളുമായി ഇടപഴകുക, ഒന്നിച്ചു നിന്ന് കൊണ്ട് അഭിനയിക്കുക എന്നൊക്കെയുള്ള നിലയിൽ വലിയ സാധ്യത ഉള്ള ഒന്നാണ് ഈ തെരുവ് നാടകം. പക്ഷെ ഇന്ന് സർക്കാർ പോലുള്ളവർ ഒക്കെ വാസ്തവത്തിൽ അപമാനിക്കാൻ വേണ്ടി ഉപയോഗിക്കുകയാണ് ഇത്തരം തെരുവ് നാടകങ്ങൾ വെച്ച്. എന്റെ അഭിപ്രായത്തിൽ തുറന്ന വേദിയിൽ എവിടെ വെച്ചും ഏതൊരു ഇഷ്യൂവിനെ അടിസ്ഥാനപ്പെടുത്തിയും നമുക്ക് തെരുവ് നാടകം അവതരിപ്പിക്കാം. കാരണം ഇത് സ്വതന്ത്രമായ ഒന്നാണ്. അറസ്റ്റ് ചെയ്യപ്പെടുമെന്ന പേടിയില്ലാത്ത ഒരാളെന്ന നിലയിൽ ഞാൻ ഏതൊരു വിഷയത്തിലും പ്രതിഷേധം അറിയിക്കാൻ തീർച്ചയായും ഈ ഒരു മാർഗത്തെ സ്വീകരിക്കും.

കൃത്യമായ പൊളിറ്റിക്സ് പറയുന്ന തെരുവുനാടകം കഴിഞ്ഞ വർഷം അന്താരാഷ്ട്ര നാടകോത്സവത്തിൽ അവതരിപ്പിച്ച താങ്കൾ ഈ വർഷം നാടകോത്സവത്തിൽ നിന്നും മാറി നില്ക്കാനുള്ള കാരണം എന്തായിരുന്നു?

ഇല്ല, ഞാൻ പോയില്ല. പൊതുവിൽ ഞാൻ ഈ ഫെസ്റ്റിവലുകളിൽ തന്നെ പങ്കെടുക്കാത്ത ഒരാളാണ്. അത് ഒരു ആവശ്യമാണ്. കാരണം ഈ തിയേറ്റർ ഫെസ്റ്റിവലുകൾ ഒക്ക ഭരണകൂടത്തിന്റെ ഒത്താശയോടു കൂടി നടക്കുന്ന ഒരുതരം ആഭാസമാണ്. അവർക്ക് ആവശ്യം എല്ലാം അനുസരിക്കുന്ന ആളുകളെയാണ്. അത്തരം വ്യവസ്ഥിതികളോട് എനിക്ക് താത്പര്യം ഇല്ല. 2017-ൽ യാദൃശ്ചികമായി നാടകം അവതരിപ്പിക്കുകയാണ് ഉണ്ടായത്. അല്ലാതെ ഞാൻ മെയിൻസ്ട്രീമിൽ ഒന്നും നാടകം കളിക്കാറില്ല. അതിന് താത്പര്യപ്പെടുന്നുമില്ല.

Next Story

Related Stories