TopTop

ഫൈന്‍ ആര്‍ട്‌സ് കോളേജ്/റാഡിക്കല്‍ മൂവ്‌മെന്റ്/പല ജീവിതങ്ങള്‍; ശില്‍പ്പി ജീവന്‍ തോമസിന്റെ ജീവിതചിത്രം തുടരുന്നു

ഫൈന്‍ ആര്‍ട്‌സ് കോളേജ്/റാഡിക്കല്‍ മൂവ്‌മെന്റ്/പല ജീവിതങ്ങള്‍; ശില്‍പ്പി ജീവന്‍ തോമസിന്റെ ജീവിതചിത്രം തുടരുന്നു
പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ ബോട്ടണി അധ്യാപികയായ ഒരു കന്യാസ്ത്രീ ജീവന്‍ തോമസിനോട് ചോദിച്ചത് ഇങ്ങനെയായിരുന്നു: ‘നീ എന്തിനാ ആര്‍ക്കും വേണ്ടാത്ത ചിത്രകല പഠിക്കുന്നത്?’ . അതിനുള്ള ഉത്തരമായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതം. ചിത്രകല പഠിക്കാന്‍ മദ്രാസില്‍ പോയെങ്കിലും അവിടെ അഡ്മിഷന്‍ കിട്ടിയില്ല. അങ്ങനെ തൊട്ടടുത്ത വര്‍ഷം തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയായി. രണ്ടു മാസം കഴിഞ്ഞപ്പോള്‍ അധ്യാപകരുടെ ഗുണനിലവാരമില്ലായ്മയില്‍ പ്രതിഷേധിച്ച് സമരവുമായിറങ്ങി. ഇതാണ് ജീവന്‍ തോമസ്. കലയും പ്രതിഷേധവും ഒരുമിച്ച് കൊണ്ടുപോയ ചിത്രകാരന്‍, ശില്പി. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലം പ്രക്ഷുബ്ദമായ 70-കളില്‍ മുഴങ്ങിക്കേട്ട വിമത ശബ്ദം ഈ 2017-ലും നമുക്ക് കേള്‍ക്കാം.
ശില്പി ജീവന്‍ തോമസി
ന്റെ ജീവിതചിത്രം സഫിയ ഒ.സി യിലൂടെ.


ഒന്നാം ഭാഗം: കലയും പ്രതിഷേധവും ഒരുമിക്കുമ്പോള്‍; ശില്‍പ്പി ജീവന്‍ തോമസിന്റെ ജീവിതചിത്രം

രണ്ടാം ഭാഗം: കുറെ നല്ല മനുഷ്യര്‍; ശില്‍പ്പി ജീവന്‍ തോമസിന്റെ ജീവിതചിത്രം തുടരുന്നു

തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജ് ജീവിതം
ഇന്റര്‍വ്യൂനും ടെസ്റ്റിനുമൊക്കെ ഫസ്റ്റ് റാങ്ക് നേടിയാണ് ഞാന്‍ അവിടെ ചെല്ലുന്നത്. ഭയങ്കര എനര്‍ജെറ്റിക് ആയി വര്‍ക്ക് ചെയ്യുന്ന ഒരു കാലമായിരുന്നു അത്. എന്നാല്‍ അടിസ്ഥാനപരമായിട്ട് ഒരു അറിവില്ലായ്മ ഉണ്ട് താനും. നമ്മുടെ സമൂഹം ഒരു ആര്‍ട്ടിനോ അല്ലെങ്കില്‍ ആര്‍ട്ടിസ്റ്റിനോ കൊടുക്കുന്ന പ്രയോറിറ്റി എന്താണെന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നു. മാത്രമല്ല നമ്മുടെ ബാച്ചിലെ ആര്‍ക്കും തന്നെ ജീവിതത്തില്‍ ഒരു വര്‍ക്ക് വില്‍ക്കും എന്നുള്ള ഒരു മോഹവും ഇല്ലായിരുന്നു. സ്വന്തം ആത്മാവിഷ്‌ക്കാരം എന്ന രീതിയിലാണ് വര്‍ക്കിനെ കണ്ടിരുന്നത്. കോളേജ് എന്ന രീതിയില്‍ ഒരിക്കലും അതൊരു കോളേജും ആയിരുന്നില്ല. സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ ബോര്‍ഡ് മാറ്റി കോളേജ് എന്നാക്കി സ്‌കൂളിലെ തന്നെ അധ്യാപകരെ വെച്ചാണ് പഠിപ്പിച്ചിരുന്നത്. സ്‌കൂള്‍ അധ്യാപകര്‍ എന്നു പറഞ്ഞാല്‍ വളരെ പരിതാപകരമായിട്ടുള്ള അവസ്ഥയിലുള്ള ആളുകളായിരുന്നു. പഴയ ഏഴാം ക്ലാസ് കഴിഞ്ഞാല്‍ കെജിടിക്കു ചേരാം. അങ്ങനെ വന്നിട്ടുള്ള അധ്യാപകരാണ് അവിടെ ഉണ്ടായിരുന്നത്. അവര്‍ അവിടെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ പഠിപ്പിച്ചിരുന്നവരാണ്. നല്ല അദ്ധ്യാപകരെ നിയമിക്കാന്‍ ആദ്യം തന്നെ സമരം ചെയ്യേണ്ടി വന്നു. കോളേജ് തുടങ്ങി രണ്ടുമാസം കഴിഞ്ഞപ്പോള്‍ തന്നെ സമരം ആരംഭിച്ചു. അത് കഴിഞ്ഞപ്പോള്‍ മദ്രാസില്‍ നിന്നു ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന സന്താനരാജ് എന്ന ആര്‍ട്ടിസ്റ്റിനെ പെയിന്റിംഗിലേക്കും അതിനു പിറകെ കാനായി കുഞ്ഞിരാമനെ ശില്‍പകലയുടെ സെക്ഷനിലേക്കും കൊണ്ടുവന്നു. പിന്നെ പതുക്കെ പതുക്കെ കുറെ പുതിയ അദ്ധ്യാപകരെയും നിയമിച്ചു.

ഗവണ്‍മെന്റ് ചെയ്തിട്ടുള്ള വേറൊരു ചതിയുണ്ടായിരുന്നു. ഏഴാം ക്ലാസ് കഴിഞ്ഞ അധ്യാപകര്‍ എന്തൊക്കെയോ സര്‍ക്കസ് കളിച്ചിട്ട് പത്താം ക്ലാസ് എഴുതുകയും ഇവിടെ അധ്യാപകനാണെന്ന പേരില്‍ ഡെപ്യൂട്ടേഷനില്‍ മദ്രാസില്‍ പോയി ഫൈന്‍ ആര്‍ട്സില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും എന്നിട്ട് വീണ്ടും ഇവിടെ തന്നെ വരികയും ചെയ്തു. അത് ദുഃഖകരമായ ഒരു കാര്യമാണ്. എന്താന്നുവെച്ചാല്‍ മെഡിസിന് പഠിക്കുന്ന ഒരു സ്റ്റുഡന്റ് ഫസ്റ്റ് ഇയര്‍ പോകാതെ സെക്കന്‍ഡ് ഇയര്‍ പഠിക്കുന്ന സംഭവം പോലെയാണ്. ഫസ്റ്റ് ഇയറിലാണ് ശരിക്കും അനാട്ടമി ക്ലാസ് കൊടുക്കുന്നത്. അതുകൊണ്ട് തന്നെ ഫസ്റ്റ് ഇയറിന് പോകാതെ സെക്കന്ഡ് ഇയറിന് പോകുമ്പോള്‍ മെഡിസിന്‍ ഒരു വക മനസ്സിലാവില്ല. അതുപോലെയാണ് ബേസിക് ക്ലാസ്സില്‍ പഠിക്കാതെ രണ്ടു കൊല്ലം കൊണ്ടൊക്കെ എന്തൊക്കെയോ കൈക്രിയ കാണിച്ചിട്ട് ആര്‍ട്ട് അധ്യാപകരാവുകയാണ്. മാത്രമല്ല അതിനനുസരിച്ച് നല്ല ശമ്പവും വാങ്ങി അധ്യാപകര്‍ക്ക് ചായയൊക്കെ വാങ്ങിക്കൊടുത്ത് സര്‍ട്ടിഫിക്കറ്റും വാങ്ങി ഇവിടെ കണ്ടിന്യു ചെയ്തവരുണ്ട്. ഒന്നിന്നും കൊള്ളാത്ത മനുഷ്യര്‍. അങ്ങനെ കുറെ ആളുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം ലളിത കലാ അക്കാദമി ചെയര്‍മാന്‍ ആയിരുന്ന ആളും ആ കൂട്ടത്തില്‍ പെട്ട കക്ഷിയാണ്. ഇവരൊന്നും വാസ്തവത്തില്‍ ജീവിതത്തില്‍ നമുക്ക് ഒന്നും തന്നെ കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടില്ല. ഇവരൊക്കെ നമ്മളെക്കാളും ലീനിയര്‍ ആയ തലത്തില്‍ ചിന്താഗതിയുള്ള ആര്‍ട്ടിസ്റ്റുകളായിരുന്നു.

(കാനായി കുഞ്ഞിരാമനും അദ്ദേഹത്തിന്റെ ശില്പം മലമ്പുഴ യക്ഷിയും)

പലപ്പോഴും ഇവരെ നമ്മള്‍ പേരാണ് വിളിച്ചിരുന്നത്. സാര്‍ എന്നൊന്നും ആരും വിളിക്കാറില്ലായിരുന്നു. അതിന് ഇവര്‍ കംപ്ലെയ്ന്റ് ചെയ്തിട്ടുണ്ട്. അപ്പോള്‍ എന്നെ പ്രിന്‍സിപ്പല്‍ വിളിച്ചിട്ടു പറഞ്ഞു, ജീവാ നിനക്കെതിരെ എങ്ങനെ ഒരു പരാതി കിട്ടിയിട്ടുണ്ടെന്ന്. ഞാന്‍ പറഞ്ഞു സാര്‍ എന്നു വിളിക്കണമെങ്കില്‍ ഇവര്‍ ഞങ്ങള്‍ക്ക് എന്തെങ്കിലും കോണ്‍ട്രിബ്യൂട് ചെയ്യണമെന്ന്. ഒരു കോണ്‍ട്രിബ്യൂഷനും ഇവര്‍ ചെയ്യുന്നില്ല. മുമ്പില്‍ ഇരിക്കുന്ന ചെരിപ്പുകുത്തി എന്നെ പലതും പഠിപ്പിക്കുന്നുണ്ട്. മുമ്പിലിരിക്കുന്ന പിച്ചക്കാരന്‍ എന്നെ പലതും പഠിപ്പിക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ ഞാന്‍ ഇവരെയെല്ലാം സാര്‍ എന്നു വിളിക്കണ്ടേ. മറിച്ച് എനിക്ക് റെസ്‌പെക്ട് തോന്നിയിട്ടുള്ള തരത്തില്‍ എന്തെങ്കിലും കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടുള്ള മനുഷ്യരെ നമ്മള്‍ അറിയാതെ വിളിച്ച് പോകും സാര്‍ എന്ന്. അല്ലാതെ ഇത് നിയമം മുഖാന്തിരം വിളിക്കേണ്ട ഒരു സാധനം അല്ല.

അപ്പോ കുഞ്ഞിരാമന്‍ സഹായത്തിനെത്തി; ഞാന്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ എന്റെ പ്രൊഫസറെ മിസ്റ്റര്‍ പ്രൊഫസര്‍ എന്നാണ് സംബോധന ചെയ്തു കൊണ്ടിരുന്നത് എന്നു കുഞ്ഞിരാമന്‍ പറഞ്ഞു. ഞാന്‍ സാറെന്നൊന്നും വിളിക്കാറില്ല. പലപ്പോഴും പേരാണ് വിളിക്കുന്നത്. പിന്നെ ജീവന്‍ ഒരു കാര്യം ചെയ്യൂ, മിസ്റ്റര്‍ എന്നുകൂടി ചേര്‍ത്തിട്ടു പേര് വിളിക്കുക. അത് കുറച്ചുകൂടി റെസ്‌പെക്ട് കൊടുക്കുന്ന വിളിയാണെന്ന്. ഞാന്‍ പറഞ്ഞു ഞാന്‍ മാന്യമായിട്ടു പേരാണ് വിളിച്ചുകൊണ്ടിരുന്നത്. അതിലും താഴ്ത്തി ഞാന്‍ ഒന്നും വിളിച്ചില്ല. പേര് വിളിക്കുന്നത് തെറിയാണെന്ന് ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കുന്നത്. പ്രിന്‍സിപ്പാള്‍ പിന്നെ വേറൊന്നും പറഞ്ഞില്ല. ഇങ്ങനെയുള്ള കുറെ പ്രശ്‌നങ്ങള്‍ അവിടെ ഉണ്ടായിരുന്നു.

ഞങ്ങളുടെ ബാച്ചില്‍ 30 പേര്‍ക്കാണ് അഡ്മിഷന്‍ കിട്ടിയത്. അതില്‍ ഒരു പെണ്‍കുട്ടിയും ഇല്ലായിരുന്നു. അതിലൊരാള്‍ക്ക് കണ്ടക്ടര്‍ ജോലികിട്ടി പോയപ്പോള്‍ അതിനു പകരം ഒരു 35-ാം റാങ്കുകാരിയായ ഒരു പെണ്‍കുട്ടിയെ എടുത്തു. അപ്പോള്‍ ആരൊക്കെയോ പറഞ്ഞു ഇല്ലീഗലായിട്ടാണ് അഡ്മിഷന്‍ കൊടുത്തത്, 31-ാം റാങ്കുകാരനാണ് അഡ്മിഷന്‍ കൊടുകേണ്ടത് എന്നൊക്കെ. ആ പെണ്‍കുട്ടി അവിടത്തെ സൂപ്രണ്ടിന്റെ ബന്ധു കൂടിയായിരുന്നു. പിന്നെ എല്ലാരും പറഞ്ഞു ഒരു പെണ്‍കുട്ടിയല്ലേ പഠിക്കട്ടെയെന്ന്. സത്യത്തില്‍ കോളേജ് സ്റ്റാര്‍ട്ട് ചെയ്‌തെങ്കിലും കോളേജിന്റെ ഒരു സ്റ്റാറ്റസിലേക്ക് വളരെ പയ്യെ പയ്യെയാണ് ഇത് വളരുന്നത്. ഓരോ മാസവും ഓരോ വിഷയവുമായി ബന്ധപ്പെട്ട് സമരങ്ങള്‍ ഉണ്ടായിരുന്നു. ഈ സമരങ്ങളാണ് വാസ്തവത്തില്‍ നമ്മള്‍ക്ക് യഥാര്‍ത്ഥ ക്ലാസ് തന്നിട്ടുള്ളത്. എന്തുകൊണ്ടാണ് സമരം എന്നു ചോദിച്ചാല്‍, സമരം ഉണ്ടാകുന്നതിന് കാരണങ്ങള്‍ ഉണ്ട്. പുതിയ രീതിയില്‍ ഉള്ള ഒരു ആവിഷ്‌ക്കാര സ്വാതന്ത്ര്യം നമുക്ക് അവിടെ ഇംപ്ലിമെന്റ് ചെയ്യേണ്ട ആവശ്യം ഉണ്ട്. അല്ലെങ്കില്‍ നമുക്ക് അത്തരത്തില്‍ പഠിക്കാനുള്ള സ്വാതന്ത്ര്യം ഇത്തരം സ്ഥാപനത്തില്‍ നിന്നും കിട്ടുന്നില്ല. വാസ്തവത്തില്‍ പലപ്പോഴും പെയിന്റിംഗ് മാറുന്നതും കണ്‍സെപ്റ്റ് മാറുന്നതും ഒന്നും നമ്മള്‍ അറിയുന്നില്ല. അതുവരെ നമ്മള്‍ ഒന്നു അറിയാതെ കുറെ അബ്‌സ്ട്രാക്ട് സാധനങ്ങള്‍ ചെയ്തു പോകുകയാണ്.

ഞാന്‍ മദ്രാസിലും എറണാകുളത്തുമൊക്കെ പഠിക്കുന്ന സമയത്ത്, ചുമ്മാ അബ്സ്ട്രാക്ഷന്‍ ചെയ്‌തോളാന്‍ പറയുന്ന രീതിയിലാണ് നമ്മള്‍ ചെയ്യുന്നത്. അതായത് ഹിസ്റ്റോറിക്കല്‍ ഫാക്ട്സ് ഒന്നും മനസ്സിലായി ചെയ്യുന്നതല്ല. ക്യാന്‍വാസിന്റെ ഒരറ്റം തൊട്ട് മറ്റൊരു അറ്റം വരെ കളര്‍ തേച്ച്, ബാലന്‍സ്ഡ് ആയിട്ടുള്ള കളറുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതൊരു വര്‍ക്ക് ഓഫ് ആര്‍ട്ട് ആണ് എന്നൊരു വിശ്വാസമാണ്. മറിച്ച് കോളേജില്‍ വരുമ്പോഴും ലൈബ്രറിയില്‍ കയറുമ്പോഴുമാണ് നമുക്ക് മനസ്സിലാകുന്നത്, ഇത്തരം വര്‍ക്കുകള്‍ക്ക് ഒരു പിരീഡ് ഇല്ല. യൂറോപ്പിലും അമേരിക്കയിലും ഒക്കെ ഇത്തരം വര്‍ക്കുകള്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന സമയത്ത്, അല്ലെങ്കില്‍ 'ഒരു ഇസം' തുടങ്ങുന്ന സമയത്ത് അതിനൊരു പൊളിറ്റിക്കല്‍ റീസണ്‍ ഉണ്ടായിരുന്നു. അതിന്റെ പുറത്താണ് ഇത്തരം വര്‍ക്കുകള്‍ വന്നിട്ടുള്ളത്. അല്ലെങ്കില്‍ ഒരു കാഴ്ചയുടെ പ്രശ്‌നം കൊണ്ടാണ് ഈ രീതിയില്‍ ഉള്ള വര്‍ക്ക് വരുന്നത്. ഇത് മനസ്സിലാക്കി വരുന്നത് വളരെ സാവകാശമാണ്. അപ്പോഴേക്കും ഞങ്ങള്‍ ഏതാണ്ട് ഫസ്റ്റ് ഇയര്‍ കടന്നിരുന്നു. ആ സമയത്ത് നമ്മള്‍ വര്‍ക്കിലേക്ക് പതുക്കെ ഫിഗറേറ്റ് ചെയ്യും. ഫസ്റ്റ് ഇയര്‍ അവസാനമാണ് ഞങ്ങള്‍ മൂന്നു സ്റ്റുഡന്റ്സിനും രണ്ട് അധ്യാപകര്‍ക്കും അക്കാദമി അവാര്‍ഡ് കിട്ടുന്നത്.

എനിക്കും കൃഷ്ണകുമാറിനും വി കെ രാജനുമാണ് അവാര്‍ഡ്. കൂടാതെ പതിനൊന്ന് സ്റ്റുന്റ്സും ഉള്‍പ്പെടെ അധ്യാപകര്‍ക്കും കൂടെ പതിനഞ്ചു പേര്‍ക്ക് ഹൈലി കമാന്റന്റ് സര്‍ട്ടിഫിക്കറ്റും കിട്ടി. സെക്കന്റ് ഗ്രേഡിലുള്ള വര്‍ക്കിന്റെ ബേസിലാണ് ഈ ഹൈലി കമാന്റന്റ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത്. പതിനഞ്ച് ഹൈലി കമാന്റന്റ് സര്‍ട്ടിഫിക്കറ്റ് കിട്ടിയതില്‍ മൂന്ന് അധ്യാപകര്‍ മാത്രേയുള്ളൂ എന്നത് വല്യ പ്രശ്‌നമായി. അതിനടുത്ത വര്‍ഷം മുതല്‍ അക്കാദമി വിദ്യാര്‍ഥികളുടെ വര്‍ക്കുകള്‍ അവാര്‍ഡിന് പരിഗണിക്കാതായി. അതിന്റെ അടുത്ത വര്‍ഷം ഞങ്ങള്‍ അക്കാദമി എക്‌സിബിഷന്‍ നടക്കുന്നതിനോടൊപ്പം തന്നെ പാരലല്‍ എക്‌സിബിഷന്‍ നടത്തി. ഞാന്‍ ഒറ്റയ്ക്ക് അക്കാദമി എക്‌സിബിഷന് നടക്കുന്നതിന്റെ നേരെ എതിര്‍വശത്തും മറ്റ് നാലു സുഹൃത്തുക്കള്‍ ഒന്നിച്ചു മറ്റൊരു എക്‌സിബിഷനും നടത്തി. സുഹൃത്തുക്കള്‍ കൃഷ്ണകുമാര്‍, അലക്‌സ്, കരുണാകരന്‍, മധു എന്നിവരാണ്. ഒന്നിച്ചു നിന്നിട്ട് ഒന്നിച്ചു അക്കാദമിക്കെതിരെ എക്‌സിബിഷന്‍ നടത്താനാണ് പ്ലാന്‍ ചെയ്തതെങ്കിലും ഞങ്ങള്‍ ആശയപരമായി പലപ്പോഴും ഭിന്നിക്കുകയും അങ്ങോട്ടും ഇങ്ങോട്ടും ആര്‍ഗ്യുമെന്റ്‌സ് നടത്തുകയും ചെയ്തു. ഇതില്‍ ആര്‍ക്കും ആരും ലീഡര്‍ഷിപ് കൊടുക്കുന്ന ഇടപാടില്ലായിരുന്നു. അതിനെ യോജിപ്പിച്ച് കൊണ്ടുപോകാന്‍ പറ്റിയ അധ്യാപകരും ഇല്ലായിരുന്നു.

ആര്‍ഗ്യുമെന്റ്‌സിന്റെ പുറത്ത് പലപ്പോഴും തെറ്റിപ്പിരിയും, പിന്നെ തമ്മില്‍ യോജിക്കില്ല. യോജിച്ച് കഴിഞ്ഞാല്‍ തന്നെ ഒരു ശാപ്പാട് കഴിക്കാനുള്ള യോജിപ്പ് മാത്രമേയുള്ളൂ. അല്ലാതെ ആശയപരമായി യോജിച്ച് പോകുന്ന അവസ്ഥ ഉണ്ടായില്ല. യോജിക്കാന്‍ പറ്റുന്ന നാലുപേര്‍ ഒന്നിച്ചും അതിനു പറ്റാത്ത ഞാന്‍ ഒറ്റയ്ക്കും, അതല്ലാതെ വേറെ കുറേപേര്‍ അതിലൊന്നും ഇല്ലാതെ, അങ്ങനെ ഒരു ഗ്രൂപ്പൊന്നുമില്ലാത്ത, അല്ലെങ്കില്‍ ആരുടെ കൂടെ കൂടണം എന്നറിയാത്ത ഇതിലൊന്നും പെടാതെ മാറിനിന്ന പല മനുഷ്യര്‍. എന്നാലും ഞങ്ങള്‍ അഞ്ചുപേര്‍ അക്കാദമിക്ക് എതിരായിട്ടു എക്‌സിബിഷന്‍ നടത്തി. അതില്‍ ഒറ്റയ്ക്ക് നിന്ന് ആദ്യമെ ചെയ്തത് ഞാനാണ്. ഇത് പ്രമോട്ട് ചെയ്തിട്ട് മീഡിയ കവറേജ് കൊടുത്തു. പിന്നെ വേറെയും പലകാര്യങ്ങള്‍. ഞങ്ങളുടെ ഓള്‍ ഇന്ത്യ ടൂറിന് വേണ്ടിയിട്ടും മറ്റുമായി പല കാര്യങ്ങള്‍ക്കും സമരം ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ ഓള്‍ ഇന്ത്യ ടൂര്‍ വേണ്ട എന്ന തീരുമാനത്തിനെതിരെ സ്റ്റാഫിനെ മുഴുവന്‍ മുറിക്കകത്തിട്ടു പൂട്ടി തീ വെക്കുകയൊക്കെ ചെയ്തിട്ടുണ്ട്. പിന്നെ നിരാഹാരം കിടന്നു. അതിനു ഞങ്ങള്‍ അഞ്ചാറ് പേര് ജയിലില്‍ കിടന്നു. അവിടന്ന് ഇറങ്ങിയിട്ടു വീണ്ടും സമരം ചെയ്തു. ഇനി സമരം ചെയ്യാന്‍ പാടില്ല എന്നു പറഞ്ഞിട്ട് വല്യ വിഐപികളാണ് ഞങ്ങള്‍ക്ക് ജാമ്യം എടുത്തത്. ഞങ്ങളുടെ കോളേജില്‍ എപ്പോഴും മഫ്തി പോലീസ് ഉണ്ടാവും. ഇവര്‍ വന്നു കഴിഞ്ഞാല്‍ രണ്ടു ദിവസം ഞങ്ങളെ നക്‌സലൈറ്റുകളെപ്പോലെ നോക്കും.ഞങ്ങള്‍ ഈ സമരത്തിന്റെയൊക്കെ സ്ലോഗന്‍ എഴുതുന്നത് ബെഹ്ത്തിന്റെയോ ഓട്ടോ റെനെ കാസ്റ്റില്ലോ നെരൂദയുടെയോ ഒക്കെ വരികളായിരിക്കും. ഇത്തരം വരികള്‍ സ്ലോഗന്‍സായിട്ട് കോളേജുകളിലെ ഭിത്തികളില്‍ വരുന്നത് ആദ്യമായിട്ട് ഫൈന്‍ ആര്‍ട്‌സ് കോളേജിലാണ്. അതുകൊണ്ട് തന്നെ ഞങ്ങള്‍ നക്‌സല്‍ബാരികളാണെന്ന ഒരു വ്യാഖ്യാനം ഉണ്ടായിരുന്നു. പോലീസുകാര്‍ക്ക് രണ്ടു ദിവസം കൊണ്ട് മനസ്സിലാവും ഇവര്‍ വാളും കുന്തവും എടുത്തിട്ടോ ബൊംബെടുത്തിട്ടോ വിപ്ലവം ഉണ്ടാക്കുന്ന കക്ഷികള്‍ അല്ല. വേറൊരുത്തരത്തിലുള്ള കക്ഷികളാണെന്ന്. ഐഡിയോളജിക്കല്‍ ഫൈറ്റേഴ്സാണെന്ന് മനസ്സികും. പിന്നെ അവര്‍ നോക്കുമ്പോള്‍ പലരും ഭക്ഷണം കഴിക്കാനൊന്നും പോകുന്നില്ല. അഥവാ ചായ കുടിക്കാന്‍ പോകുന്നുണ്ടെങ്കില്‍ റോട്ടില്‍ കൂടെ പോകുന്ന ആരെങ്കിലും ഒരാളെ ഒരാള്‍ വളയ്ക്കും, എന്നിട്ട് അയാളുടെ അടുത്തു ഒരു ചായക്ക് ചോദിക്കും. രണ്ടുപേരും കൂടെ പോകുന്ന സമയത്ത് പയ്യെ പുറകെ രണ്ടുപേര് പോകും, അതിന്റെ പിറകെ രണ്ടുപേര്‍ പോകും. കടയില്‍ ചെല്ലുമ്പോഴേക്കും പത്തുപത്തിനാറ് പേര് കാണും. പിന്നെ ഈ മനുഷ്യന്‍ ആ വഴിക്കു വരില്ല. അല്ലാതെ ഇങ്ങോട്ട് വന്നു ചായ വാങ്ങിത്തരുന്നവരും ഉണ്ടായിരുന്നു. ഇതൊക്കെ കാണുമ്പോള്‍ ഈ പോലീസുകാരും ഞങ്ങള്‍ക്ക് ചായ വാങ്ങിത്തരും. ഇത് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കിയിട്ടു ഈ പൊലീസുകാരെ രണ്ടുമൂന്നു ദിവസം കൊണ്ട് മാറ്റി പുതിയ ആളെ വിടും. നേരത്തെയുണ്ടായിരുന്ന പോലീസുകാരില്‍ നിന്നു ഇത് മനസ്സിലാക്കി പുതുതായി വരുന്നവര്‍ വന്ന ദിവസം തന്നെ ഞങ്ങള്‍ക്ക് ചായ വാങ്ങിത്തരും. ഇവരുമായിട്ടൊക്കെ നല്ല കമ്പനിയായിരുന്നു ഞാന്‍. ചിലര്‍ ക്ലാസ്സിലോക്കെ കയറി വര്‍ക്കൊക്കെ കണ്ടിട്ട് ക്യാന്റീനില്‍ കൊണ്ടുപോയി ശാപ്പാടൊക്കെ വാങ്ങിത്തരുമായിരുന്നു. ഇപ്പോഴും നല്ല ബന്ധം നിലനിര്‍ത്തുന്ന പോലീസുകാര്‍ ഉണ്ട്.

ഇതേ പോലെ തന്നെ ഞങ്ങള്‍ക്ക് ഫസ്റ്റ് ഇയര്‍ തൊട്ട് വരുന്ന മോഡല്‍സ്. ഹ്യൂമണ്‍ റിലേഷന്റെ ഒരു സാധനം ശരിക്കും പഠിക്കുന്നത് ഇവരില്‍ നിന്നാണ്. മോഡല്‍സ് എന്നുപറഞ്ഞാല്‍ പലപ്പോഴും ലൈംഗിക തൊഴിലാളികളാണ്. പുരുഷന്‍മാരാണെങ്കില്‍ പണിയെടുക്കാന്‍ പറ്റാതെ വരുന്ന ആരോഗ്യം പോയിട്ടുള്ള ചുമട്ടുകാരോ ഒക്കെയാവും. ഇവരൊക്കെയായി നമുക്ക് നല്ല തരത്തിലുള്ള റിലേഷനാണ്. സെക്കന്‍ഡിയര്‍ തൊട്ടിട്ടു ഞങ്ങളുടെ ബാച്ചിന് ന്യൂഡ് സ്റ്റഡീസ് ഉണ്ട്. ന്യൂഡ് സ്റ്റഡീസ് വരുമ്പോള്‍ ആദ്യമൊക്കെ ഭയങ്കര കൗതുകത്തോട് കൂടിയാണ് നോക്കുന്നത്. ഞങ്ങള്‍ ആറ് പേരായിരുന്നു ഫസ്റ്റ് ബാച്ചില്‍. ആറുപേരുടെ മുന്നില്‍ ഒരു സ്ത്രീ ന്യൂഡായിട്ടു നില്‍ക്കുക എന്നു പറഞ്ഞാല്‍ ഞങ്ങള്‍ക്ക് ഭയങ്കര കൗതുകമാണ്. സാധാരണ മുഖം വാര്‍ക്കുന്ന സമയത്ത് ദൂരെ നില്‍ക്കുന്നവര്‍ ന്യൂഡായിട്ടു നില്‍ക്കുമ്പോള്‍ അളവെടുക്കാന്‍ വേണ്ടി അവരുടെ അടുത്തു പോകും. മുഖം വരക്കുന്ന സമയത്ത് അളവൊന്നും നോക്കാറെയില്ല. അളവെടുക്കാന്‍ പോകുമ്പോള്‍ പെണ്ണുങ്ങള്‍ ചിരിക്കും. കാരണം രണ്ടു ദിവസം മുമ്പ് മുഖം വരക്കുമ്പോള്‍ അളവെടുക്കാത്ത കക്ഷികള്‍ ന്യൂഡ് വരക്കുമ്പോള്‍ അവര്‍ക്ക് പെട്ടെന്നു കാര്യം മനസ്സിലാകും. അവര്‍ ചിരിക്കും. ന്യൂഡ് നില്‍ക്കുന്ന സമയത്ത് ഇവര്‍ക്ക് കാശ് കൂടുതല്‍ ഉണ്ട്. പിറ്റേദിവസം ഇവര്‍ വരുന്ന സമയത്ത് വല്യ പൊതിച്ചോറുമായിട്ടു വരും.

സര്‍ക്കസില്‍ നിന്നു ചാടിപ്പോന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. പത്തൊന്‍പത് വയസ്സേ കാണൂ. നല്ല അനാട്ടമി ഉള്ള സ്ത്രീയാണ്. അവര്‍ വന്നപ്പോള്‍ ആദ്യമേ മുഖം വരച്ചു. വെളുപ്പാന്‍ കാലത്ത് കിട്ടിയ സ്ത്രീയാണ്. ഞങ്ങള്‍ പകല്‍ ക്ലാസ് റൂമില്‍ വര്‍ക്ക് ചെയ്യും, രാത്രി ഹോസ്റ്റലില്‍ ഡിസ്‌ക്കഷനാണ്. അതിനിടയ്ക്ക് പെയിന്റ് ചെയ്യും. സ്സ്‌ക്ലപ്ര്‍ ചെയ്യുന്ന ആള്‍ക്കാര്‍ റൂമില്‍ വന്നാല്‍ പെയിന്റ് ചെയ്യും. ചിലപ്പോ സ്ട്രീറ്റ് സ്റ്റഡീസിന് ഇറങ്ങും. തട്ടുകടയില്‍ നിന്ന് ഓസിന് ദോശ തിന്നാം എന്നുള്ളതും കൂടെയാണ് സ്ട്രീറ്റ് സ്റ്റഡീസിന്റെ ഉദ്ദേശം. അങ്ങനെ ദോശ തരുന്ന ഒരു മണിയന്‍ ഉണ്ടായിരുന്നു. മണിയന്‍ അയാളുടെ കഥന കഥയൊക്കെ പറഞ്ഞിട്ട് നമുക്ക് ദോശ തരും. വളരെ കാര്യമായിട്ടാണ് ദോശ തരുന്നത്. നിങ്ങളൊക്കെ ഒരുകാലത്ത് വല്യ പൈസക്കാരാകും അപ്പോ എന്റെ ദോശ തിന്നിട്ടാണ് നിങ്ങള്‍ വളര്‍ന്നത് എന്നൊക്കെ പറഞ്ഞു എനിക്ക് അഭിമാനിക്കാമല്ലോ എന്നൊക്കെ പറയും. അയാളിപ്പോള്‍ ഇല്ല.

കോളേജിന് തൊട്ടടുത്ത് ഒരു ബീന ഹോട്ടല്‍ ഉണ്ടായിരുന്നു. അവിടുന്ന് ഞങ്ങള്‍ ഒരുമാസം അല്ലെങ്കില്‍ രണ്ടുമാസം ഒക്കെ അടുപ്പിച്ചു പറ്റും. രണ്ടുമാസം കഴിയുമ്പോള്‍ മുങ്ങും. പിന്നെ അങ്ങോട്ട് കടക്കില്ല. ചില വിശേഷ ദിവസങ്ങളില്‍ അങ്ങോട്ടൊന്ന് ചെല്ലാന്‍ പറഞ്ഞിട്ട് ഇയാള്‍ ആദ്യമേ ആളെ വിടും. ഞങ്ങള്‍ പോകില്ല. കുറച്ചു കഴിയുമ്പോള്‍ ഇയാളുടെ മകനെ വിടും. അപ്പോഴും ഞങ്ങള്‍ പിന്നെ വരാം എന്നു പറയും. പിന്നെ ഇയാള്‍ നേരിട്ടു വരും. ഇയാള്‍ വരുമ്പോള്‍ ഓടാനൊന്നും പറ്റില്ല. ഇയാള്‍ അങ്ങനെയുള്ള ഒരു മനുഷ്യനാണ്. പ്രേംനസീറിന്റെ കസിനാണ് ഇയാള്‍. വളരെ സൗമ്യനായി സംസാരിക്കുന്ന ആളാണ്. അയാള്‍ പറഞ്ഞു, നിങ്ങളെ ഞാന്‍ പലപ്രാവശ്യം വിളിപ്പിച്ചു, നിങ്ങള്‍ക്ക് അവിടെ ബിരിയാണി ഉണ്ടാക്കി വെച്ചിട്ട് അതവിടെ ഇരിക്കുകയാണ്. വന്നു കഴിച്ചിട്ടു പോകണം എന്ന്. ഇയാള്‍ പറയും നിങ്ങള്‍ കാശ് തന്നില്ലെങ്കില്‍ നിങ്ങളുടെ ഒരു പെയിന്റിംഗ് ഞാന്‍ ഇവിടെ എടുത്തു വെക്കും. പിന്നെ അതിനു കോടിക്കണക്കിന് പൈസയൊക്കെയാകും. അപ്പോള്‍ ഞാനും വല്യ പൈസക്കാരനാകും. വാസ്തവത്തില്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ പുള്ളി വല്യ റിച്ച് ആയേനെ. പലരുടെയും വര്‍ക്കിനൊക്കെ പിന്നീട് വല്യ പൈസയായി. ഇങ്ങനെ കുറെ മനുഷ്യര്‍ ഉണ്ടായിരുന്നു. ഇവരുടെ ഇടയ്ക്ക് കൂടെയാണ് നമ്മളിങ്ങനെ ജീവിച്ച് പോകുന്നത്.

രാവിലെ ഇങ്ങനെ ഇറങ്ങി നടക്കുന്ന സമയത്ത് ഈ സെക്‌സ് വര്‍ക്കേഴ്‌സ് പലരും ഇറങ്ങിപ്പോകുന്നത് കാണാം. അപ്പോള്‍ നമ്മളിങ്ങനെ മോഡല്‍ നില്‍ക്കാമോ എന്നു ചോദിച്ചു അടുത്തു ചെല്ലും. അവര്‍ നില്‍ക്കാമെന്ന് പറയുകയാണെങ്കില്‍ കോളേജിലെ ഏതെങ്കിലും ക്ലാസ്സ് മുറിയില്‍ അടച്ചിടും. രാവിലെ ഹോസ്റ്റലില്‍ പോയി തിരിച്ചുവരുമ്പോള്‍ ഇവരെ തുറന്നു വിടും. രാവിലെ കോളേജില്‍ എത്തിയാല്‍ നമ്മുടെ മോഡലായിട്ട് ക്ലാസ്സിലേക്ക് കൊണ്ടുപോകും. അങ്ങനെയാണ് ഈ സര്‍ക്കസില്‍ നിന്നു ചാടിപ്പോന്ന കുട്ടിയെ കിട്ടുന്നത്. ആദ്യം അവളുടെ മുഖമാണ് ചെയ്യുന്നത്. ആ പോര്‍ട്രേറ്റ് ചെയ്യാന്‍ നാല് ദിവസത്തെ ക്ലാസ് മതി. പിന്നെ ഫുള്‍ പോര്‍ട്രൈറ്റ് ചെയ്യാനാണെങ്കില്‍ നാലോ എട്ടോ ദിവസത്തെ ക്ലാസ് വേണം. ഇവളോട് ന്യൂഡ് നില്‍ക്കാമോ എന്നു ചോദിച്ചപ്പോള്‍ ഇവള്‍ക്കു ആകപ്പാടെ സംശയമായി. ആദ്യത്തെ ദിവസം സെമി ന്യൂഡ് നില്‍ക്കുന്നു. പിന്നീടാണ് ഫുള്‍ ന്യൂഡ് നില്‍ക്കുന്നത്. അപ്പോ അവള്‍ക്ക് മനസ്സിലായി ഇവര്‍ അപകടകാരികളായിട്ടുള്ള കക്ഷികള്‍ അല്ല, ഇത് സാധാരണ രീതിയില്‍ ഉള്ള ഒരു ക്ലാസാണ് എന്ന്. ആദ്യത്തെ നാല് ദിവസം കഴിഞ്ഞപ്പോള്‍ പിന്നെ ഇവള്‍ വരുന്നത് വല്യ പൊതിച്ചോറുമായിട്ടാണ്. ലഞ്ച് ബ്രേക്കിന് ഞങ്ങള്‍ വര്‍ക്ക് നിര്‍ത്തിയപ്പോള്‍ അവര്‍ വിളിച്ചിട്ടു പറഞ്ഞു, വാ ഞാന്‍ ഇന്ന് തോനെ ചോറ് കൊണ്ടുവന്നിട്ടുണ്ട്. ഞങ്ങള്‍ ചോദിച്ചു അതെന്താണ്. അപ്പോ ഇന്നലെ എനിക്ക് തോനെ പൈസ കിട്ടി, അതുകൊണ്ട് തോനെ ചോറുണ്ടാക്കി. നിങ്ങളാരും ഉച്ചയ്ക്ക് ചോറ് കഴിക്കുന്നത് കാണുന്നില്ലല്ലോ എന്നു പറഞ്ഞു. പിന്നെ ഇവരുടെ പൊതിച്ചോറ് തുറന്ന് എല്ലാവരും കൂടെ കയ്യിട്ട് വാരും. ഇങ്ങനെയുള്ള കുറെ മനുഷ്യര്‍. ഇത് ശരിക്കും പറഞ്ഞാല്‍ നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയുടെ പരിതാപകരമായിട്ടുള്ള അവസ്ഥയാണ്.

(ജീവന്‍ തോമസ് 2000-ല്‍ ഫൈബര്‍ ഗ്ലാസില്‍ ചെയ്ത് ശില്പം)

കാരണം മാന്യത നടിച്ച് നടക്കുന്ന ഒരു മനുഷ്യര്‍ക്കും ഇല്ലാത്ത ഒരു തരം മനുഷ്യപ്പറ്റ്. ഇവരുടെ ഇന്റിമസി, എല്ലാ ആള്‍ക്കാരുടെ അടുത്തും കാണിക്കുന്ന ഒരിഷ്ടവും ഒക്കെയാണ് ആളുകള്‍ ചൂഷണം ചെയ്യുന്നത്. ഇത് തന്നെയാണ് ഇവരുടെ അടുത്തു നിന്നും നമുക്കും പഠിക്കാന്‍ പറ്റിയത്. നല്ല ശരീര പുഷ്ടിയുള്ള, അഞ്ചോ ആറോ ആണുങ്ങളുടെ അടുത്ത് ഇങ്ങനെ ഒരു സ്ത്രീ നില്‍ക്കുക എന്നു പറഞ്ഞാല്‍ ഒരു നേരത്തെ വിശപ്പിന്റെ സംഭവം മാത്രമാണത്. എന്നിട്ട് അതില്‍ നിന്നുണ്ടാക്കുന്ന പൈസകൊണ്ട് അവര്‍ക്ക് തന്നെ ഭക്ഷണം വാങ്ങിച്ചു കൊടുക്കുക എന്നത്; അപ്പോഴാണ് അടിസ്ഥാനപരമായി കമ്മ്യൂണിസം എന്താണെന്ന് നമ്മള്‍ അന്വേഷിക്കാന്‍ തുടങ്ങുന്നത്. ഞാനൊരു കമ്മ്യൂണിസ്റ്റ് ഫാമിലിയിലാണ് ജനിച്ചത്. ശരിക്കും കമ്മ്യൂണിസം എന്താണെന്നും കമ്മ്യൂണിസം എന്താവശ്യത്തിനാണ് ഇംപ്ലിമെന്റ് ചെയ്യേണ്ടതെന്നും ഞാന്‍ മനസ്സിലാക്കുന്നത് വാസ്തവത്തില്‍ ഇത്തരം മനുഷ്യരില്‍ നിന്നാണ്. ഞാനത് കഴിഞ്ഞിട്ട് ഇത്തരം കക്ഷികളെ റോഡിലൊക്കെ കണ്ടാല്‍ ഞാന്‍ പോയി മിണ്ടാറൊക്കെയുണ്ട്. ചിലപ്പോള്‍ എന്റെ ഫാദറൊക്കെ എന്നെ കാണാന്‍ വന്നാല്‍ ഞങ്ങള്‍ റോഡില്‍ നില്‍ക്കുമ്പോള്‍ ഇവര്‍ എന്തിരു സാറേ എന്നുചോദിച്ചു കൊണ്ട് ഓടി വരും. ഞാന്‍ വളരെ കൂളായി നിന്നിട്ട് വര്‍ത്തമാനം പറയും. ഒരു പ്രാവശ്യം ഫാദര്‍ ചോദിച്ചു അതാരാന്ന്. ഞാന്‍ പറഞ്ഞു ഞങ്ങളുടെ മോഡലാണെന്ന്. അവരെ കണ്ടിട്ട് വേറൊരു ലുക്ക് ഉണ്ടല്ലോ എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു അവര്‍ ഇത്തരം ജോലിയൊക്കെ ചെയ്യാറുണ്ട്. ഞങ്ങള്‍ക്ക് മോഡലായിട്ടു വന്നു നില്‍ക്കാറുമുണ്ടെന്ന്. അവരോടൊക്കെ നല്ല രീതിയില്‍ പെരുമാറണം എന്നു ഫാദറും പറഞ്ഞു. ഇവരില്‍ നിന്നൊക്കെ പഠിച്ചിട്ടുള്ള പാഠം നമുക്ക് ഒരു സിലബസിലും കിട്ടില്ല. അത് അനാട്ടമി മാത്രമല്ല. ഒരു മുഴുവന്‍ സൊസൈറ്റിയുടെ മൊത്തം ഡീല്‍ ആണ് നമ്മള്‍ പഠിക്കുന്നത്. ഇവരോടൊക്കെയുള്ള ഇടപെടലുകളിലൂടെയും അവിടെ നിരന്തരം നടന്നിട്ടുള്ള സമരങ്ങളിലൂടെയുമൊക്കെയാണ് വാസ്തവത്തില്‍ ഞങ്ങളുടെയൊക്കെ വര്‍ക്കുകള്‍ ഇടതുപക്ഷ സ്വഭാവത്തിലേക്കും മാറുന്നത്. പതുക്കെ പതുക്കെ അത് ഫൈന്‍ ആര്‍ട്സ് കോളേജും തിരുവനന്തപുരവും ഒക്കെ കടന്ന് മറ്റ് കോളേജുകളിലേക്കും ഈ ആറ്റിട്യൂഡ് മാറി. അതോട് കൂടി അബ്‌സ്ട്രാക്ഷന്‍ എന്ന പരിപാടി നിന്നു.

ഒരു സമരത്തില്‍ ഞങ്ങള്‍ അവിടത്തെ സ്റ്റാഫിനെ പൂട്ടിയിട്ടു കത്തിച്ചു എന്നൊക്കെ പറഞ്ഞല്ലോ. വാസ്തവത്തില്‍ കത്തിക്കുന്നൊന്നും ഇല്ല. അതൊരു പ്രഹസനം മാത്രമായിരുന്നു. യഥാര്‍ഥത്തില്‍ കത്തിക്കണമെങ്കില്‍ ഞങ്ങള്‍ യുആര്‍എ ടെക്‌നോളജി അവിടുന്ന് തന്നെ പഠിക്കുന്നുണ്ട്. ഫാസ്റ്റ് വേള്‍ഡ് വാറിന്റെ അയണ്‍ ബോക്‌സിന്റെ തിയറി വെച്ചിട്ടാണ് സാധാരണ രീതിയില്‍ അയണ്‍ കാസ്റ്റ് ചെയ്യുന്നത്. അത് വെച്ചിട്ടാണെങ്കില്‍ ഒരു സ്ഥലം പെട്ടെന്നു പൊട്ടിക്കാനൊക്കെ വളരെ ഈസിയായിട്ടു പറ്റും. പക്ഷേ അത് ഞങ്ങളുടെ പേടിപ്പിക്കലിന്റെ ഒരു ഭാഗം മാത്രമായിരുന്നു. രാവിലെ ഒന്‍പതു മണിക്ക് സമരം തുടങ്ങിയി വൈകീട്ട് അഞ്ചുമണിക്കാണ് പോലീസ് വരുന്നത്. ആ ബില്‍ഡിംഗ് മൊത്തം നാശമാക്കിയിരുന്നു ഞങ്ങള്‍. അതുകൊണ്ട് ഞങ്ങളെ പിടിച്ച് ജയിലിലാക്കി. ജയിലില്‍ നിന്നു ഇറങ്ങിക്കഴിഞ്ഞതിന് ശേഷം എപ്പോഴും നമ്മള്‍ക്ക് ഒരു പ്രയോറിറ്റിയുണ്ട്; സ്റ്റുഡന്റ്സാണ്, അതോടൊപ്പം തന്നെ ഭാവി തലമുറയിലെ ആര്‍ട്ടിസ്റ്റുകളാണ്; ഇങ്ങനെ ഒരു വല്യ കണ്‍സിഡറേഷന്‍ ഞങ്ങള്‍ക്ക് കോടതിയും തന്നിട്ടുണ്ട്; പൊളിറ്റീഷ്യന്‍സും തന്നിട്ടുണ്ട്. കുറെ വിഐപികളൊക്കെ കൂടിയിട്ടാണ് ജാമ്യം എടുത്തത്. അങ്ങനെ ഞങ്ങള്‍ പുറത്തിറങ്ങി.

പുറത്തിറങ്ങിക്കഴിഞ്ഞിട്ട് പിന്നെ സമരത്തിനുള്ള വഴി നിരാഹാരം മാത്രമായിരുന്നു. രണ്ടുപേരെ അതേല്‍പ്പിച്ചു. സമരം നടത്തുമ്പോള്‍ ചില്ലറ പൈസ വേണം, പോസ്റ്റര്‍ ഒട്ടിക്കാനും അതിനും ഇതിനുമൊക്കെ. ഈ പാട്ടയും കൊണ്ട് ചെല്ലുന്ന സമയത്ത് ഞങ്ങളെ എന്തോ നികൃഷ്ട ജീവികളായിട്ടാണ് ആളുകള്‍ നോക്കുന്നത്. ഇവരൊക്കെ ഗര്‍ഭിണിയെ ചുട്ടുകരിക്കാന്‍ ശ്രമിച്ച ആളുകളാണ്, ഇവര്‍ക്കൊന്നും ഒറ്റപൈസ കൊടുക്കരുത് എന്നൊക്കെയാണ് ആളുകള്‍ പറഞ്ഞത്. ഏതൊക്കെയായാലും നമ്മള്‍ ഇതിന് ഇറങ്ങി. നമ്മളെ തെറ്റിദ്ധരിച്ചിട്ടുള്ള അവസ്ഥയില്‍ നിന്നു തിരിച്ചു അവരെ മനസ്സിലാക്കിക്കേണ്ട ബാധ്യത നമുക്ക് ഉണ്ട്. അപ്പോഴാണ് നമ്മള്‍ക്ക് മനസ്സിലാകുന്നത്, നമ്മള്‍ അത്രയും കാലം കൈയ്യില്‍ വെച്ചിരുന്ന പെയിന്റിംഗിന്റെ രീതികള്‍ ഒരിക്കലും ഇവര്‍ക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റാത്ത തരം സാധനമാണെന്ന്. അങ്ങനെയാണ് ഞങ്ങള്‍ ഈ ഫിഗറേറ്റീവ് സാധനങ്ങളിലേക്ക് വര്‍ക്ക് തിരിച്ചു വിടുന്നത്. അന്ന് തൊട്ട് എല്ലാവരും വേറൊരുത്തരത്തില്‍ വര്‍ക്ക് തുടങ്ങി. വര്‍ക്കെന്ന് പറഞ്ഞാല്‍ നിസ്സാര സംഭവമല്ല, ഞങ്ങള്‍ പത്തു പതിനെട്ടു പേര്‍ വളരെ ആക്ടീവായിട്ടു വര്‍ക്ക് ചെയ്യാന്‍ തുടങ്ങി. ഞങ്ങളിത്രയും പേരുടെ പെയിന്റിംഗ്സ് മറ്റുള്ളവരെക്കാള്‍ ബേറ്ററായിട്ടു നില്‍ക്കുന്ന ഒരു അവസ്ഥയുണ്ടായി. അര, മുക്കാമണിക്കൂര്‍ കഴിയുമ്പോള്‍ ഒരോരുത്തര്‍ സാധനങ്ങള്‍ ഇങ്ങനെ ചെയ്തുകൊണ്ടിരിക്കും. പത്തിരുപത്തോളം പോസ്റ്ററുകള്‍ കോളേജിന് മുന്നില്‍ ഇങ്ങനെ ഒട്ടിച്ചും തൂക്കിയുമൊക്കെ ഇടും. അതൊരു അരമണിക്കൂര്‍ കഴിയുമ്പോള്‍ മാറ്റി വേറൊരു പത്തിരുപതെണ്ണം ഇടും. ഇത് ഭയങ്കര മാറ്റം ഉണ്ടാക്കി. അതോട് കൂടി ജനങ്ങള്‍ കൂടാന്‍ തുടങ്ങി. അരമണിക്കൂര്‍ കൂടുമ്പോള്‍ പുതിയ വര്‍ക്കുകള്‍ വരുന്ന സ്ഥലം എന്ന രീതിയില്‍. അതും അക്കാലം വരെ കേരളം കണ്ടിട്ടുള്ളതില്‍ അല്ലെങ്കില്‍ ഇന്ത്യ കണ്ടിട്ടുള്ളതില്‍ തന്നെ വ്യത്യസ്തമായ രീതിയിലുള്ള വര്‍ക്കുകളായിരുന്നു.

അതോടെ സമരം വിജയിച്ചു. പ്രിന്‍സിപ്പാലിനെ സസ്‌പെന്റ് ചെയ്തു. അങ്ങനെ കുറെ സംഭവങ്ങള്‍ ഉണ്ടായി. പ്രിസിപ്പല്‍ പൊറിഞ്ചു കുട്ടിയെ സസ്പന്റ് ചെയ്യപ്പെട്ടിട്ട് പിന്നീട് കേസ് വാദിക്കുന്ന സമയത്ത് ഈ കുട്ടികള്‍ തന്നെയാണോ ഇത് ചെയ്തത് എന്നു പറഞ്ഞപ്പോള്‍ ഈ കുട്ടികള്‍ അല്ല, വേറെ ഏതോ കുട്ടികളാണെന്ന് പറഞ്ഞു. ഇയാള്‍ ശരിക്കും കുട്ടികളെ ഇങ്ങനെ വേറൊരു തരത്തില്‍ രക്ഷിച്ചു കൊണ്ടു പോകുന്ന ആളായിരുന്നു. കുറെ കുട്ടികള്‍ ഇങ്ങനെ ചെയ്തു എന്നു ഇയാള്‍ തന്നെയാണ് പോലീസിന് മൊഴി കൊടുത്തതും. നിങ്ങള്‍ക്കെന്താ വട്ട് വല്ലതും ഉണ്ടോന്നു കോടതി ചോദിച്ചു. അപ്പോ അയാളൊര് ഇളിഭ്യ ചിരി ചിരിച്ചത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. എന്നിട്ട് പിന്നീട് ഇയാള്‍ കോളേജിലേക്ക് വരുന്നു. നിരന്തരം ഈ മനുഷ്യനെ ഞങ്ങള്‍ പീഢിപ്പിച്ചിട്ടുണ്ട്, എന്നിട്ടും ഇയാള്‍ കൃത്യമായി നമ്മുടെ കൂടെ നിന്നിട്ടുണ്ട്.

കുഞ്ഞിരാമനാണെങ്കിലും സന്താനരാജ് ആണെങ്കിലും പൊറിഞ്ചുക്കുട്ടിയാണെങ്കിലും ആര്‍ നന്ദകുമാര്‍ ആണെങ്കിലും സ്‌പെഷ്യല്‍ ടൈപ് ഓഫ് ആളുകളായിരുന്നു. കൃത്യമായി വര്‍ക്ക് ചെയ്യുന്ന വിദ്യാര്‍ഥികളെ അവര്‍ മനസ്സിലാക്കുമായിരുന്നു. ഈ അധ്യാപകരൊക്കെ രാവിലെ ഏഴുമണിക്ക് കാമ്പസില്‍ വന്നാല്‍ രാത്രി പതിന്നൊന്നു മണിക്കാണ് പിരിഞ്ഞു പോകുക. അതുവരെ നിന്ന് വര്‍ത്തമാനം പറയും. അത് വെറും വര്‍ത്തമാനമല്ല, വര്‍ക്ക് ഓഫ് ആര്‍ട്ടിനെ ബേസ് ചെയ്തിട്ടുള്ളതും സിനിമയെ കുറിച്ചും മ്യൂസിക്കിനെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും ഒക്കെ വളരെ ആധികാരികമായിട്ടുള്ള ഡിസ്‌ക്കഷനാണ് നടത്തുക. ഇത് പലപ്പോഴും നമ്മളെ എത്തിച്ചിട്ടുള്ള ഒരു തലം എന്താന്നുവെച്ചാല്‍ പക്കാ ഇടതു ചിന്താഗതിയിലേക്കാണ്. പരിപൂര്‍ണ്ണമായിട്ടും ഇവരില്‍ ആരെയും നമ്മള്‍ ഡിപ്പന്റ് ചെയ്യാറില്ല. സ്വതന്ത്രരായിട്ട് തന്നെയാണ് നടക്കുക. ഇതുകൊണ്ട് തന്നെയാണ് പാരലല്‍ എക്‌സിബിഷന്‍ നടന്നപ്പോള്‍ ആള്‍ക്കാര്‍ സ്പ്ലിറ്റ് ചെയ്തിട്ട് പലവഴിക്ക് പോയതും. ഒരിക്കലും ഒരാളും മറ്റൊരാളും തമ്മിലുള്ള അലയന്‍സ് ശരിയാവില്ല. ഓരോരുത്തര്‍ക്ക് അവരവരുടെ വഴിയും ഫിലോസഫിയും ഉണ്ടായിരുന്നു. അതുകൊണ്ട് പലപ്പോഴും ഒന്നിച്ചു നില്‍ക്കാനും പറ്റില്ല. എന്നാല്‍ പൊതുവായ കാര്യം വരുമ്പോള്‍ എല്ലാരും ഒന്നിച്ചു നില്‍ക്കുകയും ചെയ്യും. അടിസ്ഥാനപരമായി എല്ലാവരും ഇടതുപക്ഷ സ്വഭാവം ഉള്ള ആളുകളും ആയിരുന്നു. അതിനെ ഇവിടത്തെ ഇടതുപക്ഷത്തിന് ആ രീതിയില്‍ വിലയിരുത്താനോ റീഇന്‍ഫോഴ്സ് ചെയ്യാനോ ഒന്നും പറ്റിയിട്ടില്ല. അവര്‍ വിചാരിച്ചത് ഇവരെന്തോ ഏലിയന്‍സ് വന്നിട്ട് ഇവിടെ പ്രശ്‌നം ഉണ്ടാക്കുകയാണ്, ഇതൊന്നും നമുക്ക് പറ്റില്ല എന്നാണ്.ആ പിരീഡില്‍ ചെഗുവേരയുടെ ബൊളീവിയന്‍ ഡയറിയൊക്കെ വായിക്കുന്നത് വളരെ രഹസ്യമായിട്ടാണ്. ഒരു സമയത്തും ഞങ്ങള്‍ ഹോസ്റ്റല്‍ റൂം പൂട്ടാറില്ല. പുറത്തേക്ക് പോകുമ്പോഴും ഉറങ്ങുമ്പോഴും മുറി പൂട്ടാറെയില്ല. എന്നാല്‍ ചെഗുവേരയുടെയോ ലൂഷന്റെയോ നെരൂദയുടെയോ പുസ്തകങ്ങള്‍ വളരെ രഹസ്യമായിട്ടാണ് ഞങ്ങള്‍ വായിച്ചു കൊണ്ടിരുന്നത്. ഒന്നാമത് ഈ അടിയന്തിരാവസ്ഥയുടെ സംഭവങ്ങളും അതിന്റെ ബാക്കി ഹാങ് ഓവറുകളും നിലനില്‍ക്കുന്ന സമയത്ത് എസ്എഫ്‌ഐക്കാരെ പോലും ഞങ്ങള്‍ക്ക് പേടിയായിരുന്നു. കടമ്മനിട്ടയുടെ കവിത ചൊല്ലുന്ന സമയത്ത് ആരടാ അവിടെ കവിത ചൊല്ലുന്നത് എന്നു ചോദിക്കുന്ന എസ്എഫ്‌ഐക്കാര്‍ ഉണ്ടായിരുന്നു. അന്ന് കടമ്മനിട്ട നിഷിദ്ധമായിട്ടുള്ള സാധനമായിരുന്നു. അതിനു ശേഷമാണ് കടമ്മനിട്ടയെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നതും കൊണ്ടു നടക്കുന്നതുമൊക്കെ. ഈ ഇടതുപക്ഷ സ്വഭാവം പിന്നീട് വളരുകയും വര്‍ക്കിന്റെ കാര്യത്തിലാണെങ്കില്‍ അതിന്റെ ഗ്രാസ്‌റൂട്ട് തേടിപ്പോകുന്ന തരത്തില്‍ സീരിയസ്സായിട്ടുള്ള ഇടതു സ്വഭാവം ഉണ്ടാവുകയും ചെയ്തു. പില്‍ക്കാലത്ത് ഇത് നമ്മളെ എങ്ങനെയാണ് ബാധിക്കുന്നത് എന്നു പറഞ്ഞാല്‍ ഇതൊന്നും ഇല്ലാത്ത വേറൊരു തലമുറ, ഇതിന്റെ റെപീറ്റേഷനും മറ്റു കാര്യങ്ങളുമൊക്കെയായിട്ടു വരുന്ന അടുത്ത തലമുറ, അതുപോലെ സമരങ്ങള്‍ ഒതുക്കാന്‍ വേണ്ടി വളരെ ജൂനിയേഴ്സിനെ കൊണ്ടുവന്ന് നിലയ്ക്ക് നിര്‍ത്തി ഭരണം നടത്തുന്ന പ്രിന്‍സിപ്പാള്‍.

ഞാന്‍ നേരത്ത

Next Story

Related Stories