TopTop
Begin typing your search above and press return to search.

കേരളത്തിലെ 80 ശതമാനം വാദ്യകലാകാരന്മാരും ആര്‍എസ്എസ് അനുകൂലികളാണ്: ഞരളത്ത് ഹരിഗോവിന്ദന്‍/അഭിമുഖം

കേരളത്തിലെ 80 ശതമാനം വാദ്യകലാകാരന്മാരും ആര്‍എസ്എസ് അനുകൂലികളാണ്: ഞരളത്ത് ഹരിഗോവിന്ദന്‍/അഭിമുഖം

സോപാനസംഗീതം എന്ന കേരളീയകലാരൂപത്തെ ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ നിന്ന് പൊതുജനമധ്യത്തിലേക്ക് നയിച്ച ഞെരളത്ത് രാമപ്പൊതുവാളിന്റെ മകന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍. അച്ഛന്റെ ഹൃദയവാദ്യമായിരുന്ന ഇടയ്ക്ക ലേലം ചെയ്ത് ഞെരളത്തിന് സ്മാരകം പണിയാന്‍ ശ്രമിച്ച നിഷേധിയായും, റമദാന്‍ ഗീതം ഇടയ്ക്ക കൊട്ടി പാടിയ വിമതശബ്ദമായും ഒക്കെയായി മലയാളികള്‍ ഹരിഗോവിന്ദനെ വ്യാഖ്യാനിക്കുമ്പോള്‍ തന്നെ, പലപ്പോഴും അദ്ദേഹത്തിന്റെ കലാസംരക്ഷണ പ്രവര്‍ത്തങ്ങളും രാഷ്ട്രീയ ഇടപെടലുകളും വിസ്മരിക്കപ്പെടുകയും ചെയ്യാറുണ്ട്. തന്‍റെ രാഷ്ട്രീയനിലപാടുകള്‍ സംബന്ധിക്കുന്ന അവ്യക്തതകള്‍ നീക്കുകയാണ് വിഷ്ണു നമ്പൂതിരിയുമായുള്ള അഭിമുഖ സംഭാഷണത്തില്‍ ഹരി ഗോവിന്ദന്‍.

വിഷ്ണു: രണ്ട് മാസം മുന്‍പ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തില്‍ ഹരി ഗോവിന്ദന്റെയൊരു ലേഖനം വന്നിരുന്നല്ലോ 'തോല്‍ ഇല്ലെങ്കില്‍ പാരമ്പര്യവാദികള്‍ കൊട്ട് നിര്‍ത്തുമോ?' എന്ന തലക്കെട്ടില്‍. പലപ്പോഴും ഇടതുപക്ഷ അനുഭാവിയെന്ന് അവകാശപ്പെട്ടിട്ടുള്ള ഹരിഗോവിന്ദന്‍റെ രാഷ്ട്രീയ വ്യതിചലനമായിട്ടാണോ ഈ ലേഖനത്തെ കാണേണ്ടത്?

ഹരിഗോവിന്ദന്‍: കേരളത്തിലെ വാദ്യങ്ങളില്‍ ഉപയോഗിക്കുന്ന തോലിന്റെ ലഭ്യതയെ പറ്റി ഒരു തരത്തിലുമുള്ള പഠനങ്ങളോ അന്വേഷണങ്ങളോ നടക്കുന്നില്ല. അങ്ങനെയാണ് 'മാപ്പിള ഇല്ലെങ്കില്‍ മാരാര്‍ കൊട്ടുമോ?' എന്ന പേരിലൊരു ലേഖനം മാധ്യമം ആഴ്ചപതിപ്പില്‍ പത്ത് വര്‍ഷം മുന്‍പേ എഴുതിയത്. അന്ന് അതൊരുപാട് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എഴുത്തുകാരന്‍ സക്കറിയ അതിനെ മറ്റൊരിടത്ത് ഉദ്ധരിച്ച് സംസാരിക്കുകയൊക്കെ ചെയ്തിരുന്നു. 10 കൊല്ലം കഴിഞ്ഞാണ് ഈ കന്നുകാലി നിയന്ത്രണ നിയമം ഒക്കെ വന്നത്. പക്ഷേ ഞാനിത് പത്തു കൊല്ലം മുന്‍പേ കണക്കാക്കിയിരുന്നു. ഈ കലാകാരന്മാര്‍ക്ക് ചില ദുരന്തങ്ങള്‍ ഒക്കെ നേരത്തെ പ്രവചിക്കാന്‍ പറ്റും. നമ്മുടെ വ്യക്തിപരമായ ദുരന്തങ്ങള്‍ അറിയാന്‍ സാധിക്കില്ല എന്നേ ഉള്ളൂ, സമൂഹത്തിനെ സംബന്ധിക്കുന്നത് ഒക്കെ നേരത്തെ അറിയാന്‍ സാധിക്കും. ഭൂമികുലുക്കം വരുന്നത് കന്നുകാലി നേരത്തെ അറിയും എന്ന് പറയുന്നത് പോലെ. പാരമ്പര്യവാദികള്‍ക്ക് ചിലപ്പോള്‍ ഈ ഇടയ്ക്കയില്‍ പ്ലാസ്റ്റിക് വരുന്നത് സങ്കല്‍പ്പിക്കാന്‍ പറ്റില്ല. സാങ്കേതികമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. എന്റെ കൈയ്യില്‍ ഫൈബര്‍ ഷീറ്റ് ഒട്ടിച്ച ഇടയ്ക്ക ഉണ്ട്. അതില്‍ ഈ പറഞ്ഞപോലെ തോല്‍ ഒട്ടിച്ച ഇടയ്ക്കയുടെ സാധ്യതകള്‍ ലഭിക്കണം എന്നില്ല. പക്ഷേ തോലിന്റെ ലഭ്യത ഉറപ്പിക്കാനായിട്ട് ഈ കൂട്ടര്‍ ഒന്നും ചെയ്യുന്നുമില്ല. മാരാര്‍മാര്‍ക്കും പൊതുവാള്‍മാര്‍ക്കും അറവുശാല നടത്താന്‍ അറിയില്ല, തോല് ശുദ്ധീകരിച്ചെടുക്കാന്‍ അറിയില്ല. അങ്ങനെ ഒരു സാഹചര്യത്തില്‍ അവര്‍ എങ്ങനെയാണ് അത് മാനേജ് ചെയ്യാന്‍ പോകുന്നതെന്ന ചോദ്യമായിരുന്നു ഉന്നയിച്ചത്. അതിന് എന്റെ ഇടതുപക്ഷ വിശ്വാസത്തില്‍ എങ്ങനെയാണ് മാറ്റമുണ്ടാക്കുന്നത്?

വിഷ്ണു: കന്നുകാലി നിയന്ത്രണ നിയമത്തിനെ അനുകൂലിക്കുന്ന ആര്‍എസ്എസ് പോലെയുള്ള സംഘടനയെ പിന്താങ്ങുന്ന രീതിയില്‍ അല്ലേ അപ്പോള്‍ ആ പറഞ്ഞത് വരുക?

ഹരി: കേരളത്തിലെ എണ്‍പത് ശതമാനം വാദ്യകലാപ്രവര്‍ത്തകരും ആര്‍എസ്എസിനെ അനുകൂലിക്കുന്നവരാണ്. അതുകൊണ്ടാണ് അവരോട് ഈ ചോദ്യം ചോദിക്കുന്നത്. മുഖ്യധാര വാദ്യകലാകാരന്മാരുടെ കേന്ദ്രം ക്ഷേത്രമാണ്. അവര്‍ ക്ഷേത്രത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നു. അവരെ ക്ഷേത്രോപജീവികള്‍ എന്ന് തന്നെ പറയാം. അപ്പോള്‍ അവര്‍ക്കാണ് ഇങ്ങനെയൊരു അടി കിട്ടിയിരിക്കുന്നത്. ഇടതുപക്ഷത്തിന് എതിരായ ഒരു പൊളിറ്റിക്കല്‍ പ്രസ്താവന അല്ല അത്.

വിഷ്ണു: സിപിഎമ്മിലോ സിപിഐയിലോ വിശ്വാസമില്ല എന്നാണ് താങ്കള്‍ പറയാറ്. എന്താണ് ഹരിഗോവിന്ദന്റെ ഇടതുപക്ഷ നിര്‍വചനം?

ഹരി: ഇടതുപക്ഷത്തിന്റെ പേരില്‍ ലോകത്തുള്ള ഒരു പ്രസ്ഥാനങ്ങളും പ്രവര്‍ത്തിക്കുന്നത് ശരിയായ ഇടതുപക്ഷ കാഴ്ചപ്പാടുകളിലൂടെയല്ല. അധികാരം എന്റെ ലക്ഷ്യമല്ല, അത് പോലെ സ്ഥാപനവത്കരണം എന്റെ ലക്ഷ്യമല്ല. മതാതീതമാണ് എന്റെ ലക്ഷ്യം, മതസൗഹാര്‍ദ്ദമല്ല. അതിവിടെ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന തട്ടിപ്പാണ്. മതങ്ങള്‍ അങ്ങനെ സൗഹൃദം സ്ഥാപിക്കാനായി നിര്‍മ്മിച്ചിരിക്കുന്ന ഒന്നല്ല. വിരുദ്ധമായ ആശയങ്ങളാണ് രണ്ടിലും. ഇടതുപക്ഷവും വലതുപക്ഷവും തമ്മില്‍ ചേര്‍ന്ന് പോകില്ലല്ലോ. മതം എന്ന സ്ഥാപനത്തില്‍ ഇടപ്പെട്ടുകൊണ്ടാണല്ലോ ഇടത് പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുന്നത്. എല്ലാ മതസ്ഥാപനങ്ങളേയും അംഗീകരിക്കുന്ന, അതിന്റെ എല്ലാ വിവശതകളെയും അംഗീകരിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന ഒന്നല്ല എന്റെ ഇടതുപക്ഷ നിര്‍വചനം.

വിഷ്ണു: സോപാനസംഗീതത്തെ സെക്കുലര്‍ ആര്‍ട്ട്‌ എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതും ആ അനുഭാവം നിലനില്‍ക്കുന്നത് കൊണ്ട് തന്നെയാണോ?

ഹരി: ഞാന്‍ അങ്ങനെയൊരു ഇടതുപക്ഷ പ്രചാരകനോ വക്താവോ അല്ല. എന്റെ പ്രവൃത്തി ഇടതുപക്ഷം ആയിപ്പോയതാണ്. എന്റെ ജീവിത സമീപനം അങ്ങനെ ആയിപ്പോയതാണ്. ഒരു കമ്മ്യുണിസ്റ്റ് എന്ന് പറയുന്നത് ഇന്ത്യന്‍ സനാതനസങ്കല്‍പ്പ പ്രകാരം നോക്കുകയാണെങ്കില്‍ ഋഷി സങ്കല്‍പ്പത്തിന് തുല്യമാണ്. ഋഷിസമാനമായ ചിന്തകളുണ്ടായാല്‍ തന്നെ അയാള്‍ ഇവിടെ കമ്മ്യുണിസ്റ്റ് ആയി. അതിലെ പ്രധാനമായ കാര്യമാണ് എല്ലാം ഉണ്ടായിട്ടും ഇല്ലാത്തവനെ പോലെ ജീവിക്കുക എന്നത്. അതാണ് കമ്മ്യുണിസ്റ്റിന്റെ പ്രഥമലക്ഷണം. കാരണം നമ്മള്‍ നിലകൊള്ളേണ്ടത് ഇല്ലാത്തവന് വേണ്ടിയാണല്ലോ. യഥാര്‍ത്ഥ ഋഷിമാര്‍ ഒരു നിലവിളക്ക് പോലും കൊളുത്തി വെച്ചിട്ടല്ലല്ലോ തപസ്സ് ചെയ്യാന്‍ പോകുന്നത്. സ്ഥാപനവത്കരണത്തിന്റെ ഭാഗമായാണല്ലോ നിലവിളക്ക് പോലും വരുന്നത്. ഞാന്‍ ഇതിനൊന്നും എതിരല്ല. ഇവയൊക്കെ ചെയ്യുന്നത് കൊണ്ട് സമാധാനം കിട്ടുന്നവര്‍ അനുഷ്ഠിച്ചോട്ടെ; എന്താണ് തെറ്റ്? ഒരുപക്ഷേ ഞാനും നാളെ ചെയ്‌തേക്കാം. പക്ഷേ അതിന്റെ പേരില്‍ മറ്റൊരാളോട് കലഹിക്കാതെ ഇരിക്കാനുള്ള മനസ് കൈമോശം വരാതെ കാത്തുസൂക്ഷിക്കണം. ഞാന്‍ മാത്രമല്ല ശരി. ഇടതുപക്ഷമാണ് സമ്പൂര്‍ണ്ണമായ ശരി എന്ന അഭിപ്രായം എനിക്കില്ല.

വിഷ്ണു: ബി.എഡ് റാങ്കോട് കൂടി പാസായിട്ടും എഴുത്തിലും ചലച്ചിത്രനിര്‍മ്മാണത്തിലുമൊക്കെ കൈ വച്ചിട്ടും സജീവമായി നില്‍ക്കുന്നത് സോപാനസംഗീതത്തില്‍ തന്നെയാണല്ലോ?

ഹരി: നമ്മള്‍ ഒരു സ്ഥലത്തേക്ക് യാത്ര പോകുകയാണ്, തീവണ്ടിയില്‍ തിരുവനന്തപുരത്തേക്ക് യാത്ര പോവുകയാണ് എന്ന് കരുതുക. അതിനിടയില്‍ സ്റ്റേഷനില്‍ ഇറങ്ങി ചായ കുടിക്കും, കടല വാങ്ങി തിന്നും. അങ്ങനെ എന്തെല്ലാം ചെയ്യും. അതിനിടയില്‍ തിരുവനന്തപുരത്തേക്കുള്ള യാത്ര മാറ്റി വെക്കേണ്ട കാര്യമില്ലലോ.

വിഷ്ണു: മാധ്യമപ്രവര്‍ത്തകന്റെ വേഷവും അണിഞ്ഞിട്ടുണ്ട് കുറച്ചു നാള്‍?

ഹരി: വിവാഹം കഴിഞ്ഞ കാലത്ത് ജോലിയുള്ളവനാണ് എന്ന ഒരു തോന്നല്‍ മറ്റുളവര്‍ക്ക് ഉണ്ടാക്കാന്‍ വേണ്ടിയാവാം. ഒരു ജോലിയും ഇല്ലാത്തവന്‍ എന്ന തോന്നല്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടി ഒരുപാട് അഭിനയിക്കേണ്ടി വന്നവനാണ് ഞാന്‍. ഈ അഭിനയത്തിന്റെ അളവ് പരമാവധി കുറച്ചു കൊണ്ടുവരാനുള്ള ശ്രമമമാണ് എനിക്ക് ജീവിതം. നാട്യം കുറച്ചു കുറച്ചു കൊണ്ടുവന്ന് അവസാനം ഒന്നുമില്ലാതെ ആകുമ്പോഴേക്കും എന്റെ ആയുസ്സ് കഴിഞ്ഞിട്ടുണ്ടാകും. ഒട്ടും നാട്യമില്ലാത്തവനായി എന്നെ കാണപ്പെടുക ഞാന്‍ മരിച്ചു കിടക്കുമ്പോളാകും. അവിടെ അഭിനയം നടപ്പില്ലലോ. അങ്ങനെ അഭിനയമില്ലാത്തൊരു അവസ്ഥയിലേക്ക് എത്തുക. ബി.എഡ് കഴിഞ്ഞ് അധ്യാപകനായി സ്‌കൂളിലും പണിയെടുത്തിട്ടുണ്ട് കുറെ നാള്‍.

വിഷ്ണു: ഒരുതരം father fixation ഹരിഗോവിന്ദനിലുണ്ടോ, അച്ഛന്റെ ലെഗസിയോടുള്ള അന്ധമായ ആരാധന?

ഹരി: അച്ഛന്‍ എനിക്ക് ഇഷ്ടമുള്ള ഒരാളാണ്. എല്ലാം തികഞ്ഞ ഒരാളൊന്നുമല്ല. ഞാന്‍ നേരില്‍ കണ്ടിട്ടുള്ള കലാകാരന്മാരില്‍ നിന്ന്, സാധാരണ മനുഷ്യരില്‍ നിന്നൊക്കെ വ്യത്യസ്തനായിരുന്നു അച്ഛന്‍. മാതൃകയായി സ്വീകരിക്കാന്‍ ഒരാളില്ലലോ എന്ന വിഷമം പലപ്പോഴും ഇല്ലാതാക്കുന്നത് അച്ഛന്റെ സാന്നിധ്യമാണ്. ഭൗതികമായല്ല അച്ഛന്റെ സാന്നിധ്യം അനുഭവിച്ചിട്ടുള്ളത്. മരണശേഷമാണ് ഞാന്‍ അച്ഛനെ കൂടുതല്‍ അനുഭവിക്കുന്നത്. രണ്ട് ദിവസം മുന്‍പേ പോലും അച്ഛന്‍ എന്റെ സ്വപ്നത്തില്‍ വന്നിരുന്നു. ഇതുവരെ കാണാത്ത വേഷത്തില്‍ കാവി മുണ്ടും ഓം എന്നും നാരായണ എന്നുമൊക്ക എഴുതിയ പുതിയ തരം കുപ്പായമില്ലേ, അതൊക്കെ ഇട്ട് നരച്ച മുടി ഒക്കെ നീട്ടി വളര്‍ത്തി വളരെ സ്മാര്‍ട്ടായിട്ട്. ഞാന്‍ അച്ഛനെ പിടിച്ച് അതിഭീകരമായി ഇങ്ങനെ കരയുകയാണ്. എനിക്ക് ഇനി അലയാന്‍ വയ്യ എന്നും പറഞ്ഞു.

വിഷ്ണു: പാട്ടോളം എന്ന സ്വപ്നപദ്ധതിയ്ക്കായി വീട് വില്‍ക്കുക, കലാശ്രമത്തില്‍ തന്നെ കുടുംബമായി താമസിക്കുക, അക്കാദമി അവാര്‍ഡുകളെ പുച്ഛിക്കുക, അച്ഛനെ പോലെ മറ്റൊരു അവധൂതന്‍ ആകാന്‍ ശ്രമിക്കുകയാണോ ഹരിഗോവിന്ദന്‍?

ഹരി: ഞാന്‍ അവധൂതനാകാന്‍ ശ്രമിച്ചാല്‍ അത് അഭിനയമേ ആകൂ. എന്നെ ആശ്രയിച്ച് കഴിയുന്ന ഒരു ഭാര്യയും മകളുമുണ്ടെനിക്ക്. അന്ന് ഏഴ് മക്കളുള്ള രാമപൊതുവാളിന് അവധൂതനാകാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ ഭാര്യയുടെ മനോബലം ഒന്നുകൊണ്ടു മാത്രമാണ്. ആ മനോബലം എന്റെ ഭാര്യക്കില്ല. മറ്റൊരു ഞെരളത്ത് രാമപ്പൊതുവാളിനെ ഇനി ആവശ്യമില്ല. അച്ഛന്റെ ഫോട്ടോസ്റ്റാറ്റിനേയും ആവശ്യമില്ല. സാഹചര്യം നയിക്കുന്നത് അങ്ങനെ ആണെങ്കില്‍ ആയിത്തീരും എന്ന് മാത്രം. ഏതായാലും ബോധപൂര്‍വം എന്റെ ഭാഗത്ത് നിന്നും അങ്ങനെ അവധൂതനാകാനുള്ള ഒരു ശ്രമം ഉണ്ടാവില്ല.

വിഷ്ണു: ഏങ്ങനെയുള്ള സ്ഥാപനമായാണ് ഹരി കലാശ്രമത്തിനെ വിഭാവനം ചെയ്തത്?

ഹരി: കലാശ്രമം ഞാന്‍ ജീവിതത്തില്‍ ചെയ്‌തൊരു മണ്ടത്തരമായിരുന്നു. എല്ലാ സ്ഥാപനങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി സ്ഥാപനവല്‍കൃതമായ ഒന്നിന്റേയും ആനുകൂല്യം സ്വീകരിക്കാതെ ജീവിച്ച ഒരു മനുഷ്യന്റെ പേരില്‍ ഒരു സ്ഥാപനം ഉണ്ടാകണം എന്നാഗ്രഹിച്ചത് എന്റെ വിവരക്കേട് ആയിരുന്നു. അതിന്റെ ദോഷങ്ങള്‍ ഞാന്‍ അനുഭവിക്കേണ്ടിയും വന്നു. ഒറ്റയ്ക്ക് കല്ല് ചുമന്ന് കലാശ്രമം ഉണ്ടാക്കി, അച്ഛന്റെ ഇടയ്ക്ക പ്രതിഷ്ഠിച്ച് ശ്രീകോവില്‍ ഉണ്ടാക്കി. അതിന്റെ പേരില്‍ കുറെ നാട്ടുകാരെയും വീട്ടുകാരെയും വെറുപ്പിച്ചു, കുറെ രാഷ്ട്രീയക്കാരെ ശത്രുക്കളാക്കി. ഇനി ഈ സ്ഥാപനത്തെ മരണം വരെ പരിപാലിക്കുകയും വേണമല്ലോ. ചെയ്യാന്‍ പാടില്ലായിരുന്നു. അതിന് പകരം ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യാന്‍ തുടങ്ങിയത് പിന്നെയും കുറെ വൈകിയാണ്. ശ്രദ്ധിക്കപ്പെടേണ്ട കലാരൂപങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കാന്‍ നടത്തേണ്ടത് സെമിനാറുകള്‍ അല്ല, ഫെസ്റ്റിവലുകള്‍ ആണ്. അത്തരം ഫെസ്റ്റിവലുകള്‍ നടത്താന്‍ എനിക്ക് പിന്നെയും കുറെ സമയം വേണ്ടി വന്നു. അതില്‍ അങ്ങനെ വലിയ കാര്യം ഒന്നുമില്ല. ഞാന്‍ തന്നെ വേണമെങ്കില്‍ ജെ.സി.ബി ഉപയോഗിച്ച് കലാശ്രമം ഇടിച്ചുനിരത്തിയേക്കാം.

വിഷ്ണു: പത്താംനൂറ്റാണ്ടില്‍ ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ രൂപംകൊണ്ട സംഗീതരൂപമാണല്ലോ അഷ്ടപദി; പുറത്തുനിന്ന് വന്ന ഈ കലാരൂപം കേരളത്തില്‍ ഇത്രയും പ്രചാരവും സ്വീകാര്യതയും നേടി...

ഹരി: ചൈതന്യ മഹാപ്രഭു എന്ന ജയദേവരുടെ ശിഷ്യന്‍ ഉള്‍പ്പടെയുള്ള സംഘം, അദ്ദേഹം ജയദേവരുടെ അനുജനാണെന്നും വാദമുണ്ട്, അവര്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. ഒപ്പം കേരളത്തിലും വന്നു, ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടില്‍. അന്ന് ഇവിടെ ക്ഷേത്രമുണ്ടോ എന്ന് ഉറപ്പില്ല. പരശുരാമപ്രോക്തമായിട്ടുള്ള താന്ത്രിക വിധി പ്രകാരം ക്ഷേത്രാരാധന സമ്പ്രദായം നിലനിന്നിട്ടുണ്ടെങ്കില്‍ ആ സംഘം എത്തിയിട്ടുണ്ടാവുക ക്ഷേത്രങ്ങളില്‍ ആകും. കാരണം അവര്‍ ഭക്തന്മാര്‍ ആണല്ലോ. അങ്ങനെ ആണെങ്കില്‍ ക്ഷേത്രത്തില്‍ അന്ന് കൊട്ടിപ്പാടിയിരുന്ന ഏക സംഗീതജ്ഞ്ന്‍ സോപാനക്കാരനാണ്. ആ സോപാനക്കാരന്‍ ഇവരുടെ അഷ്ടപദി കേട്ടിട്ടുണ്ടാകും, അപ്പോള്‍ അയാള്‍ക്ക് തോന്നിക്കാണും ഇത് ക്ഷേത്രത്തില്‍ പാടാന്‍ കൊള്ളാമെന്ന്. അങ്ങനെ സോപാനക്കാരന്‍ കടമെടുത്തതാകണം. സോപാനക്കാരന് ലിറിക്‌സിന്റെ ദാരിദ്ര്യമുണ്ടായിരുന്നു. കാരണം ഒരു സോപാനക്കാരന് ജീവിതകാലം മുഴുവന്‍ പാടാന്‍ ആകെ ആറേഴ് പാട്ട് മതി. ഒരാചാരം പോലെ പാടാന്‍ എത്ര പാട്ട് വേണം, സ്‌കൂളില്‍ പ്രാര്‍ത്ഥനാഗീതം പാടാന്‍ എത്ര എണ്ണം വേണം, അതുപോലെ ഒരു ചടങ്ങ്. അത്രേയുള്ളു. അന്ന് അഷ്ടപദി കടം കൊള്ളാം എങ്കില്‍ ഇന്ന് എന്ത് വേണമെങ്കിലും കടംകൊള്ളാം.

വിഷ്ണു: കവിതകളാകാം കുറച്ചുകൂടി സ്വാധീനമുള്ള മാധ്യമം എന്നത് കൊണ്ടാണോ സോപാനസംഗീതത്തിന്റെ സാങ്കേതിക വിദ്യയെ താങ്കള്‍ കവിതകളില്‍ പ്രയോഗിച്ചത്?

ഹരി: മനുഷ്യരുടെ ഒരു തെറ്റിദ്ധാരണയാണത്. നൂറ്റാണ്ടുകളായി പാടികൊണ്ടിരിക്കുന്ന സകല പാട്ടുകളും കവിതകള്‍ തന്നെയാണ്. കവിതയേയും പാട്ടിനേയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍വരമ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. ജയദേവരുടെ ഗീതഗോവിന്ദം എന്ന ഇരുപത്തിനാല് പാട്ടുകള്‍ അദ്ദേഹത്തിന്റെ ഇരുപത്തിനാല് കവിതകളാണ്. ദേവീസ്തുതിയും ഘനസംഘവും ഒക്കെ കവിതകളാണ്. സാങ്കേതികതയില്‍ ഉള്ള വ്യത്യാസം മാത്രമേയുള്ളൂ. അന്ത:സത്ത ഒന്ന് തന്നെയാണ്. സാധാരണ മനുഷ്യന് വളരെ എളുപ്പത്തില്‍ അനുകരിക്കാന്‍ കഴിയുന്നത് ആണ് കവിതകളും നാടന്‍പാട്ടുമൊക്കെ.

വിഷ്ണു: അല്‍പ്പം സ്വകാര്യതയിലേക്ക് നീളുന്നൊരു ചോദ്യമാണ്, എനിക്ക് കിട്ടിയ ഹരിയുടെ മൊബൈല്‍ നമ്പര്‍ true callerല്‍ പരിശോധിച്ചപ്പോള്‍ പ്രൊഫഷന്‍ ആയി കണ്ടത് ബാര്‍ബര്‍ എന്നാണ്. വാക്കിലും എഴുത്തിലും ഒക്കെയൊരു സരളമായ, രസകരമായ വികടത്വം എപ്പോഴും പ്രകടമാണല്ലോ?

ഹരി: നമ്മള്‍ക്ക് നമ്മളായിട്ട് നില്‍ക്കാനല്ലേ കഴിയൂ, ഞാന്‍ എന്താണോ അങ്ങനെയല്ലേ എനിക്ക് എന്നെ ആവിഷ്‌കരിക്കാന്‍ കഴിയൂ. എനിക്ക് വേണമെങ്കില്‍ നിങ്ങളോട് വളരെ ഗൗരവമായി സംസാരിക്കാം. എല്ലാവരില്‍ നിന്നും നമ്മള്‍ പ്രതീക്ഷിക്കുന്നതും അതൊക്കെ തന്നെയാണ്. ഹരി ഇങ്ങനെയാണ് സംസാരിക്കുക ആ വികടത്വമൊക്കെ നമ്മളുടെ പെരുമാറ്റത്തില്‍ തന്നെയുള്ളതാണ്.

വിഷ്ണു: വിവാദങ്ങളിലൂടെയുള്ള ശ്രദ്ധയാകര്‍ഷിക്കല്‍ ഇഷ്ടമല്ല എന്ന് പറയുന്ന താങ്കള്‍ പലപ്പോഴും പല പ്രസ്ഥാനങ്ങളുടെയും പല വ്യക്തികളുടെയും പേര് എടുത്തുപറഞ്ഞ് സ്വയം വിവാദം ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു?

ഹരി: എന്റെ സത്യസന്ധതയുടെ ഭാഗമാണത്. കാരണം നമ്മള്‍ സത്യസന്ധരായി പെരുമാറുമ്പോള്‍ ദോഷവശങ്ങളെ പറ്റി ചിന്തിക്കാറില്ല. തലച്ചോറ് കൊണ്ടല്ല ഞാന്‍ പെരുമാറുന്നത്. ഹൃദയം കൊണ്ടാണ്. തലച്ചോറ് കൊണ്ട് പെരുമാറുന്നൊരാള്‍ക്ക് വരുംവരായ്കകളെ പറ്റി ചിന്തിക്കാനുള്ള ബുദ്ധി ഉണ്ടാകും. ഞാന്‍ ബുദ്ധിയുള്ള ആളല്ല, എനിക്ക് വിചാരം വളരെ കുറവും വികാരം വളരെ കൂടുതലുമാണ്.

വിഷ്ണു: കല വീണ്ടെടുക്കാന്‍ പുഴയെ പുനരുജ്ജീവിപ്പിക്കുന്നു, കലയിലെ ജാതീയമായ വേര്‍തിരിവ് അകറ്റാനോ?

ഹരി: ഒരാള്‍ നമ്മളോട് നീ ഈ ജാതിയിലാണെന്ന് പറയുമ്പോളാണ് സത്യത്തില്‍ നമ്മള്‍ മനസിലാക്കുന്നത് നമ്മളുടെ ജാതിയും മതവുമൊക്കെ. ദളിതര്‍ക്കൊക്കെ പറ്റിയത് എന്താണെന്ന് വെച്ചാല്‍, നമ്മള്‍ ചാത്തനും പോത്തനും ഒക്കെയാണ്, നമ്മള്‍ക്കൊന്നും ഒരു നിലയും വിലയും ഉണ്ടാകില്ല, അങ്ങനെ ഒരു തോന്നല്‍ അവരുടെ ഉള്ളില്‍ ഉണ്ടാവുകയാണ്. അവസാനം എന്താണ് സംഭവിച്ചതെന്ന് വച്ചാല്‍ എല്ലാ ദളിതര്‍ക്കും തമ്പുരാന്‍ ആകാനായി മോഹം. ഞാന്‍ പല ദളിത് കലാകാരന്മാരെയും ഉയര്‍ത്തിക്കൊണ്ടുവരാനായി ഒരുപാട് പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. അവരുടെ ജാതി പറയാതെ തന്നെ അവരുടെ പ്രതിഭയെ ബഹുമാനിക്കുന്ന ഒരു സമൂഹത്തെ നിര്‍മ്മിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. അല്ലാതെ വ്യക്തിയെ വളര്‍ത്താനല്ല. ആ നിലയ്ക്ക് എന്റെ മെഷിനറി ഞാന്‍ കുറച്ച് മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട്. ആളുകള്‍ ശ്രദ്ധിക്കാതെ പോകാന്‍ സാധ്യതയുണ്ടായിരുന്ന, ദളിത് കുടുംബങ്ങളില്‍ ജനിച്ച പല കലാകാരന്മാരെയും ഉള്‍ക്കൊള്ളാന്‍ പ്രാപ്തിയുള്ള സമൂഹത്തെ നിര്‍മ്മിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അതിനനുസരിച്ച് ആ കലാകാരന്മാര്‍ വളര്‍ന്നില്ല. അവര്‍ക്കിതിന്റെ പൊളിറ്റിക്‌സ് അറിയില്ല. എന്താണ് ഞങ്ങളെ വേദികളില്‍ കൊണ്ട് വരുന്നതിലൂടെ ഹരി ഗോവിന്ദന്‍ ഉദ്ദേശിച്ചതെന്ന് അവര്‍ക്ക് മനസ്സിലായില്ല. എല്ലാ തൊഴിലാളിക്കും മുതലാളി ആകാന്‍ അല്ലേ താല്‍പര്യം; അതുപോലെ എല്ലാ ദളിതനും തമ്പുരാനാകാനാണ് താത്പര്യം. അവര്‍ ഏത് ശക്തിയോട് ഏറ്റുമുട്ടി ആണോ ഇന്‍ഫീരിയര്‍ ആകേണ്ടി വന്നത്, ആ ശക്തി ആകാനാണ് അവര്‍ ശ്രമിക്കുന്നത്. അല്ലാതെ കല ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയയോ തന്റെ ഇപ്പോഴുള്ള രൂപം കൊള്ളാം എന്ന് തെളിയിക്കുകയോ അവര്‍ ചെയ്തില്ല. കലാകാരന്മാരില്‍ പൊതുവായി കാണുന്ന ബലഹീനതകള്‍ പോലും ഇവരില്‍ കാണുമ്പോള്‍ സമൂഹം അതവരുടെ ജാതീയുമായി കൂട്ടിക്കെട്ടും. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള ജാഗ്രത അവര്‍ക്കൊട്ടില്ല താനും.

വിഷ്ണു: ജനിച്ച നാടിനെയും മണ്ണിനെയും മറ്റെന്തിനെക്കാളും സ്‌നേഹിച്ച ഞെരളത്തിന്റെ മകന് പിറന്ന നാട്ടിലേക്ക് ഒരു മടക്കയാത്രക്ക് ആഗ്രഹമില്ലേ?

ഹരി: എനിക്ക് അങ്ങനെ ഒരു സ്ഥലത്തിനോടും കമ്മിറ്റ്‌മെന്റില്ല, മനുഷ്യരോടും കമ്മിറ്റ്‌മെന്റില്ല. പ്രിയപ്പെട്ട ഒന്നില്ലെങ്കില്‍ ഉണ്ടാകേണ്ട ദുഃഖം എനിക്കില്ല. എന്റെ അച്ഛന്‍ മരിച്ചു. കുറെ കഴിയുമ്പോള്‍ അമ്മ മരിക്കും, സഹോദരങ്ങള്‍ മരിക്കും അതിനേക്കാള്‍ ഒന്നും വലുതല്ലല്ലോ നാട്. നാടിനാവശ്യമുണ്ടെങ്കില്‍ എന്നെ വിളിച്ചോളും.

വിഷ്ണു: ഷഹബാസ് അമന്‍ പറഞ്ഞു കേട്ടിട്ടുണ്ട്, ഒരു പരിധി കഴിഞ്ഞാല്‍ സംഗീതം ഒരായുധമാണെന്ന്. ഹരിക്ക് സംഗീതം ആയുധമായി മാറുന്ന പരിധി?

ഹരി: സത്യത്തില്‍ അങ്ങനെ പറയുന്നത് സംഗീതം സമൂഹത്തിലുള്ള പല തിന്മകള്‍ക്കും എതിരായിട്ട് പ്രതികരിക്കാനുള്ള ഒരു ടൂള്‍ ആയിട്ട് എന്നാണ്, ഉപകരണം ആയിട്ട്. വാളും കത്തിയും ഒക്കെ ആയുധം മാത്രമല്ല ഉപകരണം കൂടിയാണ്. പ്രവൃത്തിയെ ലഘൂകരിക്കാന്‍ അല്ലെങ്കില്‍ ബോധവത്ക്കരിക്കുവാനുള്ള ഉപകരണം. അങ്ങനെയുള്ള ഒരുപാട് ലഘൂകരണ മാര്‍ഗങ്ങളില്‍ ഒന്നാണ് സംഗീതം. മനുഷ്യര്‍ തമ്മിലുള്ള സംഘര്‍ഷത്തെ ലഘൂകരിക്കാം, സ്വന്തം മനസിന്റെ സംഘര്‍ഷത്തെ ലഘൂകരിക്കാം, ആളുകള്‍ തമ്മിലുള്ള മത്സരത്തെ ലഘൂകരിക്കാം, ആത്യന്തികമായി ഓരോ മനുഷ്യനും സംഗീതത്തെ ഉപയോഗിക്കുന്നത് അവനവന്റെ ജീവിതസമരത്തെ നേരിടാനാണ്. സമൂഹത്തിലുള്ള സകല ദുരിതങ്ങളേയും പരിഹരിക്കാന്‍ സാധിക്കുന്ന ഉപകരണമാക്കി സംഗീതത്തെ മാറ്റുക എന്നതാണ് ഈ പ്രസ്താവന കൊണ്ട് ഉദ്ദേശിക്കുന്നത്. കലാകാരന്റെ ജീവിതത്തിലെ കുറവുകള്‍ പലപ്പോഴും അയാള്‍ നികത്തുക അയാളുടെ കല കൊണ്ട് തന്നെയാണ്. എന്റെ മനസിലുള്ള നിഷേധവികാരങ്ങളെ മറികടക്കാനുള്ളൊരു ആയുധമാണെനിക്ക് സംഗീതം. അതേ നിഷേധവികാരങ്ങളെ സമൂഹത്തില്‍ നിന്ന് എലിമിനേറ്റ് ചെയ്യാനുള്ള ആയുധമായും സംഗീതത്തെ ഉപയോഗിക്കാം.

വിഷ്ണു: കലാകാരന്‍ എന്ന സ്വത്വം മാറ്റിനിര്‍ത്തിയാല്‍ നിലനില്‍പ്പിനായി എന്തിനെയാകും ആശ്രയിക്കുക?

ഹരി: എന്തെല്ലാം ജോലികള്‍ കിടക്കുന്നു, സെക്യൂരിറ്റി ഗാര്‍ഡായിട്ട് പോകാം, ഹോട്ടലില്‍ സപ്ലയറായി പോകാം. ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഞാന്‍ രണ്ട്, മൂന്ന് മാസം ഹോട്ടലില്‍ സപ്ലയറായി നിന്നിട്ടുണ്ട്. ആരോഗ്യമുണ്ടെങ്കില്‍ എന്തെല്ലാം ജോലികള്‍ ഉണ്ട്; ആരോഗ്യമില്ലെങ്കില്‍ നമ്മളിനി ജില്ലാ കളക്ടറായിട്ടും വലിയ കാര്യമൊന്നുമില്ല. പിന്നെ ഭിക്ഷാടകനായിട്ട് പോകാം. അവനവന്റെ എല്ലാ ഈഗോയും അവസാനിക്കുന്ന ഒരവസ്ഥയല്ലേ അത്. ഭിക്ഷാടകനാകുന്നതോടെ നമ്മളുടെ ഏറ്റവും പ്രധാനപ്പെട്ടതും ആദ്യത്തേതുമായ ആവശ്യം മാത്രമേ മുന്നില്‍ വക്കുന്നുള്ളൂ - ഭക്ഷണം. ആവശ്യങ്ങള്‍ തന്നെ പരിമിതപ്പെടും. കലാകാരന്‍ എന്നത് എന്റെയൊരു ഐഡന്റിറ്റിയേയല്ല, കലാകാരന്‍ എന്നതൊരു പ്രത്യേക ഐഡന്റിറ്റിയാണെന്ന ധാരണയാണ് പ്രശ്‌നം. മനുഷ്യനാണെങ്കില്‍ കലാകാരനായിരിക്കും.

വിഷ്ണു: "ചാകാണ്ടിരിക്കാനെങ്കിലും പാടെടി തേവിയെ, പാടീട്ട് ചാകാനെങ്കിലും പാടേടി തേവിയെ" - നിലനില്‍പ്പിന്റെ സംഗീതം തന്നെയല്ലേ ഈ വരികളിലുള്ളത്, പാട്ടിലൂടെ തന്നെ ആ അവസ്ഥ പ്രകടിപ്പിക്കേണ്ട സാഹചര്യമാണോ ഇപ്പൊ കേരളത്തിലുള്ളത്?

ഹരി: പാട്ടിലൂടെയുള്ള പ്രതിഷേധങ്ങള്‍ കൊണ്ട് പരിവര്‍ത്തിപ്പിക്കപ്പെടാനുള്ള സാധ്യത ഈ സമൂഹത്തിലുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത്ര വേഗത്തിലുള്ള പരിവര്‍ത്തനങ്ങളൊന്നും തന്നെ ഇനി ഈ സമൂഹത്തില്‍ നടക്കില്ല. പിന്നെ സമൂഹത്തിന് പ്രശ്‌നം ഉണ്ടെന്നത് നമ്മുടെ തോന്നലല്ലേ, സമൂഹത്തിന് അങ്ങനെയൊരു തോന്നലുണ്ടെങ്കില്‍ സമൂഹം താനേ മാറിക്കോളും. എന്റെ സങ്കല്‍പ്പത്തില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മില്‍ തല്ലുന്നത് മോശമാണ്. പക്ഷേ ഭൂരിഭാഗം സമൂഹത്തിനും ആ തോന്നലുണ്ടായാല്‍ അല്ലേ എന്റെ ആ തോന്നലിന് പ്രസക്തിയുള്ളൂ; അവര്‍ തിരുത്തകയുള്ളൂ.


Next Story

Related Stories