UPDATES

വായന/സംസ്കാരം

ചിക് പുക് ചിക് പുക് റെയിലെ; തീവണ്ടിത്താളത്തിൽ അവസാന ഗാനം പാടി നിർത്തി ജോയ് പീറ്റര്‍

ആ മുൻവിധിയെ തകർത്തു കൊണ്ട് ഒരു ചെറുപ്പക്കാരൻ തലശ്ശേരിയിൽ നിന്നു വന്നു ഞങ്ങളുടെ കൗമാരത്തിന്റെ ഞരമ്പുകളിൽ തീ പകർന്നു

ഷിജു ആര്‍

ഷിജു ആര്‍

പാട്ട് ഒരു കേൾവിയായിരുന്നു ബാല്യത്തിൽ ആകാശവാണിയാണ് സ്ഥിരമായ പാട്ടനുഭവം. സിനിമ കാണാറുണ്ടെങ്കിലും അതിലെ പാട്ടു രംഗങ്ങൾ രസം കൊല്ലികളായാണ് തോന്നിയിരുന്നത്. അടി രംഗങ്ങൾ എത്രയുണ്ടെന്നതായിരുന്നു കുട്ടിക്കാലത്തെ സിനിമാക്കാഴ്ചയുടെ മാനദണ്ഡം. ഇഷ്ടനടന്മാരിൽ ആരാണ് തമ്മിലടിച്ചാൽ വിജയിക്കുക എന്നത് ഞങ്ങളുടെ സ്കൂൾ കാലത്തെ “സില്മാ”ക്കഥാ നേരങ്ങളിലെ ഒരിക്കലും അവസാനിക്കാത്ത തർക്കമായിരുന്നു.

സ്കൂൾ കലോത്സവത്തിനും കലാസമിതി വാർഷികങ്ങൾക്കും ലളിതഗാന മത്സരങ്ങൾ, ഗ്രാമീണ ഗാനസദസ്സുകൾ എന്നിവയുണ്ടായി. തുടയിൽ കൈ കൊണ്ടോ കാൽപാദങ്ങൾ കൊണ്ടോ താളം പിടിക്കുന്നതിനപ്പുറം നിശ്ചല ദൃശ്യങ്ങളായിരുന്നു ഓരോ ഗായകനും ഗായികയും. മുന്നിൽ നിൽക്കുന്ന കാണിക്കൂട്ടങ്ങളുടെ ‘നരകത്തിൽ നിന്നെന്നെ കരകേറ്റീടണേ’ എന്ന നിശബ്ദ പ്രാർത്ഥന പോലെ അവരെല്ലാം മുകളിലെവിടെയോ പകച്ച മിഴികൾ നട്ടു പാട്ടു പാടി തീർത്തു.

ഈ ബാല്യവും പിന്നിട്ട് കൌമാരമെത്തിയപ്പോൾ കാഴ്ചകൾ വികസിച്ചു. ചെണ്ടപ്പുറത്ത് കോലുവീഴുന്ന തെറപ്പറമ്പുകൾ തെണ്ടി നടക്കുന്ന കൗമാരം. കണ്ടുതീർത്ത പ്രൊഫഷണൽ നാടകങ്ങൾക്കും ആടിത്തിമർത്ത ഗാനമേളകൾക്കും എണ്ണമില്ല. പാട്ട് കേൾവി മാത്രമല്ല, കാഴ്ച കൂടിയാണെന്ന് അനുഭവിപ്പിച്ച ഓർക്കസ്ട്രകൾ. കോയമ്പത്തൂർ മല്ലിശേരി, കൊച്ചിൻ ഹരിശ്രീ.. തുടങ്ങി അക്കാലത്തു ഏതോ ദൂര ദേശത്തു നിന്നും വന്നു അത്ഭുതങ്ങൾ സൃഷ്ടിച്ച് ആ ഗായകസംഘങ്ങൾ വന്നും പോയുമിരുന്നു.

അകലം കൂടുംതോറും കൗതുകം കൂടുമെന്നത് പ്രൊഫഷണൽ കലയിലെ ഒരു അന്ധവിശ്വാസമാണ്. തിരുവനന്തപുരമെന്നും കൊച്ചിനെന്നും അങ്കമാലിയെന്നും പേരുള്ള നാടക/ഗായക സംഘങ്ങൾക്ക് മുൻപിൽ വാ പൊളിച്ചു നിന്ന നാട്ടുകാർ പലപ്പോഴും നാട്ടിലെ കലാസംഘങ്ങളെ വകവയ്ക്കാറില്ലെന്നു തോന്നുന്നു. പക്ഷേ ആ മുൻവിധിയെ തകർത്തു കൊണ്ട് ഒരു ചെറുപ്പക്കാരൻ തലശ്ശേരിയിൽ നിന്നു വന്നു ഞങ്ങളുടെ കൗമാരത്തിന്റെ ഞരമ്പുകളിൽ തീ പകർന്നു.

അല്പം ഇറക്കി വളർത്തിയ മുടി. താടി… ആത്മവിശ്വാസത്തോടെ കാണികളെ നോക്കുന്ന കണ്ണുകളിലെ പുഞ്ചിരി…

അനൗൺസർ പറയുന്നു. “അടുത്തതായി ജെന്റിൽമാൻ എന്ന ചിത്രത്തിലെ ചിക് പുക് ചിക് പുക് റെയിലെ എന്ന ഗാനവുമായി എത്തുന്നു…. ജോയ് പീറ്റർ”

പാട്ടിന്റെ കയറ്റിറക്കങ്ങളോട് തരിമ്പ് ഒത്തുതീർപ്പില്ലാത്ത ആലാപനം. ഏറ്റവും ഊർജ്ജ സ്വലമായ നൃത്തം.. ഇങ്ങനെ പാട്ട് കാഴ്ചയാവുന്ന കലാവിരുതിന്റെ ആദ്യ ആവിഷ്കാരവും അനുഭവവുമായിരുന്നു ഞങ്ങൾക്ക് ജോയ് പീറ്റർ.

ഗാനമേള നടക്കുന്ന വയലുകളിലും ഉത്സവപറമ്പുകളിലും വടം കൊണ്ടും മുളകൊണ്ടും വേർതിരിച്ച ഇടങ്ങളിൽ നിന്നും തിമർത്തു നൃത്തം ചെയ്ത ചെറുപ്പക്കാർ, സ്ത്രീകളുടെ ഭാഗത്ത്‌ നിന്നും ആരെങ്കിലുമൊക്കെ തങ്ങളുടെ നൃത്തം ഒളികണ്ണാൽ നോക്കുന്നതായും, നാണം പുരണ്ട ചിരിയോടെ കൂട്ടുകാരികളോട് തന്നെക്കുറിച്ച് പറയുന്നതായും സങ്കല്പിച്ചു. അതവരുടെ കൈകാലുകൾക്ക് കൂടുതൽ ചടുലത പകർന്നു. തമ്മിൽ തട്ടിപ്പോയപ്പോൾ ഊറ്റത്തോടെ വഴക്കിട്ടു. കയ്യാങ്കളിയുണ്ടായി. സംഘം തിരിഞ്ഞു തമ്മിൽതല്ലി.

കൊടിയിറങ്ങിയ ഒരു കാലത്തിന്റെ ഉത്സവമായിരുന്നു, ജോയ് പീറ്റർ.

റിയാലിറ്റി ഷോകൾ, കൂണു പോലെയുള്ള കരോക്കെ സംഘങ്ങൾ, റെക്കോർഡ്‌ ചെയ്ത സംഗതികൾക്ക് ചുണ്ടനക്കുന്നവർ സൃഷ്ടിച്ച വിശ്വാസരാഹിത്യങ്ങൾ തുടങ്ങി, നമ്മുടെ പാട്ടരങ്ങുകൾക്ക് സംഭവിച്ച മാറ്റങ്ങളിൽ ജോയ് പീറ്ററിന്റെ സ്ഥാനമെവിടെയായിരുന്നു? അന്വേഷിച്ചില്ല. കലാബോധത്തിൽ, ആനന്ദങ്ങളിൽ, സൗന്ദര്യ സങ്കല്പങ്ങളിൽ ഒക്കെയുണ്ടായ മാറ്റങ്ങൾ കൊണ്ട് മനസ്സിലെ ഉത്സവപ്പറമ്പുകൾ കാടുമൂടിയിട്ട് കാലം കുറച്ചായി.

കാറ്റൊഴിഞ്ഞ ബലൂണുകളോ, കുപ്പിവളക്കഷ്ണങ്ങളോ, നിലക്കടലത്തോടോ കണ്ടേക്കുമെവിടെ, കയറി നോക്കാറില്ല.

ഒരു കാലത്തേ ത്രസിപ്പിച്ച സുഹൃത്തേ,
തീവണ്ടിത്താളത്തിൽ അവസാന ഗാനം പാടി നിർത്തിയ നിന്നെയും ആ ഓർമ്മകളുടെ കാട്ടുതൊടിയിൽ ഞാൻ അടക്കംചെയ്യുന്നു.

(ഫേസ്ബുക്ക് പോസ്റ്റ്)

വീഡിയോ: കരോക്കെയും ലാലിസവുമൊക്കെ വരുന്നതിനും എത്രയോ മുൻപ് ജോയ് പീറ്റർ തലശ്ശേരിക്കാർക്ക് റഹ്മാനും യേശുദാസും എസ് പി ബിയുമായിരുന്നു

ഷിജു ആര്‍

ഷിജു ആര്‍

കോഴിക്കോട് സ്വദേശി. അധ്യാപകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍