TopTop
Begin typing your search above and press return to search.

റിമോട്ട് കണ്‍ട്രോള്‍: ദളിത് ടി.വി പ്രേക്ഷകരും സ്റ്റോപ് മീഡിയ വയലന്‍സ് ക്യാമ്പയിനും

റിമോട്ട് കണ്‍ട്രോള്‍: ദളിത് ടി.വി പ്രേക്ഷകരും സ്റ്റോപ് മീഡിയ വയലന്‍സ് ക്യാമ്പയിനും
ടെലിവിഷന്‍ ചാനല്‍ പരിപാടികളെ കുറിച്ച് പല തവണ എഴുതിയിട്ടുണ്ടെങ്കിലും പോപ്പുലര്‍ ടെലിവിഷന്‍ പരിപാടികളോടുള്ള ദളിത് സമീപനങ്ങളെ കുറിച്ച് ഇവിടെ എഴുതാന്‍ ശ്രമിക്കുന്നത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. മലയാള ടെലിവിഷന്‍ ചാനലുകളിലെ കോമഡി പരിപാടികള്‍ക്കെതിരെ ചില ദളിത് ആക്ടിവിസ്റ്റുകളുടെയും ഗവേഷകരുടെയും മുന്‍കൈയില്‍ ഉയര്‍ന്നു വന്ന ഒരു ഓണ്‍ലൈന്‍ ക്യാമ്പയിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് ഞാന്‍ ഇടപെട്ടതിന്റെ ഭാഗമായി ഉയര്‍ന്നു വന്ന ചര്‍ച്ചയോട് ക്രിയാത്മകമായി പ്രതികരിക്കുക എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

'സ്റ്റോപ്പ്‌ മീഡിയാ വയലന്‍സ്' എന്ന ക്യാമ്പയിന്‍ ഉയര്‍ന്നു വന്നത് കോമഡി പരിപാടികള്‍ക്കെതിരായ ഭരണകൂട നിരോധനം എന്ന ഒരു ആശയം മുന്നോട്ടു വച്ചു കൊണ്ടായിരുന്നു. ആ ക്യാമ്പയിനിന്റെ സൈദ്ധാന്തികമായ ദൌര്‍ബല്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍ ടി വി പ്രേക്ഷകരുടെ കര്‍തൃത്വത്തെ കുറിച്ച്  വ്യക്തമാക്കുന്നതിനു വേണ്ടി ചാനലുകളുടെയും ടി.വി റിമോട്ട് കണ്‍ട്രോളിന്റെ സാധ്യതയെ കുറിച്ചും പറഞ്ഞതിനോടുള്ള പരിഹാസം നിറഞ്ഞ സമീപനം, ആ ക്യാമ്പയിന്‍ ടെലിവിഷന്റെ സമകാലീന രൂപങ്ങളെയും പ്രേക്ഷകരുടെ കര്‍തൃത്വത്തെ പ്രകടമാക്കുന്ന പുതിയ സാധ്യതകളെയും അഭിസംബോധന ചെയ്യാന്‍ തയ്യാറല്ല എന്ന് വ്യക്തമാക്കുന്ന ഒന്നായിരുന്നു.

നവമാധ്യമങ്ങളുടെ കാലത്തെ ടെലിവിഷനെ കുറിച്ചും അതിന്റെ പല രൂപത്തിലുള്ള സാന്നിധ്യങ്ങളും അതുമായുള്ള പ്രേക്ഷകരുടെ വ്യത്യസ്ത ഇടപാടുകളെയും കുറിച്ച് ആലോചിക്കാന്‍ ശ്രമിക്കാം. ദളിത് പ്രേക്ഷകരുടെ ഇടപെടലുകളെ സമകാലീന സാഹചര്യത്തില്‍ മനസിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. പ്രേക്ഷകരുടെ കര്‍തൃത്വത്തെ വ്യക്തമാക്കുന്ന ചില മലയാള ചാനലുകളുമായി ബന്ധപെട്ട ചില മുഹൂര്‍ത്തങ്ങളെ കുറിച്ച് സൂചിപ്പിച്ചു കൊണ്ട് ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാം എന്ന് കരുതുന്നു. മലയാള ടെലിവിഷന്‍ ചാനലുകളിലെ മ്യൂസിക്, ഡാന്‍സ് റിയാലിറ്റി ഷോകളിലെ ദളിത്‌ ഇടപെടലുകള്‍ ഇതിന്റെ ഭാഗമായി ചര്‍ച്ച ചെയ്യാം എന്ന് കരുതുന്നു.

സാങ്കേതികവിദ്യയുടെ സാമൂഹികപരിസരം
സാങ്കേതികമായ ഓരോ കണ്ടുപിടുത്തത്തെ ചുറ്റിപ്പറ്റിയുള്ള സാമൂഹിക-സാംസ്കാരിക മുഹൂര്‍ത്തങ്ങളെ കുറിച്ച് വ്യക്തമാക്കുന്ന ധാരാളം പഠനങ്ങളുണ്ട്. സാങ്കേതിക വിദ്യയുടെ കണ്ടുപിടുത്തം വെറും ശൂന്യാകാശത്തു നിന്നും ഉണ്ടാകുന്നതല്ല. അതിനു സാമൂഹ്യ സാഹചര്യങ്ങളുടെ സങ്കീര്‍ണ്ണമായ ബന്ധങ്ങള്‍ പങ്കു വഹിക്കാറുണ്ട്. അതുപോലെ ഈ സാങ്കേതിക വിദ്യ തിരിച്ചും സാമൂഹ്യമായ ബന്ധങ്ങളെ പുനര്‍നിര്‍മിക്കുന്നുണ്ട്. ചെവിയെ മറ്റു ഇന്ദ്രിയങ്ങളില്‍ നിന്നും വേറിട്ട്‌ എടുക്കാനാണ് ശ്രവണ ഉപകരണങ്ങള്‍ എങ്കിലും അവയുടെ ഓരോ പുതിയ കണ്ടുപിടുത്തങ്ങളും സാമൂഹിക ബന്ധങ്ങളുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. മെഡിക്കല്‍ സയന്‍സില്‍ തന്നെ സ്റ്റെതസ്കോപ്പിന്റെ വരവിനു മുന്‍പ് നെഞ്ചില്‍ ചെവി അടുപ്പിച്ചു വച്ചായിരുന്നു ഡോക്റ്റര്‍മാര്‍ പരിശോധിച്ചിരുന്നത്. സ്റ്റെതസ്കോപ്പ് മറ്റിന്ദ്രിയങ്ങളില്‍ നിന്ന് ചെവിയെ/കേള്‍വിയെ  വേര്‍തിരിക്കാന്‍ സഹായിച്ച പോലെ തന്നെ മറ്റൊരു സാമൂഹ്യമായ മാനം കൈവരിച്ചിരുന്നു. കുലീന ശരീരങ്ങളെ തൊടുന്നതിന്റെ പ്രശ്നത്തെ പരിഹരിക്കാനുള്ള ഒന്നുകൂടിയായിരുന്നു അത്.  മിഷേല്‍ ഫുക്കൊയുടെയും ജോനാതന്‍ സ്റ്റേണിന്റെയും നിരീക്ഷണങ്ങള്‍ ഇതിനെ മനസിലാക്കാന്‍ സഹായിക്കും. ടെലിവിഷന്റെ എന്ന പോലെ റിമോട്ടിന്റെ വരവിനും സാമൂഹ്യമായ മാനങ്ങളുണ്ട്.

റിമോട്ടിന്റെ ചരിത്രം അല്‍പ്പം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. റിമോട്ട് കണ്‍ട്രോള്‍ എന്ന വാക്ക് തന്നെ ഇംഗ്ലീഷ് ഭാഷയിലേക്ക് രംഗപ്രവേശനം ചെയ്യുന്നത് 1794-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഒരു രാജ്യദ്രോഹ കുറ്റത്തിന്റെ വിചാരണ വേളയിലാണ്. രാജ്യദ്രോഹ കുറ്റം ചുമത്തപെട്ട തോമസ്‌ ഹാര്‍ഡിക്ക് നേരിട്ടുള്ള ജനായത്തമാണ് ആഗ്രഹമെങ്കില്‍, ആ ആശയത്തിനെതിരെ സോളിസിറ്റര്‍ ജനറല്‍ സര്‍ ജോണ്‍ മില്‍ഫോഡ്‌ ഉയര്‍ത്തിയത്‌ "ദൂരെ നിന്നും ജനങ്ങളെയോ സ്ഥാപനങ്ങളെയോ നിയന്ത്രിക്കാന്‍ കഴിയുന്ന റിമോട്ട് കണ്‍ട്രോള്‍ പോലെയുള്ള പ്രതിനിധാന ജനായത്തമാണ്. ഈ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന തന്റെ റിമോട്ട് കണ്‍ട്രോള്‍ എന്ന പുസ്തകത്തില്‍ ക്യട്ലിന്‍ ബെന്‍സന്‍ അല്ലോട്ട് പിന്നീട് സംഭവിച്ച ഒരു വിരോധാഭാസത്തെ കുറിച്ച് പറയുന്നുണ്ട്. ഇപ്പോഴത്തെ റിമോട്ട് കണ്‍ട്രോളിന്റെ ഉപയോഗത്തിലൂടെ ഹാര്‍ഡിയുടെ സ്വപ്നങ്ങളാവണം ജീവിക്കുന്നതെന്ന് അല്ലോട്ട് പറയുന്നു. അതിന്റെ ഡിസൈനും ധാരാളം ബട്ടണുകളും മാധ്യമങ്ങളോട് നമ്മുടെ തെരഞ്ഞെടുപ്പുകളും മുന്‍ഗണനകളും സംവദിക്കാന്‍ കഴിയുന്ന ഒന്നാണ് എന്ന് വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നു എന്ന് അദ്ദേഹം പറയുന്നു. റിമോട്ടിന്റെ ചരിത്രം എന്ന പോലെ അതിന്റെ സാമൂഹികതയും  ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയുന്നുണ്ട്. നമ്മള്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രോഗ്രാം ചെയ്യുന്നത് പോലെ റിമോട്ട് കണ്‍ട്രോള്‍ നമ്മളെ എങ്ങനെ പ്രോഗ്രാം ചെയ്യുന്നു എന്നും ചര്‍ച്ച ചെയ്യുന്നു.

ആദ്യകാലത്ത് കൂടുതലും പട്ടാള ആവശ്യങ്ങള്‍ക്കാണ് റിമോട്ട് കണ്‍ട്രോള്‍ സാങ്കേതികത ഉപയോഗിച്ചത്. അതിന്റെ അധികാരത്തിന്റെ കാര്യം ഇതില്‍ നിന്നും വ്യക്തമാണല്ലോ. 1928- കളില്‍ റേഡിയോ നിര്‍മ്മാതാക്കള്‍ യുഎസ്സില്‍ റിമോട്ട് കണ്‍ട്രോളുകള്‍ അവതരിപ്പിച്ചു. ടെലിവിഷനുള്ള ആദ്യത്തെ റിമോട്ട്, സെനിത് റേഡിയോ കോര്‍പറേഷനാണ് കൊണ്ടുവരുന്നത്. ലേസി ബോണ്‍സ് (Lazy bones) എന്ന പേരുള്ള ഈ റിമോട്ട് ടിവിയില്‍ ഘടിപ്പിച്ച ഒരു വയര്‍ വഴിയാണ് ടിവിയെ നിയന്ത്രിക്കാന്‍ സഹായിച്ചത്. ആദ്യത്തെ വയര്‍ലെസ് റിമോട്ട് മുതല്‍ ഇന്‍ഫ്രാറെഡ് റിമോട്ട് വരെയുള്ള നീണ്ട ചരിത്രം തന്നെ റിമോട്ടുകള്‍ക്കുണ്ട്. ഇനി അവ ഗാര്‍ഹികയിടത്തെ എങ്ങനെ രൂപകല്‍പ്പന ചെയ്തു എന്നത് മനസിലാക്കേണ്ടതുണ്ട്.

ഇന്നത്തെ റിമോട്ടുകളുടെ ഉപയോഗം മൂന്നു സാങ്കേതിക വികാസങ്ങളുടെ സമ്മിശ്രണത്തെയാണ്‌ സൂചിപ്പിക്കുന്നത്. സാറ്റലൈറ്റ് സംപ്രേഷണം, ടി വി ചാനലുകളുടെ വികാസം, പുതിയ ടി വി സെറ്റുകളുടെ സാധ്യതകള്‍. ടി വി കാഴ്ച ഗാര്‍ഹിക ഇടത്തെയും ഫര്‍ണിച്ചര്‍ ഡിസൈനുകളെയും ഒക്കെ മാറ്റി തീര്‍ത്തത് പറയേണ്ട കാര്യമില്ലല്ലോ. ഇതേപോലെ തന്നെയാണ് അത് ഗാര്‍ഹിക ബന്ധങ്ങളെയും പുനര്‍നിര്‍മിക്കുന്നതില്‍ പങ്കു വഹിക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം റിമോട്ട് കണ്‍ട്രോള്‍ എന്നാ സാങ്കേതിക ഉപകരണത്തെ സമകാലീന  ടെലിവിഷന്‍ സംസ്കാരത്തില്‍ നിന്നും അടര്‍ത്തി മാറ്റി കാണാന്‍ കഴിയില്ല എന്നതാണ്. ടിവിയെ ഇന്നത്തെ ടിവിയായി നിലനിര്‍ത്തുന്നത് റിമോട്ട് ആണ്. ആദ്യകാലത്ത് ഓണ്‍/ഓഫ് എന്നിവയ്ക്ക് വേണ്ടിയുള്ള ഒന്നായിരുന്നെങ്കില്‍ ഇന്നത്‌ പ്രേക്ഷകരുടെ ഒട്ടേറെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒന്നായി മാറിയിട്ടുണ്ട്. ദൃശ്യം, ശബ്ദം എന്നിവയുടെ തെരഞ്ഞെടുക്കല്‍ പോലെ ഗാര്‍ഹിക ഇടത്തെ പുനര്‍ക്രമീകരിക്കുന്ന ഒന്നായി അത്. കുട്ടികളില്‍ നിന്നും ചില  പരിപാടികളെ നിയന്ത്രിക്കാനും ഒക്കെയുള്ള ഒരു കുടുംബസദാചാരത്തിന്റെ അനുശാസനത്തിനുള്ള ഒരു ഉപകരണം കൂടിയാണത്.ടിവി റിമോട്ടുകളുടെ ലിംഗപരമായ മാനങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങളുമായി ബന്ധപെട്ട പ്രേഷകരുടെ/ആസ്വാദകരുടെ കര്‍തൃത്വത്തെ കുറിച്ചുള്ള പഠനങ്ങള്‍ റിമോട്ടിനെ ഒരു സാധ്യതയാണ് കാണുന്നത്. ചാനലുകള്‍ തന്നെ പ്രേക്ഷകര്‍ തങ്ങളുടെ ചാനലുകളില്‍ നിന്നും റിമോട്ട് ഉപയോഗിച്ച് മാറി പോകാതിരിക്കാന്‍ പ്രോഗ്രാമുകള്‍ക്കിടയിലുള്ള സമയങ്ങളെ വളരെ സജീവമായി ശ്രദ്ധക്ഷണിക്കുന്ന  രീതിയില്‍ നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. പരസ്യകമ്പനികള്‍ തന്നെ പരസ്യങ്ങളുടെ ആദ്യ നിമിഷങ്ങള്‍ ഏറ്റവും ശ്രദ്ധേയമായിരിക്കണം എന്ന് ചിന്തിക്കുന്നു. ചാനലുകള്‍ തമ്മിലുള്ള മത്സരം തന്നെ ഈ പുതിയ പ്രേഷകരുടെയും അവരുടെ കയിലുള്ള റിമോട്ടിന്റെയും ശക്തി ഓര്‍ത്തിട്ടാണ്. ഈ ഇടപാട് പ്രേക്ഷകരെ തിരിച്ചു പ്രോഗ്രാം ചെയ്യുന്നത് കൂടി ഓര്‍ത്തിട്ടു വേണം ഈ രണ്ടു ഭാഗത്തില്‍ നിന്നുള്ള ഇടപാടുകളെ മനസിലാക്കാന്‍. ടെലിവിഷന്‍ ചാനലുകളെ ഏകപക്ഷീയമായ ആധിപത്യത്തിന്റെ രൂപമായി കാണുന്നത് മണ്ടത്തരമാണെന്ന് ഈ ഇടപാടുകള്‍ സൂചിപ്പിക്കുന്നു.

ഇക്കാലത്ത് വന്ന മറ്റൊരു മാറ്റം ടെലിവിഷന്‍ ചാനലുകള്‍ പരിപാടി ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ലിങ്കുകളായി ഷെയര്‍ ചെയ്യപ്പെടുന്നു എന്നതാണ്. ലിവിംഗ് റൂമിന്റെ ഉള്ളിലെ ചാനലുകളുടെ പ്രക്ഷേപണത്തിന്റെ അധികാരത്തെ  വീണ്ടും ചിതറിക്കുന്നു എന്നതാണ് ഈ സാധ്യത നല്‍കുന്നത്. പ്രക്ഷേപണം ചെയ്യാനുള്ള പ്രേക്ഷകരുടെ സാധ്യത ചാനലുകളെ പുനര്‍നിര്‍മിക്കുന്നു.

സ്റ്റോപ് മീഡിയ വയലന്‍സ് ക്യാമ്പയിന്റെ ആശങ്കകള്‍
ഒരു ദലിത് പ്രതികരണമെന്ന് അവകാശപ്പെടുകയും ദലിത് പക്ഷത്ത് നിന്നുള്ള വിമര്‍ശനങ്ങളോട് ക്രിയാത്മകമായി സംവദിക്കാന്‍ തയാറാവുകയും ചെയ്യാതിരിക്കുന്ന 'സ്റ്റോപ്പ്‌ മീഡിയ വയലന്‍സ്' എന്ന ക്യാമ്പയിന്റെ വ്യവഹാരത്തെ കുറിച്ച് ചര്‍ച്ച ചെയ്യാം. ആ ക്യാമ്പയിന്റെ സൈദ്ധാന്തിക ചട്ടക്കൂടിനെ കുറിച്ചും അതിന്റെ പോസ്റ്റര്‍ ക്യാമ്പയിന്റെ രീതിയെ കുറിച്ചും വിമര്‍ശനങ്ങള്‍ ഉണ്ട്. മലയാള ചാനലുകളിലെ കോമഡി പരിപാടികള്‍ വംശീയതയും ജാതീയതയും നിറഞ്ഞതാണെന്നും അത് നിരോധിക്കണമെന്നുമാണ് ആ ക്യാമ്പയിന്‍ മുന്നോട്ടു വച്ച ഒരാവശ്യം. ഭരണകൂട നിരോധനം പോലുള്ള ഒരു ആവശ്യം ഉന്നയിക്കുന്നതിന്റെ പ്രശ്നത്തോടൊപ്പം ആ ക്യാമ്പയിന്റെ അടിസ്ഥാനപരമായ മാധ്യമം/ടെലിവിഷന്‍/പോപ്പുലര്‍ സംസ്കാരം എന്നിവയോടുള്ള സമീപനം പ്രശ്നം നിറഞ്ഞതാണെന്ന് ചര്‍ച്ചകളില്‍ ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചിരുന്നു. ദളിത് വ്യാവഹാരിക മണ്ഡലത്തില്‍ ഇതിനു മുന്‍പുണ്ടായിട്ടുള്ള കല/സംസ്കാരം എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകളെ പൂര്‍ണ്ണമായും അവഗണിച്ചു കൊണ്ടാണ് ഈ ക്യാമ്പയിന്‍ മുന്നോട്ട് വന്നത്.

മാധ്യമം/ടെലിവിഷന്‍ എന്നിവ പൂര്‍ണ്ണമായും ഏകപക്ഷീയമായ ആധിപത്യം ചെലുത്തുന്നതും അര്‍ഥങ്ങള്‍ ഉത്പ്പാദിപ്പിക്കുകയും ചെയ്യുന്നതാണെന്ന ഒരു മാര്‍ക്സിസ്റ്റ് സൈദ്ധാന്തിക ചട്ടക്കൂടാണ് പ്രധാനമായും ഇതിന്റെ ദൌര്‍ബല്യം. സംസ്കാര പഠനങ്ങള്‍ ആസ്വാദകരുടെ പങ്കിനെയും കര്‍തൃത്വത്തെയും വിവിധ അര്‍ഥങ്ങള്‍ ഉത്പ്പാദിപ്പിക്കാനുള്ള അവരുടെ കഴിവിനെ കുറിച്ചും ചര്‍ച്ച ചെയ്തു തുടങ്ങിയിട്ട് ഒരുപാട് നാളുകളായി. ഇതേപോലെ പ്രേക്ഷകത്വങ്ങള്‍ ഈ മാധ്യമങ്ങളും ആസ്വാദകരും തമിലുള്ള ഇടപെടലുകളിലൂടെ നിര്‍മ്മിക്കപ്പെടുന്നു എന്നും ചര്‍ച്ച ചെയ്യപ്പെടുന്നു. ടെലിവിഷന്‍ സംസ്കാര പഠനങ്ങള്‍ വളരെ മുന്നോട്ട് പോയി. പുതിയ കാലത്തെ ടെലിവിഷന്‍ എത്തി നില്‍ക്കുന്ന അവസ്ഥയില്‍ സിദ്ധാന്തങ്ങള്‍ പലതും പുന:പരിശോധന ചെയ്യപ്പെടുന്നു. എന്നാല്‍ ഈ സമയത്തും പഴയകാല മാര്‍ക്സിസ്റ്റ് ചട്ടക്കൂടില്‍ നിന്നും ടെലിവിഷന്‍ എന്നതിനെ ഒരു ഏകപക്ഷീയ  ആധിപത്യ രൂപമായി കാണുന്നു എന്നത് പരിതാപകരമായ ഒരു പ്രവണതയാണ്. പ്രേക്ഷകര്‍ എന്നാല്‍ ടെലിവിഷന്‍ എന്ന മാധ്യമം ഉരുട്ടി തരുന്നത് അതുപോലെ വിഴുങ്ങുന്ന നിഷ്കളങ്കരും കര്‍തൃത്വം ഇല്ലാത്തവരുമാണെന്നാണ് ഈ സമീപനത്തിന്റെ അപകടം. എസ്എംവി ക്യാമ്പയിന്‍ ദലിതര്‍ തന്നെ നടത്തുന്ന പ്രതിരോധങ്ങളെ കാണാതെ, ഭരണകൂട ഇടപെടല്‍ ആവശ്യപ്പെടുന്നതിലൂടെ ദളിതരുടെ തന്നെ കര്‍തൃത്വത്തെ നിഷേധിക്കുന്നു എന്നതാണ് രസകരം. ഏഷ്യനെറ്റ് ചാനലില്‍ പ്രക്ഷേപണം ചെയ്ത സ്റ്റാര്‍ സിംഗര്‍, അമൃത ടിവിയില്‍ പ്രക്ഷേപണം ചെയ്ത സൂപ്പര്‍ ഡാന്‍സര്‍ എന്നീ പരിപാടികള്‍ ഏതുവിധത്തിലാണ് ദലിത് ഇടപെടുലകള്‍ ശക്തമായി സാധ്യമാക്കിയത്, ആ പരിപാടികളുടെ സവര്‍ണ്ണ യുക്തികളെ ഉലച്ചത്‌ എന്ന് നോക്കാം.എസ്.എം.എസ് സമുദായങ്ങള്‍: ജാതിയോടുള്ള ഇടപെടലുകള്‍
2010-ല്‍ നടന്ന ഏഷ്യാനെറ്റ്‌ സ്റ്റാര്‍ സിംഗറിന്റെ സീസണ്‍ 4-ല്‍ ദളിതനായ ജോബി ജോണ്‍ വിജയിച്ചതുമായി ബന്ധപെട്ട ചര്‍ച്ചകള്‍ സ്റ്റാര്‍ സിംഗര്‍ പരിപാടിയിലെ ജാതി സംഘര്‍ഷങ്ങളെ വ്യക്തമാക്കുന്നു. അതിനോടൊപ്പം അത് ഒരു ദളിത് സാംസ്കാരിക പ്രതികരണം കൂടിയായിരുന്നു. ഇത് മനസിലാക്കണമെങ്കില്‍ സ്റ്റാര്‍ സിംഗര്‍ വേദികളുടെ സാംസ്കാരിക പ്രതിസന്ധികളെയും അതിലെ ദളിത് മത്സരാര്‍ഥികള്‍ അതിനോട് ഇടപെട്ടിരുന്ന രീതികളെയും മനസിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്‌. ഒന്നാമതായി സ്റ്റാര്‍ സിംഗര്‍ മിക്ക സംഗീത റിയാലിറ്റി ഷോകളെയും പോലെ തന്നെ 'ശുദ്ധ സംഗീത' സങ്കല്‍പ്പങ്ങളുടെ ആശങ്കകളെ വെളിവാക്കുന്നുണ്ട്. പലപ്പോഴും ഈ റിയാലിറ്റി ഷോകള്‍ക്കെതിരെ ഉന്നയിക്കുന്ന ശുദ്ധ/ശ്രേഷ്ഠ സംഗീതത്തില്‍ നിന്നുള്ള വ്യതിചലനത്തക്കാളും അതിന്റെ പുന:സ്ഥാപനത്തിനുള്ള കഷ്ടപ്പാടുകളും അതുയര്‍ത്തുന്ന ആശങ്കകളുമാണ് കാണാന്‍ കഴിയുന്നത്‌. ആ നിലയ്ക്ക് ജോബി ജേതാവാകുന്നതിനു മുന്‍പുള്ള വര്‍ഷങ്ങളില്‍ ഏറ്റവും ജനപ്രിയരായിരുന്ന മത്സരാര്‍ഥികള്‍ സോമദാസും സന്നിധാനന്ദനും ആയിരുന്നു. ഇവര്‍ യഥാര്‍ത്ഥത്തില്‍ യോഗ്യരല്ല എന്നും ജനപ്രിയര്‍ മാത്രമാണെന്നും അന്നത്തെ വിധികര്‍ത്താക്കളായിരുന്ന ശരത്തും അവതാരക രഞ്ജിനി ഹരിദാസും ഒക്കെ എപ്പോഴും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ശാസ്ത്രീയ സംഗീതം എന്ന് വിവക്ഷിക്കപ്പെടുന്ന കര്‍ണാടക സംഗീതം പഠിച്ചിട്ടില്ല എന്നതായിരുന്നു ഇവര്‍ക്കെതിരെ ഉന്നയിക്കപെട്ടിരുന്ന കുറവ്. ശങ്കരന്‍ നമ്പൂതിരിയും ശരത്തും ഉള്‍പ്പെടെയുള്ള വിധികര്‍ത്താക്കള്‍ കര്‍ണാടക സംഗീത റൌണ്ടില്‍ സോമദാസിനെ ആക്ഷേപിക്കുന്നതും കണ്ടതാണ്.സ്റ്റാര്‍ സിംഗര്‍ വേദികളുടെ പ്രതിസന്ധി തന്നെയാണ് ഇത് വ്യക്തമാക്കിയത്. ഈ ഒരു സാഹചര്യത്തെ മറികടന്നു കൊണ്ട് ജോബി ജേതാവായി. കര്‍ണാടക സംഗീത മാനദണ്ഡം ഉള്ളത് കൊണ്ട് പെട്ടെന്ന് ജോബിയെ പുറത്താക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ജോബി ജയിച്ചതിനു ശേഷം ഉണ്ടായ ചര്‍ച്ചകള്‍ ജാതിയെ മറനീക്കി പുറത്തു കൊണ്ടുവന്നു. ജോബിയുടെ വിജയകാരണം എസ്.എം.എസ് ആണെന്നും യഥാര്‍ത്ഥത്തില്‍ വിജയിക്കേണ്ടത് ശ്രീനാഥ് ആണെന്നും വാദം ഉയര്‍ന്നു. സംവരണത്തിന്റെ രാഷ്ട്രീയം പോലും ചര്‍ച്ചയ്ക്കു വന്നു. എസ്.എം.എസ് സമയത്ത് യഥാര്‍ത്ഥ സംഗീതം ജയിക്കണമെന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞുകൊണ്ടേയിരുന്നു.

ഈ അവസരത്തില്‍ ആലോചിക്കാവുന്ന ഒരു കാര്യം  എസ്.എം.എസ് തന്നെ കാരണമായാലെന്ത് എന്നതാണ്. അന്ന് ജോബിക്ക് വോട്ടു ചെയ്ത ഒരു സുഹൃത്ത് പറഞ്ഞത് സന്നിധാനത്തിനും സോമദാസിനും പറ്റിയത് ജോബിക്ക് സംഭവിച്ചു കൂടാ എന്നാണ്. എസ്.എം.എസ് വോട്ടിനെ സമുദായത്തിന്റെ ഒരു പ്രതികരണത്തിനുള്ള സാധ്യതയായി ഉപയോക്കപ്പെട്ടു എന്നും കണ്ടു കൂടെ. യഥാര്‍ത്ഥ വിജയി എന്നൊക്കെയുള്ള സങ്കല്‍പ്പത്തെ തന്നെ, സ്റ്റാര്‍ സിംഗറിന്റെ ജാതിയോടു തന്നെ ദളിതര്‍ ഇടപെട്ടതാകാം എന്ന് ഞാന്‍ കരുതുന്നു. കര്‍ണാടക സംഗീതവുമായി ബന്ധപെട്ട ഒരു പ്രത്യേകതരം പാട്ടുകാരെയാണ് സ്റ്റാര്‍ സിംഗര്‍ ആവശ്യപ്പെട്ടിരുന്നത്. ആ ആവശ്യത്തെ ജോബിയുടെ വിജയം അട്ടിമറിച്ചു. ഇതേപോലെ തന്നെയായിരുന്നു പ്രശാന്ത് ആദ്യത്തെ സൂപ്പര്‍ ഡാന്‍സര്‍ ആകുന്നതും. ദളിത് ഇടപെടലുകളുടെ ചൂട് ടെലിവിഷന്‍ ചാനലുകള്‍ അറിഞ്ഞ രണ്ടു സന്ദര്‍ഭങ്ങള്‍ ആയിരുന്നു ഇവ.

'സ്റ്റോപ്പ്‌ മീഡിയാ വയലന്‍സ്' ഇത്തരം സന്ദര്‍ഭങ്ങളെ മനസിലാക്കുന്നതില്‍ പരാജയപെട്ടു. ഇനി അതിന്റെ മറ്റു ചില പ്രശ്നങ്ങള്‍ കൂടി സൂചിപ്പിക്കാം. കോമഡി പ്രോഗ്രാം എന്നത് വംശീയത നിറഞ്ഞ ഒന്നായി അത് കാണുന്നു എന്നുള്ളത് ഈ പരിപാടികളെ ശരിക്കും മനസിലാക്കാന്‍ ശ്രമിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നു. കോമഡി പരിപാടികള്‍  പലതരം വീക്ഷണങ്ങളും പല സംഘര്‍ഷങ്ങളെയും പ്രകടിപ്പിക്കാറുണ്ട്. ജാതീയമായ അധിക്ഷേപങ്ങള്‍, സ്ത്രീ വിരുദ്ധതയും കറുപ്പിനെ അധിക്ഷേപ്പിക്കുന്നതും ഇല്ല എന്നല്ല. എന്നാല്‍ ഇവയോടൊപ്പം സവര്‍ണ്ണ/അധികാര യുക്തികളെയും അത് ഉലയ്ക്കാറുണ്ട്. കേരളാ സ്കൂള്‍ യുവജനോത്സവ വേദികളുടെ ക്ലീഷെകളെ ചോദ്യം ചെയ്യുന്ന ഒരു പരിപാടി ഫ്ലവേഴ്സ് ചാനലിലെ നാടോടിക്കാറ്റില്‍ ഉല്ലാസ് പന്തളം അവതരിപ്പിച്ചത് ഓര്‍ക്കുന്നു. ലളിതഗാനം, സംഘഗാനം തുടങ്ങിയ ഇനങ്ങളുടെ ആവര്‍ത്തന വിരസതയെ കളിയാക്കുന്നതിലൂടെ അതിന്റെ സങ്കല്‍പ്പങ്ങളെ അത് ഉലയ്ക്കുന്നുണ്ട്. സംസ്കൃത മന്ത്രങ്ങളും മറ്റും പലപ്പോഴും പരിഹാസം നേരിടാറുണ്ട് ഇവയില്‍. ജനപ്രിയ കലകള്‍ ആധിപത്യ ആശയങ്ങളെയും അതിനെ എതിര്‍ക്കുന്ന ആശയങ്ങളെയും പ്രകടിപ്പിക്കാറുണ്ട്. ഇത്തരം സംഘര്‍ഷങ്ങള്‍ നിറഞ്ഞ ഒന്നായാണ് ഇവയെ കാണേണ്ടത്. മറിച്ച് ഏകപക്ഷീയമായ ഒരു ആശയവും അവ പ്രകടിപ്പിക്കാറില്ല.

കോമഡി/മിമിക്രി വേദികള്‍ പൊതുവേ ദളിത് കലാകാരികളുടെ ദൃശ്യതയുള്ള ഒരിടമാണ്. മറ്റു പല കലകളുടെയും സവര്‍ണ്ണതകളെക്കാള്‍ കീഴാള സാംസ്കാരിക സാധ്യത തരുന്ന ഒന്നായതു കൊണ്ടാവാം ഈ കലയില്‍ കൂടുതല്‍ ദളിതരുള്ളത്. ശിങ്കാരി മേളം, സിനിമാറ്റിക് ഡാന്‍സ് മേഖലയെ പോലെ തന്നെ, മിമിക്രി/കോമഡി മേഖല, ഉയര്‍ന്ന/ശ്രേഷ്ഠ കലകളുടെ ശുദ്ധി അവകാശപ്പെടാത്ത ഒന്നാണ്. മറ്റൊന്ന് നിറം/രൂപം എന്നിവയെ സംബന്ധിച്ച പല അതിരുകളെയും ഭേദിക്കാന്‍ ഇവിടെ സാധ്യതയുണ്ട്. കറുപ്പിനെ കളിയാക്കുന്ന സ്കിറ്റുകളിലൂടെ പോലും കറുത്ത ശരീരങ്ങള്‍ മറ്റൊരു വ്യവഹാരവും സാന്നിധ്യവും അറിയിക്കുന്നുണ്ടാവാം. കലഭവന്‍ മണിയുടെ ഉള്‍പ്പടെയുള്ള മുന്നേറ്റം കാണേണ്ടതാണ്. രാഷ്ട്രീയമായ ശരികളിലൂടെ തന്നെ ആവണമെന്നില്ല പലപ്പോഴും നേരിട്ടല്ലാതെയുള്ള പ്രതിരോധവും ദളിത് സാംസ്കാരിക മുന്നേറ്റങ്ങളും നടക്കുക.രണ്ടാമത് ഏഷ്യാനെറ്റ്‌ കോമഡി അവാര്‍ഡ് ചടങ്ങിന്റെ ഒരു വീഡിയോ എസ്എംവി ക്യാമ്പയിന്‍കാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതില്‍ ധര്‍മജന്‍ വേദിയിലേക്ക് വരുമ്പോള്‍ നോബിയും സാജു നവോദയും ചേര്‍ന്ന് നടത്തുന്ന സംഭാഷണത്തെ ജാതീയാധിക്ഷേപമായി വായിക്കുന്ന രീതിയിലായിരുന്നു പോസ്റ്റ്‌. ധര്‍മജനും നോബിയും സാജുവും ചേര്‍ന്നുള്ള ആ സ്കിറ്റ് ഉണ്ടാക്കാവുന്ന മറ്റ് അര്‍ത്ഥതലങ്ങളെ കാണാതെയുള്ള വിമര്‍ശനമായിരുന്നു അത്. ധര്‍മജന്‍ എന്തിനാണ് അവാര്‍ഡ് വാങ്ങിക്കാന്‍ വരുന്നത്, സ്റ്റൈപ്പന്റ്റ് അല്ലേ വാങ്ങേണ്ടത് എന്നതായിരുന്നു സാജുവിന്റെ കമന്റ്. അത് മറ്റുള്ളവര്‍ക്ക് മനസിലായില്ലെങ്കിലോ എന്ന് കരുതി നോബി അത് സ്കോളര്‍ഷിപ്പ് എന്ന് വിശദീകരിക്കുന്നുണ്ട്. പൊതുയിടത്ത്, പ്രത്യേകിച്ചും ഇത് പോലുള്ള വേദികളില്‍ മറച്ചു വയ്ക്കുന്ന ജാതി/സംവരണം പോലുള്ള ഒരു വ്യവഹാരത്തെ ഈ കലാകരന്മാര്‍ കൊണ്ടുവരുന്നതിന്റെ രാഷ്ട്രീയമായ ശക്തി ബോധ്യപ്പെടാതെയുള്ള ഒരു വിമര്‍ശനമായിരുന്നു അത്. ഒരുപക്ഷെ ഇത്തരം വേദികളുടെ, ജാതിയെ വിമര്‍ശിക്കുന്നത് തന്നെയാവാം അത് എന്ന് എനിക്ക് തോന്നുന്നു. ഇങ്ങനെയുള്ള വായനകള്‍ അസാധ്യമാക്കിക്കൊണ്ട് പഴഞ്ചന്‍ മാര്‍ക്സിസ്റ്റ് രീതിയില്‍ ടെലിവിഷന്‍, ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു എന്ന് പറയുന്നത് എങ്ങനെയാണ് ദളിത് വിമര്‍ശനമാകുന്നത്? ദളിത് കലാകാരികള്‍ നിഷ്കളങ്കരായി നിന്നുകൊണ്ട് ജാതി അധിക്ഷേപത്തിന് കൂട്ടുനില്‍ക്കുന്നു എന്ന വാദം ദളിത് കലാമേഖലയില്‍ നില്‍ക്കുന്നവരെ തന്നെ അധിക്ഷേപിക്കുകയല്ലേ? ദളിത് രാഷ്ട്രീയക്കാര്‍ ദളിത് കലാകാരികള്‍ക്ക് രാഷ്ട്രീയത്തില്‍ ക്ലാസ്സെടുക്കാമെന്ന രക്ഷാകര്‍തൃത്വ ബോധമല്ലേ ഇത്?

അവസാനമായി ചര്‍ച്ച ചെയ്യേണ്ടത് ഈ ക്യാമ്പയിന്റെ പോസ്റര്‍ രീതി തന്നെയാണ്. വംശീയ അധിക്ഷേപം എന്ന് ഇവര്‍ കരുതുന്ന സീനുകള്‍/ഡയലോഗുകള്‍ എന്നിവ പുന:സൃഷ്ടിച്ചു കൊണ്ട് പോസ്റര്‍ ഉണ്ടാക്കുന്നതിലൂടെ എങ്ങനെയാണ് ഈ യുക്തികളെ എതിര്‍ക്കാന്‍ കഴിയുക. അതിലെ ക്രിയാത്മക ഇടപെടല്‍ എന്താണ്? ക്രൂരമായ ആക്രമണങ്ങളുടെ രക്തം ചിതറുന്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ട് അവയെ എതിര്‍ക്കുന്ന പോസ്റ്ററുകളില്‍ നിന്നും ഈ പോസ്റ്ററുകള്‍ എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?

ഈ ചര്‍ച്ചയിലൂടെ, സമകാലീന സൈദ്ധാന്തിക അന്വേഷണങ്ങളുടെ ഭാഗമായി ദലിത് സാംസ്കാരിക വിമര്‍ശനത്തിന്റെ പുതിയ സാധ്യതകള്‍ വികസിച്ചു വരേണ്ടതുണ്ട് എന്ന് പറയാനാണ് ഞാന്‍ ശ്രമിക്കുന്നത്. കേരളത്തിലെ സാംസ്കാരിക മേഖലയില്‍ ഇടതു ബോധത്തെ എന്ന പോലെ നിരോധനം, സെന്‍സര്‍ഷിപ്പ് തുടങ്ങിയ ഭരണകൂട വ്യവഹാരങ്ങളെയും പ്രതിരോധിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന ലിബറല്‍ വ്യവഹാരങ്ങള്‍ക്കുള്ളില്‍ അന്വേഷിക്കാന്‍ കഴിയുന്നവയല്ല കീഴാള സാംസ്കാരികത എന്നുകൂടി പറയട്ടെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories