TopTop
Begin typing your search above and press return to search.

വര: നമ്പൂതിരി

വര: നമ്പൂതിരി

രാകേഷ് നായര്‍

വരയുടെ വൈഭവത്തിന് നമ്പൂതിരി എന്ന നാലക്ഷരമാണ് മലയാളിയുടെ വ്യാഖ്യാനം. അത്രമേല്‍ ചേര്‍ന്നുപോയൊരു ഇഷ്ടമുണ്ട് കരുവാട്ട് മനയില്‍ വാസുദേവന്‍ നമ്പൂതിരി എന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയോട് നമുക്ക്. രാജാരവിവര്‍മ്മയ്ക്ക് ശേഷം ഒരു ചിത്രകാരനെ ഹൃദയത്തോട് ഏറ്റവും കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തുന്നതും നമ്മള്‍ നമ്പൂതിരിയെയാണ്. ജീവിതത്തില്‍ പുലര്‍ത്തുന്ന നിഷ്‌കളങ്കതയും ലാളിത്യവും സൗന്ദര്യവും ആ ഇഷ്ടം ഒരു നേര്‍വരയായി നീട്ടുന്നു...

ശുകപുരം അമ്പലത്തിലെ ദാരുശില്പങ്ങള്‍ കണ്ടു ചിത്രമെഴുത്തിന്റെ വാസന മനസില്‍ പൊടിഞ്ഞ ഒരു കുട്ടിയായിരുന്നു വാസുദേവന്‍. ഇല്ല മുറ്റത്തെ പുഴിമണലില്‍ ഈര്‍ക്കില്‍ കൊണ്ട് വരച്ചു കളിച്ചായിരുന്നു ബാല്യം വളര്‍ന്നത്. ഓര്‍മ്മയില്‍ ആദ്യം കടലാസില്‍ വരച്ചത് ഒരു ശ്രീകൃഷ്ണ ചിത്രമായിരുന്നു. പിന്നീട് കളിമണ്ണില്‍ ശില്പങ്ങള്‍ ഉണ്ടാക്കി നടന്നിരുന്ന കാലത്താണ് സംസ്‌കൃതം പഠിക്കാന്‍ തുടങ്ങിയത്. സംസ്‌കൃതം പഠിച്ച് തുടങ്ങിയ ഒരാള്‍ ആ കാലത്ത് ഒന്നുകില്‍ ജ്യോതിഷത്തില്‍ അല്ലെങ്കില്‍ വൈദ്യത്തില്‍ എത്തിപ്പെടും. നമ്പൂതിരി രണ്ടിടത്തും എത്തിയില്ല. തൃശൂര്‍ തൈക്കാട്ട് മൂസിന്റെ അടുത്ത് വൈദ്യം പഠിക്കാന്‍ പോയി. കുറച്ച് ദിവസമേ ഉണ്ടായുള്ളൂ. പിന്നെ ചിത്രരചനയോടുള്ള താത്പര്യം കൊണ്ട് തൃശൂര്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍. ആ പഠിത്തവും പൂര്‍ത്തിയായില്ല.

ശില്പിയും ചിത്രകാരനുമായ വരിക്കാശ്ശേരി കൃഷ്ണന്‍ നമ്പൂതിരി വഴിയാണ് മദ്രാസിലെ കോളേജ് ഓഫ് ആര്‍ട്‌സില്‍ എത്തുന്നത്. അവിടെവെച്ചു കെസിഎസ് പണിക്കരുടെ ശിഷ്യനായി. തമിഴ്‌നാട്ടിലെ പഠനകാലത്ത് കണ്ട പല്ലവ ചോള കാലഘട്ടത്തിലെ ചിത്രങ്ങളും സംസ്‌കാരവും പിന്നീടുള്ള ചിത്ര രചനയ്ക്ക് കരുത്തു നല്‍കി. നാലു കൊല്ലമുള്ള കോഴ്‌സ് മൂന്നു കൊല്ലം കൊണ്ട് ജയിച്ചു. കെസിഎസ് പണിക്കരുടെ നിര്‍ദ്ദേശപ്രകാരം ഫൈന്‍ ആര്‍ട്ട്‌സ് കോളേജില്‍ പെയ്ന്റിംഗിന് ചേര്‍ന്നു. വീണ്ടും ഒരു കൊല്ലം കൂടി വിദ്യാര്‍ത്ഥി ജീവിതം.

1960ലാണ് മാതൃഭൂമിയിലെത്തുന്നത്. പിന്നീട് കലാകൗമുദിയിലും സമകാലിക മലയാളം വാരികയിലും പ്രധാന ചിത്രകാരനായി. പ്രസിദ്ധീകരണങ്ങളിലെ സാഹിത്യ വിഷയങ്ങള്‍ക്ക് വരച്ചു. ഒപ്പം മറ്റ് പെയ്ന്റിംഗുകളിലും കളിമണ്ണിലും ലോഹത്തിലും സിമന്റിലുമുള്ള ശില്പങ്ങളിലും വിരലുകള്‍ തൊട്ടു.എസ് ജയചന്ദ്രന്‍ നായര്‍, കെസി നാരായണന്‍, എം ടി വാസുദേവന്‍ നായര്‍, എന്‍ വി കൃഷ്ണവാര്യര്‍ എന്നിവരായിരുന്നു നമ്പൂതിരിയുടെ പത്രാധിപര്‍. മലയാളത്തിലെ മിക്ക എഴുത്തുകാര്‍ക്കും നമ്പൂതിരി വരച്ചു നല്‍കിയിട്ടുണ്ട്. നമ്പൂതിരിയുടെ ചിത്രങ്ങള്‍ കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെട്ട് ആസ്വാദക പ്രീതി ലഭിച്ച കഥകളും നോവലുകളും ഉണ്ട്. എം ടിയും വികെഎന്നുമൊക്കെ തങ്ങളുടെ കൃതികള്‍ക്ക് നമ്പൂതിരി വരയുടെ ഭാഷ്യം ചമയ്ക്കുന്നതിനായി മോഹിച്ചവരാണ്. വരയുടെ പരമശിവന്‍ എന്നാണ് വികെഎന്‍ നമ്പൂതിരിയെ വിളിച്ചത്. മറ്റൊരു സ്ഥാപനത്തില്‍ ജോലി നോക്കുകയാണെങ്കിലും തന്റെ കൃതിയ്ക്ക് നമ്പൂതിരിയെക്കൊണ്ട് വരയ്പ്പിക്കാമോ എന്നു വികെഎന്‍ ഭാഷാപോഷിണിയില്‍ വിളിച്ചു ചോദിച്ചതും എഴുത്താകരന്റെ ചിത്രകാരനോടുള്ള അടങ്ങാത്ത ഇഷ്ടത്തിന്റെ ഉദ്ദാഹരണമാണ്.

അടുത്ത ലക്കത്തിനായി വരയ്ക്കാന്‍ മോഹിച്ചിരുന്ന രണ്ട് കൃതികളാണ് തന്റെ ഔദ്യോഗിക ജീവിതത്തിനിടയ്ക്ക് ഉണ്ടായിട്ടുള്ളതെന്ന് നമ്പൂതിരി പറയുന്നതും വി കെഎന്നിന്റെ പിതാമഹനെയും എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തെ കുറിച്ചുമാണ്.

അരനൂറ്റാണ്ടു കടന്ന ഔദ്യോഗിക ചിത്രമെഴുത്ത് ജീവിതത്തിനിടെ നമ്പൂതിരി വരച്ച കഥകളും നോവലുകളും അനവധി. അങ്ങനെ അമ്പതു വര്‍ഷത്തെ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുകാരനായ ചിത്രകാരനുമായി അദ്ദേഹം. നവതിയിലെത്തി നില്‍ക്കുമ്പോഴും നമ്പൂതിരി വരയുടെ യൗവ്വനം ആസ്വദിക്കുകയാണ്. കര്‍മ്മനിരതനായി ഇന്നും ഒരു സാധകം പോലെ ദിവസേന ചിത്രമെഴുത്തില്‍ അത്ഭുതങ്ങള്‍ വിരിക്കുന്നു. രാവിലെ വരയ്ക്കാനിരിക്കുന്നു. ഇല്ലത്തിന് മുന്നില്‍ ഇതിനായി ചെറിയ ഒരു സ്ഥലമുണ്ട്. സര്‍ഗാത്മകതയുടെ പണിപ്പുര അതാണ്.

കേരളത്തിലെ പത്തു നഗരങ്ങളെ വരയ്ക്കുക എന്നൊരു നൂതന ഉദ്യമത്തിലാണ് നമ്പൂതിരി ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഈ നഗരചിത്ര പരമ്പരയിലേക്ക് അദ്ദേഹം ആദ്യം തെരഞ്ഞെടുത്തതും വരച്ചതും കൊച്ചിയാണ്. മലയാള മനോരമയുടെ ഈ കൊല്ലത്തെ ഓണപ്പതിപ്പില്‍ 'കണ്‍കുളിര്‍ക്കെ കണ്ട കൊച്ചി' എന്ന പേരില്‍ കൊച്ചിയെ കുറിച്ചുള്ള ചിത്രമെഴുത്ത് വന്നിട്ടുണ്ട്.

മികച്ച എഴുത്തുകാരന്‍ കൂടിയാണ് നമ്പൂതിരി. ഭാഷാപോഷിണിയില്‍ 115 ലക്കങ്ങള്‍ പിന്നിട്ട ആത്മകഥയില്‍ വരപോലെ മനോഹരമായി അദ്ദേഹത്തിന്റെ എഴുത്തും. തന്റെ ചിത്രങ്ങളിലൂടെ കഥകള്‍ക്കും നോവലുകള്‍ക്കും മറ്റൊരു മാനവും വ്യാഖ്യാനവും നല്‍കാന്‍ നമ്പൂതിരിക്ക് സാധിച്ചു. കഥയ്ക്ക് വെറുമൊരു ചിത്രം വരയ്ക്കാനല്ല, വിഷ്വലിന് വ്യഖ്യാനം നല്‍കാനാണ് അദ്ദേഹം ശ്രമിച്ചത്. കവിതയ്ക്ക് വരയ്ക്കുമ്പോള്‍ ഒരു ഇമേജ് എടുത്ത് വരയ്ക്കുകയാണ് പതിവ്.

നമ്പൂതിരി സ്ഥിരമായി വരച്ചിരുന്ന ആനുകാലികങ്ങളില്‍ നമ്പൂതിരിയുടെ അഭാവത്തിലും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് വായനക്കാര്‍ പ്രതീക്ഷിക്കുന്നു. തന്റെ അഭാവത്തിലും സാന്നിധ്യം സൃഷ്ടിക്കാന്‍ കഴിയുക എന്നത് ഒരു കലാകാരന്റെ ഏറ്റവും വലിയ വിജയമാണ്.

ചിത്രകലയോടൊപ്പം കര്‍ണ്ണാടക സംഗീതവും കഥകളിയും വാദ്യ കലകളും നമ്പൂതിരിക്ക് പ്രിയപ്പെട്ടതാണ്. നിരന്തരമായ പാട്ട് കേള്‍ക്കല്‍ തന്റെ വരയെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയും. കഥകളി പദത്തിന്റെ പശ്ചാത്തലത്തില്‍ വരയിലൂടെ ഒരു കളിയരങ്ങ് സൃഷ്ടിക്കാന്‍ നമ്പൂതിരി മാത്രമേയുള്ളൂ.

അരവിന്ദന്‍, ഷാജി എന്‍ കരുണ്‍, പത്മരാജന്‍ എന്നിവരുടെ ചലച്ചിത്ര പ്രവര്‍ത്തനങ്ങളില്‍ നമ്പൂതിരി പങ്കാളിയായിട്ടുണ്ട് .'ഉത്തരായന'ത്തിലെ കലാസംവിധാനത്തിന് സ്റ്റേറ്റ് അവാര്‍ഡ് ലഭിക്കുകയുണ്ടായി. ഞാന്‍ ഗന്ധര്‍വ്വന്റെ അടയാഭരണങ്ങള്‍ നമ്പൂതിരിയുടെ കലാസംഭാവനയായിരുന്നു.

കണ്ടുമുട്ടിയതെപ്പോഴാണെങ്കിലും ശരി ഈ നിമിഷം മുതല്‍ ''ദൈവമേ ഈ മനുഷ്യന്‍ എന്റെ ഹൃദയത്തിന്റെ ഭാഗമാണല്ലോ എന്നെനിക്ക് തോന്നി''എല്ലാവരോടും നമുക്കങ്ങനെ തോന്നണമെന്നില്ല. എന്നാല്‍ ചില സമാഗമങ്ങളില്‍ അങ്ങനെ സംഭവിക്കും. രണ്ടു വ്യക്തികള്‍ക്കിടയിലെ പോസിറ്റീവ് എനര്‍ജി എന്നൊക്കെ പുതിയ കാലം അതിനെ വിളിക്കുന്നുണ്ട്. ഈ അവസ്ഥയെ ജന്മജന്മാന്തര ബന്ധം എന്നുവിളിക്കാനാണ് എനിക്കിഷ്ടം; ഒരിക്കല്‍ ചലച്ചിത്ര താരം മോഹന്‍ ലാല്‍ ഇങ്ങനെ കുറിച്ചിട്ടുണ്ട് നമ്പൂതിരിയെക്കുറിച്ച്. ആ തോന്നല്‍ ഒരുപക്ഷേ ലാലിനു മാത്രമല്ല നമ്പൂതിരിയെ അറിയുന്ന ഓരോരുത്തരും പറയുന്നതും അതുതന്നെ,; ഈ മനുഷ്യന്‍ എന്റെ ഹൃദയത്തിന്റെ ഭാഗമാണല്ലോ...

ചിങ്ങമാസത്തിലെ ആയില്യം നക്ഷത്രക്കാരന് പ്രണാമങ്ങളോടെ നവതി ആശംസകള്‍...

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories