TopTop

സിനിമ അവാര്‍ഡുകള്‍ ആഘോഷിക്കപ്പെടുമ്പോള്‍, നാടക പുരസ്കാരങ്ങള്‍ പത്രക്കുറിപ്പില്‍ ഒതുങ്ങുന്നു; സംസ്ഥാനത്തെ മികച്ച നാടക നടനായി തിരഞ്ഞെടുക്കപ്പെട്ട കെആര്‍ ഹരിദാസ്/അഭിമുഖം

സിനിമ അവാര്‍ഡുകള്‍ ആഘോഷിക്കപ്പെടുമ്പോള്‍, നാടക പുരസ്കാരങ്ങള്‍ പത്രക്കുറിപ്പില്‍ ഒതുങ്ങുന്നു; സംസ്ഥാനത്തെ മികച്ച നാടക നടനായി തിരഞ്ഞെടുക്കപ്പെട്ട കെആര്‍ ഹരിദാസ്/അഭിമുഖം
'സിനിമയില്‍ മികച്ച നടന്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെടാറുണ്ട്. എന്നാല്‍ നാടകത്തിലേക്ക് വരുമ്പോള്‍ അത് അങ്ങനെയല്ല'. സംസ്ഥാന അമേച്വര്‍ നാടക മത്സരത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട കെആര്‍ ഹരിദാസ് പറയുന്നു. വിനോയ് തോമസിന്റെ 'കരിക്കോട്ടക്കരി' എന്ന നോവലിനെ അടിസ്ഥാനമാക്കി സജിത് എഴുതി സംവിധാനം ചെയ്ത ചേരള ചരിതം എന്ന നാടകത്തിലെ ചാഞ്ചന്‍ വല്യച്ഛന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഹരിദാസ് ഈ നേട്ടം സ്വന്തമാക്കിയത്. സംസ്ഥാന അമേച്വര്‍ നാടക മത്സരത്തില്‍ കോങ്ങാട് നാടക സംഘമാണ് ചേരള ചരിതം അവതരിപ്പിച്ചത്. കേരളത്തിലെ ക്രൈസ്തവ-ആര്യ അധിനിവേശം എങ്ങനെയാണ് ഒരു വര്‍ഗത്തിന്റെ സ്വത്വം തന്നെ ഇല്ലാതാക്കുന്നു എന്നതാണ് നാടകം ചര്‍ച്ചചെയ്യുന്ന വിഷയം. കണ്ണൂര്‍ ജില്ലയിലെ കരിക്കോട്ടക്കരി എന്ന കുടിയേറ്റ പ്രദേശത്തെ കേന്ദ്രീകരിച്ചാണ് നാടകം മുന്നോട്ടു പോകുന്നത്.

ചാഞ്ചന്‍ വല്യച്ഛനും ഞാനും

ചാഞ്ചനേയും എന്നേയും ചേര്‍ത്തു നിര്‍ത്തുന്നത് കലഹിക്കുന്ന ഞങ്ങളുടെ സ്വഭാവങ്ങളാണ്. അത് അഭിനയിക്കാനും എന്നെ സഹായിച്ചു എന്നു പറയാം. ചേരള ചരിതത്തില്‍ രാഷ്ട്രീയം മുഴുവന്‍ പറയുന്നത് ചാഞ്ചനാണ്. നമ്മുടെ നാട്ടിലെ ജാതിയെക്കുറിച്ചണ് അവിടെ സംസാരിക്കുന്നത്. അത് ശരിക്കും ഉള്ളില്‍ തട്ടി തന്നെയാണ് ചെയ്തത്. എനിക്കു ജാതിയോടുള്ള എതിര്‍പ്പ് ഉള്ളില്‍ കിടക്കുന്നുണ്ട്. അത് കഥാപാത്ര രൂപീകരണത്തിനും അവതരണത്തിനും എന്നെ ഒരുപാടി സഹായിച്ചിട്ടുണ്ട്.
ചാഞ്ചന്‍ അയാളുടെ ജാതിയില്‍ ഉറച്ചു നില്‍ക്കുന്ന വ്യക്തിയാണ്. എന്നാല്‍ നമ്മള്‍ സംസാരിക്കുന്ന ജാതിയല്ല ചാഞ്ചന്‍ മുറുകെ പിടിക്കുന്നത്. മറ്റൊരു ജാതിയൊ മതമോ ഒരു മനുഷ്യന്റെ അല്ലെങ്കില്‍ ഒരു വര്‍ഗത്തിന്റെ മുഴുവന്‍ സ്വത്വത്തെയും അവന്റെ സാംസ്‌കാരിക ചിഹ്നങ്ങളെയും നശിപ്പിക്കുമ്പോള്‍ അവയെ ചേര്‍ത്തു പിടിക്കാനുള്ള പിടിവള്ളിയായാണ് ചാഞ്ചന്‍ ജാതിയെ കാണുന്നത്. നമ്മുടെ ഇടങ്ങള്‍, ഭാഷ, കല എല്ലാം ചേര്‍ത്തു പിടിക്കാനാണ് ചാഞ്ചന്‍ ശ്രമിക്കുന്നത്. ചരിത്രപരമായ ആര്യാധിനിവേശത്തേയും ക്രിസ്റ്റ്യാനിറ്റിയേയും എതിര്‍ക്കുന്ന ചാഞ്ചന്‍ അധിനിവേശത്തെ പ്രതിരോധിക്കാന്‍ നാം നമ്മുടെ സ്വത്വത്തെ മുറുകെ പിടിക്കണം എന്ന ആശയമാണ് നല്‍കുന്നത്.


ചാഞ്ചന്‍ എന്ന കഥാപാത്രം ഹരിദാസിന് അവാര്‍ഡു നേടി കൊടുത്തു. ഒപ്പം തന്നെ വലിയ ജനപ്രീതിയും ലഭിച്ച കഥാപാത്രമായിരുന്നു ഇത്.

ചേരള ചരിതം

അധികാരത്തില്‍ എന്ന ക്രിസ്റ്റ്യന്‍ തറവാട്ടില്‍ ജനിക്കുന്ന ഇറാനിമോസിലൂടെ കരിക്കോട്ടക്കരി എന്ന കുടിയേറ്റ ഗ്രാമത്തിന്റെ കഥയാണ് ചേരള ചരിതം പറയുന്നത്. കറുത്തവനായ ഇറാനി മോസാണ് നാടകത്തിലെ നായകന്‍. താഴ്ന്ന ജാതിയില്‍ പെട്ട ആളുകളെ ഫാദര്‍ നിക്കോളസിന്റെ നേതൃത്ത്വത്തില്‍ ക്രിസ്തുമതത്തിലേക്ക് ചേര്‍ക്കുകയും അവര്‍ക്ക് വീടും കൃഷിസ്ഥലങ്ങളും നല്‍കി കരിക്കോട്ടകരി എന്ന ഗ്രാമം ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു. അവിടെ വളര്‍ത്തുന്ന പന്നികളെയും അവിടെയുള്ള മനുഷ്യരെയുമെല്ലാം നിക്കോളച്ഛന്‍ ഒരുപോലാണ് കാണുന്നത്.


അധികാരത്തില്‍ കുടുംബത്തില്‍ നിന്ന് വിട്ടുപോയ അതായത് ക്രിസ്ത്യാനിയാവാന്‍ വിസമ്മതിച്ച വ്യക്തിയായിരുന്നു ചാഞ്ചന്‍ വല്യച്ഛന്‍. പുലയര്‍ക്കു വേണ്ടി നിലകൊള്ളുന്ന സ്വത്വ ബോധമുള്ള വ്യക്തി. ചേരമന്റെ ദൈവം ഭൂമിയും ആകാശവുമെല്ലാമാണെന്നും കുരിശല്ലെന്നും തിരിച്ചറിഞ്ഞ ചാഞ്ചന്റെ മരണശേഷം ആ ആശയങ്ങള്‍ ഏറ്റെടുത്ത് ഒരു പുലയനായി, ഒരു ചേരമനായി ജീവിക്കാന്‍ തീരുമാനിക്കുകയാണ് ഇറാനിമോസ്. സ്വത്വബോധമുള്ള ഒരു വിഭാഗം ആളുകള്‍ അവരുടെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങുന്ന, ഒരു കാലത്ത് അവരുടെ പൂര്‍വ്വികരില്‍ നിന്നും പിടിച്ചെടുന്ന ഭൂമിയെല്ലാം തിരിച്ചെടുക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലേക്ക് കരിക്കോട്ടകരി മാറുകയും ചെയ്യുന്നതിലൂടെ നാടകം അവസാനിക്കുന്നു.


സംസ്ഥാന അമേച്വര്‍ നാടക മത്സരത്തില്‍ മികച്ച രണ്ടാമത്തെ നാടകമായി ചേരള ചരിതം. മികച്ച രണ്ടാമത്തെ സംവിധായകന്‍, രണ്ടാമത്തെ നടന്‍ എന്നിവയും ചേരള ചരിതം സ്വന്തമാക്കി.നാടകത്തിലേക്ക്

പാലക്കാട് കോങ്ങാടുകാരനായ ഹരിദാസ് മുപ്പത് വര്‍ഷമായി നാടകരംഗത്ത് സജീവമാണ്. കേരളോത്സവത്തിന്റെ ഭാഗമായി തന്റെ ക്ലബിനു വേണ്ടി മത്സരിച്ചാണ് ഹരിദാസേട്ടന്‍ നാടകത്തിലേക്കെത്തുന്നത്. അന്ന് ക്ലബിനു കൂടുതല്‍ പോയന്റ് നേടികൊടുക്കാന്‍ വേണ്ടിയാണ് ഞാന്‍ ആദ്യമായി നാടകം അഭിനയിക്കുന്നത്. അങ്ങനെ സമ്മാനമൊക്കെ കിട്ടി ബ്ലോക്കില്‍ കളിക്കാന്‍ പോയി. അപ്പോഴാണ് മനസിലായത് അവിടെയെല്ലാം കുറച്ചുകൂടി മെച്ചപ്പെട്ട നാടകങ്ങളാണ് ഉള്ളതെന്ന്. നല്ല റിഹേഴ്‌സലും നല്ല സ്‌ക്രിപ്റ്റുംമൊക്കെയായാണ് അവര്‍ നാടകം കളിക്കുന്നത്. അങ്ങനെ ഞങ്ങളും റിഹേഴ്‌സല്‍ ഒക്കെ ചെയ്ത് മെച്ചപ്പെട്ട നാടകങ്ങള്‍ കളിക്കാന്‍ തുടങ്ങി. പിന്നെ നിര്‍ത്തിയില്ല. കളിച്ചു കൊണ്ടേയിരിക്കുന്നു. ഹരിദാസേട്ടന്‍ പറയുന്നു. വര്‍ഷത്തില്‍ ഒരു നാടകം എന്ന നിലയില്‍ കളിക്കാന്‍ തുടങ്ങി. ചിലപ്പോഴൊക്കെ സമ്മാനങ്ങള്‍ കിട്ടും. പിന്നീട് ജില്ലയിലേക്ക് സ്റ്റേറ്റിലേക്ക് അങ്ങനെ എത്തിതുടങ്ങി. ഇങ്ങനെ തുടങ്ങിയ ഹരിദാസേട്ടന്റെ നാടക ജീവിതം ഇപ്പോള്‍ സംസ്ഥാനത്തെ മികച്ച നടനില്‍ എത്തി നില്‍ക്കുന്നു.


30 വര്‍ഷം കൊണ്ട് മാറിയ നാടകം

എന്റെ അനുഭവം പറയുകയാണെങ്കില്‍ 30 വര്‍ഷംകൊണ്ട് നാടക വേദിയില്‍ വലിയ മാറ്റങ്ങളാണുണ്ടായിട്ടുള്ളത്. പണ്ട് ഞങ്ങള്‍ വിചാരിക്കുമായിരുന്നു ഒരു അയ്യായിരം രൂപ ചിലവാക്കി ഒരു വലിയ നാടകം ഉണ്ടാക്കണമെന്ന്. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ ചെയ്യുന്ന നാടകത്തിന് ഒരു ദിവസം 5000 രൂപ തികയില്ല. ഇതാണ് 30 വര്‍ഷത്തില്‍ വന്ന വലിയ മാറ്റങ്ങളില്‍ ഒന്ന്. സങ്കേതങ്ങളിലും വലിയ വ്യത്യാസം വന്നിട്ടുണ്ട്. പണ്ട് വലിയ ശബ്ദമിട്ട് സ്‌ട്രൈന്‍ എടുത്തെല്ലാം അഭിനയിക്കണമായിരുന്നു. എന്നാല്‍ ഇന്ന് അതില്‍ നിന്നെല്ലാം വ്യത്യാസങ്ങളുണ്ട്. വെളിച്ചം ശബ്ദം എന്നിവയിലെല്ലാം വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്.
നാടകവും സിനിമയും 

സിനിമയും നാടകവും രണ്ട് മാധ്യമങ്ങളാണ്. സനിമ എപ്പോള്‍ എവിടെ വേണമെങ്കിലും ഇരുന്നു കാണാം. ഒരുപാടാളുകളിലേക്ക് എത്തുകയും ചെയ്യും. എന്നാല്‍ നാടകം അങ്ങനെയല്ല. ഞങ്ങള്‍ ഒരു നൂറു നാടകം അല്ലെങ്കില്‍ അഞ്ഞൂറു നാടകം കളിച്ചാലും വളരെ കുറച്ചാളുകളിലേക്ക് മാത്രമേ എത്തുകയുള്ളൂ. പിന്നെ രണ്ടും രണ്ട് സങ്കേതങ്ങളാണല്ലോ. സിനിമയ്ക്ക് അതിന്റെതായ സാധ്യതകളുണ്ട്. അത് നാടകത്തെക്കാള്‍ വലുതുമാണ്. നാടകത്തില്‍ സ്‌ക്രിപ്റ്റ് വായിക്കുന്നതു മുതല്‍ സാധനങ്ങള്‍ ചുമന്ന് കൊണ്ട് സ്‌റ്റേജില്‍ കൊണ്ടു പോകുന്നതുവരെ നമ്മളാണ് ചെയ്യുന്നത്. എന്നാല്‍ സിനിമയില്‍ അങ്ങനെയല്ല. അവിടെ എല്ലാകാര്യങ്ങളും ഒരാള്‍ ചെയ്യേണ്ട. ഓരോന്ന് ചെയ്യാനും വേറെ വേറെ ആളുകള്‍ ഉണ്ടല്ലോ. അതിനനുസരിച്ച് അതിന്റെ സാധ്യതകളും കൂടും.


റിഹേഴ്‌സലില്‍ ചെയ്യുന്ന പലകാര്യങ്ങളും ചിലപ്പോള്‍ നാടക വേദിയില്‍ ചെയ്യാന്‍ സാധിക്കില്ല. ചിലപ്പോള്‍ അതിനെക്കാള്‍ നന്നായി ചെയ്യാന്‍ കഴിയും. എന്നാല്‍ സനിമയില്‍ ഏറ്റവും മികച്ച സീന്‍ തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടാകുന്നുണ്ട്.

സിനിമയില്‍ മികച്ച നടന്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെടാറുണ്ട്. എന്നാല്‍ നാടകത്തിലേക്ക് വരുമ്പോള്‍ അത് അങ്ങനെയല്ല. വലിയ ചടങ്ങിലാണ് സിനിമ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. എല്ലാ ചാനലുകളും അത് സംപ്രേക്ഷണം ചെയ്യും. എന്നാല്‍ നാടക അവാര്‍ഡുകള്‍ പലപ്പോഴും ഒരു പത്രക്കുറിപ്പില്‍ മാത്രം ഒതുങ്ങുന്നതാണ്. അവാര്‍ഡ് തുകയിലും വലിയ അന്തരമാണുള്ളത്. അത് ജനങ്ങളില്‍ ചെലുത്തുന്ന സ്വാധീനം കൊണ്ടു തന്നെയാവണം.


നാടകം ജനങ്ങളിലേക്കെത്താന്‍

നാടകം ജനങ്ങള്‍ക്കു കാണാനുള്ള അവസരങ്ങള്‍ വളരെ കുറവാണ്. അതിനാല്‍ തന്നെയാണ് ഇനങ്ങളിലേക്ക് അധികമെത്താത്തതും. എനിക്കു തോന്നുന്നത് നാടകത്തിനായി ഒരു ജില്ലയില്‍ ഒരു തീയറ്റര്‍ എന്ന നിലയിലെങ്കിലും വേണം. അത് എല്ലാവിധ സൗകര്യങ്ങളും അടങ്ങിയതായിരിക്കണം. ഈ തീയറ്ററിനോട് ചേര്‍ന്നു തന്നെ റിഹേഴ്‌സല്‍ ചെയ്യാനും താമസിക്കാനുമുള്ള സൗകര്യങ്ങള്‍കൂടി വേണം. നാടകം എപ്പോഴാണുള്ളതെന്ന് ജനങ്ങള്‍ക്ക് നേരത്തെ അറിയാനും സാധിക്കണം. ഈ സംവിധാനം എല്ലാ ജില്ലകളിലും ഉണ്ടാവണം. അങ്ങനെയാണെങ്കില്‍ ഒരു വിധം ജനങ്ങളിലേക്ക് നാടകം എത്തും. ഒരു സിനിമകാണാം എന്നു തീരുമാനിക്കുന്നതുപോലെ ഇന്നൊരു നാടകം കാണാം എന്ന് തീരുമാനിക്കാനും ജനങ്ങള്‍ക്കവസരം കൊടുക്കണം. അങ്ങനെവരുമ്പോള്‍ നല്ല നാടകങ്ങളും ഉണ്ടാവും.


നാടകം നവമാധ്യമങ്ങളില്‍

നാടകത്തിന് പൂര്‍ണ്ണമായും നവമാധ്യമത്തിലേക്ക് മാറാന്‍ കഴിയില്ല എന്നാണ് എന്റെ അഭിപ്രായം. കാണികളുമായി നേരിട്ടു സംവദിക്കുന്നതാണ് നാടകം. അവര്‍ക്കിടയില്‍ നിന്നു കളിക്കുന്നതാണ് നാടകം. നമ്മുടെ ദേഹത്തു നിന്നു വീഴുന്ന വിയര്‍പ്പും, എന്തിന് നമ്മുടെ ഉച്ഛ്വാസവായുവിന്റെ മണം പോലും കാണികള്‍ക്കു മനസിലാക്കാന്‍ സാധിക്കണം. അപ്പൊ കിട്ടുന്ന ഒരു ഊര്‍ജ്ജമുണ്ടല്ലോ അതൊരിക്കലും ഒരു മീഡിയയിലൂടെ കാണുമ്പോള്‍ ലഭിക്കില്ല. കാണികള്‍ക്കിടയിലിരുന്ന് കഥ പറയാനും സാധിക്കില്ല. അതുകൊണ്ട് എനിക്കു തോന്നുന്നത് മറ്റൊരു മാധ്യമത്തിലൂടെ നാടകം പൂര്‍ണ്ണമായും ആസ്വദിക്കാന്‍ സാധിക്കില്ല.


നാടകത്തിന്റെ സ്വാധീനം

ജീവിതത്തില്‍ പലകാര്യങ്ങളും ചിട്ടപ്പെടുത്താന്‍ നാടകമാണ് എന്നെ സാഹായിച്ചിട്ടുള്ളതെന്ന് പറയാം. അതു പോലെ തന്നെ ഓരോ വിഷയങ്ങളോടും ഞാന്‍ സമീപിക്കുന്ന രീതി അതിലെല്ലാം നാടകത്തിന്റെ വലിയ സ്വാധീനം കാണാം. ചുറ്റുപാടിനോടും കലഹിക്കാനും ഓരോ വിഷയങ്ങളോട് പ്രതികരിക്കാനും എന്നെ പഠിപ്പിച്ചത് നാടകം തന്നെ.

അമ്മയും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് ഹരിദാസിന്റെ കുടുംബം. ഭാര്യ ഷീജ ടീച്ചറാണ്. തന്റെ ശക്തി കുടുംബത്തിന്റെ പിന്തുണയാണെന്നാണ് ഹരിദാസ് പറയുന്നത്.

Read More : കേരളത്തിലെ തമിഴ് ബ്രാഹ്മണർകളുടെ അതിജീവന സമരങ്ങളും ഇരുമ്പ് പിള്ള വികസന കോർപ്പറേഷനിലെ തുരുമ്പും

Next Story

Related Stories