TopTop
Begin typing your search above and press return to search.

അരുണാചൽ മുൻ മുഖ്യമന്ത്രിയുടെ ആത്മഹത്യാക്കുറിപ്പ് നിങ്ങളെ ഞെട്ടിക്കും; കാരണം അതിലെ പേരുകൾ അത്ര വലുതാണ്

അരുണാചൽ മുൻ മുഖ്യമന്ത്രിയുടെ ആത്മഹത്യാക്കുറിപ്പ് നിങ്ങളെ ഞെട്ടിക്കും; കാരണം അതിലെ പേരുകൾ അത്ര വലുതാണ്
നിയമവൃത്തങ്ങളില്‍ വലിയൊരു ഭൂകമ്പം തന്നെയാണ് അതുണ്ടാക്കിയിരിക്കുന്നത്. അങ്ങകലെ, അരുണാചല്‍ പ്രദേശില്‍ ഒരു മനുഷ്യന്‍ എഴുതിയ ആത്മഹത്യ കുറിപ്പാണ് ഇതിന് കാരണമായിരിക്കുന്നത്.

2016 ഓഗസ്റ്റ് ഏഴിന് ആത്മഹത്യ ചെയ്ത അരുണാചല്‍ പ്രദേശിന്റെ മുൻ മുഖ്യമന്ത്രി ഖലികോ പുല്‍ എഴുതിയ അറുപത് പേജുകള്‍ വരുന്ന ആത്മഹത്യക്കുറിപ്പ് നിയമവൃത്തങ്ങളില്‍ അത്രയേറെ ആശങ്കകളും വ്യാപകമായ ഭീതിയും തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്; കാരണം അതിലെ ഉള്ളടക്കം തന്നെ.

ആ ആത്മഹത്യ കുറിപ്പ് അഴിമുഖത്തിന്റെ പക്കലുണ്ട്. പക്ഷെ വിഷയത്തിന്റെ വൈകാരികത കണക്കിലെടുത്ത് പുല്‍ പറഞ്ഞ പേരുകള്‍ പരസ്യപ്പെടുത്താന്‍ സാധിക്കാത്തതിനാല്‍ അത് പൊതുജന സമക്ഷം സമര്‍പ്പിക്കുന്നില്ല.

രാജ്യത്തെ നാലു മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥരുടെ പേര് പുല്‍ പറയുന്നുണ്ട്. അവരില്‍ രണ്ട് പേര്‍ ഇപ്പോഴും ഔദ്യോാഗിക സ്ഥാനങ്ങള്‍ വഹിക്കുന്നവരാണ്. ഹിന്ദിയില്‍ ടൈപ്പ് ചെയ്യപ്പെട്ട ആത്മഹത്യ കുറിപ്പിലെ ഓരോ പേജിലും പുല്‍ ഒപ്പിട്ടിട്ടുണ്ട്.

കോണ്‍ഗ്രസിലെ ചില അംഗങ്ങളുടെയും രാജ്യത്തിന്റെ നിയമവൃത്തങ്ങളില്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുകയും ചെയ്യുന്ന ചില പേരുകള്‍ ആ കുറിപ്പിലുണ്ട്.

മരണം
2016 ഫെബ്രുവരി 20ന് ചില കോണ്‍ഗ്രസ് വിമതരുടെയും ബിജെപിയുടെയും പിന്തുണയോടെയാണ് അരുണാചല്‍ മുഖ്യമന്ത്രിയായി പുല്‍ ചുമതലയേറ്റത്. അദ്ദേഹത്തിന്റെ മന്ത്രിസഭയുടെ നിയമപരമായ സാധുതയെ ചോദ്യം ചെയ്ത സുപ്രീം കോടതി, 2016 ജൂലൈ 13ന് പുലിന്റെ സര്‍ക്കാരിനെ പിരിച്ചുവിട്ടു. കോടതിയുടെ ഉത്തരവ് തനിക്ക് അനുകൂലമാക്കാന്‍ തന്നെ കൈക്കൂലി നല്‍കാന്‍ പ്രേരിപ്പിച്ചതായി പുല്‍ ആരോപിക്കുന്നു.

തന്റെ സംസ്ഥാനത്തിലെ സാമ്പത്തിക വിനിമയങ്ങളുടെ പേരിൽ കോടിക്കണക്കിന് രൂപ കൈക്കൂലി മേടിച്ചതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിലവിലുള്ള ചില ഉന്നത നിയമ ഉദ്യോഗസ്ഥരെ കൂടാതെ രണ്ട് മുന്‍ നിയമ ഉദ്യോഗസ്ഥരുടെ പേരും പുല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ നിയമവൃത്തങ്ങളുടെ ഉന്നതങ്ങളിൽ വിഹരിക്കുന്ന രാഷ്ട്രീയ നേതാക്കളും വ്യക്തികളുമായിട്ടുള്ള ചിലരെ കുറിച്ചുള്ള വളരെ വിഷമിപ്പിക്കുന്ന വിവരങ്ങളും ആ കുറിപ്പിലുണ്ട്.

അരുണാചല്‍ പ്രദേശിലെ പ്രസിഡന്റ് ഭരണം തനിക്ക് അനുകൂലമാക്കി തീര്‍ക്കുന്നതിന് വമ്പന്‍ കൈക്കൂലി ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രീയക്കാരും ഉന്നത നിയമ വൃത്തങ്ങളും നേരിട്ടോ അല്ലെങ്കില്‍ അവരുടെ ബന്ധക്കളോ സഹായികളോ വഴി തന്നെ ബന്ധപ്പെട്ടിരുന്നതായി അദ്ദേഹം പറയുന്നു.

ഇപ്പോള്‍ നിയമപരമായ ചുമതല നിര്‍വഹിക്കുന്ന രണ്ട് പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളുടെ മകനും മറ്റൊരാളുടെ സഹോദരനും തന്നെ ബന്ധപ്പെട്ടതായി പൂല്‍ രേഖപ്പെടുത്തുന്നു.

2016 ജനുവരിയില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തി എട്ടു മാസത്തിന് ശേഷം ഇറ്റാനഗറിലെ സ്വന്തം വീട്ടില്‍ പൂല്‍ തൂങ്ങിമരിച്ചു. അഭയം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്ന നിയമ ഉദ്യോഗസ്ഥരിലും സ്വന്തം പാര്‍ട്ടിയിലെ അഴിമതിയിലും രാഷ്ട്രീയ സാഹചര്യങ്ങള്‍ സ്വന്തം പേരില്‍ ഗുണപരമായി ഉപയോഗിക്കാന്‍ കഴിയാത്തതിലുമുള്ള മോഹഭംഗത്തിലും അഗാധമായ നിരാശയിലുമാണ് പുല്‍ കടുത്ത നടപടിക്ക് മുതിര്‍ന്നത്.
സൂക്ഷമമായ വാക്കുകളില്‍ എഴുതിയിട്ടുള്ള 60 പേജ് വരുന്ന പുലിന്റെ ആത്മഹത്യകുറിപ്പ് ഹിന്ദിയില്‍ വളരെ വൃത്തിയായി ടൈപ്പ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് മാത്രമല്ല ഓരോ പേജിലും അദ്ദേഹത്തിന്റെ പേരും ഒപ്പുമുണ്ട്.വിധിയെ കുറിച്ചുള്ള ചോദ്യങ്ങള്‍
'അരുണാചല്‍ പ്രദേശിലെ പൊതുവിതരണ സമ്പ്രദായത്തെ സംബന്ധിച്ചിടത്തോളം വീഴ്ച പറ്റിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. അത് തെറ്റാണെന്ന് എഫ്‌സിഐയും കേന്ദ്ര സര്‍ക്കാരും പറഞ്ഞിട്ടുണ്ട്. പക്ഷെ ആരോപിക്കപ്പെട്ട ഗുണഭോക്താക്കളെ കുറ്റവിമുക്തരാക്കാന്‍ സുപ്രീം കോടതി തീരുമാനിക്കുകയും അവര്‍ക്ക് പൂര്‍ണമായി നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുകയും ചെയ്തു. അതിന്റെ ഫലമായി, സംസ്ഥാനത്തിന്റെ ഖജനാവ് കാലിയായി,'
എന്ന് പുല്‍ എഴുതുന്നു.

'അദ്ദേഹം (ഒരു മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥനെ കുറിച്ച്) തെറ്റായ വിധി പുറപ്പെടുവിക്കാന്‍ 36 കോടി രൂപയാണ് കൈക്കൂലി മേടിച്ചത്. ഇടനിലക്കാരനായി അദ്ദേഹം തന്റെ മകനെ ഉപയോഗിച്ചു. ആ തീരുമാനം തന്നെ തെറ്റായിരുന്നു,' എന്ന് പുല്‍ തുടരുന്നു.

തന്റെ ആത്മഹത്യ കുറിപ്പിന്റെ 41-ാം പേജില്‍ പുല്‍ ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു: 'സുഹൃത്തുക്കളെ ഈ പേജുകളില്‍ ഞാന്‍ പറഞ്ഞിരിക്കുന്നതെല്ലാം നൂറ് ശതമാനം ശരിയാണ്. എന്റെ മനഃസാക്ഷിയോടാണ് ഞാനിതൊക്കെ പറഞ്ഞിരിക്കുന്നത്. ഞാന്‍ പറഞ്ഞ കാര്യങ്ങളെ പര്‍വതീകരിക്കാനോ, ഉപ്പും മുളകും ചേര്‍ക്കാനോ വസ്തുതകളെ വളച്ചൊടിക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല.'

'എപ്പോഴാണ് ജനങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുക... അതുവരെ നേതാക്കന്മാര്‍ അവരെ വിഡ്ഢികളാക്കിക്കൊണ്ടേയിരിക്കും,' എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

Next Story

Related Stories