TopTop
Begin typing your search above and press return to search.

അച്ഛന്റെ തിരുത്തല്‍ വാദത്തിന് മകന്റെ തിരുത്ത്

അച്ഛന്റെ തിരുത്തല്‍ വാദത്തിന് മകന്റെ തിരുത്ത്

അഴിമുഖം പ്രതിനിധി

ഒടുവില്‍ കോണ്‍ഗ്രസ് ഒരുവിധം ഒപ്പിച്ചെടുത്തു. ഇല്ലെങ്കില്‍ പെട്ടു പോകുമായിരുന്നു. അന്തരിച്ച ജി കാര്‍ത്തികേയന്റെ പത്‌നി ഡോ. എംടി സുലേഖയെ തന്നെ വേണമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആഗ്രഹം. പക്ഷെ അവര്‍ അമ്പിനും വില്ലിനും അടുക്കുന്നില്ലെന്ന് വന്നപ്പോഴാണ് രണ്ടാമത്തെ മകന്‍ ശബരിനാഥനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായത്.

രാഷ്ട്രീയ പാരമ്പര്യം എന്നത് രക്തത്തിലൂടെ വരേണ്ട ഒന്നല്ല എന്ന അഭിപ്രായക്കാരനായിരുന്നു ജി കാര്‍ത്തികേയന്‍ എന്നായിരുന്നു കേട്ടു കേള്‍വി. ഗള്‍ഫില്‍ പോയി പച്ചപിടിക്കാതെ തിരികെ വന്ന മകനെ ഒന്നു രക്ഷപ്പെടുത്താന്‍ തന്റെ പ്രതാപകാലത്ത് സാക്ഷാല്‍ കെ കരുണാകരന്‍ ശ്രമിച്ചിട്ടു പോലും വിട്ടുകൊടുക്കാതെ രമേശ് ചെന്നിത്തലയെയും എം ഐ ഷാനവാസിനെയും കൂട്ടുപിടിച്ച് തിരുത്തല്‍വാദവുമായി ഇറങ്ങിയ ആളാണ് ജികെ. അന്ന് കരുണാകരനെ വിരട്ടാന്‍ കഴിഞ്ഞെങ്കിലും അധികാര രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ക്കിടയില്‍ അതേ മുരളീധരന്‍ തന്നെ കാര്‍ത്തികേയന്റെ സ്വപ്‌നമായിരുന്ന കെപിസിസി പ്രസിഡന്റിന്റെ കസേരയില്‍ കയറി ഇരുന്നത് വിധിയുടെ വിളയാട്ടമായിരിക്കാം. പക്ഷെ പകരം ചെയ്യാന്‍ ഇപ്പോള്‍ മകന് അവസരമുണ്ടായിരിക്കുന്നു. പിസി വിഷ്ണുനാഥ് മുതല്‍ ഡീന്‍ കുര്യാക്കോസ് വരെയുള്ളവര്‍ ജാഗ്രതൈ.

എന്നാലും അരുവിക്കര തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ആദ്യ റൗണ്ടിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്കകത്ത് ഉമ്മന്‍ചാണ്ടിയാണ് വിജയിച്ചതെന്ന് വേണം പറയാന്‍. നിര്‍ണായക തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് എന്തെങ്കിലും പ്രതീക്ഷ വേണമെങ്കില്‍ കാര്‍ത്തികേയന്റെ കുടുംബത്തില്‍ നിന്നും ഒരാള്‍ വരണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് പോലും തര്‍ക്കമുണ്ടായിരുന്നില്ല. സഹതാപ തരംഗം സൃഷ്ടിക്കലല്ലാതെ മറ്റൊന്നും ജനങ്ങളോട് പറയാന്‍ ഇല്ലാതിരിക്കുമ്പോള്‍ അതല്ലാതെ മറ്റൊരു അഭയവും ഉണ്ടായിരുന്നുമില്ല. അത് ഡോ. സുലേഖയായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടിക്ക് ആശങ്ക ഒന്നു കൂടി കുറയുമായിരുന്നു. പക്ഷെ മകന്‍ ശബരിനാഥനെയാണ് കിട്ടിയത്. ഉള്ളത് മതി എന്ന നിലയില്‍ പോലും ഉമ്മന്‍ചാണ്ടിക്കാണ് വിജയം.

കൃത്യമായ പരാജയം രമേശ് ചെന്നിത്തലയ്ക്കും. മറ്റൊന്നുമല്ല ഇനി തിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിന് പാലം വലിക്കാനാവില്ല. പ്രിയപ്പെട്ട ജികെയുടെ പുത്രനാണ്. അപ്പോള്‍ ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും മനസു തുറന്ന് പാരവയ്ക്കാനാവില്ല. മാത്രമല്ല പ്രചാരണത്തില്‍ ഉഷാറായി പങ്കെടുക്കേണ്ടിയും വരും. മറ്റൊരാളായിരുന്നു സ്ഥാനാര്‍ത്ഥിയെങ്കില്‍ കളിയാകെ മാറിയേനെ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഒഴികെ ഒരുമാതിരി ഐ ഗ്രൂപ്പുകാരൊന്നും അവിടെ മത്സരിക്കാന്‍ തയ്യാറാവില്ല. സ്വാഭാവികമായും പാലോട് രവി തൊട്ട് താഴോട്ടുള്ള എ ഗ്രൂപ്പ് നേതാക്കളുടെ പട്ടിക നോക്കേണ്ടി വരും. ഐ ഗ്രൂപ്പിന് പെനാല്‍ട്ടി സ്‌പോട്ടില്‍ പന്ത് വച്ച് കൊടുക്കുന്നത് പോലയാകുമായിരുന്നു അത്. അവര്‍ രാജകീയമായി പാരവയ്ക്കുന്നു, അരുവിക്കരയില്‍ യുഡിഎഫ് തോല്‍ക്കുന്നു, നേതൃത്വമാറ്റം എന്ന ആവശ്യം സ്വാഭാവികമായും ഉയരുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. ഈ തിരക്കഥയുടെ പ്രസക്തി ഇപ്പോള്‍ നഷ്ടപ്പെട്ടു.ഇനി ശബരിനാഥന്‍ അരുവിക്കരയില്‍ തോറ്റു എന്നു തന്നെയിരിക്കട്ടെ. ജികെയുടെ മകന്‍ തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ പേരില്‍ അത്ര പെട്ടെന്ന് നേതൃത്വമാറ്റം ആവശ്യപ്പെടാന്‍ ഐ ഗ്രൂപ്പിന് കഴിയുമോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. ഏതായാലും ഈ മന്ത്രിസഭയുടെ കാലത്ത് മുഖ്യമന്ത്രിയാകാം എന്ന ചെന്നിത്തലയുടെ മോഹം നടക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ വേണം കരുതാന്‍. ആദ്യ റൗണ്ട് വിജയം വീണ്ടും മുഖ്യനോടൊപ്പം എന്ന് മാത്രമേ ഉത്തരമുള്ളു. പിന്നെ ആകെ ഒരു വിഷമം അദ്ദേഹത്തിന് ഉണ്ടാവാന്‍ സാധ്യതയുള്ളു. സ്വന്തം വീട്ടിലും ഒരാള്‍ ഖദറിട്ട് നടക്കുന്നുണ്ട്. ഈ ബഹളത്തിനിടയില്‍ ആ പുള്ളിയെ ഒരു കരയ്ക്കടുപ്പിക്കല്‍ പാടായിരിക്കും. മുത്തൂറ്റിലോ മറ്റോ ഒരു പണി മേടിച്ചു കൊടുക്കേണ്ടി വന്നേക്കാം.

നഷ്ടം യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു വിഭാഗങ്ങള്‍ക്ക് മാത്രം. ഇതുവരെ വെള്ളംകോരിയതും വിറകുവെട്ടിയതും വെറുതെ. അതുകൊണ്ടാണ് രാവിലെ തന്നെ ശബരിനാഥന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കെ എസ് യുക്കാര്‍ കെപിസിസിക്ക് കത്തുകൊടുത്തത്. പക്ഷെ ഏശിയില്ല. അല്ലെങ്കിലും ഏശുമെന്ന വിചാരിച്ചല്ലല്ലോ ഇത്തരം കത്തെഴുത്തുകള്‍. കോണ്‍ഗ്രസിലായതുകൊണ്ട് കത്തെങ്കിലും എഴുതാം. എസ്എഫ്‌ഐക്കാരോ മറ്റോ ഇമ്മാതിരി കത്തുമായി എകെജി സെന്റര്‍ പരിസരത്ത് കറങ്ങി നടന്നിരുന്നെങ്കില്‍ കാണാമായിരുന്നു കളി. ഇതുപോലെയുള്ള സംഭവങ്ങള്‍ നടക്കുന്ന രാജ്യത്ത് കാമ്പസ് രാഷ്ട്രീയം മുരടിച്ചുപോയി, അത് പുനഃരുജ്ജീവിപ്പിക്കണം എന്നൊക്കെ പറഞ്ഞു നടക്കുന്നവര്‍ കുറച്ച് ദിവസത്തേക്കെങ്കിലും കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് ഭിക്ഷാംദേഹികളുടെ പരിസരത്ത് കൂടി പോകരുത്.

പിതാവിന്റെ പുത്രന്‍ എന്നതിനപ്പുറം ശബരിനാഥിനും ചില രാഷ്ട്രീയ പാരമ്പര്യങ്ങള്‍ ഉണ്ടെത്രെ. ഏതോ കോളേജില്‍ യൂണിയന്‍ ഭാരവാഹിയായിരുന്നു എന്ന് ചാനലുകള്‍ ഇതിനകം ഗവേഷണം ചെയ്ത് കണ്ടുപിടിച്ചു കഴിഞ്ഞു. അതെന്തുമാകാട്ടെ. നല്ല വിദ്യാഭ്യാസമുള്ള ആളാണ് കെ എസ് ശബരിനാഥന്‍. അത് തീരെയില്ലാത്ത ആളുകളുടെ ഇടയിലേക്കാണ് പോകുന്നത്. കോണ്‍ഗ്രസിലെ
പൊതുബോധം വച്ച് ചളിയില്‍ ചവിട്ടിയിട്ട് കഴുകി കളയുമാവാം അല്ലെങ്കില്‍ ചളിയില്‍ തീരെ ചവിട്ടില്ല എന്ന നിലപാടെടുക്കുകയുമാവാം. അവിടെയാവും ഈ രാഷ്ട്രീയ ഉദയം കര്‍ക്കിടക വാവിനായിരുന്നോ എന്ന് തീരുമാനിക്കപ്പെടുക.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories