TopTop
Begin typing your search above and press return to search.

ആവര്‍ത്തിച്ചാവര്‍ത്തിച്ച് നമ്മള്‍ തോല്‍പ്പിക്കുന്ന ഒ രാജഗോപാല്‍

ആവര്‍ത്തിച്ചാവര്‍ത്തിച്ച് നമ്മള്‍ തോല്‍പ്പിക്കുന്ന ഒ രാജഗോപാല്‍

രാഷ്ട്രീയ തത്വചിന്തകള്‍ അപ്രസക്തമായ ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. കൊടിയും നിലപാടും ഉണ്ടായെന്നുവരാം. അധികാരവും അവസരവാദവും ലക്ഷ്യവും മാര്‍ഗ്ഗവുമായി സ്വീകരിച്ച നേതാക്കള്‍ എല്ലാ പാര്‍ട്ടികളുടെയും വേദികളില്‍ തിങ്ങി ഞെരുങ്ങി ഇരിക്കുന്നു. അവര്‍ക്കിടയില്‍ സിന്ദൂര തിലകമണിഞ്ഞ് മന്ദഹാസം തൂകി സന്ന്യാസിയെപ്പോലൊരാളെ കണ്ടുമുട്ടുന്നത് കൗതുകകരമാണ്. അധികാരാഡംബരങ്ങളോട് തികഞ്ഞ 'സിദ്ധാര്‍ത്ഥത' പുലര്‍ത്തുന്ന ഒരു നേതാവ്. പ്രതിരോധവും പ്രത്യാക്രമണവും ഇല്ല. കേരളം ഉണ്ടായശേഷം മിക്കവാറും എല്ലാ തെരഞ്ഞെടുപ്പുകളിലും ഒരു സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ നമ്മള്‍ കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം ആവര്‍ത്തിച്ചാവര്‍ത്തിച്ച് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും നമ്മള്‍ തോല്‍പ്പിച്ചിട്ടുണ്ട്.

ഒ രാജഗോപാല്‍ കൈകൂപ്പി, പുഞ്ചിരിച്ചുവരുന്നതു കാണുമ്പോള്‍ 'ഓം ശാന്തി' എന്ന് അറിയാതെ പറഞ്ഞുപോകുന്നു. പാലക്കാട് നഗരസഭാ കൗണ്‍സില്‍ മുതല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ വരെ അരനൂറ്റാണ്ടോളമായി ജയപരാജയങ്ങളെപ്പറ്റി ആശങ്കയില്ലാതെ രാജഗോപാല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നതും മത്സരിക്കുന്നതും ജയിക്കാന്‍ മാത്രമല്ലെന്നൊരു ഭാവം എപ്പോഴും അദ്ദേഹത്തിനുണ്ടായിരുന്നു. അത് ജനങ്ങള്‍ വകവച്ചുകൊടുക്കുകയും ചെയ്തു. അനുകമ്പ തോന്നിയിട്ടെങ്കിലും വോട്ടര്‍മാര്‍ രാജഗോപാലിനെ ഒരിക്കല്‍പോലും ജയിപ്പിച്ചിട്ടില്ല. അതില്‍ അദ്ദേഹത്തിന് ആരോടും അശേഷം പരിഭവമില്ല.

കേരളത്തിന്റെ പൊതു താല്‍പ്പര്യത്തെ ബി.ജെ.പിയുടെ വേദിക്കും വേദാന്തത്തിനും വെളിയില്‍ വച്ചു പരിശോധിച്ചിട്ടുള്ള ഏക നേതാവാണ് ഒ രാജഗോപാല്‍. വാജ്‌പേയി സര്‍ക്കാരില്‍, നഗരവികസനം, റയില്‍വേ, പ്രതിരോധം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായിരുന്നപ്പോള്‍ രാജഗോപാല്‍ കേരളത്തിന്റെ പൊതു ആവശ്യത്തോട് പുലര്‍ത്തിയ പ്രത്യേക താല്‍പ്പര്യം രാഷ്ട്രീയ തിമിരം ബാധിച്ചിട്ടില്ലാത്ത ആരും തലകുലുക്കി സമ്മതിക്കും. രാജഗോപാല്‍ റയില്‍വേ സഹമന്ത്രിയായിരുന്ന ഇരുപത്തിരണ്ടുമാസക്കാലം കേരളത്തില്‍ റയില്‍വെ വികസനത്തില്‍ റിക്കാര്‍ഡ് മുതല്‍മുടക്കുണ്ടായി. ഏഴു മാസക്കാലം നഗരവികസന വകുപ്പിന്റെ ചുമതല വഹിച്ചപ്പോഴും എണ്ണിപ്പറയാവുന്ന നേട്ടങ്ങളുണ്ടായി. ഹഡ്‌കോയുടെ ബ്ലാക്ക് ലിസ്റ്റില്‍ നിന്ന് കേരളം ഒഴിവാക്കപ്പെട്ടത് അക്കാലത്തായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളം നിര്‍മ്മിക്കാന്‍ ധനസഹായം അനുവദിച്ചു. തിരുവനന്തപുരത്ത് ഹാബിറ്റാറ്റ് സെന്റര്‍ പണിയാന്‍ കവടിയാറില്‍ ഹഡ്‌കോ സ്ഥലം കണ്ടെത്തി.പ്രതിരോധവകുപ്പില്‍ സഹമന്ത്രിയായി ചുമതലയേറ്റ ദിവസം തന്നെ തന്റെ മുന്‍ഗണനാക്രമം നിശ്ചയിച്ചുകൊണ്ട്, രാജഗോപാല്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് ഒന്നാം സ്ഥാനം നല്‍കി പ്രഖ്യാപിച്ചത് ഓര്‍ക്കുന്നു. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്ന രാജഗോപാല്‍ കക്ഷി രാഷ്ട്രീയ പരിഗണനകളില്ലാതെ കേരളത്തിന്റെ ഭാവിയെക്കുറിച്ച് ആലോചിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയം പയറ്റാനാണ് ബിജെപി നേതാവായ രാജഗോപാല്‍ ഇങ്ങനൊക്കെ ചെയ്തതെന്ന് പിണറായി വിജയന്‍ പോലും പറയുമെന്ന് തോന്നുന്നില്ല. വാജ്‌പേയി മന്ത്രിസഭയില്‍ തന്റെ പ്രവര്‍ത്തനകാലം കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ അനുമതിയോടെ സന്യാസാശ്രമം പുല്‍കാന്‍ അഭിലഷിച്ച രാജഗോപാല്‍ തന്റെ സൗമ്യമായ സേവനത്തെ നിക്ഷേപിച്ച് പലിശ കൂട്ടി പെരുക്കാന്‍ ആഗ്രഹിച്ചില്ല. മാനവസേവ തികഞ്ഞ മാധവസേവയാണെന്ന ദൃഢവിശ്വാസമാണ് അദ്ദേഹത്തെ നയിച്ചതെന്ന് പറയാം. പക്ഷെ ബി ജെ പി ഈ മനുഷ്യനെ സന്യാസാശ്രമത്തിലേക്ക് അയച്ചില്ല. അദ്ദേഹത്തെ പിന്നെയും രണ്ടുതവണ തിരുവനന്തപുരം മണ്ഡലത്തിലും നേമത്തും സ്ഥാനാര്‍ത്ഥിയാക്കിക്കളഞ്ഞു. വോട്ടര്‍മാരാകട്ടെ, അത്രയ്ക്കായോ എന്ന മട്ടില്‍ അദ്ദേഹത്തെ വീണ്ടും തോല്‍പ്പിക്കുകയും ചെയ്തു. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ കഴിഞ്ഞ വര്‍ഷം രാജഗോപാല്‍ തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ ജയിക്കുമായിരുന്നു. ബി ജെ പി അപ്പോഴും കാവിക്കൊടി ഉയര്‍ത്തി പതിവുപോലെ അദ്ദേഹത്തെ തോല്‍പ്പിച്ചു കളഞ്ഞു, വെറും പതിനയ്യായിരം വോട്ടിന് വി കെ കൃഷ്ണമേനോന്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചിട്ടുള്ള മണ്ഡലമാണ് തിരുവനന്തപുരം.

അരുവിക്കര ഉപതെരഞ്ഞെടുപ്പിലും സംസ്ഥാനത്തെ ബി ജെ പി നേതൃത്വത്തിന് വിശ്വാസ പൂര്‍വം എടുത്തു നിറുത്താന്‍ ഒരു ഷോ പീസ് മാത്രമേ ഉള്ളൂ; ബി ജെ പിയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റ് ഒ രാജഗോപാല്‍. എങ്കിലും അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഭരണ പ്രതിപക്ഷ മുന്നണികളില്‍ അല്‍പ്പം ഞെട്ടല്‍ ഉണ്ടാക്കി. കാരണം തികച്ചും അപ്രതീക്ഷിതമായിരുന്നു അത്.

രാഷ്ട്രീയ ഭേദമെന്യേ ഏവരും 'രാജേട്ടന്‍' എന്ന് വിളിക്കുന്ന ഓലഞ്ചേരി രാജഗോപാല്‍ പാലക്കാട്ട് ഒരു സാധാരണ കോണ്‍ഗ്രസ്സുകാരനായിട്ടാണ് പൊതുരംഗത്ത് വന്നത്. വിക്‌ടോറിയ കോളേജില്‍ നോവലിസ്റ്റും കാര്‍ട്ടൂണിസ്റ്റുമായി പില്‍ക്കാലത്ത് പ്രശശ്തനായ ഒ വി വിജയന്റെ സഹപാഠിയും സ്‌നേഹിതനും ആയിരുന്നു. എന്നാല്‍ വിജയന്റെ ചിന്താരീതിയോ രാഷ്ട്രീയ നിലപാടുകളോ രാജഗോപാലിനെ സ്വാധീനിച്ചില്ല. പ്രതിഭാശാലിയാണ് വിജയനെന്ന് മനസ്സിലാക്കുമ്പോഴും തങ്ങള്‍ക്കിരുവര്‍ക്കും രണ്ട് തലകളാണ് ഉള്ളതെന്ന് രാജഗോപാല്‍ തിരിച്ചറിഞ്ഞിരുന്നു. മദ്രാസ് ലോ കോളേജില്‍ നിന്ന് നിയമബിരുദമെടുത്ത് പാലക്കാട്ടെത്തി രാഷ്ട്രീയവും അഭിഭാഷക വൃത്തിയും സമരസപ്പെടുത്തി മുന്നോട്ടു പോയ രാജഗോപാല്‍ കര്‍ഷകരെ സംഘടിപ്പിച്ച് വിമോചന സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന 1964ല്‍ രാജഗോപാലിന്റെ ജീവിതത്തില്‍ വഴിത്തിരുവുണ്ടായി. ഭാരതീയ ജനസംഘത്തിന്റെ ആചാര്യനായിരുന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായുമായി അദ്ദേഹം പാലക്കാട്ടുവച്ച് നേരിട്ടു സംസാരിച്ചു. പുതിയ മാനവികതയെക്കുറിച്ചുള്ള ദീനദയാല്‍ ഉപാദ്ധ്യായയുടെ നിലപാടുകളില്‍ രാജഗോപാല്‍ ആകൃഷ്ടനായി. പി പരമേശ്വരന്റെയും കെ രാമന്‍പിള്ളയുടെയും കൈപിടിച്ച് അദ്ദേഹം ജനസംഘത്തില്‍ ചേര്‍ന്നു. ഉപാദ്ധ്യായ ദേശീയ പ്രസിഡന്റായിരിക്കെ 1967ല്‍ കോഴിക്കോട്ട് ജനസംഘത്തിന്റെ സമ്മേളനം നടത്താന്‍ കാര്യദര്‍ശിയായി രാജഗോപാല്‍ മുന്നില്‍ നിന്നു. ഏതാനും മാസങ്ങള്‍ക്കു ശേഷം ദീനദയാല്‍ മുഗള്‍സരായി റയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ മരിച്ചുകിടന്ന വാര്‍ത്ത രാജഗോപാലിനെ കരയിച്ചു. അന്നദ്ദേഹം ഒരു പ്രതിജ്ഞയെടുത്തു. ദീനദയാല്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശത്തിന്റെ സാക്ഷാല്‍ക്കാരത്തിനു വേണ്ടി ജീവിക്കുക. അങ്ങനെ അഭിഭാഷകവൃത്തി എന്നേക്കുമായി ഉപേക്ഷിച്ച് മുഴുവന്‍ സമയരാഷ്ട്രീയക്കാരനായി. ജനവിധിയുടെ ഫലപ്രാപ്തി അറിഞ്ഞുകൊണ്ടുതന്നെ പാര്‍ട്ടിയുടെ അനുശാസനം സ്വീകരിച്ച് ഓരോ തിരഞ്ഞെടുപ്പുകളില്‍ രാജഗോപാല്‍ സ്ഥാനാര്‍ത്ഥിയായി. ഒരിക്കല്‍പോലും ജയിച്ചിട്ടില്ലെന്നത് മത്സരിക്കാതിരിക്കാന്‍ രാജഗോപാലിന് മതിയായ കാരണമല്ല. കഴിഞ്ഞ കൊല്ലം അദ്ദേഹം ജയത്തിന്റെ വക്കോളം എത്തി. ഇപ്പോള്‍ അരുവിക്കരയില്‍ എന്തു സംഭവിക്കും?ജനസംഘം സംസ്ഥാന പ്രസിഡന്റ്, ജനതാപാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി, ബി ജെ പിയുടെ പ്രഥമ സംസ്ഥാന പ്രസിഡന്റ്, ദേശീയ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലെല്ലാം രാജഗോപാല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബംഗ്ലാദേശിന്റെ അംഗീകാര പ്രശ്‌നം മുന്‍നിര്‍ത്തി നടത്തിയ സമരത്തില്‍ പങ്കെടുത്ത് തിഹാര്‍ ജയിലില്‍ കിടന്നിട്ടുണ്ട്. മലപ്പുറം ജില്ലാ വിരുദ്ധ സമരം നയിച്ച് കണ്ണൂര്‍ ജയിലില്‍ കിടന്നു. അടിയന്തിരാവസ്ഥയില്‍ പതിനെട്ടുമാസം വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ സ്വകാര്യ ജീവിതത്തിലെ പതിവുകള്‍ പലതും എന്നേക്കുമായി ഉപേക്ഷിച്ച കാര്യം രാജഗോപാല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാജഗോപാലിന്റെ പ്രസംഗങ്ങള്‍ക്ക് തീവ്രതയില്ല. എന്നാല്‍ ഗഹനതയുണ്ട്. അദ്ധ്യാപകന്‍ ക്ലാസ്സെടുക്കുംപോലെ അദ്ദേഹം കാര്യങ്ങള്‍ പറയുന്നു. എന്നിട്ടും കേന്ദ്രമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രസംഗത്തിന് ചങ്ങനാശ്ശേരി എന്‍ എസ് എസ് കോളേജില്‍ പത്തുകൊല്ലം മുമ്പ് അവസരം നിഷേധിച്ചു. രാജഗോപാല്‍ പ്രസംഗിച്ചാല്‍ വിദ്യാര്‍ത്ഥി സമൂഹം മുഴുവന്‍ എ ബി വി പി ആയിപ്പോകുമെന്ന് ആരോ ഭയന്നു. രാജഗോപാല്‍ അരനൂറ്റാണ്ട് പ്രസംഗിച്ചിട്ടും കേരളത്തില്‍ ബി ജെ പിക്ക് ഒരു നിയമസഭാംഗം ഉണ്ടായില്ല.

കക്ഷിരാഷ്ട്രീയത്തിന്റെ ഇടുങ്ങിയ പാതവിട്ട് സഞ്ചരിച്ച കേന്ദ്രമന്ത്രിയായിരുന്നു രാജഗോപാല്‍. കേരളത്തിന്റെ പൊതു ആവശ്യത്തോട് അദ്ദേഹത്തോളം ഉദാരമായി പ്രവര്‍ത്തിച്ച മറ്റൊരു കേന്ദ്രമന്ത്രി ഇല്ല. രാഷ്ട്രീയം മറക്കാം, രാജഗോപാലിനെ സ്വീകരിക്കാം എന്ന് എന്നിട്ടും കേരളത്തിന് തോന്നിയില്ല. തത്വശാസ്ത്രങ്ങള്‍ ഏതോ ചിതയില്‍ കത്തിയമര്‍ന്നു കഴിഞ്ഞ ഈ രാഷ്ട്രീയ തൃസന്ധ്യയില്‍ കേരളം ആരെയാണ് കാത്തിരിക്കുന്നത്? എം വിജയകുമാറിന് ഇനിയും അവസരങ്ങളുണ്ട്. കെ എസ് ശബരിനാഥ് തുടങ്ങിയിട്ടല്ലേയുള്ളൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories