TopTop
Begin typing your search above and press return to search.

കാര്‍ത്തികേയന്‍ മകന്‍ ശബരീനാഥന് വോട്ടു ചെയ്യുമോ? ; ഇല്ല (ചോദ്യവും ഉത്തരവും സാങ്കല്‍പ്പികം)

കാര്‍ത്തികേയന്‍ മകന്‍ ശബരീനാഥന് വോട്ടു ചെയ്യുമോ? ; ഇല്ല (ചോദ്യവും ഉത്തരവും സാങ്കല്‍പ്പികം)

ഇതൊരു സാങ്കല്‍പ്പിക ചോദ്യമാണ്. ജി കാര്‍ത്തികേയന്‍ മകന്‍ ശബരീനാഥിന് വോട്ടുചെയ്യുമോ? ഉത്തരം: ഇല്ല. ഉത്തരവും സാങ്കല്‍പ്പികം തന്നെ. പക്ഷെ, അതിന്റെ അടിത്തറ സാങ്കല്‍പ്പികമല്ല. കാരണം, അങ്ങനെ ചെയ്താല്‍ കാര്‍ത്തികേയന്‍ കുഴിച്ചുമൂടുന്നത് സ്വന്തം രാഷ്ട്രീയ അസ്തിത്വം തന്നെയായിരിക്കും.

കാര്‍ത്തികേയന്‍, പറഞ്ഞു പ്രചരിപ്പിയ്ക്കുന്നതുപോലെ, ഒരു മഹാനായ രാഷ്ട്രീയക്കാരനൊന്നും അല്ലായിരുന്നു. ഇന്ത്യയിലെ ഏതെങ്കിലും ഒരു കോണ്‍ഗ്രസ് നേതാവിനെ മഹാനായ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന വിളിക്കാമോ എന്ന സാമാന്യയുക്തിക്കു നിരക്കുന്ന ചോദ്യത്തിലൂന്നിയല്ല അതു പറഞ്ഞത്. കെ എസ് യു പ്രവര്‍ത്തകനില്‍ തുടങ്ങി കേരള നിയമസഭ സ്പീക്കര്‍ വരെയുള്ള കാര്‍ത്തികേയന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ് അത് പറഞ്ഞത്.

പക്ഷെ, കാര്‍ത്തികേയന്‍ ഭേദപ്പെട്ട കോണ്‍ഗ്രസുകാരനായിരുന്നു. 'ഭേദപ്പെട്ടത്' എന്ന വിശേഷണത്തിന് കേരളത്തിലെ കോണ്‍ഗ്രസുകാരില്‍ എത്ര പേര്‍ അര്‍ഹരാണ് എന്ന യാഥാര്‍ത്ഥ്യത്തിന്റെ മുന്നിലാണ് കാര്‍ത്തികേയന്‍ ഭേദപ്പെട്ടയാളാകുന്നത്. രാഷ്ട്രീയ സദാചാരത്തിന്റെ കാര്യത്തിലും പൊതുവേയുള്ള പെരുമാറ്റത്തിന്റെ കാര്യത്തിലും മാത്രമല്ല, നല്ല വായനാശീലമുള്ള രാഷ്ട്രീയക്കാരന്‍ എന്ന നിലയിലും കാര്‍ത്തികേയന്‍ ഭേദപ്പെട്ടതായിരുന്നു. (ഫ്‌ളക്‌സ് ബോര്‍ഡിലെ തന്റെ പേരു മാത്രം വായിയ്ക്കാറുള്ള കോണ്‍ഗ്രസുകാര്‍ക്കിടയില്‍, അതുകൊണ്ടുതന്നെ, കാര്‍ത്തികേയന്‍ വ്യത്യസ്തനായിരുന്നു.)

കാര്‍ത്തികേയന്‍ അത്ര ഭേദപ്പെട്ട ഭരണാധികാരിയും ആയിരുന്നില്ല. സാംസ്‌കാരിക മന്ത്രിയായിരിക്കെ അടൂര്‍ ഗോപാലകൃഷ്ണനെ നേരിട്ടുവിളിച്ചാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആകണമെന്ന് പറഞ്ഞത്. എന്നാല്‍, അവിടെ പ്രവര്‍ത്തിയ്ക്കാനുള്ള മിനിമം സ്വാതന്ത്ര്യം അടൂരിന് നല്‍കിയില്ല. അതില്‍ പ്രതിഷേധിച്ചാണ് അടൂര്‍ രാജിവച്ചത്. പകരം വന്ന ചെയര്‍മാന്‍ ടി കെ രാജീവ്കുമാറാണ്. ഒരു അക്കാദമിയുടെ തലപ്പത്ത് രാജീവ്കുമാറിനെപ്പോലെ ഇടത്തരം നിലവാരം പോലുമില്ലാത്ത ഒരു സംവിധായകനെ കുടിയിരുത്താന്‍ കാര്‍ത്തികേയന് എങ്ങനെ കഴിഞ്ഞു? ചലച്ചിത്രങ്ങള്‍ കാണുന്ന കാര്‍ത്തികേയന് ചലച്ചിത്രത്തേക്കാള്‍ സ്‌നേഹം - ചലച്ചിത്രത്തിന്റെ കാര്യത്തില്‍ പോലും മറ്റെന്തോ ആയിരുന്നു. കാര്‍ത്തികേയന്‍ കാണിച്ച ആ തമാശയാണ് പ്രിയദര്‍ശനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനാക്കാനുള്ള ധൈര്യം ഗണേഷ്‌കുമാറിനു നല്‍കിയത്.

എന്നാല്‍ സ്പീക്കര്‍ കാര്‍ത്തികേയന്‍ വ്യത്യസ്തായിരുന്നു. ജനങ്ങളുടെ പ്രതിനിധികള്‍ സമ്മേളിക്കുന്ന ഹാളിനുള്ളില്‍ പോലീസുകാര്‍ വേണ്ട എന്ന ഒരൊറ്റ തീരുമാനം മതി കാര്‍ത്തികേയന്‍ എന്ന സ്പീക്കറുടെ വ്യക്തിത്വം മനസ്സിലാക്കാന്‍. മൂന്നുകോടി ജനങ്ങളെ പ്രതിനിധികരിക്കുന്ന പ്രതിനിധികള്‍ സ്വയം നന്നായിപ്പെരുമാറുമെന്നും അങ്ങനെ പെരുമാറിയില്ലെങ്കില്‍ അവരെ കാണുന്നുണ്ടെന്നും അവര്‍ ക്രിമിനലുകളോ മാവോയിസ്റ്റുകളോ അല്ലെന്നുമുള്ള തിരിച്ചറിയല്‍ കാര്‍ത്തികേയനുണ്ടായിരുന്നു. സോളാര്‍ കത്തിക്കയറിയ ദിനങ്ങളില്‍പ്പോലും സഭയ്ക്ക് അന്തസ്സുണ്ടായിരുന്നു. അത് കാത്തുസൂക്ഷിച്ചതില്‍ പ്രധാന പങ്ക് സ്പീക്കര്‍ക്കായിരുന്നുവെന്ന് വ്യക്തമായത് കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് സ്പീക്കറായ ശക്തന്‍ നാടാര്‍ സമ്മേളനം കൈകാര്യം ചെയ്യുന്നതു കണ്ടപ്പോഴാണ്.പക്ഷെ, കാര്‍ത്തികേയന്‍ സ്പീക്കറാകാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്നതാണ് സത്യം. മന്ത്രിസഭയിലായിരുന്നു കണ്ണ്. ഉമ്മന്‍ചാണ്ടി, പക്ഷെ കാര്‍ത്തികേയനെ കണ്ടതേയില്ല. അങ്ങനെയാണ് ആന്റണിയുടെ ഇടപെടലിലൂടെ കാര്‍ത്തികേയന്‍ സ്പീക്കറാകുന്നത്. (ഓര്‍ക്കണം, പഴയ വിഗ്രഹങ്ങള്‍ തകര്‍ന്നുവെന്നും ചില ആദര്‍ശവാന്‍മാരെ മുക്കാലില്‍ കെട്ടി അടിയ്ക്കണം എന്നുമൊക്കെ കരുണാകരന്റെ പ്രിയശിഷ്യനായിരുന്ന കാലത്ത് ആന്റണിയെ ഉന്നംവച്ച് കാര്‍ത്തികേയന്‍ പറഞ്ഞിരുന്നു. ആന്റണിയ്‌ക്കെതിരെ വയലാര്‍ രവി കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോഴും. പക്ഷേ, അവസാന നാളുകളില്‍ കാര്‍ത്തികേയന്‍ ആന്റണിയുടെ സ്വന്തം ആളായിരുന്നു. (അത് കാര്‍ത്തികേയന്റെ മഹത്വമോ ആന്റണിയുടെ മഹത്വമോ എന്ന് ചരിത്രം തീരുമാനിക്കട്ടെ.)

പറഞ്ഞുവന്നത് അതാണ്. കാര്‍ത്തികേയന്റെ രാഷ്ട്രീയ അസ്തിത്വത്തിന്റെ തുടക്കം. അടിയന്തിരാവസ്ഥയ്ക്കു ശേഷമുണ്ടായ പതനത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ ഇന്ദിരാഗാന്ധിയെ പിറകില്‍ നിന്നു കുത്തി. അടിയന്തിരാവസ്ഥയ്ക്കു ശേഷമുണ്ടായ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ഐക്യമുന്നണിക്കും എക്കാലത്തേയും വലിയ ഭൂരിപക്ഷം ലഭിച്ചുകൊണ്ടിരിക്കെയാണ് ഈ പിറകില്‍നിന്നുള്ള കുത്ത്. അന്ന് കെ കരുണാകരനോടൊപ്പം നിന്ന യുവാക്കളില്‍ പ്രമുഖനായിരുന്നു കാര്‍ത്തികേയന്‍. പിന്നെ, കരുണാകരന്റെ മാനസപുത്രനായ ചെന്നിത്തലയും കുതന്ത്രങ്ങളുടെ ആശാനായ ഷാനവാസും. (ഒരിലയില്‍ ഇഡ്ഡലി വിളമ്പി കരുണാകരനും ചെന്നിത്തലയും ഒരുമിച്ചു പ്രാതല്‍ കഴിച്ചിരുന്ന എത്രയോ ദിവസങ്ങള്‍!) ആ കരുണാകരനെതിരെയാണ് ഈ മൂവരും പിന്നീട് തിരിഞ്ഞത്. അതിനു കാരണം കരുണാകരന്‍ മകന്‍ മുരളീധരനെ രാഷ്ട്രീയത്തില്‍ വളര്‍ത്തിക്കൊണ്ടുവന്നു എന്നതായിരുന്നു. ആ എതിര്‍പ്പിന്റെ പേരായിരുന്നു തിരുത്തല്‍വാദം.

പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ചുവന്ന പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും മുകളിലൂടെ കരുണാകരന്‍ മുരളീധരനെ കെട്ടിയിറക്കിയതിനെതിരായിരുന്നു, വാസ്തവത്തില്‍, കാര്‍ത്തികേയന്റെ നേതൃത്വത്തിലുള്ള തിരുത്തല്‍വാദം. ആ കാര്‍ത്തികേയന്‍ തിരുവനന്തപുരത്ത് തന്നെയുള്ള ധാരാളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും മുകളിലൂടെ കോണ്‍ഗ്രസ് നേതൃത്വവും തന്റെ കുടുംബവും ചേര്‍ന്നു നടത്തിയ സഹതാപ നാടകത്തിനൊടുവില്‍ കെട്ടിയിറക്കിയ മകന് വോട്ടുചെയ്യുമോ എന്നതാണ് ചോദ്യം.

ഇല്ല, എന്നാണ് സാമാന്യയുക്തിക്ക് നിരക്കുന്ന ഉത്തരം. എന്നാല്‍, തീര്‍ച്ചയായും വോട്ടു ചെയ്യും എന്നാണ് കാര്‍ത്തികേയന്റെ ഭാര്യ സുലേഖ ഇപ്പോള്‍ പറയുന്നത്. രോഗബാധിതനാകുന്നതിനു മുമ്പ് രാഹുല്‍ഗാന്ധി കാര്‍ത്തികേയന്റെ വീട്ടിലെത്തിയപ്പോള്‍ 'രാഹുല്‍ ബ്രിഗേഡി'ലേക്ക് മകന്‍ ശബരിനാഥിനെ എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്രേ! 'രാഹുല്‍ ബ്രിഗേഡ്' എന്നാല്‍ രാഹുല്‍ ഗാന്ധിയെപ്പോലെ തന്നെ ദില്ലിയിലുള്ള കുറേ 'അച്ഛന്‍മാരുടെ മക്കളുടെ കൂട്ടായ്മ' എന്നാണര്‍ത്ഥം. വടക്കേ ഇന്ത്യയിലും മറ്റും 'dying in harness' എന്ന തത്വം പാര്‍ട്ടി തലത്തില്‍ തന്നെ അംഗീകരിച്ചിട്ടുണ്ട്. ഒരു മാതിരി ഭേദപ്പെട്ട നേതാക്കളുടെ എല്ലാം മക്കള്‍ (ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ എന്ന കണക്കിന്) നേതാക്കന്‍മാരായി തന്നെ direct appointment കിട്ടിയവരാണ്. അവരും രാഹുലും ചേര്‍ന്നാണ് പാര്‍ട്ടിയ്ക്കു തന്നെ dying in harnessന് അപേക്ഷ നല്‍കാന്‍ പരുവത്തിലാക്കിയതെന്ന് പറഞ്ഞുകേള്‍ക്കുന്നു. ആ ബ്രിഗേഡിലേക്ക് ശബരീനാഥിനെ എടുക്കണമെന്ന് കാര്‍ത്തികേയന്‍ ആവശ്യപ്പെട്ടിരുന്നു എന്നും കാര്‍ത്തികേയന്റെ പെട്ടെന്നുള്ള രോഗവും മരണവും കാരണമാണ് അത് നടക്കാതെ പോയതെന്നും സുലേഖ യാതൊരു ഉളുപ്പുമില്ലാതെ ചാനലുകളോട് പറയുന്നു.അതായത് മകനെ കേരളത്തിലെ നേതാക്കളുടെ മുകളിലൂടെ ദില്ലിയില്‍ നിന്ന് കെട്ടിയിറക്കാനായിരുന്നത്രെ തിരുത്തല്‍വാദിയായിരുന്ന, കുടുംബാധിപത്യത്തിനെതിരെ വാദിച്ചിരുന്ന, കാര്‍ത്തികേയന്റെ ഉള്ളിലിരിപ്പ്. ഒരു പക്ഷെ കാര്‍ത്തികേയന്റെ ഉള്ളിലിരിപ്പ് നല്ലവണ്ണം അറിയാവുന്നതുകൊണ്ടാകാം മകന് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചപ്പോള്‍ അതിനെതിരെയുള്ളവിമര്‍ശനങ്ങള്‍ക്ക് മറുപടിയായി സുലേഖ തന്നെ രംഗത്തുവന്നതും മകന്റെ കെ എസ് യു. പാരമ്പര്യത്തെക്കുറിച്ച് ജനങ്ങളെ ഓര്‍മ്മപ്പെടുത്തിയതും. കെ എസ് യു പാരമ്പര്യമുള്ളവര്‍ക്കൊക്കെ തിരഞ്ഞെടുപ്പില്‍ നിയമസഭാ സീറ്റ് തരമാകുമെന്നു വന്നാല്‍ കേരള നിയമസഭയില്‍ ഒരു രണ്ടായിരം സീറ്റെങ്കിലും വേണം. അത്രയും പേരുണ്ട്. അത്രയേ ഉള്ളൂ.

അപ്പോള്‍ കെ എസ് യു പാരമ്പര്യമല്ല; അച്ഛന്റെ മകന്‍ എന്നതാണ് പാരമ്പര്യം. അച്ഛന്റെ രൂപവും ഭാവവും ചേഷ്ഠകളും സംസാരരീതിയുമൊക്കെ മക്കള്‍ക്ക് വരാറുണ്ട്. പക്ഷേ, രാഷ്ട്രീയ പാരമ്പര്യവും genetically transferable ആണെന്ന സിദ്ധാന്തം സുലേഖയ്ക്ക് അവകാശപ്പെട്ടതാണ്. അതിനവര്‍ക്ക് രണ്ടാമതും ഒരു ഡോക്ടറേറ്റ് നല്‍കേണ്ടതാണ്. അമ്മമാര്‍ ആയാല്‍ ഇങ്ങനെതന്നെ വേണം. പക്ഷെ, ഇതൊക്കെതന്നെയല്ലേ, ഇത്രയും പച്ചയ്ക്കല്ലെങ്കില്‍ പോലും, കെ കരുണാകരനും മുരളീധരനെക്കുറിച്ച് പറഞ്ഞത്? അന്ന് മുരളീധരനെ 'കിങ്ങിണിക്കുട്ടന്‍' എന്നു വിളിച്ചവരില്‍ കാര്‍ത്തികേയനും ഉണ്ടായിരുന്നു. സ്വന്തം മക്കള്‍ കിങ്ങിണിക്കുട്ടന്‍മാരാണോ എന്ന കാര്യം ഇന്ത്യയിലെ ഒരച്ഛനും ഒരമ്മയ്ക്കും തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ്, ഒരു പക്ഷെ, മോദിയേക്കാള്‍ ഏറെ ഇന്ത്യ നേരിടുന്ന രാഷ്ട്രീയ പ്രശ്‌നം.

ഏതായാലും കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥ് കിങ്ങിണിക്കുട്ടനാണെന്ന അഭിപ്രായം എനിക്കില്ല. മാത്രമല്ല, ശബരിനാഥ് കൂര്‍മ്മബുദ്ധിയുള്ള ഒരു രാഷട്രീയക്കാരനാണു താനും (രാഷ്ട്രീയക്കാരന്‍ എന്നാല്‍ അങ്ങനെയൊക്കെയാണല്ലോ നമ്മള്‍ പൊതുവേ മനസ്സിലാക്കുന്നത്.). സംഭവം ഇതാണ്. 'ഹിലാരി ക്ലിന്റണും ഭാരത സ്ത്രീയുടെ ഭാവശുദ്ധിയുള്ള ഭാര്യമാരും പിന്നെ സരിതയും' എന്ന എന്റെ അഴിമുഖത്തിലെ കോളത്തില്‍ (ഏപ്രില്‍ 11, 2015) കാര്‍ത്തികേയനും ഭാര്യ സുലേഖയെയും കുറിച്ച് ഒരു പരാമര്‍ശമുണ്ടായിരുന്നു. 2001 - ല്‍ ആന്റണി മന്ത്രിസഭയിലെ അംഗമായിരിക്കെ തങ്കംവര്‍മ്മ എന്ന ഒരു സ്ത്രീ കാര്‍ത്തികേയനെതിരെ ലൈംഗിക പീഢനത്തിന് വനിതാ കമ്മീഷനില്‍ പരാതി കൊടുത്തിരുന്നു എന്നും കമ്മീഷന്‍ കാര്‍ത്തികേയന്‍ ഉള്‍പ്പെടെ രണ്ട് മന്ത്രിമാര്‍ക്ക് എതിരെ നോട്ടീസയയ്ക്കാന്‍ തീരുമാനമെടുത്ത അന്നു തന്നെ ജസ്റ്റിസ് ഡി ശ്രീദേവി ചെയര്‍പേഴ്‌സണായ കമ്മീഷനെ ആന്റണി സര്‍ക്കാര്‍ പിരിച്ചുവിട്ടു എന്നും അതിനു മുമ്പ് 'മലയാള മനോരമ' പത്രത്തില്‍ കാര്‍ത്തികേയന്റെ ഭാര്യ സുലേഖ തന്റെ ഭര്‍ത്താവിന്റെ സ്വഭാവശുദ്ധിയെക്കുറിച്ച് ഒരു ലേഖനമെഴുതിയിരുന്നു എന്നുമാണ് ഞാന്‍ പറഞ്ഞത്.

അതിനു മറുപടിയായി ശബരിനാഥ് എന്റെ പേഴ്‌സണല്‍ ഇമെയില്‍ ഐ ഡിയില്‍ എഴുതിയത് തങ്കം വര്‍മ്മ നുണപറയുകയായിരുന്നു എന്ന് തന്റെ കുടുംബത്തിന് ബോധ്യമുണ്ടായിരുന്നുവെന്നും ഈ സമയത്ത് ആരും ഓര്‍ക്കാതിരുന്ന കാര്യം 'അഴിമുഖ'ത്തിലൂടെ ഉയര്‍ത്തുന്നതില്‍ ദുരുദ്ദേശമുണ്ടെന്നു സംശയിക്കാമെന്നും എന്റെ കോളം ശബരിനാഥിനേയും ജേഷ്ഠനേയും അമ്മയേയും മുറിപ്പെടുത്തിയെന്നും തനിയ്ക്ക് പുറകെ അവരും പ്രതികരിച്ചേക്കാമെന്നുമൊക്കെയായിരുന്നു. എനിക്ക് കാര്‍ത്തികേയനോട് സ്‌നേഹമോ ശത്രുതയോ ഇല്ലെന്നും ഞാന്‍ അക്കാലത്ത് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ വസ്തുതകള്‍ മാത്രമാണ് എഴുതിയതെന്നും ഞാനെഴുതിയതില്‍ ഞാനുറച്ചു നില്‍ക്കുന്നുവെന്നും ഞാന്‍ മറുപടി നല്‍കി.

പക്ഷെ ശബരിനാഥ് എന്റെ പേഴ്‌സണല്‍ ഐ ഡിയിലേക്ക് മറുപടി എഴുതിയത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. ഇപ്പോള്‍ മനസ്സിലായി. കോളത്തിന്റെ താഴെയുള്ള കമന്റ് ബോക്‌സില്‍ മറുപടി എഴുതിയാല്‍ അത് എല്ലാവരും വായിക്കും. അത് ശബരിനാഥിന് ഇഷ്ടമല്ല. ഏറെ പ്രധാനപ്പെട്ടത് മറ്റൊന്നാണ്. ഏപ്രില്‍ 11 നു തന്നെ കാര്‍ത്തികേയന്റെ ഭാര്യയോ മകന്‍ ശബരീനാഥോ അരുവിക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാനുള്ള ചരടുവലികള്‍ നടന്നു തുടങ്ങിയിരുന്നു. അല്ലെങ്കില്‍, 15 കൊല്ലം മുമ്പ് കാര്‍ത്തികേയന്റെ പേരില്‍ ഉണ്ടായ ഒരാരോപണത്തെക്കുറിച്ചുള്ള പരാമര്‍ശമെങ്ങിനെയാണ് 2015 ലെ അരുവിക്കര ഉപതെരഞ്ഞെടുപ്പിനെ ബാധിക്കുന്നത്? കാര്യമിതാണ്. ഭര്‍ത്താവിനെതിരെ ലൈംഗിക ആരോപണം വരുമ്പോള്‍ ഭര്‍ത്താവിനെ പിന്താങ്ങുന്ന സ്ത്രീകള്‍ കേരളത്തിലും ഇന്ത്യയ്ക്ക് പുറത്തും പില്‍ക്കാലത്ത് രാഷ്ട്രീയത്തില്‍ വന്നു എന്ന് കാണിക്കുന്ന ലേഖനം കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറെടുക്കുന്ന കാര്‍ത്തികേയന്റെ ഭാര്യയേയോ മകനേയോ, ഏതെങ്കിലും തരത്തില്‍, ബാധിയ്ക്കുമോ എന്ന് ശബരീനാഥ് സംശയിച്ചു.

മൂന്നുവര്‍ഷം മുമ്പത്തെ സംഭവം. ടി.എം.ജേക്കബ് മരിച്ചു. അതോടെ നാട്ടില്‍ വലിയ വിടവുണ്ടായി. വിടവുനികത്താന്‍ ഭാര്യയ്ക്ക് മാത്രമേ കഴിയൂ എന്ന് യു ഡി എഫ് നേതാക്കള്‍ക്ക് തീര്‍ച്ചയായിരുന്നു. ഭാര്യ ഡെയ്‌സി ഒരു ബാങ്കുദ്യോഗസ്ഥയായിരുന്നു. ഏറെ സമ്മര്‍ദ്ധത്തിനുശേഷവും ജേക്കബിന്റെ ഭാര്യ സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറാകാത്തപ്പോള്‍ മകന്‍ അനൂപ് സ്ഥാനാര്‍ത്ഥിയായി. അച്ഛന്റെ പാത പിന്തുടരാന്‍. നാട്ടില്‍ വികസനം കൊണ്ടുവരാന്‍. അന്ന് ജേക്കബ്ബിന്റെ പള്ളി മേധാവികള്‍ ഒരു ഉപാധി കൂടി വച്ചു. ജേക്കബ് കൈകാര്യം ചെയ്ത അതേ വകുപ്പുകള്‍ തന്നെ മകനും കൊടുക്കണം. രണ്ടു മെമ്പര്‍മാരുടെ ഭൂരിപക്ഷത്തില്‍ നിന്നിരുന്ന സര്‍ക്കാര്‍ അങ്ങനെ തന്നെ ചെയ്തു. മെത്രാന്‍മാരെ പിണക്കിക്കൂടാ. അവര്‍ എന്നും രാത്രിയില്‍ ദൈവവുമായി നേരിട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നവരാണ്. അതില്‍ പിറവം മണ്ഡലത്തിന്റെയും കേരളത്തിലെ സിവില്‍ സപ്ലൈസ് വകുപ്പിന്റെയും കാര്യങ്ങള്‍ ദൈവം ചോദിക്കും. ഏതായാലും ജേക്കബിന്റെ അതേ വികസന കാര്യങ്ങള്‍ തന്നെയാണ് മകന്‍ അനൂപും ചെയ്തുവരുന്നത്. മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്യുന്നതിലുള്ള മിടുക്ക് ജേക്കബ്ബിനെപ്പോലെ മകന്, എന്തുകൊണ്ടോ, പാരമ്പര്യമായി കിട്ടിയില്ല. അതുകൊണ്ടാണ് അനൂപിനെതിരെ നിരന്തരം വാര്‍ത്തകള്‍ വരുന്നത്.

മെത്രാന്‍മാര്‍ പറഞ്ഞതുപോലെ ഒന്ന് ശബരീനാഥിന്റെ കാര്യത്തിലും ഉണ്ടാകുമോ എന്ന് കേരളം ഉറ്റുനോക്കുന്നു. അതായത് സ്പീക്കര്‍ പദവി തന്നെ ശബരീനാഥിന് നല്‍കണം. കാര്‍ത്തികേയന്റെ പാരമ്പര്യം മകനുണ്ട് എന്ന് അമ്മ സുലേഖ മകന്റെ കെ എസ് യു ചരിത്ര വായനയിലൂടെ വെളിപ്പെടുത്തിക്കഴിഞ്ഞു. പക്ഷെ, മെത്രാനു സമം ആര്? ചങ്ങനാശ്ശേരിയിലെ പോപ്പോ? കണിച്ചുകുളങ്ങരയിലെ എട്ടുകാലി മമ്മൂഞ്ഞോ? അങ്ങനെയുണ്ടായാല്‍ പാവം ശക്തന്‍ നാടാര്‍ എന്തുചെയ്യും?

കരുണാകരന്‍ തുടങ്ങിവച്ച മക്കള്‍ രാഷ്ട്രീയത്തിനെതിരെ ശബ്ദിച്ച ഒരൊറ്റയാള്‍ പോലും ഈ പുതിയ മക്കള്‍രാഷ്ട്രീയത്തിനെതിരെ ശബ്ദിക്കുന്നില്ല എന്നതാണ് രസകരം. എതിര്‍പ്പുന്നയിച്ച കെ എസ് യുക്കാരെ ഇത് കോളേജ് തിരഞ്ഞെടുപ്പല്ല എന്നാണ് കെ എസ് യുവില്‍ കൂടി വളര്‍ന്നുവന്ന വി എം സുധീരന്‍ ഓര്‍മ്മപ്പെടുത്തിയത്. കെ എസ് യുക്കാര്‍ അങ്ങനെ പലതും പറയുമെന്നാണ് കിട്ടിയ അവസരത്തില്‍ മേഴ്‌സി രവിയെ എം എല്‍ എ ആക്കുകയും അവരുടെ മരണത്തെ തുടര്‍ന്ന് മകളെ അതേ മണ്ഡലത്തില്‍ തന്നെ നിര്‍ത്തി വികസന നൈരന്തര്യം നടപ്പിലാക്കാന്‍ പരിശ്രമിച്ചു പരാജയപ്പെട്ട വയലാര്‍ രവി എന്ന സിംഹം ഗര്‍ജ്ജിച്ചത്. ഏറ്റവും ശ്രദ്ധേയമായ കമന്റ് രമേശ് ചെന്നിത്തലയുടേതായിരുന്നു. തിരുത്തല്‍വാദം മുരളീധരനെതിരെയായിരുന്നില്ലത്രെ! നേതാക്കള്‍ക്കും ചില കണക്കുകൂട്ടലുകള്‍ ഉണ്ട്. സുധീരന്‍ മരിച്ചാല്‍ ഭാര്യയ്ക്ക് ഒരു സീറ്റ്. സുതാര്യത ഉറപ്പുവരുത്താന്‍. ചെന്നിത്തലയുടെ മരണശേഷം മക്കള്‍ക്കോ ഭാര്യയ്‌ക്കോ ഒരു സീറ്റും മന്ത്രിസ്ഥാനവും. അഴിമതിക്കെതിരെ പോരാടാന്‍. വയലാര്‍ജിയുടെ കാലശേഷം ദില്ലിയില്‍ ഗര്‍ജ്ജിക്കാന്‍ ഒരു സീറ്റ് ടിയാനും വേണം. എല്ലാത്തിനും നേതൃത്വം നല്‍കുന്ന ഉമ്മന്‍ചാണ്ടിയുടെ മരണശേഷം ഭാര്യയ്‌ക്കോ മകനോ മകള്‍ക്കോ ഒരു സീറ്റും മന്ത്രിസ്ഥാനവും. കേരളത്തെ അതിവേഗം ബഹുദൂരം കൊണ്ടെത്തിക്കാന്‍.

എല്ലാവര്‍ക്കും മരണശേഷം മതി. അല്ലെങ്കില്‍ തന്റെ അനന്തരാവകാശി തനിയ്‌ക്കെതിരെ തിരിയും. കരുണാകരനെ, ഒരു ഘട്ടത്തില്‍, കെ പി സി സി പ്രസിഡന്റായിരുന്ന മുരളീധരന്‍ പാര്‍ട്ടിയില്‍ നിന്നും തന്നെ പുറത്താക്കുമോ എന്ന് കരുണാകരന്‍ പോലും ഭയപ്പെട്ടിരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മരിച്ചുകൊണ്ടിരിക്കുന്ന വെള്ളായണി കായല്‍; അഴിമുഖം ഡോക്ക്യുമെന്‍ററി കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Next Story

Related Stories