TopTop
Begin typing your search above and press return to search.

കേരള രാഷ്ട്രീയത്തിന്റെ നാനാര്‍ത്ഥങ്ങളെ ഗര്‍ഭം ധരിച്ച് അരുവിക്കര

കേരള രാഷ്ട്രീയത്തിന്റെ നാനാര്‍ത്ഥങ്ങളെ ഗര്‍ഭം ധരിച്ച് അരുവിക്കര

രാഷ്ട്രീയ കേരളം അരുവിക്കരയിലേക്ക് ശ്രദ്ധ തിരിച്ചു കഴിഞ്ഞു. നിലവിലുള്ള രാഷ്ട്രീയ മുന്നണികളുടെ നിലനില്‍പ്പും ഭാവിയും നിശ്ചയിക്കുന്ന ഉപതിരഞ്ഞെടുപ്പായി മാറാന്‍ പോകുകയാണ് അരുവിക്കര. നാലു കൊല്ലം പിന്നിട്ട ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഇവിടുത്തെ വോട്ടര്‍മാര്‍ വിലയിരുത്തുമെന്ന് എടുത്തു പറയേണ്ടതില്ല. അതുപോലെ തന്നെ ഇടതുമുന്നണിയെ നയിക്കുന്ന സി.പി.എമ്മിന്റെ ഭാവി രാഷ്ട്രീയം അരുവിക്കരയിലെ ജനവിധിയെ ആശ്രയിച്ചിരിക്കും.

പഴയ ആര്യനാട് എന്ന നിയമ സഭാമണ്ഡലം അരുവിക്കരയായി പേരുമാറിയശേഷം അവിടുത്തെ ജനജീവിതത്തില്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചിട്ടില്ല. അന്താരാഷ്ട്ര പ്രശസ്തമായ ബഹിരാകാശ ശാസ്ത്രപഠന കേന്ദ്രവും വലിയമലയിലെ പരീക്ഷണ ശാലയും ഈ മണ്ഡലത്തിലാണെങ്കിലും ആദിവാസികള്‍ ഉള്‍പ്പെട്ട ഇവിടുത്തെ അടിസ്ഥാന ജനവിഭാഗങ്ങള്‍ കേരളത്തിലെ ഇതര പ്രദേശങ്ങളിലെപ്പോല ക്ലേശകരമായി ജീവിക്കുന്നു. ഭരിക്കുന്ന മുന്നണിയും ഭരിപ്പിക്കുന്ന മുന്നണിയും എന്താണെന്നെല്ലാം ജനങ്ങള്‍ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം പ്രത്യക്ഷമാകും വിധം കേരളത്തിലെ മാധ്യമശക്തി മുഴുവന്‍ അരുവിക്കരയില്‍ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. ചെറുതും വലുതുമായ എല്ലാ പ്രശ്‌നങ്ങളും വരുന്ന ദിവസങ്ങളില്‍ ഇവിടെ ഇഴപിരിച്ച് പരിശോധിക്കപ്പെടുമ്പോള്‍ വളരെ വിവേകപൂര്‍വ്വം അരുവിക്കരയിലെ വോട്ടര്‍മാര്‍ക്ക് ഒരു തീരുമാനം എടുക്കാന്‍ കഴിഞ്ഞേക്കാം.

അരുവിക്കര ഉള്‍പ്പെട്ട നിയമസഭാ പ്രദേശത്തെ 1991 മുതല്‍ കോണ്‍ഗ്രസ്സ് നേതാവായിരുന്ന ജി കാര്‍ത്തികേയന്‍ പ്രതിനിധാനം ചെയ്തു പോന്നു. എം എല്‍ എയും മന്ത്രിയും നിയമസഭാ സ്പീക്കറും ആയശേഷം അകാലത്തില്‍ അന്തരിച്ച കാര്‍ത്തികേയന്റെ സ്മരണയാണ് ഉപതിരഞ്ഞെടുപ്പു വേദിയില്‍ ഭരണമുന്നണിയായ യു ഡി എഫിന്റെ പ്രധാനപ്പെട്ട പ്രചണായുധം. എം എല്‍ എയും മന്ത്രിയും എന്ന നിലയില്‍ കാര്‍ത്തികേയന്‍ ആര്യനാടിനു വേണ്ടി ചെയ്ത സേവനങ്ങള്‍ ജനങ്ങള്‍ക്കറിയാം. എന്നാല്‍ ആര്യനാട് അരുവിക്കരയായപ്പോള്‍ നിയമസഭയില്‍ തന്റെ മണ്ഡലത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ പോലും അവതരിപ്പിക്കാന്‍ കഴിയാത്ത വിധം നിഷ്പക്ഷനും നിശ്ശബ്ദനും ആകേണ്ടി വന്നു സ്പീക്കര്‍ കാര്‍ത്തികേയന്. എല്ലാ സഭാദ്ധ്യക്ഷന്മാരും ജനപ്രതിനിധിയെന്ന നിലയില്‍ നേരിടുന്ന വലിയ പരിമിതിയാണിത്. ജി കാര്‍ത്തികേയന്‍ അതില്‍ ഭിന്നനും ഉല്‍ക്കണ്ഠാകുലനും ആയിരുന്നു. രാഷ്ട്രീയ നിഷ്പക്ഷത സഭയിലും പുറത്തും നടക്കേണ്ട സ്പീക്കറുടെ വേഷം ഊരി എറിയാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. പ്രത്യേകിച്ച് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോള്‍ അരുവിക്കരയില്‍ തന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന്റെ ജനപിന്തുണ ചോര്‍ന്നു പോയതു കണ്ട് ആശങ്കാകുലനായ കാര്‍ത്തികേയന്‍ സ്പീക്കര്‍ പദവി ഒഴിയാന്‍ സന്നദ്ധനായി. ലോക്‌സഭയിലേക്ക് മത്സരിച്ച സി പി എം സ്ഥാനാര്‍ത്ഥി എ സമ്പത്തിന് അരുവിക്കര നിയമസഭാ പ്രദേശത്ത് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയേക്കാള്‍ നാലായിരത്തിലേറെ വോട്ട് കൂടുതല്‍ ലഭിച്ചു. അപകടത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് കാര്‍ത്തികേയന്‍ മനസ്സിലാക്കി. കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ലഭിച്ചാല്‍ സ്പീക്കര്‍ പദവി ഉപേക്ഷിച്ച് അരുവിക്കര അടക്കം കേരളം മുഴുവന്‍ രാഷ്ട്രീയ സാന്നിദ്ധ്യം ഉറപ്പാക്കാമെന്ന് ആഗ്രഹിക്കാന്‍ മാത്രമേ കാര്‍ത്തികേയന് കഴിഞ്ഞുള്ളു. എല്ലാ 'ഹൈ' കമാന്റ്‌സിന്റെയും വിധി കാര്‍ത്തികേയന്റെ ആഗ്രഹങ്ങള്‍ക്ക് എതിരായിരുന്നു. പതിമൂന്ന് മാസങ്ങള്‍ക്കു മുന്‍പ് അരുവിക്കരയുടെ രാഷ്ട്രീയ സ്വഭാവത്തില്‍ പ്രകടമായ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ട്ടികളും മുന്നണികളും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാഷ്ട്രീയമായ തളരുകയാണോ വളരുകയാണോ ചെയ്തത്?അഴിമതി ആരോപണങ്ങളും വിവാദങ്ങളും ഇടതടവില്ലാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വേട്ടയാടിക്കൊണ്ടിരുന്നു. ദുര്‍ബ്ബലമായ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന സര്‍ക്കാര്‍ എല്ലാ വിവാദക്കാറ്റിനെയും സമര്‍ത്ഥമായ മറികടന്നു. അഞ്ചാം മന്ത്രി പ്രശ്‌നത്തിലും സോളാര്‍ അഴിതിക്കേസിലും സര്‍ക്കാര്‍ ഇതാ വീഴാന്‍ പോകുന്നു എന്ന തോന്നല്‍ മാധ്യമങ്ങളെല്ലാം കൂടി ജനമധ്യത്ത് ഉളവാക്കിയെങ്കിലും ഒന്നും സംഭവിച്ചില്ല. അതിനിടെ രണ്ട് ഉപതെരഞ്ഞെടുപ്പുകളും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പും വിജയകരമായി അതിജീവിച്ച യു ഡി എഫ് പ്രതിപക്ഷത്തുള്ള ഇടതുമുന്നിയെ കൂടുതല്‍ ദുര്‍ബ്ബലമാക്കുകയാണ് ചെയ്തത്. ഇടതു പക്ഷ ജനാധിപത്യമുന്നണിയെന്നാണ് പേര്. എല്‍ ഡി എഫിലെ ജനാധിപത്യപ്പാര്‍ട്ടിയായിരുന്ന ജനാതാദള്‍ വിഭാഗം അടര്‍ന്ന് മറുപക്ഷത്തു പോയിട്ട് വര്‍ഷം ആറ് കഴിഞ്ഞു. അവര്‍ തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് സി പി എം നേതാക്കള്‍. കഴിഞ്ഞ കൊല്ലം ഇടതുപക്ഷത്തു നിന്ന് ആര്‍ എസ് പിയും ഭരണമുന്നണിയില്‍ ചേര്‍ന്നു. സമരം ശക്തിയാണെന്ന് വിശ്വസിക്കുന്ന സി പി എം സ്വയം ദുര്‍ബ്ബലമാകുകയും അവര്‍ നയിക്കുന്ന മുന്നണി ശോഷിക്കുകയും ചെയ്തു കൊണ്ടിരിക്കുമ്പോള്‍ മറിച്ചു ചിന്തിക്കാനായി കേരളത്തെ ഒന്നാകെ പ്രേരിപ്പിക്കുന്നതിന് ലഭിച്ച അവസരമായി അരുവിക്കര ഉപതെരഞ്ഞെടുപ്പിനെ അവര്‍ കാണുന്നുണ്ട്. അതിനാല്‍ മണ്ഡലമാകെ സി പി എം കഴിഞ്ഞ ഒരു മാസമായി ഗംഭിരമായ പ്രവര്‍ത്തനത്തിലാണ്.

ഈയിടെയായി നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലൊന്നും സി പി എം ജയിക്കാറില്ല. പിറവത്തും നെയ്യാറ്റിന്‍കരയിലും നേരിട്ട ക്ഷീണം അകറ്റണം. ടി പി ചന്ദ്രശേഖരന്‍ വധത്തിനു ശേഷം പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കുണ്ടായ അവമതി കഴുകിക്കളയണം. ഇവയൊന്നും അത്ര എളുപ്പമല്ലെങ്കിലും സി പി എം നേതൃനിരയിലുണ്ടായ മാറ്റങ്ങള്‍ ജനങ്ങളില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് നിര്‍ണ്ണയിക്കാനുള്ള ആദ്യത്തെ നല്ല അവസരമാണ് അരുവിക്കരയില്‍ വീണു കിട്ടിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ബാര്‍ക്കോഴ കേസില്‍പ്പെട്ട് ശ്വാസംമുട്ടി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ഒരു ബലാബല പരീക്ഷണത്തില്‍ സി പി എമ്മിന് ജയിച്ചു കയറി വരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇടതു മുന്നണിയുടെ ഭാവി തന്നെ പരിതാപകരമാകും. അതിനാല്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ഏതു പിള്ളയെ കൂട്ടുപിടിച്ച് അരുവിക്കരയില്‍ ജയിക്കാന്‍ സി പി എം പരിശ്രമിക്കുമെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. അല്ലെങ്കിലും അഴിമതി പ്രചരണായുധമാക്കാന്‍ സി പി എം അല്‍പ്പം അറയ്‌ക്കേണ്ടി വരും. ബാര്‍കോഴക്കേസ് സര്‍ക്കാരിനെതിരെ ഉന്നയിക്കുമ്പോള്‍ 'മലബാര്‍' കോഴക്കേസ് സി പി എം നേതൃത്വത്തിനെതിരേ വിരല്‍ചൂണ്ടി നില്‍ക്കുന്നു.

ജനങ്ങള്‍ എല്ലാം നിശ്ശബ്ദരായി കണ്ടു കൊണ്ടിരിക്കുന്നു. താരതമ്യപ്പെടുത്തി ഭേദപ്പെട്ട തൊമ്മനെ തിരഞ്ഞെടുക്കാമെന്ന് കരുതിയാല്‍ ആരാണ് തമ്മില്‍ ഭേദമെന്ന ചോദ്യം പിന്നെയും തര്‍ക്കവിഷയമായി തുടരും. കേരളത്തിലെ ഭരണ-പ്രതിപക്ഷ മുന്നണികള്‍ ഒരുപോലെ മലിനമാണ്. വിശ്വസിക്കാന്‍ പറ്റിയ ഒരു ബദല്‍ രാഷ്ട്രീയം കേരളത്തിന്റെ ആത്മീയ ദാരിദ്ര്യമായി തുടരുന്നു. ചേര്‍ത്തലയിലെ ആര്‍ത്തുങ്കല്‍ പഞ്ചായത്തിലെ വോട്ടര്‍മാര്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച് ഇവിടുത്തെ പ്രബല മുന്നണികളോടുള്ള പ്രതിഷേധം പ്രകടിപ്പിച്ചു. കോടിയേരിയും സുധീരനും അതുപോലുള്ള സൂപ്പര്‍ രാഷ്ട്രീയ താരങ്ങളും ജനങ്ങളുടെ മനോഭാവം മാറുന്നത് കാണുമായിരിക്കും. അരുവിക്കരയില്‍ അഴിമതി മുഖ്യപ്രചരണായുധമാക്കാന്‍ പോകുന്നത് പി സി ജോര്‍ജ്ജും കെ ബി ഗണേശ്കുമാറും ആണ്. ഇരുവരും യു.ഡി.എഫിനോട് ഈയിടെ കലഹിച്ചു പിരിഞ്ഞവരെങ്കിലും ഇടതുമുന്നണിയില്‍ പ്രവേശനം ലഭിച്ചിട്ടില്ല. അരുവിക്കരയില്‍ രണ്ടുപേരുടെയും സാന്നിധ്യം ഇടതുമുന്നണിക്ക് ഗുണം ചെയ്യും.ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ഗുരുതരമായ കോഴ ആരോപണം കൊണ്ടുവന്നത് പ്രതിപക്ഷ രാഷ്ട്രീയക്കാരല്ല. രാഷ്ട്രീയ താല്‍പ്പര്യത്തിനുപരി വ്യാപാര താല്‍പ്പര്യങ്ങളായിരുന്നു ബിജുരമേശിന്റെ അരോപണങ്ങള്‍ക്കു പിന്നില്‍. അരുവിക്കരയില്‍ അത്തരം തല്‍പ്പര കക്ഷികള്‍ സര്‍ക്കാരിനെ ക്ഷീണിപ്പിക്കാന്‍ കഴിവതെല്ലാം ചെയ്‌തെന്നു വരാം. മണ്ഡലത്തിലെ പ്രബല സമുദായങ്ങളുടെയും സമുദായ പ്രമാണികളുടെയും താല്പര്യങ്ങളെ സര്‍ക്കാര്‍ പരിരക്ഷിക്കും. പക്ഷേ ജനങ്ങള്‍ സമുദായ പ്രമാണിമാരുടെ പിന്നാലെ പോകുമെന്ന് കരുതുന്നത് മൗഢ്യമാണ്. വര്‍ഗ്ഗീയ രാഷ്ട്രീയം കളിക്കാന്‍ ബി ജെ പിയുടെ സാമര്‍ത്ഥ്യം മറ്റാര്‍ക്കും ഉണ്ടാകില്ല. എങ്കിലും അരുവിക്കരയില്‍ ഒരു ബി ജെ പി സ്ഥാനാര്‍ത്ഥി ജയിക്കണമെങ്കില്‍ കേരളത്തില്‍ സി പി എം തീരെ ഇല്ലാതാകണം. ബി ജെ പി കൂടുതല്‍ വോട്ട് പിടിച്ചാല്‍ കോണ്‍ഗ്രസ്സിനേക്കാള്‍ ക്ഷീണം തട്ടുന്നത് സി പി എമ്മിന് തന്നെ.

നിലവിലെ മുന്നണി സംവിധാനത്തില്‍ കേരളത്തില്‍ നടക്കാന്‍ പോകുന്ന അവസാനത്തെ വോട്ടെടുപ്പായിരിക്കാം അരുവിക്കര ഉപതെരഞ്ഞെടുപ്പ്. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അടുത്ത വര്‍ഷം നിയമസഭാ ഇലക്ഷനിലും ഇന്നത്തെ മുന്നണികളും പാര്‍ട്ടികളും ഏത് രൂപഭാവങ്ങളിലാണ് ഉണ്ടാകുകയെന്ന് കണ്ടറിയണം. രാഷ്ട്രീയം ദേശീയ തലത്തില്‍ സമൂലമായി മാറാന്‍ പോകുന്നു. പ്രവചനാതീതമാണ് ഇപ്പോള്‍ സ്ഥിതിയെങ്കിലും കേരളത്തില്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഭാവിയിലെ മുന്നണി ബന്ധങ്ങളെ വലുതായി സ്വാധിനിക്കും. യു ഡി എഫ് അരുവിക്കരയില്‍ തോറ്റാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ചുകൊല്ലം തികയ്ക്കാന്‍ സി പി എം അനുവദിക്കുകയില്ല. വെറും ഏഴു മാസത്തേക്ക് ഒരു എം എല്‍ എ തെരഞ്ഞെടുക്കുന്നതിന്റെ കഷ്ടനഷ്ടങ്ങള്‍ക്ക് അപ്പുറം വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള ഉപ തെരഞ്ഞെടുപ്പാണിത്.

സി പി എം സ്ഥാനാര്‍ത്ഥി എം വിജയകുമാര്‍ അരുവിക്കരയില്‍ തോറ്റാല്‍ ഇടതുമുന്നണിക്ക് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ വേണ്ട ആത്മവിശ്വാസം ഉണ്ടാകാതെ വരും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേടിയാലും രാഷ്ട്രീയ ബലം കൈവരിക്കാന്‍ പ്രയാസമാണ്. എല്ലാ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയില്‍ ഉമ്മന്‍ചാണ്ടി യു ഡി എഫിന്റെ തുടര്‍ഭരണ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയെന്നും വരാം. അരുവിക്കര കേരള രാഷ്ട്രീയത്തിന്റെ നാനാര്‍ത്ഥങ്ങളെ ഗര്‍ഭം ധരിച്ചുകഴിഞ്ഞു. മാറ്റമില്ലാത്ത ഒരു ഇരുമ്പുലക്കയെ അരുവിക്കര മണ്ഡലം പ്രസവിക്കുമെന്ന് കരുതണ്ട. വലിയ അഴിച്ചു പണികളും കൂട്ടിച്ചേര്‍ക്കലും കേരള രാഷ്ട്രീയത്തില്‍ ഉണ്ടാകാന്‍ പോകുന്നു. അരുവിക്കരയിലെ ജനവിധി അതിന് നാന്ദി കുറിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories