TopTop
Begin typing your search above and press return to search.

അഗ്നിച്ചിറകുള്ള സ്വപ്നം; 1.25 കോടിയുടെ ഡോ.മന്‍മോഹന്‍സിംഗ് സ്‌കോളര്‍ഷിപ്പ് നേടിയ ആര്യ തമ്പി സംസാരിക്കുന്നു

അഗ്നിച്ചിറകുള്ള സ്വപ്നം; 1.25 കോടിയുടെ ഡോ.മന്‍മോഹന്‍സിംഗ് സ്‌കോളര്‍ഷിപ്പ് നേടിയ ആര്യ തമ്പി സംസാരിക്കുന്നു

ആര്യ തമ്പി/കിരണ്‍

അഗ്നിച്ചിറകുള്ള സ്വപ്‌നമായിരുന്നു അതും. കൊച്ചിയിലെ പ്രമുഖ എഞ്ചിനീയറിംഗ് കോളേജില്‍ ലഭിച്ച സീറ്റ് വേണ്ടെന്ന് വച്ച് പൂനെ ഐസറിലേക്ക് ഗവേഷക മോഹവുമായി പോയ ആര്യ തമ്പിയെന്ന കൊച്ചിക്കാരി കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെത്തിയിരിക്കുന്നു. 1.25 കോടി രൂപയുടെ ഡോ. മന്‍മോഹന്‍സിംഗ് സ്‌കോളര്‍ഷിപ്പ് അവരുടെ ഗവേഷക മോഹങ്ങള്‍ക്ക് അടുത്ത മൂന്ന് വര്‍ഷം കരുത്താകും. താമസച്ചിലവും, പഠനച്ചിലവും, യു കെ വിസയും, നാട്ടിലേക്കും തിരിച്ചുമുള്ള വിമാനടിക്കറ്റും അടങ്ങുന്നതാണ് സ്‌കോളര്‍ഷിപ്പ്. കലൂരിലെ മോഡല്‍ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും കേംബ്രിഡ്ജിലേക്കുള്ള പൂണിത്തുറ അനിമ വീട്ടിലെ ആര്യ തമ്പിയുടെ വളര്‍ച്ച ഭാവിയില്‍ ശാസ്ത്രലോകത്ത് മുതല്‍ക്കൂട്ടാകും. ഐ എസ് ആര്‍ ഒയുടെ പിതാവ് സാക്ഷാല്‍ വിക്രം സാരാഭായ് പഠിച്ചിറങ്ങിയ അതേ ലോകോത്തര കോളേജില്‍ വീണ്ടുമൊരു മലയാളി കൂടിയെത്തുമ്പോള്‍ ഭൗതിക ശാസ്ത്രത്തില്‍ മറ്റൊരു താരോദയമാണ് കേരളം പ്രതീക്ഷിക്കുന്നത്. തൃപ്പൂണിത്തുറയില്‍ കൊച്ചി കോര്‍പ്പറേഷന്‍ റവന്യു ഇന്‍സ്‌പെക്ടറായ എന്‍ എസ് അശോക് കുമാറിന്റെയും, എച്ച് പി സി എല്‍ ഉദ്യോഗസ്ഥ ഗീതയുടെയും മകളാണ് ആര്യ. ആര്യയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്.

കിരണ്‍:
കലൂര്‍ ടെക്‌നിക്കല്‍ സ്‌കൂളില്‍ നിന്ന് ഐസര്‍ എങ്ങനെ സാധ്യമായി?
ആര്യ തമ്പി: പ്ലസ് ടു പഠന കാലത്ത് ഇനിയെന്ത് ചെയ്യണമെന്ന് ചോദിച്ചപ്പോള്‍ അദ്ധ്യാപികയായ ഗോകില മിസ്സാണ് ഗവേഷണ സാദ്ധ്യതകളെ പറ്റി പറഞ്ഞു തന്നത്. ഞാന്‍ എഞ്ചിനീയറിംഗ് തിരഞ്ഞെടുക്കുന്നതിനേക്കാള്‍ ഗവേഷകയാവുന്നതിനോടാണ് മിസ് താതപര്യം പറഞ്ഞത്. അന്ന് ഫിസിക്‌സിന് സംശയങ്ങള്‍ തീര്‍ത്ത് തന്നിരുന്ന വീടിനടുത്തുള്ള രാമസ്വാമി സാറും ഇതേ ആഗ്രഹമായിരുന്നു. ഐ ഐ ടി എന്‍ട്രന്‍സില്‍ ഇടം ലഭിക്കാതെ വന്നപ്പോള്‍ പിന്നെ ഗോകില ടീച്ചര്‍ പറഞ്ഞ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനെ പറ്റി ഗൂഗിളില്‍ തിരഞ്ഞു. എന്നാല്‍ ചെന്നെത്തിയത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡുക്കേഷന്‍ ആന്റ് റിസര്‍ച്ചിലെ പ്രവേശന പരീക്ഷ നോട്ടിഫിക്കേഷനിലായിരുന്നു. ആ വര്‍ഷം മുതലാണ് ഐസര്‍ പ്രവേശന പരീക്ഷ ആരംഭിച്ചത്. കലൂര്‍ മോഡല്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ സിലബസില്‍ പഠിച്ച കാര്യങ്ങളായിരുന്നു പ്രവേശന പരീക്ഷയില്‍ ചോദിച്ചതിലധികവും. തിരുവനന്തപുരം സി ഇ ടി കാംപസില്‍ നടന്ന പരീക്ഷയുടെ ഫലം രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വന്നു. പൂനെ ഐസറിലായിരുന്നു പ്രവേശനം ലഭിച്ചത്.

കിരണ്‍: കേംബ്രിഡ്ജും ഡോ. മന്‍മോഹന്‍സിംഗ് സ്‌കോളര്‍ഷിപ്പും സ്വപ്‌നമായത് എങ്ങനെയായിരുന്നു?
ആര്യ: ഡോ. മന്‍മോഹന്‍സിംഗ് സ്‌കോളര്‍ഷിപ്പിനെ പറ്റി ഐസറില്‍ ചേര്‍ന്ന സമയത്ത് തന്നെ അറിഞ്ഞിരുന്നു. പൂനെയില്‍ ഞങ്ങള്‍ക്ക് ലഭിച്ച വലിയ നേട്ടം ലോകോത്തര സര്‍വ്വകലാശാലകളില്‍ നിന്നുള്ള അദ്ധ്യാപകരുടെ ക്ലാസുകളും, വീഡിയോ കോണ്‍ഫറന്‍സുകളും സിമ്പോസിയങ്ങളുമായിരുന്നു. ശാസ്ത്ര ലോകത്തിലെ വലിയ സാദ്ധ്യതകള്‍ അവിടെ നിന്ന് തിരിച്ചറിഞ്ഞു. 2014 ല്‍ ഡോ. മന്‍മോഹന്‍സിംഗ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത് എന്റെ സീനിയറായ റോഹിത് ചിക്കാറെഡ്ഡിക്കായിരുന്നു. ഇതാണ് കേംബ്രിഡ്ജ് മോഹം മനസില്‍ നിറച്ചത്. എന്നാല്‍ പിന്നെ ശ്രമിച്ചുനോക്കാമെന്ന് അതോടെ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം സുഹൃത്തുക്കളായ സംഗമേഷിനോടും ഷാഹിനയോടും പറഞ്ഞു. അവരായിരുന്നു പിന്നീട് ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ സഹായവും ചെയ്തത്. ആറ് മാസം ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിച്ചു.കിരണ്‍: പൂനെയിലെ പഠനകാലത്തെ സംബന്ധിച്ച് പറയാമോ?
ആര്യ: പൂനെ ഒരു എഡുക്കേഷന്‍ ഹബ്ബാണ്. സ്‌കൂള്‍ തലത്തിലെ സിസ്റ്റമാറ്റിക് ആയുള്ള പഠനമല്ല, പൂനെയിലെ കോളേജ് പഠനകാലത്ത് ഉണ്ടായിരുന്നത്. ആ നഗരം സാംസ്‌കാരികമായും എന്റെ ജീവിതത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ കുറേയധികം ഇവന്റ്‌സിന് പോയിട്ടുണ്ട്, പൂനെ യൂണിവേഴ്‌സിറ്റിയുടെ ഒട്ടേറെ ഡ്രൈവ്‌സിന് പോയിട്ടുണ്ട്. ഇതൊക്കെ സാംസ്‌കാരികമായ വികാസത്തില്‍ പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് കുറേക്കൂടി സെല്‍ഫ് ഡ്രിവണ്‍ ആണ് പൂനെയിലെ വിദ്യാര്‍ത്ഥികള്‍. അവിടെയെത്തുന്നവരില്‍ നല്ലൊരു ശതമാനം പേരും ജീവിതത്തില്‍ കൃത്യമായ കഴ്ചപ്പാടുകള്‍ സൂക്ഷിക്കുന്നവരാണെന്ന് തോന്നിയിട്ടുണ്ട്. പൂനെയില്‍ എത്തിയത് കൊണ്ടാണ് ശാസ്ത്ര ലോകത്തെ അവസരങ്ങള്‍ മനസിലാക്കാന്‍ സാധിച്ചത്.

കിരണ്‍: ഐസറിലെ പഠനവിഷയങ്ങള്‍
ആര്യ: അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബി എസ് എം എസ് കോഴ്‌സായിരുന്നു അവിടെ. ആദ്യത്തെ രണ്ടു വര്‍ഷം ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി,കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ്, സയന്റിഫിക് റൈറ്റിംഗ് എന്നിവയാണ് വിഷയം. മൂന്നാം വര്‍ഷം ഇഷ്ടവിഷയത്തില്‍ സ്‌പെഷലൈസേഷന്‍. ഓരോ മേഖലയിലെയും ഏറ്റവും പുതിയ കണ്ടെത്തലുകളെ കുറിച്ചാണ് പഠിക്കുന്നത്. ഗവേഷണ തലത്തിലാണ് പിന്നീടുള്ള പഠനം. വേനലവധിക്കാലത്ത് സമ്മര്‍ പ്രൊജക്ട് നിര്‍ബന്ധമാണ്. രാജ്യത്തെ ഏത് സയന്‍സ് ലാബിലും പ്രവര്‍ത്തിക്കാം. അവസാന വര്‍ഷം ഒരു വിഷയത്തില്‍ ഗവേഷണം നടത്തേണ്ടതുണ്ട്. നാനോടെക്‌നോളജി, മെറ്റീരിയല്‍ സയന്‍സ്, സ്‌പെക്ട്രോസ്‌കോപ്പി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ഞാന്‍ ഗവേഷണം നടത്തിയത്.

കിരണ്‍: കേംബ്രിഡ്ജിലെ ഗവേഷണ വിഷയവും ഐസറിലെ ഗവേഷണവും തമ്മില്‍ ബന്ധമുണ്ടോ?
ആര്യ: സ്‌പെക്ട്രോസ്‌കോപ്പിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് രണ്ടും. ഡോ. അക്ഷയ് റാവുവിന്റെ കീഴില്‍ സൗരോര്‍ജ്ജ സെല്ലുകളുടെ കാര്യക്ഷമത സ്‌പെക്ട്രോസ്‌കോപ്പി ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാനാണ് കേംബ്രിഡ്ജിലെ പഠനത്തിലൂടെ ഉദ്ദേശിക്കുന്നത്. അള്‍ട്രാ ഫാസ്റ്റ് സ്‌പെക്ട്രോസ്‌കോപ്പിയാണ് അതിനു വേണ്ടി ഉപയോഗിക്കുന്നത്. പൂനെ ഐസറില്‍ പ്രൊഫ. ഡോ. മൃണാളിനി പുരാണിക്കിനൊപ്പം പഠിച്ചപ്പോഴാണ് നമ്മള്‍ നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും സ്‌പെക്ട്രോസ്‌കോപ്പിയില്‍ പരിഹരിക്കാന്‍ പറ്റുമെന്ന് എനിക്ക് മനസിലായത്. പാഠപുസ്തകങ്ങള്‍ മാത്രമല്ല, ഒരാള്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പലതിനും പരിഹാരം കണ്ടെത്താന്‍ സ്‌പെക്ട്രോസ്‌കോപ്പി സഹായിക്കും. ഈയൊരു വിശ്വാസം മൃണാളിനിക്കൊപ്പം വര്‍ക്ക് ചെയ്തപ്പോഴാണ് ലഭിച്ചത്. സ്‌കിന്‍പിഗ്മെന്റായ മെലനിന്‍ അതിന്റെ സ്‌ട്രെക്ചറും ഡയനാമിക്‌സ് ഓഫ് ഫോര്‍മേഷനും പഠിക്കാന്‍ രാമന്‍ സ്‌പെക്ട്രോസ്‌കോപ്പി ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള പ്രൊജക്ടായിരുന്നു. സ്‌പെക്ട്രോസ്‌കോപ്പിയാണ് രണ്ടിലും അടങ്ങിയിട്ടുള്ള ഘടകം.

കിരണ്‍: കലൂര്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ പഠനം എങ്ങിനെയായിരുന്നു?
ആര്യ: 2006 ല്‍ എട്ടാം ക്ലാസ് മുതലാണ് ഇവിടെ ചേരുന്നത്. പ്രവേശന പരീക്ഷയില്‍ ആദ്യമെത്തുന്ന 40 കുട്ടികള്‍ക്കാണ് അന്ന് ഇവിടെ പ്രവേശനം ലഭിച്ചിരുന്നത്. പത്താം ക്ലാസ് വരെ മൂന്ന് വര്‍ഷം ഇതേ ക്ലാസില്‍ തുടരും. പിന്നീട് പ്ലസ് വണ്ണിലാണ് വീണ്ടും അഡ്മിഷന്‍ വരുന്നത്. എട്ടു മുതല്‍ പത്ത് വരെ ക്ലാസിലെ പഠന കാലത്ത് പത്ത് വിഷയങ്ങള്‍ ഉണ്ടായിരുന്നു. 1:4 എന്ന അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം ഇവിടെ ശരിക്കും ഗുണകരമായി. അദ്ധ്യാപകരുമായി വ്യക്തിപരമായ ആശയവിനിമയം സാധ്യമായി. അദ്ധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ മനസിലാക്കി സാധ്യതകള്‍ പറഞ്ഞുതരാന്‍ സാധിച്ച നല്ല കാലമായിരുന്നു ഇത്. അന്ന് മലയാളവും, ഇംഗ്ലീഷിലും താത്പര്യമായിരുന്നു. സാഹിത്യത്തില്‍ നല്ല താത്പര്യമായിരുന്നു. അന്നത്തെ ഇംഗ്ലീഷ് അദ്ധ്യാപകന്‍ ടോം, മലയാളം അദ്ധ്യാപകന്‍ ഡെല്‍ട്ടന്‍ എന്നിവര്‍ക്ക് ഞാന്‍ കൂടുതല്‍ എഴുതണമെന്നും എഴുത്തുകാരിയാകണമെന്നും ആഗ്രഹമുണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്. പാഠപുസ്തകങ്ങള്‍ക്ക് പുറത്തുള്ള കാര്യങ്ങള്‍ പലപ്പോഴും അവരുമായി ചര്‍ച്ച ചെയ്തിരുന്നു. മോഡല്‍ സ്‌കൂളില്‍ പഠിപ്പിച്ച അദ്ധ്യാപകര്‍ എല്ലാവരും അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞ് തരികയും അല്ലെങ്കില്‍ അതിന് സഹായിക്കുന്നവരുമായിരുന്നു.

കിരണ്‍: സാഹിത്യത്തോടുള്ള താത്പര്യം എങ്ങനെയായിരുന്നു?
ആര്യ: രണ്ടാം ക്ലാസ് മുതല്‍ക്കേ ബാലസാഹിത്യങ്ങളും മറ്റും വായിക്കാറുണ്ടായിരുന്നു. ചെറുകഥകളാണ് ഏറ്റവും ഇഷ്ടം. മലയാളത്തില്‍ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്‍ ബഷീറാണ്. പഴയ പുസ്തകങ്ങള്‍ പ്രധാനമായും മലയാളത്തിലെ ക്ലാസിക്കുകള്‍ മിക്കതും വായിച്ചിട്ടുണ്ട്. പുതിയ എഴുത്തുകാരില്‍ സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം മാത്രമാണ് വായിച്ചത്. ഇതോടൊപ്പം ശാദ്വലം എന്ന പേരില്‍ ബ്ലോഗുണ്ട്. പക്ഷെ പഠനവുമായി ബന്ധപ്പെട്ട് ബ്ലോഗെഴുത്തിന് സമയം ലഭിച്ചിരുന്നില്ല. ബ്ലോഗില്‍ എന്തെങ്കിലും എഴുതണമെന്നുണ്ട്.കിരണ്‍: ഐസറില്‍ പ്രവേശനം നേടിയപ്പോള്‍ ലക്ഷ്യമെന്തായിരുന്നു?
ആര്യ: എന്റെ പ്ലസ് ടു പഠനകാലത്താണ് ചന്ദ്രയാനിലൂടെ ഐ എസ് ആര്‍ ഒ ലോകശ്രദ്ധയാകര്‍ഷിച്ചത്. ലോകത്തിന് മുന്നില്‍ ഇന്ത്യ തിളങ്ങി നില്‍ക്കുന്ന സമയമായിരുന്നു അത്. അത് ഒരു സ്‌പേസ് സയന്റിസ്റ്റാകണമെന്ന വലിയ ആഗ്രഹം ഉണ്ടാക്കി. ഐസറില്‍ പഠനം തുടങ്ങിയ ശേഷം മറ്റ് സാധ്യതകളെ കുറിച്ച് കൂടുതലായി മനസിലായി. അതില്‍ കെമിസ്ട്രിയിലും ഫിസിക്‌സിലുമായിരുന്നു കൂടുതല്‍ താല്‍പ്പര്യം. സ്‌കൂള്‍ പഠനകാലത്തും ശാസ്ത്ര വിഷയങ്ങളോട് നല്ല താത്പര്യം ഉണ്ടായിരുന്നു. ഇതാണ് സ്വതന്ത്ര ശാസ്ത്രജ്ഞയാകാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു.

കിരണ്‍: പഠന രീതി എങ്ങനെയായിരുന്നു?
ആര്യ: സ്‌കൂള്‍ പഠന കാലത്ത് വളരെ കൃത്യമായി ഓരോ ദിവസത്തെയും പാഠഭാഗങ്ങള്‍ അന്നന്ന് പഠിക്കുന്ന രീതിയായിരുന്നു. കോളേജില്‍ അങ്ങിനെയൊന്നും ആയിരുന്നില്ല. ക്ലാസില്‍ ശ്രദ്ധിച്ചിരിക്കുക, അദ്ധ്യാപകരുമായി കൂടുതല്‍ നേരം സംസാരിക്കാന്‍ സാധിക്കും. പ്രത്യേകിച്ചും റസിഡന്‍ഷ്യല്‍ കാംപസാണ്. അതുകൊണ്ട് രാത്രി എട്ട് മണിക്ക് പോലും സംശയം ചോദിച്ച് വരുന്ന കുട്ടികളെ അദ്ധ്യാപകര്‍ മടക്കി അയക്കാറില്ല. പരീക്ഷയ്ക്ക് മുന്‍പ് കൃത്യമായി പഠിച്ചിട്ടുണ്ട്. പഠിക്കാതെയും പരീക്ഷ എഴുതിയിട്ടുണ്ട്. അപ്പോഴൊക്കെയും അദ്ധ്യാപകരോടുള്ള പാരസ്പര്യം വളരെയേറെ പ്രയോജനപ്പെട്ടിട്ടുണ്ട്.

കിരണ്‍: ഐസറില്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കിയ അദ്ധ്യാപകന്‍
ആര്യ: പലരുണ്ട്, ഒരാളുടെ പേര് മാത്രമായി പറയാന്‍ സാധിക്കില്ല. ഞാന്‍ പ്രൊജക്ട് ചെയ്തത് മൃണാളിനി പുരാണികിനൊപ്പമാണ്. മൃണാളിനി ഒരു ശാസ്ത്രജ്ഞയ്ക്ക് എത്ര മാത്രം ബുദ്ധിമുട്ടിയാണ് അവിടേക്ക് എത്തിയതെന്ന് മനസിലാക്കി തന്നിട്ടുണ്ട്. ഐസറിലെ അദ്ധ്യാപകര്‍ക്ക് മുന്നില്‍ മാത്രമല്ല പ്രൊജക്ട് അവതരിപ്പിക്കുന്നതെന്നും ഒരു അന്താരാഷ്ട്ര നിലവാരമുള്ള ശ്രോതാക്കളെ മനസില്‍ ഇരുത്തിവേണം ഓരോ പേപ്പറും തയ്യാറാക്കാനുമെന്ന് മൃണാളിനി പറഞ്ഞിരുന്നു. എന്റെ നിലവാരത്തെ ഒരു പടി കൂടി ഉയര്‍ത്താന്‍ മൃണാളിനി ശ്രമിച്ചിരുന്നു. പിന്നെ ഹരിനാഥ് ചക്രപാണി സര്‍ ഉണ്ട്. അദ്ദേഹം കെമിസ്ട്രി ആയിരുന്നു.

കിരണ്‍: മന്‍മോഹന്‍സിംഗ്, വിക്രം സാരാഭായി തുടങ്ങിയവരുടെ പിന്‍ഗാമിയാകാന്‍ സാധിക്കുമോ?
ആര്യ: ഇന്ത്യയില്‍ ഞാന്‍ ആദ്യത്തെ പത്ത് പേരില്‍ ഒരാളായാണ് കേംബ്രിഡ്ജിലേക്ക് പോകുന്നത്. പക്ഷെ അവിടെ എന്നെക്കാള്‍ മിടുക്കരായ ആയിരക്കണക്കിന് പേരില്‍ ഒരാള്‍ മാത്രമാണ്. അവിടെ ചെന്ന് കഴിഞ്ഞാല്‍ നന്നായി പഠിക്കാന്‍ ശ്രമിക്കും. എന്ത് വെല്ലുവിളിയായാലും അത് ഏറ്റെടുത്ത് എനിക്ക് ചെയ്യാന്‍ പറ്റുന്ന കാലിബറില്‍ അത് പൂര്‍ത്തിയാക്കണം എന്നാണ് ആഗ്രഹം.

കിരണ്‍: കേംബ്രിഡ്ജിലെ ഗവേഷണം കഴിഞ്ഞാല്‍ എന്ത് ചെയ്യാനാണ് ആഗ്രഹം?
ആര്യ: അതിനുശേഷവും ഗവേഷണം തുടരാനാണ് ആഗ്രഹം. മൂന്ന് വര്‍ഷമാണ് പി എച്ച് ഡി. അതുകഴിഞ്ഞ് പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ചെയ്യാന്‍ താത്പര്യമുണ്ട്. കേംബ്രിഡ്ജില്‍ സാധിക്കുമെങ്കില്‍ അവിടെ തന്നെ ചെയ്യണമെന്നാണ് ആഗ്രഹം. അപ്പോള്‍ പക്ഷെ ഏത് വിഷയമാണോ എനിക്ക് കൂടുതല്‍ താത്പര്യം തോന്നുന്നത് അതിനകത്ത് പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ചെയ്യണം. ഒരു സ്വതന്ത്ര ശാസ്ത്രജ്ഞയായി ഇന്ത്യയിലേക്ക് തിരിച്ചു വരണം. പി എച്ച് ഡി എടുത്ത് ഇന്ത്യയിലേക്ക് തിരിച്ചുവന്ന് അദ്ധ്യാപക പൊസിഷന് എവിടെയെങ്കിലും അപേക്ഷിച്ചാലും അത്ര മൂല്യം അവര്‍ക്ക് ലിഭിച്ച് കണ്ടിട്ടില്ല. അതുകൊണ്ട് സ്വതന്ത്ര ശാസ്ത്രജ്ഞയായി നല്ല പേരെടുക്കണം. അതിന് ശേഷമാണ് ഇന്ത്യയിലേക്ക് വരുന്നതെങ്കില്‍ കുറച്ചുകൂടി ആള്‍ക്കാര്‍ അത് കേള്‍ക്കാന്‍ ഉണ്ടാകുമെന്ന് തോന്നുന്നു. അതിന് ശേഷം ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ക്ക് ഞാനാകുന്ന ശാസ്ത്രജ്ഞയ്ക്ക് പരിഹരിക്കാന്‍ സാധിക്കുന്ന വിധത്തില്‍ പരിഹാരം കണ്ടെത്തണം.കിരണ്‍: സ്വതന്ത്ര ശാസ്ത്രജ്ഞ എന്ന നിലയില്‍ ഇന്ത്യയിലേക്ക് മടങ്ങുന്നത് എത്രത്തോളം ഗുണകരമാകും?
ആര്യ: പ്രൊഫഷണല്‍ നേട്ടമല്ല ഉദ്ദേശിച്ചത്. ഞാനൊരു സര്‍ക്കാര്‍ സ്‌കൂളിലാണ് പഠിച്ചത്. ഐസര്‍ കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമാണ്. ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ്പിന്റെ ബലത്തിലാണ് അഞ്ച് വര്‍ഷം അവിടെ പഠിച്ചത്. അതുകൊണ്ട് രാജ്യത്തോട് ചില ബാധ്യതകളുണ്ട്. ഇന്ത്യയെ പോലെ ഭൂമധ്യ രേഖ പ്രദേശത്ത് കിടക്കുന്ന ഒരു രാജ്യത്തിന് വളരെ പ്രധാനപ്പെട്ട വിഷയത്തിലാണ് ഞാന്‍ ഗവേഷണം നടത്താന്‍ ഉദ്ദേശിക്കുന്നത്. പല സര്‍ക്കാരേതര സംഘടനകളും ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും സോളാര്‍ വിളക്കുകളും, ഫാനുകളും കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. അത് കുറച്ചുകൂടി കുറഞ്ഞ ചിലവിലും കാര്യക്ഷമത വര്‍ധിപ്പിച്ചും ലഭ്യമാക്കി കഴിഞ്ഞാല്‍ വലിയ മാറ്റം സമൂഹത്തിനുണ്ടാക്കും. അത് തിരിച്ചറിഞ്ഞാണ് ഞാന്‍ ഈ വിഷയം ഡോ. അക്ഷയ് റാവുവുമായി ചര്‍ച്ച ചെയ്തതും. മലിനീകരിക്കപ്പെട്ട പുഴയ്ക്ക് സമീപം താമസിക്കുന്നവരുടെ പ്രയാസങ്ങള്‍ ഉള്‍പ്പടെ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഉണ്ടാകാം. എന്റെ കഴിവിനനുസരിച്ച് അത് പോലെ ചെയ്യാനാണ് എന്റെ ആഗ്രഹം. സയന്‍സിന് ഒരു ഗ്ലോബല്‍ നേച്ചറുണ്ട്. ഞാന്‍ കണ്ടെത്തുന്ന കാര്യങ്ങള്‍ ഒരു അന്താരാഷ്ട്ര ജേണലിലാകും പബ്ലിഷ് ചെയ്യുക. ആ കണ്ടെത്തലുകള്‍ ആര്‍ക്കും ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് സയന്‍സ് എവിടെ ചെയ്താലും അതിന്റെ ഫലം ലോകത്തിന്റെ ഏത് ഭാഗത്തും ലഭ്യമാകും. ശാസ്ത്രത്തിന്റെ ആഗോള സ്വഭാവത്തില്‍ എനിക്ക് വിശ്വാസമുണ്ട്.

കിരണ്‍: സ്‌കോളര്‍ഷിപ്പ് വാര്‍ത്തയും കേംബ്രിഡ്ജ് പ്രവേശന വാര്‍ത്തയും അറിഞ്ഞ് പ്രതികരണം എങ്ങിനെയായിരുന്നു?
ആര്യ: വാര്‍ത്തയറിഞ്ഞ് പല ഭാഗങ്ങളില്‍ നിന്ന് സുഹൃത്തുക്കള്‍ വിളിച്ചിരുന്നു. മോഡല്‍ സ്‌കൂളില്‍ പഠിച്ച പഴയ സുഹൃത്തുക്കളും അദ്ധ്യാപകരും ഉള്‍പ്പടെ വിളിച്ചഭിനന്ദിച്ചു. ഞാന്‍ സ്‌കോളര്‍ഷിപ്പ് എത്രത്തോളം ആഗ്രഹിച്ചിരുന്നുവെന്നത് ഐസറിലെ സഹപാഠികള്‍ക്ക് നല്ലതുപോലെ അറിയാം. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ് കെട്ടിപ്പിടിച്ചുമൊക്കെയുമാണ് ആ വാര്‍ത്ത എല്ലാവരും സ്വീകരിച്ചത്. എല്ലാവര്‍ക്കും സന്തോഷം നല്‍കാന്‍ സാധിച്ചതില്‍ ആഹ്ലാദമുണ്ട്. പ്രത്യേകിച്ചും അച്ഛനും അമ്മയ്ക്കും അഭിമാനം നല്‍കാന്‍ സാധിച്ചതില്‍ വളരെയേറെ സന്തോഷമുണ്ട്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോള്‍ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശനം നേടിയതാണ്. പക്ഷെ ഐസറില്‍ കിട്ടിയപ്പോള്‍ അവര്‍ അതിനെ എതിര്‍ത്തില്ല. സ്‌കോളര്‍ഷിപ്പ് നേടി കേംബ്രിഡ്ജിലേക്ക് പോവുമ്പോഴും അവര്‍ രണ്ടും പേരും രണ്ടാമതൊന്ന് ചിന്തിക്കാതെ സമ്മതം നല്‍കി. അവര്‍ക്ക് അഭിമാനം നല്‍കാന്‍ സാധിച്ചതില്‍ വലിമതിക്കാനാവാത്ത സന്തോഷം ഉണ്ട്.

കിരണ്‍: ഏറ്റവുമധികം മാനസിക അടുപ്പം ഉള്ള അദ്ധ്യാപകന്‍ ആരാണ്?
ആര്യ: മുന്‍പ് കലൂര്‍ മോഡല്‍ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന ഇംഗ്ലീഷ് അദ്ധ്യാപകന്‍ ടോം സാറുമായി മാനസികമായി നല്ല അടുപ്പമുണ്ട്. സാറിന്റെ ക്ലാസുകള്‍ പലപ്പോഴും വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ പ്രചോദനം നല്‍കുന്നവയാണ്. പെട്ടെന്ന് മനസില്‍ വരുന്ന മുഖം എപ്പോഴും സാറിന്റെതാണ്.

കിരണ്‍: ജീവിതത്തിന്റെ ദിശ മാറിയത് എവിടെ വച്ചായിരുന്നു?
ആര്യ: കലൂര്‍ മോഡല്‍ സ്‌കൂള്‍ തന്നെയാണ് ജീവിതത്തിന്റെ ദിശ മാറ്റിയത്. അന്ന് ഇവിടെ അദ്ധ്യാപികയായിരുന്ന ഗോകില മിസ്സാണ് സയന്‍സിന്റെ സാധ്യതകളെ കുറിച്ച് പറഞ്ഞ് തന്നത്. റിസര്‍ച്ച് ചെയ്യാനും ശാസ്ത്രജ്ഞയാകാനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ് നല്ലതെന്ന് മിസ് പറഞ്ഞു. പിന്നീട് എഞ്ചിനീയറിംഗ് അഡ്മിഷന്‍ ലഭിച്ചിട്ടും അത് വിട്ട് ഐസറിലേക്ക് പോകാന്‍ തീരുമാനിച്ചത് ഗോകില മിസ്സിന്റെ വാക്കുകള്‍ മൂലമാണ്. എഞ്ചിനീയറിംഗ് തുടര്‍ന്നിരുന്നെങ്കില്‍ സയന്‍സിലേക്ക് ഇത്രയും താത്പര്യം ഉണ്ടാകില്ലായിരുന്നു.

കിരണ്‍: കേംബ്രിഡ്ജില്‍ പ്രവേശനം തുടങ്ങും വരെ എന്താണ് പ്ലാന്‍?
ആര്യ: ഒക്ടോബറിലാണ് കേംബ്രിഡ്ജിലേക്ക് പോകേണ്ടത്. അതുവരെ സമയം കുറവാണ്. എന്നാലും അഞ്ചാം വര്‍ഷം മൃണാളിനിക്കൊപ്പം നടത്തിയ ഗവേഷണവുമായി ബന്ധപ്പെട്ട ഒരു സയന്റിഫിക് മാനുസ്‌ക്രിപ്റ്റ് തയ്യാറാക്കാനുണ്ട്. ബ്ലോഗില്‍ ഈ വര്‍ഷം പിറന്നതില്‍ പിന്നെ അധികമൊന്നും എഴുതിയിട്ടില്ല. കൂടാതെ പുതിയ നല്ല പുസ്തകങ്ങള്‍ വായിക്കണം എന്നുണ്ട്.

കിരണ്‍: കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് തോന്നുന്നോ?
ആര്യ: ഉണ്ട്. ഇപ്പോള്‍ കേരളത്തില്‍ ഒരു നേര്‍രേഖ പോലെയാണ് വിദ്യാഭ്യാസം പോയിക്കൊണ്ടിരിക്കുന്നത്. സയന്‍സ് കഴിഞ്ഞാല്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ മെഡിസിന്‍. കൊമേഴ്‌സ് കഴിഞ്ഞാല്‍ ബികോം, എം ബി എ അങ്ങനെ. ആ രണ്ട് വഴികളെ കുട്ടികള്‍ക്ക് മുന്നിലുള്ളൂ. അത് മാറണം. കാരണം കേരളത്തിലെ വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ശതമാനത്തിനും സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള ജോലി ചെയ്യാന്‍ സാധിക്കുന്നില്ല. അദ്ധ്യാപകര്‍ പറയുന്നത് ഈ കുട്ടിക്ക് എഞ്ചിനീയറിംഗ് അഡ്മിഷന്‍ കിട്ടും, അല്ലെങ്കില്‍ ഐ ഐ ടിയില്‍ അഡ്മിഷന്‍ കിട്ടുമെന്നാണ്. അതിന് പകരം എല്ലാ മേഖലകള്‍ക്കും ഒരേ പോലെ പ്രാധാന്യം വരണം.


(മാധ്യമ പ്രവര്‍ത്തകനാണ് കിരണ്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories