Top

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്; ബിജെപിക്കു മേല്‍ ആര്‍എസ്എസ് പിടിമുറുക്കുന്നു

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്; ബിജെപിക്കു മേല്‍ ആര്‍എസ്എസ് പിടിമുറുക്കുന്നു
ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് എട്ട് വരെയായി ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ആര്‍എസ്എസ് ബിജെപിക്ക് മേല്‍ പിടിമുറുക്കുന്നു. ബിജെപിയുടെ തീരുമാനങ്ങളിലെല്ലാം സ്വാധീനം ചെലുത്തിയാണ് ആര്‍എസ്എസ് പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്.

ആര്‍എസ്എസ് സഹ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബേല്‍ കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ തന്റെ പ്രവര്‍ത്തനം പാട്‌നയില്‍ നിന്നും ലക്‌നൗവിലേക്ക് മാറ്റിയിരുന്നു. ഇതോടെ സംസ്ഥാന ബിജെപി ഘടകത്തിലെ പ്രധാനിയായിരിക്കുകയാണ് ഇദ്ദേഹം. ബിജെപി നേതാവെന്ന നിലയില്‍ ജനങ്ങളുടെ അംഗീകാരം നേടാനും ഇത് ദത്താത്രേയയെ സഹായിച്ചു. പാര്‍ട്ടി പ്രസിഡന്റ് കേശവ് പ്രസാദ് മൗര്യ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ ആധികാരികമായി പിന്നിലാക്കാനും ഇദ്ദേഹത്തിനായി.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് സുനില്‍ ബന്‍സലും ആറ് ആര്‍എസ്എസ് പ്രാദേശിക സെക്രട്ടറിമാരും ഉള്‍പ്പെടുന്ന ശക്തമായ ടീമാണ് ദത്താത്രേയയ്ക്ക് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. ബിജെപി നേതൃത്വത്തില്‍ തന്നെ ആര്‍എസ്എസില്‍ നിന്നും നിയോഗിക്കപ്പെട്ടവരാണ് ഇപ്പോള്‍ അധികവും. സംഘടന സെക്രട്ടറിമാരായ ഓം പ്രകാശ് ശ്രീവാസ്തവ(കാന്‍പൂര്‍ ക്ഷേത്ര), ചന്ദ്രശേഖര്‍(പശ്ചിം ക്ഷേത്ര), ഭവാനി സിംഗ്(ബ്രിജ് ക്ഷേത്ര), ബ്രജ് ബഹാദൂര്‍(അവധ് ക്ഷേത്ര), ശിവ് കുമാര്‍ പതക്(ഗോരക്ഷ ക്ഷേത്ര), രത്‌നാകര്‍(കൃഷി ക്ഷേത്ര) എന്നിവരാണ് ദത്താത്രേയയ്ക്ക് ഒപ്പമുള്ളത്.

ഈ നേതൃത്വത്തിന്റെ സഹായത്തോടെ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പിന്റെ നേതൃത്വം ദത്താത്രേയ ഏറ്റെടുത്തു കഴിഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയം, ബൂത്തുകളുടെ നിയന്ത്രണം, തെരഞ്ഞെടുപ്പ് തന്ത്രം തയ്യാറാക്കുന്നതിനുള്ള താഴേത്തട്ടിലെ വിവര ശേഖരണം എന്നിവയാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. വരാണസി പാര്‍ലമെന്റ് മണ്ഡലത്തിലെ നിയമസഭ മണ്ഡലങ്ങളില്‍ ഒഴികെ ഉത്തര്‍പ്രദേശിലെ എല്ലാ സീറ്റുകളിലും ദത്താത്രേയയും സംഘവും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുഖ്യപങ്ക് വഹിക്കുമെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായ ഒരു മുതിര്‍ന്ന നേതാവ് അറിയിച്ചു. ഡിസംബര്‍ അവസാനമാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചത്.

ദത്താത്രേയയും സംഘവും തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടിക ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും അന്തിമ തീരുമാനം എടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. തയ്യാറാക്കിയ ലിസ്റ്റില്‍ എല്ലാ സീറ്റുകളിലും രണ്ടോ മൂന്നോ സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വരാണസി നോര്‍ത്ത്, വരാണസി സൗത്ത്, വരാണസി കന്റോണ്‍മെന്റ് എന്നിവിടങ്ങളില്‍ നിലവില്‍ ബിജെപിക്ക് എംഎല്‍എമാര്‍ ഉണ്ട്. എന്നാല്‍ രൊഹാനിയ, സേവാപുരി എന്നിവിടങ്ങളിലെ എംഎല്‍എമാര്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നുള്ളവരാണ്.

സാധ്യതാ പട്ടിക മുതിര്‍ന്ന നേതാക്കള്‍ പരിശോധിച്ച് അന്തിമ ലിസ്റ്റ് തയ്യാറാക്കുമെന്നും വരാണസിയിലെ അഞ്ച് സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിക്കുമെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പില്‍ പൂര്‍ണ നിയന്ത്രണം കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ സംഘപരിവാര്‍ തങ്ങളുടെ ഘടകങ്ങളായ ഭാരതീയ മസ്ദൂര്‍ സംഘ്, ഭാരതീയ കിസാന്‍ സംഘ്, സ്വദേശി ജാഗരണ്‍ മഞ്ച്, വിശ്വഹിന്ദു പരിഷത്, ബജ്രംഗ് ദള്‍, ഹിന്ദു ജാഗരണ്‍ മഞ്ച്, സേവാ ഭാരതി എന്നിവയുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ബിജെപിയുടെ സുപ്രധാന പദവികളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ നിയോഗിച്ചും മറ്റും ബിജെപിയുടെ നിയന്ത്രണം ഇപ്പോള്‍ ആര്‍എസ്എസ് ഏകദേശം ഏറ്റെടുത്തിരിക്കുകയാണ്. കൂടാതെ ബിജെപിക്ക് ആര്‍എസ്എസിനെ ആശ്രയിക്കാതെ നിവൃത്തിയില്ലെന്ന സാഹചര്യമാണ് ഒട്ടുമിക്ക കാവി പോക്കറ്റുകളിലുമുള്ളത്.

തെരഞ്ഞെടുപ്പുകളില്‍ ആര്‍എസ്എസ് ബിജെപിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാറുണ്ടെങ്കിലും ബിജെപി തന്നെയായിരിക്കും അപ്പോഴും മുന്‍നിരയിലുണ്ടാകുക. അതിനാല്‍ തന്നെ ബിജെപിയ്ക്ക് ആര്‍എസ്എസില്‍ നിന്നും സ്വതന്ത്രമായ ഒരു വ്യക്തിത്വവുമുണ്ടായിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശിലെ ആര്‍എസ്എസിന്റെ പുതിയ നീക്കം അസാധാരണമാണ്. കാരണം, പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കാതെ ആര്‍എസ്എസ് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത് ഇത് ആദ്യമായാണ്. ഇത് ബിജെപിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിരിക്കുന്ന അനുമതി അര്‍ത്ഥരഹിതമാക്കുമെന്ന് ചില നിരീക്ഷകര്‍ പറയുന്നു.

Next Story

Related Stories