TopTop
Begin typing your search above and press return to search.

രാഷ്ട്രദീപികയ്ക്ക് വേണ്ടി ഒരു ഉത്തരവ്; 'സുതാര്യ'കേരളത്തിലെ ചില കടുംവെട്ടുകള്‍

രാഷ്ട്രദീപികയ്ക്ക് വേണ്ടി ഒരു ഉത്തരവ്; സുതാര്യകേരളത്തിലെ ചില കടുംവെട്ടുകള്‍

എത്ര സുന്ദരം ഈ 'സുതാര്യ' ഭരണം!

'സുതാര്യകേരളം,സുന്ദരകേരളം' എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധികാരമേറ്റ ഉടനെ വച്ചുകാച്ചിയപ്പോള്‍ മലയാളികള്‍ 'ഇത്ര'യ്ക്ക് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.സുതാര്യത കാരണം മലയാളികള്‍ക്കിപ്പോള്‍ നില്‍ക്കാനും ഇരിക്കാനും കഴിയാത്ത അവസ്ഥയായിട്ടുണ്ട്!

ഓരോ ദിവസവും 'സുതാര്യത'യുടെ നാറ്റക്കഥകളാണ് പുറത്തുവരുന്നത്. സര്‍ക്കാരിന്റെ അവസാന കാലം കടുംവെട്ടെന്ന് പറയുന്നത് ഇത്രമാത്രം ആവാമോ എന്ന് ചോദിക്കുന്നതില്‍ കെ.പി.സി.സി പ്രസിഡന്റുപോലുമുണ്ടെന്നതാണ് അതിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനിടയാക്കിയത്.

ഇക്കാര്യത്തില്‍ ഏറ്റവുമൊടുവിലെ ഒരു ഉത്തരവിന്റെ കാര്യം പറയാം. 2016 മാര്‍ച്ച് നാലിനാണ് ആ ഉത്തരവ് പുറത്തിറങ്ങിയത്. സാക്ഷാല്‍ 'നീലക്കുറുക്കന്‍' കെ.സി.ജോസഫിന്റെ വകുപ്പായ 'ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്‌ളിക്‌ റിലേഷന്‍സ് ആണ് അത് പുറത്തിറക്കിയത്. അതില്‍ ഈ തീയതിയുടെ കാര്യം എടുത്തുപറയാന്‍ ഒരു പ്രത്യേക കാരണമുണ്ട്. അന്നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായത്.

ഈ ഉത്തരവ് അനുസരിച്ച് 'രാഷ്ട്രദീപിക' പത്രത്തില്‍നിന്ന് 2005ല്‍ നിര്‍ബന്ധിത വി.ആര്‍.എസ് എടുത്ത് പിരിയേണ്ടിവന്ന 58 പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു. 2005 എന്നു പറയുമ്പോള്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'വെറുക്കപ്പെട്ടവനാ'യ ഫാരിസ് അബൂബക്കര്‍ നിര്‍ബന്ധിതമായി പിരിച്ചുവിട്ടത് എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ അവര്‍ ഒരു പെന്‍ഷന്‍ പദ്ധതിയുടെ പരിധിയില്‍ വരുന്നത് സ്വാഗതം ചെയ്യുകതന്നെ വേണം.

എന്നാല്‍, ഇവിടെ സംഭവിച്ചത് എന്താണ്? കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 11ന് കേരള നോണ്‍ജേര്‍ണലിസ്റ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഈ 58 പേര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്നഭ്യര്‍ത്ഥിച്ച് നിവേദനം നല്‍കിയതായി ഈ അതീവ രഹസ്യമായി പുറപ്പെടുവിച്ച 'സുതാര്യ' ഉത്തരവില്‍ പറയുന്നു. അതിനുശേഷം എത്രമാസം കടന്നുപോയി? അന്നൊന്നും സര്‍ക്കാര്‍ അനങ്ങാത്തതെന്താണ്?ഈ ഉത്തരവിലെ ഒരു വ്യവസ്ഥ ചോദ്യം ചെയ്യേണ്ടതാണെന്ന് അഭിപ്രായമുണ്ട് - 'ഈ ആനുകൂല്യം രാഷ്ട്രദീപിക പത്രത്തില്‍നിന്നും വിരമിച്ച 58 പേര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു'. അങ്ങനെ ഒരു ഉത്തരവിറക്കാന്‍ കെ.സി.ജോസഫ് എന്ന മന്ത്രിക്ക് എന്തധികാരമാണുള്ളത്? ഉമ്മന്‍ചാണ്ടിയുടെ ആശ്രിതനായതിന് കിട്ടിയതാണ് മന്ത്രിപ്പണിയെന്ന് നാട്ടുകാര്‍ക്കെല്ലാം അറിയാം. മുഖ്യമന്ത്രിക്ക് ഈ മന്ത്രിയുടെ 'പ്രാഗത്ഭ്യ'ത്തില്‍ വലിയ വിശ്വാസമായതിനാല്‍ ഏല്പിച്ച 'കനപ്പെട്ട' വകുപ്പുകളെപ്പറ്റിയും മലയാളികള്‍ക്ക് ബോദ്ധ്യമുണ്ട്.പലരില്‍ നിന്നായി തോണ്ടിയെടുത്തതുള്‍പ്പെടെയുള്ള ആ വകുപ്പുകളില്‍ ആവശ്യത്തിലേറെ തലവേദനയുണ്ടാക്കുന്നതില്‍ മന്ത്രി വിജയിച്ചു. അഹങ്കാരത്തോടെ 'ചായത്തൊട്ടിയില്‍ വീണ നീലക്കുറുക്കന്‍ ' എന്ന് ഹൈക്കോടതി ജഡ്ജിയെ പരിഹസിച്ച മന്ത്രിപുങ്കവന്‍ അതേ ഫെയ്‌സ്ബുക്കില്‍ ക്ഷമാപണം നടത്തി കോടതിയില്‍ സാഷ്ടാംഗം പ്രണമിച്ചത് കാണേണ്ടതായിരുന്നു!

മറ്റ് മാധ്യമ സ്ഥാപനങ്ങളില്‍ ഇതേകാലയളലില്‍ വി.ആര്‍.എസ് എടുക്കുകയോ എടുക്കാന്‍ നിര്‍ബന്ധിതരാവുകയോ ചെയ്ത പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ ഉണ്ടോ എന്ന് മന്ത്രി പരിശോധിച്ചോ? അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കുകൂടി ഈ ആനുകൂല്യം നല്‍കേണ്ടതല്ലേ? അല്ലാതെ ഒരു സ്ഥാപനത്തിലുള്ളവര്‍ക്ക് മാത്രമായി ഇത്തരം ഒരാനുകൂല്യം ചുരുക്കുന്നത് ആരോടും പ്രത്യേക പ്രീതിയോ മമതയോ കാട്ടില്ലെന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ്. മാത്രമല്ല, ഇങ്ങനെ ഒരു പ്രത്യേക സ്ഥാപനത്തിന് മാത്രം സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ആനുകൂല്യം നല്‍കാന്‍ മന്ത്രിക്ക് ആരാണ് അധികാരം നല്‍കിയത്? സ്വന്തം കുടുംബത്തിലെ പണമെടുത്ത് ഇങ്ങനെ ചെയ്താല്‍ ആരും ഒന്നും പറയില്ല.സര്‍ക്കാര്‍ പണം തിരഞ്ഞെടുപ്പിന് മുമ്പായാലും പിമ്പായാലും ചെലവഴിക്കുമ്പോള്‍ അതിന് ചില വ്യവസ്ഥകളുണ്ട്.

കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവായവര്‍ ഉള്‍പ്പെടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ജീവിച്ചുപോവുന്നതിനായി പെന്‍ഷന്‍ അപേക്ഷ നല്‍കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കൊല്ലങ്ങളായി. അവരെക്കാള്‍ അവശരൊന്നുമല്ല ഈ ഉത്തരവിന്റെ ഗുണം കിട്ടുന്നവര്‍. വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച അവര്‍ക്കൊന്നും അനുവദിക്കാത്ത ആനുകൂല്യം ഒരു മാധ്യമ സ്ഥാപനത്തിലെ 58 പേര്‍ക്കായി ചുരുക്കിയ നടപടിയെ ഏത് വാക്കുപയോഗിച്ചാണ് അപലപിക്കേണ്ടത്?ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പറയുന്ന 'സുതാര്യത'യും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസം അറിയണമെങ്കില്‍ വിവരാവകാശ നിയമം അട്ടിമറിക്കാന്‍ തുടക്കം മുതല്‍ നടത്തിയ ഇടപെടലുകള്‍ പരിശോധിച്ചാല്‍ മതി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സെക്രട്ടേറിയറ്റില്‍ സ്‌റ്റേറ്റ് പബ്‌ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നിയമിക്കപ്പെട്ടത് ജോയിന്റ് സെക്രട്ടറിമാരും അപ്പലേറ്റ് അതോറിറ്റി ഐ.എ.എസുകാരായ വകുപ്പ് സെക്രട്ടറിമാരുമായിരുന്നു. വിവരങ്ങള്‍ കൃത്യമായി ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ ഐ.എ.എസുകാര്‍ വിവരാവകാശ കമ്മിഷനുമുമ്പില്‍ ഹാജരാകേണ്ടി വരുമെന്നതിനാല്‍ ജാഗ്രതയോടെയായിരുന്നു അക്കാലത്തെ പ്രവര്‍ത്തനം. എന്നാല്‍, യു.ഡി.എഫ് സര്‍ക്കാര്‍ ഡെപ്യുട്ടി/അണ്ടര്‍ സെക്രട്ടറിമാരെ പബ്‌ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും അപ്പലേറ്റ് അതോറിറ്റിയായി ജോയിന്റ് സെക്രട്ടറിമാരെയും നിയോഗിച്ചതോടെ വിവരങ്ങള്‍ ലഭിക്കാതായി.വിവരാവകാശ കമ്മിഷനില്‍ സ്ഥാനമൊഴിഞ്ഞ അംഗങ്ങള്‍ക്ക് പകരക്കാരെ നിയോഗിക്കാതായതോടെ അവിടെ ഇതു സംബന്ധിച്ച പരാതികള്‍ രണ്ടുവര്‍ഷമായിട്ടും പരിഗണിക്കാത്ത സ്ഥിതിയുമുണ്ടായി. അതിനുപുറമേയാണ് ഇപ്പോള്‍, മുഖ്യമന്ത്രി,മന്ത്രിമാര്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെയൊന്നും കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാതിരിക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവിറക്കല്‍. അത് തമിഴ്‌നാട് മാതൃകയനുസരിച്ചെന്നാണ് മുഖ്യമന്ത്രിയുടെ വാദം. 10 രൂപയ്ക്ക് ഊണും ആറുരൂപയ്ക്ക് നാല് ഇഡ്ഡലിയും കറിയും കിട്ടുന്ന ' അമ്മ ' കാന്റീനുകള്‍ തമിഴ്‌നാട്ടിലെങ്ങുമുണ്ട്. കണ്ടുപഠിക്കാനാണെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യം നടപ്പാക്കേണ്ടത് അതായിരുന്നില്ലേ?

രാജ്യരക്ഷ ഉള്‍പ്പെടെ വിവരാവകാശനിയമത്തില്‍ ഉള്‍പ്പെടാത്ത വിഷയങ്ങള്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്ത് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ സാദ്ധ്യമല്ല. അതിനായി ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരണം. നിയമസഭയില്‍ ഈ ചട്ടങ്ങള്‍ കൊണ്ടുവന്ന് പാസാക്കിയെടുക്കുകയാണ് അതിനുള്ള വഴി. അപ്പോള്‍ സര്‍ക്കാരിന്റെ 'സുതാര്യ മുഖംമൂടി' അഴിഞ്ഞു വീഴും.

മെത്രാന്‍ കായല്‍ മുതല്‍ കരുണ എസ്റ്റേറ്റുവരെ എത്രയെത്ര അഴിമതികള്‍... ഏറ്റവുമൊടുവില്‍ മാരാരിക്കുളത്തെ കായലോരം സ്വകാര്യ റിസോര്‍ട്ടിന് പതിച്ചുനല്‍കല്‍. ഇതിന് പകരം നല്‍കുന്ന ഷോളയൂരിലെ ആദിവാസി മേഖലയിലെ അഞ്ചിരട്ടി ഭൂമി വാങ്ങാന്‍ ചെലവഴിക്കുന്ന തുക നല്‍കിയാല്‍ കായലോരത്തെ ഒരു സെന്റ് ഭൂമിയുടെ വിലയാവില്ല! ഇത്രയും കമ്പോളവിലയുള്ള 160 സെന്റാണ് സര്‍ക്കാര്‍ തീറെഴുതുന്നത്!

ഇത്തരം ' സുതാര്യ' ഭരണം സുന്ദരമാണ്! വികസനത്തിന്റെ ചിറകടിയൊച്ച അവിടങ്ങളില്‍ പ്രകമ്പനം കൊള്ളുന്നത് കേള്‍ക്കുന്നില്ലേ? എന്നിട്ടും സ്വന്തം മുന്നണിയിലെ ഒന്നാം കക്ഷിയായ കോണ്‍ഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷനായ വി.എം.സുധീരനെപ്പോലും സുതാര്യഭരണത്തിന്റെ ഈ 'അസുലഭ' നേട്ടങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ സഹമന്ത്രിമാര്‍ക്കും കഴിയാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നേയില്ല!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories