വിപണി/സാമ്പത്തികം

മാര്‍ക്‌സിസ്റ്റ് സാമ്പത്തിക വിദ്ഗധനും ബംഗാള്‍ മുന്‍ ധന മന്ത്രിയുമായ അശോക്‌ മിത്ര അന്തരിച്ചു

നന്ദിഗ്രാം വെടിവയ്പില്‍ ഉള്‍പ്പടെ സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് അശോക് മിത്ര നടത്തിയത്. 2012ല്‍ ജെഎന്‍യുവില്‍ എസ്എഫ്‌ഐ പിളര്‍ന്നപ്പോള്‍ വിമത വിഭാഗത്തിന് പിന്തുണയുമായി അശോക് മിത്ര രംഗത്തെത്തിയിരുന്നു.

മാര്‍ക്‌സിസ്റ്റ് സാമ്പത്തിക വിദഗ്ധനും പശ്ചിമ ബംഗാള്‍ മുന്‍ ധന മന്ത്രിയുമായ അശോക് മിത്ര (89) അന്തരിച്ചു. 1977 മുതല്‍ 87 വരെ ജ്യോതി ബസു മന്ത്രിസഭയില്‍ ധനവകുപ്പ് കൈകാര്യം ചെയ്തു. ജ്യോതി ബസുവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് അദ്ദേഹം മന്ത്രിസഭയില്‍ നിന്ന് രാജി വയ്ക്കുന്നത്. എന്നാല്‍ പിന്നീട് 90കളുടെ മധ്യത്തില്‍ രാജ്യസഭാംഗമായി. വ്യവസായ-വാണിജ്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു. കുറച്ചുകാലം സിപിഎം പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു.

1928ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ കിഴക്കന്‍ ബംഗാളിന്‍റെ ഭാഗമായിരുന്ന ധാക്കയിലാണ് ജനനം. ധാക്ക സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ യുജി ബിരുദവും ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് പിജി ബിരുദവും നേടിയ അശോക് മിത്ര, ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെയും വിദ്യാര്‍ത്ഥിയായിരുന്നു. ലക്‌നൗ സര്‍വകലാശാലയില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. ഇതിന് ശേഷം നെതര്‍ലാന്‍ഡ്‌സിലെ റോട്ടര്‍ഡാം സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സ്റ്റഡീസില്‍ നിന്ന് പിഎച്ച്ഡി. ബാങ്കോക്കിലെ യുഎന്‍ എക്കണോമിക് കമ്മീഷന്‍ ഫോര്‍ ഏഷ്യ ആന്‍ഡ് ദ ഫാര്‍ ഈസ്റ്റിലും വാഷിംഗ്ടണില്‍ എക്കണോമിക് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലും അധ്യാപകനായി. ലോക ബാങ്കിന് വേണ്ടിയും പ്രവര്‍ത്തിച്ചു.

1961ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം കല്‍ക്കട്ട ഐഐഎമ്മില്‍ അധ്യാപകനായി. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായും അഗ്രിക്കള്‍ച്ചറല്‍ പ്രൈസസ് കമ്മീഷന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. കക്ഷി രാഷ്ട്രീയത്തില്‍ ഏറെക്കാലമായി സജീവമായിരുന്നില്ലെങ്കിലും ന്യൂസ് പേപ്പര്‍ കോളങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും ശക്തമായ രാഷ്ട്രീയ, സാമൂഹ്യ വിമര്‍ശനങ്ങളുമായി രംഗത്തുണ്ടായിരുന്ന അശോക് മിത്ര പലപ്പോളും ബംഗാളിലെ സിപിഎമ്മിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാരുകള്‍ക്കെതിരെ രംഗത്ത് വന്നു. നന്ദിഗ്രാം വെടിവയ്പില്‍ ഉള്‍പ്പടെ സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് അശോക് മിത്ര നടത്തിയത്. 2012ല്‍ ജെഎന്‍യുവില്‍ എസ്എഫ്‌ഐ പിളര്‍ന്നപ്പോള്‍ വിമത വിഭാഗത്തിന് പിന്തുണയുമായി അശോക് മിത്ര രംഗത്തെത്തിയിരുന്നു. ‘ആരെക് രകാം’ എന്ന ബംഗാളി മാഗസിന്‍റെ എഡിറ്റര്‍ ആയിരുന്നു.
A Prattler’s Tale, Calcutta Diary, The Share of Wages in National Income, Stagnation, agrarian structue and credit, Terms of Trade and Class Relation, From the Ramparts, The Nowhere Nation, Cuttings Corners തുടങ്ങിയവയാണ് കൃതികള്‍. ഭാര്യ ഗൗരി 2008ല്‍ തന്നെ മരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍