TopTop
Begin typing your search above and press return to search.

അഷ്‌റാഫ് പഹ്‌ലാവി; യാഥാസ്ഥിതികതയെ തള്ളിയും ആഡംബരത്തില്‍ ലയിച്ചും ജീവിച്ച ഇറാന്‍ രാജകുമാരി

അഷ്‌റാഫ് പഹ്‌ലാവി; യാഥാസ്ഥിതികതയെ തള്ളിയും ആഡംബരത്തില്‍ ലയിച്ചും ജീവിച്ച ഇറാന്‍ രാജകുമാരി

അഴിമുഖം പ്രതിനിധി

ഇറാനിലെ അവസാനത്തെ ഷാ ഭരണാധികാരിയായിരുന്ന ഷാ മൊഹമ്മദ് റേസ പഹ്‌ലാവിയുടെ ഇരട്ടസഹോദരി അഷ്‌റാഫ് പഹ്‌ലാവി രാജകുമാരി അന്തരിച്ചു. ഷാ ഭരണം അവസാനിച്ചശേഷം പതിറ്റാണ്ടുകളായി പ്രവാസജീവിതം നയിച്ചിരുന്ന ആഷ്‌റഫ് തന്റെ 96 ാം വയസിലാണ് കാലയവനികയില്‍ മറഞ്ഞത്.

ആഷ്‌റഫിന്റെ മരണവാര്‍ത്ത അവരുടെ അനന്തരവന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യാഴാഴ്ച്ച രാത്രി പുറത്തറയിച്ചിരുന്നു. അഷ്‌റാഫിന്റെ സ്വകാര്യ വെബ്‌സൈറ്റിലും മരണ വാര്‍ത്ത രേഖപ്പെടുത്തിയിട്ടുണ്ട്.പക്ഷെ വിശദാംശങ്ങളൊന്നുമില്ലായിരുന്നു. ന്യുയോര്‍ക്കില്‍ ദീര്‍ഘനാളായി അഷ്‌റാഫിനൊപ്പം ഉണ്ടായിരുന്ന സ്വകാര്യ ഉപദേഷ്ടാവും അവരുടെ മരണത്തെപ്പറ്റി പ്രസ്താവനകളൊന്നും തന്നെ പറഞ്ഞിട്ടില്ല.

അന്താരാഷ്ട്ര വാര്‍ത്തകളെ അവലംബമാക്കി ഇറാന്‍ മാധ്യമങ്ങളും അഷ്‌റാഫിന്റെ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്റ്റേറ്റ് ടെലിവിഷന്‍ വാര്‍ത്തയില്‍ മോണ്ടേ കാര്‍ലോയില്‍വച്ചാണ് അഷ്‌റാഫിന്റെ അന്ത്യമെന്നു പറയുന്നു. എന്നാല്‍ ഈ വാര്‍ത്തയില്‍ അവരെ പരാമര്‍ശിക്കുന്നത് അഴിമതിയുടെ കുപ്രസിദ്ധിയോടെയാണ്.

1979 ല്‍ ഇറാനില്‍ ഇസ്ലാമിക് വിപ്ലവം അരങ്ങേറുന്നതിനു മുമ്പുവരെ രാജ്യത്തെ യഥാര്‍ത്ഥ ഭരണകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നത് അഷ്‌റാഫ് ആയിരുന്നു. 1953 ല്‍ അമേരിക്കയുടെ പിന്തുണയോടെ നടന്ന ഭരണ അട്ടിമറിയെ തുടര്‍ന്ന് അധികാരമേറ്റെടുക്കലിന് സഹോദരന്‍ ഷാ മൊഹമ്മദ് റേസ പഹ്‌ലാവിയെ പ്രേരിപ്പിച്ചതും ആഷ്‌റഫ് ആയിരുന്നു.

സഹോദരന്‍ ഷാ മൊഹമ്മദ് റേസയോടൊപ്പം

ചുവപ്പിച്ച ചുണ്ടുകളും കറുത്ത മുടിയുമായി ആന്‍ഡി വാറോള്‍ ചിത്രത്തിലെ അനശ്വരയായ ആഷ്‌റഫിന്റെ അധികാരത്തിനു പുറത്തുള്ള ജീവിതം ഷേക്‌സ്പിയര്‍ ദുരന്തനാടകം പോലെയായിരുന്നു. ഇസ്ലാമിക് വിപ്ലവത്തിന് തൊട്ടുപിന്നാലെ പാരീസിലെ തെരുവില്‍വച്ച് അവരുടെ മകന്‍ കൊല്ലപ്പെട്ടു. ഇരട്ട സഹോദരന്‍ കാന്‍സറിനു കീഴടങ്ങിയതും അമിത മയക്കുമരുന്ന് ഉപയോഗത്തില്‍ അനന്തരവള്‍ മരിച്ചതും അനന്തരവന്റെ ആത്മഹത്യയുമെല്ലാം ഇതില്‍പ്പെടും.

എന്നാല്‍ സഹോദരന്റെ ഭരണത്തെയും തന്റെ ഭൂതകാലത്തെയും ആഷ്‌റഫ് എല്ലായിപ്പോഴും പ്രതിരോധിക്കുകയാണുണ്ടായത്.

1983 ല്‍ ദി അസോഷ്യേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറയുന്നുണ്ട്; രാത്രിയില്‍ ഞാനെന്റെ മുറിയിലേക്കു പോകുമ്പോള്‍ ചിന്തകള്‍ എന്നില്‍ കരകവിയും. വെളുപ്പിന് അഞ്ചും ആറും മണിവരെ ഉണര്‍ന്നിരുന്നു. വായിച്ചു, കാസെറ്റുകള്‍ കണ്ടു, ഒന്നിനെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു. പക്ഷെ സത്യമെന്തെന്നാല്‍, ഓര്‍മകള്‍ ഒരിക്കലും നിങ്ങളെ വിട്ടുപോകുന്നില്ല'.

1919 ഒക്ടോബര്‍ 26നു ജനിച്ച ആഷ്‌റഫ് 1921ല്‍ ബ്രിട്ടന്റെ സഹായത്തോടെ നടന്ന വിപ്ലത്തില്‍ അധികാരത്തിലെത്തിയ റേസ ഷായുടെ പുത്രിയാണ്. 1941ല്‍ റഷ്യ, ബ്രിട്ടന്‍ അധിനിവേശത്തെത്തുടര്‍ന്ന് റേസ ഷായ്ക്കു കിരീടം നഷ്ടമായി. 1953ല്‍ അമേരിക്ക ആസൂത്രണം ചെയ്ത വിപ്ലവം ഇറാനിലെ ജനാധിപത്യസര്‍ക്കാരിനെ അട്ടിമറിക്കുകയും പ്രധാനമന്ത്രി മൊഹമ്മദ് മൊസാദെയെ പുറത്താക്കുകയും ചെയ്തു. മൊസാദെയുടെ സോവിയറ്റ് യൂണിയന്‍ ചായ്‌വായിരുന്നു അമേരിക്കയുടെ നീക്കത്തിനു പിന്നില്‍. ഈ അട്ടിമറിയെ തുടര്‍ന്നാണ് അഷ്‌റാഫിന്റെ സഹോദരന്‍ മൊഹമ്മദ് ഷാ പഹ്‌ലാവി അധികാരമേല്‍ക്കുന്നത്.

വിപ്ലവം സഫലമാക്കാന്‍ അമേരിക്കയെ സഹായിച്ചത് അഷ്‌റാഫാണെന്ന് 2000ല്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച സിഐഎ റിപ്പോര്‍ട്ട് പറയുന്നു. മൊഹമ്മദിന്റെ തീരുമാനമില്ലായ്മയില്‍ കുഴങ്ങിയ വിപ്ലവകാരികള്‍ 'ശക്തയും പെട്ടെന്നു തീരുമാനമെടുക്കാന്‍ കഴിവുള്ളയാളുമായ' അഷ്‌റാഫിനെ സമീപിക്കുകയായിരുന്നു. അഷ്‌റാഫിന്റെയും ഒരു അമേരിക്കന്‍ ജനറലിന്റെയും സ്വാധീനത്തിലാണ് മൊഹമ്മദ് റേസ ഷാ സ്ഥാനമേറ്റെടുക്കാന്‍ തയാറായത്.അഷ്‌റാഫിന്റെ സഹോദരന്റെ സര്‍ക്കാരിന്റെ കീഴില്‍ രാഷ്ട്രീയപ്രവര്‍ത്തകരെ രഹസ്യപൊലീസുകാര്‍ വേട്ടയാടി. സര്‍ക്കാര്‍ ആര്‍ഭാടത്തിലായിരുന്നു. ശക്തയായ രാഷ്ട്രീയ ചരടുവലിക്കാരിയായി അറിയപ്പെട്ട അഷ്‌റാഫ് ആഢംബരജീവിതത്തിന്റെ പേരില്‍ കുപ്രസിദ്ധയായി. ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ച അഷ്‌റാഫ് ഫ്രാന്‍സിലെ കാസിനോകളില്‍ സ്ഥിരം ചൂതുകളിക്കാരിയായിരുന്നു. ഫ്രാന്‍സിലെ മാധ്യമങ്ങളില്‍ അവര്‍ 'കരിമ്പുലി' എന്ന് അറിയപ്പെട്ടു. 1977ല്‍ കാനില്‍ നടന്ന വധശ്രമത്തില്‍ അഷ്‌റാഫ് രക്ഷപെട്ടെങ്കിലും സഹായിയും ഡ്രൈവറും കൊല്ലപ്പെട്ടു.

രാജകുമാരിയെന്ന പദവി ഉപയോഗിച്ച് വനിതകളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിച്ച അഷ്‌റാഫ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാനിയന്‍ വിമന്‍ പ്രസിഡന്റ്, വനിതകളുടെ പദവിക്കുവേണ്ടിയുള്ള യുണൈറ്റഡ് നേഷന്‍സ് കമ്മിഷന്‍ ചെയര്‍വുമണ്‍, യുഎന്‍ മനുഷ്യാവകാശ കമ്മിഷനിലെ ഇറാന്‍ പ്രതിനിധി, 1975ലെ വനിതാ ലോകസമ്മേളനത്തിന്റെ ഉപദേശക എന്നിങ്ങനെ വിവിധ പദവികള്‍ വഹിച്ചു. 1934ല്‍ സഹോദരി ഷാംസിനും അമ്മയ്ക്കുമൊപ്പം ശിരോവസ്ത്രമില്ലാതെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട അഷ്‌റാഫ് ഇറാനിലെ വനിതകളുടെ ആധുനിക മുഖമായിരുന്നു. രാജ്യത്തെ ഇരുപതാം നൂറ്റാണ്ടിലേക്കു നയിക്കാനുള്ള പിതാവ് റേസ ഷായുടെ ശ്രമത്തിന്റെ ഭാഗമായിരുന്നു യാഥാസ്ഥിതിക ഷിയ സമൂഹത്തിലെ ഈ 'മോഡേണ്‍' പ്രത്യക്ഷപ്പെടല്‍. അഷ്‌റാഫിന് ഇംഗ്ലീഷിലും ഫ്രഞ്ചിലും പരിജ്ഞാനമുണ്ടായിരുന്നു.

ഷാ ഭരണത്തിന്റെ വിമര്‍ശകര്‍ അഷ്‌റാഫിനെതിരെ അഴിമതിയുടെ വലിയ ആരോപണങ്ങളാണ് ഉയര്‍ത്തിയത്. അതേപോലെ തന്നെ ഇറാനിലെ നടന്മാരുമായും പ്രമുഖ വ്യക്തികളുമായും ഉണ്ടായിരുന്ന പ്രണയബന്ധങ്ങളും അഷ്‌റാഫിനെ പ്രസിദ്ധയാക്കി. മൂന്നു വിവാഹങ്ങളും വിവാഹമോചനങ്ങളും നടത്തിയ രാജകുമാരിക്കു മൂന്നുമക്കളുണ്ട്.1979ല്‍ സഹോദരന്‍ അധികാരത്തില്‍നിന്നു പുറത്തായതിനെത്തുടര്‍ന്ന് അഷ്‌റാഫിന്റെ ജീവിതം പാരീസിലും ന്യുയോര്‍ക്കിലും മോണ്ടേ കാര്‍ലോയിലുമായിട്ടുള്ള സഞ്ചാരമായിരുന്നു. അധികാരഭൃഷ്ടയായ ശേഷം അഷ്‌റാഫ് പോയകാലത്തെ സംബന്ധിച്ചൊരു ഓര്‍മ്മക്കുറിപ്പ് എഴുതിയിട്ടുമുണ്ട്.

പതിയെ അഷ്‌റാഫ് തന്റെ പൊതുജീവിതത്തില്‍ നിന്നും മറഞ്ഞുപോകാന്‍ തുടങ്ങി. ആഷ്‌റഫ് അവസാനം പൊതുസമൂഹത്തിനു മുന്നില്‍ എത്തുന്നത് 1994ല്‍ യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്റെ അന്ത്യോപചാര ചടങ്ങിന്റെ സമയത്താണ്.

'ഞാന്‍ ചെയ്തതിലൊന്നും ഖേദമില്ല, അവസരം കിട്ടിയാല്‍ അതേ കാര്യങ്ങള്‍ വീണ്ടും ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. അതെല്ലാം പോയിരിക്കുന്നു, ഇപ്പോഴുള്ളത് ഓര്‍മകള്‍ മാത്രമാണ്. അതാവട്ടെ അമ്പതുവര്‍ഷത്തെ ആഡംബരത്തിന്റെയും ഐശ്വര്യത്തിന്റെയുമാണ്; അഷ്‌റാഫ് ഒരിക്കല്‍ സ്വന്തം ജീവിതത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories