TopTop
Begin typing your search above and press return to search.

മരിച്ചവര്‍ക്കുവേണ്ടി ജീവിക്കുന്നൊരാള്‍; അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം

മരിച്ചവര്‍ക്കുവേണ്ടി ജീവിക്കുന്നൊരാള്‍; അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം

എ.കെ.നസീം അലി

''ഇവിടെ ഒരാള്‍ മരിച്ചവര്‍ക്കായി ജീവിക്കുന്നു. അതുകൊണ്ടുതന്നെ അയാള്‍ക്ക് മരണമില്ല. അയാളുടെ നീതിക്കും കാരുണ്യത്തിനും മരണമില്ല. ഉരുകുന്ന മണല്‍പരപ്പില്‍ ഒരു മഴ പോലെ അയാള്‍ - അഷ്‌റഫ്'' പ്രശസ്ത തിരക്കഥാകൃത്ത് ടി.എ. റസാക്ക് എഴുതുന്ന ഈ മനുഷ്യന്‍ ഗള്‍ഫിലെ ഒരു ബിസിനസ്മാനോ സൂപ്പര്‍ മാര്‍ക്കറ്റ് മുതലാളിയോ അല്ല. മറിച്ച് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള അതിലുപരിയായി മനുഷ്യസ്‌നേഹത്തില്‍ പരിധികളില്ലാത്ത വിദ്യാഭ്യാസത്തിന് ഉടമയാണ്. അഷ്‌റഫ് താമരശ്ശേരി.

ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവാണ് അഷ്‌റഫ്. സ്വന്തം ജീവിതവും സമ്പാദ്യവും മരണപ്പെട്ടവര്‍ക്കുവേണ്ടി നീക്കിവെച്ച ഒരു സാധാരണക്കാരനായ പ്രവാസി. ഗള്‍ഫ് രാജ്യങ്ങളില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ ആദ്യം ഫോണ്‍ കോള്‍ വരുന്നത് ഈ താരമശ്ശേരിക്കാരനാണ്. ഫോണിന്റെ മറുതലയ്ക്കല്‍ മരണപ്പെട്ടവരുടെ ബന്ധുക്കളോ സ്‌നേഹിതരോ ആയിരിക്കും. അവര്‍ക്ക് അറിയേണ്ടത് മരണപ്പെട്ടയാളുടെ മൃതദേഹം എങ്ങനെ നാട്ടില്‍ എത്തിക്കാം എന്നതാണ്. അതിനുവേണ്ടി എന്തെല്ലാം പേപ്പര്‍വര്‍ക്കുകള്‍ ശരിയാക്കണമെന്നായിരിക്കും. ഫോണ്‍ വിളിക്കുന്ന ആളുടെ സ്ഥലം ചോദിക്കുന്ന അഷ്‌റഫ് നിമിഷങ്ങള്‍ക്കകം അവിടെ എത്തിച്ചേര്‍ന്നിരിക്കും. പിന്നെ എല്ലാം സ്വയം ഏറ്റെടുത്ത് നടത്തും. അവസാനം മൃതദേഹം വിമാനം കയറ്റി അയച്ചാല്‍ മാത്രമേ അഷ്‌റഫ് തിരിച്ചുപോരുകയുള്ളു.

''2013 ല്‍ എന്റെ സഹോദരന്‍ മരണപ്പെട്ടിട്ട് മൃതദേഹം നാട്ടിലെത്തിക്കാന്‍ പലവിധത്തില്‍ ശ്രമിച്ചു. രാഷ്ട്രീയനേതാക്കള്‍ വഴിയും ഉദ്യോഗസ്ഥതലത്തിലും പലവിധത്തിലും ബന്ധപ്പെട്ടു. എന്നാല്‍ എല്ലാ മാര്‍ഗ്ഗങ്ങളും അടഞ്ഞിരിക്കുന്ന സമയത്താണ് ഒരു സുഹൃത്ത് മുഖേന അഷ്‌റഫിനെ കുറിച്ച് അറിയുന്നതും ബന്ധപ്പെടുന്നതും. പിന്നെ 24 മണിക്കൂറിനകം തന്നെ അഷ്‌റഫ് എല്ലാ പേപ്പര്‍ വര്‍ക്കുകളും സ്വയം ചെയ്തുകൊണ്ട് മൃതദേഹം നാട്ടിലേക്ക് അയക്കുകയായിരുന്നു.'' ഇത് പറയുന്നത് പി.ഡബ്ല്യു.ഡി. ഓവര്‍സിയറായ കുടരത്തി സ്വദേശി അബ്ബാസാണ്. ഇങ്ങനെ നിരവധി പേരാണ് അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചത്.താമരശ്ശേരി ചുങ്കം പാലേറക്കുന്നുമ്മേല്‍ അഷ്‌റഫ് 18 വര്‍ഷം മുമ്പു വരെ ഒരു ടാക്‌സി ഓടിച്ചും പഞ്ചര്‍ക്കട നടത്തിയും ജീവിച്ച ഒരു നാട്ടിന്‍പുറത്തുകാരനാണ്. ഗള്‍ഫിലേക്ക് വിമാനം കയറുമ്പോള്‍ അഷ്‌റഫിനു പോലും അറിയില്ലായിരുന്നു വലിയ നിയോഗം തന്നെ കാത്തിരിക്കുന്നുണ്ടെന്ന്. ഷാര്‍ജയിലെ ഹോസ്പിറ്റലില്‍ രോഗിയായ ഒരു സുഹൃത്തിനെ കാണാനാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അഷ്‌റഫ് പോയത്. തിരിച്ചുവരുമ്പോള്‍ ആശുപത്രി വരാന്തയില്‍ കരഞ്ഞുനില്‍ക്കുന്ന പുനലൂര്‍ സ്വദേശികളായ സഹോദരങ്ങളെ കണ്ടു. അച്ഛന്‍ മരിച്ചിട്ട് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ വിഷമിച്ചുനില്‍ക്കുകയായിരുന്നു അവര്‍. അന്ന് അവരുടെ കൂടെ എല്ലാ സഹായവും ചെയ്തുകൊണ്ട് തുടങ്ങിയ കര്‍മ്മം ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എത്രയെത്ര മൃതദേഹങ്ങള്‍, ദേശക്കാര്‍, ഭാഷക്കാര്‍, നിറക്കാര്‍, രാജ്യക്കാര്‍... ഇതുവരെയായി മുപ്പത്തിയെട്ട് രാജ്യക്കാരുടെ മൃതദേഹങ്ങള്‍ അവരുടെ നാട്ടില്‍ എത്തിക്കാന്‍ സഹായിച്ചു.

അഷ്‌റഫ് താന്‍ ചെയ്യുന്ന കര്‍മ്മം ആരോടും പങ്കുവയ്ക്കാതെയാണ് തുടര്‍ന്നുകൊണ്ടിരുന്നത്. തന്റെ സ്‌പോണ്‍സറായ യു.എ.ഇ. സ്വദേശി ജമാല്‍ ഈസാ അഹമ്മദിനും പിന്നെ ഗള്‍ഫിലെ കുറച്ചു സുഹൃത്തുക്കള്‍ക്കും മാത്രം അറിയാമായിരുന്ന അഷ്‌റഫിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അയാളുടെ ഭാര്യയും ഉമ്മയും അറിയുന്നത് വളരെ കാലം കഴിഞ്ഞാണ്.

''അഷ്‌റഫ് പത്തും പതിനഞ്ചും ദിവസത്തെ ലീവിനാണ് നാട്ടില്‍ വരാറുള്ളത്. ഞങ്ങള്‍ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുമ്പോള്‍ തന്നെ അവന് നിരവധി ഫോണുകള്‍ വരാറുണ്ട്. എപ്പോഴും അവന്‍ സംസാരിക്കാറുള്ളത് മൃതദേഹങ്ങള്‍ കയറ്റി അയയ്ക്കുന്നതിനെക്കുറിച്ചു മാത്രം. അപ്പോഴൊന്നും അവന്‍ പറയാറില്ല ഈ മൃതദേഹങ്ങള്‍ കയറ്റി അയയ്ക്കാനുള്ള സഹായത്തിനാണ് തന്നെ വിളിക്കുന്നതെന്നോ, താന്‍ ഇതുവരെ നിരവധി മൃതദേഹങ്ങള്‍ കയറ്റി അയച്ചിട്ടുണ്ടോ എന്നൊന്നും. ഞങ്ങള്‍ തന്നെ അവന്റെ ഈ പ്രവര്‍ത്തനത്തെക്കുറിച്ചറിയുന്നത് അവന് ഈ അവാര്‍ഡ് കിട്ടിയപ്പോഴാണ്. പല ഗള്‍ഫുകാരും ഇവിടെ വന്നാല്‍ ചെയ്യാത്ത കാര്യങ്ങള്‍ നൂറുവട്ടം ചെയ്തു എന്നു പറഞ്ഞുകൊണ്ട് സ്ഥാനങ്ങള്‍ വാങ്ങുമ്പോള്‍ അഷ്‌റഫ് ചെയ്ത കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഇപ്പോഴും അത്ഭുതമാണ്.'' ഇതു പറയുന്നത് അഷ്‌റഫിന്റെ കൂടെ ചെറുപ്പം മുതല്‍ കളിച്ചുപഠിച്ചുവളര്‍ന്ന താമരശ്ശേരി പഞ്ചായത്ത് മുസ്ലീംലീഗ് പ്രവാസി യൂണിയന്‍ കൂടിയായ മുഹമ്മദ് കുട്ടിമോനാണ്.

പ്രവാസി ഭാരതീയ പുരസ്‌കാരത്തിന് സാധാരണ വ്യക്തികള്‍ അപേക്ഷ അയയ്ക്കുകയും തങ്ങള്‍ ചെയ്ത കാര്യങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ ഗവണ്‍മെന്റിനു നല്‍കാറുമാണ് പതിവ്. എന്നാല്‍ അഷ്‌റഫിനെ പ്രവാസി ഭാരതീയ പുരസ്‌കാരത്തന് നോമിനേറ്റ് ചെയ്തത് ദുബൈ ഇന്ത്യന്‍ എംബസി നേരിട്ടാണ്. അഷ്‌റഫിന്റെ സേവന പ്രവര്‍ത്തനങ്ങളെ കുറിച്ച് നേരിട്ടറിയുന്ന അമ്പാസിഡര്‍ തന്നെ ഇതിനു മുന്‍കൈ എടുക്കുകയായിരുന്നു.അഷ്‌റഫിന്റെ പ്രവര്‍ത്തന മേഖലയില്‍ ഒരിക്കലും പണം കടന്നുവന്നിട്ടില്ല. താന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. ആയിരക്കണക്കിന് ദിര്‍ഹവും ഡോളറും തന്റെ കൈകളില്‍ വച്ചുതന്നിട്ടും അതൊന്നും സ്വീകരിക്കാതെ എല്ലാ പ്രതിഫലവും ദൈവത്തില്‍ നിന്ന് ലഭിക്കും എന്ന വിശ്വാസത്തിന് ഉടമയാണ് അഷ്‌റഫ്.

''ഇപ്പോള്‍ ഞാന്‍ ചെയ്യുന്നത് കര്‍മ്മമാണ്. കാശുവാങ്ങിച്ചാല്‍ അത് തൊഴിലാവും. അന്ന് ഞാന്‍ ഇത് നിര്‍ത്തും.'' അഷ്‌റഫ് പറഞ്ഞു.

അഷ്‌റഫിന് തന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരണം നല്‍കുന്ന ഒരുപാട് പേരുണ്ട്. യു.എ.ഇ. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥനായ തന്റെ സ്പോണ്‍സര്‍, പോലീസിലെ മറ്റ് ഉദ്യോഗസ്ഥര്‍ മൃതദേഹം എംബാം ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍, എംബസികള്‍. എല്ലാവരും തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നു.

''അഷ്‌റഫിനെ കാണുന്ന നാള്‍ മുതല്‍ തന്നെ അവന്‍ നാട്ടിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. അവന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടായിരുന്നില്ല. എല്ലാവരുമായി അവന്‍ പ്രവര്‍ത്തിച്ചു. കല്യാണവീടുകളിലും, മരണവീട്ടിലും അവനും ചങ്ങാതിമാരും എല്ലാ സഹായങ്ങള്‍ക്കും ഉണ്ടായിരുന്നു. പക്ഷേ അവന്‍ ഗള്‍ഫില്‍ പോയതിനുശേഷം അവിടെ വലിയ ഒരു സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ആളാണ് എന്നറിയുന്നത് അവന് അവാര്‍ഡ് കിട്ടിയ ശേഷമാണ്. അറബി ഭാഷ നന്നായി വായിക്കാനും എഴുതാനും അറിയാത്ത അവന് മുപ്പത്തി എട്ട് രാജ്യക്കാരായ 2400 ആളുകളുടെ മൃതദേഹങ്ങള്‍ അവരുടെ നാടുകളിലേക്ക് അയയ്ക്കാന്‍ സഹായിച്ചു എന്നുള്ളത് വലിയ ഒരു സംഭവം തന്നെയാണ്.''
അഷ്‌റഫിന്റെ അയല്‍വാസിയായ എടവലത്ത് ഹുസൈന്‍ ഹാജിയും, കെ.എസ്.ഇ.ബി. എഞ്ചിനീയറായ ജോജി ജോണ്‍ പറയുന്നു.

അഷ്‌റഫിന്റെ ഓര്‍മ്മകളില്‍ താന്‍ മുഖേന നാട്ടിലേക്ക് അയച്ച മൃതദേഹങ്ങളില്‍ പാവപ്പെട്ടവനും പണക്കാരനും ഉണ്ട്. സാധാരണ മരണം മുതല്‍ ആക്‌സിഡന്റുകളും ആത്മഹത്യകളുമുണ്ട്. അഷ്‌റഫിന്റെ ആഗ്രഹം തന്റെ മക്കളെ എഞ്ചിനീയര്‍മാരോ ഡോക്ടര്‍മാരോ ആക്കാനല്ല, മറിച്ച് തന്നെപ്പോലെ തന്നെ പൊതുജനങ്ങള്‍ക്ക് സേവനപ്രവര്‍ത്തങ്ങള്‍ ചെയ്യുന്നവരായി വളര്‍ത്തണമെന്നാണ്.

''എന്റെ നിയോഗമിതാവാം. ജീവന്‍ വിട്ടേച്ചു പോകുന്നവര്‍ ചിലരെങ്കിലും എന്റെ കൈ കാത്തിരിക്കുന്നുണ്ടാവും. അവസാനത്തെ കൈ. ഒരു തപസ്വിയെപ്പോലെ ജീവിതമുനമ്പ് തേടി ഞാന്‍ നീന്തുന്നു. കരകയറുമോ എന്നൊന്നും വേവലാതിയില്ല. ഒന്നെനിക്കറിയാം. ഇതാണെന്റെ ജീവിതം. ഇതുമാത്രമാണെന്റെ ജീവിതം. എല്ലാ വല്ലായ്മകളെയും നല്ലായ്മകളാക്കി ഞാന്‍ ജീവിതത്തെ ആശ്ലേഷിക്കുന്നു.'' അഷ്‌റഫ് പറഞ്ഞു.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

*Views are personal

Next Story

Related Stories