UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേബിള്‍ ടിവിക്കാര്‍ക്ക് വഴിവിട്ട സഹായം; കെ.എസ്.ഇ.ബിക്ക് നഷ്ടം 16.45 കോടിയെന്ന്‍ സി.എ.ജി

Avatar

കെ എസ് അന്നലക്ഷ്മി

ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് (ഏഷ്യാനെറ്റ്) അടക്കമുള്ള കേബിള്‍ ടിവി സേവന ദാതാക്കള്‍ക്ക് അനാവശ്യ സഹായം ചെയ്തുകൊടുത്തത് വൈദ്യുതി ബോര്‍ഡിന് 16.45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തല്‍. ഇലക്ട്രിക് പോസ്റ്റുകളിലൂടെ കേബിള്‍ വലിക്കാന്‍ കേബിള്‍ ടിവി സേവനദാതാക്കള്‍ വൈദ്യുതി ബോര്‍ഡുമായുണ്ടാക്കിയ കരാറില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായതാണ് ഇത്രയും കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടാകാന്‍ കാരണം. 2002-ല്‍ നിലവില്‍ വന്ന പത്തുവര്‍ഷത്തെ കാലാവധിയുള്ള കരാര്‍ പ്രകാരം നഗരങ്ങളില്‍ തൂണൊന്നിന് വാര്‍ഷിക വാടക 108 രൂപയും ഗ്രാമങ്ങളില്‍ 54 രൂപയുമായിരുന്നു. ഓരോ വര്‍ഷവും വാടക 12.5 ശതമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യണം. ഈ കരാര്‍ 2011 മാര്‍ച്ചില്‍ അവസാനിച്ചുവെങ്കിലും ആദ്യം ജൂലായ് വരെയും പിന്നീട് സെപ്തംബര്‍ വരേയും നീട്ടി നല്‍കി. പുതിയ കരാര്‍ ഏഷ്യാനെറ്റടക്കമുള്ള കേബിള്‍ സേവനദാതാക്കളും വൈദ്യുതി ബോര്‍ഡും തമ്മില്‍ നിലവില്‍ വരുമ്പോള്‍ ആ കരാറിന് 2011 ഏപ്രില്‍ മുതല്‍ പ്രാബല്യമുണ്ടാകും എന്ന നിബന്ധനയിലാണ് പഴയ കരാറില്‍ രണ്ടു തവണ നീട്ടി നല്‍കിയത്. തൂണിന്റെ വാടക പുതുക്കി നിശ്ചയിക്കുന്നതിനായി രൂപീകരിച്ച വിദഗ്ദ്ധ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു ഇത്.

 

2011 ഡിസംബറില്‍ ഈ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും 2012 ഫെബ്രുവരിയില്‍ വൈദ്യുതി ബോര്‍ഡ് വാടക വര്‍ദ്ധിപ്പിക്കുകയും ചെയ്തു. നഗര, അര്‍ദ്ധ നഗര പ്രദേശങ്ങളില്‍ 311 രൂപയും ഗ്രാമങ്ങളില്‍ 155.50 രൂപയുമായിരുന്നു വര്‍ദ്ധിപ്പിച്ച വാടക. എല്ലാ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും 2011 ഏപ്രില്‍ മുതല്‍ ഈ കരാര്‍ ബാധകമാക്കേണ്ടിയിരുന്നു. അഞ്ചു ശതമാനം വാര്‍ഷിക വര്‍ദ്ധനവാണ് തീരുമാനിച്ചിരുന്നതും. കമ്മിറ്റി നിശ്ചയിച്ച പ്രകാരമുള്ള വാടക വാങ്ങുന്നതിനുള്ള പുതിയ കരാര്‍ ഏഷ്യാനെറ്റുമായി കെ എസ് ഇ ബി നടപ്പിലാക്കിയില്ല. എല്ലാ കേബിള്‍ സേവനദാതാക്കളും പോസ്റ്റുകള്‍ ഉപയോഗിക്കുകയും ചെയ്തു. അവര്‍ വര്‍ദ്ധിപ്പിച്ച നിരക്കിന് എതിരെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. 2012 നവംബറില്‍ കോടതി ഇടക്കാല ക്രമീകരണമായി നഗര, അര്‍ദ്ധ നഗരങ്ങളില്‍ 250 രൂപയും ഗ്രാമങ്ങളില്‍ 125 രൂപയും വാങ്ങുന്നതിന് വൈദ്യുത ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി. അന്തിമ തീരുമാനം കെ എസ് ഇ ബി എടുക്കേത് കേബിള്‍ ടിവി സേവനദാതാക്കള്‍ക്ക് പറയാനുള്ളത് കേട്ടിട്ടു കൂടിയാകണം എന്നും ഹൈക്കോടതി പറഞ്ഞിരുന്നു. അതനുസരിച്ച് അവരുടെ വാദമുഖങ്ങള്‍ കേള്‍ക്കുകയും 2012 ഫെബ്രുവരിയില്‍ തീരുമാനിച്ചതു പ്രകാരമുള്ള 311 രൂപയും 155.50 രൂപയും വാങ്ങാന്‍ 2014 ജനുവരിയില്‍ കെ എസ് ഇ ബി വീും തീരുമാനിക്കുകയും ചെയ്തു. അതേസമയം ഈ തീരുമാനത്തിന് എതിരെ തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ ഏഷ്യാനെറ്റ് സമീപിക്കുകയും ചെയ്തു.

2014 ഓഗസ്റ്റില്‍ അതോറിറ്റി സംഘടിപ്പിച്ച ലോക് അദാലത്തില്‍ വൈദ്യുതി, ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെയും മറ്റു രാഷ്ട്രീയ നേതാക്കളുടേയും പ്രേരണയാല്‍ വൈദ്യുതി ബോര്‍ഡും ഏഷ്യാനെറ്റും മറ്റു കേബിള്‍ ടിവി സേവനദാതാക്കളും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തി. നഗര, അര്‍ദ്ധ നഗരങ്ങളില്‍ 250 രൂപയും ഗ്രാമങ്ങളില്‍ 125 രൂപയും അഞ്ചു ശതമാനം വാര്‍ഷിക വര്‍ദ്ധനവും ആയിരുന്നു ഒത്തുതീര്‍പ്പ് വ്യവസ്ഥ. 2011-12 മുതല്‍ 2020-21 കാലഘട്ടത്തിലേക്കാണ് ഈ കരാറിലെത്തിയത്. സംസ്ഥാനത്ത് വൈദ്യുത ബോര്‍ഡിന്റെ പോസ്റ്റുകള്‍ ഉപയോഗിക്കുന്ന എല്ലാ കേബിള്‍ ടിവി സേവനദാതാക്കള്‍ക്കും ഈ തുക ബാധമാക്കാന്‍ അടുത്ത മാസം വൈദ്യുത ബോര്‍ഡ് തീരുമാനിക്കുകയും ചെയ്തു. ഈ കരാര്‍ നീതീകരിക്കാനാകില്ലെന്നാണ് സി എ ജിയുടെ നിലപാട്. ഈ കരാര്‍ പ്രകാരം 2011-12 മുതല്‍ 2014-15 വരെ കെ എസ് ഇ ബിക്ക് പോസ്റ്റ് വാടകയില്‍ ലഭിക്കേണ്ടിയിരുന്ന തുകയില്‍ 14.70 കോടി രൂപയുടെ നഷ്ടവും സേവന നികുതിയായി ലഭിക്കേണ്ടിയിരുന്ന 1.75 കോടി രൂപയും നഷ്ടം വന്നതായി സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ഈ കരാര്‍ പ്രകാരമുള്ള തുക വിദഗ്ദ്ധ സമിതി നിശ്ചയിച്ചതിനേക്കാള്‍ കുറവാണെന്ന് മാത്രമല്ല 2011 ഏപ്രിലിന് മുമ്പുവരെ കെ എസ് ഇ ബിക്ക് ലഭിച്ചിരുന്നു തുകയേക്കാള്‍ കുറവുമാണ്. 2011 മാര്‍ച്ച് കേബിള്‍ ടിവി സേവനദാതാക്കള്‍ നല്‍കിയിരുന്നത് നഗരങ്ങളില്‍ 277.06 രൂപയും ഗ്രാമങ്ങളില്‍ 138.53 രൂപയുമായിരുന്നു. കെ എസ് ഇ ബിയുടെ ഈ തീരുമാനം കമ്പനിയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായിരുന്നുവെന്ന് സിഎജി നിരീക്ഷിക്കുന്നു.

 

ഏഷ്യാനെറ്റാകട്ടെ 1992 നവംബര്‍ മുതല്‍ കെ എസ് ഇ ബിയുടെ പോസ്റ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. നിരക്ക് വര്‍ദ്ധനവിന് എതിരെ കോടതിയെ സമീപിച്ച ഏഷ്യാനെറ്റിന് 1999-ലും 2005-ലും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടിരുന്നതിനാല്‍ കോടതിക്ക് പുറത്തെ ഒത്തുതീര്‍പ്പിന് കെ എസ് ഇ ബി തയ്യാറാകേണ്ടിയിരുന്നില്ലെന്ന് സി എ ജി ചൂണ്ടിക്കാണിക്കുന്നു.

 

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍