Top

രാജീവ് ചന്ദ്രശേഖറിന്റെ മാധ്യമ സ്വാതന്ത്ര്യ താത്പര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്

രാജീവ് ചന്ദ്രശേഖറിന്റെ മാധ്യമ സ്വാതന്ത്ര്യ താത്പര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്
ഏഷ്യാനെറ്റ് ന്യൂസിന്റെ മുതലാളിയും രാജ്യസഭാ എം.പിയും കേരളത്തിലെ എന്‍.ഡി.എ ഉപകണ്‍വീനറുമായ രാജീവ് ചന്ദ്രശേഖര്‍ പൊതുവെ മര്യാദക്കാരനാണ്, പക്ഷേ, ഒരുപാധിയുണ്ട്, നിങ്ങള്‍ അദ്ദേഹത്തിനൊപ്പമാണെങ്കില്‍ മാത്രം എന്ന്.

ഈ പുതിയകാല മാധ്യമ രാജാവ് എന്താണെന്നത് കൂടുതല്‍ തെളിഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ചയാണ് The Wire വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച രണ്ട് ലേഖനങ്ങള്‍ ബാംഗ്ലൂര്‍ സിവില്‍ കോടതിയെ ഉപയോഗിച്ച് പിന്‍വലിപ്പിച്ച നടപടി. കോടതി വിധിയാകട്ടെ, അസാധാരണവും അതോടൊപ്പം, എതിര്‍കക്ഷിയായ Wire-ന് പറയാനുള്ളതു പോലും കേള്‍ക്കാതെയായിരുന്നു അത്തരമൊരു വിധി പുറപ്പെടുവിച്ചത്.

അര്‍ണബ് ഗോസ്വാമിയെന്ന പുതിയകാല ദേശീയതാ വക്താവ് തുടങ്ങുന്ന റിപ്പബ്ലിക് ടി.വിക്ക് പണം മുടക്കുന്നയാള്‍ കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍.

തന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യങ്ങള്‍ക്ക് ഒഴിച്ച് മാധ്യമങ്ങളോടും അഭിപ്രായ സ്വാതന്ത്ര്യത്തോടുമുള്ള രാജീവ് ചന്ദ്രഖേരന്റെ സമീപനം ഇന്റര്‍നെറ്റിലും വന്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. ലേഖനം പിന്‍വലിപ്പിച്ച നടപടിയില്‍ പ്രതിഷേധിക്കുന്നവര്‍ ചെയ്തത് ലേഖനത്തിന്റെ ലിങ്കുകള്‍ ആര്‍ക്കൈവ് ചെയ്യുകയായിരുന്നു-അവയിപ്പോള്‍ Archive.is-ല്‍ ലഭ്യമാണ്.

Archive.is ചെയ്യുന്നത് എല്ലാ വെബ്‌പേജുകളുടേയും സ്‌നാപ്പ്‌ഷോട്ട് എടുത്തു സൂക്ഷിക്കുക എന്നതാണ്. ഇനി ലേഖനം പിന്‍വലിച്ചാല്‍ പോലും ഇത് Archive.is-ല്‍ സുരക്ഷിതമായിരിക്കും. പിന്‍വലിച്ച Wire ലേഖനത്തിന്റെ സ്‌നാപ്പ് ഷോട്ടുകള്‍ ഗൂഗിള്‍ വഴി അതിന്റെ cached രൂപത്തില്‍ ആര്‍ക്കൈവില്‍ നിന്ന് സമ്പാദിച്ച് പ്രചരിപ്പിക്കുകയാണ് ട്വിറ്ററില്‍ ഇപ്പോള്‍ ചെയ്യുന്നത്. ഇനി Archive.is എന്ന വെബ്‌സൈറ്റില്‍ നിന്ന് ഈ ലേഖനങ്ങള്‍ പിന്‍വലിപ്പിക്കണമെങ്കില്‍ രാജീവ് ചന്ദ്രശേഖറിന് ചെക്ക് റിപ്പബ്ലിക്കിലെ പ്രേഗിലുള്ള കോടതിയില്‍ ഡെനീസ് പെട്രോവിനെതിരെ കേസ് കൊടുക്കണം. അദ്ദേഹമാണ് Archive.is-ന്റെ ഉടമസ്ഥന്‍.

അര്‍ണാബിന്റെ റിപ്പബ്ലിക്, മോദിയുടെ ഐഡിയോളജി എന്ന പേരില്‍ സന്ദീപ് ഭൂഷന്റേതായി ജനുവരി 25-നു പ്രസിദ്ധീകരിച്ച ലേഖനമാണ് പിന്‍വലിക്കപ്പെട്ടവയില്‍ ഒന്ന്. അതിപ്പോള്‍ ഇവിടെ ലഭ്യമാണ്: http://archive.is/ayuDs

ഫെബ്രുവരി 17ന് പ്രസിദ്ധീകരിച്ച 'ആരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് നമ്മുടെ പട്ടാളക്കാര്‍ മാര്‍ച്ച് ചെയ്യുന്നത്?' എന്ന തലക്കെട്ടിലുള്ള സച്ചിന്‍ റാവുവിന്റെ ലേഖനമാണ് രണ്ടാമത്തേത്. പ്രരോധ പാര്‍ലമെന്ററി കമ്മിറ്റിയില്‍ അംഗമായിരിക്കുകയും സ്വകാര്യ ആയുധ നിര്‍മ്മാണരംഗത്ത് നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യുന്ന ചന്ദ്രശേഖറിന്റെ വ്യക്തമായ സ്ഥാപിത താല്‍പര്യങ്ങളെ കുറിച്ചാണ് ആ ലേഖനത്തില്‍ അദ്ദേഹം ചര്‍ച്ച ചെയ്യുന്നത്. ആ ലേഖനവും
https://archive.is/ODFIC
 എന്ന ലിങ്കില്‍ ലഭ്യമാണ്.

ഈ രണ്ട് ലേഖനങ്ങളിലേക്കുമുള്ള പ്രാപ്യത തടയണമെന്ന് വാര്‍ത്ത വെബ്‌സൈറ്റിനോട് ആവശ്യപ്പെട്ടുകൊണ്ട് ബംഗളൂരു സിറ്റി സിവില്‍ കോടതി എക്‌സ് പാര്‍ട്ടി ഉത്തരവിനെ കുറിച്ചുള്ള (മറുഭാഗത്തിന്റെ വാദം കേള്‍ക്കാതെ പുറപ്പെടുവിക്കുന്ന ഉത്തരവ്) വിവരങ്ങള്‍ സ്ഥാപനത്തെ അറിയിച്ചുകൊണ്ട് ചന്ദ്രശേഖറുടെ വക്കിലിന്റെ നോട്ടീസ് മാര്‍ച്ച് മൂന്നിനാണ് മുന്‍ ഹിന്ദു എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ എഡിറ്റ് ചെയ്യുന്ന thewire.in ന് ലഭിക്കുന്നത്. മാര്‍ച്ച് രണ്ടിനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.കോണ്‍ഗ്രസിന്റെയും ആ പാര്‍ട്ടിയുമായി ചങ്ങാത്തമുള്ള മാധ്യമ സ്ഥാപനങ്ങളുടെയും ഭാഗത്തുനിന്നുള്ള ഒരാക്രമണമാണ് ഈ ലേഖനങ്ങളെന്ന് രാജീവ് ചന്ദ്രശേഖര്‍ ചൊവ്വാഴ്ച scroll.inന് അയച്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു. 'എന്തെങ്കിലും മരവിപ്പിക്കുന്നതിനെ കുറിച്ചല്ല ഈ കോടതി വിധി സംസാരിക്കുന്നത്. തങ്ങളുടെ പ്രവൃത്തികള്‍ക്ക് ഉത്തരവാദിത്വം ഉള്ളവരായിരിക്കാന്‍ ഇത് ചെയ്തവരെ നിര്‍ബന്ധിതരാക്കുന്ന ഒന്നാണത്,' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താല്‍ക്കാലികമാണെങ്കില്‍ പോലും ഒരു എക്‌സ് പാര്‍ട്ടി മരവിപ്പിക്കാല്‍ ഉത്തരവ് ഒരു കോടതി പുറപ്പെടുവിക്കുന്നത് 'അങ്ങേയറ്റം അസാധാരണമാണ്,' എന്ന് സിദ്ധാര്‍ത്ഥ് വരദരാജന്‍ ചൂണ്ടിക്കാണിക്കുന്നു. ഉത്തരവിനെ ചോദ്യം ചെയ്യാന്‍ അദ്ദേഹത്തിന്റെ സ്ഥാപനം തീരുമാനിച്ചിട്ടുണ്ട്. 'ഇതിനെ ചോദ്യം ചെയ്യാതിരുന്നാല്‍, രാഷ്ട്രീയക്കാര്‍ക്കും മറ്റ് ശക്തരായ ആളുകള്‍ക്കും ഇത്തരം വഴികള്‍ സ്വീകരിക്കാനുള്ള വാതിലുകള്‍ തുറന്നു കൊടുക്കയും അത് മാധ്യമ സ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസുമായി പറയപ്പെടുന്ന ചങ്ങാത്തത്തെ കുറിച്ചുള്ള രാജീവ് ചന്ദ്രശേഖറിന്റെ പരമാര്‍ശം ചിരിച്ചു തള്ളപ്പെടേണ്ടതാണെന്ന് സിദ്ധാര്‍ത്ഥ് വരദരാജന്‍ പറഞ്ഞു. 'അതിനെ 'അപകീര്‍ത്തികരം' എന്ന് വിശേഷിപ്പിക്കാനുള്ള ഒരു ത്വര എനിക്കുണ്ടെങ്കിലും, 'വഞ്ചനാപരം' എന്ന വിശേഷണമായിരിക്കും കൂടുതല്‍ കൃത്യം.'

മാധ്യമ ചക്രവര്‍ത്തിയും പുതിയ ദേശിയ ആഖ്യാനവും
രാജിവ് ചന്ദ്രശേഖറിന്റെ വ്യാപാര സഞ്ചാരപദവും രാഷ്ട്രീയ സഖ്യങ്ങളിലുള്ള അദ്ദേഹത്തിന്റെ വര്‍ഷങ്ങളായുള്ള അനിയന്ത്രിത ചാഞ്ചാട്ടങ്ങളും സൂക്ഷ്മമായി വീക്ഷിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ അദ്ദേഹം സ്വീകരിച്ചിരിക്കുന്ന നിയമനടപടിയില്‍ അത്ഭുതം തോന്നില്ല. പ്രധാനമായും ബിജെപിയുടെ സഹായത്തോടെയാണ് രാജ്യസഭയില്‍ ഒരു കസേര അദ്ദേഹം തരപ്പെടുത്തിയതെങ്കിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു.

യുപിഎയിലെ ചില അധികാര കേന്ദ്രങ്ങളുമായി ശക്തമായ കെട്ടുപാടുകള്‍ ഉള്ളപ്പോഴും ബിജെപിയുമായി സുരക്ഷിതമായ ഒരു ബന്ധം അദ്ദേഹം നിലനിറുത്തിയിരുന്നു. ദേശീയ വികസനത്തെ സംബന്ധിച്ച ബിജപിയുടെ 'വീക്ഷണത്തിന്റെ' രൂപരേഖ തയ്യാറാക്കാനുള്ള ഒരു പഠന ഗ്രൂപ്പിന്റെ തലവനായി അന്ന് ബിജെപി പ്രസിഡന്റ് നിതിന്‍ ഗഢ്കരി അദ്ദേഹത്തെ നിയമിച്ചിരുന്നു.ഇതിനെല്ലാമിടയില്‍ വളര്‍ന്നു വരുന്ന ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ നല്‍കാനും അദ്ദേഹം സമയം കണ്ടെത്തി. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹം എഎപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് വരെ ഊഹാപോഹങ്ങള്‍ പടര്‍ന്നിരുന്നു.

സമീപകാലത്ത്, ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ ഔദ്യോഗിക സ്ഥാനം ഏറ്റെടുക്കാന്‍ അദ്ദേഹം തീരുമാനിക്കുമ്പോള്‍, തന്റെ രാഷ്ട്രീയ ആഭിമുഖ്യത്തെ കുറിച്ച് ഒരു സംശയവും ബാക്കിവെക്കാന്‍ രാജിവ് ചന്ദ്രശേഖരന്‍ തയ്യാറാവുന്നില്ല.

എതിരഭിപ്രായങ്ങളോട് ഒരു ക്ഷമയും കാണിക്കാത്ത താനാണ് ദേശീയ താല്‍പര്യങ്ങളുടെ വിധികര്‍ത്താവ് എന്ന് വിശ്വസിക്കുന്ന, വിദ്യാര്‍ത്ഥികളോട് ആക്രോശിക്കുന്ന, തന്റെ സഹപ്രവര്‍ത്തകാരായ മാധ്യമപ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെടാന്‍ യാതൊരു ഉളുപ്പമില്ലാത്ത അവതാരകനായ അര്‍ണാബ് ഗോസ്വാമിക്ക് ധനസഹായം ചെയ്യാന്‍ അദ്ദേഹം മുന്നില്‍ നില്‍ക്കുന്നതിലും അത്ഭുതത്തിന് അവകാശമില്ല. അതൊരു സ്വാഭാവിക കൂട്ടുകെട്ടാണ്.

ആരുടെ താല്‍പര്യങ്ങളാണ് അവര്‍ സംരക്ഷിക്കാന്‍ പോകുന്നത് എന്ന കാര്യത്തില്‍ ഊഹാപോഹങ്ങള്‍ക്ക് സ്ഥാനമില്ല. അഭിപ്രായ സ്വാന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും അവരുടെ കാര്യപരിപാടിയല്ല. അങ്ങനെ അല്ലായിരുന്നെങ്കില്‍, ഈ thewire.in നെതിരെ കോടതിയില്‍ പോകാന്‍ ഈ മാധ്യമ ചക്രവര്‍ത്തി തയ്യാറാവുമായിരുന്നില്ല.

Next Story

Related Stories