TopTop
Begin typing your search above and press return to search.

ബഹുസ്വരതകളെ തകര്‍ക്കുന്ന സംഘപരിവാര്‍ അധിനിവേശം ആസാമില്‍

ബഹുസ്വരതകളെ തകര്‍ക്കുന്ന സംഘപരിവാര്‍ അധിനിവേശം ആസാമില്‍

അസമിലെ തനത് സംസ്‌കാരങ്ങള്‍ക്ക് നേരെയുള്ള ബിജെപിയുടെ അധിനിവേശ രാഷ്ട്രീയം തുടരുന്നു. അധികാരത്തിന്റെ ചുവട് പിടിച്ചുള്ള പുതിയ നടപടിയെ തുടര്‍ന്ന് നഗര ശൈത്യ കലോല്‍സവമായ ദ മെട്രോപൊലിസ് പ്രത്യേക കാരണമൊന്നും കൂടാതെ പോലീസ് ഇടയ്ക്കുവച്ച് നിറുത്തിവെപ്പിച്ചു. സംസ്ഥാന ധനകാര്യ, വിദ്യാഭ്യാസ, ആരോഗ്യ മന്ത്രി ഹിമാന്ത ബിശ്വാസ ശര്‍മയുടെ ട്വീറ്റിനെ തുടര്‍ന്ന് പോലീസും സിആര്‍പിഎഫ് ജവാന്മാരും ചേര്‍ന്ന് ഉത്സവത്തിന്റെ അവസാന ദിവസം ബലം പ്രയോഗിച്ച് അവസാനിപ്പിക്കുകയായിരുന്നു. പ്രമുഖ കലാകാരനായ രഞ്ജന്‍ ഇന്‍ഗ്തിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നടന്നു വരുന്ന സാംസ്‌കാരിക ഉത്സവമാണ് മെട്രോപൊലിസ്.

ഗുവാഹത്തിയിലെ ഏറ്റവും വലിയ സാംസ്‌കാരിക കൂട്ടായ്മയായാണ് മെട്രോപൊലീസ് അറിയപ്പെടുന്നത്. യുവാക്കളുടെ ഉത്സവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന് ഇതിന് സംസ്ഥാനത്തെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ അകമഴിഞ്ഞ പിന്തുണ ഉണ്ടാവാറുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സമ്പന്നമായ പാരമ്പര്യ കലകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദിയായാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ കലോത്സവത്തെ കണ്ടിരുന്നത്. അസം വിനോദസഞ്ചാര വകുപ്പ്, നോര്‍ത്ത് ഈസ്റ്റ് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍, ഗുവാഹത്തി മെട്രോപൊലീറ്റന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (ജിഎംഡിഎ), ഭൂട്ടാന്‍ സര്‍ക്കാര്‍ എന്നിവരുടെ പിന്തണയോടെയാണ് ഇത്തവണ മൂന്ന് ദിവസത്തെ സാംസ്‌കാരിക ഉത്സവം സംഘടിപ്പിച്ചത്. ഈ മാസം ആറ് മുതല്‍ എട്ടുവരെ നടന്ന കലാപ്രകടനങ്ങളില്‍ ഭൂട്ടാനില്‍ നിന്നുള്ള 72 അംഗ കലാസംഘം പ്രത്യേക ക്ഷണിതാക്കളായി എത്തിയിരുന്നു.

ജിഎംഡിഎയുടെ ഉടമസ്ഥതയിലുള്ള ഗുവാഹത്തി നെഹ്രു പാര്‍ക്കിലാണ് സാംസ്‌കാരികോത്സവം അരങ്ങേറിയത്. പ്രതിദിനം 16,000 രൂപ വാടക നല്‍കിയാണ് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ ഗുവാഹത്തിയില്‍ നിന്നുള്ള മുഖ്യധാന മാധ്യമങ്ങള്‍ തുടക്കം മുതല്‍ തന്നെ കലോത്സവത്തിന് എതിരായി റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. അശോകസ്തംഭവും നെഹ്രുവിന്റെ പ്രതിമയും നശിപ്പിച്ചു എന്നത് മുതല്‍ ദേശവിരുദ്ധതയുടെയും മയക്ക് മരുന്ന് ഉപഭോഗത്തിന്റെയും കേന്ദ്രമായി കലോത്സവം മാറിയിരിക്കുന്നുവെന്നായിരുന്നു മാധ്യമങ്ങളുടെ ദുഷ്പ്രചരണം.

ഹൈന്ദവ ബംഗാളി രാഷ്ട്രീയ നേതാക്കളുടെയും വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള മുഖ്യധാര മാധ്യമങ്ങളില്‍ ഒന്നില്‍ ഉത്സവത്തിനെതിരായി തുടര്‍ച്ചയായി വന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ഹിമാന്ത ബിശ്വാസ ശര്‍മ്മയുടെ ട്വീറ്റ് വരുന്നതും ജിഎംഡിഎ ഇടപെട്ട് കലോത്സവം നിറുത്തിവെപ്പിക്കുന്നതും. പാര്‍ക്ക് നശിപ്പിക്കുന്നുവെന്നും ദേശീയ ബിംബങ്ങള്‍ നശിപ്പിക്കപ്പെടുന്നുവെന്നും പത്രം തുടര്‍ച്ചയായി ആരോപണം ഉന്നയിച്ചിരുന്നു. നെഹ്രു പാര്‍ക്കില്‍ ശൈത്യ ഉത്സവം നടത്താന്‍ ജിഎംഡിഎ എന്തിന് അനുമതി നല്‍കിയെന്നായിരുന്നു ശര്‍മ്മയുടെ ചോദ്യം. പാര്‍ക്ക് കുട്ടികള്‍ക്കുള്ളതാണെന്നും അന്തരീക്ഷം മലീമസമാക്കാന്‍ താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം ട്വീറ്റില്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ പാര്‍ക്ക് വളരെ കാലമായി ഉപയോഗിക്കപ്പെടാതെ കിടക്കുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവിടെ കുട്ടികള്‍ക്ക് വിനോദത്തിന് വേണ്ട നാമമാത്രമായ സംവിധാനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതൊന്നും ചൂണ്ടിക്കാട്ടാന്‍ മുഖ്യധാര മാധ്യമങ്ങള്‍ തയ്യാറായില്ല. മാത്രമല്ല, എന്തുകൊണ്ടാണ് വിനോദ സഞ്ചാരവകുപ്പും ജിഎംഡിഎയെയും ഇതിന് ആദ്യം അനുമതി കൊടുത്തതെന്നും ആരും ചോദിച്ചില്ല.

മുഖ്യമന്ത്രി സര്‍ബാനന്ദ് സോണോവാലിന്റെ അനുമതിയോടെയാണ് ഉത്സവം തടയുന്നതെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ സംഘാടകരോട് പറഞ്ഞത്. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന സ്വദേശികളും വിദേശികളുമായ ആറായിരത്തോളം പേരെ ഇറക്കി വിടുകയും വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. ഈ സമയം ഭാരതീയ പ്രവാസി ദിവസില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി ബംഗളൂരുവിലായിരുന്നു. സംഭവങ്ങള്‍ നടന്നതിന് ശേഷമാണ് അദ്ദേഹത്തെ വിവരമറിയിച്ചതെന്നാണ് വേലംശൃല.ശി റിപ്പോര്‍ട്ട് ചെയ്യുന്നു. 2016ല്‍ കേന്ദ്ര യുവജന മന്ത്രിയായിരുന്ന സോണോവാലിനെ സംസ്ഥാന മുഖ്യമന്ത്രിയാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ഗുവാഹത്തിയിലും ഷില്ലോംഗിലുമായി നടന്ന 12-ാമത് സാര്‍ക്ക് ഗെയിംസായിരുന്നു. ഇതിന്റെ പ്രചാരണത്തിനായി അദ്ദേഹം കഴിഞ്ഞ വര്‍ഷത്തെ മെട്രോപൊലീസിനെ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ, മുഖ്യമന്ത്രിക്ക് അതീതമായ ചില ശക്തികളാണ് അസമില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന ആരോപണം കൂടുതല്‍ പ്രസക്തമാവുകയാണ്.

ജനുവരി എട്ടിന് പെട്ടെന്ന് വിരിഞ്ഞ നാടകം സാമൂഹിക മാധ്യമങ്ങളിലും സ്വതന്ത്ര പ്രസിദ്ധീകരിണങ്ങളിലും വലിയ പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. മെട്രൊപൊലിസ് പ്രതിനിധീകരിക്കുന്ന സ്വതന്ത്ര, തദ്ദേശീയ സംസ്‌കാരത്തെ അംഗീകരിക്കാന്‍ സാധിക്കാത്ത ചില ഇടുങ്ങിയ ദേശീയതാവാദികളുടെ പ്രവര്‍ത്തനഫലമാണ് ഈ നാടകമെന്ന് ആരോപിക്കപ്പെടുന്നു. ആശയ വൈവിദ്ധ്യങ്ങളെ അടിച്ചമര്‍ത്തുക എന്ന ആര്‍എസ്എസ്-ബിജെപി തന്ത്രത്തിന്റെ ഭാഗമായാണ് മിക്കവരും അസം സര്‍ക്കാരിന്റെ നടപടിയെ കാണുന്നത്. അസമിലെ തദ്ദേശീയര്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരെ ഭരണകൂട അതിക്രമങ്ങള്‍ക്ക് ഉത്തരവിട്ടതിന്റെ പേരില്‍ നേരത്തെയും വിമര്‍ശനങ്ങള്‍ക്ക് വിധേയനായ ഹിമാന്ത ബിശ്വാസ ശര്‍മയാണ് ഇതിന്റെയും പിന്നിലെന്നത് ഗൂഢാലോചന സിദ്ധാന്തത്തിന് കൂടുതല്‍ സാധുത പകരുന്നു.

വായനയ്ക്ക്: https://goo.gl/ZNpjO4


Next Story

Related Stories