Top

മഹാരാഷ്ട്രയും, ഹരിയാനയും ബി.ജെ.പിയെ സ്വീകരിക്കുമ്പോള്‍

മഹാരാഷ്ട്രയും, ഹരിയാനയും ബി.ജെ.പിയെ സ്വീകരിക്കുമ്പോള്‍

ടീം അഴിമുഖം


നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയില്‍ ആകെയുള്ള 288 സീറ്റുകളില്‍ 123 സീറ്റുകളില്‍ വിജയിച്ച് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരിക്കുന്നു. സംസ്ഥാനഭരണത്തിനുള്ള കാര്യങ്ങളെല്ലാം പാര്‍ട്ടി ഇതിനകം ഒരുക്കിക്കിഞ്ഞു. മഹാരാഷ്ട്രയ്‌ക്കൊപ്പം തെരഞ്ഞെടുപ്പ് നടന്ന ഹരിയാനയില്‍ ബിജെപി 90 ല്‍ 47 ഉം സ്വന്തമാക്കി ഒറ്റയ്ക്ക് ഭരണത്തിലേറാന്‍ പോവുകയാണ്. ഇതിനു മുമ്പ് ഒരിക്കല്‍പ്പോലും ഹരിയാനയില്‍ ശക്തമായൊരു സാന്നിധ്യമറിയിക്കാന്‍ കഴിയാതിരുന്ന പാര്‍ട്ടിയാണ് ബിജെപി.ശിവസേനയുമായുള്ള 25 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചുകൊണ്ടാണ് കാവി പാര്‍ട്ടി തങ്ങള്‍ക്കൊപ്പമുള്ള ചെറുകക്ഷിഖലുമായി ചേര്‍ന്ന് ഇത്തവണ മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിനെ സമീപിച്ചത്. ഒറ്റയ്ക്ക് ഭരിക്കാനുള്ള കേവലഭൂരിപക്ഷത്തിന് 25 സീറ്റുകള്‍ കുറവാണ് ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ നേടാനായത്. അതിനാല്‍ സേനയുമായുള്ള പുനരൈക്യമാണ് ഇപ്പോള്‍ പാര്‍ട്ടിക്കു മുന്നിലുള്ള വഴി. ശിവസേനയ്ക്ക് 62 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. സേനയുമായി കൂടുന്നില്ലെങ്കില്‍ ശരദ് പവാറിന്റെ എന്‍സിപിയുടെ പിന്തുണ തേടേണ്ടിവരും. തങ്ങള്‍ പുറത്തുനിന്നു പിന്തുണ നല്കുമെന്ന് എന്‍.സി.പി ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.മഹാരാഷ്ട്രയില്‍ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യപിച്ച ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ, സംസ്ഥാനത്ത് നേടിയ ചരിത്രവിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവത്തിന്റെ ഫലമാണെന്നാണ് വിശേഷിപ്പിച്ചത്.തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നശേഷം നടത്തിയ പ്രസ്താവനയിലാണ് അമിത് ഷാ മോദിക്ക് തെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് നല്‍കിയത്.

മാന്ത്രിക സംഖ്യയായ 145 സീറ്റിലേക്ക് ബിജെപിക്ക് ഇത്തവണ കടക്കാനായിരുന്നെങ്കില്‍ സംസ്ഥാന ചരിത്രത്തില്‍ 24 വര്‍ഷത്തിനുശേഷം ഒരു പാര്‍ട്ടിക്ക് തനിച്ച് ഭരിക്കാനുള്ള അവസരമാകുമായിരുന്നു അത്. 1990 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 141 സീറ്റുകളില്‍ വിജയിച്ചതാണ് നിലവിലെ ഏറ്റവും വലിയ വിജയം.

ഇത്തവണത്തെ തെഞ്ഞെടുപ്പില്‍ ഉണ്ടായ മറ്റൊരു പ്രത്യേക മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു കോണ്‍ഗ്രസിതര പാര്‍ട്ടി നൂറു സീറ്റുകള്‍ക്ക് മുകളില്‍ നേടിയെന്നതാണ്. ഇതിനു മുമ്പ് ബിജെപി സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ച്ചവച്ചത് 1995 ലെ തെരഞ്ഞെടുപ്പിലാണ്. അന്ന് സേനയുമായി ചേര്‍ന്ന് അവര്‍ ഭരണത്തിലേറുകയും ചെയ്തിരുന്നു.

2009 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സീറ്റ് നേട്ടം 46 ആയിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ പ്രാധാന്യമുള്ള മഹാരാഷ്ട്രയില്‍ ഇത്തവണ പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്തള്ളി മുഖ്യസ്ഥാനം കൈയടക്കി.

സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ സേനയുമായുള്ള സംഖ്യം പിരിഞ്ഞ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം, ബിജെപി മഹാരാഷ്ട്രയില്‍ നടത്തിയ ഒരു ചൂതാട്ടമായിരുന്നു.

മറുവശത്ത് ശിവസേനയും ഈ തെരഞ്ഞെടുപ്പില്‍ നേട്ടമാണുണ്ടാക്കിയത്. കഴിഞ്ഞ തവണത്തേതില്‍ നിന്ന് 18 സീറ്റുകള്‍ കൂടുതല്‍ നേടിയാണ് നിയമസഭയില്‍ തങ്ങളുടെ അംഗബലം അവര്‍ 63 ആക്കി ഉയര്‍ത്തിയത്. സേന നേതാവ് ഉദ്ധവ് തക്കറെ തെരഞ്ഞെടുപ്പ് പ്രചരണകാലത്ത് പ്രധാനമായും ആക്രമിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയുമായിരുന്നു. ഗുജറാത്ത്-മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും ഉദ്ദവ് തെരഞ്ഞെടുപ്പ് വിഷയമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും വോട്ടര്‍മാരെ ബിജെപിക്ക് വോട്ട് ചെയ്യുന്നതില്‍ നിന്ന് തടയാന്‍ മാത്രം പര്യാപ്തമായിരുന്നില്ല.മുംബൈയിലെ 36 നിയമസഭ സീറ്റുകളില്‍ 15 ഉം പൂനെയിലെ ആറും സീറ്റും ബിജെപി ഇത്തവണ നേടി. കൊങ്കണ്‍ ഒഴിച്ച് മറ്റെല്ലാം മേഖലയിലും മുന്നിലെത്തിയതും ബിജെപിയാണ്. വിദര്‍ഭ മേഖലയിലെ 62 സീറ്റുകളില്‍ 42 ഉം സ്വന്തമാക്കാനും അവര്‍ക്ക് സാധിച്ചു.

ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന് നിലയില്‍ ബിജെപിയെ ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കും. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ അംഗബലത്തിന് തങ്ങളുടെ പഴയ സഖ്യകക്ഷിയുടെ പിന്തുണ പാര്‍ട്ടിക്ക് ആവശ്യമായി വരുന്നത്. എന്നാല്‍ നിലവില്‍ പന്ത് സേനയുടെ കോര്‍ട്ടിലാണ്. ഇരുപാര്‍ട്ടികളും ഒരുമിച്ചു ചേര്‍ന്നാല്‍ 180 അംഗങ്ങളുമായി സംസ്ഥാനത്ത് സുസ്ഥിരമായൊരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയും. ഇത്തരമൊരു സഖ്യസാധ്യത വിജയമാകുന്നില്ലെങ്കില്‍ ബിജെപിയുടെ മുന്നിലുള്ള മറ്റൊരു വഴി തങ്ങള്‍ക്ക് പുറത്ത് നിന്നു നിരുപാധിക പിന്തുണ പ്രഖ്യാപിച്ച എന്‍സിപിയുടെ കൈപിടിക്കുക എന്നതാണ്.

'നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രാപ്തിയുള്ളത് ബിജെപിക്ക് മാത്രമാണ്. അതിനാലാണ്, സംസ്ഥാനത്ത് ഒരു ശക്തമായ സര്‍ക്കാര്‍ രൂപീകൃതമാകണമെന്ന ആഗ്രഹത്താല്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ തങ്ങള്‍ തയ്യാറാകുന്നത്. കേന്ദ്രത്തില്‍ ഭരണം നടത്തുന്നതും ബിജെപിയാണ്. അതേ പാര്‍ട്ടി തന്നെ സംസ്ഥാനഭരണത്തില്‍ വരുന്നതും മഹാരാഷ്ട്രയുടെ വികസനത്തിന് ഗുണം ചെയ്യും'- എന്‍സിപിയുടെ പ്രമുഖനേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

ഇതേ സമയം സേനാ തലവന്‍ ഉദ്ധവ് താക്കെറയും സഖ്യവാതില്‍ തുറന്നിട്ടുണ്ട്. സംസ്ഥാനത്തെ ഐക്യത്തോടെയും പുരോഗതിയോടെയും മുന്നോട്ട് നയിക്കാന്‍ കഴിയുന്ന ഒരു പാര്‍ട്ടിയെ പിന്തുണയ്ക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ഉദ്ധവ് പറഞ്ഞു.

കോണ്‍ഗ്രസ് ഇത്തവണ മഹാരാഷ്ട്രയില്‍ സംഭവിച്ചത് ഏറ്റവും വലിയ തിരിച്ചടിയാണ്. മൂന്നാം സ്ഥാനത്തേക്ക് പാര്‍ട്ടി പിന്തള്ളപ്പെട്ടിരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 82 സീറ്റുകള്‍ നേടിയ പാര്‍ട്ടി ഇത്തവണ 42 സീറ്റുകളിലേക്ക് കൂപ്പുകുത്തി സംസ്ഥാന ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി.

കഴിഞ്ഞ മന്ത്രിസഭയിലെ പല പ്രമുഖര്‍ക്കും ഈ തെരഞ്ഞെടുപ്പില്‍ അടിതെറ്റി. നാരായണ്‍ റാണെ, ഹര്‍ഷവര്‍ദ്ധന്‍ പാട്ടില്‍, നിതിന്‍ റൗട്ട് എന്നീ മുന്‍മന്ത്രിമാരെല്ലാം പരാജയമടഞ്ഞു. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ മണിക് റാവു താക്കറെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി സമര്‍പ്പിച്ചു കഴിഞ്ഞു. ഇത്തവണ പ്രതിപക്ഷത്തിരിക്കാന്‍ പാര്‍ട്ടി തയ്യാറാണ്. പക്ഷേ, ഞങ്ങളുടെ പ്രത്യയശാസ്ത്രത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവില്ല- മണിക് റാവു താക്കറെ പറഞ്ഞു.

തന്റെ ആദ്യനിയമസഭ തെരഞ്ഞെടുപ്പിന് ഇറങ്ങിയ മുന്‍ മുഖ്യമന്ത്രി പ്രഥ്വിരാജ് ചവാന് വിജയം നേടാന്‍ കഴിഞ്ഞെങ്കിലും ചവാന്റെ ക്ലീന്‍ ഇമേജ് കോണ്‍ഗ്രസിന്റെ പതനത്തിന് തടയിടാന്‍ പ്രാപ്തമായില്ല.

കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിച്ച് മത്സരത്തിനിറങ്ങിയ എന്‍സിപിക്ക് 41 സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചു. ബിജെപിക്ക് നിരുപാധിക പിന്തുണ അവര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എന്‍സിപി നേരിടാന്‍ പോകുന്ന ചില പ്രതിസന്ധികളുണ്ട്. ബിജെപിയെ പിന്തുണയ്ക്കാനുള്ള തീരുമാനം അവരുടെ രാഷ്ട്രീയകൂറുമാറ്റമായി വ്യാഖ്യാനിക്കപ്പെടുമെന്നുള്ള ഭയം പാര്‍ട്ടി നേതാക്കള്‍ക്കിടയിലുണ്ട്. അതേ സമയം പുതിയ സര്‍ക്കാരില്‍ പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ അതും പാര്‍ട്ടിയെ പല പ്രതിസന്ധികളിലും എത്തിക്കും.

രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്)യ്ക്കും തെരഞ്ഞെടുപ്പ് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. 2009 ല്‍ 13 സീറ്റ് നേടിയ എംഎന്‍എസിന് ഇത്തവണ കിട്ടിയത് ഒരു സീറ്റ് മാത്രം. ഇതോടെ സംസ്ഥാനരാഷ്ട്രീയത്തില്‍ തീര്‍ത്തും അപ്രസക്തമായി തീര്‍ന്നിരിക്കുയാണ് പാര്‍ട്ടി. മുംബൈയിലെ ആറു സീറ്റുകളിലും രാജ് താക്കറെയുടെ പാര്‍ട്ടി പരാജയപ്പെട്ടു.


Next Story

Related Stories