TopTop
Begin typing your search above and press return to search.

വീണാ ജോര്‍ജ്ജോ, പിള്ളയോ? ആരായാലും കെ.ശിവദാസന്‍ നായര്‍ ഒന്ന് വിയര്‍ക്കും

വീണാ ജോര്‍ജ്ജോ, പിള്ളയോ? ആരായാലും കെ.ശിവദാസന്‍ നായര്‍ ഒന്ന് വിയര്‍ക്കും

മൈഥിലി

കേരളത്തില്‍ ഏറ്റവും അധികം വോട്ടര്‍മാര്‍ ഉള്ള മണ്ഡലമാണ് ആറന്‍മുള. ഒടുവിലെ കണക്കനുസരിച്ച് 2,24,329 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. വിമാനത്താവളം വിഷയത്തില്‍ ചൂടുപിടിച്ച ആറന്‍മുള ഇപ്പോള്‍ തെരഞ്ഞെടുപ്പു ചൂടില്‍ അമര്‍ന്നു തുടങ്ങി. കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ ഇത്തവണ ത്രികോണ മത്‌സരത്തിനാണ് കളമൊരുങ്ങുന്നത്. കോണ്‍ഗ്രസിനായി സിറ്റിംഗ് എം. എല്‍. എ അഡ്വ. കെ. ശിവദാസന്‍നായര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞു. സി. പി. എം സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏറ്റവും ഒടുവില്‍ കേട്ടത് മാധ്യമപ്രവര്‍ത്തകയായ വീണാ ജോര്‍ജിന്റെ പേരാണ്. അതേസമയം കേരള കോണ്‍ഗ്രസ്സ് നേതാവ് ബാലകൃഷ്ണപിള്ളയുടെ പേരും മണ്ഡലത്തില്‍ പറഞ്ഞു കേള്‍ക്കുന്നു. ബി.ജെ.പിക്കായി എം.ടി രമേശ് മത്‌സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എന്തായാലും കവി കടമ്മനിട്ടയും എം വി രാഘവനും തമ്മിലുള്ള പോരാട്ടത്തിന് ശേഷം കേരളം ശ്രദ്ധിക്കുന്ന ഒരു പോരാട്ടമായി ആറന്‍മുള മാറുമെന്നാണ് നിലവിലുള്ള സൂചനകള്‍.

ശിവദാസന്‍ നായരോട് ഏറ്റുമുട്ടാന്‍ സി. പി. എമ്മിന് പാര്‍ട്ടിക്കാരായ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നതാണ് പരിതാപകരം. പാര്‍ട്ടി ജില്ലാ ഘടകം ആദ്യം നല്‍കിയ ലിസ്റ്റ് സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളിയിരുന്നു. ശിവദാസന്‍ നായരോട് കൊമ്പുകോര്‍ക്കാന്‍ ലിസ്റ്റില്‍ പെട്ടവര്‍ പോരെന്നായിരുന്നു നിഗമനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റാണ് വീണാ ജോര്‍ജിന്റെ പേര് നിര്‍ദ്ദേശിച്ചത്. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നെങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ ചിത്രം വ്യക്തമാകൂ. കൊല്ലത്ത് പത്തനാപുരത്തിന് പുറമെ മറ്റൊരു സീറ്റ് നല്‍കാനാവില്ലെന്ന് ബാലകൃഷ്ണപിള്ളയെ അറിയിച്ച സി. പി. എം അദ്ദേഹത്തിന് ആറന്‍മുളയോ കോന്നിയോ നല്‍കുമെന്ന അഭ്യൂഹം ശക്തമാണ്. കൂടുതല്‍ സാധ്യത ആറന്‍മുളയ്ക്കാണ്.ആറന്‍മുള വിമാനത്താവളവും റബര്‍ വിലയിടിവും കുടിവെള്ള പ്രശ്‌നവുമൊക്കെ ചര്‍ച്ചയാകുന്ന മണ്ഡലത്തില്‍ സാമുദായിക സമവാക്യങ്ങളും നിര്‍ണായകമാണ്. വീണാ ജോര്‍ജിന്റെ പേര് സി. പി. എം നിര്‍ദ്ദേശിച്ചത് ഒന്നും കാണാതെയല്ല. ഹിന്ദു ഭൂരിപക്ഷ മണ്ഡലത്തില്‍ നായര്‍ വോട്ടുകള്‍ക്ക് വലിയ സ്വാധീനമുണ്ട്. ഈ വോട്ടു ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ എം. ടി രമേശിന് കഴിയും. അങ്ങനെ വരുമ്പോള്‍ ക്രിസ്ത്യന്‍, മുസ്‌ലീം ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണ്ണായകമാവും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 64845 വോട്ടുകള്‍ നേടിയ ശിവദാസന്‍ നായരുടെ ഭൂരിപക്ഷം 6511 ആയിരുന്നു. സി. പി. എമ്മിന്റെ കെ. സി രാജഗോപാലിനെയായിരുന്നു പരാജയപ്പെടുത്തിയത്. മണ്ഡലത്തിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ കോണ്‍ഗ്രസിനൊപ്പമാണ് എക്കാലവും നിന്നിട്ടുള്ളത്. ഓര്‍ത്തഡോക്‌സ് സഭാംഗമായ വീണാ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ കുറേ വോട്ടുകള്‍ ഇടതുവശത്തേക്ക് മറിയുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. മണ്ഡലത്തിലെ മുസ്‌ലീം വിഭാഗമാവട്ടെ ഇടതുപക്ഷത്തോട് അയിത്തം കാട്ടാറുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി. ജെ. പിക്കായി കെ. ഹരിദാസാണ് മത്‌സരിച്ചത്. അന്ന് 10,227 വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം. ടി രമേശ് 23,771 വോട്ടുകള്‍ നേടിയിരുന്നു. ഇത്തവണ ബി. ജെ. പി കൂടുതല്‍ ശക്തിയാര്‍ജിച്ചിട്ടുണ്ട്. അന്ന് മണ്ഡലത്തില്‍ യു. ഡി. എഫ് സ്ഥാനാര്‍ത്ഥിയായ ആന്റോ ആന്റണിക്ക് വ്യക്തമായ ലീഡ് ലഭിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും യു. ഡി. എഫിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി. ജെ. പി നടത്തിയ മുന്നേറ്റം കണ്ടില്ലെന്ന് നടിക്കാന്‍ ഇരു മുന്നണികള്‍ക്കും സാധിക്കില്ല. മെഴുവേലി ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളിലും ബി. ജെ.പിക്ക് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനായി.

പത്തനംതിട്ട ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ ചിത്രവും വ്യക്തമായിട്ടില്ല. കോന്നിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അടൂര്‍ പ്രകാശ് മത്‌സരിക്കുമെന്ന് ഉറപ്പാണ്. മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ പതിച്ചു കഴിഞ്ഞു. സി. പി. എം ജില്ലാ കമ്മിറ്റിയംഗം സനല്‍കുമാറാവും എതിരാളി. റാന്നിയില്‍ സി. പി. എം സിറ്റിംഗ് എം. എല്‍. എ രാജു എബ്രഹാമിനെ തന്നെയാണ് പരിഗണിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് ഇവിടത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം കീറാമുട്ടിയായിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് എം സീറ്റില്‍ അവകാശവാദം ഉന്നയിച്ചതാണ് കാരണം. തിരുവല്ല, അടൂര്‍ മണ്ഡലങ്ങളുടെ കാര്യത്തിലും ഇതുവരെ ചിത്രം വ്യക്തമായിട്ടില്ല.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories