TopTop
Begin typing your search above and press return to search.

ഹാ, മരണമേ ബഹിരാകാശത്ത് നീ ഇങ്ങനെ...

ഹാ, മരണമേ ബഹിരാകാശത്ത് നീ ഇങ്ങനെ...

ഡാനിയൽ ഒബര്‍ഹോസ്
(സ്ലേറ്റ്)

1969 ജൂലൈ 24ന് വാഷിംഗ്ടണിൽ മഴ തകർത്തു പെയ്തു. അന്ന് വൈകുന്നേരം എത്തിയ ദുരന്തവാര്‍ത്തയ്ക്ക് തികച്ചും അനുയോജ്യമായ കാലാവസ്ഥ. വൈറ്റ്ഹൌസിൽ ഒത്തുകൂടിയ പത്രപ്രവര്‍ത്തകര്‍ക്കു മുന്നിൽ റിച്ചാര്‍ഡ് നിക്സൺ നിന്നപ്പോൾ മുറിയിൽ നിശബ്ദത നിറഞ്ഞു. “ചന്ദ്രനിൽ സമാധാനം തേടിപ്പോയ ആളുകൾ അവിടെത്തന്നെ അന്ത്യനിദ്ര ചെയ്യണം എന്നാണ് വിധി”, നിക്സൺ പറഞ്ഞുതുടങ്ങി. “തിരികെവരാൻ നിവൃത്തിയില്ലെന്ന് ഈ ധീരന്‍മാര്‍ക്ക് അറിയാം. അവരുടെ ത്യാഗത്തിലൂടെ മാനവികതയ്ക്ക് പ്രതീക്ഷയുണ്ടെന്നും അവര്‍ക്ക് അറിയാം”.

ആദ്യമായി ചന്ദ്രനിലിറങ്ങിയതിനു ശേഷമുണ്ടായ നീൽ ആംസ്ട്രോങ്ങിന്റെയും ബസ് ആല്‍ദ്രിന്റെയും മരണത്തെ ഓര്‍മ്മിച്ചുകൊണ്ട് തയ്യാറാക്കിയ പ്രസംഗം ഇങ്ങനെ തുടരുന്നു. അപ്പോളോ പതിനൊന്നിൽ യാത്രചെയ്ത ധീരന്മാർ ചന്ദ്രനിൽ പെട്ടുപോകുമെന്നും അവിടെത്തന്നെ അവർ അവസാനിക്കുമെന്നും കരുതിയതുകൊണ്ടു ആ വർഷം തുടക്കത്തിൽ വില്യം സഫയർ എഴുതിയതാണ് ഈ പ്രസംഗം. സന്തോഷകരം എന്ന് പറയാം, ഈ പ്രസംഗം ഒരിക്കലും ജനങ്ങൾക്കു മുന്നിൽ വായിക്കേണ്ടി വന്നില്ല. രസകരമായ ഒരു ചരിത്രരേഖയായി 1999-ലാണ് ഇത് പുറത്തുവന്നത്. അപ്പോളോ കാലത്തിനുശേഷം വീണ്ടും മനുഷ്യനെ ഭൂമിയുടെ പരിധിക്കു വെളിയിൽ വിടുന്നതിനെപ്പറ്റി ചിന്തിക്കുന്ന ഈ കാലത്ത് സ്പേസ് ഏജന്‍സികളും സ്വകാര്യസംരംഭങ്ങളും ഇനി ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെപ്പറ്റി ചിന്തിച്ചുവരുന്നു.

ബഹിരാകാശയാത്രികർ ഇപ്പോൾ തന്നെ കൂടുതൽ കാലയളവ് ഇന്റര്‍നാഷണൽ സ്പേസ് സ്റ്റേഷനിൽ ചെലവിടുന്നുണ്ട്- തൊണ്ണൂറുകളുടെ മധ്യത്തിൽ ഒരു റഷ്യൻ സഞ്ചാരി ചെലവിട്ട 438 ദിവസമാണ് ഇതിലെ റെക്കോർഡ്. അമേരിക്കൻ ബഹിരാകാശയാത്രികൻ സ്കോട്ട് കെല്ലി ഈയടുത്താണ് ഒരു വർഷം ബഹിരാകാശത്ത് താമസിച്ചത്. ചൊവ്വയിൽ നിന്ന് പോയിവരാൻ മാത്രം പതിനാലുമാസം സമയമെടുക്കും, ഇതിൽ ചൊവ്വയിൽ തങ്ങുന്ന കാലം ഉള്‍പ്പെടുന്നുമില്ല. അതിനിടെ ഒരു രോഗിയായ യാത്രികനെയോ ഒരു മൃതദേഹമോ ഭൂമിയിലെത്തിക്കാൻ നിര്‍വാഹമില്ല. ഇനിയൊരു പതിനഞ്ചോ ഇരുപതോ വർഷം കഴിയാതെ ചൊവ്വയിൽ മനുഷ്യൻ കാലുകുത്തില്ലെങ്കിലും യാത്രകൾ ചിന്തിക്കുന്നവർ ഇത്തരം ഒരു യാത്രയിലെ പ്രത്യേകതരം പ്രശ്നങ്ങളെപ്പറ്റിയും ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്.നീണ്ട യാത്രകളിൽ സഹപ്രവര്‍ത്തകരുടെ മരണം സംഭവിച്ചാൽ കൂടെയുള്ളവർ എന്താണ് ചെയ്യേണ്ടത്? ദൌത്യത്തിനുമീതെ ഒരു യാത്രികന്റെ സുരക്ഷ ഒരു മാനദണ്ഡമാകുന്നത് എപ്പോഴാണ്? യാത്രികരുടെ ശരീരങ്ങൾ കംപോസ്റ്റ്‌ ചെയ്യാമോ? ഒരു ദൌത്യം ദുരന്തത്തിലേയ്ക്ക് പോകുന്നുവെന്നായാൽ നാസ അത് യാത്രികരെ അറിയിക്കേണ്ടതുണ്ടോ? പോൾ റൂട്ട് വോള്‍പ്പിനെപ്പോലെ ചിലരുടെ ഉറക്കംകെടുത്തുന്ന ചോദ്യങ്ങളിൽ ചിലതാണിത്.

എമരി സര്‍വകലാശാലയിലെ പ്രൊഫസറും നാസയിലെ സീനിയർ ബയോഎത്തിസിസ്റ്റുമാണ് വോള്‍പ്പ്. മനുഷ്യരുള്ള ബഹിരാകാശദൌത്യങ്ങളിലെ അപ്രതീക്ഷിത അവസ്ഥകളാണ് വോള്‍പ്പ് കൈകാര്യം ചെയ്യുന്നത്. ഇതിൽ മരണവും മൈക്രോഗ്രാവിറ്റിയിൽ മരിക്കുന്നതിലെ സങ്കീര്‍ണ്ണതകളും ഉള്‍പ്പെടും. അന്റാര്‍ട്ടിക്കയോ ചിലിയിലെ അട്ടകാമ മരുഭൂമിയോ പോലെ ഭൂമിയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ മരണങ്ങളെപ്പോലെ തന്നെയാണ് തത്വത്തിൽ ബഹിരാകാശത്തിലെ മരണവും. എന്നാൽ ഭൂമിയിലെ ഇത്തരം ഇടങ്ങളിൽ നിന്ന് ബഹിരാകാശമരണത്തിന് പ്രധാനമായ ഒരു മാറ്റമുണ്ടെന്ന് വോള്‍പ്പ് പറയുന്നു. കൂടെയുള്ള ജീവിക്കുന്ന ആളുകള്‍ക്ക് മരിച്ചവരോടുള്ള ഉത്തരവാദിത്തമാണത്. ഉദാഹരണത്തിന്, വര്‍ഷങ്ങൾ നീളുന്ന ഒരു ചൊവ്വാദൌത്യത്തിന്റെ ആറുമാസം കഴിയുമ്പോൾ ഒരാൾ മരിക്കുന്നുവെന്നിരിക്കട്ടെ, ഭൂമിയിലെത്തി അടക്കം ചെയ്യുന്നതുവരെ ശരീരം സഞ്ചാരികൾ സൂക്ഷിക്കണമെന്നാണോ?

സ്പേസ് ക്രാഫ്റ്റിന്റെ ഘടനയിലേയ്ക്ക് ഒരു മൃതസംസ്കാരസംവിധാനം കൂടി ചേര്‍ത്താൽ മതിയെന്നൊക്കെ പറയാൻ എളുപ്പമാണെങ്കിലും അതിന്റെ ചെലവ് ചിന്തിക്കാവുന്നതല്ല. ഇപ്പോൾ തന്നെ ഒരു സ്പേസ് ഏജന്‍സി ഭൂമിയുടെ പുറത്തുവിടുന്ന ഓരോ പൌണ്ടിനും പതിനായിരം ഡോളർ ചെലവുണ്ട്. കുറച്ച് ശവക്കല്ലറകൾ എന്നുപറഞ്ഞാൽ അതൊരു മള്‍ട്ടിമില്യൻ ഡോളർ പ്രോജക്റ്റ് ആയിമാറും. ഉപയോഗപ്രദമായ കാബിന്‍ സ്പേസ് ഇത്തരം ബീഭല്‍സമായ ഒരു കാര്യത്തിന് ഉപയോഗിക്കുന്നത് ജീവിച്ചിരിക്കുന്ന യാത്രികരിൽ മാനസികസംഘര്‍ഷവും ഉണ്ടാക്കാം.

എന്നിരിക്കിലും ബഹിരാകാശത്ത് ശരീരങ്ങൾ സൂക്ഷിക്കുന്നതിനെപ്പറ്റി നാസ ചിന്തിച്ചിരുന്നു. 2005-ൽ നടത്തിയ ഒരു പഠനത്തിൽ പ്രൊമെസ്സ എന്ന ഓര്‍ഗാനിക്ക് സംസ്കാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി സ്ഥലപരിമിതികള്‍ക്കുള്ളിൽ ഉപയോഗിക്കാവുന്ന ആസ്ട്രോ കൊഫിനുകൾ എന്ന ആശയം അവതരിപ്പിച്ചിരുന്നു. അതിന്റെ ഫലമായാണ് ബോഡി ബാക്ക് എന്നാ വൈബ്രേറ്റ് ചെയ്യുന്ന ഗോർ ടെക്സ് സ്ലീപ്പിംഗ് ബാഗ് മരിച്ചവര്‍ക്ക് വേണ്ടി നിര്‍മ്മിച്ചത്.

പ്രൊമേഷൻ എന്ന പരിസ്ഥിതിക്ക് യോജിച്ച തരം സംസ്കാരപ്രക്രിയയാണ് ബോഡി ബാക്കിൽ ഉപയോഗിക്കുന്നത്. പ്രൊമേസ്സയുടെ സ്ഥാപകയും ബയോളജിസ്റ്റുമായ വൈ മാസക് 2001ലാണ് ബോഡി ബാക്ക് നിര്‍മ്മിക്കുന്നത്. ബഹിരാകാശയാത്രയ്ക്ക് ചേരുന്ന രീതിയിൽ പ്രോമേസൻ രീതിയെ ഒന്ന് പരിഷ്ക്കരിച്ചാണ് ബോഡി ബാക്ക് നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും പ്രധാന ആശയങ്ങൾ ഒന്നു തന്നെയാണ്. ആദ്യം ശരീരം ഒരു കാറ്റുകടക്കാത്ത ബാഗിൽ നിക്ഷേപിക്കുന്നു, അതിനുശേഷം ബഹിരാകാശത്തെ മരവിക്കുന്ന തണുപ്പിൽ വയ്ക്കുന്നു. ഭൂമിയിൽ ഈ തണുപ്പായ മൈനസ് ഇരുനൂറു ഡിഗ്രി സാധ്യമാകുന്നത് ശരീരത്തെ ലിക്വിഡ് നൈട്രജനിൽ വയ്ക്കുമ്പോഴാണ്. ഒരു മണിക്കൂറിനു ശേഷം മരവിച്ച ശരീരത്തെ കൂടിയ ഫ്രീക്വന്‍സിയിൽ ചലിപ്പിച്ച് പൌഡർ രൂപത്തിലാക്കിമാറ്റുന്നു. പിന്നീട് ഈ പൌഡറിൽ നിന്ന് ജലാംശം നീക്കി ശരാശരി അമ്പത് പൌണ്ട് വരുന്ന ശരീരപ്പൊടിയാക്കി മാറ്റുന്നു. ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്നത് വരെ വാഹനത്തിന്റെ പുറത്താണ് ഇത് പിന്നീട് സൂക്ഷിക്കുക. ഭൂമി അടുക്കുമ്പോൾ ഭൂമിയിലെത്താൻ ആവശ്യമായ കുറച്ചുനിമിഷങ്ങൾ മാത്രമാണ് ഈ ശരീരത്തെ ബഹിരാകാശപേടകത്തിനുള്ളിൽ സൂക്ഷിക്കുക.വരും ദശാബ്ദങ്ങളിൽ മാര്‍സ് യാത്രകളിൽ ബോഡി ബാക്ക് ഉപയോഗിക്കാനാകും എന്നാണ് വീഗ് മാസാക് കരുതുന്നത്. “നാസ ഇതുവരെ ബഹിരാകാശത്തിലെ പ്രൊമേഷനെപ്പറ്റി വിശദമായ പഠനം നടത്തിയിട്ടില്ല. ഇതൊരു യാഥാർഥ്യമാകണമെങ്കിൽ എന്‍ജിനീയര്‍മാരുടെ ഒരു സംഘത്തോടൊപ്പം വിശദമായ പഠന ഗവേഷണങ്ങൾ നടത്തേണ്ടതുണ്ട്. പരിഹരിക്കേണ്ട ഒരുപാട് പ്രശ്നങ്ങൾ കണ്ടേക്കും”, മസാക് പറയുന്നു.

ഈ പ്രോജക്റ്റ് എത്ര വിചിത്രമായി തോന്നിയാലും മൃതശരീരങ്ങളെ ബഹിരാകാശത്ത് വെച്ച് നൈസര്‍ഗികമായ രീതിയിൽ സൂക്ഷിക്കാൻ കഴിയുന്ന ഏക പ്രായോഗികമാര്‍ഗമാണിത്. ശരീരത്തെ വെറുതെ പേടകത്തിന് വെളിയിൽ കെട്ടിവയ്ക്കാമെന്നുള്ളപ്പോൾ പ്രൊമേഷൻ ഒരു വലിയ തലവേദനയായിത്തോന്നാം. എന്നാൽ ശരീരം അവിടെ കാണണമെന്നില്ല എന്നതാണ് ഒരു പ്രധാനപ്രശ്നമെന്ന് മസാക് പറയുന്നു.

സ്പേസ് ഒഡിസ്സി സിനിമയിലെപ്പോലെ ശരീരങ്ങളെ അനന്തവിഹായസ്സിലേയ്ക്ക് തുറന്ന് വിടാം എന്നതാണ് സ്ഥിരം എത്താറുള്ള ഒരു ആശയം. എന്നാൽ ഒരു യു എൻ ചാര്‍ട്ടർ പ്രകാരം ബഹിരാകാശത്തിൽ ഒന്നുമുപേക്ഷിക്കാൻ പാടില്ല. ഇതിൽ ശവങ്ങളും ഉള്‍പ്പെടും. ചിലപ്പോൾ ബഹിരാകാശയാത്രികൻ തന്റെ ശരീരം തുറന്ന ബഹിരാകാശത്ത് വിട്ടേക്കൂ എന്ന് പറഞ്ഞെങ്കില്‍ക്കൂടി അത് സാധ്യമല്ല. ഇത്തരം നിബന്ധനകൾ നല്ലതാണെന്നും ശരീരങ്ങൾ മറ്റു സ്പേസ് വാഹനങ്ങള്‍ക്ക് അപകടകരമായി മാറാമെന്നും ചിലപ്പോൾ പരിശുദ്ധമായ ബഹിരാകാശലോകങ്ങളെ കേടുവരുത്താമെന്നും മസാക് പറയുന്നു.

വോള്‍പ്പിന് ഇതിൽ രണ്ടാമത്തെ പ്രശ്നമാണ് വലുതായി തോന്നുന്നത്. ഏതെങ്കിലും ഗ്രഹത്തിൽ ഒരു ശരീരം ചെന്നെത്തുന്നത് അദ്ദേഹത്തിനു വലിയ പ്രശ്നമല്ലെങ്കിലും പല ഗ്രഹങ്ങളുടെയും മൈക്രോബയോമുകളെപ്പറ്റി പഠനങ്ങൾ നടക്കുകയാണ്. അവിടെ എപ്പോഴെങ്കിലും ജീവൻ ഉണ്ടായിരുന്നോ എന്നാണു അറിയാൻ ശ്രമിക്കുന്നത്.

ചൊവ്വയിൽ ഒരു ശരീരമുപേക്ഷിക്കപ്പെട്ടാൽ അത് ആ ഗ്രഹത്തിന്റെ മൈക്രോബിയൽ ജീവനെയോ അതില്ലാത്തതിനെയോ പറ്റിയുള്ള കണ്ടെത്തലുകളെ ബാധിക്കും. എന്തെങ്കിലും കണ്ടെത്തിയാൽ അത് ചൊവ്വാഗ്രഹജീവിയുടെതാണോ അതോ ഉപേക്ഷിക്കപ്പെട്ട ഭൂവാസിയുടേതാണോ എന്ന സംശയം വരും. മനുഷ്യരാശി ചൊവ്വയിൽ സ്ഥിരമായ സാന്നിധ്യം ഉറപ്പിക്കാനാണ് കരുതുന്നതെങ്കിൽ ഏതെങ്കിലുമൊരു സമയത്ത് ശരീരങ്ങൾ അടക്കലും അന്തരീക്ഷം മലിനമാക്കലും സംഭവിക്കുകതന്നെ ചെയ്യുമെന്നാണ് വോള്‍പ്പ് കരുതുന്നത്. ഇത് കുറെ നാൾ കഴിഞ്ഞുസംഭവിക്കുന്ന കാര്യമാണെങ്കിലും ആദ്യചൊവ്വാമനുഷ്യരാകാൻ ഒരുങ്ങുന്നവർ മരിച്ചാൽ എന്തുചെയ്യും എന്നത് ഒരു ചോദ്യം തന്നെയാണ്.

ശരീരങ്ങളെ വളമായി ഉപയോഗിക്കാം എന്നതാണ് വിപ്ലവകരമായ ഒരാശയം. ഭക്ഷണം ഭൂമിയിൽ നിന്ന് വരുത്തുന്നതിനുപകരം സ്വന്തമായി കൃഷി ചെയ്യുക എന്ന് ചില കോളനൈസേഷൻ മോഡലുകൾ പറയാറുണ്ട്‌. അത്തരമൊരു സാഹചര്യത്തിൽ ഫലഭൂയിഷ്ടമായ മണ്ണ് ആവശ്യമാണ്. എന്നാൽ ദൌത്യത്തിന്റെ ഡിസൈനിലേയ്ക്ക് ശരീരവളത്തെ ഉള്‍ക്കൊള്ളിക്കുന്നതിനെപ്പറ്റി നാസ പറയുന്നില്ല. അത് നല്ലതിനുമാകാം, കാരണം വോള്‍പ്പ് കരുതുന്നത് ശരീരങ്ങൾ ഉപയോഗിക്കുന്നതിന് സാമൂഹ്യവും ജൈവികവുമായ കാരണങ്ങളുണ്ടെന്നാണ്.“മനുഷ്യശരീരത്തിൽ നിന്ന് നല്ല വളമുണ്ടാകുമോ എന്നെനിക്കറിയില്ല. ഭൂമിയിലെ സമൂഹങ്ങൾ ഒന്നും തന്നെ അത് ചെയ്തിട്ടില്ല” വോള്‍പ്പ് പറയുന്നു. “ഗുരുതരമായി വളം ആവശ്യമുള്ള സമൂഹങ്ങൾ പോലും മനുഷ്യശരീരങ്ങളെ അതിനുപയോഗിക്കുന്നത് കേട്ടിട്ടില്ല. ശവശരീരങ്ങളെ പ്രയോജനപ്രദമായി ഉപയോഗിക്കുന്നതിനെതിരെ എപ്പോഴും ശക്തമായ വിലക്കുകളുണ്ട്.”

തങ്ങള്‍ക്ക് സംഭവിക്കാൻ പോകുന്ന മരണത്തെപ്പറ്റി യാത്രികരെ അറിയിക്കണോ എന്നതാണ് മറ്റൊരു പ്രധാനചോദ്യം. രണ്ടായിരത്തിമൂന്നിൽ കൊളംബിയ ഷട്ടിൽ അംഗങ്ങൾ കേടുവന്ന ഒരു ചിറകുമായി ഭൂമിയുടെ ഉപരിതലത്തിലെത്തിയപ്പോൾ ഇതേ അവസ്ഥയുണ്ടായി. അന്തിമതീരുമാനം അവരെ അറിയിക്കേണ്ട എന്നായിരുന്നു.പക്ഷെ ഇത് പോളിസിയെക്കാൾ എന്താണ് ഉണ്ടാകുക എന്നതിനെപ്പറ്റി ധാരണയില്ലായിരുന്നതുകൊണ്ടാണ്. വോള്‍പ്പും ദുരന്തകാലത്തെ നാസ ഫ്ലൈറ്റ് ഡയറകറ്റരായ വെയ്ന്‍ ഹേലും പറയുന്നു.

ബഹിരാകാശധാര്‍മ്മികതയെപ്പറ്റി എന്താണ് നാം ചെയ്യേണ്ടത് എന്നും ചിന്തിക്കേണ്ടതുണ്ട് എന്ന് വോള്‍പ്പ് പറയുന്നു. “മരിക്കാൻ പോകുന്നതിനുമുന്‍പ് യാത്രികരെ അറിയിക്കുക എന്നത് അവരെ അത്തരം സാഹചര്യങ്ങളിൽ ഒരു പ്രൊഫഷണലിനെപ്പോലെ പെരുമാറാൻ സഹായിക്കുമെന്നും മരിക്കാന്‍പോകുന്നു എന്നത് സ്വീകരിച്ചു അന്തസോടെ മരിക്കാനും വേണ്ടപ്പെട്ടവര്‍ക്കുള്ള അവസാനവാക്കുകൾ അവശേഷിപ്പിക്കാനും കഴിയും.”

ഒരു സഞ്ചാരിക്ക് ഗുരുതരമായ രോഗമോ ജീവന് അപായകരമായ ക്ഷതമോ ഉണ്ടായാൽ എന്തുചെയ്യണം എന്ന ചോദ്യവും ഇതോടൊപ്പം പ്രസക്തമാണ്. ഒരു മാര്‍സ് യാത്ര ബില്യൻ ഡോളർ ചെലവുള്ളതും ലോകം മുഴുവനുള്ള ആളുകളുടെ ദശാബ്ദങ്ങളുടെ പ്രയത്നം ഉള്ളതുമാണ്. അതിനിടെ ഒരാള്‍ക്ക് ഒരു രോഗം വന്നാൽ ബഹിരാകാശയാത്രികർ അവരുടെ ദൌത്യം ഉപേക്ഷിച്ചുതിരികെ വരണമോ?

"എന്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നതാണ് ഇവിടെ കാര്യം. ഒരു സഞ്ചാരിയുടെ ജീവനാണ് ഏറ്റവും പ്രധാനമെങ്കിൽ ഉത്തരം എളുപ്പമാണ്. എന്നാൽ ദൌത്യത്തിന്റെ വിജയത്തോടൊപ്പമുള്ള ഒന്നാണ് സഞ്ചാരിയുടെ ജീവനെങ്കിൽ എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമല്ല. നാസ ഇരുന്ന് ചിന്തിച്ച് തീരുമാനമെടുക്കേണ്ട ഒരു കാര്യമാണ്", വോള്‍പ്പ് പറയുന്നു.

നാസയിലെ ബഹിരാകാശസഞ്ചാരികൾ സിവിൽ ജീവനക്കാരാണ്, അതുകൊണ്ട് തന്നെ നിര്‍ദേശങ്ങൾ അനുസരിക്കാതിരുന്നാൽ അവര്‍ക്ക് കോര്‍ട്ട് മാര്‍ഷൽ നേരിടേണ്ടിവരില്ല. കൂടിപ്പോയാൽ ചിലപ്പോൾ അവര്‍ക്ക് സഞ്ചരിക്കാനുള്ള അനുമതി നിഷേധിക്കപ്പെടും. അപ്പോൾ, പേടകവും ദൌത്യകേന്ദ്രവും തമ്മിലുള്ള സംഭാഷണത്തിൽ ഇരുപത് നിമിഷത്തിന്റെ അന്തരമുണ്ടെന്നിരിക്കെ, ഇത്തരം ജീവന്‍മരണ പ്രശ്നങ്ങളിൽ സഞ്ചാരികളുടെ തീരുമാനങ്ങളാണ് സംഭവിക്കുക. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ തീരുമാനമെടുക്കാൻ എത്ര പരിശീലനവും പൂര്‍ണ്ണമായി നിങ്ങളെ തയ്യാറാക്കില്ല.

ബഹിരാകാശയാത്രകളിൽ പങ്കെടുത്ത അഞ്ഞൂറിലേറെ ആളുകളിൽ വെറും പതിനെട്ടുമരണങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നത് ഒരു നല്ല വാര്‍ത്തയാണ്. ഈ മരണങ്ങൾ എല്ലാം സംഭവിച്ചത് പേടകം ഉയരുമ്പോഴോ തിരികെ ഭൂമിയിലിറങ്ങുമ്പോഴോ ആണ്.

ഭാവിയിലെ ബഹിരാകാശസൌകര്യങ്ങൾ ജോര്‍ജ് ക്ലൂണിയുടെ ഗ്രാവിറ്റിയിലേത് പോലെ അത്ര നാടകീയമാകില്ലെങ്കിലും പ്രപഞ്ചത്തിലേയ്ക്ക് സ്വന്തം പങ്കാളി വീണുപോകുന്ന നിമിഷം നോക്കി നില്‍ക്കുന്ന സാന്ദ്രാ ബുല്ലോക്കിനു സംഭവിച്ച ദുരന്തം ഉണ്ടായേക്കും. മനുഷ്യകുലത്തിനുവേണ്ടിയാണ് സ്വന്തം ജീവിതം തന്നെ അപായപ്പെടുത്തിക്കൊണ്ട് ബഹിരാകാശസഞ്ചാരികൾ സുഹൃത്തുക്കളെയും ഭാര്യമാരെയും മാതാപിതാക്കളെയും കുട്ടികളെയും വിട്ടുപോകുന്നത്. ഇത്തരത്തിൽ ആലോചിച്ചാൽ സ്നേഹമുള്ള ഒരാളെ വിട്ടുപോകുന്നതും വിലപിക്കുന്നതും ബഹിരാകാശയാത്രയുടെ മാത്രം പ്രത്യേകതയല്ല. അതുകൊണ്ട് തന്നെ മാനവികതയുടെ അടുത്ത വന്‍കുതിപ്പിനു തയ്യാറെടുക്കുമ്പോൾ മരണത്തിനും അതിന്റെ ഫലങ്ങള്‍ക്കും കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്.


Next Story

Related Stories