TopTop
Begin typing your search above and press return to search.

ചന്ദ്രനില്‍ കാലുകുത്തിയ അവസാനത്തെ മനുഷ്യന്‍ ദുഃഖിതനായിരുന്നു

ചന്ദ്രനില്‍ കാലുകുത്തിയ അവസാനത്തെ മനുഷ്യന്‍ ദുഃഖിതനായിരുന്നു

കേയ്റ്റി മെറ്റ്ലര്‍

2011ല്‍ നീല്‍ ആംസ്ട്രോങ്ങും ജീന്‍ സെര്‍ണനും കോണ്‍ഗ്രസിനു മുന്‍പില്‍ സാക്ഷിമൊഴി നല്‍കിയപ്പോള്‍ മനുഷ്യന്‍ ചന്ദ്രനില്‍ കാലു കുത്തിയിട്ട് ഏകദേശം നാലു പതിറ്റാണ്ടു പിന്നിട്ടു കഴിഞ്ഞിരുന്നു.

ആംസ്ട്രോങ് ആദ്യമായി ചന്ദ്രനിലെത്തിയ വ്യക്തിയും സെര്‍ണന്‍ 1972ല്‍ അവസാനമായി ചാന്ദ്രയാത്ര ചെയ്തയാളുമാണ്.

മനുഷ്യനെ ഒരിക്കല്‍ കൂടി ചന്ദ്രനിലയക്കാനുള്ള പദ്ധതിയായ കോണ്‍സ്റ്റലേഷന്‍ പ്രോഗ്രാം നിര്‍ത്തലാക്കാന്‍ ഒബാമ ഭരണകൂടം തീരുമാനിച്ചപ്പോള്‍ ബഹിരാകാര പര്യവേഷണത്തിന്‍റെ പരിധികളില്ലാത്ത സാധ്യതകളും പ്രാധാന്യവും മനസിലാക്കി കൊടുക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ഈ ആസ്ട്രോനട്ടുകള്‍ തീരുമാനിക്കുകയായിരുന്നു.

ആ പ്രോഗ്രാം ഇപ്പോള്‍ "എങ്ങോട്ടെന്നില്ലാത്ത ഒരു ദൌത്യമായിരിക്കുന്നു" എന്നും "നമ്മള്‍ അപചയത്തിന്‍റെ പാതയിലാണ്" എന്നുമായിരുന്നു സെര്‍ണന്‍റെ പ്രതികരണമെന്ന് AFP റിപ്പോര്‍ട്ട് ചെയ്തിരുന്നു.

"മനുഷ്യര്‍ നടത്തിയ ബഹിരാകാശ പര്യവേഷണത്തില്‍ ഏറ്റവും മുന്നിട്ടു നിന്നുകൊണ്ട് കഴിഞ്ഞ അന്‍പതു വര്‍ഷങ്ങളിലൂടെ കൈവരിച്ച നേട്ടങ്ങളുടെ പുസ്തകമാണ് നമ്മള്‍ അടയ്ക്കുന്നത്," സെര്‍ണന്‍ കോണ്‍ഗ്രസ്സിനു മുന്‍പില്‍ പറഞ്ഞു.

"ഇനി ചന്ദ്രനിലെത്താന്‍ പോകുന്ന ചെറുപ്പക്കാരായ അമേരിക്കക്കാരെ കാണാന്‍ എനിക്കോ നീലിനോ കഴിയില്ല. ഈ ഭൂമിയില്‍ നിന്നു പോകുന്നതിനു മുന്‍പ് ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മള്‍ ഏതു ദിശയിലാണ് മുന്നോട്ടു പോകുന്നത് എന്നറിയാന്‍ എനിക്കാഗ്രഹമുണ്ട്. എന്‍റെ ഏറ്റവും വലിയ ലക്ഷ്യം അതാണ്," അദ്ദേഹം പറഞ്ഞു.

തൊട്ടടുത്ത കൊല്ലം ആംസ്ട്രോങ് മരിച്ചു. ഇക്കഴിഞ്ഞ ജനുവരി 16നു സെര്‍ണനും.

അദ്ദേഹത്തിന് 82 വയസ്സായിരുന്നു.

ഉപദേശ നിര്‍ദ്ദേശങ്ങളുമായി വാഷിങ്ടണിലേയ്ക്ക് നടത്തിയിട്ടുള്ള യാത്രകളില്‍ മാത്രമല്ല, തന്‍റെ ആത്മകഥയിലും 2016ല്‍ ഇറങ്ങിയ ഒരു ഡോക്യുമെന്‍ററിയിലും അനേകം റെക്കോഡഡ് അഭിമുഖങ്ങളിലുമെല്ലാം തന്‍റെ നാസ പാരമ്പര്യത്തെ തിരുത്തിയെഴുതാനും ചന്ദ്രനില്‍ പുതിയ കാല്‍പ്പാടുകള്‍ പതിപ്പിക്കാനും സെര്‍ണന്‍ യുവാക്കളെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

തന്‍റെയാ സ്വപ്നം നടക്കുമോ, നടന്നാല്‍ തന്നെ എന്ന് എന്നൊന്നുമറിയാതെയാണ് അദ്ദേഹം വിട പറഞ്ഞത്.

ചന്ദ്രനിലെത്തിയ മനുഷ്യന്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനമാകുമ്പോഴേയ്ക്കും ചൊവ്വയെ കീഴടക്കുമെന്ന സെര്‍ണന്‍റെ പ്രവചനം പ്രശസ്തമായിരുന്നു. ആ ലക്ഷ്യം നേടാന്‍ ഇനിയൊരു പത്തു വര്‍ഷങ്ങള്‍ കൂടി വേണമെന്നാണ് NASA പറയുന്നത്. ചന്ദ്രനില്‍ ഇറങ്ങിയ അവസാനത്തെ മനുഷ്യന്‍റെ ദീര്‍ഘ കാലത്തെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതില്‍ വലിയ കാലതാമസമാണ് വന്നിരിക്കുന്നത്.

ശാസ്ത്രജ്ഞന്മാര്‍ക്കും ബഹിരാകാശപര്യവേഷണത്തിന്‍റെ വക്താക്കള്‍ക്കും NASAയുടെ ഇന്നത്തെ അവസ്ഥയെ കുറിച്ചും ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്ത് എന്ത് എന്നറിയാനുള്ള അമേരിക്കയുടെ ആഗ്രഹത്തെ കുറിച്ചുമൊക്കെ ചിന്തിക്കാനുള്ള അവസരമായിരുന്നു സെര്‍ണന്‍റെ മരണം.

"ജീന്‍ സെര്‍ണന്‍റെ മരണം നമ്മളെ ഓര്‍മ്മിപ്പിക്കുന്നത് മനുഷ്യര്‍ ഭൂമിയുടെ ഭ്രമണപഥത്തിനു പുറത്തേയ്ക്ക് സഞ്ചരിച്ചിട്ട് വളരെ, വളരെ നാളുകളായി എന്ന വസ്തുതയാണ്," Ars Technicaയുടെ സീനിയര്‍ സ്പേസ് എഡിറ്റര്‍ എറിക് ബെര്‍ജര്‍ ട്വിറ്ററില്‍ എഴുതി. ഒപ്പം "The passing of Gene Cernan reminds us how far we haven't come" എന്ന തലക്കെട്ടില്‍ അദ്ദേഹം സെര്‍ണനെ കുറിച്ചെഴുതിയ ലേഖനത്തിന്‍റെ ലിങ്കും.

ആസ്ട്രോഫിസിസിസ്റ്റും കോസ്മോളജിസ്റ്റുമായ നീല്‍ ഡിഗ്രാസ് ടൈസണും ട്വിറ്ററില്‍ അഭിപ്രായം പങ്കു വച്ചു,

"1927ല്‍ ലിന്‍ഡ്ബെര്‍ഗ് ന്യൂയോര്‍ക്കില്‍ നിന്ന് പാരീസിലേയ്ക്ക് പറന്നു. 45 വര്‍ഷങ്ങള്‍ക്കു ശേഷം 1972ല്‍ നമ്മള്‍ അവസാനമായി ചന്ദ്രോപരിതലത്തില്‍ നടന്നു," ടൈസണ്‍ ട്വിറ്ററില്‍ എഴുതി. "വീണ്ടും 45 വര്‍ഷങ്ങള്‍ക്കു ശേഷം നമ്മള്‍.. നമ്മള്‍... നമ്മള്‍..."

അമേരിക്കയുടെ ബഹിരാകാശ ദൌത്യങ്ങള്‍ക്കുള്ള ഫണ്ടിങ് കുറഞ്ഞിരിക്കുന്ന സമയത്താണ് ഈ വിമര്‍ശനങ്ങള്‍ വരുന്നത്. ആംസ്ട്രോങ്ങിന്‍റെയും സെര്‍ണന്‍റെയും കാലത്ത് ഫെഡറല്‍ ബഡ്ജറ്റിന്‍റെ 5 ശതമാനമാണ് നാസയ്ക്കു നീക്കി വച്ചിരുന്നത്. ഇന്നത് 0.5 ശതമാനത്തിലും താഴെയാണ്. എന്നിട്ടും നാസ മുപ്പതു വര്‍ഷങ്ങള്‍ സ്പേസ് ഷട്ടില്‍ പ്രോഗ്രാമിനായി ചെലവഴിച്ചു, ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍ ഉണ്ടാക്കാന്‍ സഹായിച്ചു, ആസ്റ്ററോയ്ഡ്സിനെ കുറിച്ചു കൂടുതല്‍ പഠിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു, ചൊവ്വയില്‍ ഒരു റോവറും സ്ഥാപിച്ചു.

എന്നാല്‍ സെര്‍ണന് അതു മാത്രം പോരായിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ കൂടുതല്‍ വേഗത്തില്‍ നാസ ചെയ്യുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു.

ദീര്‍ഘനാളായുള്ള ആരോഗ്യ പ്രശ്നങ്ങള്‍ മൂലമുള്ള സെര്‍ണന്‍റെ മരണം സംഭവിക്കുന്നത് മറ്റൊരു സ്പേസ് ഹീറോ ആയ ജോണ്‍ ഗ്ലെന്നിന്‍റെ മരണത്തിന് ആറാഴ്ചകള്‍ക്കു ശേഷമാണ്. അദ്ദേഹമാണ് 1962ല്‍ ആദ്യമായി ഭൂമിക്കു വലം വച്ചത്. നീല്‍ ആംസ്ട്രോങ്ങിനൊപ്പം ചന്ദ്രനിലെത്തിയ, ചന്ദ്രനില്‍ കാലു കുത്തിയ രണ്ടാമത്തെ വ്യക്തിയായ ബസ് ആല്‍ഡ്രിന്‍ (Buzz Aldrin) അടുത്തിടെ അസുഖബാധിതനായിരുന്നു.

1961 മുതല്‍ 1972 വരെയുള്ള അപ്പോളോ കാലഘട്ടത്തില്‍ ചന്ദ്രനില്‍ പോയ പന്ത്രണ്ടോളം ആസ്ട്രോനട്ടുകളില്‍ ആറു പേരാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നതെന്ന് അസോഷ്യേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ അമേരിക്കന്‍ വീരപുരുഷന്മാരുടെ വേര്‍പാട് സൃഷ്ടിക്കുന്ന നഷ്ടബോധം ആദ്യമായി മനുഷ്യനെ ചന്ദ്രനിലിറങ്ങാന്‍ പ്രചോദിപ്പിച്ച അമേരിക്കന്‍ അതുല്യതയുടെ കെന്നഡി യുഗത്തെ കുറിച്ചു കൂടെയാണ്.

സെര്‍ണന്‍ എപ്പോഴും സംസാരിക്കാറുണ്ടായിരുന്നു അതേപ്പറ്റി. "ചന്ദ്രനിലിറങ്ങിയ അവസാനത്തെ മനുഷ്യന്‍" എന്ന ലേബല്‍ ഉപേക്ഷിക്കാനുള്ള ഉല്‍ക്കടമായ ആഗ്രഹം അദ്ദേഹത്തില്‍ ഉണ്ടാക്കിയത് ആ കാലഘട്ടത്തിന്‍റെ ആവേശമാണ്.

1999ല്‍ സെര്‍ണന്‍റെ എഴുതിയ ആത്മകഥയുടെ പേരും "The Last Man on the Moon" എന്നാണ്. അദ്ദേഹം പുസ്തകം അവസാനിപ്പിക്കുന്നത് വികാരതീവ്രമായ ഒരപേക്ഷയിലാണ്.

"അനേക വര്‍ഷങ്ങളായി ചന്ദ്രനില്‍ തന്‍റെ കാല്‍പ്പാടുകള്‍ അവശേഷിപ്പിച്ച അവസാനത്തെ മനുഷ്യനായി ഞാന്‍ തുടരുകയാണ്. തളര്‍ത്താനാവാത്ത ഇച്ഛാശക്തിയും ധൈര്യവുമുള്ള ഒരു കുട്ടി നിങ്ങള്‍ക്കിടയില്‍ എവിടെയോ ഉണ്ട്. താല്‍ക്കാലികമായ ഈ പേര് എന്നില്‍ നിന്നെടുത്തു മാറ്റി നമ്മള്‍ എത്തേണ്ട ഇടത്തില്‍ എത്തിക്കാന്‍ കഴിവുള്ള ഒരു കുട്ടി. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒരവസരം നല്‍കാം," അദ്ദേഹം എഴുതി.

20 വര്‍ഷങ്ങള്‍ക്കു ശേഷം, തന്‍റെ അവസാന നാളുകളിലും അദ്ദേഹം അതിനായുള്ള പരിശ്രമം തുടര്‍ന്നു.

"ബഹിരാകാശ പര്യവേഷണം തുടര്‍ന്നു കാണണമെന്ന തന്‍റെ ആഗ്രഹം പങ്കു വയ്ക്കാന്‍ എണ്‍പത്തിരണ്ടാം വയസ്സിലും ജീനിന് ആവേശമായിരുന്നു. ചന്ദ്രനിലെത്തിയ അവസാന മനുഷ്യനായി തുടരാന്‍ തന്നെ അനുവദിക്കരുതെന്ന് നമ്മുടെ രാജ്യത്തെ നേതാക്കളോടും ചെറുപ്പക്കാരോടും പറയുമായിരുന്നു," സെര്‍ണന്‍റെ കുടുംബം ഒരു പ്രസ്താവനയില്‍ പറഞ്ഞു.

"ചാന്ദ്രയാത്രയുടെ ഏറ്റവും ശക്തനായ വക്താവായിരുന്നു ജീന്‍. ചന്ദ്രനിലേയ്ക്കുള്ള തുടര്‍യാത്രകള്‍ക്കായി അദ്ദേഹം എന്നും വാദിച്ചു," തന്‍റെ പഴയ സുഹൃത്തിനെ അനുസ്മരിച്ച് ആല്‍ഡ്രിന്‍ എഴുതി.

"അവിടെയെത്തിയ അവസാനത്തെ ആളായിരുന്നു ജീന്‍. അങ്ങനെയായതില്‍ അദ്ദേഹത്തിന് ഒട്ടും സന്തോഷമില്ലായിരുന്നു," ആല്‍ഡ്രിന്‍ എഴുതുന്നു.

"ചന്ദ്രനിലെത്തിയ ആദ്യത്തെയാളായ നീല്‍ ആംസ്ട്രോങ്ങും അവസാനത്തെയാളായ ജീന്‍ സെര്‍ണനും നമ്മളെ വിട്ടു പിരിയുമ്പോള്‍, ഇടയ്ക്കുള്ള ഞങ്ങളാണ് അപ്പോളോയുടെ ഊര്‍ജ്ജം രാജ്യത്തിന്‍റെയും ലോകത്തിന്‍റെയും ഭാവിക്കായി മുന്നോട്ടു കൊണ്ടു പോകേണ്ടത്," സെര്‍ണന് ആദരവ് അര്‍പ്പിച്ചു കൊണ്ട് ആല്‍ഡ്രിന്‍ എഴുതുന്നു.

എന്നാല്‍ ഈ "അപ്പോളോ സ്പിരിറ്റ്" എന്നത് വലിയ അളവില്‍ റോബോട്ടുകളെ ആശ്രയിക്കുന്ന ഇന്നത്തെ ബഹിരാകാശ യാത്രാരംഗം എങ്ങനെ കാണുന്നു എന്നത് അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍ക്കും നേതാക്കള്‍ക്കുമിടയില്‍ തര്‍ക്കവിഷയമാണ്. സാങ്കേതിക വിദ്യയുടെ മുന്നേറ്റം കുറെക്കൂടെ സുരക്ഷിതമായ രീതിയില്‍ ബഹിരാകാശത്തെ കുറിച്ചു പഠിക്കാന്‍ അവസരമൊരുക്കുന്നു എന്നും സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ മാത്രം മനുഷ്യരെ ഭൂമിയുടെ ഭ്രമണപഥത്തിനു പുറത്തേയ്ക്ക് അയയ്ക്കാമെന്നും ചിലര്‍ വാദിക്കുന്നു. അത്തരത്തില്‍ 2030കളോടെ നാസ ചൊവ്വയിലേയ്ക്ക് മനുഷ്യരെ അയക്കുമെന്നും കരുതപ്പെടുന്നു.

എന്നാല്‍ ബഹിരാകാശത്തേയ്ക്ക് മനുഷ്യരെ അയക്കുമ്പോഴും റോബോട്ടുകള്‍ പോകുമ്പോഴുമുള്ള ആവേശം വ്യത്യാസമുണ്ടെന്നു മനസിലാക്കണമെന്ന് സെര്‍ണനെ പോലെയുള്ളവര്‍ പറഞ്ഞു.

"നിങ്ങളുടെ ഗ്രഹത്തില്‍ നിന്ന് 300 മൈല്‍ അകലെയുള്ള ഒരു ദൌത്യവും രണ്ടര ലക്ഷം മൈല്‍ ദൂരെ പോകുന്ന ഒന്നും തമ്മില്‍ വളരെ വ്യത്യാസമുണ്ട്; സാങ്കേതികമായും താത്വികമായും. അന്നത്തെക്കാള്‍ വളരെയധികമൊന്നും നമ്മള്‍ മുന്നോട്ടു പോയിട്ടില്ല എന്നതില്‍ ഞാനല്‍പ്പം നിരാശനാണെന്ന് തുറന്നു പറയട്ടെ," 1991ല്‍ നാസയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സെര്‍ണന്‍ പറഞ്ഞു.

20 വര്‍ഷങ്ങള്‍ക്കു ശേഷം കോണ്‍ഗ്രസിനു മുന്‍പില്‍ സാക്ഷ്യപ്പെടുത്തിയപ്പോള്‍ നിയമ നിര്‍മ്മാതാക്കളോട് "അമേരിക്കയുടെ ഭാവിക്കായി ധൈര്യപൂര്‍വ്വം, വിവേകത്തോടെ, നൂതനമായ കാഴ്ചപ്പാടോടെ" നിക്ഷേപിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

"ജിജ്ഞാസയാണ് മനുഷ്യന്‍റെ നിലനില്‍പ്പിനാധാരം. നമ്മളാരാണ്? എവിടെയാണ്? എന്തില്‍ നിന്നാണ് നമ്മള്‍ ഉണ്ടായത്? എങ്ങോട്ടാണ് നീങ്ങുന്നത്? ചൊവ്വയില്‍ ജീവനുണ്ടായിരുന്നോ? നൂറു കോടി വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ചൊവ്വ പോലെയാകുമോ ഭൂമിയുടെ അവസ്ഥ? നൂറു കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ചൊവ്വ നമ്മുടെ ഗ്രഹം പോലെയായിരുന്നോ? എനിക്കറിയില്ല. എന്‍റെ പക്കല്‍ ഇതിനൊന്നും ഉത്തരമില്ല. അവിടെയൊക്കെ എന്താണുള്ളതെന്ന് എനിക്കറിയില്ല. പക്ഷേ കണ്ടു പിടിക്കണം എന്ന് എനിക്കാഗ്രഹമുണ്ട്."

1972 ചന്ദ്രനിലിറങ്ങിയ ശേഷം അമേരിക്കയുടെ പതാക കുത്തി വച്ച്, തന്‍റെ മകളുടെ ഇനീഷ്യലുകള്‍ അവിടത്തെ പൊടിയിലെഴുതിയ ശേഷം അദ്ദേഹം സംസാരിച്ചത് ഇതേ ആവേശത്തോടെയായിരുന്നു.

"ഇവിടെ നിന്ന് അവസാന ചുവടു വയ്ക്കുമ്പോള്‍, കുറച്ചു കാലത്തേയ്ക്ക് മനുഷ്യര്‍ ഭൂമിയിലേയ്ക്ക് തിരികെ പോകുമ്പോള്‍ അത് വലിയൊരു ഇടവേളയിലേയ്ക്കല്ലെന്ന് കരുതുകയാണ്. ചരിത്രം രേഖപ്പെടുത്തുമെന്നു വിശ്വസിച്ചുകൊണ്ട് പറയട്ടെ, അമേരിക്ക ഇന്നേറ്റെടുക്കുന്ന വെല്ലുവിളികള്‍ മനുഷ്യരുടെ നാളേയ്ക്ക് രൂപം കൊടുക്കുകയാണ്. Taurus-Littrowയില്‍ നിന്നു ഞങ്ങള്‍ വന്ന പോലെ മടങ്ങുകയാണ്. ദൈവ നിശ്ചയമുണ്ടെങ്കില്‍ മനുഷ്യസമൂഹത്തിനാകെ സമാധാനവും പ്രതീക്ഷയുമായി ഞങ്ങള്‍ മടങ്ങിയെത്തും. അപ്പോളോ 17ലെ അംഗങ്ങള്‍ക്ക് യാത്രാ മംഗളങ്ങള്‍."


Next Story

Related Stories