UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുതിയ ഊര്‍ജ യുഗത്തെക്കുറിച്ചാണ് ഇനി പറയേണ്ടത്

Avatar

ഫ്രെഡി കെ താഴത്ത്

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കും അതിനായുള്ള അണക്കെട്ടിനും വേണ്ടി ഒരു വിഭാഗം ഭരണാധികാരികളും ഇലക്ട്രിസിറ്റിബോര്‍ഡിലെ ഒരു വിഭാഗവും മറ്റു പല തത്പരകക്ഷികളും വാശിപിടിക്കുന്ന ഈ ഘട്ടത്തില്‍ ഊര്‍ജ്ജോത്പ്പാദനത്തിന്റെ മൊത്തം പരിപ്രേക്ഷ്യമാകെത്തന്നെ പരിശോധിക്കുന്നത് യുക്തമാണ് എന്നു തോന്നുന്നു.

 

ആധുനിക ജീവിത വികാസത്തിന്റെയും ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടേയും തടയറ്റ പുരോഗതിക്ക് ഊര്‍ജ്ജോത്പ്പാദനത്തിന്റെയും ഊര്‍ജ്ജ ഉപഭോഗത്തിന്റെയും മൊത്തം കാഴ്ചപ്പാട് തന്നെ വിപ്ലവകരമായി മാറേണ്ടത് അവശ്യമാണ്. ഇരുപതാം നൂറ്റാണ്ടുവരെ, വിശിഷ്യാ 18-ഉം 19-ഉം 20-ഉം നൂറ്റാണ്ടുകളില്‍, വികസിച്ച ഊര്‍ജ്ജോത്പാദനത്തിന്റെ രീതികള്‍ മറികടന്നു കൊണ്ട് നൂതനമായ ഊര്‍ജ്ജോത്പാദനരീതിയും ഊര്‍ജ്ജ സ്രോതസ്സുകളും നാം കണ്ടെത്തിയേ മതിയാവൂ.

 

‘വൈദ്യുതി അമൂല്യമാണ്; അത് പാഴാക്കരുത്’ എന്നത് ആപ്തവാക്യമെന്ന നിലയില്‍ ഗുണകരമാണ്; തര്‍ക്കമില്ല. പക്ഷെ, അത് നടപ്പാക്കാനായി കടുത്ത ‘വൈദ്യുതിനിയന്ത്രണ സംസ്‌ക്കാരം’ ശീലമാക്കുകയാണ് ചെയ്യുന്നതെങ്കില്‍ അത് ചെരുപ്പിനനുസരിച്ച് കാല് മുറിക്കുന്ന നടപടിയായി ഭവിക്കും. ‘പ്രകൃതിയെ ഹനിക്കാതെ വൈദ്യുതി ഉണ്ടാക്കാനാവില്ല. കാരണം, കാടു മുക്കിയോ ഇന്ധനം കത്തിച്ചോ ന്യൂക്ലിയര്‍ റിയാക്ടറുകള്‍ പ്രവര്‍ത്തിപ്പിച്ചോ മാത്രമേ വൈദ്യുതി ഉണ്ടാക്കാന്‍ സാധിക്കൂ. ആയതിനാല്‍ വൈദ്യുതി പിശുക്കി ഉപയോ(ഭോ)ഗിക്കണം’, എന്ന വാദത്തിലേക്കും പ്രയോഗത്തിലേക്കുമാണ് ‘വൈദ്യുതി നിയന്ത്രണ സംസ്‌ക്കാരം’ നമ്മെ കൊണ്ടെത്തിക്കുക. ഇത് ഒരു തരം പരിമിതിവാദമാണ്; മാനവിക വികാസത്തിന് ഒട്ടും സഹായിക്കാത്ത കാഴ്ചപ്പാടും. അത്തരം പരിമിതിവാദത്തെ മുറിച്ചുകടക്കണം.

 

കല്‍ക്കരി, ഡീസല്‍, നാഫ്ത തുടങ്ങി പ്രകൃതി വാതകം വരെ കത്തിച്ചുണ്ടാക്കുന്ന താപോര്‍ജ്ജമുപയോഗിച്ച് ആവിയന്ത്രം പ്രവര്‍ത്തിപ്പിക്കുകയും ആ ആവിശക്തി കൊണ്ട് ടര്‍ബൈന്‍ കറക്കി ഡൈനാമോ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന താപവൈദ്യുത നിലയങ്ങള്‍ അന്തരിക്ഷ മലിനീകരണത്തിന്റെ മുഖ്യ പ്രതികളാണ്. ടര്‍ബൈന്‍ കറക്കാനായി നീരാവിക്കു പകരം ഉയര്‍ന്ന സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഡാം റിസര്‍വോയറില്‍ നിന്ന് പെന്‍സ്‌റ്റോക്ക് പൈപ്പുകളില്‍ക്കൂടി വെള്ളം അതിശക്തമായി പായിക്കുന്ന രീതിയാണ് ഹൈഡ്രോ ഇലക്ട്രിക്ക് ജനറേഷന്‍ രീതി അവലംബിക്കുന്നത്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡ് വലിച്ചെടുക്കുന്ന ഹരിത ശ്വാസകോശങ്ങളായ കാടുകളെ മുക്കിക്കൊല്ലുന്നവയാണ് മിക്കവാറും ഡാം റിസര്‍വോയറുകള്‍. ഡാം നിര്‍മ്മാണ രംഗത്തെ അന്താരാഷ്ട്ര കോര്‍പ്പറേറ്റ് കമ്പനികളും അവയുടെ പലവക ചോറ്റുപട്ടികളായ കോണ്‍ട്രാക്ടര്‍-ഡാം പ്രേമി-പവര്‍ ലോബികളും ചേര്‍ന്ന് മുങ്ങുന്ന കാടിന്റെ പരപ്പളവ് ഹരിച്ചും കുറച്ചും ലഘൂകരിക്കാന്‍ തകൃതിയായി ശ്രമിച്ചാലും കാലം ചെല്ലുന്തോറും കയ്‌പേറി വരുന്ന ഇരുണ്ട വസ്തുതയാണ് കാടു മുക്കുന്ന ഡാമുകള്‍. പിന്നെ ആണവ നിലയങ്ങളാണ്. ‘പണ്ടത്തെപ്പോലെയല്ലാ; സാങ്കേതിക വിദ്യയുടെ മികവില്‍ ഇന്നത്തെ റിയാക്ടറുകള്‍ സുരക്ഷിതമാണ്’ എന്ന ന്യൂക്ലിയര്‍ റിയാക്ടര്‍ ലോബിയുടെ ആശ്വാസവചനം തന്നെ ന്യൂക്ലിയര്‍ സാങ്കേതിക വിദ്യയുടെ അപായ സാധ്യതയുടെ ആഴം വിളിച്ചോതുന്നു.

 

 

അപ്പോള്‍ പിന്നെ പ്രകൃതിയെ ഹനിക്കാതെ ധാരാളം വൈദ്യുതി ഉത്പാദിപ്പിക്കുക, അതിന്റെ സഹായത്താല്‍ ശാസ്ത്ര പുരോഗതിയും നൂതനസാങ്കേതിക വിദ്യയും നേടി മുന്നോട്ടുപോകുക എന്നതാണ് ഒരേ ഒരു പോംവഴി. അതിന് പാരമ്പര്യേതര, അഥവാ നേരിട്ടുള്ള ഊര്‍ജ്ജസ്രോതസ്സുകള്‍ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യുക എന്ന ഉദ്യമത്തിലേക്ക് നാം തിരിയണം. എന്നാല്‍, ഇതിന് തടസ്സം സൃഷ്ടിക്കുന്ന പിന്തിരിപ്പന്‍ കാഴ്ചപ്പാടും പിന്തിരിപ്പന്‍ ശക്തികളും
ഉണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

 

പാരമ്പര്യേതര, അഥവാ നേരിട്ടുള്ള ഊര്‍ജ്ജസ്രോതസ് ഉപയോഗിക്കാന്‍ മുഖ്യമായും തടസ്സം നില്‍ക്കുന്നത് ഫിനാന്‍സ് മൂലധനമാണ്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ നോണ്‍ കാര്‍ബണ്‍ എമിറ്റിങ് ഊര്‍ജ്ജസ്രോതസ്സുകള്‍ ഉപയോഗിക്കുന്നതിന് തടസ്സം നില്‍ക്കുന്നത് ഫിനാന്‍സ് മൂലധന താത്പര്യമാണ്. നമ്മുടെ ഊര്‍ജ്ജ പ്രശ്‌നം വസ്തുനിഷ്ടമായി എടുത്തു പരിശോധിച്ചാല്‍ ഇത് വ്യക്തമാവും.

 

മറ്റു പല രാജ്യങ്ങളേയും അപേക്ഷിച്ച് നാം ഭൂമദ്ധ്യരേഖയോട് അടുത്ത് ജീവിക്കുന്ന ജനതയാണ്. നേരിട്ടുള്ള സൂര്യപ്രകാശവും കാറ്റും തിരമാലകളും ഹൈഡ്രജന്‍ സ്രോതസ്സും സമൃദ്ധമായി ഉണ്ട്. ആയതിനാല്‍ സൂര്യപ്രകാശം, കാറ്റ്, തിരമാലകള്‍ എന്നിങ്ങനെ സൗരോര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നും ഹൈഡ്രജന്‍, ഓക്‌സിജനുമായി അയോണ്‍ പ്രവാഹം വഴി രാസ സംയോജനം ചെയ്യിച്ചു കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഫ്യൂവല്‍ സെല്ലുകളില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന സമഗ്രമായ ഒരു നവീന ഊര്‍ജ്ജ നയമാണ് നമുക്ക് അനുയോജ്യം.

 

ഇങ്ങനെ പൂര്‍ണമായി വിദ്യുത് രാഷ്ട്രമായി നാം മാറുകയും കാര്‍ബണ്‍ പുറംതള്ളുന്ന ഊര്‍ജ്ജസ്രോതസ്സുകള്‍ പാടെ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും കാലപുരോഗതിയില്‍ സ്റ്റീലിനു പകരം കാര്‍ബണ്‍ നാനോ ട്യൂബുകള്‍ ഉപയോഗിക്കുകയും ചെയ്താല്‍ നാം പുതിയ ഹരിത ഇന്ധന യുഗത്തിലേക്ക് കാലെടുത്തു വയ്ക്കുകയാവും ചെയ്യുക. ഇത് ഒരു കുതിച്ചു ചാട്ടമാണ്. ഊര്‍ജ്ജോത്പാദനത്തിന്റേയും ഉപഭോഗത്തിന്റേയും ചരിത്രം പരിശോധിച്ചാല്‍ ഈ കുതിപ്പിന്റെ പ്രാധാന്യം മനസ്സിലാകും.

 

വിറക്, കരി, കല്‍ക്കരി, പെട്രോളിയം, വിദ്യുച്ഛക്തി എന്നിങ്ങനെയാണ് ഇന്നുവരെ നടപ്പിലായ പൊതു ഇന്ധന ഊര്‍ജ്ജ രൂപങ്ങള്‍. ഇവയിലോരോന്നും പരക്കെ ഉപഭോഗിക്കപ്പെട്ടിരുന്ന കാലഘട്ടങ്ങള്‍ അതത് യുഗങ്ങളെ നിര്‍ണയിക്കുന്നതില്‍ മുഖ്യ സ്ഥാനവും വഹിച്ചിരുന്നു.

 

വിറകും കരിയും പ്രാചീന, നവീന ശിലായുഗത്തിലും ഇരുമ്പ് യുഗത്തിന്റെ തുടക്കത്തിലും കല്‍ക്കരി വ്യാവസായിക യുഗത്തിന്റെ ആരംഭത്തിലും (അതായത് , ബ്രിട്ടീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ് കൊളോണിയലിസത്തിന്റെ കാലം) പെട്രോളിയം അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ ഉത്ഭവ, പ്രാബല്യ കാലത്തും വിദ്യുച്ഛക്തി സാമ്രാജ്യത്വത്തിന്റേയും സോഷ്യലിസത്തിന്റേയും യുഗത്തിലുടനീളവും എന്ന് നമുക്ക് പൊതുവെ വകയിരുത്താമെന്നു തോന്നുന്നു.

 

 

ആയതിനാല്‍, പൂര്‍ണമായും (കരി തുപ്പാത്ത രീതിയില്‍ വൈദ്യുതി ഉണ്ടാക്കി) വൈദ്യുതി മാത്രം ഉപയോഗിക്കുന്ന യുഗത്തിലേക്ക് നാം പുരോഗമിക്കുക എന്നതാവണം അവശ്യമായും നമ്മുടെ ഭാവി എന്ന് കാണാനാവും. മാനവരാശിയുടെ നിലനില്‍പ്പിന്റെ മുഖ്യ പ്രശ്‌നമാണ് അത്. ഈ അറിവ് സോഷ്യലിസ്റ്റ് പരിണാമ ഘട്ടത്തിലൂടെ വര്‍ഗ്ഗരഹിത ലോകത്തിലേക്കുള്ള പ്രയാണത്തില്‍ നമ്മുടെ യുഗചാലക ശക്തിയുമായിരിക്കും.

 

ഈ പുത്തന്‍ ഊര്‍ജ്ജ യുഗസൃഷ്ടിക്കായി, സൗരോര്‍ജ്ജത്തില്‍ നിന്നും സൗരോര്‍ജ്ജസ്രോതസ്സിനെ ആശ്രയിച്ചു നില്‍ക്കുന്ന കാറ്റ്, തിരകള്‍ എന്നിവയില്‍ നിന്നും (കത്തുമ്പോള്‍ വെള്ളം മാത്രം പുറന്തള്ളുന്ന) ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലില്‍ നിന്നുമെല്ലാമായി വൈദ്യുതി നേരിട്ട് ഉത്പ്പാദിപ്പിക്കുന്ന സമഗ്രവും പരികല്പനാപരവുമായ മാറ്റം ആവശ്യമാണ്.

 

ഫിനാന്‍സ് മൂലധനം ഈ സമഗ്രമാറ്റത്തിന് ചുക്കാന്‍ പിടിക്കാന്‍ തയ്യാറല്ല. കാരണം, ലാഭനഷ്ടക്കണക്കാണ് ഫിനാന്‍സ് മൂലധനത്തെ നയിക്കുന്നത്; അതിന്റെ ശക്തികളെ മഥിക്കുന്നത്; അതിന്റെ അടിമകളെ ഭരിക്കുന്നത്. ഊര്‍ജ്ജോത്പ്പാദനത്തിന്റെയും ഊര്‍ജ്ജോപഭോഗത്തിന്റെയും കയ്യും കാലും മുറിക്കുന്ന ഈ പ്രൊക്രൂസ്റ്റസ്സിന്റെ കട്ടിലിനെ, ഈ വികല നീതിയെ, മനുഷ്യന്‍ മറികടന്ന് പോകേണ്ടതുണ്ട്. സോഷ്യലിസ്റ്റ് ശക്തികള്‍ ബോധപൂര്‍വ്വം നയിക്കുന്ന സോഷ്യലിസ്റ്റ് പരിവര്‍ത്തന പ്രക്രിയക്കു മാത്രമേ അതിനാവൂ. സോഷ്യലിസ്റ്റ് ശക്തികള്‍ക്ക് അധികാരം ലഭിക്കുന്നതിന് മുന്‍പും പിന്‍പും ഈ വീക്ഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ല; നടപ്പിലാക്കാന്‍ പലപ്പോഴും ബുദ്ധിമുട്ട് നേരിട്ടാലും.

 

കൂടാതെ, ചരിത്രത്തിന്റെ ചാലക ശക്തികള്‍ ഈ യുഗപരിണാമത്തിന് ആവേഗം പകരുമ്പോഴൊക്കെ അതിന്റെ ഒപ്പം തങ്ങളുടെ ലാഭേച്ഛയും മേധാവിത്ത താത്പര്യങ്ങളും ലക്ഷ്യമാക്കി ആ പ്രക്രിയയില്‍ ഇടപെടുകയും ഇടങ്കോലിടുകയും ചെയ്യാന്‍ അന്താരാഷ്ട്ര ഫിനാന്‍സ് ക്യാപ്പിറ്റല്‍, അഥവാ സാമ്രാജ്യത്വം തുനിഞ്ഞിറങ്ങുമെന്നത് ഉറപ്പാണ്. പ്രത്യേകിച്ചും മേല്‍പ്പറഞ്ഞ തരം മാറ്റത്തിനുതകുന്ന സാങ്കേതിക വിദ്യയും സംവിധാനങ്ങളും ജനങ്ങള്‍ക്കിടയില്‍ പ്രചാരം നേടുകയും അങ്ങനെ വലിയ വിപണി സാധ്യത അതിനെല്ലാം വന്നു ചേരുകയും ചെയ്യുമ്പോള്‍. സത്യത്തില്‍, ഈ ഇടപെടലും ഇടങ്കോലിടലും ഇംപീരിയലിസ്റ്റ് ഗ്ലോബലൈസേഷന്റെ അഥവാ IG-യുടെ ജീര്‍ണസ്വഭാവത്തിന്റെ അഥവാ, മോറിബണ്ട് നെയ്ച്ചറിന്റെ പ്രകടിത രൂപമാണ്.

 

ഇതുവരെ പറഞ്ഞു വന്നത് ആററിക്കുറുക്കിയാല്‍ അത് ഇങ്ങിനെ മനസ്സിലാക്കാമെന്ന് തോന്നുന്നു: ഊര്‍ജ്ജോത്പാദനത്തിലും ഊര്‍ജ്ജോപഭോഗത്തിലും പരികല്‍പനാപരമായ മാറ്റമാണ് ലോകത്തിനാവശ്യം.

 

ഊര്‍ജ്ജോപഭോഗം അമിതമാകുന്നു എന്നു പറഞ്ഞു കൊണ്ട് ജനങ്ങളെ പേടിപ്പിക്കുന്നത് നിഷേധാത്മകമായ പ്രവൃത്തിയാണ്. ജനാധിപത്യപരമായി, (ആവശ്യമെങ്കില്‍ ഓരോ വീട്ടിലും ) ഊര്‍ജ്ജോത്പാദനത്തിനുള്ള അവകാശമാണ് നമുക്കു വേണ്ടത്. വെള്ളം, നീരാവി എന്നിവയുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ടര്‍ബൈനുകളില്‍ നിന്നെല്ലാം വൈദ്യുതി ഉത്പാദനത്തിന്റെ കാര്യത്തില്‍ നാം മാറിയേ പറ്റൂ. കാരണം, ഇത്തരം ടര്‍ബൈനുകളെല്ലാം ഡാമുകള്‍, തെര്‍മല്‍ ഫര്‍ണസുകള്‍, ന്യൂക്ലിയര്‍ റിയാക്ടറുകള്‍ എന്നിവയിലേതിന്റെയെങ്കിലും ഉപയോഗം നിര്‍ബ്ബന്ധിതമാക്കുന്നു. ഈ ഭൂതകാല ടെക്‌നോളജികളുടെ വേലി മറികടന്ന് ബയോ ഫ്യൂവല്‍ സെല്ലുകളിലേക്കു വരെ നാം പോകേണ്ടതായുണ്ട്.

 

 

പക്ഷേ, രൂപകല്‍പ്പനയുടേതും പ്രയോഗത്തിന്റേതുമായ മേല്‍പ്പറഞ്ഞ തരത്തിലുള്ള പരികല്‍പ്പനാപരമായ മാറ്റത്തെ ഫിനാന്‍സ് മൂലധനം ഒരിക്കലും സ്വാഗതം ചെയ്യുന്നില്ല എന്നു കാണാം. ഇതിനു മുഖ്യമായ കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്:

 

1) പെട്രോളിയത്തിന്റെയും ഇതര ഇന്ധനങ്ങളുടേയും ഉത്പാദനത്തിലും വ്യവസായങ്ങളിലും ആഴത്തില്‍ വേരൂന്നിക്കൊണ്ടുള്ള ഫിനാന്‍സ് മൂലധനത്തിന്റെ നിലനില്‍പ്പിന് മേല്‍പ്പറഞ്ഞ പരികല്‍പ്പനാപരമായ മാറ്റം വിഘാതം വരുത്തും.

2) ഊര്‍ജ്ജ വ്യവസ്ഥയില്‍ മേല്‍പ്പറഞ്ഞ തരത്തിലുള്ള മാറ്റമുണ്ടായാല്‍ ഇന്ധന/ഊര്‍ജ്ജ ഉത്പാദനം വിവിധ രാഷ്ട്രങ്ങളിലായി വികേന്ദ്രീകൃതമാവുകയും ആയത് ഫിനാന്‍സ് മൂലധനത്തിന്റെ ആധിപത്യ താത്പര്യം, ആധിപത്യ സംവിധാനം എന്നിവയ്ക്ക് വിഘാതം വരുത്തുകയും ചെയ്യും.

3) ഇതിനു പുറമെ, ഭൂമിശാസ്ത്രപരമായ ആനുകൂല്യങ്ങള്‍ നിമിത്തം നേരിട്ടുള്ള ഊര്‍ജ്ജോത്പാദനത്തില്‍, ഏഷ്യന്‍, ആഫ്രിക്കന്‍, ലത്തീനമേരിക്കന്‍ രാജ്യങ്ങള്‍ മുന്നില്‍ വരികയും ആയത് ഫിനാന്‍സ് മൂലധനത്തിന്റെ, സാമ്രാജ്യത്വ ത്തിന്റെ, അധീശത്വ നയത്തിനും മേധാവിത്ത താത്പര്യങ്ങള്‍ക്കും എതിരാവുകയും ചെയ്യും.

4) ഇത്തരത്തിലുള്ള പരികല്‍പ്പനാപരമായ മാറ്റം പെട്രോളിയം കേന്ദ്രീകൃതമായ ഊര്‍ജ്ജ വ്യവസ്ഥയില്‍ നിന്ന് വിദ്യുത് കേന്ദ്രീകൃതമായ ഊര്‍ജ്ജ വ്യവസ്ഥയിലേക്ക് എന്ന നിലയിലുള്ള പുതിയ യുഗത്തിന്റെ പിറവിയും വളര്‍ച്ചയും സാധ്യമാക്കും. അത് പെട്രോ ഡോളറിന്റെ മേധാശക്തി ദുര്‍ബലമാക്കും.

 

ഈ പുതു യുഗസൃഷ്ടി സാധ്യമാകണമെങ്കില്‍ സാമ്രാജ്യത്വ ഫിനാന്‍സ് മൂലധന ശക്തികളോടും അവ ചെല്ലും ചെലവും നല്‍കി പോറ്റുന്ന പിണിയാള്‍ പരിഷകളോടും പൊരുതേണ്ടി വരും.

 

മേല്‍പ്പറഞ്ഞ വസ്തുത വൈദ്യുതിയുടെ ഉത്ഭവത്തിന്റേയും വളര്‍ച്ചയുടേയും വികാസത്തിന്റേയും ചരിത്രത്തിന്റെ വഴിത്താര തെളിയിക്കുന്നുണ്ട്. വൈദ്യുതിയുടെ ഉത്ഭവവും വളര്‍ച്ചയും ഉണ്ടായിട്ടും അന്തര്‍ ദഹന യന്ത്രം അഥവാ internal combustion engine-ഉം പെട്രോളിയവും നിലനിന്നു. ഇതിനു കാരണം പ്രധാനമായും ഓട്ടമൊബൈല്‍ വ്യവസായവും യുദ്ധോപകരണ വ്യവസായത്തിന്റേയും ഏവിയേഷന്‍ വ്യവസായത്തിന്റേയും വികാസവും വ്യാപനവുമാണ്. എന്നാല്‍, ഈ ഗതിയില്‍ നിന്ന് വ്യത്യസ്തമായി, വേഗതയുടേയും പരിപാലനത്തിന്റേയും നടത്തിപ്പ് ചെലവിന്റേയും ഭൂഖണ്ഡാന്തര മാസ്ട്രാന്‍സ്‌പോര്‍ട്ടിന്റേയും കാര്യത്തില്‍ സമഗ്ര സ്വഭാവത്തില്‍ റെയില്‍വേക്കുള്ള പ്രാധാന്യം മനസിലാക്കിക്കൊണ്ടാണ് സഖാവ് സ്റ്റാലിന്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് അമേരിക്കയിലേക്ക് റെയില്‍വേ പണിയാമെന്ന് നിര്‍ദ്ദേശം വച്ചത്. ആഗോള റെയില്‍വേ ആയിരുന്നു അദ്ദേഹം ലക്ഷ്യംവച്ചത്.

 

ഇന്ന് പ്രചാരമാര്‍ജ്ജിച്ചു വരുന്ന ‘മാഗ്ലെവ്’ (Maglev) അഥവാ കാന്ത ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന, ചക്രമില്ലാത്ത വാഹനം പഴയ ട്രെയിനിന്റെ ശാസ്ത്രവികാസം സംഭവിച്ച വാഹന രൂപമാണ്. പക്ഷെ, തികച്ചും വിപ്ലവകരമായ നൂതന സാങ്കേതിക വിദ്യയാണ് മാഗ്ലെവില്‍ ഉപയോഗിക്കുന്നത്. ഒരു അച്ചുതണ്ടിനു ചുറ്റും വിന്യസിച്ചിരിക്കുന്ന കറങ്ങുന്ന ഇലക്ട്രിക് മോട്ടോറിന് (Rotary Electric Motor) പകരം നീളത്തിലുള്ള ഇലക്ട്രിക് മോട്ടോര്‍ (Linear Electric Motor) ആണ് ഈ സാങ്കേതിക വിദ്യയുടെ ജനിതക രൂപം. ചക്രങ്ങളോ പാളമോ  വേണ്ടാത്തതിനാല്‍ ഘര്‍ഷണമില്ല. ഇക്കാരണം കൊണ്ടു തന്നെ ചെലവാകന്ന ഊര്‍ജ്ജത്തിന്റെ അളവ് വളരെ കുറയുന്നു. വായുമര്‍ദ്ദം കുറച്ചതോ പൂര്‍ണമായും വായുരഹിതമാക്കിയതോ ആയ ട്യൂബിലൂടെയാണ് ഓടിക്കുന്നത് എങ്കില്‍ വിമാനത്തേക്കാള്‍ വേഗത കൈവരിക്കാനാവുന്ന യാത്രാ മാധ്യമമാണ് മാഗ്ലെവ്. ഡിപ്രഷറൈസ്ഡ് ട്യൂബില്‍ മാഗ്ലെവിന്റെ പ്രവേഗം അഥവാ വെലോസിറ്റി മണിക്കൂറില്‍ 1000 കിലോമീറ്ററിനു മുകളിലാണ് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇപ്പോള്‍ തന്നെ മണിക്കൂറില്‍ 500 കി.മീ വേഗത ആര്‍ജ്ജിക്കാന്‍ ചൈനയിലെ മാഗ്ലെവ് ആയ ‘ട്രാന്‍സ്റാപ്പിഡി’ന് കഴിഞ്ഞിട്ടുണ്ട്. 600കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന മാഗ്ലെവ് ജപ്പാനില്‍ വികസിപ്പിച്ചെടുത്തിട്ടുമുണ്ട്. ചൈനയാണ് ഈ വാഹനം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്.

 

എന്തുകൊണ്ടാണ് ചൈനക്ക് മാത്രം മാഗ്ലെവുകള്‍ വ്യാപകമായി നടപ്പിലാക്കാനാവുന്നത്?പക്ഷേ മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന മാഗ്ലെവ് വികസിപ്പിച്ച ജപ്പാനില്‍ അത് വ്യാപക പ്രയോഗത്തിലേക്കെത്തിക്കാതിരിക്കുന്നതിന്റെ കാരണം എന്താണ്? അതിന് ജപ്പാനോ അമേരിക്കയോ തയ്യാറല്ല. കോസ്റ്റ് ഇഫക്റ്റീവ്‌നെസ് ആണ് അവര്‍ പറയുന്ന തടസ്സം. അത് ലാഭ നഷ്ടക്കണക്കിന്റെ വിഷയമാണ്. അങ്ങനെ, ഊര്‍ജ്ജ-ഇന്ധന മേഖലയിലെ പെട്രോളിയത്തിന്റെ ഭരണം ഇല്ലാതാക്കാന്‍ വഴി തുറക്കുന്ന, വൈദ്യുതി കേന്ദ്രീകൃതമായ ഗതാഗത വ്യവസ്ഥ സൃഷ്ടിക്കുന്ന, മാഗ്ലെവ് സാങ്കേതിക വിപ്ലവം മുതലാളിത്തത്തിന്റെ ലാഭനഷ്ടക്കണക്കിന്റെ വലയില്‍പ്പെട്ട് വലയുകയാണ്.

 

 

സോവിയറ്റ് യൂണിയന്‍ വൈദ്യുതീകരണവും റെയില്‍വേ വികാസവും നേടിയതും ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ അത് അര നൂറ്റാണ്ടോളം സഹായിച്ചതും ലാഭ നഷ്ടക്കണക്കിലല്ല. വൈമാനിക ശാസ്ത്രത്തിന്റെയും ബഹിരാകാശ ശാസ്ത്രത്തിന്റെയും കാര്യങ്ങളില്‍ സോവിയറ്റ് യൂണിയന് മുന്നാക്കം നില്‍ക്കാനായതും ലാഭനഷ്ടം നോക്കിയുള്ള വികസന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ചലിച്ചതുകൊണ്ടല്ല; മറിച്ച്, ലാഭനഷ്ടക്കണക്കിന്റെ കാഴ്ചപ്പാടിനെ മറികടന്നതുകൊണ്ടാണ്.

 

ബൂര്‍ഷ്വാസി പോലും അതിന്റെ യൌവനകാലത്ത് തന്ത്രപ്രധാനമായ നിര്‍മ്മാണ നിക്ഷേപങ്ങള്‍ നടത്തുന്നതിന് ലാഭനഷ്ട ചിന്ത മാറ്റി വച്ചിരുന്നു. 20ാം നൂറ്റാണ്ടിന്റെ പിറവിക്കാലത്ത് ഫിനാന്‍സ് മൂലധന ശക്തിയി മാറിയ ബൂര്‍ഷ്വാസിക്ക് ആ താത്പ്പര്യം നഷ്ടമായി. അടുത്ത ഡോസ് എവിടെ നിന്നുകിട്ടും എന്ന് ഒരു LSD അടിമ ചിന്തിക്കുന്ന ഹൃസ്വദൃഷ്ടിയോടെയും ഭ്രാന്തന്‍ ചോദനയോടെയുമാണ് ഫിനാന്‍സ് മൂലധനം ഇന്ന് ലാഭത്തെക്കുറിച്ചുപോലും ചിന്തിക്കുന്നത്. അങ്ങനെ മാത്രമെ, ഫിനാന്‍സ് മൂലധനത്തിനും അതിന്റെ ബാധകയറിയവര്‍ക്കും ചിന്തിക്കാനും കാണാനുമാവൂ. ഇതാണ് സാമ്രാജ്യത്വത്തിന്റെ പരികല്‍പ്പനാപരമായ ദാരിദ്ര്യം.

 

സാമ്രാജ്യത്വത്തിന്റെ ലാഭത്തില്‍ സൃഷ്ടിക്കുന്ന വികലമായ പരികല്‍പ്പന ‘മഹാ പുരോഗതിയാണ്’ എന്ന മട്ടിലാണ് ഇന്ത്യയിലെ ഭരണവര്‍ഗ്ഗവും പല സാങ്കേതിക വിദഗ്ദരും. മാഗ്ലെവിനെപ്പോലെ ഊര്‍ജ്ജക്ഷമതയും വേഗതയും കൂടുതലുള്ള നൂതന ഗതാഗത സംവിധാനം ജപ്പാന്‍ വികസിപ്പിക്കുമ്പോള്‍ അവര്‍ ഒഴിവാക്കാനാഗ്രഹിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ ടെക്നോളജി ഇന്ത്യയിലേക്ക് വാങ്ങിക്കൊണ്ടു വരികയാണ് നരേന്ദ്ര മോദി. പഴയ, മാഗ്ലെവിനെ അപേക്ഷിച്ച് ഊര്‍ജ്ജച്ചെലവ് കൂടിയ, ബുള്ളറ്റ് ട്രെയിന്‍ നമുക്ക് വില്‍ക്കുമ്പോള്‍ അതിന്റെ വരവുപയോഗിച്ച് ജപ്പാന്‍ സ്വന്തം നാട്ടില്‍ മാഗ്ലെവ് സ്ഥാപിച്ച് വ്യാപിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കും. സാമ്രാജ്യത്വ ‘വികസന’ പരിപ്രേക്ഷ്യത്തോടുള്ള ദാസ്യമാണ് വളര്‍ച്ചാ പഥത്തില്‍ ഈ അപവര്‍ത്തനമുണ്ടാക്കുന്നത്. 

 

സോഷ്യലിസത്തെ, അതിന്റെ ഭൂതകാല മാതൃകകള്‍ മാത്രം ചൂണ്ടിക്കാട്ടി അപഹസിക്കുകയും ‘ഞങ്ങളുടെ വിമര്‍ശത്തിന്റെ യുക്തി കണ്ടോ’ എന്ന് മേനി നടിക്കുകയും ചെയ്യുന്ന ഈ സാമ്രാജ്യത്വ ക്ലബ്ബിന് പരികല്‍പ്പനാപരമായ സ്വന്തം പരിമിതികള്‍ കാണാനാവുകയില്ല. സോഷ്യലിസ്റ്റ് തിരിച്ചടിയെപ്പറ്റി ആത്മവിമര്‍ശം നടത്തുമ്പോഴും സോഷ്യലിസത്തിന്റെ മേല്‍പ്പറഞ്ഞ നൂതനചാലകസ്വഭാവഗുണത്തെ നാം എല്ലാറ്റിനും മുകളില്‍ വിലമതിക്കണം. പുത്തന്‍ ഊര്‍ജ്ജ യുഗ സൃഷ്ടിക്കും ഈ സ്വഭാവഗുണത്തിനു തന്നെയാണ് മുഖ്യ രചനാശക്തിയായി വര്‍ത്തി ക്കാനാവുക.

 

(സി.പി.ഐ (എം.എല്‍) റെഡ്ഫ്ലാഗിന്റെ സെന്‍ട്രല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍