TopTop
Begin typing your search above and press return to search.

ഗുജറാത്തില്‍ ദളിത് പീഡനങ്ങള്‍ തുടരുന്നു, അത് ഉനയില്‍ അവസാനിക്കുന്നില്ല...

ഗുജറാത്തില്‍ ദളിത് പീഡനങ്ങള്‍ തുടരുന്നു, അത് ഉനയില്‍ അവസാനിക്കുന്നില്ല...

ഗുജറാത്തില്‍ ദളിത് പീഡനങ്ങള്‍ തുടരുന്നു. അഹമ്മദാബാദിന് സമീപം ഉനയില്‍ ഗോവധം നടത്തിയെന്ന് ആരോപിച്ച് ചത്തപശുവിന്റെ തോലുരിഞ്ഞ ഏഴ് ദളിത് യുവാക്കളെ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയ സംഭവം സംസ്ഥാനത്താകെ വലിയ ജനകീയ പ്രതിഷേധത്തിന് തീ പകര്‍ന്നിരുന്നു. ദേശീയതലത്തില്‍ തന്നെ ബിജെപിക്കെതിരെ പ്രതിഷേധം ശക്തമായി. ഗോരക്ഷകര്‍ക്കെതിരെ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. എന്നാല്‍ ഗുജറാത്തില്‍ ഇക്കാര്യത്തില്‍

ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ദളിത് പീഡനം നിര്‍ബാധം തുടരുകയാണ്.

ഡിസംബര്‍ 12ന് ഗിര്‍ സോംനാഥ് ജില്ലയില്‍ ദളിത് - വിവരാവകാശ പ്രവര്‍ത്തകന്‍ മഹേഷ് മക്വാന (35) ആക്രമിക്കപ്പെട്ടു. ഒരു ചന്തയില്‍ വച്ചാണ് ക്രൂരമായ മര്‍ദ്ദനത്തിന് മഹേഷ് ഇരയായത്. അനധികൃത മണലെടുപ്പും ഖനനങ്ങളുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷകളാണ് പ്രകോപനമായത്. നേരത്തെ അഞ്ച് തവണ മഹേഷ് ആക്രമിക്കപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ആദ്യം പൊലീസ് കേസെടുക്കാന്‍ വിസമ്മതിക്കുകയാണുണ്ടായത്. ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയതിനും നടപടി ആവശ്യപ്പെട്ട് ദളിത് നേതാവ് ജിഗ്നേഷ് മേവാനി രംഗത്തെത്തിയതിനും ശേഷമാണ് പൊലീസ് കേസെടുത്തത്. ജുനഗഡിലെ ബിജെപി മുന്‍ എംപി ദിനു സോളങ്കിക്കെതിരെ തിരിഞ്ഞതാണ് തനിക്കെതിരായ ആക്രമണത്തിന് കാരണമെന്ന് മഹേഷ് മക്വാന പറയുന്നു. മേഖലയിലെ ഖനനം മുഴുവന്‍ ദിനു സോളങ്കിയുടെ നിയന്ത്രണത്തിലാണ്. പരിസ്ഥിതി പ്രവര്‍ത്തകന്‍ അമിത് ജേത്വയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദിനു സോളങ്കിയെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്് ഷായുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് ദിനു സോളങ്കി. മെഹ്‌സാന ജില്ലയിലെ മേമദ്പൂര്‍ ഗ്രാമത്തില്‍ കൊമ്പന്‍ മീശ വളര്‍ത്തിയതിനും അത് പിരിച്ച് വച്ചതിനും മഹേഷ് പാര്‍മര്‍ (24) എന്ന ദളിത് യുവാവിനെ ദാര്‍ബാര്‍ സമുദായത്തില്‍ പെട്ടവര്‍ മര്‍ദ്ദിച്ചിരുന്നു. മഹേഷിന്റെ വീട്ടില്‍ ചെന്ന് സഹോദരന്‍ നരേഷിനേയും മുത്തശ്ശിയേയും ഇവര്‍ മര്‍ദ്ദിച്ചിരുന്നു. വൃദ്ധയായ സ്ത്രീയുടെ കാലൊടിയുകയും ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയതിരുന്നു.

ഉനയിലെ തന്നെ ഉഗാല ഗ്രാമത്തില്‍ ഡിസംബര്‍ 25ന് ഗര്‍ഭിണിയായ ദളിത് യുവതിയേയും ഭര്‍ത്താവിനേയും ഭാര്‍വാഡ് സമുദായത്തില്‍ പെട്ട ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. രേഖ ബെന്നും (30) ഭര്‍ത്താവ് ബാബുഭായ് സംഘാതുമാണ് (35) മര്‍ദ്ദനത്തിന് ഇരയായത്. പൈപ്പുകളും വടികളും കൊണ്ടാണ് ഇവരെ ആക്രമിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്ന രേഖാ ബെന്നിന്റെ കാലുകള്‍ക്കും തോളിനും പരിക്കേറ്റു. ബാബുഭായ്ക്കും മുഖത്തും കാലുകളിലും പരിക്കേറ്റു. 2016 ജൂലായില്‍ ദളിത് യുവാക്കള്‍ മര്‍ദ്ദനത്തിനിരയായ മോട്ട സമദ്ധ്യാല ഗ്രാമത്തിന് അടുത്താണ് ഈ സംഭവം നടന്നത്. ദമ്പതികളുടെ വയലില്‍ ഭാര്‍വാഡ് സമുദായക്കാരുടെ പശുക്കളെ മേയാന്‍ അനുവദിക്കാത്തതാണ് അവരെ പ്രകോപിപ്പിച്ചത്. വിള തിന്ന് നശിപ്പിക്കുകയായിരുന്ന പശുക്കളെ ബാബുഭായ് ആട്ടിയോടിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജാതി അധിക്ഷേപങ്ങളും അസഭ്യ വാക്കുകളുമായി പശുക്കളുടെ ഉടമസ്ഥര്‍ രംഗത്തെത്തി. ഇതില്‍ പ്രതിഷേധിച്ചപ്പോള്‍ ഇരുവരേയും മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

നാഷണല്‍ ക്രൈ റെക്കോഡ്‌സ് ബ്യൂറോ, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസിലെ എസ് സി - എസ് ടി സെല്‍, സന്നദ്ധ സംഘടനയായ നവസര്‍ജന്‍ ട്രസ്റ്റ് എന്നിവയുടെ കണക്ക് പ്രകാരം ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. 2012ല്‍ 1074 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2015ല്‍ ഇത് 6655 ആയി ഉയര്‍ന്നു. കൊലപാതകം, ബലാത്സംഗം, ഊര് വിലക്ക്, മര്‍ദ്ദനം, വധഭീഷണി എന്നിവയെല്ലാം അടക്കമുള്ള സംഭവങ്ങളാണിവ. വിവരാവകാശ പ്രകാരം നവസര്‍ജന്‍ ട്രസ്റ്റിന് ലഭിച്ച കണക്കുകള്‍ പറയുന്നത് 45 ദളിത് സ്ത്രീകള്‍ ഓരോ വര്‍ഷവും ബലാത്സംഗം ചെയ്യപ്പെടുന്നതായും 20 ദളിത് പുരുഷന്മാര്‍ കൊല്ലപ്പെടുന്നതായുമാണ്. ഗുജറാത്തിലെ 110 ഗ്രാമങ്ങളില്‍ ജാതീയമായ വിലക്കുകളെ തുടര്‍ന്ന് ദളിതര്‍ ഗ്രാമം വിട്ടുപോകാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. 100 ഗ്രാമങ്ങളില്‍ പൊലീസ് സംരക്ഷണയിലാണ് ദളിതര്‍ കഴിയുന്നത്.

വായനയ്ക്ക്: https://goo.gl/HR0GRc


Next Story

Related Stories