UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിശാഖ് ശങ്കര്‍

ന്യൂസ് അപ്ഡേറ്റ്സ്

ദളിത് വംശീയ നിർമാർജ്ജനം: ഒരു സി പി ഐ എം രഹസ്യ അജണ്ട

സാംസ്‌കാരിക നവോത്ഥാനത്തോടെ നമ്മുടെ സമൂഹത്തില്‍നിന്ന് ജാതീയതയും ആണ്‍കോയ്മയും അന്യമതവിദ്വേഷവുമൊക്കെ പൂര്‍ണ്ണമായി ഇല്ലാതെയായി എന്ന അവകാശവാദം ആരുന്നയിച്ചാലും അതില്‍ അര്‍ത്ഥമില്ല. എന്നാല്‍ അങ്ങനെ ഒരു നവോത്ഥാനമേ നടന്നിട്ടില്ല എന്നും, അതിന്റെ ഒരു പ്രതിഫലനം സമൂഹത്തില്‍ ഉണ്ടായിട്ടില്ല എന്നുമുള്ള വാദവും മേല്‍പ്പറഞ്ഞതുപോലെ മറ്റൊരു അസംബന്ധം മാത്രമാണ്. ആദ്യത്തേത് ഒരുതരം കാല്‍പ്പനിക ഗൃഹാതുരത്വമാണെങ്കില്‍ രണ്ടാമത്തേത് ചരിത്രനിരപേക്ഷമായ ഒരു തരം നിഷേധവാദവും. ഇതിനിടയിലാണ് സത്യം. അത് വിരല്‍ ചൂണ്ടുന്നത് പ്രത്യക്ഷമായ അയിത്താചാരങ്ങള്‍ കഴിഞ്ഞുവെങ്കിലും ആ മനോഭാവത്തിന്റെ സൂക്ഷ്മമായ പരോക്ഷ സ്വാധീനങ്ങള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍, സംസ്‌കാരത്തില്‍ ശ്രേണീവല്‍കൃതമായി വിതരണം ചെയ്യപ്പെട്ട് കിടക്കുന്നു എന്നുതന്നെയാണ്.
 
സ്വാഭാവികമായും അതിന്റെ പ്രതിഫലനങ്ങള്‍ ഈ സമൂഹത്തില്‍ ഉടലെടുത്ത ഓരോ ബഹുജന സംഘടനയിലും പ്രസ്ഥാനങ്ങളിലും കണ്ടെത്താനാവും. ഇവിടെ വ്യത്യാസം ആനുപാതികം മാത്രമാണ്. എന്നാല്‍ രാഷ്ട്രീയമായ തിരഞ്ഞെടുപ്പുകളില്‍ ഈ ആനുപാതിക വ്യത്യാസം നിര്‍ണ്ണായകമാണ് താനും. അതിവൈകാരികമായ പ്രതികരണങ്ങള്‍ ഈ നിര്‍ണ്ണായകമായ വ്യത്യാസവും അതിന്റെ വര്‍ത്തമാനവും ചരിത്രപരവുമായ വിവക്ഷകളും പലപ്പോഴും കാണാതെ പോകുന്നു. സംഭവങ്ങളെ അവയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളെ മാറ്റിനിര്‍ത്തി വിശകലനം ചെയ്യുമ്പോള്‍ സംഭവിക്കുന്നത് ആ കാരണങ്ങളുടെ തമസ്‌കരണമാണ്. അത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളാകട്ടെ നമ്മുടെ ചരിത്രത്തെ തന്നെ ഗതിമാറ്റിവിടാന്‍ പോന്നത്ര ശക്തവും.
 
ദളിത് പ്രശ്‌നം
നമ്മുടെ സാംസ്‌കാരിക നവോത്ഥാനത്തിനും അവയുടെ തുടര്‍ച്ച അവകാശപ്പെടുന്ന ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ദളിത് പ്രശ്‌നത്തെ നേരിടുന്നതില്‍ പിഴവുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ആ പിഴവുകളെ അവ സാധ്യമാക്കിയ പരിമിതമെങ്കില്‍ പരിമിതമായ മുന്നേറ്റങ്ങള്‍ ഉള്‍പ്പെടെ ചരിത്രനിരപേക്ഷമായി വിശകലനം ചെയ്ത് തള്ളിക്കളഞ്ഞുകൊണ്ട് ഒരു പ്രതിരോധത്തിനും മുന്നോട്ട് പോകാനാവില്ല. അങ്ങനെ ചെയ്താല്‍ അവര്‍ ചെയ്യുന്നത് തങ്ങളുടെ ചരിത്രത്തിന്റെ കൂടി നിഷേധമായിരിക്കും. കാലം ഒരു തുടര്‍ച്ചയായിരിക്കുന്നിടത്തോളം അതിന്റെ രേഖയായ ചരിത്രത്തിനും അങ്ങനെയാകാനേ കഴിയൂ. കാലത്തില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും സാധ്യമല്ല, ചരിത്രത്തില്‍ സാധ്യമാണ്.
 
നാം ചര്‍ച്ച ചെയ്യുന്ന സാംസ്‌കാരിക നവോത്ഥാനം നാരായണഗുരുവില്‍ തുടങ്ങി ഭൂപരിഷ്‌കരണത്തില്‍ അവസാനിക്കുന്ന ഒരു അടഞ്ഞ പുസ്തകമല്ല. അതില്‍ അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനും കണ്ഠന്‍ കുമാരനും ആര്യാട് ഊപ്പയും സഹോദരന്‍ അയ്യപ്പനും പൊയ്കയില്‍ അപ്പച്ചനും മക്തി തങ്ങളും ഒക്കെ ചേര്‍ന്ന് നയിച്ച പല ധാരകളുണ്ട്. സാംസ്‌കാരിക നവോത്ഥാനം സാദ്ധ്യമാക്കി എന്ന് പറയപ്പെടുന്ന സാമൂഹ്യ പരിഷ്‌കാരങ്ങളുടെ അത്തരം ഒരു ചരിത്രത്തെ വര്‍ത്തമാനത്തില്‍ നിന്ന് സമീപിക്കുമ്പോള്‍ തെളിഞ്ഞുവരുന്ന പോരായ്മകളുടെ അടിസ്ഥാനത്തില്‍ അതിനെ തള്ളിക്കളയുകയും ആ പ്രസ്ഥാനം പൂര്‍ണ്ണമായും വ്യാജമായിരുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്നത് ആ വാദത്തിനൊപ്പം ഈ മനുഷ്യരും, അവര്‍ പ്രതിനിധാനം ചെയ്ത സ്വത്വവിഭാഗങ്ങളും അവരുടെ ഏജന്‍സിയും കൂടി വ്യാജമാക്കപ്പെടുന്നു എന്നതാണ്.
 
അത്തരം ഒരു നവോത്ഥാനത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് രാഷ്ട്രീയ തലത്തില്‍ ഉയര്‍ന്നുവന്ന ഇടത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിലനിന്നതും വളര്‍ന്നതും ആ സമൂഹത്തിലെ പാര്‍ശ്വവല്‍കൃതരുടെ ഇടയില്‍, അവരുടെ മനുഷ്യവിഭവശേഷിയുടെ തണലില്‍ ആയിരുന്നു. പക്ഷേ കേരളീയവും ഭാരതീയവുമായ അസമത്വങ്ങളുടെ കാരണം സമ്പത്ത് മാത്രമല്ല, അതിന് പിന്നില്‍ ജാതിവ്യവസ്ഥ എന്ന തനതായ വിശകലനം ആവശ്യപ്പെടുന്ന സവിശേഷപ്രശ്‌നമാണെന്ന് അവര്‍ക്ക് കാണാനായില്ല. വര്‍ഗ്ഗസമരത്തോടെ ഒരു ജാതിരഹിത, മതരഹിത, വര്‍ഗ്ഗരഹിത സമൂഹം നിലവില്‍ വരുമെന്നും അതില്‍ നിന്ന് ആണ്‍കോയ്മയുടെയും ദളിത് വിരുദ്ധതയുടെയും അന്യമതവിരുദ്ധതയുടേതുമായ എല്ലാ പ്രശ്‌നങ്ങളും സ്വയം ഇല്ലാതാകുമെന്നുമുള്ള യാന്ത്രികമായ ഒരുതരം പാഠപരതയാവാം അംബേദ്കറെ പോലെയുള്ളവര്‍ അന്നേ ഉന്നയിച്ച വിമര്‍ശനങ്ങളെ വേണ്ടത്ര ഗൗരവത്തില്‍ എടുക്കാന്‍ അന്നത്തെ പാര്‍ട്ടിക്ക് തടസ്സമായത്.
 
ഇങ്ങനെ ഒരു പിഴവ് നിലനില്‍ക്കുമ്പോഴും ജാതീയവും ലിംഗപരവും മതപരവുമായ അസമത്വങ്ങളും അനീതികളും ഇല്ലാതാകേണ്ടവയാണ് എന്ന കാര്യത്തില്‍ ഇടത് രാഷ്ട്രീയത്തിന് സംശയമേ ഉണ്ടായിരുന്നില്ല. തര്‍ക്കം രീതിശാസ്ത്രബന്ധിയായ മുന്‍ഗണനാ ക്രമത്തിലായിരുന്നു എന്ന് ചുരുക്കം. എന്നാല്‍ ഇതേ കാലത്ത് നിലനിന്നിരുന്ന ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളായ കോണ്‍ഗ്രസ്സിനും സംഘപരിവാറിനും അങ്ങനെ ഒരു വ്യക്തത ഉണ്ടായിരുന്നുവോ? പലപ്പോഴും പ്രത്യക്ഷമായി തന്നെ മനുസ്മൃതിയെ ആധാരഗ്രന്ഥമായി അംഗീകരിച്ചിരുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന് ജാതിവ്യവസ്ഥ നിലനില്‍ക്കേണ്ടതാണെന്ന കാര്യത്തില്‍ സംശയമേ ഇല്ലായിരുന്നു. കോണ്‍ഗ്രസ്സാകട്ടെ നെഹ്‌റൂവിയന്‍ സോഷ്യലിസത്തിന്റെ ഒരു ധാര ശക്തമായി നിലനില്‍ക്കുമ്പോള്‍ തന്നെ ഹിന്ദുത്വവാദത്തിന്റെ അന്തര്‍ധാരകള്‍ നിലനിന്നിരുന്ന, അതുകൊണ്ടുതന്നെ ഈ വിഷയങ്ങളില്‍ അടിമുടി വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഒരു രാഷ്ട്രീയ പ്രസ്ഥാനവും.

ജനാധിപത്യ കമ്യൂണിസ്റ്റ് ഭരണകൂടം
ലോകത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് ഭരണകൂടം ഇ എം എസ്സിന്റേതാണോ എന്ന കാര്യത്തില്‍ ഇന്ന് തര്‍ക്കമുണ്ട്. അത് അവിടെ നില്‍ക്കട്ടെ. 1957-ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ പിന്നോക്ക വിഭാഗത്തില്‍ പെട്ട ഗൗരിയമ്മയും ദളിതനായ ചാത്തന്‍ മാസ്റ്ററും മന്ത്രിമാരായിരുന്നു. ടി എ മജീദ്, ടി വി തോമസ് തുടങ്ങിയവരിലൂടെ മറ്റ് പ്രമുഖ മതങ്ങളുടെ പ്രാതിനിധ്യവും ഉണ്ടായിരുന്നു. ഗൗരിയമ്മ മന്ത്രിയായത് സ്ത്രീയായതുകൊണ്ടോ ചാത്തന്‍ മാസ്റ്റര്‍ മന്ത്രിയായത് ദളിതനായതു കൊണ്ടോ ആയിരുന്നില്ല, ആ സഖാക്കളുടെ ഭരണനൈപുണ്യത്തില്‍ പാര്‍ട്ടിക്ക് വിശ്വാസമുള്ളതു കൊണ്ടായിരുന്നു എന്നത് മറ്റൊരു വസ്തുത. പക്ഷേ അപ്പോഴും മുഖ്യപ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ്സിന്റെ ഈ വിഷയങ്ങളിലുള്ള ദര്‍ശനവും ഉള്‍ക്കാഴ്ചയും ഈ മന്ത്രിസഭ നിലവില്‍ വന്ന് ഏതാണ്ട് രണ്ട് കൊല്ലത്തിനുള്ളില്‍ നടന്ന വിമോചന സമരകാലത്ത് തെരുവില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങളില്‍ നിന്ന് മനസിലാക്കാം.

 
‘പാളേക്കഞ്ഞി കുടിപ്പിക്കും
തമ്പ്രാനെന്നു വിളിപ്പിക്കും’
 
‘ചാത്താന്‍ പൂട്ടാന്‍ പോകട്ടെ
ചാക്കോ നാടു ഭരിക്കട്ടെ’ 
 
‘വിക്കാ ഞൊണ്ടീ ചാത്താ നിങ്ങളെ
മുക്കിക്കൊല്ലും കട്ടായം’
 
‘ശവം വേണ്ടുവോളം തിന്നോ ശങ്കരാ
ബാക്കി വീട്ടിലേക്ക് കെട്ടിക്കോ മേനനേ
ചോര കുട്ടിച്ചാത്തന്നു നല്‍കണം’
 
ഈ മൂന്ന് മുദ്രാവാക്യങ്ങളും കേന്ദ്രീകരിക്കുന്നത് ഒരു സ്വയംഭരണ വകുപ്പ് മന്ത്രിയിലേക്കോ അയാളുടെ രാഷ്ട്രീയത്തിലേക്കോ അല്ല, ജാതിയിലേക്കാണ്. ഇതുപോലെ എത്രയോ വേറെ. നാട് ഭരിക്കാന്‍ കണ്ട ചോത്തിയേയും ദളിതനെയും ഒക്കെ ഏല്‍പ്പിച്ച സ്വത്വവഞ്ചകരായ നമ്പൂരിയോടും മേനോനോടും ഉണ്ട് തീര്‍ച്ചയായും അമര്‍ഷം. തീരുന്നില്ല.
 
‘ഗൗരിച്ചോത്തീടെ കടി മാറ്റാന്‍
കാച്ചിയതാണീ മുക്കൂട്ട്.’
 
പെണ്ണൊക്കെ ഭരിക്കാന്‍ ഇറങ്ങുന്നത് കടി മാറാത്ത കേടു കൊണ്ടാണെന്ന് പരസ്യമായി തെരുവില്‍ വിളിച്ചു പറഞ്ഞ ചരിത്രമുള്ള ഒരു പ്രസ്ഥാനത്തോടാണ് കോണ്‍ഗ്രസ്സുകാരായ ബിന്ദുകൃഷ്ണയെ പോലുള്ള വനിതകള്‍ സ്ത്രീപ്രതിനിധാനത്തിന്റെ കാര്യത്തിലെങ്കിലും ഇടതുപക്ഷത്തെ മാതൃകയാക്കണമെന്ന് അപേക്ഷിക്കുന്നത്! അവര്‍ പറയാതെ പറയുന്ന മറുപടി എന്തെന്ന് വ്യക്തമല്ലേ.
 
സി പി ഐ എമ്മിന്റെ ദളിത്, സ്ത്രീ വിരുദ്ധതകള്‍…
ഇത്തരം ഒരു പാരമ്പര്യമുള്ള കെ പി സി സിയാണ് ഇന്ന് സി പി എമ്മില്‍ സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയും ആരോപിക്കുന്നത്. ആ ആരോപണമാണ് പല സംസ്ഥാനങ്ങളിലായി ദളിതരെ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ചുട്ടുകൊന്ന പാരമ്പര്യമുള്ള സംഘപരിവാരം ഏറ്റെടുക്കുന്നത്. ഇതൊക്കെ തന്നെയാണ് നമ്മുടെ വലത് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ തഞ്ചത്തില്‍ സ്ഥിരീകരിച്ച് കൊടുക്കുന്നതും.
ചിത്രലേഖാ സംഭവം മുതല്‍ ഏതാനും ദിവസം മുമ്പ് തലശ്ശേരിയില്‍ നടന്ന സംഭവം വരെ അവയുടെ സ്ഥല, കാല ബന്ധിയായ കാര്യകാരണങ്ങളുടെ വിശദാംശങ്ങളൊക്കെ ചോര്‍ത്തി ഒറ്റതിരിച്ചെടുത്ത് വിശകലനം ചെയ്ത് സി പി ഐ എമ്മിന് ഔദ്യോഗികമായിത്തന്നെ എന്തോ ദളിത്, സ്ത്രീ വിരുദ്ധ അജണ്ടകള്‍ നടപ്പിലാക്കാന്‍ ഉണ്ട് എന്ന നിലയില്‍ മുന്നോട്ട് വയ്ക്കാന്‍ ശ്രമിക്കുന്ന വലത് സംഘടനകളുടെയും മാധ്യമങ്ങളുടെയും ആട്ടിന്‍തോല്‍ അത്ര അതാര്യമൊന്നുമല്ല. പക്ഷെ പ്രശ്‌നം ഈ അജണ്ടകള്‍ കാണാതെ വാര്‍ത്തകള്‍ മാത്രം മുഖവിലയ്‌ക്കെടുത്ത് നിഗമനങ്ങളില്‍ എത്തിച്ചേരുന്ന നിഷ്‌കളങ്കരായ ആദര്‍ശവാദികളെ എങ്ങനെ ഇത് ബോധ്യപ്പെടുത്തും എന്നതാണ്.
 
കേരളത്തിലെ ദളിത് സമൂഹത്തില്‍ ഭൂരിപക്ഷവും പിന്തുണയ്ക്കുന്നത് ഇടതുപക്ഷത്തെയാണ് എന്നത് ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് വിവിധ മാധ്യമങ്ങള്‍ പുറത്ത് വിട്ട പ്രീപോള്‍ സര്‍വേകള്‍ സാക്ഷ്യപ്പെടുത്തുന്നു. ചിത്രലേഖയെ വിലക്കി എന്ന് പറയപ്പെടുന്ന ഓട്ടൊ സ്റ്റാന്‍ഡില്‍ ചിത്രലേഖ പ്രതിനിധീകരിക്കുന്ന അതെ സമുദായത്തില്‍ പെട്ട നിരവധി സി പി ഐ എംകാര്‍ ഓട്ടോ ഓടിക്കുന്നുണ്ട്. തലശ്ശേരി സംഭവത്തില്‍ റിമാണ്ട് ചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ വീട് ആക്രമിച്ച കേസില്‍ അകത്ത് കഴിയുന്ന സി പി ഐ എംകാരില്‍ അതേ സമുദായത്തില്‍ പെട്ട ദളിതരുണ്ട്. അവരില്‍ ഒരാള്‍ ആ പെണ്‍കുട്ടികളുടെ ബന്ധുവാണ്. അപ്പോള്‍ പിന്നെ അത് എങ്ങനെ ദളിത് പീഢനമാകും? വാദിയും പ്രതിയും ദളിതരാണെങ്കില്‍ ആ കേസ് ദളിത് പീഢന നിരോധന വകുപ്പിന്റെ പരിധിയില്‍ പെടുത്താനാവില്ല എന്ന് നിയമവും പറയുന്നു. ഇടത് വിരോധത്തിന്, അതിന്റെ പ്രച്ഛന്ന രൂപങ്ങള്‍ക്ക് ഇതൊന്നും പക്ഷെ പ്രശ്‌നമല്ല.
 
ചില നിഷ്പക്ഷ ലക്ഷ്യങ്ങള്‍
കാര്യം ഇതൊക്കെയാണെങ്കിലും ‘നിഷ്പക്ഷ’ മാധ്യമങ്ങളും വലത് പൊതുബോധവും പറയും, പാര്‍ട്ടി രേഖയില്‍ ഇല്ലെന്നേ ഉള്ളു, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമൊന്നുമല്ല, ദളിത് നിര്‍മ്മാര്‍ജ്ജനമാണ് സി പി ഐ എമ്മിന്റെ മുഖ്യ അജണ്ടയെന്ന്! ഇവരുടെ അത്ര ബുദ്ധി ഇല്ലാത്തതിനാലാവും ഇന്നും സി പി ഐ എമ്മിനെ പിന്തുണയ്ക്കുന്ന ദളിത് വിഭാഗത്തിലെ ബഹുഭൂരിപക്ഷത്തിനും അത് പക്ഷേ മനസിലാകുന്നുമില്ല. മുട്ടിന് മുട്ടിന് ഏജന്‍സി എന്നൊക്കെ പറയുമെങ്കിലും സി പി ഐ എം പക്ഷത്ത് നില്‍ക്കുന്ന ദലിതരുടെ കാര്യത്തില്‍ ഈ വിമര്‍ശകര്‍ക്ക് ഏജന്‍സിയും വിഷയമല്ല.
 
അതായത് വളച്ചുകെട്ടാതെ പറഞ്ഞാല്‍ ഇവരുടെ പ്രശ്‌നം ദളിത് പീഢനമൊ, ചെറുത്ത് നില്‍പ്പോ ഒന്നുമല്ല, ആ സമൂഹങ്ങളുടെ രാഷ്ട്രീയ പ്രതിനിധാനവും അതിലൂടെ ലഭിക്കുന്ന അധികാരവുമാണ്. അതിലും തെറ്റില്ല, അത് അവരെയെങ്കിലും ബോധ്യപ്പെടുത്തി വേണ്ടേ? അതിന് ഇത്തരം അസത്യങ്ങളെയും അര്‍ദ്ധസത്യങ്ങളെയും കൂട്ട് പിടിക്കണോ?
 
ചിലപ്പോ ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്നതായിരിക്കും. ആര്‍ക്കറിയാം!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍