TopTop
Begin typing your search above and press return to search.

സിനിമാക്കാര്‍ പ്രതികരിക്കട്ടെ; മിനിമം, അവര്‍ക്കു വേണ്ടിയെങ്കിലും

സിനിമാക്കാര്‍ പ്രതികരിക്കട്ടെ; മിനിമം, അവര്‍ക്കു വേണ്ടിയെങ്കിലും

ചില കാര്യങ്ങൾ നമ്മൾ ലാഘവ ബുദ്ധിയോടെ കാണുന്നു, മറ്റു ചിലതിനെ നമ്മൾ പെരുപ്പിച്ചു കാണിക്കുന്നു എന്ന ചിന്ത ഇന്ത്യയിലെ എന്നല്ല ലോകത്താകമാനം ഉള്ള കനം കുറഞ്ഞ ചിന്തകളിൽ ഒന്നാണ്. അവർ പണ്ടും ഇന്നും സ്ത്രീ സംബന്ധിയായ പ്രശ്നളിൽ തികഞ്ഞ ഉദാസീനത കാട്ടുന്നതും അത്ര പുതിയ കാര്യമൊന്നുമല്ല.

സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ചും അവളുടെ സുരക്ഷയെക്കുറിച്ചും വാഗ്ധോരണികൾ മുഴക്കുന്നവരിൽ ചിലരെങ്കിലും അവളുടെ സ്വകാര്യതകളിലേക്ക് നുഴഞ്ഞു കയറി തന്‍കാര്യം നേടാൻ ഉള്ളിന്റെ ഉള്ളിലെങ്കിലും ചില സ്വകാര്യ സ്വപ്ങ്ങളും ചിന്തകളും സൂക്ഷിക്കുന്നവരാണ്. അതിനവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല. വിശുദ്ധ പുസ്തകങ്ങൾ (അവ ഏതുമാകട്ടെ) പെണ്ണിനും മുകളിലായി ആണിനെ അടയാളപ്പെടുത്തുകയും ആണിനെ കരുത്തിന്റെ ആൾരൂപമായും പെണ്ണിനെ അമ്മയായും ഭാര്യയായും മകളായും ഒക്കെ വിഭാവനം ചെയ്യുമ്പോഴും പുരുഷന്, കൊള്ളാവുന്ന ഏതു പെണ്ണിനേയും ഭോഗിക്കാനുള്ള അനുമതിയും കല്പിച്ചു നൽകുന്നുണ്ട്. ഇക്കാലത്തും ജാതി-മത-വർണ-ദേശ വ്യത്യാസമില്ലാതെ പെണ്ണിന് നിയന്ത്രണ രേഖകൾ വരക്കുന്ന മതപണ്ഡിതരും ഒരേ ഒരു കാര്യത്തിൽ മാത്രം വല്ലാത്തൊരു വാശി കാണിക്കുന്നുണ്ട്. അതാവട്ടെ പെൺ ശരീരത്തിന്മേൽ അവർ വരച്ചു വെക്കുന്ന നിയന്ത്രണ രേഖ തന്നെയാണുതാനും.

കൊച്ചിയിൽ ഒരു യുവനടി ആക്രമിക്കപ്പെട്ടു എന്ന ദുർവാർത്തയെ ചിലരെങ്കിലും സദ് വാർത്തയായി ആഘോഷിക്കുന്ന ഈ വേളയിൽ വല്ലാത്ത ദുഃഖം തോന്നുന്നുവെന്ന് പറഞ്ഞുകൊണ്ട് തന്നെയാവാം തുടക്കം. കൊച്ചിയിൽ ഒരു യുവ നടി ആക്രണത്തിനു ഇരയായ സംഭവവുമായി ബന്ധപ്പെട്ടു ഒരു പത്രത്തിൽ വന്ന 'റേപ്പ്' പരാമർശത്തിനെതിരെ നടി റിമ കല്ലിങ്കൽ തന്റെ ഫേസ് ബുക്ക് പേജിൽ ഇട്ട കുറിപ്പിനോട് പ്രതികരിച്ച ഒരു സുഹൃത്ത് ഇങ്ങനെ ചോദിച്ചു കണ്ടു. "നിങ്ങളിൽ ഒരാൾക്ക് ഒരു പ്രശ്നം ഉണ്ടായപ്പോൾ വലിയ ബഹളം. വടക്കാഞ്ചേരിയിലെ യുവതിയുടെ കാര്യത്തിൽ രംഗത്ത് വന്ന ഭാഗ്യലക്ഷ്മിക്കു തുണയായി വന്നത് നടി പാര്‍വ്വതി മാത്രം" എന്ന്. ശരിയാണ് അന്ന് ആ വിഷയത്തെക്കുറിച്ചു പ്രതികരിക്കാൻ സിനിമക്കാരെയൊന്നും കണ്ടില്ല. എന്ന് കരുതി അവരിൽ ഒരാൾക്കെതിരെ ഒരു അതിക്രമം നടക്കുമ്പോൾ അവർ വായ മൂടിക്കെട്ടി ഇരിക്കണം എന്ന് ശഠിക്കുന്നത് എന്തിനെന്നു മനസ്സിലാവുന്നില്ല.

പുണ്യ പുരാണങ്ങളിൽ പെണ്ണിന്റെ ചാരിത്ര്യശുദ്ധി മാത്രം ചോദ്യം ചെയ്യപ്പെടുന്നതും പുരുഷന്റെ പരസ്ത്രീ ഗമനങ്ങൾ കൊണ്ടാടപ്പെടുന്നതും നാം കണ്ടതാണ്. ചാൾസ് രാജകുമാരനുമായുള്ള വിവാഹത്തിനു മുൻപ് ഡയാന കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ട വാർത്തകളും നമ്മൾ വായിച്ചതാണ്. അങ്ങനെയുള്ള ഒരു ലോകത്തു ജീവിക്കുന്ന ഏതൊരു പെണ്ണും 'റേപ്പ്' എന്ന വാക്കിനെപ്പോലും വല്ലാതെ ഭയപ്പെട്ടേ മതിയാകൂ. ഇത് സിനിമാനടിക്കും ബാധകമാണെന്നത് കൊണ്ടുകൂടിയാണ് നടി റിമ കല്ലിങ്കല്‍ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത്.

എങ്കിലും ഇപ്പോൾ മാത്രം എന്തെ ഇങ്ങനെ എന്ന മാന്യ സുഹൃത്തിന്റെ ചോദ്യത്തിന് ഇത്രയും കൂടി പറയേണ്ടതുണ്ടെന്നു തോന്നുന്നു. ഒരിക്കലും ഒന്നിനെതിരെയും പ്രതികരിക്കാതിരുന്നാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തിനെക്കുറിച്ചു മാർട്ടിൻ നിയമോല്ലെർ നൽകിയ മുന്നറിയിപ്പ് എക്കാലത്തും എല്ലാവര്‍ക്കും ബാധകമാണ്.

നാസി ഭീകരതക്കെതിരെ മൗനം പാലിച്ച ജർമൻ ബുദ്ധിജീവികളുടെ ഭീരുത്വത്തെ പരിഹസിച്ചു മാർട്ടിൻ നിയമോല്ലെർ ഇങ്ങനെ എഴുതി:

"ആദ്യം അവർ സോഷ്യലിസ്റ്റുകളെ തേടി വന്നു

ഞാൻ പ്രതികരിച്ചില്ല

കാരണം ഞാൻ സോഷ്യലിസ്റ്റായിരുന്നില്ല.

പിന്നീടവർ ട്രേഡ് യൂണിയന്‍കാരെ തേടി വന്നു

ഞാൻ പ്രതികരിച്ചില്ല

കാരണം ഞാൻ ട്രേഡ് യൂണിയണിസ്റ്റായിരുന്നില്ല.

പിന്നീടവർ യഹൂദന്മാരെ തേടി വന്നു

ഞാൻ പ്രതികരിച്ചില്ല

ഞാൻ യഹൂദനായിരുന്നില്ല.

പിന്നീടവർ എന്നെ തേടി വന്നു

അപ്പോൾ എനിക്കുവേണ്ടി സംസാരിക്കാൻ ആരും അവശേഷിച്ചിരുന്നില്ല "

ഈ വരികൾ ഇപ്പോൾ ഇവിടെ കുറിക്കാൻ കാരണം എല്ലാ കാര്യത്തിലും പ്രതികരിച്ചില്ലെങ്കിലും തങ്ങൾക്കൊപ്പം ജോലി ചെയ്യുന്നവർക്കു വേണ്ടിയെങ്കിലും പ്രതികരിക്കാൻ സിനിമ ലോകം തയ്യാറായി എന്നത് ഒരു നല്ല കാര്യമായി ഇതെഴുതുന്ന ആൾ കാണുന്നു എന്നതുകൊണ്ടാണ്. ചുരുങ്ങിയ പക്ഷം അവർക്കുവേണ്ടിയെങ്കിലും അവർ പ്രതികരിക്കട്ടെ.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories