TopTop

ബിജെപി ഓഫീസ് ആക്രമണം; സത്യം വെളിച്ചത്ത് കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്

ബിജെപി ഓഫീസ് ആക്രമണം; സത്യം വെളിച്ചത്ത് കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്

ടീം അഴിമുഖം

ബിജെപിയുടെ സംസ്ഥാന കാര്യാലയത്തിനു നേരെയുണ്ടായ ബോംബ് ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയതോടെ സംസ്ഥാന രാഷ്ട്രീയം കൂടുതല്‍ സംഘര്‍ഷാത്മകമാകുകയാണ് എന്നു വേണം കരുതാന്‍. 'കേരളത്തില്‍ അക്രമം സമം സിപിഎം ആയിരിക്കുന്നു. ഇവര്‍ കൊന്നൊടുക്കുന്നത് സാധാരാണക്കാരായ തൊഴിലാളികളെയാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ 300-ഓളം അക്രമ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. ഇതില്‍ എല്ലാം ഒരു കക്ഷി സിപിഎം ആണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് ചുറ്റുവട്ടത്താണ് ഇതെല്ലാം നടക്കുന്നത്. മാര്‍ക്സിസിസ്റ്റ് തേര്‍വാഴ്ചയാണ് സംസ്ഥാനത്ത് നടക്കുന്നത്. സെക്രട്ടറിയേറ്റ് ഇപ്പോള്‍ എകെജി സെന്‍ററിലേക്ക് മാറ്റിയിരിക്കുകയാണ്' എന്നാണ് പത്രസമ്മേളനത്തില്‍ കുമ്മനം ആരോപിച്ചത്.

സിപിഎം ആസൂത്രിതമായി നടത്തിയ ആക്രമണമാണെന്നും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ അറിവോടെയാണ് ഇതെന്നും ബിജെപി നേതാവ് കൃഷ്ണദാസും ആരോപിച്ചിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളാണ് ആക്രമണത്തിന് വഴിവെച്ചതെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ക്കുന്നു.

നേരത്തെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് ഡല്‍ഹിയിലെ സിപിഎം ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായതും ഓഫീസ് ആക്രമിക്കപ്പെട്ടതുമായ സംഭവത്തെ ഓര്‍മിപ്പിക്കുന്നുണ്ട് ഇപ്പോഴത്തെ സംഭവം. ബിജെപി ഉന്നയിച്ചിരിക്കുന്നത് സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന്റെ പാര്‍ട്ടിക്കാരാണ് പിന്നില്‍ എന്നാണ്; ഇത്തരം അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ എതിര്‍പാര്‍ട്ടിക്കാരെ കുറ്റപ്പെടുത്തിക്കൊണ്ട് അക്രമത്തിന് ഇരയായവര്‍ രംഗത്ത് വരിക സാധാരണമാണ്. എന്നാല്‍ അതില്‍ വ്യക്തത വരുത്തേണ്ടത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ സംവിധാനം തന്നെയാണ്. രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ അന്യോന്യം ഓഫീസ് ആക്രമിക്കലും മറ്റും കേരളം നിരവധി തവണ കണ്ടിട്ടുള്ള കാര്യമാണ്. എന്നാല്‍ അതിനു വിരുദ്ധമായ രീതിയിലാണ് മുമ്പ് സിപിഎം ഓഫീസ് ആക്രമിക്കപ്പെട്ടത്. ഒരു ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളില്‍ ഒന്നാണ് അതിലെ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ പ്രവര്‍ത്തനകേന്ദ്രവും. അത് ആക്രമിക്കുക എന്നാല്‍ ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കലാണ്. അതുകൊണ്ട് തന്നെ ബിജെപി സംസ്ഥാന കാര്യാലയം ആക്രമിച്ചത് സിപിഎം ആണെന്ന ബിജെപി ആരോപണത്തില്‍ ഉള്ള വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്.


മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളുമായി അത്ര മോശമല്ലാത്ത ജനാഭിപ്രായം നേടി തന്നെയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ജനപ്രിയമായ നടപടികളും പ്രഖ്യാപനങ്ങളും സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുമ്പോള്‍ തന്നെ കണ്ണൂരും പരിസര പ്രദേശങ്ങളിലും തുടരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ശക്തമായ വിമര്‍ശനം വിളിച്ച് വരുത്തുന്നുണ്ട്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി എന്തു പറയുന്നു എന്നു കേള്‍ക്കാന്‍ പൊതുസമൂഹം ആഗ്രഹിക്കുന്നുണ്ട്. ഒരു പാര്‍ട്ടി സെക്രട്ടറിയുടെ നിഴലില്‍ നിന്നും മാറി ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയനില്‍ നിന്നു ശക്തമായ നടപടി പൊതുസമൂഹം പ്രതീക്ഷിക്കുന്നുണ്ട്. ഫയലിലെ ജീവിതം മാത്രമല്ല ഓരോ ശരീരത്തിനുള്ളിലും തുടിക്കുന്ന ജീവനെയും കാക്കാനുള്ള ഉത്തരവാദിത്തമാണ് കേരള ജനത ഇടതുമുന്നണിയെ ഏല്‍പ്പിച്ചിരിക്കുന്നത്.

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ ആക്രമണം നടത്തിയത് ആരായാലും അവരെ നിയമത്തിന്നു മുന്‍പി‌ല്‍ കൊണ്ടുവരേണ്ടത് സംസ്ഥാനത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. അല്ലെങ്കില്‍ നാളെ ഇത് എകെജി സെന്‍ററിനും കെപിസിസി ഓഫീസിനും നേരെ നടന്നാലും അതിനെ അപലപിക്കാന്‍ പാര്‍ട്ടികള്‍ക്ക് കഴിയാതെ വരും. അത് തികച്ചും അരാജകമായ സമൂഹ്യാന്തരീക്ഷത്തിലേക്ക് സംസ്ഥാനത്തെ തള്ളിവിടും എന്ന കാര്യത്തില്‍ സംശയമില്ല. അതോടൊപ്പം, വര്‍ഗീയ, പിന്തിരിപ്പന്‍ നിലപാടുകള്‍ക്കുള്ള തുറന്നയിടമായി കേരളത്തെ മാറ്റാതിരിക്കാനും ഇത്തരം വിഷയങ്ങളില്‍ കര്‍ശനനടപടികള്‍ കൂടിയേ തീരൂ.Next Story

Related Stories