Top

നോയ്ഡയില്‍ വിദ്യാര്‍ഥി മരിച്ചു; നൈജീരിയക്കാര്‍ കൊന്നു തിന്നെന്ന് ആള്‍ക്കൂട്ടം

നോയ്ഡയില്‍ വിദ്യാര്‍ഥി മരിച്ചു; നൈജീരിയക്കാര്‍ കൊന്നു തിന്നെന്ന് ആള്‍ക്കൂട്ടം
ഡല്‍ഹിക്കടുത്ത് യുപിയിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ 12-ാം ക്ലാസുകാരനെ അഞ്ച് നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കൊന്ന് ഭക്ഷിച്ചതായി കിംവദന്തി പരന്നത് ആശങ്കയ്ക്ക് ഇടയാക്കി. ഗ്രേറ്റര്‍ നോയ്ഡയിലെ എന്‍എസ്ജി ബ്ലാക് ക്യാറ്റ് എന്‍ക്ലേവില്‍ വാടകയ്ക്ക് താമസിക്കുന്ന 19 കാരനായ മനീഷ് ഖാരി അപ്രത്യക്ഷമായതിനെ തുടര്‍ന്നാണ് തൊട്ടടുത്ത് താമസിക്കുന്ന നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കിംവദന്തി പരന്നത്. ഇതേ തുടര്‍ന്ന് അക്രമാസക്തമായ ജനക്കൂട്ടം വിദേശ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഫ്ലാറ്റിലേക്ക് ഇരച്ചുകയറിയെങ്കിലും ഖാരിയെ കണ്ടെത്താന്‍ സാധിച്ചില്ല. പിറ്റേ ദിവസം വീട്ടിലെത്തിയ ഖാരി വൈകാതെ മരിച്ചു. മയക്കുമരുന്നിന്റെ അമിതോപയോഗമാണ് മരണ കാരനമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നേരത്തെ ബംഗളൂരുവിലും ഡല്‍ഹിയിലും ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ അക്രമം അരങ്ങേറിയിരുന്നു.

വെള്ളിയാഴ്ച വീട്ടില്‍ നിന്നും അത്താഴം കഴിച്ച ശേഷം വൈകിട്ട് ഏഴു മണിയോടെ നടക്കാനിറങ്ങിയ മനീഷ് ഖാരി തിരികെ എത്താതിരുന്നതോടെയാണ് സംഭവ വികാസങ്ങളുടെ തുടക്കം. വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ ഖാരിയെ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളോടൊപ്പമാണ് അവസാനം കണ്ടെതെന്ന് സമീപത്ത് താമസിക്കുന്നവര്‍ പറഞ്ഞു. തുടര്‍ന്ന് ജനക്കൂട്ടം വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഫ്ലാറ്റിലേക്ക് ഇരച്ചുകയറിയെങ്കിലും മനീഷിനെ കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെ മടങ്ങിയെത്തിയ മനീഷ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സമീപത്തുള്ള ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു.

തുടര്‍ന്നും ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കണമെന്ന് മനീഷിന്റെ വീട്ടുകാരും ജനക്കൂട്ടവും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഇതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ ഗ്രേറ്റര്‍ നോയ്ഡയിലെ കസ്‌ന പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കസ്റ്റഡിയിലുള്ള അഞ്ച് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്‌തെന്നും അവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും ഗ്രേറ്റര്‍ നോയ്ഡ റൂറല്‍ പോലീസ് സൂപ്രണ്ട് സുഗത സിംഗ് പറഞ്ഞു. എന്നാല്‍ ഇത്ര വലിയ കുറ്റം ആരോപിക്കപ്പെട്ടിട്ടും ഈ വിദ്യാര്‍ത്ഥികളെ വിട്ടയംയ്ക്കുകയും ചെയ്തു. അവര്‍ക്കെതിരെ തെളിവൊന്നും ഇല്ലാത്തതിനാലാണ് വിട്ടയച്ചതെന്ന് സുഗത സിംഗ് വിശദീകരിക്കുന്നു.

ഏകദേശം മുന്നൂറ് കുടുംബങ്ങളാണ് എന്‍എസ്ജിയില്‍  പ്രവര്‍ത്തിക്കുന്നവര്‍ക്കായി നിര്‍മ്മിച്ച ഈ ഫ്ലാറ്റ് സമുച്ചയത്തില്‍ താമസിക്കുന്നത്. കൂടുതലും വാടകയ്ക്ക് താമസിക്കുന്നവരാണ്. മനീഷിനെ അവസാനമായി ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളോടൊപ്പമാണ് കണ്ടെതെന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ജനക്കൂട്ടം അവര്‍ താമസിക്കുന്നിടം അരിച്ചുപെറുക്കിയെങ്കിലും മനീഷിനെ കണ്ടെത്താനായില്ല എന്ന് മാത്രമല്ല രണ്ട് വിദ്യാര്‍ത്ഥികള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുമുള്ളു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പോലീസ് ഇവര്‍ രണ്ടു പേരെയും സുരക്ഷയുടെ പേരില്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇതേ സമയം നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യാന്‍ തങ്ങളെ അനുവദിക്കണമെന്ന് ജനക്കൂട്ടം ആക്രോശിച്ചുകൊണ്ടിരുന്നു. പ്രദേശത്തെ സിസിടിവി കേടായിരുന്നതിനാല്‍ അതില്‍ നിന്നും തെളിവുകളൊന്നും കിട്ടാതിരുന്നതും തിരിച്ചടിയായി.

പിറ്റെ ദിവസം ദേഹമാസകലം മുറിവുകളോടെ അതീവ ക്ഷീണിതനായാണ് മനീഷ് ഖാരി വീട്ടില്‍ മടങ്ങിയെത്തിയത്. ആരെയും തിരിച്ചറിയാന്‍ കുട്ടിക്ക് സാധിച്ചില്ലെന്ന് പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു സമീപവാസി  ഓണ്‍ലൈന്‍ പോര്‍ട്ടലായ സ്‌ക്രോളിനോട് പറഞ്ഞു. വീട്ടിലെത്തി ഒരു മണിക്കൂറിനുള്ളില്‍ മനീഷിന്റെ നില വഷളാവുകയും ച്ചര്‍ദ്ദിര്‍ദ്ദിക്കാന്‍ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വച്ച് മരിക്കുകയുമായിരുന്നു. മനീഷിന്റെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഉസ്മാന്‍, അബ്ദുള്‍ ഖാദിര്‍, മുഹമ്മദ് അമീര്‍, സയീദ് കബീര്‍, അബ്ദുള്‍ ഉസ്മാന്‍, സയീദ് അബു വഖ്വാര്‍ എന്നീ നൈജീരിയന്‍ വിദ്യാര്‍ത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച നൈജീരിയന്‍ വിദ്യാര്‍ഥികളെ സന്ദര്‍ശിക്കാനെത്തിയ ഒരു സുഹൃത്തിന്റെ കാറില്‍ ആക്‌സൊബ്ലേഡ് കണ്ടതാണ് അവര്‍ നരമാംസഭോജികളാണെന്ന് സംശയിക്കാന്‍ കാരണമായി ജനക്കൂട്ടം പറയുന്നത്. കൂടാതെ വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്നും പോലീസ് വിവിധ രൂപത്തിലുള്ള മയക്കുമരുന്നുകള്‍ കണ്ടെടുത്തതായും അവര്‍ അവകാശപ്പെട്ടു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം പോലീസ് നിഷേധിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ മനീഷിന്റെ മരണത്തെ സംബന്ധിച്ച് ഒന്നും പറയാനാവില്ലെന്നും സുഗത സിംഗ് പറഞ്ഞു. സംഭവത്തില്‍ പോലീസ് നീതിപൂര്‍വമായ അന്വേഷണം നടത്തണമെന്ന് ഇന്ത്യയിലെ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥി അസോസിയേഷന്‍ പ്രസിഡന്റ് സാമുവല്‍ അബിയേ ജാക്ക് ആവശ്യപ്പെട്ടു. നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ക്രൂരമായ ആരോപണങ്ങള്‍ ഉന്നയിച്ച പ്രദേശവാസികള്‍ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എങ്ങനെയാണ് ഇത്രയും മനുഷ്യത്വരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കഴിയുന്നതെന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് ഇന്ത്യയില്‍ ഗവേഷണം നടത്തുന്ന നൈജീരിയക്കാരന്‍ നജീബ് ഹാമിസു ഉമര്‍ ചോദിക്കുന്നു. താന്‍ റഷ്യയിലും ജര്‍മ്മനിയിലും ജീവിച്ചിട്ടുണ്ടെന്നും അവിടെയൊന്നും ഇത്തരം ഒരു സാഹചര്യം നേരിടേണ്ടി വന്നിട്ടില്ലെന്നും, എങ്ങനെയും ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ടാല്‍ മതിയെന്ന തോന്നലാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷപ്രശ്‌നങ്ങളെ തുടര്‍ന്ന് അഞ്ച് വിദ്യാര്‍ത്ഥികളെയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.


Next Story

Related Stories