TopTop
Begin typing your search above and press return to search.

പൾസർ സുനി ഒളിവിൽ തന്നെ; നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇതുവരെ നടന്നത്

പൾസർ സുനി ഒളിവിൽ തന്നെ; നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇതുവരെ നടന്നത്

ഫെബ്രുവരി 18ന് രാവിലെ കേട്ട ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത തൃശൂരില്‍ നിന്ന് കൊച്ചിയിലേയ്ക്കുള്ള യാത്രക്കിടെ പ്രമുഖ നടി ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തിനിരയായതായിരുന്നു. 17ന് രാത്രി തൃശൂരില്‍ ഷൂട്ടിംഗ് കഴിഞ്ഞ് എറണാകുളത്തേയ്ക്ക് തിരിച്ച നടിയുടെ കാറിന് നേരെ നെടുമ്പാശേരി അത്താണിയില്‍ വച്ചാണ് ആക്രമണമുണ്ടായത്. അത്താണി മുതല്‍ പാലാരിവട്ടം വരെ നടിയെ ഉപദ്രവിച്ചു. കാക്കനാടുള്ള സംവിധായകൻ ലാലിന്റെ വീട്ടില്‍ അഭയം തേടിയ നടി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആദ്യം നടിയുടെ പേര് വച്ച് തന്നെയാണ് ആക്രമിക്കപ്പെട്ടു എന്ന വാര്‍ത്ത വന്നത്. എന്നാല്‍ പിന്നീട് ശാരീരിക പീഡനത്തിന് കേസെടുത്തതോടെ നടിയുടെ പേര് ഉപയോഗിക്കരുതെന്ന് മാദ്ധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം കിട്ടി. എന്നാല്‍ സിനിമാ ലോകം തങ്ങളുടെ സഹപ്രവര്‍ത്തകയുടെ പേര് മറച്ച് വയ്‌ക്കേണ്ട കാര്യമുണ്ടെന്ന് കരുതിയില്ല. ഏതായാലും അവര്‍ തങ്ങളുടെ സുഹൃത്ത് നേരിട്ട അനീതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

ഒരു സെലിബ്രിറ്റി ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്ന സംഭവം നടക്കുന്നതോ അല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതോ കേരളത്തില്‍ ആദ്യമായിരുന്നു. സിനിമാക്കാര്‍ക്ക് ഡ്രൈവര്‍മാരെ ഏര്‍പ്പാടാക്കി കൊടുക്കുന്ന പള്‍സര്‍ സുനി എന്നറിയപ്പെടുന്ന പെരുമ്പാവൂര്‍ സ്വദേശി സുനില്‍, നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിന്‍ എന്നിവരെയാണ് പൊലീസ് സംശയിച്ചത്. പള്‍സര്‍ സുനി, മണികണ്ഠന്‍, വിജേഷ് എന്നിവര്‍ ചേര്‍ന്നാണ് നടിയെ ശാരീരികമായി ഉപദ്രവിച്ചതെന്നാണ് നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പറയുന്നത്. അര്‍ദ്ധനഗ്ന ചിത്രങ്ങളെടുത്തതായും പരാതിയുണ്ട്. മാര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്‍സര്‍ സുനി മുങ്ങി. സുനിയ്‌ക്കൊപ്പമുണ്ടായിരുന്ന മണികണ്ഠനും മാര്‍ട്ടിനുമടക്കം നാല് പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. സിനിമാ മേഖലയ്ക്ക് ക്വട്ടേഷന് ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധം വലിയ ചര്‍ച്ചയായി.

ഇതിനാടെ, നേരത്തെയും പള്‍സര്‍ സുനി, നടിമാരെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന വിവരം പുറത്ത് വന്നു. സിനിമാ നിര്‍മ്മാതാക്കള്‍ അടക്കമുള്ളവരുമായി അയാള്‍ക്കുള്ള ബന്ധം ചര്‍ച്ചയായി. പള്‍സര്‍ സുനിയെ ഇനിയും പിടിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. താന്‍ നിരപരാധിയാണെന്നും തന്നെ ഈ കേസില്‍ കുടുക്കിയതാണെന്നും പറയുന്ന സുനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. സുനി അടക്കം മൂന്ന് പേരെ ഇനി പിടിക്കാനുണ്ട്. സിനിമാ മേഖലയുടെ ക്വട്ടേഷന്‍ ബന്ധം ചര്‍ച്ചയായതിനൊപ്പം സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒരുക്കുന്ന സിനിമകളിലെ കടുത്ത സ്ത്രീ വിരുദ്ധതയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. ഇത്തരത്തില്‍ പ്രസംഗിക്കാന്‍ ധാര്‍മ്മികമായി നിങ്ങൾക്ക് എന്ത് യോഗ്യത എന്ന് ആളുകള്‍ സിനിമാക്കാരോട് ചോദിക്കുകയാണ്. എന്തായാലും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി മുന്നോട്ട് പോവുകയാണ്. പക്ഷെ അപ്പോഴും ക്രിമിനല്‍ ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത ആവശ്യമുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്ന കാര്യം പരിശോധിക്കപ്പെടണം.


Next Story

Related Stories