TopTop
Begin typing your search above and press return to search.

അട്ടപ്പാടിയുടെ സൈനിക സ്കൂള്‍ വിജയഗാഥ (തീര്‍ച്ചയായും വായിച്ചിരിക്കേണ്ടത്)

അട്ടപ്പാടിയുടെ സൈനിക സ്കൂള്‍ വിജയഗാഥ (തീര്‍ച്ചയായും വായിച്ചിരിക്കേണ്ടത്)

രാകേഷ് സനല്‍

അട്ടപ്പാടിയില്‍ സൈനിക സ്കൂള്‍ പ്രവേശന പരിശീലന പരിപാടിക്ക് നേതൃത്വം നല്കിയ ബാബു മാത്യുവിനെ കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ ശിവകുമാറിനെ കുറിച്ച് സംസാരിച്ചു. സൈനിക സ്കൂള്‍ പ്രവേശന കടമ്പ കടന്ന 6 മിടുക്കരില്‍ ഒരാളാണ് ശിവകുമാര്‍.

'അവന്റെ കാര്യത്തില്‍ അല്പം വേവലാതിയുണ്ട്. അവനൊരു അനീമിക് ആണ്. കോട്ടത്തറ ആശുപത്രിയിലെ പ്രഭുദാസ് ഡോക്ടര്‍ അവനെ പരിശോധിക്കാന്‍ ചെന്നപ്പോഴാണ് അവന്‍ വീട്ടിലില്ലെന്നു മനസിലായത്. അവനോട് ഇതുവരെ സൈനിക് സ്‌കൂള്‍ പ്രവേശനം കിട്ടിയ കാര്യം പറയാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴറിയുന്നത് തമിഴ്‌നാട്ടിലുണ്ടെന്നാണ്. ഏതോ ബന്ധുവിനൊപ്പം. ജൂണ്‍ ഒന്നിനാണ് സൈനിക് സ്‌കൂളില്‍ പ്രവേശനം. അന്ന് അവനിവിടെ ഉണ്ടാകണം. ഇല്ലെങ്കില്‍ എല്ലാ പ്രയത്‌നവും വെറുതെയാകും.'

ബിനുരാജിനും വിഷ്ണുവിനും മിഥുനും ഹരിക്കും അനീഷിനുമൊപ്പം ശിവകുമാറും സൈനിക് സ്‌കൂളില്‍ പോകും. ബാബുവിന്റെയും ലിറ്റിയുടേയും അവര്‍ക്ക് പിന്തുണ കൊടുത്ത മറ്റുപലരുടെയും പ്രയത്‌നവും പ്രാര്‍ത്ഥനകളും പാഴാവില്ലെന്ന് ഉറപ്പ്. ശിവകുമാര്‍ വരും...

അഹാഡ്‌സിലെ പരിശീലന ക്ലാസുകളുടെ അവസാനഘട്ടത്തിലാണ് ശിവകുമാറിനെ പരിചയപ്പെടുന്നത്. ക്രിസ്തുമസ് വെക്കേഷന്‍ അയിട്ടും ആ കുട്ടിയെ ക്ലാസില്‍ കാണാതിരുന്നതിനെ തുടര്‍ന്ന് ബാബു മാത്യു ആദ്യം ശിവകുമാറിന്റെ അച്ഛനെ വിളിച്ചു. അപ്പോള്‍ കിട്ടിയ മറുപടി അവന്‍ ഹോസ്റ്റലില്‍ തന്നെയാണെന്നായിരുന്നു. ഷോളയൂര്‍ ഗവ. സ്‌കൂളിലാണ് ശിവകുമാര്‍ പഠിക്കുന്നത്. ഹോസ്റ്റലില്‍ നിന്നാണ് പഠനം. കുട്ടി വീട്ടിലെത്തിയിട്ടില്ലെന്ന് അച്ഛന്‍ പറഞ്ഞതിനു പിന്നാലെ ബാബു അവന്റെ അമ്മയെ വിളിച്ചു. അപ്പോഴറിയുന്നു അവന്‍ വീട്ടിലുണ്ടെന്ന്. എങ്കില്‍ നമുക്കവനെ കൂട്ടിക്കൊണ്ടുവരാമെന്ന് ബാബു. അവനിലൊരു ഇന്‍ബോണ്‍ ടാലന്റ് ഉണ്ട്. നന്നായി ശ്രദ്ധിച്ചാല്‍ അവനെ ഉയര്‍ത്തിക്കൊണ്ടുവരാവുന്നതാണ്. ഞങ്ങള്‍ പ്രതീക്ഷിക്കുന്ന കുട്ടികളില്‍ ഒരാളാണ് ശിവകുമാറും. പുതൂരിലാണ് ശിവകുമാറിന്റെ വീട്.

ആ യാത്രയ്ക്കിടയിലാണ് ശിവകുമാറെ കുറിച്ച് ചില കാര്യങ്ങള്‍കൂടി അറിയുന്നത്. ആ കുട്ടിയുടെ അച്ഛനുമമ്മയും വേര്‍പിരിഞ്ഞവരാണ്. അവര്‍ വേറെ വിവാഹം കഴിക്കുകയും അതിലവര്‍ക്ക് കുട്ടികളുമുണ്ട്. ആദിവാസി ഊരുകളിലെ കുട്ടികള്‍ നേരിടുന്ന പ്രധാനപ്രശ്‌നമാണ്, ഇത്തരത്തിലുള്ള 'അനാഥത്വം'. പുതൂരില്‍ ഞങ്ങളെത്തുമ്പോള്‍ റോഡരികില്‍ ശിവകുമാറും മാതാവും അവരുടെ ചേച്ചിയും വേറൊരാണ്‍കുട്ടിയും പെണ്‍കുട്ടിയും നില്‍ക്കുന്നുണ്ടായിരുന്നു. അഗളിയിലേക്ക് പോകുന്നൊരു ബസ് അവന് നഷ്ടമായി എന്ന് അമ്മ പറഞ്ഞു. ഞങ്ങള്‍ ശിവകുമാറിന്റെ വീടു കാണാന്‍ ആഗ്രഹിച്ചു. അവര്‍ നിന്ന ദൈവത്തറയ്ക്കടുത്തു നിന്നു കുറച്ചു ദൂരം പോകണമായിരുന്നു. ചെറിയ രണ്ട് അരുവികള്‍ കടന്നാണ് ഞങ്ങളവിടെയെത്തിയത്. വലിയൊരു വാഴത്തോട്ടത്തിനു നടുവില്‍ ഓലകൊണ്ടു മറച്ചൊരു ചെറിയ കുടില്‍. പാട്ടത്തിനെടുത്ത ഭൂമിയില്‍ ശിവകുമാറിന്റെ രണ്ടാനച്ഛന്‍ നടത്തുന്ന വാഴകൃഷിയാണത്.

അവനുമായി തിരിച്ചു പോരുന്നതിനിടയില്‍ കൂടെ അമ്മയുടെ ചേച്ചിയുടെ മകളും അവന്റെ ചേട്ടനും ഉണ്ടായിരുന്നു. അവരാണ് പറഞ്ഞത് ശിവകുമാര്‍ ഒന്നും കഴിച്ചിട്ടില്ലെന്ന്. റേഷനരിയുടെ കഞ്ഞിയും അച്ചാറും മാത്രമായിരുന്നു പ്രാതല്‍. അവനത് കഴിക്കാന്‍ തോന്നിയില്ല. അട്ടപ്പാടിയിലെ എല്ലാ കുട്ടികളുടെയും അവസ്ഥ ഇങ്ങനെയൊണെന്നല്ല. പക്ഷേ ശിവകുമാറിനെപോലുള്ളവര്‍ അവിടെ വേറെയുമുണ്ട്. ജീവിതത്തിന്റെ അരക്ഷിതാവസ്ഥയില്‍ നിസംഗരായി നിന്നുപോകുന്നവര്‍. പക്ഷേ നാമവരെ കാണുന്നില്ല. ശിവകുമാറിന്റെ കാര്യത്തില്‍ ബാബു വാശി കാണിച്ചെന്നു പറയാം. അതുകൊണ്ടാണ് ആറുപേരില്‍ ഒരാളാകാന്‍ അവന് സാധിച്ചത്.

ഇത്തരം നിര്‍ബന്ധങ്ങള്‍, വാശികള്‍, അതിനെല്ലാമപ്പുറം ആത്മാര്‍ത്ഥതയും സമര്‍പ്പണവും; ഇതൊക്കെയുണ്ടെങ്കില്‍ നമുക്ക് ഇനിയും അട്ടപ്പാടിയിലെ മിടുക്കന്മാരെ കൈപിടിച്ചു ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കൂം. ആറുപേരില്‍ ഒതുങ്ങേണ്ടതല്ല അട്ടപ്പാടിയുടെ വിജയഗാഥ... ഇതൊരു നല്ല തുടക്കമാണ്. അട്ടപ്പാടിയെ കുറിച്ച് നല്ല കിനാവുകള്‍ കാണാന്‍ പ്രേരിപ്പിക്കുന്ന തുടക്കം. പക്ഷേ അതിനു മുമ്പ് ചില കാര്യങ്ങളില്‍ മാറ്റം വരുത്തിയേ തീരു.ആദ്യം അട്ടപ്പാടിയോടുള്ള കാഴ്ച്ചപ്പാട് മാറ്റണം
ഹോസ്റ്റല്‍ മെസില്‍ വച്ചായിരുന്നു ആ പെണ്‍കുട്ടി എന്നോടതു ചോദിച്ചത്; ചേച്ചി അട്ടപ്പാടിയില്‍ നിന്നാണല്ലേ?

ഞാനൊളിപ്പിച്ച വലിയൊരു രഹസ്യം കണ്ടുപിടിച്ചതുപോലെയായിരുന്നു അതു ചോദിക്കുമ്പോഴുള്ള അവളുടെ ഭാവം.... എന്താണ് ആ പെണ്‍കുട്ടിയോട് മറുപടി പറയേണ്ടതെന്ന് ഒരു നിമിഷം ശങ്കിച്ചു. പിന്നെ ഒരു ചിരിയില്‍ മറുപടിയൊതുക്കി. ആ പെണ്‍കുട്ടി പോയിക്കഴിഞ്ഞപ്പോഴാണ് ഞാനാലോചിച്ചത്, അവളിതിത്ര രഹസ്യമായി വന്ന് എന്നോടിതു പറയേണ്ടതിന്റെ ആവശ്യം? അട്ടപ്പാടിയെക്കുറിച്ച് ഇപ്പോഴും പുറത്തുള്ളവരുടെ കാഴ്ച്ചപ്പാട് ഒട്ടും മാറിയിട്ടില്ലെന്നാണോ?

വാസ്തവത്തില്‍ ഞാനെവിടെ നിന്നാണു വരുന്നതെന്ന കാര്യം മറ്റൊരാള്‍ അയാളുടെ നാടിനെ കുറിച്ച് പറയുന്നത്ര ആവേശത്തോടെ പറഞ്ഞിട്ടില്ല, ഞാനെന്നല്ല അട്ടപ്പാടിയില്‍ നിന്നുവരുന്ന ഒട്ടുമിക്കവരും, പ്രത്യേകിച്ച് പുതുതലമുറ. നാടെവിടെയാണെന്നു ചോദിച്ചാല്‍ പാലക്കാട് എന്നു പറയും. പാലക്കാട് എവിടെയെന്നു ചോദിച്ചാല്‍ മണ്ണാര്‍ക്കാടെന്നും. പിന്നെയും ചോദിച്ചാല്‍ മടിച്ചു മടിച്ച് അട്ടപ്പാടിയെന്നു പറയും. ഈ മടി, ആത്മവിശ്വാസക്കുറവ് ഞങ്ങളായിട്ടുണ്ടാക്കിയതല്ല, അതു നിങ്ങള്‍ അടിച്ചേല്‍പ്പിച്ചതാണ്.

ഷോളയൂര്‍ ഗവ. സ്‌കൂളിലെ ഗസ്റ്റ് അധ്യാപിക ലേഖ പങ്കുവച്ച കാര്യങ്ങളാണിത്. വാസ്തവത്തില്‍ ലേഖ അട്ടപ്പാടി സ്വദേശിയോ ആദിവാസി വര്‍ഗത്തില്‍പ്പെട്ട ആളോ അല്ല. അച്ഛനും അമ്മയും ജോലി തേടി ഇവിടെയെത്തിയതാണ്. ലേഖ ഉള്‍പ്പെടെ മൂന്നു മക്കളാണവര്‍ക്ക്. മൂത്തയാള്‍ പ്ലസ് ടു വരെ പഠിച്ചു. ലേഖ എം എസ് സി ബി എഡ് ആണ്. ഏറ്റവും ഇളയയാള്‍ സ്‌കൂളില്‍ പഠിക്കുന്നു. കൂലി വേല ചെയ്യുന്ന അച്ഛനും അംഗനവാടിയിലെ അധ്യാപികയായ അമ്മയും ലേഖയേയും സഹോദരിമാരെയും അവരാഗ്രഹിക്കുന്നിടത്തോളം പഠിപ്പിക്കാന്‍ തയ്യാറായിരുന്നു.

ഞങ്ങള്‍ ആദിവാസി ഗോത്രത്തില്‍പ്പെട്ടവരല്ലെങ്കിലും ജീവിതവും ഇടപെടലുമെല്ലാം അവര്‍ക്കൊപ്പമാണ്. എനിക്കതുകൊണ്ട് ഈ നാടിനെക്കുറിച്ച് നന്നായി അറിയാം. അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്‌നങ്ങളെന്നപേരില്‍ മാധ്യമങ്ങളും സര്‍ക്കാരും പൊതുപ്രവര്‍ത്തകരുമെല്ലാം പലതും എഴുതുകയും പറയുകയും ചെയ്യുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആദിവാസിയുടെ പ്രശ്‌നം എന്താണെന്ന് ആദിവാസിയോട് ആരും ചോദിക്കാറില്ല. പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതും പരിഹരിക്കാന്‍ നോക്കുന്നതും പുറത്തുള്ളവരാണ്. ആദിവാസിക്ക് അവന്റെ പ്രശ്‌നം എന്താണെന്നു പറയാന്‍ കഴിയാത്തത് അവന് വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടാണ്. ഞാനൊരു ടീച്ചര്‍ ആയതുകൊണ്ട് പറയുകയാണ്, ആദിവാസിയെ സഹായിക്കാന്‍ ആഗ്രഹിക്കുന്നത് ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ ആദ്യം അവരെ നിങ്ങളെപ്പോലെ തന്നെ വിദ്യാസമ്പന്നരാക്കുക...

ലേഖയെ കാണുന്നതും ഇക്കാര്യങ്ങളൊക്കെ സംസാരിക്കുന്നതും അഗളി അഹാഡ്‌സില്‍വച്ചാണ്. കഴക്കൂട്ടം സൈനിക് സ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്ത ആദിവാസി കുട്ടികള്‍ക്ക് സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷയ്ക്ക് നല്‍കി വരുന്ന പരിശീലന ക്ലാസില്‍ ലേഖയും പഠിപ്പിച്ചിരുന്നു. ഇത്തരമൊരു പദ്ധതി ഇവിടുത്തെ കുട്ടികള്‍ക്കായി നടത്തുന്നു എന്ന് കേട്ടറിഞ്ഞെത്തുകയായിരുന്നു ലേഖ. അതൊരു ആത്മസമര്‍പ്പണമാണ്. ലേഖയെപോലെ വിരലിലെണ്ണാവുന്നവരെ ആദിവാസിക്കുട്ടികളുടെ വിദ്യാഭ്യാസപരമായ ഉന്നമനം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുള്ളൂവെന്ന് പറഞ്ഞാല്‍ മുഖം ചുളിക്കേണ്ടതില്ല.ഇപ്പോഴിതാ ആറു കുട്ടികള്‍ ചരിത്രത്തിലാദ്യമായി അട്ടപ്പായില്‍ നിന്നും( കേരളത്തിലെ മറ്റ് ആദിവാസി ഊരുകളില്‍ നിന്നുതന്നെ) സൈനിക് സ്‌കൂള്‍ പ്രവേശനത്തിന് യോഗ്യരായിരിക്കുന്നു. ഈ വാര്‍ത്ത നമ്മളേവരെയും ഏരെ സന്തോഷിപ്പിക്കുന്നതാണ്. അവരുടെ ഭാവി കൂടുതല്‍ സുരഭിലമാകാന്‍ നാം ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും ഉണ്ടായി. പക്ഷേ അതിനിടയിലും ഒരു ചോദ്യം ബാക്കി നില്‍ക്കുന്നുണ്ട്. എന്തുകൊണ്ട് ഇത്തരമൊരു വാര്‍ത്ത കേള്‍ക്കാന്‍ ഇത്ര കാലതാമസം വന്നൂ? കോടികളുടെ ഫണ്ട് ആദിവാസി ഊരുകളിലൊഴുക്കിയിട്ടും സര്‍ക്കാരിന് എന്തുകൊണ്ട് ഇങ്ങനെയൊന്ന് ഇതുവരെ സാധിച്ചില്ല? അവിടെയാണ് നേരത്തെ ലേഖ പറഞ്ഞപോലെ നമ്മുടെ കാപട്യം പുറത്തുവരുന്നത്. ആദിവാസി വിദ്യാഭ്യാസം നേടിയാല്‍ അവന് അവന്റെ പ്രശ്‌നങ്ങള്‍ സ്വയം ചൂണ്ടിക്കാണിക്കാന്‍ കഴിയും. അവന്‍ തന്നെ അതിന്റെ പരിഹാരം തേടാനും തുടങ്ങും. അതു നമ്മളെ സംബന്ധിച്ച് അത്ര ശുഭകരമല്ല. ആദിവാസി എന്നാല്‍ നമുക്ക് അക്ഷയഖനിയാണ്. അതു നഷ്ടപ്പെടുത്തുക വയ്യ!

അട്ടപ്പാടിയില്‍ വിദ്യാഭ്യാസബോധവത്കരണം നടത്തണം
അട്ടപ്പാടിയില്‍ വിവിധ ഊരുകളിലായി എയ്ഡഡ് അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ ആറെണ്ണമുണ്ട്. സര്‍ക്കാരിന്റെ ഭാഷയില്‍ എല്ലാവിധ സൗകര്യങ്ങളുമുള്ള സ്‌കൂളുകള്‍. ദോഷം പറയരുതല്ലോ, ഈ സ്‌കൂളുകളില്‍ നിന്നും പഠിച്ചവരില്‍ ബിരുദാനന്തരബിരുദവും മറ്റു പ്രൊഫഷണല്‍ ബിരുദങ്ങളുമൊക്കെ നേടിയവരുണ്ട്. പലരും സര്‍ക്കാര്‍, സര്‍ക്കാരിതര ജോലികള്‍ നോക്കുന്നുമുണ്ട്. പക്ഷേ എത്രപേര്‍? കേരളത്തിന്റെ മറ്റു പ്രദേങ്ങളുമായി (ഗ്രാമ-നഗര) താരതമ്യം ചെയ്യുമ്പോള്‍ തുലോം കുറവാണ്. എല്ലാവിധ സൗകര്യങ്ങളും ഞങ്ങള്‍ നല്‍കുന്നുണ്ടല്ലോ എന്നു സര്‍ക്കാര്‍ പറയുമ്പോള്‍ പിന്നെയാരുടെതാണ് കുഴപ്പം. സംശയമെന്ത് ആദിവാസികളുടേത് തന്നെ! ഞങ്ങള്‍ക്ക് പഠിപ്പിക്കാനല്ലേ പറ്റൂ, പഠിക്കേണ്ടതവരാണല്ലോ! അധ്യാപകരുടെയും ഭരണകര്‍ത്താക്കളുടെയും നിസഹായത ഇതാണ്. അതേസമയം തന്നെ മറ്റു ചില യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് അവര്‍ മിണ്ടുന്നുമില്ല.

എഴുപതും എണ്‍പതും കുട്ടികളായിരിക്കും ഒരു ക്ലാസില്‍ ഉണ്ടാവുക. ഇവരെയെല്ലാം ശ്രദ്ധിക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കില്ല. അവര്‍ വരുന്നു, എടുക്കാനുള്ള പാഠം അവസാനിപ്പിച്ചു പോകുന്നു, അതാണ് പതിവ്. കുട്ടികള്‍ കൃത്യമായി സ്‌കൂളില്‍ വരുന്നുണ്ടോ പഠിക്കുന്നുണ്ടോ എന്നൊന്നും തിരക്കാറില്ല. മാതാപിതാക്കളുടെ കാര്യവും അങ്ങനെയാണ്. തന്റെ കുട്ടി സ്‌കൂളില്‍ പഠിക്കുന്നുണ്ടോ എന്നുപോലും അറിയാത്ത മാതാപിതാക്കളുമുണ്ട്. കുട്ടികള്‍ക്ക് വേണ്ടത് അവരെ കെയര്‍ ചെയ്യുന്നുണ്ട് എന്ന തോന്നലാണ്. അതേപോലെ മാതാപിതാക്കളെ കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് ബോധവാന്മാരാക്കണം. ഇതു രണ്ടും സ്‌കൂളുകളില്‍ നടക്കാറില്ല; ലേഖ ചൂണ്ടിക്കാട്ടുന്നത് വളരെ ഗൗരവമുള്ള ഒരു വിഷയമാണ്.

ഇതേ പ്രശ്‌നം ഷോളയൂരും അഗളിയിലുമുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ ചില അധ്യാപകരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒന്നാമതായി ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തുന്നവരെ കൂട്ടം ചേര്‍ന്ന് ഒറ്റപ്പെടുത്താനാണ് മറ്റുള്ളവര്‍ ശ്രമിക്കുന്നത്. അധ്യാപനം ഇന്നൊരു ജോലിയാണ്, മറ്റേതുംപോലെ. അങ്ങനെയുള്ളവര്‍ക്ക് കുട്ടികളോടോ സമൂഹത്തോടെ പ്രതിബദ്ധതകളുമൊന്നുമുണ്ടാവില്ല. അവര്‍ ഭൂരിപക്ഷമായി നില്‍ക്കുന്നിടത്ത് നമ്മളാഗ്രഹിക്കുന്ന സാമൂഹിക മാറ്റങ്ങള്‍ ഉണ്ടാവുക പ്രയാസമാണ്; ഒരധ്യാപകന്‍ പറഞ്ഞു തുടങ്ങുന്നതിങ്ങനെയാണ്.

ആദിവാസികളുടെ അടിസ്ഥാന പ്രശ്‌നം അവരുടെ വിദ്യാഭ്യാസം തന്നെയാണ്. കുട്ടികളെല്ലാം സ്‌കൂളില്‍ പോകുന്നുണ്ട്, ശരിയാണ്. പക്ഷേ അവരിലെത്ര പേര്‍ പത്താംക്ലാസ് വരെ എത്തുന്നുണ്ട്, അതില്‍ നിന്നു തന്നെ എത്രപേര്‍ ഹയര്‍ സെക്കന്‍ഡിറിക്കും തുടന്ന് ഉന്നത വിദ്യാഭ്യാസത്തിനും പോകുന്നുണ്ട്. വളരെ ചെറിയ കണക്കേ കാണൂ. പക്ഷേ ഇതൊന്നും സര്‍ക്കാരോ മറ്റുള്ളവരോ ശ്രദ്ധിക്കുന്നില്ല, അറിയുന്നുണ്ടെങ്കില്‍ തന്നെ കാര്യമാക്കുന്നില്ല. അവര്‍ സൗജന്യ റേഷന്‍ കൊടുക്കുന്നതിനെ കുറിച്ചു മാത്രം വാചാലരാകും, റോഡു വെട്ടിയതും വെയിറ്റിംഗ് ഷെഡ് പണിതതും വാര്‍ത്തകളാക്കും. എപ്പോഴാണ് ആദിവാസി മേഖലയിലെ വിദ്യാഭ്യാസപ്രശ്‌നങ്ങള്‍ ഉയര്‍ത്തി ഒരു സമരം നടന്നിട്ടുള്ളത്? ആരാണ് അതേക്കുറിച്ച് ആവലാതിപ്പെട്ടിട്ടുള്ളത്? ഞങ്ങള്‍ അധ്യാപകര്‍ക്കിടയില്‍ തന്നെയാണ് ഇത്തരം വിഷയങ്ങളില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകാറുള്ളത്. പക്ഷേ ഞങ്ങളോപ്പോലുള്ളവര്‍ തോറ്റുപോകാറേയുള്ളൂ.

വിദ്യാഭ്യാസം ആദിവാസിയുടെ സ്വത്വബോധം കവരുമോ?
ആദിവാസിയുടെ സ്വത്വസംരക്ഷണത്തെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പൊതുവിദ്യാഭ്യാസം ആദിവാസിയുടെമേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു. അട്ടപ്പാടിയില്‍ പ്രധാനമായും മൂന്നുവിഭാഗങ്ങളാണുള്ളത്; ഇരുളര്‍, മുഡുഗര്‍, കുറുമ്പര്‍. ഇവര്‍ക്കെല്ലാം ഇവരുടേതായ ഭാഷകളുണ്ട്. ഊരുകളില്‍ ഈ ഭാഷയാണവരുടെ മാധ്യമം. സ്‌കൂളുകളില്‍ വരുന്ന കുട്ടികള്‍ പരസ്പരം സംസാരിക്കുന്നത് അവരവരുടെ ഭാഷയിലാണ്. പലപ്പോഴും അധ്യാപകര്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്നതും ഭാഷയാണ്. മലയാളം അവര്‍ക്ക് അത്ര പെട്ടെന്നു ദഹിക്കുന്ന ഒന്നല്ല. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇവരുടെ ചര്‍ച്ചകള്‍. ആദിവാസിയെ അവന്റെ ഭാഷയില്‍ നിന്നും അകറ്റുകയാണ് പൊതുവിദ്യാഭ്യാസരീതികളെന്ന് അവര്‍ പറയുന്നു. സ്വന്തം ഭാഷ മറന്നു അന്യഭാഷകളുടെ പുറകെ പോകുമ്പോള്‍ സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തുകയാണ് ആദിവാസികള്‍ ചെയ്യുന്നതെന്നും അവര്‍ പറയുന്നു.

നമ്മളുടെ മാതൃഭാഷ മലയാളമാണ്. ആ മലയാളം മറക്കാതെ തന്നെ ഇംഗ്ലീഷും ഹിന്ദിയും തമിഴും ഫ്രഞ്ചും അറബിയുമൊക്കെ നാം സംസാരിക്കുന്നില്ലേ? മലയാളം മാത്രമേ സംസാരിക്കൂ എന്ന് വാശിയെടുത്തിരുന്നെങ്കില്‍? ആദിവാസി ഭാഷയില്‍ മാത്രം അവര്‍ വളര്‍ന്നാല്‍ മതിയെങ്കില്‍ അവര്‍ ഈ ഊരില്‍ തന്നെ ജീവിക്കണം. അങ്ങനെയായിരുന്നു അവര്‍ ജീവിച്ചതും. പക്ഷേ അവര്‍ക്കിടയിലേക്ക് നാം കയറി ചെന്നു. നമ്മള്‍ എന്നവര്‍ക്കിടയിലേക്ക് കയറിയോ അന്നു തൊട്ടാണവരുടെ സ്വത്വം നഷ്ടപ്പെട്ടു തുടങ്ങിയത്. ഇന്നവര്‍ അകത്തും പുറത്തുമില്ലാത്ത അവസ്ഥയിലായി. എല്ലാം അവര്‍ക്ക് നല്‍കി തിരിച്ചറങ്ങാന്‍ നമ്മള്‍ തയ്യാറായാല്‍ അതോടെ ആദിവാസിയുടെ എല്ലാ പ്രശ്‌നങ്ങളും തീരുകയാണ്. പക്ഷേ അത്തരത്തിലൊരു പ്രശ്‌നപരിഹാരം അസാധ്യമാണെന്നിരിക്കെ അവരെ നമ്മുടെ മധ്യത്തിലേക്കും ക്ഷണിക്കുകയെന്നതാണ് അടുത്തവഴി. അതിനവര്‍ക്ക് വിദ്യാഭ്യാസം വേണം. ആ വിദ്യാഭ്യാസത്തിന് തടസമാണ് സ്വത്വസംരക്ഷകരുടെ വാദങ്ങള്‍; ഷോളയൂര്‍ സ്‌കൂളിലെ അധ്യാപകന് ഇക്കാര്യത്തിലുള്ള മറുപടിയിതാണ്.ആദിവാസികളെ അവരുടെ ഭാഷയില്‍ പഠിക്കാനും ജീവിക്കാനും അനുവദിക്കണമെന്നാണ് ചിലരുടെ ആവശ്യം. അതുകൊണ്ട് എന്താണ് നേട്ടം. ആ ഭാഷകള്‍ക്ക് ഒരു ലിപിയുണ്ടോ? ഇനി ലിപി ഉണ്ടാക്കി അവരെ അതേ ഭാഷയില്‍ പത്തുവരെയോ അല്ലെങ്കില്‍ പ്ലസ് ടു വരെയോ പഠിപ്പിക്കാം. അതു കഴിഞ്ഞാല്‍? അവര്‍ക്ക് ഒരു നല്ല ജോലിക്കായി ശ്രമിക്കാന്‍ ഇതു മതിയോ? അവര്‍ക്ക് എംബിബിഎസിനോ എഞ്ചിനിയറിംഗിനോ കമ്പ്യൂട്ടര്‍ സയന്‍സിനോ പഠിക്കാന്‍ അവരവരുടെ ഭാഷ മതിയാകുമോ? അവരുടെ സംസ്‌കാരം നിലനിര്‍ത്താനാണ് പുറം ഭാഷകള്‍ പഠിപ്പിക്കരുതെന്ന് പറയുന്നതെങ്കില്‍ അതവരോട് ചെയ്യുന്ന ചതിയാണ്. മലയാളികള്‍ ഇംഗ്ലീഷും ഹിന്ദിയും മറ്റുഭാഷകളും പഠിച്ചതുകൊണ്ട് അവന്റെ സത്വം നഷ്ടപ്പെടുത്തിയിട്ടുണ്ടോ? ആദിവാസിക്ക് പുറം ലോകവുമായി സംവദിക്കണമെങ്കില്‍ അവന്റെ ഭാഷമതിയാകുമോ?; പ്രൊജകട് ഷൈന്‍ പദ്ധതിക്ക് നേതൃത്വം വഹിച്ച ബാബു മാത്യു ഈ വാദഗതിക്കാരെ നേരിടുന്നതിങ്ങനെയാണ്.

അട്ടപ്പാടിയില്‍ നിന്ന് ആറ് ആദിവാസി കുട്ടികള്‍ സൈനിക് സ്‌കൂള്‍ പ്രവേശനത്തിന് യോഗ്യരായെങ്കില്‍ അതു സാധ്യമായത് പൊതുസമൂഹത്തിന് ലഭിക്കുന്ന അതേ വിദ്യാഭ്യാസം അവര്‍ക്കും ലഭിച്ചതുകൊണ്ടാണ്. നാളെയീ കുട്ടികള്‍ രാജ്യത്തിന്റെ സുപ്രധാന പദവികളിലെത്താം. അവരുടെ പാത പിന്തുടര്‍ന്ന് കൂടുതല്‍ കുട്ടികളും വരും. ഇങ്ങനെയാണ് ആദിവാസിയുടെ ഉന്നമനം സാധ്യമാകുന്നത്. നാളെയേത് ഉന്നത സ്ഥാനത്ത് ഇവര്‍ എത്തിയാലും അവരുടെ മാതൃഭാഷ അവര്‍ ഓര്‍ത്തിരിക്കുക തന്നെ ചെയ്യും. അവരായിട്ട് ഒരിക്കലും അവരുടെ സ്വത്വം നഷ്ടപ്പെടുത്തില്ല, നാം വെറുതെ ആശങ്ക പെടേണ്ടതില്ല.

ബാബുവിന്റെ ചില അനുഭവങ്ങള്‍ കൂടി ശ്രദ്ധിക്കാം; ക്ലാസ് നടന്നിരുന്ന സമയത്ത് കുട്ടികളോട് ഞങ്ങള്‍ ചോദിച്ചിരുന്നു വലുതാകുമ്പോള്‍ ആരാകാനാണ് നിങ്ങള്‍ക്ക് ഇഷ്ടമെന്ന്. എല്ലാവരുടെ ലക്ഷ്യം ഒരു ഡ്രൈവര്‍ ആവുക എന്നതായിരുന്നു. വളരെ അഭിമാനത്തോടെയാണതു പറയുന്നത്. അവരുടെ ഉള്ളില്‍ ഡ്രൈവറാണ് വലിയവന്‍. അവര്‍ കാണുന്നത് അതുമാത്രമാണ്. പുറംലോകത്തെ തൊഴില്‍ സാധ്യതകളെ കുറിച്ച് അവര്‍ അജ്ഞരായിരുന്നു. അവര്‍ക്ക് പലതും അറിയില്ല. അരും പറഞ്ഞുകൊടുക്കുന്നില്ല. ഞങ്ങളുടെ അലുമ്‌നിയില്‍ ഉള്ളവരൊക്കെ ഇന്ത്യയില്‍ പലയിടത്തും വിദേശങ്ങളിലുമൊക്കെ ജോലി ചെയ്യുന്നവരാണ്. ഇവരില്‍ പലരും കുടുംബ സമേതം ക്ലാസുകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എനിക്കൊരു നിബന്ധനയെ ഉണ്ടായിരുന്നുള്ളൂ, ഇവിടെ നിങ്ങള്‍ ഈ കുട്ടികളിലൊരാളായി അവര്‍ക്കു മനസിലാക്കുന്ന ഭാഷയില്‍ വേണം സംസാരിക്കാനും കൂട്ടംചേരാനും. എങ്കില്‍ മാത്രമെ അവരില്‍ നമ്മുടെ സ്വാധീനം ചെലുത്താന്‍ പറ്റൂ. ഞങ്ങളുടെ കൂടെയുള്ളവര്‍ എന്റെ പ്രതീക്ഷകള്‍ക്കും അപ്പുറമാണ് ഈ കുട്ടികളോട് ഇടപഴകയിത്. അതിന്റെ ഫലവും ഉണ്ടായി. വലുതാകുമ്പോള്‍ ആരാകണമെന്നു പിന്നീടവരോടു ചോദിക്കുമ്പോള്‍, എനിക്ക് ഡോക്ടര്‍ ആകണം, എഞ്ചിനീയറാകണം, കമ്പ്യൂട്ടര്‍ പഠിക്കണം, ആര്‍മിയില്‍ പോകണം എന്നൊക്കെയാണവര്‍ പറഞ്ഞത്.

21 കുട്ടികള്‍ക്കാണ് പ്രൊജക്ട് ഷൈനിന്റെ ഭാഗമായി ഞങ്ങള്‍ പരീശിലനം നല്‍കിയത്. അതില്‍ 15 പേര്‍ യോഗ്യത പരീക്ഷ വിജയിക്കുകയും അവരില്‍ നിന്നും ആറുപേര്‍ അഭിമുഖവും മെഡിക്കലും കടന്ന് സൈനിക് സ്‌കൂള്‍ പ്രവേശനത്തിന് യോഗ്യത നേടുകയും ചെയ്തു. 21 പേരില്‍ ആറു പേരെ ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിയുള്ളൂവെങ്കിലും തുടക്കത്തില്‍ ഞങ്ങള്‍ നേരിട്ട പ്രതിസന്ധിഘട്ടങ്ങളോര്‍ത്താല്‍ ഇതു തന്നെ വലിയ നേട്ടമാണ്. ആവേശം തരുന്ന മറ്റൊരുകാര്യം, ബാക്കി കുട്ടികളുടെ ഉള്ളിലുള്ള നിരാശയാണ്. ആ നിരാശ വലിയൊരു ഊര്‍ജമാണ്.

മാതാപിതാക്കളുടെ സമീപനം മാറുന്നുണ്ട്, ഇനി മാറേണ്ടത് നമ്മളാണ്
ആദിവാസി ഊരുകളിലെ കുട്ടികള്‍ നേരിടുന്ന മറ്റൊരു തടസം അവരുടെ മാതാപിതാക്കളുടെ ശ്രദ്ധയില്ലായ്മയാണെന്നും ഒരു വാദമുണ്ട്. പകുതിയിലേറെ വാസ്തവുമുണ്ടതില്‍. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെയുള്ള മദ്യപാനമാണല്ലോ ആദിവാസികള്‍ക്കിടയിലെ പ്രധാന വില്ലന്‍. മാതാപിതാക്കളില്‍ ഏറെയും മദ്യപാനത്തിന് അടിമകളാണ്. ഇതിന്റെ തിക്തഫലം അനുഭവിക്കുന്നവരാകട്ടെ കുട്ടികളും. കടുത്ത ശാരീരിക മര്‍ദ്ദനത്തിനുവരെ കുട്ടികള്‍ ഇരകളാകാറുണ്ട്. ഇത്തരമൊരു അരക്ഷിതാവാസ്ഥയില്‍ വളരുന്ന കുട്ടികള്‍ വിദ്യാഭ്യാസ കാര്യത്തില്‍ തത്പരര്‍ ആകാറില്ല. അവരുടെയത്രപോലും താത്പര്യം മാതാപിതാക്കളില്‍ നിന്നും ഉണ്ടാകാറില്ല. ലഹരി വസ്തുകള്‍ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ നിരവധിയുണ്ട്. സ്‌കൂളുകളില്‍ പോലും മദ്യപിച്ച് വരുന്നവരുമുണ്ട്. ചെറു പ്രായത്തില്‍ തന്നെ അവര്‍ ലഹരിക്ക് അടിപ്പെടുകയാണ്. വളരെ എളുപ്പം ഇതവര്‍ക്ക് കിട്ടുന്നുവെന്നതാണ് ഏറ്റവും വലിയ പ്രശ്‌നം; ലേഖ പറയുന്നുണ്ട് ഇതെക്കുറിച്ച്.അധ്യാപകര്‍ പറയുന്ന പരാതിയും മാതാപിതാക്കളുടെ ശ്രദ്ധയില്ലായ്മയാണ് കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസമാകുന്നതെന്നാണ്. തന്റെ കൂട്ടി സ്‌കൂളില്‍ കൃത്യമായി പോകുന്നുണ്ടോ എന്ന് ഒട്ടുമിക്ക മാതാപിതാക്കളും തിരക്കാറില്ല. ഏതു ക്ലാസിലാണവര്‍ പഠിക്കുന്നതെന്നുപോലും അറിയാത്ത അച്ഛനമ്മമാരുമുണ്ട്!

പക്ഷേ ഇക്കാര്യത്തില്‍ ബാബു മാത്യുവിന്റെ അനുഭവം വ്യത്യസ്തമാണ്. ബാബു പറയുന്നൂ; ഈ പറയുന്നതിലൊക്കെ യഥാര്‍ത്ഥ്യങ്ങളുണ്ട്. എന്നാല്‍ ഇടപെടല്‍ നമ്മുടെ ഭാഗത്തു നിന്നാണ് ഉണ്ടാകേണ്ടത്. സമീപനം മാറ്റേണ്ടത് നമ്മളാണ്. ഞങ്ങളുടെ അനുഭവം തന്നെ പറയാം. കുട്ടികളെ തിരഞ്ഞ് എല്ലാ ഊരുകളിലും ഞങ്ങള്‍ കയറിയിറങ്ങിയിരുന്നു. മാതാപിതാക്കളെയും കുട്ടികളെയും കണ്ടു സംസാരിച്ചു. സൈനിക് സ്‌കൂള്‍ പ്രവേശനത്തെക്കുറിച്ചും അതിനുവേണ്ടി നടത്താന്‍ ഉദ്ദേശിക്കുന്ന പരിശീലന ക്ലാസുകളെക്കുറിച്ചും വിശദമായി പറഞ്ഞു കൊടുക്കുകയും ചെയ്തു. ഒടുവില്‍ 37 കുട്ടികളെ ഞങ്ങള്‍ തെരഞ്ഞെടുത്തു. പക്ഷേ വന്നത് 24 പേര്‍. കുട്ടികളെ കൈയില്‍ കിട്ടിയശേഷം അവരെ മാത്രം ട്രെയിന്‍ ചെയ്താല്‍ പോര എന്നു ഞങ്ങള്‍ക്കറിയാമായിരുന്നു. മാതാപിതാക്കളുടെ സഹായം ആവശ്യമാണ്. അതിനുള്ള വഴികളിലൂടെ സഞ്ചരിച്ചു. ഞങ്ങള്‍ ലക്ഷ്യം കാണുകയും ചെയ്തു. താമസംവിനാ കുട്ടികളെക്കാള്‍ ഉത്സാഹം അവരുടെ മാതാപിതാക്കള്‍ക്കുണ്ടായി. തങ്ങളുടെ കുട്ടികള്‍ പഠിക്കണമെന്ന് ആഗ്രഹിക്കുന്ന അച്ഛനമ്മമാരാണ് ഇവിടെ കൂടുതലും. ആഴ്ച്ചയില്‍ ഒരു ദിവസമാണ് ഞങ്ങള്‍ക്ക് അവരുമായി നേരിട്ട് ഇടപഴകാന്‍ സാധിച്ചിരുന്നുള്ളൂവെങ്കിലും മറ്റുള്ള ദിവസങ്ങളില്‍ ഫോണില്‍ കുട്ടികളോയും അവരുടെ മാതാപിതാക്കളോടും സംസാരിക്കാന്‍ ശ്രമിച്ചു. അവരുടെ ജീവിതത്തെകുറിച്ചും കുട്ടിയുടെ വിദ്യഭ്യാസത്തെ കുറിച്ചും അവര് പഠിക്കേണ്ടതിന്റെ ആവശ്യകതകളെ കുറിച്ചുമെല്ലാം സംസാരിച്ചു. ക്ലാസുകള്‍ ഉള്ള ദിവസം മൂന്നു മണി കഴിഞ്ഞു കുട്ടികളുടെ ഊരുകളില്‍ നേരിട്ടു ചെന്നു അവരുടെ ജീവിതസാഹചര്യങ്ങള്‍ മനസിലാക്കി. കുട്ടികളെക്കാള്‍ അവരുടെ അച്ഛനമ്മമാരുടെ പിന്തുണ നേടിയെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. കുട്ടികളെ അവര്‍ തന്നെ മുന്‍കൈയെടുത്തു ക്ലാസിന് അയച്ചു. കഴിഞ്ഞ ഓണത്തിന് ഞങ്ങള്‍ ഒരു ക്യാമ്പ് നടത്തിയിരുന്നു. കഴിഞ്ഞ പൂജ ഹോളിഡേയ്ക്കും മാതാപിതാക്കളെ ഉള്‍പ്പെടുത്തി മറ്റൊന്നു കൂടി നടത്തി. ക്രിസ്തുമസിനും നടത്തി. അതു കുട്ടികളെ ക്യാമ്പില്‍ താമസിപ്പിച്ചു സംഘടിപ്പിച്ചതായിരുന്നു. കുട്ടികളെ വിടാന്‍ മാതാപിതാക്കള്‍ക്ക് യാതൊരു മടിയും ഇല്ലായിരുന്നു. അവരുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞതാണ് കാരണം. ഇതൊക്കെ ഇവിടെയുള്ള സ്‌കൂളുകള്‍ക്കും സാധിക്കാവുന്ന കാര്യങ്ങളാണ്. അവര്‍ ഇതിനൊക്കെ തുനിഞ്ഞിരുന്നെങ്കില്‍ വലിയമാറ്റം തന്നെ ഉണ്ടാകുമായിരുന്നു.

ഓരോ കുട്ടിയേയും അവനിലെ/അവളുടെ ടാലന്റും ജീവിത സാഹചര്യവും മനസിലാക്കി പ്രോത്സാഹിപ്പിക്കുക എന്നതാണ് യഥാര്‍ത്ഥ അധ്യാപനം. അടിസ്ഥാനപരമായി ഒരധ്യാപകനല്ലെങ്കിലും സൈക്കോളജിസ്റ്റ് ആയ ബാബുവിന് വിദ്യാഭ്യാസം എങ്ങനെയാണ് പകര്‍ന്നു നല്‍കേണ്ടതെന്നതിനെ കുറിച്ച് ബോധ്യമുണ്ട്. ഭാര്യയും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായ ലിറ്റിയും ബദല്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളില്‍ ഇടപെടലുകള്‍ നടത്തിവരുന്നവരാണ്. സോഷ്യോ ഇമോഷണല്‍ ലേണിംഗ് (എസ് ഇ എല്‍) എന്ന പ്രക്രിയയിലൂടെ വിദ്യാഭ്യാസം അതാവശ്യപ്പെടുന്ന കുട്ടിക്ക് അവനെ അടുത്തറിഞ്ഞ് പകര്‍ന്നു നല്‍കുക എന്നതാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്ന ആശയം. അടിച്ചേല്‍പ്പിക്കേണ്ടതല്ല, അറിഞ്ഞു നല്‍കേണ്ട ഒന്നാണ് വിദ്യാഭ്യാസമെന്നും ഇവര്‍ വ്യക്തമാക്കുന്നു. അതു തന്നെയാണ് അട്ടപ്പാടിയില്‍ അവര്‍ പ്രാവര്‍ത്തികമാക്കിയത്...

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് ലേഖകന്‍)


Next Story

Related Stories