TopTop
Begin typing your search above and press return to search.

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം: സദാചാര മലയാളികള്‍ ദയവുചെയ്ത് ഇതു വായിക്കരുത്; ഇത് നിങ്ങള്‍ക്കുള്ളതല്ല

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം: സദാചാര മലയാളികള്‍ ദയവുചെയ്ത് ഇതു വായിക്കരുത്; ഇത് നിങ്ങള്‍ക്കുള്ളതല്ല

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകക്കേസിലെ കുറ്റകൃത്യത്തെ അനുകൂലിക്കുകയോ ശിക്ഷയെ വിമര്‍ശിക്കുകയല്ല എന്‍റെ മുന്‍ ലേഖനത്തില്‍ (ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക വിധി; ഉള്ളില്‍ നിന്ന് ചീഞ്ഞ വൃക്ഷത്തിന് തൊലിപ്പുറത്ത് ഒട്ടിച്ച പ്ലാസ്റ്റര്‍) ചെയ്തത്. വിധിന്യായത്തോടൊപ്പം ജഡ്ജി ഉപയോഗിച്ച സദാചാര ചിന്തകളെയാണ് ഞാന്‍ വിമര്‍ശിച്ചത്. കൂട്ടത്തില്‍, പ്രശ്‌നങ്ങളുടെ അടിസ്ഥാനക്കാരണക്കാരില്‍ ഒരാളായി ഞാന്‍ കാണുന്ന ലിജീഷിനെ കുറിച്ചും. പക്ഷെ, വായനക്കാരില്‍ പലരും അതിനെന്നെ വ്യക്തിപരമായി വിമര്‍ശിച്ചു. ഞാന്‍ സൈക്കോപാത്ത് ആണെന്നും ആന്‍റി-സോഷ്യല്‍ ആണെന്നും എഴുതി. കൂടാതെ, എന്റെ അമ്മയ്‌ക്കോ ഭാര്യയ്‌ക്കോ മക്കള്‍ക്കോ ആണ് ഇത് സംഭവിച്ചിരുന്നതെങ്കില്‍ ഞാന്‍ ഇങ്ങനെ പ്രതികരിക്കുമായിരുന്നോ എന്നും ചോദിച്ചു. ഞാന്‍ സൈക്കോപാത്തും ആന്‍റി-സോഷ്യലുമാണ്; അങ്ങനെ എന്നെ വിശേഷിപ്പിച്ചവര്‍ സൈക്കോപാത്തും ആന്‍റി-സോഷ്യലും അല്ലെങ്കില്‍. ഏതായാലും, ഞാനും അവരും ഒരു കളത്തില്‍ നില്‍ക്കില്ല. ഇന്റര്‍നെറ്റും മൊബൈലും ഉപയോഗിക്കുന്ന മലയാളികള്‍ എത്ര പേരാണ് പോണ്‍ വീഡിയോകളും ക്ലിപ്പിംഗ്സുകളും കാണാത്തത്? അതൊക്കെ കാണുമ്പോള്‍ അതില്‍ കാണുന്ന സ്ത്രീയും പുരുഷനും സ്വന്തം അമ്മയോ, പെങ്ങളോ, ഭാര്യയോ, മകളോ, അച്ഛനോ, സഹോദരനോ, മകനോ ആയിരുന്നെങ്കില്‍ എന്ന് ചിന്തിക്കാറുണ്ടോ? സദാചാരം ഭക്ഷിക്കുകയും സദാചാരം വിസര്‍ജിക്കുകയും സദാചാരത്തില്‍ ഉറങ്ങുകയും സദാചാരത്തില്‍ ഉണരുകയും ചെയ്യുന്ന മലയാളികളായ സദാചാര കിങ്ങിണിക്കുട്ടന്‍മാര്‍, ദയവുചെയ്ത്, ഇതു വായിക്കരുത്. ഇത് അവര്‍ക്കുള്ളതല്ല.

ലേഖനത്തിലെ കമന്റുകളില്‍ ഒന്ന് എന്നെ വല്ലാതെ അസ്വസ്ഥനാക്കി. അഡ്വക്കേറ്റ്. ശാസ്തമംഗലം എസ്.അജിത്കുമാറിന്റെ കുറിപ്പായിരുന്നു അത്. കുറിപ്പിന്റെ മലയാള പരിഭാഷ ഇതാണ്:

''നിനോയ്ക്കുവേണ്ടി കേസു വാദിച്ചത് ഞാനാണ്. പോലീസ് ഭാഷ്യം യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഏറെ ദൂരെയാണ്. നിനോവിനെ ബസ്സില്‍ വച്ചു കണ്ടെന്നും ലിജീഷിന്റെ വീട്ടിലേക്ക് നിനോ പോയി എന്നും പറഞ്ഞ സാക്ഷികളെ കൃത്രിമമായി ഉണ്ടാക്കിയതാണ്. അനുശാന്തിക്ക് ഒരു പങ്കും ഇല്ല. പോലീസിലൂടെയാണ് അനുശാന്തി കൊലപാതകത്തെ കുറിച്ച് അറിയുന്നത്. മകളുടേയും അമ്മായിയമ്മയുടെയും ശവസംസ്‌കാരത്തിന് പോകാനോ ആശുപത്രിയില്‍ പോയി ലിജീഷിനെ കാണാനോ അനുശാന്തിയെ പോലീസ് അനുവദിച്ചില്ല. കൊല നടന്ന അന്നു വൈകുന്നേരം തന്നെ അവരെ അറസ്റ്റ് ചെയ്തു. നമ്മുടെ കുറ്റാന്വേഷണത്തിന്റെയും വിചാരണ സമ്പ്രദായത്തിന്റെയും ദുരന്തമാണ് ഈ കേസ്. സത്യം എന്നെങ്കിലും പുറത്തുവരും. ഒരു പക്ഷേ, അതു കാണാന്‍ ഞാന്‍ ജീവിച്ചിരിക്കണമെന്നില്ല. ഞാനീ പറയുന്നത് ആര്‍ക്കും ഇഷ്ടപ്പെടുമെന്നും തോന്നുന്നില്ല. പക്ഷെ ഞാന്‍ പറയുന്നത് സത്യമാണ്. കൂടുതല്‍ ഒന്നും പറയുന്നില്ല.''അജിത് കുമാറിന്റെ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നത് വിധിന്യായത്തിലെ സദാചാര ചിന്തകളെകുറിച്ചല്ല. കേസിനെക്കുറിച്ചും കേസന്വേഷണത്തെക്കുറിച്ചും വിചാരണയെക്കുറിച്ചുമൊക്കെയാണ്. അജിത് കുമാര്‍ നിനോവിനു വേണ്ടി വാദിച്ചതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതിയത് എന്ന് ഞാന്‍ കരുതുന്നില്ല. കാരണം, വിധി വന്നുകഴിഞ്ഞല്ലോ. മാത്രമല്ല, സാധാരണയായി, വക്കീലന്‍മാര്‍ ഇതുപോലെയുള്ള - കേസന്വേഷണത്തിന്റെ അടിസ്ഥാനത്തെ പോലും ചോദ്യം ചെയ്യുന്ന - വേദനയോടെയുള്ള പ്രസ്താവങ്ങള്‍ നടത്താറില്ല. പോലീസ് കേസന്വേഷണം അട്ടിമറിയ്ക്കുന്നതും തെളിവുകള്‍ സൃഷ്ടിക്കുന്നതും പുതിയ കാര്യമല്ല. പോള്‍ മുത്തൂറ്റിന്റെ വധം ഒരു സംഘം ഗുണ്ടകളുടെ 'ട' കത്തി പ്രയോഗമാണെന്ന് പറഞ്ഞ പോലീസ് 'ട' കത്തി കൊല്ലനെക്കൊണ്ട് പണിത് 'പ്രതി'യുടെ വീട്ടില്‍ തലയണയ്ക്കടിയില്‍ പോലീസ് കണ്ടെടുക്കുന്ന ദൃശ്യങ്ങള്‍ നമ്മള്‍ കണ്ടതല്ലേ? നടക്കാന്‍ യാതൊരു സാധ്യതയുമില്ലാത്ത ചാരക്കേസ് അടിസ്ഥാന രഹിതം എന്ന് സി.ബി.ഐ. കണ്ടെത്തിയിട്ടും തുടര്‍ അന്വേഷണത്തിന് കേരള സര്‍ക്കാര്‍ ഉത്തരവിട്ടപ്പോള്‍, അതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ എസ്‌എല്‍‌പി കൊടുത്തപ്പോള്‍; പ്രതികളെ കസ്റ്റഡിയില്‍ വിട്ടുതന്നാല്‍ കേസ് തെളിയിച്ചു തരാം എന്ന് സുപ്രീംകോടതിയില്‍ സത്യവാങ് മൂലം നല്‍കുകയും അതിന് കോടതിയുടെ ശകാരം കേള്‍ക്കേണ്ടി വന്നയാളുമായ പോലീസ് ഉദ്യോഗസ്ഥന്‍ നമ്മുടെ ഡി.ജി.പി.യാണ്.

കേസിനെക്കുറിച്ചും എന്റെ സംശയങ്ങള്‍ ഇവയാണ്.

ഒന്ന്, എന്തുകൊണ്ട് ലിജീഷ് വിവാഹമോചനത്തിന് പോയില്ല? ഭാര്യ ചതിച്ചത് അയാളെയല്ലേ.

രണ്ട്, കൊലപാതകവുമായി ബന്ധിപ്പിക്കാന്‍ അനുശാന്തിയും നിനോവും തമ്മില്‍ നടത്തിയ പ്രേമ-കാമ വാട്ട്‌സ് അപ്പ് സന്ദേശങ്ങള്‍ക്ക് എങ്ങനെ കഴിയും?

മൂന്ന്, സ്വന്തം വീടിന്റെ ഉള്‍ഭാഗവും പുറത്തെ വയലും വാട്ട്‌സ് അപ്പിലൂടെ അയച്ചുകൊടുക്കുന്നതും കൊലയുമായി എന്തു ബന്ധം?

നാല്, നീനോ മാത്യു ഉപയോഗിച്ച സിം അച്ഛന്റെ പേരിലുള്ളതായിട്ടും അച്ഛനെ പ്രതിയാക്കാത്തതിന്റെ ലോജിക്ക് തീര്‍ത്തും ശരിയാണ്. പക്ഷെ, അതേ ന്യായം വച്ചു നോക്കുകയാണെങ്കില്‍ അനുശാന്തിയുടെ മൊബൈലില്‍ നിന്ന് വീടിന്റെയും പുറത്തെ വയലിന്റെയും ചിത്രങ്ങള്‍ നീനോവിന് അയച്ചുകൊടുത്തത് അനുശാന്തി തന്നെ എന്ന് എങ്ങനെ ഉറപ്പിക്കാം?

അഞ്ച്, വിവാഹ മോചനത്തിന് ലിജീഷ് തയ്യാറായിരുന്നു എങ്കില്‍ എന്തുകൊണ്ട് അനുശാന്തി അതിന് തുനിയാതെ കൊലക്കേസിലെ കൂട്ടുപ്രതിയായി മാറാന്‍ തയ്യാറായി?

ആറ്, കുഞ്ഞിനെ വിട്ടുകൊടുക്കില്ല എന്ന ലിജീഷിന്റെ പിടിവാശിയായിരുന്നു വിവാഹമോചനത്തിന് അനുശാന്തി തയ്യാറാകാതിരുന്നതിന്റെ കാരണമെങ്കില്‍, ആ കുഞ്ഞിന്റെ കൊലപാതകത്തിലൂടെ അനുശാന്തി എന്താണ് നേടിയത്?

ഏഴ്, നിനോ മാത്യുവിനെ ബസ്സില്‍ വച്ച് കണ്ടവരും ലിജീഷിന്റെ വീട്ടിലേക്ക് പോകുന്നത് കണ്ടവരും എങ്ങനെയാണ് അയാളെ ഓര്‍ക്കുന്നത്? അയാള്‍ സ്ഥിരം ആ റൂട്ടിലെ ബസ് യാത്രക്കാരനല്ല. ഒരു ബസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പരസ്പരം കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമോ? നിനോ മാത്യുവിനെ ബസ്സിലെ സഹയാത്രികര്‍ തിരിച്ചറിയാന്‍ അയാള്‍ക്കെന്താ കൊമ്പുണ്ടോ? അതോ അയാള്‍ കൊല്ലാന്‍ ഉപയോഗിച്ചു എന്നു പോലീസ് പറയുന്ന കത്തിയേക്കാള്‍ നീണ്ടതും വലിയ വായ്ത്തലയുമുള്ള ആയുധവും (machete) ഗോള്‍ഫ് സ്റ്റിക്കിന്റെ മുറിച്ചു മാറ്റിയ ഭാഗവും (a sawn off golf club)) ഇരുകൈകളിലുമായി ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണോ ബസ്സില്‍ യാത്ര ചെയ്തത്?എട്ട്, അന്വേഷണം വഴിമുട്ടിക്കാനായി നിനോ മാത്യു അടുത്തുള്ള ഒരു കടയില്‍ നിന്നും മുളകുപൊടി വാങ്ങിയെന്നും അതാണ് ലിജീഷിന്റെ വീട്ടിനുള്ളില്‍ വിതറിയതെന്നും പൊലീസ് പറയുന്നു. (ദി ഹിന്ദു, ഏപ്രില്‍ 18, 2014). കൊല നടത്താന്‍ പോകുന്ന, ബുദ്ധിയുള്ള ക്രിമിനലായ, നിനോ മാത്യു ഇത്തരം തെളിവുകള്‍ ഉണ്ടാക്കാതിരിക്കാനുള്ള സാമാന്യബുദ്ധി കാണിക്കില്ലേ? അയാള്‍ക്കത് ദൂരെ എവിടെയെങ്കിലുമുള്ള അപരിചിതമായ ഏതെങ്കിലും കടയില്‍ നിന്ന് മുളകുപൊടി വാങ്ങിയാല്‍ പോരേ?

ഒമ്പത്, ഉച്ചയ്ക്ക് 12.30 ന് ലിജീഷിന്റെ വീട്ടില്‍ എത്തിയ നീനോ മാത്യു താന്‍ ലിജീഷിന്റെ സുഹൃത്താണെന്നും ഒരു വിവാഹത്തിന് ക്ഷണിക്കാന്‍ വന്നതാണെന്നും പറഞ്ഞ ശേഷം അമ്മയെക്കൊണ്ട് ലിജീഷിനെ ഫോണില്‍ വിളിച്ച് വിവരം പറയിപ്പിച്ചു എന്നും അതിനെ തുടര്‍ന്ന്, ലിജീഷ് വീട്ടിലെത്തുന്നതിനു മുമ്പ് തന്നെ, അമ്മയേയും കുട്ടിയേയും നീനോ കൊലപ്പെടുത്തിയെന്നും അരമണിക്കൂര്‍ കഴിഞ്ഞ ശേഷം വന്ന ലിജീഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്നുമാണ് പോലീസ് ഭാഷ്യം. ഒരു സുഹൃത്ത് വീട്ടില്‍ വന്നിരിക്കുന്നു എന്ന് പറഞ്ഞാല്‍ അയാള്‍ ആരാണെന്നോ അയാളോട് ഫോണില്‍ സംസാരിക്കാതെയോ ഓഫീസില്‍ നിന്ന് യാത്ര ചെയ്ത് എത്ര പേരാണ് വീട്ടിലെത്തുന്നത്? ഏറ്റവും അടുത്ത സുഹൃത്താണെങ്കില്‍, അയാള്‍ ലിജീഷിനെ നേരത്തെ തന്നെ മൊബൈലില്‍ ബന്ധപ്പെടുമായിരുന്നില്ലേ? അമ്മയുടെ ഫോണ്‍ കിട്ടുമ്പോള്‍ ഫോണ്‍ കൂട്ടുകാരനു കൊടുക്കാന്‍ അല്ലേ, സാധാരണ ഗതിയില്‍, ലിജീഷ് (അയാളുടെ സ്ഥാനത്ത് ആരായിരുന്നാലും) പറയുക? അങ്ങനെ ഫോണ്‍ കൊടുത്തിരുന്നെങ്കില്‍ ലിജീഷിനെ കളവിലൂടെ വീട്ടിലെത്തിക്കാനുള്ള നിനോവിന്റെ തന്ത്രം പൊളിയുമായിരുന്നില്ലേ? എന്തുകൊണ്ട് ലിജീഷ് അമ്മയോട് ഫോണ്‍ സുഹൃത്തിന് കൊടുക്കാന്‍ പറഞ്ഞില്ല? എന്തുകൊണ്ട് വന്നത് ആരാണെന്നറിയാതെ തന്നെ ലിജീഷ് വീട്ടിലേക്ക് പോയി?

പത്ത്, ലിജീഷ് വീട്ടിലെത്തി കാളിംഗ് ബെല്ലടിച്ചുവെങ്കിലും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടിന്റെ പിന്‍ഭാഗത്തു കൂടി വീട്ടില്‍ കയറിയെന്നും അപ്പോള്‍ നീനോ അയാളെ വെട്ടിയെന്നുമാണ് വാര്‍ത്ത. ഇതിലൊക്കെ എന്തോ അപാകതയുണ്ടെന്ന് തോന്നുന്നില്ലേ?

പതിനൊന്ന്, ആക്രമണത്തില്‍ നിന്ന് ലിജീഷ് രക്ഷപ്പെട്ടു. അയാള്‍ അലറി വിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തി അയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതിനിടയ്ക്ക് പുറകുവശത്തുകൂടി നിനോ രക്ഷപ്പെട്ടുവത്രെ! (Indiatoday.in, April 18, 2014). നിനോ മാത്യുവിന് കൊല്ലേണ്ടിയിരുന്നത് ലിജീഷിനെയായിരുന്നു. (അങ്ങനെ കരുതാമെങ്കില്‍) അപ്പോള്‍, അയാള്‍ ലിജീഷിന്റെ മരണം ഉറപ്പുവരുത്തുമായിരുന്നില്ലേ? കാരണം, മരിച്ചില്ലെങ്കില്‍ ലിജീഷിന്റെ മൊഴി അയാളെ കുരുക്കുമെന്ന വസ്തുത മനസ്സിലാക്കാന്‍ കഴിയാത്ത മന്ദബുദ്ധിയാണോ നിനോ? ഇനി, പരിക്കേറ്റ ലിജീഷ് അലറി വിളിച്ചപ്പോള്‍ നാട്ടുകാരെത്തിയെങ്കില്‍, അവരെന്തുകൊണ്ട് അവിടെ വച്ച് നീനോ മാത്യുവിനെ കണ്ടില്ല? അയാളെ പിടികൂടിയില്ല? രണ്ടു കൊലയ്ക്കും ഒരു കൊലപാതകശ്രമത്തിനും കാരണക്കാരനായ നിനോ മാത്യുവിന്റെ വസ്ത്രത്തില്‍ രക്തക്കറ കാണില്ലേ? അതും മറച്ചുകണ്ട് എങ്ങനെയാണ് അയാള്‍ തിരിച്ച് ബസ്സിലോ ഓട്ടോയിലോ സ്വന്തം വീട്ടിലെത്തുക?

പന്ത്രണ്ട്, ലിജീഷ് മരിച്ചില്ല എന്നുറപ്പുണ്ടായിരുന്ന നീനോ മാത്യു - ലിജീഷ് തന്നെ കണ്ടു എന്നുറപ്പുണ്ടായിരുന്ന നീനോ മാത്യു - എന്തിനാണ് താന്‍ കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും അതു തുടച്ചു വൃത്തിയാക്കാന്‍ ഉപയോഗിച്ച ടൗവ്വലും ലിജീഷിന്റെ വീട്ടില്‍ നിന്ന് അന്വേഷണത്തിന്റെ വഴിതെറ്റിയ്ക്കാനായി തട്ടിയെടുത്ത ആഭരണങ്ങളും സ്വന്തം വീട്ടില്‍ ഭദ്രമായി കൊണ്ടുവച്ചു സ്വന്തം കുരുക്കു മുറുക്കിയത്? ഇത്രയും മണ്ടനാണോ ബുദ്ധിമാനായ ഈ കൊലയാളി?പതിമൂന്ന്, കൊലപാതകം നടത്താന്‍ പോകുന്ന ഒരാളുടെ മാനസികാവസ്ഥയല്ല, കൊല നടത്തിയശേഷം കൊലയാളിയ്ക്കുണ്ടാകുക. ഇതൊരു ലളിതമായ മനഃശാസ്ത്രമാണ്. രണ്ടു കൊല നടത്തിയശേഷം രക്തം തളംകെട്ടി കിടക്കുന്ന മുറിയില്‍ അടുത്ത ഇരയെത്തേടി നില്‍ക്കാന്‍ സാധാരണ മനുഷ്യര്‍ക്കാകില്ല. അങ്ങനെ ചെയ്യാന്‍ കഴിയുന്നത് ഒരു മാനിയാക്കിനോ, പ്രൊഫഷണല്‍ കില്ലറിനോ മാത്രമാണ്. രണ്ടുപേരും അവരുടെ കാര്യങ്ങള്‍ ഭംഗിയായി നടത്താന്‍ കെല്‍പ്പുള്ളവരാണ്. അങ്ങനെയുള്ളവരുടെ കൈയ്യില്‍ നിന്ന് ലിജീഷ് രക്ഷപ്പെടില്ല, തീര്‍ച്ച. കൊലക്കളത്തില്‍ സുപ്രധാന ഇരയെക്കാത്ത് അരമണിക്കൂര്‍ ഇരിക്കുന്ന കൊലയാളി സുപ്രധാന ഇരയെ അണ്‍പ്രൊഫഷണല്‍ ആയി ആക്രമിച്ചുവെന്നും, അയാളെ കൊലപ്പെടുത്താതെ ഓടി രക്ഷപ്പെട്ടുവെന്നും, രക്ഷപ്പെട്ടശേഷം വീട്ടില്‍ തൊണ്ടിമുതല്‍ സൂക്ഷിച്ചുവെന്നുമൊക്കെ പറയുന്നത് സാമാന്യബുദ്ധിയ്ക്കു നിരക്കാത്തതാണോ?

പതിനാല്, വെട്ടേറ്റ ലിജീഷ് അലറി വിളിക്കുമ്പോള്‍ നിനോ മാത്യു എങ്ങനെയാണ് കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ തുടച്ചുവൃത്തിയാക്കുന്നത്? തുടയ്ക്കാതെയാണ് അയാള്‍ ഇറങ്ങി ഓടി രക്ഷപ്പെട്ടതെങ്കില്‍, അയാളുടെ ബാഗില്‍ ആ രക്തക്കറ കാണുമായിരുന്നില്ലേ? രക്തക്കറ ബാഗില്‍ ഉള്ളതായി കേസില്‍ പറയുന്നില്ല, മറിച്ച്, കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങളും ഗോള്‍ഫ് സ്റ്റിക്ക് നീളം കുറയ്ക്കാന്‍ ഉപയോഗിച്ച hack-saw ബ്ലേഡും കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ തുടച്ചുവൃത്തിയാക്കാന്‍ ഉപയോഗിച്ച ടൗവ്വലും മറ്റു തൊണ്ടി വസ്തുക്കള്‍ക്കൊപ്പം നീനോ മാത്യുവിന്റെ മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു എന്നാണ് പറയുന്നത്. (Times of India, April 18, 2014). അതായത് ലിജീഷിനെ വെട്ടിയശേഷം വെട്ടാന്‍ ഉപയോഗിച്ച ആയുധം നീനോ മാത്യു തുടച്ചു വൃത്തിയാക്കിയ ശേഷമാണ് ആയുധം ബാഗിനുള്ളില്‍ വച്ച് ഓടിമറഞ്ഞത്. ആയ സമയത്ത് ആയുധം തുടച്ചു വൃത്തിയാക്കുന്നതിനു പകരം ലിജീഷിന്റെ മരണമായിരുന്നില്ലേ അയാളെ കൊല്ലാന്‍ വന്ന നീനോ മാത്യു, ന്യായമായും ചെയ്യുമായിരുന്നത്? പ്രത്യേകിച്ച് ലിജീഷ് ഉറക്കെ നിലവിളിയ്ക്കുമ്പോള്‍? തനിക്കെതിരെയുള്ള സുപ്രധാന സാക്ഷിയെ ജീവിക്കാന്‍ വിട്ടിട്ട് താന്‍ അയാളെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധം തുടച്ചു വൃത്തിയാക്കി ബാഗിനുള്ളില്‍ വച്ചശേഷം നാട്ടുകാര്‍ എത്തുന്നതിനും മുമ്പേ, വീട്ടില്‍ നിന്നിറങ്ങി ഓടി, നാട്ടുകാരുടെ കണ്ണില്‍പ്പെടാതെ ബസ്സോ ആട്ടോയോ പിടിച്ച് നീനോ മാത്യു രക്ഷപ്പെട്ടെന്നാണോ നമ്മള്‍ വിശ്വസിക്കേണ്ടത്? (കാരണം നീനോ മാത്യു ബസ്സിലാണ് വന്നതെന്നാണ് പ്രോസിക്യൂഷന്‍ വാദം)

പതിനഞ്ച്, എന്തുകൊണ്ട് പോലീസ് അനുശാന്തിയെ അവരുടെ മകളുടെ മരണാനന്തര ചടങ്ങിന് പോകാന്‍ അനുവദിച്ചില്ല? കുറ്റം തെളിയിക്കപ്പെടുന്നതുവരെ പ്രതി നിരപരാധിയാണെന്നല്ലേ നിയമം പറയുന്നത്? എന്തുകൊണ്ട് ആശുപത്രിയില്‍ കിടന്ന ലിജീഷിനെ കാണാന്‍ അനുശാന്തിയെ പോലീസ് അനുവദിച്ചില്ല?

ഇനിയും ധാരാളം ചോദ്യങ്ങള്‍ ഉണ്ടാകാം. ഇത്തരം ചോദ്യങ്ങള്‍ നിലനില്‍ക്കെ, ഒരു പ്രതിക്ക് വധശിക്ഷയും മറ്റൊരു പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തവും നല്‍കിയ വിധിയെ എങ്ങനെയാണ് ന്യായീകരിക്കാന്‍ കഴിയുക? സത്യം പുറത്തുവരുമോ, എന്നെങ്കിലും?

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ വീണ്ടും വീണ്ടും വരുന്നു. അതാണോ ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകത്തെ ഒരു കടങ്കഥയാക്കി മാറ്റുന്നത്?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories