TopTop
Begin typing your search above and press return to search.

ഓഡി ക്യു 3; ന്യൂജെന്‍ ബ്രോയുടെ യുവത്വം

ഓഡി ക്യു 3; ന്യൂജെന്‍ ബ്രോയുടെ യുവത്വം

ഇന്ത്യയിലേറ്റവുമധികം വില്‍ക്കപ്പെടുന്ന ലക്ഷ്വറി കോംപാക്ട് എസ് യുവിയാണ് ഓഡി ക്യു3. മേര്‍സിഡസ് ബെന്‍സ് ജി എല്‍ എ, ബി എം ഡബ്ലിയു എക്‌സ് 1 എന്നിവ ഈ സെഗ്‌മെന്റിലെത്തിയപ്പോള്‍ കണ്ടത് പൂമുഖത്ത് നേരത്തെ തന്നെ സ്ഥാനം പിടിച്ചു കഴിഞ്ഞ ക്യൂ3 എന്ന കാരണവരെയാണ്. കാര്‍ന്നോരെ നിലയ്ക്കു നിര്‍ത്താന്‍ ഇനിയും ജിഎല്‍എ, എക്‌സ് 1 തുടങ്ങിയ യുവാക്കള്‍ക്കു കഴിഞ്ഞിട്ടില്ല. ഇപ്പോഴും വില്പനയില്‍ ക്യു3 തന്നെയാണ് മുന്നില്‍.

അടുത്ത കാലത്ത് ഓഡി എ3 കാബ്രിയോലെ, ടിടി തുടങ്ങി ഓഡിയുടെ നിരവധി മോഡലുകള്‍ പുറത്തുവന്നു. അതോടൊപ്പം തന്നെ 'സ്മാര്‍ട്ട് യങ്ങ്' എന്ന മുദ്രാവാക്യവുമായി ക്യു3 യുടെ പുതിയ മോഡലും വന്നു. പ്രായത്തില്‍ മൂത്തവനെങ്കിലും പുതിയ ക്യു 3 'ന്യൂജെന്‍ ബ്രോ'മാരെപ്പോലെ യുവത്വം തുളുമ്പുന്നവനാണ് .പ്രായമൊക്കെ എങ്ങോ പോയ് മറഞ്ഞ പുതിയ ക്യു3 യെ അടുത്തൊന്നു കാണാം.

കാഴ്ച
അടുത്ത കാലത്ത് ഓഡിയുടെ വാഹനങ്ങളുടെയെല്ലാം കെട്ടും മട്ടും പരിഷ്‌കരിക്കപ്പെട്ടിരുന്നു. കൂടുതല്‍ ഷാര്‍പ്പും അഗ്രസീവും ആധുനികവുമാണ് പുതിയ ഡിസൈന്‍ തീം. ആ തീമിലേക്കാണ് ക്യു 3യെ മാറ്റിയിരിക്കുന്നത്.

ഹെഡ്‌ലാമ്പുകള്‍ മെലിഞ്ഞു നീണ്ട് കൂടുതല്‍ സുന്ദരമായി. ടോപ്പ് വേരിയന്റുകളില്‍ ഫുള്‍ എല്‍ ഇ ഡി യൂണിറ്റാണ് ഹെഡ്‌ലാമ്പുകള്‍. ഇന്‍ഡിക്കേറ്ററുകള്‍ വശങ്ങളിലേക്ക് വലിഞ്ഞുനില്‍ക്കുന്നു. മുന്‍ഗ്രില്‍ ക്രോമിയത്തില്‍ പൊതിഞ്ഞിരിക്കുകയാണ്. വലിപ്പം കൂടിയ ഈ സിംഗിള്‍ പീസ് ക്രോമിയം ഗ്രില്‍ മുന്‍ഭാഗത്തിന് വശ്യതയേറ്റുന്നു. (ഇനി വരാന്‍ പോകുന്ന പുതിയ ക്യു7 ഉള്‍പ്പെടെയുള്ള മോഡലുകളില്‍ ഇതേ ഗ്രില്‍ കണ്ടാല്‍, അത് യാദൃശ്ചികമല്ല എന്നറിയുക.) ചെത്തി മിനുക്കിയെടുത്ത സ്‌പോര്‍ട്ടി മുന്‍ ബമ്പറും പുതിയ ക്യു3 യിലെ പുതുമയാണ്.പുതിയ ഡിസൈനാണ് 17 ഇഞ്ച് അലോയ് വീലുകള്‍ക്ക്. വശങ്ങളിലെ സ്‌കര്‍ട്ടിങ്ങുകളില്‍ ക്ലാഡിങ് ഉണ്ട്.

പിന്‍ഭാഗത്തെ ടെയ്ല്‍ ലാമ്പുകളിലും എല്‍ ഇ ഡി സ്പര്‍ശം. പിന്നിലെ ടേണ്‍ ഇന്‍ഡിക്കേറ്ററുകളാണ് ഏറ്റവും മനോഹരം. ഈ ഡൈനാമിക് ഇന്‍ഡിക്കേറ്ററുകള്‍ എ 8-ലും മറ്റും കണ്ടിട്ടുള്ളതാണല്ലോ.

എന്തായാലും ഒരുകാര്യം ഉറപ്പ് പറയാം: പഴയ ക്യു 3 യെക്കാള്‍ ആധുനികവും സ്‌പോര്‍ട്ടിയുമാണ് പുതിയ ക്യു3യുടെ ഡിസൈന്‍.

ഉള്ളില്‍
ഫുള്‍ബ്ലാക്ക് അല്ലെങ്കില്‍ ബ്ലാക്ക്-ബീജ് കോംബിനേഷനാണ് ഉള്‍ഭാഗത്ത്. ഇതില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. ഡാഷ്‌ബോര്‍ഡിന്റേയും സെന്റര്‍ കണ്‍സോളിന്റേയും അടിസ്ഥാന ഡിസൈന്‍ നിലനിര്‍ത്തിക്കൊണ്ട് പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.

ഡാഷ്‌ബോര്‍ഡിലെ തടിയുടെ അലങ്കാരങ്ങള്‍ പരുപരുക്കന്‍ മെറ്റാലിക് ഫിനിഷിന് വഴിമാറിയതാണ് ആദ്യമേ കണ്ണില്‍ പെടുക. ബ്രഷ്ഡ് അലൂമിനിയം ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്.

മാനുലായി മടക്കി വെക്കാവുന്ന മള്‍ട്ടിമീഡിയ ഇന്റര്‍ഫേസ് സ്‌ക്രീനില്‍ പുതുതായി നാവിഗേഷന്‍ സിസ്റ്റം കൂടി വന്നു. 20 ജിബി. ഇന്‍ബില്‍റ്റ് സിസ്റ്റമാണിത്. 2 എസ് ഡി കാര്‍ഡ് സ്ലോട്ടുകള്‍, ബ്ലൂടൂത്ത് ടെലിഫോണി എന്നിവയും ഇതില്‍ ഇണക്കി ചേര്‍ത്തിരിക്കുന്നു. 'ടെക്‌നോളജി പാക്ക്' എന്നാണ് കമ്പനി ഈ പരിഷ്‌കാരങ്ങള്‍ക്കു നല്‍കിയിരിക്കുന്ന പേര്. റിയര്‍വ്യൂ ക്യാമറ. പുതിയ മ്യൂസിക് സിസ്റ്റം, പനോരമിക് സണ്‍റൂഫ് എന്നിവയും കണ്ണില്‍ പെടാതിരിക്കില്ല. പല തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മുന്‍സീറ്റുകള്‍, എല്‍ ഇ ഡി ഇന്റീരിയര്‍ ലൈറ്റിങ് പാക്കേജ് എന്നിവ കൂടാതെ ഒരു പുതുമ കൂടി സ്റ്റിയറിങ് വീലിനു പിന്നില്‍ ദര്‍ശിക്കാം - പാഡ്ല്‍ ഷിഫ്റ്റിന്റെ ലിവറുകള്‍.

ഇന്റീരിയര്‍ നിലവാരത്തിനും ഭംഗിക്കും യൂട്ടിലിറ്റിക്കും സ്‌പേസിനും ഫുള്‍മാര്‍ക്ക് കൊടുക്കാം ഓഡി ക്യു 3യ്ക്ക്.എഞ്ചിന്‍
എഞ്ചിനിലോ മറ്റ് മെക്കാനിക്കല്‍ കാര്യങ്ങളിലോ മാറ്റമില്ല. 2 ലിറ്റര്‍, 35 ടിഡിഐ ഡീസല്‍ എഞ്ചില്‍ തന്നെയാണ് പുതിയ ക്യു3യിലും. ഇത് 174 ബിഎച്ച്പി എഞ്ചിനാണ്. ടോര്‍ക്ക്, 280 ന്യൂട്ടണ്‍ മീറ്റര്‍. 7 സ്പീഡ് എസ് ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് ആണ് ക്യു3-യെ ചലിപ്പിക്കുന്നത്. കംഫര്‍ട്ട്, ഓട്ടോ, ഡൈനാമിക് എന്നീ മൂന്ന് ഡ്രൈവ് മോഡുകള്‍ സ്വിച്ചമര്‍ത്തി തെരഞ്ഞെടുക്കാം. എഞ്ചിന്‍, സ്റ്റിയറിംഗ്, ഗിയര്‍ബോക്‌സ് എന്നിവയില്‍ കാര്യമായ മാറ്റം സംഭവിക്കുന്നുണ്ട്, മോഡുകള്‍ മാറ്റുമ്പോള്‍. ഡൈനാമിക് മോഡില്‍ പടക്കുതിരയെപ്പോലെ പായുന്ന ക്യു3, കംഫര്‍ട്ട് മോഡില്‍ ലാളിത്യമുള്ള യുവാവായി മാറുന്നു.

സസ്‌പെന്‍ഷന്‍ സെറ്റപ്പിലൊന്നും മാറ്റമില്ല , പുതിയ ക്യു3യില്‍. മറ്റേതൊരു ഓഡിയും പോലെ കോര്‍ണറിങ്ങിലും സ്‌ട്രെയ്റ്റ് ലൈന്‍ റോഡിലും ഇണക്കത്തോടെ പെരുമാറുന്നണ്ട് ക്യു3.

നൂറു കിലോമീറ്റര്‍ വേഗതയെടുക്കാന്‍ ക്യു3യ്ക്ക് വേണ്ടത് 8.2 സെക്കന്റാണ്. 15.73 കി.മീ ലിറ്റര്‍ എന്ന മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

വിധി
ക്വാഡ്രോ എന്ന വിഖ്യാതമായ ഓള്‍വീല്‍ ഡ്രൈവ് സിസ്റ്റം ക്യു3യിലുണ്ട്. ബെന്‍സ് ജി എല്‍ എ, ബി എം ഡബ്ലിയു എക്‌സ് വണ്‍ എന്നീ എതിരാളികള്‍ക്ക് ഇല്ലാത്തതും അതുതന്നെയാണ്. തീര്‍ച്ചയായും എന്‍ട്രി ലെവല്‍ ലക്ഷ്വറി എസ് യു വി മാര്‍ക്കറ്റിലെ തിളങ്ങുന്ന താരം ക്യു 3 തന്നെയാണ്.വില:29-37.5 ലക്ഷം രൂപ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories