TopTop
Begin typing your search above and press return to search.

ഔഡിയുടെ സുന്ദരി പടക്കുതിരകള്‍

ഔഡിയുടെ സുന്ദരി പടക്കുതിരകള്‍

രണ്ടു സുരസുന്ദരിമാരെ കൈകാര്യം ചെയ്ത് ക്ഷീണിച്ചു. രണ്ടും മോശക്കാരല്ല. ഓഡി ടിടി കൂപ്പെയും ഓഡി എ3 കാബ്രിയോലെയും. അല്ലെങ്കില്‍ത്തന്നെ ലക്ഷ്വറി കാര്‍ വിപണിയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഓഡിക്ക് ആ ആസ്ഥാനത്തു തന്നെ തുടരാന്‍ ഇത്തരം കുറച്ചു മോഡലുകള്‍ മാത്രം മതി! ടി.ടി.യുടെ കുതിപ്പും എ3 കാബ്രിയോലെയുടെ സൗന്ദര്യവും വാഹനപ്രേമികളുടെ മനസ്സില്‍ തീ കോരിയിടാന്‍ പര്യാപ്തമാണ്.

അടുത്ത കാലത്ത് വിപണിയിലെത്തിയ ഈ രണ്ട് മോഡലുകളും ടെസ്റ്റ്‌ഡ്രൈവ് ചെയ്തതിന്റെ ഹരം വിട്ടൊഴിയുന്നതിനു മുമ്പു തന്നെ റിപ്പോര്‍ട്ട് എഴുതിയേക്കാം. പക്ഷെ, ഒരു കാര്യം പറയട്ടെ, ഈ സുന്ദരിമാര്‍ സമ്മാനിക്കുന്ന ത്രില്ലിന്റെ 10 ശതമാനം പോലും അക്ഷരങ്ങളിലാക്കാന്‍ എനിക്ക് കഴിയില്ല. അനുഭവിച്ചു തന്നെ അറിയണം, ഈ മോഡലുകളുടെ ഡ്രൈവിങ്ങ് നല്‍കുന്ന ഹരം.

ഓഡി ടി ടി

1998ല്‍ നിര്‍മ്മാണം ആരംഭിച്ച ടൂ സീറ്റര്‍ സ്‌പോര്‍ട്‌സ് കൂപ്പെയാണ് ടിടി. വേഗതയെ സ്‌നേഹിക്കുന്നവരുടെ ഇഷ്ടവാഹനമാണിത്. ജര്‍മ്മനിയിലും ഹംഗറിയിലും മാത്രമാണ് ടിടി നിര്‍മ്മിക്കപ്പെടുന്നത്. ഇപ്പോള്‍ വിപണിയിലുള്ളത് മൂന്നാം ജനറേഷനില്‍പെടുന്ന ടിടിയാണ്.

കാഴ്ച

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ എം ക്യൂബി പ്ലാറ്റ്‌ഫോമിലാണ് പുതിയ ടി ടി പടുത്തുയര്‍ത്തിയിരിക്കുന്നത്. സ്‌കോഡ ഒക്ടോവിയ, ഓഡി എ3, എന്നിവയും അതേ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ചതാണ്. അലൂമിനിയത്തില്‍ നിര്‍മ്മിക്കപ്പെട്ട പ്ലാറ്റ്‌ഫോം പെര്‍ഫോമന്‍സിന് വേണ്ട പിന്‍ബലം നല്‍കുന്നു.

രണ്ടാം തലമുറയില്‍പ്പെട്ട ടി.ടി.യില്‍ നിന്ന് രൂപത്തില്‍ വളരെ മാറ്റങ്ങളൊന്നും പറയാനില്ല. എന്നാല്‍ ചെറിയ ഡിസൈന്‍ മാറ്റങ്ങള്‍ തന്നെ ടിടിയെ ഫ്യൂച്ചറിസ്റ്റ്ക് ആക്കി മാറ്റിയിട്ടുണ്ട്.

പ്രധാനമായും ശ്രദ്ധ നേടുന്നത് 'മാട്രിക്‌സ് ബൂം' എന്ന് കമ്പനി വിളിക്കുന്ന പുതിയ എല്‍.ഇ.ഡി ഹെഡ്‌ലാമ്പാണ്. ഡ്രൈവര്‍ക്ക് മാക്‌സിമം വിസിബിലിറ്റി നല്‍കുന്ന രീതിയില്‍ സെന്‍സറുകളും ക്യാമറകളും ഉപയോഗിച്ചാണ് ഹെഡ്‌ലാമ്പ് പ്രവര്‍ത്തിക്കുന്നത്. വളവുകള്‍ തിരിയുമ്പോള്‍ സ്വയം തിരിയുന്ന, സ്വയം 'ഡിം' അടിക്കുന്ന ഹെഡ്‌ലാമ്പാണിത്. ഡേ ടൈം റണ്ണിങ്ങ് ലൈറ്റും ഇതിലുണ്ട്. വലിയ ഗ്രില്ലും ബമ്പറിലെ വമ്പന്‍ എയര്‍ ഇന്‍ടേക്കും സ്‌റ്റൈലിങ്ങിന് വ്യത്യസ്തത നല്‍കുന്നു.

വലിയ വീല്‍ ആര്‍ച്ചിനു മേലെ റൂഫ്‌ലൈന്‍ ചെരിഞ്ഞിറങ്ങുന്നു. വലിയ സിംഗിള്‍ വിന്‍ഡോയും മനോഹരമായ അലോയ് വീലുമാണ് ടിടിക്ക്. അലൂമിനിയം ഫ്യൂവല്‍ ക്യാപ്പ് സ്‌പോര്‍ട്ടിനെസ് വര്‍ദ്ധിപ്പിക്കുന്നു. ഹൃദയഹാരിയായ ശബ്ദം പുറപ്പെടുവിക്കുന്ന എക്‌സ്‌ഹോസ്റ്റ് പൈപ്പും ചെരിഞ്ഞിറങ്ങുന്ന ബൂട്ട്‌ലിഡുമാണ് പിന്നിലെ കാഴ്ചകള്‍.

പഴയ ടിടിയില്‍ നിന്നു വ്യത്യസ്തമായി ഷാര്‍പ്പ് ലൈനുകളും ഭംഗിയുള്ള ഷാര്‍പ്പ് എഡ്ജുകളുമാണ് പുതിയ ടിടിക്ക്. ആധുനിക ലോകത്തിന് ചേരുംവിധം ടിടി.യെ ഒരുക്കിയിട്ടുണ്ട് ഓഡി.ഉള്ളില്‍

ഉള്‍ഭാഗവും വളരെ സ്‌പോര്‍ട്ടിയാണ്. കറുപ്പിന്റെ ഭംഗിയിലാണ് ഡാഷ്‌ബോര്‍ഡും മറ്റും നിര്‍മ്മിച്ചിരിക്കുന്നത്. ഏറ്റവും മനോഹരം എസി വെന്റുകളാണ്. ഇതില്‍ തന്നെ ബ്ലോവര്‍, ടെപറേച്ചര്‍ മോഡ് കണ്‍ട്രോളുകളുണ്ട്. ഡാഷ്‌ബോര്‍ഡില്‍ വളരെ കുറച്ച് സ്വിച്ചുകളേയുള്ളു. സെന്റര്‍ കണ്‍സോളും വിശാലമാണ്. സ്റ്റീലിന്റെ ഭംഗിയാണ് കണ്‍സോളിനു ചുറ്റും.

ചെറിയ വാഹനമാണ് ടിടി എന്നു തോന്നുമെങ്കിലും ഉള്ളില്‍ സ്ഥലസൗകര്യമേറെയുണ്ട്. സീറ്റുകളുടെ കംഫര്‍ട്ടും എടുത്തുപറയാം. നല്ല വിസിബിലിറ്റിയുള്ള ഡ്രൈവിങ്ങ് പൊസിഷന്‍ സമ്മാനിക്കുന്നുണ്ട് ടിടി.

മീറ്റര്‍ കണ്‍സോളിലെ സ്‌ക്രീനിലാണ് വാഹന ഇന്‍ഫര്‍മേഷനുകള്‍ ഒളിപ്പിച്ചിരിക്കുന്നത്. ഡാഷ്‌ബോര്‍ഡിലെ സ്വിച്ചുകള്‍ ഒഴിവാക്കാന്‍ കഴിഞ്ഞതും അതുകൊണ്ടുതന്നെ. ഈ 12.3 ഇഞ്ച് സ്‌ക്രീനില്‍ നാവിഗേഷന്‍, ഇന്‍ഫോടെയ്ന്‍മെന്റ് എന്നിവയെല്ലാം ഒളിപ്പിച്ചിരിക്കുന്നു.

എഞ്ചിന്‍

227 കുതിരകള്‍ വലിക്കുന്ന എഞ്ചിന്‍ 2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ്, 4 സിലിണ്ടര്‍ പെട്രോള്‍ ആണ്. (ടിടിഎസ് വേരിയന്റില്‍ 306 ബിഎച്ച്പി എഞ്ചിനുണ്ട്) ഡ്യൂവല്‍ ക്ലച്ച്, 6 സ്പീഡ് ഗിയര്‍ ബോക്‌സ് ഈ വാഹനത്തെ 5.8 സെക്കന്റു കൊണ്ട് 100 കിമീ വേഗതയിലെത്തിക്കും. ഓഡിയുടെ 4 വീല്‍ ഡ്രൈവ് സിസ്റ്റമായ ക്വാഡ്രോ ഉള്ളതുകൊണ്ട് സ്റ്റെബിലിറ്റിയുടെയും ഡ്രൈവിങ്ങ് കംഫര്‍ട്ടിന്റെയും കാര്യത്തില്‍ ടിടിയെ വെല്ലാനാവില്ല. ഡൈനാമിക് മോഡില്‍ ഓടിക്കുമ്പോള്‍ ഉയരുന്ന എഞ്ചിന്‍ ശബ്ദം കേള്‍ക്കേണ്ടതു തന്നെയാണ്. റേവ് കൗണ്ടറില്‍ 4500 ആര്‍പിഎം കടക്കുമ്പോള്‍ ആ ശബ്ദത്തിന് കാതോര്‍ക്കുക.സ്റ്റിയറിങ്ങിന്റെ കൃത്യമായ ഹാന്‍ഡിലിങ് മികവും ചെറിയവേഗതയില്‍ പോലും തരുന്ന ഡ്രൈവിങ്ങ് കംഫര്‍ട്ടും വെറുമൊരു സ്‌പോര്‍ട്‌സ് കാറല്ല ടിടി എന്ന് ബോധ്യപ്പെടുത്തുന്നു.എ3 കാബ്രിയോലെ

കാബ്രിയോലെ? അതെന്ത് എന്നു സംശയിക്കുന്നവര്‍ക്കായി പറഞ്ഞുതരാം: രണ്ട് സീറ്റുകളുള്ള, തുറക്കാവുന്ന മേല്‍ക്കൂരയുള്ള കുതിരവണ്ടികളെയാണ് കാബ്രിയോലെ എന്നുവിളിക്കുന്നത്. കുതിരയില്ലെങ്കിലും തുറക്കാവുന്ന റൂഫുള്ള ടൂസീറ്റര്‍ സ്‌പോര്‍ട്‌സ് കാറുകള്‍ക്കും അതേപേരു തന്നെ നിര്‍മ്മാതാക്കള്‍ നല്‍കി.

എ3 കാബ്രിയോലെ എന്ന ഓഡിയുടെ എ3 എന്ന സെഡാന്റെ മടക്കാവുന്ന സോഫ്റ്റ് ടോപ്പുള്ള മോഡലാണ്. മുന്‍ഭാഗവും പിന്‍ലൈറ്റുകളുമെല്ലാം എ3 യുടേതു തന്നെ. രണ്ടുഡോറുകളെ കാബ്രിയോലെയ്ക്കുള്ളു. മേല്‍ഭാഗത്ത് കറുത്ത ഫാബ്രിക് റൂഫ് കാണാം. ഇതുമാത്രമാണ് ഒറ്റനോട്ടത്തില്‍ തോന്നുന്ന വ്യത്യാസം. വിന്‍ഡ് സ്‌ക്രീനിനു ചുറ്റും അലൂമിനിയം ഫിനിഷ് എന്ന കാര്യം ശ്രദ്ധയോടെ നോക്കിയാല്‍ കണ്ടെത്താം. റൂഫ് മടക്കിവെച്ചാല്‍ ആരും നോക്കി നിന്നുപോകുന്ന തകര്‍പ്പനൊരു സ്‌പോര്‍ട്‌സ് കാറായി എ3 കാബ്രിയോലെ മാറുന്നു.

4 സീറ്റുകളുണ്ട് ഉള്ളില്‍, പക്ഷേ പിന്‍സീറ്റില്‍ കുട്ടികള്‍ക്കാണ് സുഖമായി ഇരിക്കാവുന്നത്. മുന്‍സീറ്റുകള്‍ വരെയുള്ള ഭാഗം ആഡംബരഭരിതമാണ്. എ3യുടെ ടോപ്പ് എന്‍ഡ് മോഡലിന്റെ എല്ലാ സൗകര്യങ്ങളും ഇവിടെയും കാണാം. കറുപ്പാണ് ഉള്ളിലെ തീം. ഒന്നാന്തരം കറുപ്പ് അപ്‌ഹോള്‍സ്റ്ററിയാണ് ലെതര്‍ സീറ്റുകള്‍ക്ക്.

ഡ്യൂവല്‍ സോണ്‍ എസി, ടച്ച് സ്‌ക്രീനോടുകൂടിയ മള്‍ട്ടി മീഡിയ ഇന്റര്‍ഫേസ് ബാങ് ആന്റ് ഒലൂഫ്‌സെന്‍ (ഓപ്ഷണല്‍) മ്യൂസിക് സിസ്റ്റം, നാവിഗേഷന്‍ സിസ്റ്റം എന്നിവയൊക്കെ കാബ്രിയോലെയിലുണ്ട്. ഒരു തികഞ്ഞ ഫാമിലി കാറാണ് ഇതെന്നു ചുരുക്കം. 320 ലിറ്റര്‍ ബൂട്ട് സ്‌പേസുമുണ്ട്.

എഞ്ചിന്‍ 177 ബി.എച്ച്.പി. പെട്രോള്‍ ആണ്. ഡീസല്‍ എഞ്ചിന്‍ മോഡല്‍ എ3 കാബ്രിയോലെയ്ക്കില്ല. ഈ 1.8 ലിറ്റര്‍ ടി.എഫ്എസ്.ഐ എഞ്ചിന്‍ 25.5 കി.ഗ്രാം മീറ്റര്‍ടോക്ക് നല്‍കുന്നുണ്ട്. 7 സ്പീഡ് എസ്‌ട്രോണിക് ഡ്യൂവല്‍ ക്ലച്ച് ഗിയര്‍ബോക്‌സ് സില്‍ക്ക് സ്മൂത്ത് ഡ്രൈവ് സമ്മാനിക്കുന്നു. പാഡ്ല്‍ഷിഫ്റ്റില്‍ വാഹനം മാനുവലായി നിയന്ത്രിക്കുകയുമാവാം. എഫിഷ്യന്‍സി, കംഫര്‍ട്ട്, ഓട്ടോ, ഡൈമാനിക്, ഇന്‍ഡിവിജുവല്‍ എന്നിങ്ങനെ ഡ്രൈവ്‌മോഡലുകളുണ്ട്. സ്റ്റിയറിങ്ങിന്റെ പ്രവര്‍ത്തനം പോലും മോഡലുകള്‍ക്കനുസരിച്ച് മാറുന്നുണ്ട്. എക്‌സ്‌ഹോസ്റ്റില്‍ നിന്നുയരുന്ന ശബ്ദവും സ്‌പോര്‍ട്‌സ് കാറിന് ചേരുന്ന വിധമുള്ളതാണ്.

30 സെക്കന്റു പോലും വേണ്ട, എ3 കാബ്രിയോലെയുടെ റൂഫ് മടങ്ങി ഉള്ളിലേക്കു പോകാന്‍. ടിടിയോടൊപ്പമാണ് എ3 കാബ്രിയോലെയും ടെസ്റ്റ്‌ഡ്രൈവിനു വന്നതെങ്കിലും ജനശ്രദ്ധ മുഴുവന്‍ അപഹരിച്ചത് ഈ ചുവന്ന സുന്ദരിയാണ്.

ടിടി പോലെ തന്നെ സ്റ്റിയറിങ്ങിന്റെ കൃത്യതയും ഒന്നാന്തരം സസ്‌പെന്‍ഷനും എ3 കാബ്രിയോലെയ്ക്കുണ്ട്. ഈ രണ്ടു മോഡലുകളും ഓടിച്ചു കഴിഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് ഓഡി ഇന്ത്യയില്‍ വില്പനയില്‍ ഒന്നാമതായത് എന്ന് മനസ്സിലായി.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories