TopTop
Begin typing your search above and press return to search.

ഓഷ്വിറ്റ്സ് ഓര്‍മ്മകള്‍ക്ക് 70 വര്‍ഷം; വംശഹത്യയുടെ അര്‍ത്ഥം എന്തുകൊണ്ടാണ് ലോകം ഇതുവരെ മനസിലാക്കാത്തത്?

ഓഷ്വിറ്റ്സ് ഓര്‍മ്മകള്‍ക്ക് 70 വര്‍ഷം; വംശഹത്യയുടെ അര്‍ത്ഥം എന്തുകൊണ്ടാണ് ലോകം ഇതുവരെ മനസിലാക്കാത്തത്?

മൈക്കേല്‍ ബൂര്‍സ്റ്റീന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ജനുവരിയിലെ തണുത്തുറഞ്ഞ ഒരു ദിവസം. ഗ്രൌണ്ട് സീറോയിലെ ഓര്‍മ്മസ്ഥലത്ത് വന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്നു അന്ന ഓന്‍സ്റ്റീന്‍. അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നൂറുകണക്കിനാളുകളുടെ പേരുകള്‍ ആലേഖനം ചെയ്ത വെങ്കലഫലകങ്ങളില്‍ അവര്‍ കയ്യോടിച്ചു. ഉയരം കുറഞ്ഞ ആ അമ്മൂമ്മയുടെ കണ്ണുകള്‍ ഭയവുമായി പൊരുത്തപ്പെട്ടിരുന്നു.

“ഞങ്ങളുടെ ദുരിതങ്ങളില്‍ നിന്നും എന്തെങ്കിലും സ്പര്‍ശിക്കുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു ‘ഓര്‍മ്മസ്ഥലിയുണ്ട്’, ഹംഗേറിയന്‍ ചുവയുള്ള ഉച്ചാരണത്തില്‍ 87-കാരിയായ ഓന്‍സ്റ്റീന്‍ പറഞ്ഞു. പേരെടുത്ത ഒരു മനോവിശ്ലേഷകയാണവര്‍. ആളുകള്‍ എങ്ങനെയാണ് അര്‍ത്ഥം ഉണ്ടാക്കുന്നതെന്ന് മനസിലാക്കുന്നതില്‍ വിദഗ്ധ. ഓഷ്വിറ്റ്സ് തടങ്കല്‍ പാളയത്തില്‍ നിന്നും ജീവനോടെ പുറത്തുവന്ന ഒരാള്‍ കൂടിയാണവര്‍.

വിഷവാതക പീഡന അറകളില്‍ അച്ഛനും മുത്തച്ഛനും നഷ്ടപ്പെട്ടതിനുശേഷം, 18-കാരിയായ അന്ന ബ്രന്നും അമ്മയും മോചിതരായിട്ടു ഇപ്പോള്‍ 70 വര്‍ഷമായി. അവ ചില വിരാമ ചിഹ്നങ്ങള്‍ പോലെ തോന്നിപ്പിക്കും എന്നു ഓന്‍സ്റ്റീന്‍ പറയുന്നു. ചിലതിന്റെ ഒടുക്കം, സാധ്യമായതെല്ലാം മനസിലാക്കിയതുപോലെ.

“നമ്മള്‍ കരുതും; ഇതാണത്! ഇനി നമുക്ക് നന്നായറിയാം,” സെപ്റ്റംബര്‍ 11 മ്യൂസിയത്തില്‍ പ്രവേശിക്കവേ അവര്‍ പറഞ്ഞു. “ലോകത്തെ ഏറ്റവും ഗവേഷണം ചെയ്യപ്പെട്ട ഭീകരമായ കൂട്ടക്കൊലയായിട്ടും, ജൂതവംശഹത്യ(ഹൊളോകാസ്റ്റ്), നൂറ്റാണ്ടിലെ വംശഹത്യകളുടെ തുടക്കം മാത്രമായിരുന്നു. അര്‍മീനിയ, കംബോഡിയ, ബോസ്നിയ, റുവാണ്ട... ഇപ്പോള്‍ ചില മുസ്ലീംങ്ങള്‍ പറയുന്നു,‘എനിക്കു ബഹുമാനം തരൂ, ഞാന്‍ നിങ്ങളെ കൊല്ലുന്നത് നിര്‍ത്താം എന്ന്. എന്തായാലും നാം കൊല നിര്‍ത്തണമെന്ന് മാത്രം ജൂത വംശഹത്യയില്‍ നിന്നും നാം പഠിച്ചില്ല, കാരണം നാം അങ്ങനെ ചെയ്യുന്നില്ല.”ബോസ്റ്റണ് പുറത്താണ് ഓന്‍സ്റ്റീന്‍ താമസിക്കുന്നത്. ഒരു ആധുനിക കാല ഭീകരതയുടെ സ്മാരകം എങ്ങനെയായിരിക്കും എന്ന് കണ്ടറിയാനാണ് തണുത്തുറഞ്ഞ ഒരു പ്രഭാതത്തില്‍ ഒരു സുഹൃത്തുമൊത്ത് അവര്‍ ഗ്രൌണ്ട് സീറോയില്‍ എത്തിയത്.

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോള്‍ നാസീ ഭീകരതയുടെ നിരവധി ഇരകള്‍ യു എസിലെത്തി. എന്നാല്‍ ചരിത്രകാരന്‍മാര്‍ സൂചിപ്പിക്കും പോലെ അവരുടെ കഥകള്‍ ആ രാജ്യത്തിന് താത്പര്യം കുറവായിരുന്നു. ഓന്‍സ്റ്റീന്‍റെ അനുഭവങ്ങള്‍ പോലെ- തന്റെ സുഹൃത്തിന്റെ ജഡത്തിന് എലികളുടെ കൂട്ടം കാത്തിരുന്ന കാഴ്ച. അല്ലെങ്കില്‍ ദാഹിച്ചു വലഞ്ഞപ്പോള്‍ വരിതെറ്റിച്ചു നിലത്തു കെട്ടിനിന്ന അഴുക്കുവെള്ളത്തില്‍ വരണ്ട നാവ് നീട്ടിയപ്പോള്‍ കാവല്‍ക്കാരന്റെ വെടിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടപോലുള്ള കഥകള്‍.

ഹൊളോകോസ്റ്റില്‍ നിന്നും രക്ഷപ്പെട്ടവര്‍ കൂടിയേറുകയും പിന്നീടൊരിക്കലും തങ്ങളുടെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കുകയും ചെയ്യുന്നത് പൊതുവിലുള്ളതാണ്. ഒരു നിര്‍ബന്ധിത തൊഴില്‍ തടങ്കല്‍ സേനയില്‍ നിന്നും മോചിതരായ ഓന്‍സ്റ്റീനും ഭര്‍ത്താവ് പോളും മനോവിശ്ലേഷകരായി. മൂന്ന് മക്കളും മനശാസ്ത്രജ്ഞരുമായി.

ഉപബോധ മനസിന്റെ ശക്തിയില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു മേഖലയില്‍ ആളുകളുടെ ഒതുക്കിവെച്ച സംഘര്‍ഷങ്ങള്‍ മാത്രമല്ല ശരിക്കുള്ള അനുഭവങ്ങളും അവരെ മനസിലാക്കാന്‍ അനുപേക്ഷണീയമാണെന്ന് ഇരുവരും വാദിക്കുനു. അന്ന കുട്ടികളിലാണ് വിദഗ്ദ്ധയായത്. നിങ്ങളുടെ കുട്ടിക്കാലത്തെ ബന്ധങ്ങള്‍ എങ്ങനെയാണ് നിങ്ങളെ വേദനിപ്പിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുക എന്നതില്‍.

ഓന്‍സ്റ്റീന്‍ തടങ്കല്‍ പാളയത്തില്‍ നിന്നും രക്ഷപ്പെട്ടതാണെന്ന് പരക്കെ അറിയാം. അവര്‍ ലോകത്തെങ്ങുമുള്ള സംഘങ്ങളുമായി സംസാരിക്കുന്നുണ്ട്. ‘My Mother’s Eyes’ എന്നൊരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തടങ്കല്‍ പാളയത്തില്‍ അമ്മയും കുട്ടിക്കാലത്തെ കൂട്ടുകാരും ഉണ്ടായിരുന്നതുകൊണ്ടാണ് കയ്യില്‍ പച്ചകുത്തിയ അന്തേവാസിയായ ഒരു അക്കം മാത്രമായി താന്‍ മാറാതിരുന്നത് എന്നു അവര്‍ ഓര്‍മിക്കുന്നു.തന്റെ പരിശീലനകാലത്ത് ഒഷ്വിറ്റ്സിലെ അനുഭവങ്ങള്‍ പങ്കിടാന്‍ മാനസികമായി താന്‍ തയ്യാറായിരുന്നില്ല എന്നു ഓന്‍സ്റ്റീന്‍ സമ്മതിച്ചു. ദാരിദ്ര്യം മുതല്‍ ശാരീരിക വേദനകള്‍ വരെയുള്ള പല ആഘാതങ്ങളും നേരിട്ട ആളുകളെ ആ സമയത്ത് കണ്ടെങ്കിലും ഹോളോകോസ്റ്റ് ഇരകളെ കാണാന്‍ അവര്‍ വിസമ്മതിച്ചു. തന്‍റെ അനുഭവങ്ങളുമായി കൂടിക്കുഴഞ്ഞാലോ എന്ന ഭീതിയായിരുന്നു കാരണം.

നാസി തടങ്കല്‍ പാളയങ്ങളില്‍ നിന്നും രക്ഷപ്പെട്ടവരെക്കുറിച്ച് ചോദിച്ചപ്പോള്‍ അവരുടെ സ്വരം ഒന്നുകൂടി ആര്‍ദ്രമായി.

“അത് ഏതാണ്ട് മറ്റൊരു കുറ്റമാണ്,” സാമാന്യവത്കരണത്തെക്കുറിച്ച് അവര്‍ സൂചിപ്പിച്ചു. “ഞങ്ങളെ ഒരു വംശം മാത്രമായി ചുരുക്കി... ഇതാണെന്റെ പേര്, എനിക്കു എന്നെ ഒരു നിശ്ചിത രീതിയില്‍ വളര്‍ത്തിയ മാതാപിതാക്കള്‍ ഉണ്ടായിരുന്നു, അതൊന്നും മാഞ്ഞുപോകുന്നില്ല.”

ഉള്ളിലെ സത്തയെ നീക്കുന്ന ഒരു കുറ്റം തന്നെയാണ് താന്‍ വ്യാപരിക്കുന്ന മേഖല എന്നവര്‍ പറഞ്ഞു. രക്ഷപ്പെട്ടവര്‍ ഒഴിഞ്ഞ തോടുകളാണെന്ന സിദ്ധാന്തവുമുണ്ട്. പതിറ്റാണ്ടുകളായി അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു; നോക്കൂ, ഇത്രയധികം വരുന്ന ഞങ്ങള്‍ എങ്ങനെയാണ് വളര്‍ന്നുവികസിച്ചത്?

സുഹൃത്തിന്റെ കയ്യും പിടിച്ച് ഓന്‍സ്റ്റീന്‍ മ്യൂസിയത്തിന്റെ അകത്തേക്ക് നടന്നു. ഒരു ചോദ്യത്തിനോടായി അവര്‍ തിരിഞ്ഞുനിന്നു; ഹൊളോകാസ്റ്റ് ഇരയായ അവര്‍ക്ക്, പ്രശസ്ത മനോവിശ്ലേഷണവിദഗ്ദ്ധക്ക്, സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ അര്‍ത്ഥം കൂടുതല്‍ കൃത്യമായി മനസിലാക്കാന്‍ കഴിയില്ലെ?

“അര്‍ത്ഥമോ?”, ആശയക്കുഴപ്പം നിറഞ്ഞ സ്വരത്തില്‍ അവര്‍ ചോദിച്ചു. “എന്തര്‍ത്ഥം?”


Next Story

Related Stories