TopTop
Begin typing your search above and press return to search.

ഓസ്‌ട്രേലിയന്‍ കടമ്പ കടക്കാതെ ടീം ഇന്ത്യയുടെ മടക്കം

ഓസ്‌ട്രേലിയന്‍ കടമ്പ കടക്കാതെ ടീം ഇന്ത്യയുടെ മടക്കം

അഴിമുഖം പ്രതിനിധി

ഏഴു വിജയങ്ങള്‍ക്കിപ്പുറം കാത്തിരുന്ന തോല്‍വി ഒരു രാജ്യത്തിന്റെ സ്വപ്‌നം തല്ലിക്കെടുത്തി. ലോകകപ്പ് ക്രിക്കറ്റ് കിരീടം നിലനിര്‍ത്താമെന്ന മോഹം ഓസ്‌ട്രേലിയയ്ക്കു മുന്നില്‍ തകര്‍ന്ന് ടീം ഇന്ത്യയുടെ മടക്കം. 95 റണ്‍സിനാണ് ഇന്ത്യയുടെ പരാജയം. സ്‌കോര്‍ ഓസ്‌ട്രേലിയ 328/7, ഇന്ത്യ 233.

ടോസില്‍ തൊട്ട് ജയിച്ച ഓസ്‌ട്രേലിയ ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യയെ ഒന്നുമല്ലാതാക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലൊന്നിലും കണ്ട ടീം ഇന്ത്യയെയല്ല സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്നു കണ്ടതെന്നു പറയുമ്പോള്‍, അത് കണ്ണടച്ചുള്ള വെറും വിമര്‍ശനമല്ല. ഒരു ഘട്ടത്തില്‍ 400 ന് അടുത്ത് എത്തുമെന്ന തോന്നിച്ച ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 328 ല്‍ ഒതുക്കി എന്നതുമാത്രമാണ് ആകെയൊരു ആശ്വാസം. എങ്കിലും ഏഴുകളികളില്‍ എഴുപത് വിക്കറ്റ് വീഴ്ത്തുകയും 300 മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ എതിരാളികളെ അനുവദിക്കാതിരിക്കുകയും ചെയ്ത ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് എസ്‌സിജിലെ പിച്ചില്‍ പിഴച്ചു. 7 വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും അതിനവര്‍ ഏറെ വില കൊടുത്തിരുന്നു. സ്റ്റാര്‍ക്കിനെ മറികടന്ന് വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്താന്‍ കാത്തിരുന്ന ഷമി ഒരു വിക്കറ്റുപോലും നേടാതെ തീര്‍ത്തും നിരാശപ്പെടുത്തി. ആദ്യ സ്‌പെല്ലില്‍ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീട് ഷമിയെ അവര്‍ പുല്ലുവില കല്‍പ്പിച്ചില്ല. സ്റ്റീവന്‍ സ്മിത്തിന്റെ സെഞ്ച്വറിയും(105) ഫിഞ്ചിന്റെ അര്‍ദ്ധ സെഞ്ച്വറിയും(81) മാറ്റി നിര്‍ത്തിയാല്‍ മറ്റുള്ളവര്‍ വലിയ സ്‌കോര്‍ നേടിയില്ലെങ്കിലും, മാക്‌സ്‌വെല്‍(16 പന്തില്‍ 23),വാട്‌സണ്‍(30 പന്തില്‍ 28).ക്ലാര്‍ക്ക്(12 പന്തില്‍ 10), ഫോള്‍ക്കനര്‍(12 പന്തില്‍ 21), ജോണ്‍സണ്‍( 9 പന്തില്‍ 27) എന്നിവര്‍ ഒട്ടുംമയമില്ലാതെ തന്നെയാണ് ഇന്ത്യന്‍ ബോളര്‍മാരോട് പെരുമാറിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രതികാരമനോഭാവത്തോടെ ബാറ്റ് ചെയ്തത് മിച്ചല്‍ ജോണ്‍സണ്‍ ആയിരുന്നു. നാലു ഫോറും ഒരു സിക്‌സുമടക്കം 9 ബോളില്‍ ജോണ്‍സണ്‍ 27 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍, കളത്തിലുണ്ടായിരുന്ന ഇന്ത്യക്കാരെക്കാള്‍ തലകുനിച്ചിരിക്കുക, ഇന്നലെ ജോണ്‍സന്റെ ഫേസ്ബുക്ക് പേജില്‍ കയറി തെറിവിളി നടത്തിയ മലയാളികളായിരിക്കും.

328 വലിയ സ്‌കോര്‍ തന്നെയാണെങ്കിലും ഈ ലോകകപ്പിലെ ടീമുകളുടെ പ്രകടനംവെച്ച് അത് അപ്രാപ്യമായ ലക്ഷ്യമൊന്നുമല്ലായിരുന്നു. ലോകത്തോര ബാറ്റ്‌സ്മാന്‍മാരുടെ നിരയുള്ള ടീം ഇന്ത്യക്ക് സാധ്യമാവുന്നതേയുള്ളായിരുന്നു ആ ലക്ഷ്യം. തുടക്കത്തില്‍ അല്‍പ്പം പരുങ്ങിയെങ്കിലും രോഹിത്-ധവാന്‍ ഓപ്പണിംഗ് സഖ്യം ട്രാക്കിലെത്തിയപ്പോള്‍ ഇന്ത്യയുടെ ഫൈനല്‍ സ്വപ്‌നങ്ങള്‍ ചിറകടിച്ചു തുടങ്ങിയിരുന്നു. പന്ത്രണ്ടാം ഓവറിന്റെ അവസാന പന്തില്‍ ഹസല്‍വുഡ് ഇന്ത്യയെ ഞെട്ടിച്ചു. 41 പന്തില്‍ 46 റണ്‍സെടുത്ത ധവാനെ ഹസല്‍വുഡ് ഭദ്രമായി മാക്‌സവെല്ലിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്ന് ക്രീസിലെത്തിയത് ഇന്ത്യയുടെ ഏറ്റവും വിലപ്പെട്ട പ്രതീക്ഷയായ വിരാട് കോഹ്‌ലി, ഗാലറയില്‍ വിടര്‍ന്ന കണ്ണുകളുമായി കാമുകി അനുഷ്‌ക ശര്‍മ. എല്ലാവരും ഒരു സ്‌പെഷല്‍ ഇന്നിംഗ്‌സ് തന്നെ ഉപനായകനില്‍ നിന്ന് പ്രതീക്ഷിച്ചു. എല്ലാം വെറുതെയാക്കി കൊണ്ട് കോഹ്‌ലിക്ക് മാത്രം മനസ്സിലാകുന്ന ന്യായത്തില്‍ അയാള്‍ കളിച്ച ഷോട്ട് വിക്കറ്റ് കീപ്പര്‍ ഹാഡിന്‍ ശാന്തമായി തന്റെ ഗ്ലൗസിനുള്ളിലൊതുക്കിയപ്പോള്‍ വിരാടില്‍ നിന്ന് ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചില്ലെന്ന മട്ടില്‍ തുറന്ന വായ അടയ്ക്കാന്‍ മറന്നിരുന്നുപോയി അനുഷ്‌ക പോലും. 13 പന്തില്‍ ഒരു റണ്‍സ് എടുത്താണ് കോഹ്‌ലി പുറത്തായത്! രോഹിത് ക്രീസില്‍ ഉണ്ടല്ലോ എന്നതായിരുന്നു പിന്നത്തെ പ്രതീക്ഷ. പതിഞ്ഞതാളത്തിലായിരുന്നു രോഹിത് എങ്കിലും തന്റെ ഡബിള്‍ സെഞ്ച്വറികളില്‍ ഒന്നു നേടിയ ടീമിനെതിരെ ആ ബാറ്റ് ചടുലമാകുമെന്നു തന്നെയായിരുന്നു ആരാധകരുടെ വിശ്വാസം. ജോണ്‍സനെ ഗാലറിയിലെത്തിച്ച് ആ വിശ്വാസത്തിന് ചൂടുപകരുകയും ചെയ്തു രോഹിത്. പക്ഷെ, തൊട്ടടുത്ത പന്തില്‍ രോഹിതിന്റെ സ്റ്റമ്പുകള്‍ പിഴുത് ജോണ്‍സണ്‍ പ്രതികാരം ചെയ്തു. പിന്നാലെ വന്ന റെയ്‌നയ്ക്കും ടീമിനുവേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 7 റണ്‍സുമായി റെയ്‌നയും മടങ്ങി. അടുത്തയൂഴം രഹാനെയുടെതായിരുന്നു. 44 റണ്‍സെടുത്താണ് രാഹാനെ പുറത്തായത്.രഹാനെയിലൂടെ ഇന്ത്യയുടെ അഞ്ചാംവിക്കറ്റ് നഷ്ടമാകുമ്പോള്‍ സ്‌കോര്‍ 37 ഓവറില്‍ 178 ആയതെയുണ്ടായിരുന്നുള്ളു. ഇതോടെ ഇന്ത്യ 200 കടക്കുമോയെന്നുവരെ സംശയമുയര്‍ന്ന നിമിഷങ്ങള്‍. പക്ഷെ അവസാനംവരെ പൊരുതാന്‍ തന്നെയുറച്ച് നിന്ന നായകന്‍ ജഡേജയെ കൂട്ടുപിടിച്ച് സ്‌കോര്‍ 200 കടത്തി. തൊട്ടുപിന്നാലെ ജഡേജ റണ്‍ ഔട്ടായി. ഒരുപക്ഷേ തന്റെ അവസാന ലോകകപ്പ് മത്സരം കളിക്കുന്ന ധോണി പരാജയഭാരം കുറയ്ക്കാനായി പൊരുതുന്നതിനിടയില്‍ തന്റെ അര്‍ദ്ധ സെഞ്ച്വറി തികച്ചു. ഇന്ത്യന്‍ ഇന്നിംഗിസിലെ ഏറ്റവും മികച്ച പ്രകടനം. ഒടുവില്‍ മാക്‌സ്‌വെല്ലിന്റെ നേരിട്ടുള്ള ത്രോയില്‍ ധോണിയുടെ ഒറ്റയാള്‍ പോരാട്ടത്തിന് അന്ത്യമായി. 65 റണ്‍സുമായി ധോണി പുറത്തായതോടെ പ്രതീക്ഷയുടെ നേരിയവെട്ടവും അണഞ്ഞ ആരാധകര്‍ മുഖം പൊത്തി, ചിലര്‍ കണ്ണീര്‍ തുടച്ചു, ഗാലറിയിലെ നീലക്കടല്‍ അലകളൊടുങ്ങി നിശബ്ദമായി. ധോണി പോയതിനു പിന്നാലെ ഓസ്‌ട്രേലിയ ടീം ചെയ്ത ഏക നല്ലകാര്യം, നേരം കളയാതെ ചടങ്ങുകള്‍ തീര്‍ത്തുവെന്നതാണ്.

സെഞ്ച്വറി നേടിയ സ്റ്റീവന്‍ സ്മിത്താണ് മാന്‍ ഓഫ് ദി മാച്ച്. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ലോകകീരിടത്തിന്റെ അവകാശികളാകാന്‍ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും.

Next Story

Related Stories