TopTop
Begin typing your search above and press return to search.

ഹൈന്ദവതയെ സ്നേഹിച്ചു; തിരിച്ചുകിട്ടിയത് സംഘികളുടെ ആക്രമണവും ലൈംഗികാധിക്ഷേപവും

ഹൈന്ദവതയെ സ്നേഹിച്ചു; തിരിച്ചുകിട്ടിയത് സംഘികളുടെ ആക്രമണവും ലൈംഗികാധിക്ഷേപവും

അഴിമുഖം പ്രതിനിധി

ഹിന്ദു ദേവതയുടെ ചിത്രം കാലില്‍ പച്ചകുത്തിയതിന്റെ പേരില്‍ മതമൗലികവാദികളുടെ ആക്രമണത്തിന് ഇരയാകേണ്ടി വന്ന ഓസ്‌ട്രേലിയന്‍ പൗരന്‍ മാത്യു ഗോര്‍ഡിനും അദ്ദേഹത്തിന്റെ പെണ്‍സുഹൃത്തിനും ഒടുവില്‍ പൊലീസ് സ്റ്റേഷനിലും കയറേണ്ടി വന്നു. ബെംഗളൂരു അശോക് നഗര്‍ പൊലീസ് ഇവരെ വിട്ടയച്ചതാകട്ടെ നിര്‍ബന്ധിച്ച് എഴുതി വാങ്ങിയ മാപ്പ് അപേക്ഷയുടെ പുറത്തും. തന്റെ അറിവില്ലായ്മയാണ് ശരീരത്തില്‍ പച്ചകുത്തുന്നതില്‍ കലാശിച്ചതെന്നും ഇത്തരമൊരു പ്രവര്‍ത്തിയിലൂടെ ഒരു സമൂഹത്തെ വേദനിപ്പിക്കുകയാണെന്ന കാര്യം അറിയില്ലായിരുന്നവെന്നും ഈ തെറ്റിന് മാപ്പ് ചോദിക്കുന്നു എന്ന തരത്തിലായിരുന്നു മാത്യുവിന് പൊലീസ് സ്റ്റേഷനില്‍ എഴുതിക്കൊടുക്കേണ്ടി വന്നത്.എന്നാല്‍ തനിക്ക് നിര്‍ബന്ധപൂര്‍വം സമര്‍പ്പിക്കേണ്ടി വന്ന ഇത്തരമൊരു മാപ്പ് അപേക്ഷയില്‍ ഈ ഇരുപത്തിയൊന്നുകാരന്‍ നിരാശനാണ്. ഹൈന്ദവ സംസ്‌കാരത്തെ അടുത്തറിയാന്‍ ശ്രമിച്ച തനിക്കും തന്റെ സുഹൃത്തിനും, പക്ഷെ അതേ സംസ്‌കാരത്തിന്റെ ഭാഗമെന്ന് പറയുന്നവരില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന മാനസികവും ശാരീരികവുമായ പീഢനങ്ങളില്‍ ഏറെ വേദനയുണ്ടെന്ന് മാത്യു തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പൊലീസിന് നല്‍കിയ മാപ്പേക്ഷയുടെ പകര്‍പ്പിനു താഴെ കൊടുത്തിരിക്കുന്ന കുറിപ്പില്‍ വ്യക്തമാക്കുന്നു.

ആ കുറിപ്പിന്റെ മലയാള പരിഭാഷ താഴെ കൊടുക്കുന്നു;

അശോക് നഗര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും വിട്ടയയ്ക്കുന്നതിനായി എന്നെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് എഴുതി വാങ്ങിച്ച ക്ഷമാപണക്കത്താണിത്. എന്റെ തൊലിപ്പുറത്തുണ്ടായിരുന്ന എന്തിന്റെയെങ്കിലും പേരിലോ, അല്ലെങ്കില്‍ ന്യായമാണെന്ന് എല്ലാവരും അംഗീകരിച്ചെന്ന മട്ടിലുള്ള ജനക്കൂട്ടത്തിന്റെ ആക്രമണത്തിനും പീഡനത്തിനും ഭീഷണികള്‍ക്കും ഇരയായി കടുത്ത മാനസികാഘാതത്തിലകപ്പെട്ടിരിക്കുന്നതിന്റെ പേരിലോ ആരോടും ക്ഷമ ചോദിക്കേണ്ട ആവശ്യമുണ്ടെന്നു ഞാന്‍ കരുതുന്നില്ല. സഹിഷ്ണുത, പരസ്പരം മനസ്സിലാക്കാനുള്ള കഴിവ്, തുല്ല്യത മനോഭാവം എന്നിങ്ങനെയുള്ള ഗുണങ്ങള്‍ കാത്തുസൂക്ഷിക്കുന്നതു കൊണ്ടാണ് നമുക്ക് ജീവിച്ചു പോരാന്‍ സാധിക്കുന്നത്. ഞാന്‍ ഇന്ത്യയേയും ഹൈന്ദവതയെയും പൂര്‍ണമായി ബഹുമാനിക്കുന്ന ഒരാളുമാണ്. ഭാരമുള്ള ഗണേശനെ മുതുകിലേറ്റി 35 മണിക്കൂര്‍ നിന്നതും കൂടാതെ ശരീരത്തിലവശേഷിച്ച ബാക്കി കുറച്ചു സ്ഥലത്തായി ഇന്ത്യന്‍ സമൂഹത്തിലെ താഴെ ശ്രേണിയില്‍പ്പെട്ടവരാരാധിക്കുന്ന യെല്ലമ്മാ ദേവിയെ പച്ചകുത്താന്‍ നാലു മണിക്കൂറോളം ചെലവഴിച്ചതുമൊക്കെ അതു കൊണ്ടു തന്നെയാണ്, എന്റെ ആത്മീയ യാത്ര, എന്റെ തീരുമാനമാണ്. എന്റെ ശരീരത്തിലെ അടയാളങ്ങളും അതിന്റെ ഭാഗമായുള്ളതാണ്. എന്നാല്‍ അതിന്റെ പേരില്‍ എനിക്കും എന്റെ പെണ്‍സുഹൃത്തിനും ദിവസവും അക്രമങ്ങള്‍ക്കിരയാവേണ്ടി വരുന്നതോ, ഞങ്ങള്‍ക്ക് സ്വയം പ്രതിരോധം തീര്‍ക്കേണ്ടി വരുന്നതോ ഒരിക്കലും അംഗീകരിച്ചു തരാന്‍ കഴിയില്ല. ഇതിന്റെ പേരില്‍ അവളുടെ മേല്‍ ശരീരം കൊണ്ടും വാക്കുകള്‍ കൊണ്ടും ലൈംഗികാധിക്ഷേപം നടത്തുന്നതും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. സഹിഷ്ണുതയിലും സമചിത്തതയിലും ഊന്നിയുള്ളതാകണം നമ്മുടെ സമീപനം, പ്രത്യേകിച്ചും രാജ്യത്തെ സ്ത്രീകളോട്. രാജ്യത്തെ കുറ്റകൃത്യങ്ങള്‍ക്കും, അനീതികള്‍ക്കും അസഹിഷ്ണുതകള്‍ക്കുമെതിരെ ബോധവത്ക്കരണ പരിപാടികളുമായി നീങ്ങാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഏവരുടേയും പിന്തുണ പ്രതീക്ഷിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories