TopTop
Begin typing your search above and press return to search.

നാട്ടുകാരുടെ കണ്‍മുന്നില്‍ സൈനികോദ്യോഗസ്ഥനു മര്‍ദ്ദനം; ഒടുവില്‍ ടെക്കി യുവാവ് രക്ഷകനായി

നാട്ടുകാരുടെ കണ്‍മുന്നില്‍ സൈനികോദ്യോഗസ്ഥനു മര്‍ദ്ദനം; ഒടുവില്‍ ടെക്കി യുവാവ് രക്ഷകനായി

അഴിമുഖം പ്രതിനിധി

ഓട്ടോ ഡ്രൈവറുടെയും കൂട്ടാളികളുടെയും മര്‍ദ്ദനത്തില്‍ നിന്നും ഒരു സൈനികോദ്യോഗസ്ഥനെ രക്ഷപെടുത്തിയതിലൂടെ മുരളി കാര്‍ത്തിക് എന്ന ടെക്കി ഇപ്പോള്‍ ബെംഗളൂരുവില്‍ ഹീറോ പരിവേഷത്തില്‍ എത്തിയിരിക്കുകയാണ്.

പക്ഷേ അയാള്‍ ചെയ്തത് മറ്റു പലര്‍ക്കും കഴിയുമായിരുന്നതാണ്. എന്നാല്‍ ലോകത്തിന്റെ പൊതുസ്വഭാവംപോലെ അവര്‍ കാഴ്ച്ചക്കാരായി നിന്നതേയുള്ളൂ. ഒരുപക്ഷേ മുരളി അവരില്‍ നിന്നും വ്യത്യസ്തനായിരുന്നില്ലെങ്കില്‍ 33 കാരനായ ഒരു ആര്‍മി മേജര്‍ക്ക് ജീവഹാനി വരെ സംഭവിക്കുമായിരുന്നു.

രാജ്യത്ത് പശുക്കള്‍ കഴിഞ്ഞാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് സൈനികര്‍ക്കാണെന്നാണ് പൊതുവെ പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍ ഇവിടെ, ഈ നഗരത്തില്‍ ഒരു സൈനികോദ്യോഗസ്ഥന്‍ അയാളൊരു ഉത്തരേന്ത്യക്കാരന്‍ ആയതുകൊണ്ട് നാട്ടുകാരനായ ഓട്ടോഡ്രൈവറുടെ വംശീയാധിക്ഷേപത്തിനും തുടര്‍ന്നുള്ള ആക്രമണത്തിനും ഇരയാവേണ്ടി വരികയായിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച കഗ്ഗാദാസപുരയില്‍ എസ് സി ടി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിക്ക് സമീപത്താണ് സംഭവം. വൈകുന്നേരം അഞ്ചുമണിയോടടുത്ത് സമയം. മേജര്‍ തന്റെ എസ്‌യുവില്‍ സഞ്ചരിക്കുകയായിരുന്നു. നഗരത്തില്‍ പതിവായ ട്രാഫിക് ബ്ലോക്കില്‍ അദ്ദേഹത്തിന്റെ വാഹനവും പെട്ടു. മറ്റുവണ്ടികളെന്നപോലെ ആ കാറും നിരങ്ങിയെന്ന മട്ടില്‍ മുന്നോട്ടു പോകുമ്പോഴാണ് ഓട്ടോക്കാരന്‍ വലിയ ശകാരം തുടങ്ങിയത്. ഉത്തരേന്ത്യക്കാരനായ ഒരുത്തന് നഗരത്തിലെ റോഡില്‍ കൂടി വണ്ടിയോടിക്കാന്‍ അറിയില്ലെന്നു പറഞ്ഞായിരുന്നു ശകാരം. സൈനികന്റെ കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ നിന്നും അതൊരു ഹരിയാന രജിസ്‌ട്രേഷന്‍ വണ്ടിയാണെന്നു മനസിലാക്കിയിരുന്നു.

ശകാര വാക്കുകള്‍ തുടര്‍ന്നു കൊണ്ടിരുന്നതോടെ സൈനികന്‍ ഓട്ടോ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് കൊടുത്തു. തന്റെ നേരയുള്ള ആക്രോശം നിര്‍ത്തിയില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കും; അയാള്‍ ഓര്‍മിപ്പിച്ചു. തുടര്‍ന്ന് ഓട്ടോ ഡ്രൈവറെ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

ഇതോടെ ഓട്ടോക്കാരന്റെ മട്ട് മാറി. കൂടുതല്‍ രോഷാകുലനായി. അയാള്‍ സൈനികന്റെ വാഹനത്തിനു കേടുപാടുകള്‍ വരുത്താന്‍ തുടങ്ങി. ആ വണ്ടിയുടെ വിന്‍ഡ്ഷീല്‍ഡ് തകര്‍ക്കാന്‍ ശ്രമിച്ചു.ഈ സംഭവങ്ങളൊക്കെ നടക്കുമ്പോള്‍ മന്യത ടെക് പാര്‍ക്കിലെ ജീവനക്കാരനായ മുരളി കാര്‍ത്തിക് തന്റെ വണ്ടിയില്‍ വരുന്നുണ്ടായിരുന്നു;

സൈനികന്റെ വണ്ടിയുടെ പിറകിലായി തന്നെ ഞാനുണ്ടായിരുന്നു. അയാള്‍ തീര്‍ത്തും നിരപരാധിയായിരുന്നു. പ്രകോപനം മുഴുവന്‍ ഓട്ടോ ഡ്രൈവറുടെ ഭാഗത്തു നിന്നാണ്. കന്നഡ അയാള്‍ക്ക് പൂര്‍ണമായി മനസിലാകുന്നുണ്ടെന്ന് തോന്നുന്നില്ല. എന്നാലും അധിക്ഷേപകരമായ വാക്കുകള്‍ തനിക്കു നേരെ ഉയരുന്നതെന്ന് തിരിച്ചറിഞ്ഞിരിക്കണം. പക്ഷേ വണ്ടിയില്‍ നിന്നും പുറത്തുവരാനോ വഴക്കു കൂടാനോ ശ്രമിക്കാതെ ഒഴിഞ്ഞു മാറാനാണ് സൈനികന്‍ ശ്രമിച്ചത്. ഇതിനിടയില്‍, നാലുപേര്‍ കൂടി വന്നു. അവര്‍ ഓട്ടോ ഡ്രൈവറുടെ പക്ഷത്തായിരുന്നു. എന്നാല്‍ അവര്‍ക്കിരുവര്‍ക്കുമിടയിലെ പ്രശ്‌നത്തില്‍ ആ വന്ന നാലുപേര്‍ക്കും യാതൊരു ബന്ധവുമില്ല. എങ്കിലും സൈനികനെ ആക്രമിക്കാനാണ് അവരും ശ്രമിച്ചത്. കാറിന് കേടുപാടുകള്‍ വരുത്തിക്കൊണ്ടേയിരുന്നു. ഒടുവില്‍ സൈനികനെ വാഹനത്തില്‍ നിന്നും പുറത്തേക്കു വലിച്ചിടാന്‍ അഞ്ചുപേര്‍ക്കും സാധിച്ചു. പിന്നാലെ ക്രൂരമായ മര്‍ദ്ദനത്തിനും.

ഇതെല്ലാം കണ്ടുകൊണ്ട് നാപ്പതോളം പേര്‍ അവിടെയുണ്ട്. ആ സൈനികന്‍ സഹായത്തിനായി പലരോടും അപേക്ഷിച്ചു. ആരും അതിനു ധൈര്യപ്പെട്ടില്ല. മര്‍ദ്ദനമേറ്റ് സൈനികന്‍ തീര്‍ത്തും അവശനായി കഴിഞ്ഞിരുന്നു.എനിക്ക് ഇടപെടാതിരിക്കാന്‍ കഴിഞ്ഞില്ല. മര്‍ദ്ദിക്കുന്നവരെ പിടിച്ചു മാറ്റി. ഇനിയും അടിക്കുന്നത് തുടര്‍ന്നാല്‍ ഇയാള്‍ മരിച്ചുപോകും, ഞാനവരോട് പറഞ്ഞു. വളരെ കഷ്ടപ്പെടേണ്ടി വന്നു സൈനികനെ രക്ഷിച്ചെടുക്കാന്‍. അതിനിടയില്‍ അക്രമികള്‍ ഓടിരക്ഷപ്പെടുകയും ചെയ്തു; കാര്‍ത്തിക് സംഭവം വിവരിക്കുന്നതിങ്ങനെയാണ്.

കാര്‍ത്തിക് ഉടന്‍ തന്നെ അവശനായ സൈനികനെ അടുത്തുള്ള ലക്ഷ്മി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അയാളെ അവിടെ അഡ്മിറ്റ് ചെയ്യുകയും ചികിത്സ നല്‍കുകയും ചെയ്തു.

അവര്‍ കൈയില്‍ കരുതിയ സ്പാനറുകള്‍ കൊണ്ടാണ് സൈനികനെ അടിച്ചത്. അടിയേറ്റ് ചോരയൊഴുകുകയായിരുന്നു. എന്തിനാണ് ഓട്ടോ ഡ്രൈവര്‍ ഇത്ര പ്രകോപിതനായത്. അവിടെ ട്രാഫിക് ബ്ലോക്ക് ഉണ്ടാകുന്നത് സാധാരണമാണ്. ആശുപത്രയില്‍ നിന്നും ഇറങ്ങിയശേഷം ബയപ്പാനാള്ളി പൊലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി കൊടുത്തു. ഓട്ടോ ഡ്രൈവറുടെ ഫോട്ടോ സൈനികന്റെ കൈയില്‍ ഉണ്ടായിരുന്നു. അത് പൊലീസിന് കൊടുത്തു. അവര്‍ കുറ്റക്കാരെ കണ്ടെത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നെ അത്ഭുതപ്പെടുത്തുന്നത് അതല്ല. നാപ്പതോളം പേരാണ് ഒരാള്‍ മര്‍ദ്ദനമേല്‍ക്കുന്നതിന് കാഴ്ച്ചക്കാരായി നിന്നത്. അവര്‍ തയ്യാറായിരുന്നെങ്കില്‍ അക്രമികളെ തുരത്താന്‍ കഴിയുമായിരുന്നു; കാര്‍ത്തിക് പറയുന്നു.

ആശുപത്രിയില്‍ വച്ചു തന്നെ മേജര്‍ തന്റെ സഹപ്രവര്‍ത്തകരെ വിവരം അറിയിച്ചിരുന്നു. സൈനികര്‍ ഇപ്പോള്‍ തങ്ങളുടെ കൂട്ടത്തിലൊരാളെ രക്ഷിച്ച കാര്‍ത്തികിനെ അഭിനന്ദനം കൊണ്ടു മൂടുകയാണ്. മേജര്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ബെംഗളൂരൂവില്‍ പോസ്റ്റിംഗ് കിട്ടിയുണ്ട്. ഉണ്ടായിരിക്കുന്നത് സാരമായ പരിക്കാണ്. പൂര്‍ണമായ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സംസാരിക്കാന്‍ പോലും അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ട്. ഒരുപക്ഷേ കാര്‍ത്തിക് വന്നില്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇതിലും സങ്കടകരമാകുമായിരുന്നു. ആയുധധാരികളായ അഞ്ചുപേരുടെ ആക്രമണത്തില്‍ നിന്നാണ് ആ ചെറുപ്പക്കാരന്‍ മേജറെ രക്ഷിച്ചത്; മേജറുടെ സുഹൃത്തായ ഒരു വിംഗ് കമാന്‍ഡര്‍ ഹൃദയം തുറന്നു പറഞ്ഞു.

പൊലീസ് കുറ്റവാളികളെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടത്തുന്നുണ്ട്. കാര്‍ത്തികനെ എല്ലാവരും പ്രശ്ംസകൊണ്ടു മൂടുകയും ചെയ്യുന്നു. പക്ഷേ ഒരു മനുഷ്യനെ ക്രൂരമായി മര്‍ദ്ദിക്കുന്നതു കണ്ടുകൊണ്ടു നിന്ന ആ നാല്‍പ്പതോളം നാട്ടുകാരെ കുറിച്ച് എന്താണ് പറയേണ്ടത്?


Next Story

Related Stories