ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ക്രോസ്ഓവര്‍ കരുത്തനായ ഡബ്ല്യുആര്‍-വിയുടെ പരിഷ്കരിച്ച പതിപ്പ് നിരത്തുകളിലെത്തുന്നു. കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ അവതരിപ്പിക്കേണ്ടിയിരുന്ന ഈ വാഹനം ജൂലൈ മാസം രണ്ടിന് അവതരിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
പുതിയ ഫീച്ചറുകള്‍ നല്‍കിയും പുറംമോടി വര്‍ധിപ്പിച്ചും ബിഎസ് 6 പാലിക്കുന്ന പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുടെ കരുത്തിലുമാണ് 2020 ഹോണ്ട ഡബ്ല്യുആര്‍-വി വരുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ ഹോണ്ട ഡബ്ല്യുആര്‍-വി തുടരും. എന്നാല്‍ ഇനി ബിഎസ് 6 പാലിക്കും. നിലവിലെ 89 ബിഎച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും പെട്രോള്‍ എന്ജിന് തുടര്‍ന്നും ഉല്‍പ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡീസല്‍ മോട്ടോര്‍ നിലവില്‍ 98 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് രണ്ട് എന്‍ജിനുകളുടെയും കൂട്ട്. മാസങ്ങള്‍ക്ക് മുമ്പുതന്നെ ഈ വാഹനം ഷോറൂമുകളില്‍ എത്തിത്തുടങ്ങിയിരുന്നു. ഹോണ്ടയുടെ ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലും ഡബ്ല്യുആര്‍വിയുടെ ബുക്കിങ്ങും തുറന്നിട്ടുണ്ട്.
എല്‍ഇഡി പൊജക്ഷന്‍ ഹെഡ്ലാമ്പ്, അതിനോട് ചേര്‍ന്നുള്ള ഡിആര്‍എല്‍, പൊസിഷന്‍ ലാമ്പ് എന്നിവ ചേര്‍ത്ത് ഒരു എല്‍ഇഡി പാക്കേജാണ് ഹെഡ്ലാമ്പ് ക്ലെസ്റ്റര്‍. ഗ്രില്ലും അഴിച്ചുപണിതിട്ടുണ്ട്. ബംമ്പറില്‍ പ്ലാസ്റ്റിക് ക്ലാഡിങ്ങുകള്‍ നല്കിയിരിക്കുന്നു. ടെയ്ല് ലാമ്പും എല്‍ഇഡിയില്‍ ഒരുങ്ങിയതാണ് ഡബ്ല്യുആര്‍-വിയിലെ എക്സ്റ്റീരിയറിലെ പുതുമകള്‍.
മുന്‍തലമുറ ഡബ്ല്യുആര്വിയെക്കാള് ഫീച്ചര്‍ സമ്പന്നമായിരിക്കും പുതിയ പതിപ്പിന്റെ അകത്തളം. സോഫ്റ്റ് ടച്ച് പ്ലാസ്റ്റില് തീര്‍ത്തിട്ടുള്ള ഡാഷ്ബോര്‍ഡ്, എഴ് ഇഞ്ച് ഡിജിപാഡ് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ്ങ് വീല്‍, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ എന്നിവയായിരിക്കും ഇന്റീരിയറിനെ ആകര്‍ഷകമാക്കുന്നത്. ജാസ് പ്ലാറ്റ്ഫോമിലാണ് ഡബ്ല്യുആര്‍വിയും ഒരുങ്ങിയിരിക്കുന്നത്. എന്നാല്‍, ജാസിനെക്കാള്‍ 44 എംഎം നീളവും 40 എംഎം വീതിയും 57 എംഎം ഉയരവും ഈ വാഹനത്തിന് കൂടുതലുണ്ട്. 360 ലിറ്ററാണ് ബൂട്ട് സ്പേസ് കപ്പാസിറ്റി. 2555 എംഎം വീല്‍ ബേസും 16 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായ് വെന്യൂ, ടാറ്റ നെക്സോണ്‍, മഹീന്ദ്ര എക്സ്യുവി 300, ഫോഡ് ഇക്കോസ്പോര്‍ട്ട് തുടങ്ങിയ മോഡലുകളാണ് വാഹനത്തിന്റെ മുഖ്യ എതിരാളികള്‍.