പൊതുഗതാഗത വാഹനങ്ങള്‍ക്ക് ഡ്രൈവര്‍ നിയന്ത്രിക്കുന്ന വാതിലുകള്‍ നിര്‍ബന്ധമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് നടപടിയെടുക്കുന്നു. വാതിലുകളില്ലാത്ത ബസ്സുകളില്‍ നിന്ന് വാതിലുകളുണ്ടായിട്ടും അടയ്ക്കാതെ പോകുന്നവയില്‍ നിന്ന് വീണ് യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് കൂടുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഈ തിരുമാനം.10 വര്‍ഷത്തിനിടെ വര്‍ഷംതോറും ബസ്സിന്റെ വാതില്‍പ്പടിയില്‍നിന്ന് വീണ് മരിക്കുന്നതില്‍ അഞ്ചുശതമാനം വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
2018 ഡിസംബറിലാണ് ബസ്സുകള്‍ക്ക് വാതിലുകള്‍ നിര്‍ബന്ധമാക്കണമെന്ന വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ചില കെ.എസ്.ആര്.ടി.സി. ബസ്സുകളിലും സ്വകാര്യബസ്സുകളിലും ഡ്രൈവര്‍നിയന്ത്രിത വാതിലുകളുണ്ട്. അത്തരം വാഹനങ്ങളില്‍നിന്ന് വീണ് അപകടമുണ്ടാകുന്നത് കുറഞ്ഞെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍.
നിലവില്‍ നിര്‍മിക്കപ്പെടുന്ന ബസ്സുകളെല്ലാം ബസ് ബോഡി കോഡ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് 052 (എ.ഐ.എസ്. 052) നിലവാരം പുലര്‍ത്തണമെന്ന് നിഷ്കര്‍ച്ചിട്ടുണ്ട്. എന്നാല്‍, ഇത്തരം ബസ്സുകളില്‍ ഡ്രൈവര്‍ നിയന്ത്രിക്കുന്ന വാതിലുകള്‍ മാത്രമേ പാടുള്ളൂ എന്ന് നിര്‍ദേശിക്കപ്പെട്ടില്ല. അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ എമര്‍ജന്‍സി ഡോര്‍ വേണമെന്നുമാത്രമേ പറയുന്നുള്ളൂ. ഡ്രൈവര്‍ നിയന്ത്രിത വാതിലുകള്‍ വന്നാല്‍ യാത്രക്കാരിലേക്ക് ഡ്രൈവര്‍ക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിയുമെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ വിലയിരുത്തല്‍.