TopTop
Begin typing your search above and press return to search.

കോവിഡ് മഹാമാരി ഓട്ടോമൊബൈല്‍ മേഖലയെ മാറ്റിക്കഴിഞ്ഞെന്ന് വ്യവസായ നേതൃത്വം; സ്തംഭിച്ച വിപണിയെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രം ഇടപെടണം

കോവിഡ് മഹാമാരി ഓട്ടോമൊബൈല്‍ മേഖലയെ മാറ്റിക്കഴിഞ്ഞെന്ന് വ്യവസായ നേതൃത്വം; സ്തംഭിച്ച വിപണിയെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രം ഇടപെടണം

നേരത്തെ തന്നെ നിലവിലുണ്ടായിരുന്ന മാന്ദ്യത്തിനൊപ്പം, കോവിഡ്19 രോഗത്തിന്റെ പകര്‍ച്ച മൂലമുണ്ടായ പ്രതിസന്ധിയും, പുതിയ എമിഷന്‍ ചട്ടങ്ങളുടെ നടപ്പാക്കല്‍ മൂലമുണ്ടായ പ്രശ്നങ്ങളും മൂലം ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണി നാലുവര്‍ഷം പിന്നാക്കം പോയെന്നാണ് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചുറേഴ്സിന്റെ (സിയാം) കണക്കുകള്‍ പറയുന്നത്. ഇതിനിടയിലും രാജ്യത്തെ വിപണിയില്‍ വാണിജ്യവാഹനങ്ങള്‍ക്ക് (ബസ്സുകളും ട്രക്കുകളും) മികച്ച വില്‍പനയുണ്ടായ വര്‍ഷമായിരുന്നു. 2019. 10 ലക്ഷം വാഹനങ്ങള്‍ ആകെ വിറ്റഴിഞ്ഞു. എന്നാല്‍ ഇത് ഗുരുതരമായ തോതില്‍ ഇടിയുന്നതാണ് ഇപ്പോള്‍ കാണുന്നത്. 2020ലേക്ക് കടന്നപ്പോള്‍ വില്‍പനയിലുണ്ടായ ഇടിവിന് മറ്റൊരു കാരണം കൂടിയുണ്ട്. ആക്സില്‍‌ ലോഡ് ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പൊടുന്നനെ ചില മാറ്റങ്ങള്‍ വരുത്തി. ഈ മാറ്റങ്ങള്‍ പ്രകാരം 20-30 ശതമാനം കൂടുതല്‍ അനുവദിക്കുന്നതായിരുന്നു ഈ ചട്ടം.

ഭാരത് സ്റ്റേജ് നാലാം എമിഷന്‍ ചട്ടം അനുസരിക്കുന്ന വാഹനങ്ങള്‍ ഡീലര്‍ഷിപ്പുകളില്‍ കെട്ടിക്കിടക്കാന്‍ തുടങ്ങിയതായിരുന്നു മറ്റൊരു പ്രതിസന്ധി. കോടതിയുത്തരവ് പ്രകാരം ഈ വര്‍ഷത്തോടെ ഈ എന്‍ജിനുകളുടെ വില്‍പന അവസാനിക്കണം. ഇനിമുതല്‍ ആറാം എമിഷന്‍ ചട്ടങ്ങള്‍ അനുസരിക്കുന്ന എന്‍ജിനുകളാകണം വാഹനങ്ങളില്‍ ഘടിപ്പിക്കേണ്ടത്. ഈ ചട്ടം എല്ലാ വാഹന നിര്‍മാതാക്കളെയും കെടുതിയിലാക്കി. പെട്രോള്‍ വാഹനങ്ങളില്‍ മാത്രം ഏറെക്കാലമായി ശ്രദ്ധ കേന്ദ്രീകരിക്കുകയും അടുത്ത കാലത്ത് തുടങ്ങിയ ഡീസല്‍ വാഹന തരംഗത്തില്‍ പൊറുതിമുട്ടി ഡീസല്‍ എന്‍ജിന്‍ വാഹനങ്ങളുടെ എണ്ണം കൂട്ടേണ്ടി വരികയും ചെയ്ത മാരുതി സുസൂക്കി പോലുള്ള വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ പാരമ്പര്യത്തിലേക്ക് ആഹ്ലാദത്തോടെ മടങ്ങി. എന്നാല്‍ ഡിസല്‍ വാഹനങ്ങളുടെ വില്‍പനയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റു പല വാഹനനിര്‍മാതാക്കളും ഇതില്‍ കുടുങ്ങി. ട്രക്ക് നിര്‍മാതാക്കളും ഇത്തരത്തില്‍ കുടുങ്ങിയവരുടെ കൂട്ടത്തില്‍ പെടുന്നു. പലരും തങ്ങളുടെ പല മോഡലുകളും വിപണിയില്‍ നിന്ന് നീക്കം ചെയ്യുക വരെയുണ്ടായി. പുതിയ ചട്ടങ്ങളനുസരിച്ച് പുതിയ എന്‍ജിനുകള്‍ വികസിപ്പിക്കുകയെന്നത് വന്‍ ചെലവ് വരുന്ന പ്രക്രിയയാണ്. ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ അത്ര എളുപ്പത്തില്‍ നടത്താവുന്നതുമല്ല.

ഇപ്പോഴത്തെ വില്‍പന നിലവാരം വെച്ച് നോക്കിയാല്‍ 2016ലെ വില്‍പനയോടാണ് താരതമ്യം ചെയ്യാനാകുക. പാസഞ്ചര്‍ വാഹന വിപണിയിലും സമാനമായ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 2020 സാമ്പത്തിക വര്‍ഷത്തില്‍ 2.77 ദശലക്ഷം വാഹനങ്ങളേ വിറ്റുപോയുള്ളൂ പാസഞ്ചര്‍ സെഗ്മെന്റില്‍. 2016 സാമ്പത്തിക വര്‍ഷത്തില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പന 2.78 ദശലക്ഷമായിരുന്നു. ടൂ വീലര്‍ വിപണിയിലെ വീഴ്ചയും സമാനമാണ്. 2017 സാമ്പത്തിക വര്‍ഷത്തില്‍ 17.58 ദശലക്ഷം വാഹനങ്ങളാണ് ടൂ വീലര്‍ സെഗ്മെന്റില്‍ വിറ്റുപോയത്. ഇത് 2020 സാമ്പത്തിക വര്‍ഷത്തില്‍ 17.41ലാണ് നില്‍ക്കുന്നത്.

ഈ പ്രതിസന്ധികളെല്ലാം നിലനില്‍ക്കെയാണ് കോവിഡ് മഹാമാരിയുടെ ആക്രമണം നടക്കുന്നത്. രണ്ട് മാസത്തോളം നീണ്ടു നിന്ന ലോക്ക്ഡൗണ്‍ മറ്റു മേഖലകളെയെന്ന പോലെ വാഹനവിപണിയെയും തകര്‍ച്ചയുടെ വക്കത്തെത്തിച്ചിരിക്കുകയാണ്. ഒരു കാര്‍ പോലും വില്‍ക്കാത്ത രണ്ട് മാസമാണ് കടന്നുപോയത്. പ്ലാന്റുകളും പ്രവര്‍ത്തിക്കുന്നില്ല. വലിയ തോതിലുള്ള തൊഴില്‍നഷ്ടം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞിരിക്കുകയാണ്. രാജ്യത്തിന്റെ ജിഡിപിയിലെ 7 ശതമാനം സംഭാവന ചെയ്യുന്ന വിഭാഗമാണിത്.

ഗുഡ്സ് ആന്‍ഡ് സര്‍വീസസ് ടാക്സില്‍‌ ഇളവുകളനുവദിക്കണമെന്നാണ് ഓട്ടോമൊബൈല്‍ വ്യവസായരംഗം ഇപ്പോള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. വാഹനങ്ങള്‍ വാങ്ങുന്നത് കൂടുതല്‍ കൈയിലൊതുങ്ങാവുന്ന സാമ്പത്തിക പ്രവര്‍ത്തനമാക്കി മാറ്റണമെന്ന് മാരുതി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ പറയുന്നു. റോഡ് ടാക്സ് പുരുക്കുന്നതും ഇന്‍ഷൂറന്‍സ് പിരിക്കുന്നതുമെല്ലാം ഉപയോക്താക്കള്‍ക്ക് അനായാസത നല്‍കുന്ന വിധത്തിലായിരിക്കണം.

ഓണ്‍ലൈനിലൂടെ ലഭിക്കുന്ന ചില ബുക്കിങ്ങുകളല്ലാതെ വില്‍പനയൊന്നും ഈ കാലയളവില്‍ നടക്കുകയുണ്ടായില്ല. നിസ്സാന്‍ മോട്ടോഴ്സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ അശ്വനി ഗുപ്ത പറയുന്നത് വലിയ തിരിച്ചടി തന്നെയാണ് കിട്ടിയിരിക്കുന്നതെങ്കിലും കാറുകള്‍ സ്വന്തമായി ഉണ്ടാകുക എന്നതിന്റെ പ്രാധാന്യം വര്‍ധിച്ചിരിക്കുന്നു എന്നാണ്. കൊറോണ വൈറസില്‍ നിന്ന് കൂടുതല്‍ സുരക്ഷിതത്വം നല്‍കാന്‍ കാറിന് സാധിക്കുമെന്ന സാധ്യതയാണ് ഈ അധിക പ്രാധാന്യത്തിന് കാരണം. വാഹനങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന രീതികളിലും വലിയ മാറ്റം തന്നെ വരും. ചൈനയില്‍ കാറുകള്‍ വാങ്ങാന്‍ തയ്യാറാകുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് ഗുപ്ത ചൂണ്ടിക്കാട്ടുന്നു. കാറുകളില്‍ ആരോഗ്യസംബന്ധമായ ഫീച്ചറുകള്‍ ആവശ്യപ്പെടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. വരാനിരിക്കുന്ന വിപണി തികച്ചും വ്യത്യസ്തമായിരിക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.


Next Story

Related Stories